Wednesday, December 19, 2012

ഓര്‍മ്മത്തുള്ളികള്‍

"  കാലത്തിനൊരു  ഗുണമുണ്ട്. പലതും മായ്ക്കാനും മറയ്ക്കാനും ഉള്ളൊരു കഴിവ്"
" ക്രിസ്റ്റഫര്‍ നീയെന്തിനു കാലത്തെ പഴിക്കുന്നു? നീ ചെയ്തു കൂട്ടിയത് മറന്ന് കാലത്തിന്‍റെ നേര്‍ക്കെന്തിനീ ആക്രോശം? "
" സെലീന ..നീ കാണുന്നുവോ ഈ മഴത്തുള്ളികള്‍? ശക്തിയായി  പെയ്യുന്ന അവയ്ക്ക് ആരോടാണ് ദേഷ്യം ? എന്നോടാവുമോ ?"
" ക്രിസ്റ്റഫര്‍ ..നിങ്ങള്‍  വളരെ ക്ഷീണിതനാണ് ...ഇവിടെ വന്നു കിടക്കു ...നിങ്ങളുടെ ശ്വാസം പോലും വേഗത്തിലാണ്."
" ഇല്ല സെലീനാ ..നീ നോക്കൂ ..ഈ മഴയ്ക്ക് എന്ത് തണുപ്പാണ്..അതിന്‍റെ പ്രഹരമേറ്റ്‌ ഈ പുഷ്പങ്ങള്‍ തളര്‍ന്നു  പോവുകയാണ്"
" വെറുതെ ഭ്രാന്തു പുലമ്പാതെ  നീ വന്നു കിടക്കു ക്രിസ്റ്റഫര്‍ "
" സെലീനാ ..നീ ഓര്‍ക്കുന്നുവോ നമ്മുടെ പഴയ ജീവിതം ...ആ തണുത്ത പ്രഭാതങ്ങള്‍ ..അവയെത്ര മനോഹരമായിരുന്നു ....എന്നും നീ ഇതുപോലെ വഴക്കിട്ടിരുന്നു...എങ്കിലുമെനിക്കൊരു അസുഖം വന്നാല്‍ നീ ഓടി വരുമായിരുന്നു....അന്നും ഇത് പോലെ തന്നെ "
" നിങ്ങള്‍ ഒന്ന് മനസ്സിലാക്കൂ ക്രിസ്റ്റഫര്‍ ..ഞാന്‍ നിങ്ങളെ പരിചരിക്കുവാന്‍  വന്ന പഴയ പ്രണയിനി അല്ല...ഇതെന്‍റെ ജോലിയുടെ ഭാഗം മാത്രമാണ്.ഇത് തീര്‍ത്തു ഞാന്‍ പോവുകയും ചെയ്യും "
" നിനക്കിനി ഒരിക്കലുമെന്നെ വിട്ടു പോകുവാന്‍ ആവില്ല സെലീനാ ....നമ്മുടെ പഴയ നാളുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ എന്നോണം പെയ്ത ഈ മഴയും സാക്ഷി "
" മറ്റൊരാളുടെ ഭാര്യയാണ് ഞാന്‍ എന്ന സത്യം നിങ്ങള്‍ മറന്നതോ മറക്കാന്‍ ശ്രമിക്കുന്നതോ? "
" കുളിരുള്ള പ്രഭാതങ്ങളില്‍ നീ എന്നെ ഉണര്‍ത്തുവാന്‍ വന്നിരുന്നത് ഓര്‍ക്കുന്നുവോ നീ ? തണുത്ത വിരലുകള്‍ എന്‍റെ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ നിന്നെ കൊല്ലുവാന്‍ പോന്ന ദേഷ്യം ഉണ്ടായിരുന്നു എനിക്ക് "
" ക്രിസ്റ്റഫര്‍ ..ഞാന്‍ അല്പം കഞ്ഞിയെടുക്കാം ..മരുന്നുകള്‍ ഒരുപാട് കഴിക്കേണ്ടതാണ് "
" നീ എന്റെ അരികില്‍ ഇരിക്കൂ സെലീനാ ..പണ്ട് ഈണവും താളവും അറിയാതെ നമ്മള്‍ പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നുവോ നീ? ഗായകരെ വിമര്‍ശിച്ചു നാം വികൃതമാക്കിയ പാട്ടുകള്‍ ...ഹ ഹ "
" ക്രിസ്റ്റഫര്‍ ...പ്രായമാകുമ്പോള്‍ മനസ്സ് ചെറുപ്പമാകാന്‍ വെമ്പല്‍ കൊളളും ..അതിന്‍റെ ഭാഗമാണീ ഓര്‍മ്മകള്‍ എല്ലാം ..ഒരിക്കലും സഫലമാകാന്‍ പാടില്ലായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ .....അവയെ നാം അഗ്നിയില്‍ ഹോമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...വീണ്ടും നിങ്ങള്‍ ..."
"ആര് ഹോമിച്ചു? നിന്‍റെ പുരുഷനുള്ളതാണ് ഈ ശരീരം എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ സ്വതന്ത്രയാക്കിയത് വിശുദ്ധിയോട് കൂടി നീ എന്റേത് ആകുമെന്ന പ്രതീക്ഷയിലായിരുന്നു...പക്ഷെ ..നീ "
"ക്രിസ്റ്റഫര്‍ നീയാണ് എന്നെ അകറ്റിയത് ...ഞാനായി ഒന്നും .."
" എനിക്കറിയാം സെലീനാ ..പക്ഷെ നീ...നീയതിനു കാരണം ഉണ്ടാക്കുകയായിരുന്നില്ലേ?"
" ഒരിക്കല്‍ നീ എന്നോട് പറഞ്ഞു നമ്മുടെ ബന്ധം തകരാന്‍ കാരണം നമ്മുടെ മതം  തമ്മിലുള്ള വലിയ അന്തരം ആണെന്ന് ..എന്നാല്‍ പിന്നീടൊരിക്കല്‍ എന്‍റെ  വഴിവിട്ട സൗഹൃദം ആണ് കാരണം എന്നും നീ കണ്ടെത്തി "
" അതെ ..നിന്‍റെ സൌഹൃദങ്ങള്‍ മാത്രമായിരുന്നു എന്‍റെ പ്രശ്നം ..ഒരുപാട് സുഹൃത്തുക്കള്‍  നിന്നെ മത്സരിച്ചു സ്നേഹിക്കുമ്പോള്‍ നീ എന്നെ മറന്നു പോകുമെന്ന ഭയം .....അതില്‍ നിന്നെ ഞാന്‍ വിലക്കുമ്പോള്‍  നീ എന്നോടുള്ള അകലം ഒരുപാട് കൂടുതലാക്കി"
" എങ്ങനെയുമാകട്ടെ  ക്രിസ്റ്റഫര്‍ ..നിങ്ങള്‍  എന്‍റെ  സുഹൃത്തുക്കളില്‍ ഒരുവളെ ജീവിത സഖിയാക്കിയപ്പോള്‍ നിങ്ങളോടെനിക്ക് വെറുപ്പാണ് തോന്നിയത്...പിന്നീട് സഹതാപവും.."
" ഒരു വാശിയായിരുന്നു സെലീനാ നിന്നോടെനിക്ക് ...നിന്‍റെ സുഹൃത്തിനെത്തന്നെ വിവാഹം ചെയ്തതും അത് കൊണ്ടാണ് ... പക്ഷേ ..... നിന്നെ പോലെ ആകുവാന്‍ അവള്‍ക്കൊരിക്കലും ആയില്ല .."
" എന്നെ പോലെ ഒരുവളെ പ്രതീക്ഷിച്ചതാണ് നിങ്ങള്‍ ചെയ്ത തെറ്റ് ...ജീവിതം താളം തെറ്റിയതും അവിടെ നിന്നാണ് "
" നിന്നെപോലെയാകുവാന്‍ നിനക്ക് മാത്രമേ കഴിയു എന്ന് അറിയുവാന്‍ ഏറെ വൈകി. അപ്പോഴേക്കും അവള്‍ എന്‍റെ  കുട്ടികളുമായി എന്നെ  ഉപേക്ഷിച്ചു പോയിരുന്നു."
" ക്രിസ്റ്റഫര്‍ ..കഴിഞ്ഞത് കഴിഞ്ഞു..അവളോടുള്ള വാശിയെങ്കിലും പണം സമ്പാദിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുവല്ലോ? അതുകൊണ്ട് എന്നെ ഒരു പരിചാരികയായി വിലക്ക് വാങ്ങുവാന്‍ നിങ്ങള്‍ക്കായി"
" അരുത് സെലീനാ നീ അങ്ങനെ പറയരുത്..നിന്നെ വിലക്കെടുക്കാനുള്ള പണം ഒരിക്കലും ഞാന്‍ സമ്പാദിചിട്ടില്ല. അത് മാത്രം എനിക്കായില്ല. "
" മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു ..വരൂ നമുക്ക് മുറിയിലേക്ക് പോകാം"
" വേണ്ടാ ഈ മഴ എനിക്ക് നനുത്ത ഓര്‍മ്മകള്‍ നല്‍കുന്നതാണ്..ഈ കുളിരില്‍ ഒരിക്കല്‍ കൂടി നനയുവാനായെങ്കില്‍ ...സെലീനാ നീ എന്റെ അടുത്ത് വന്നൊന്നിരിക്കുമൊ? ഇനിയൊരിക്കലും ഒരു പക്ഷേ ..ഒന്ന് വരൂ ..."
" ക്രിസ്റ്റഫര്‍ ...."
" സെലീനാ നീ ആ പാട്ട്  ഒന്ന് പാടൂ ....നമ്മള്‍ ഈണവും താളവുമില്ലാതെ പാടിയ ആ പാട്ട് ..."


ഒരു യുഗ്മ ഗാനം മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു ചേരവേ ...സെലീന പോലും അറിയാതെ ആ ശബ്ദം മഴയിലേക്ക്‌ നിശബ്ദമായൊഴുകി


Saturday, November 17, 2012

ഓര്‍മ്മചിരാത്

" മ്പ്രാട്ടീ വെശക്കണ് ..ഏന് .."
" ശ്ശി നില്‍ക്ക ...കൊച്ചണ്ണാട്ടി .."

അകത്തേക്ക് കയറി വന്ന അമ്മയെ ഗോപന്‍ തടഞ്ഞു.
" മ്മ ...  എവിടെയ്ക്കാ? ആകെള്ള  കഞ്ഞി അവര്‍ക്ക് കൊടുക്കാച്ചാല് മ്മള്‍ പട്ടിണിയാവൂലെ? "
" സാരല്ല്യ കുട്ട്യേ ..നായര് മാനം പണയം വെച്ചൂട ...അവള് പതിയാട്ടിയാ ..അവള്‍ടെ മുന്നില്   കഞ്ഞിയില്ലാന്നു പറയാച്ചാല് നരകത്തീ പോണേനു സമാ..."
" മ്മടെ വെശപ്പല്ലെമ്മേ  വലുത്? വേണ്ട ..കൊടുക്കേണ്ട .."
"മാറി നില്ക്ക കുട്ട്യേ ..."
ഗോപനെ വലിച്ചു മാറ്റി നിര്‍ത്തി അമ്മ കഞ്ഞി കൊച്ചുണ്ണാട്ടിയുടെ പാത്രത്തില്‍ ഒഴിച്ച് കൊടുത്തു
" പാത്രം  പിന്നാമ്പുറത്ത് കമിഴ്ത്ത്യെക്കാ .."

-------------------------------------------------------------------------------------------------------
"കൊച്ചമ്പ്രാനും മ്പ്രാട്ടീം ഇസ്കൂളി പോവാ? "
" ഉം .." ഗോപന്‍ ഒന്ന് മൂളി
" ഏന്റെ കിടാത്തുങ്ങളും  സ്കൂളി പഠിക്കണണ്ട് ..."
പുകയില കറ പിടിച്ച പല്ലുകള്‍ കാട്ടി അവര്‍ ചിരിച്ചു.ഞാന്‍ ഗോപന്റെ കയ്യില്‍ പിടിച്ചു. അവന്‍ എന്നെ നോക്കി.
" അവര്‍ പറഞ്ഞതും നമ്മളെ വിളിച്ചതും ഒന്നും നീ കാര്യാക്കണ്ട...ജാതി തിന്നാ വയര്‍ വീര്‍ക്കൂല്യ ...മ്മടെ അമ്മ പലേതും പറയും .."

" ഉം ." ..ഞാന്‍ മെല്ലെ തലയാട്ടി
-------------------------------------------------------------------------------------------------------
" ഉണ്ണി..അറ്യോ ഇയാളെ? "
" ഇല്ല്യാ ...ആരാദ് ? "
" കൊച്ചുണ്ണാട്ടിയുടെ പേരക്കുട്ട്യാ ...ന്‍റെ ക്ലാസില .."
" യ്യോ ..കയ്യില് പിടിക്കാച്ചാല് ....മ്മടെ മ്മ അറിഞ്ഞാല് ?"
" ഉണ്ണി പേടിക്കണ്ട ..പതിയാനും പുലയനുമെല്ലാം ഒരു ചോര തന്ന്യാ ..മനുഷേന്റെ .. മനസ്സിലാവണോ ഉണ്ണിക്ക്? "
" ഉം ..."
" ന്‍റെ   ഉണ്ണിക്കു പതിയാനും പുലയനും ജാതിം മതോം ഒന്നും വേണ്ടാട്ടോ ...മ്മക്ക് ഒരു കുലം  മനുഷ്യകുലം ..അതാച്ചാല് യുദ്ധോം ..വെട്ടും കുത്തും ഒന്നുല്ല്യ ..ന്തേ ? "
" ഉം "
അയാളുടെ തോളില്‍ കയ്യിട്ടു ഗോപന്‍ പോയി

--------------------------------------------------------------------------------------------------------
" അവനു ഭ്രാന്താണ് ന്റെ കുട്ട്യേ ...പ്രസംഗവും വിപ്ലവവും ...കീഴ്ജാതിക്കാരെ വീട്ടികേറ്റ്വാ ....ശിവ ശിവ ..."
" മ്മ എന്തെ ഈ പറേണത് ? അവന്‍  ന്ത് ചെയ്തൂന്ന? "
"നീ മിണ്ടര്‍ത് ..ഉണ്ണ്യേ ..നിനക്ക് അവന്‍ ചൊല്ലണതാ വേദവാക്യം..തിന്റെ  ഫലാ  ഈ ഗോപന്‍ വിളിം ..എട്ടാന്നു വിളിക്കാന്‍ എത്രായി ഞാന്‍ പറേണ് ...അതെങ്ങന്യാ അവന്‍ പറയണത് കേട്ടാ ജീവിതം ...വരണത് അനുഭവിക്ക്യ .. കൃഷ്ണാ ..നാരായണാ .."
" മ്മാ ..ഇത് പഴേ കാലല്യ ..കൂടെ പഠിക്കണോരില് ജാതി നോക്കി കൂട്ട് കൂടുകാച്ചാല് ഞാന്‍ ഒറ്റക്കാവും .."
" ഒന്നും പറയാന്‍ ഞാനില്ല്യ.....നാണി  വെള്ളം പാകായാച്ചാല് കുളിമുറീലേക്ക് എടുത്തു വെയ്ക്ക ...നാരായണ ...നാരായണ ...."

----------------------------------------------------------------------------------------------------------
" ഇതാരെന്നു നോക്ക ഉണ്ണ്യേ? "
" ന്‍റെ  കൃഷ്ണാ ഇപ്പൊ ഒരു പുകില്‍ കഴിഞ്ഞു മ്മ പോയെ ള്ളൂ ..വേഗം മുറീക്ക്യു  പോവാ .."
" എന്തിനു? കൊച്ചുണ്ണാട്ടിടെ  പേരക്കുട്ടി വാങ്ങി തന്ന ജോലി കൊള്ളാംച്ചാല് ..അവനെ വീട്ടി കേറ്റിയാലും  ശ്ശി  സഹിക്കാന്‍ പറയ .."
"  ഒക്കെ സമ്മതിക്കണ് ...മ്മേടെ  അസുഖം ന്തിനെ കൂട്ടണത്? നിങ്ങള്‍ മുറീല്‍ ഇരിക്ക്യാ .."

----------------------------------------------------------------------------------------------------------
" മ്മക്കറ്യോ  ഇയാളെ ? "
" ഇല്ല്യ കുട്ട്യേ? ആരാച്ചാലും ന്റെ ജീവന്‍ രക്ഷിച്ച ദൈവാ ഈ കുട്ടി ...ഇങ്ങട് വര്വാ ...ത്തിരി നന്ദിണ്ട് ..."
" മ്മേ ..പാടില്ല്യാട്ടോ ...പുലയന്‍ ദൈവോ? ..ഹ ഹ ...അവന്‍ നമ്മടെ കൊച്ചു പെണ്ണിന്റെ പെരക്കുട്ട്യാ ...ഹ ഹ "
അമ്മ അയാളുടെ കൈ പെട്ടന്ന് വിടുവിച്ചു.
" അമ്മ കഴിച്ച ചോറും ഇവന്‍ വാങ്ങീതാ...ചര്‍ദ്ദിക്കണാച്ചാല്  ആവാംട്ടോ ..."
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു..... ഗോപന്റെ ചിരി ഉറക്കെ ഉറക്കെ മുഴങ്ങി ..

-------------------------------------------------------------------------------------------------------

അമ്മക്കുള്ള കഞ്ഞി എടുക്കണം ...പിന്നെ കുറച്ചു തുണികള്‍ ..ഇടവഴിയിലൂടെ വേഗം വീട്ടിലേക്കു നടക്കുകയാണെങ്കിലും മനസ്സിലൊരു വിപ്ലവ ജ്വാല കത്തുകയായിരുന്നു.ഗോപന്‍ കത്തിച്ചു തന്ന ഒരു തരി വെട്ടത്തിലൂടെ  .... മനസ്സില്‍ ഗോപന്‍ എന്ന മനുഷ്യന്‍ ഒരുപാട് വളരുകയായിരുന്നു. കൂടെ അവന്‍ പറഞ്ഞ വാക്കുകളും

" ജാതി തിന്നാ വയര്‍ വീര്‍ക്കൂല ഉണ്ണ്യേ? "


വാല്‍ക്കഷണം : ഓര്‍മ്മകളില്‍ ഒരുപാട് ഉണ്ട് ആ പഴയ കാലം....കൊച്ചു പെണ്ണ് ..വീട്ടിലെ ഒരു സഹായി ആയിരുന്നു...കൊച്ചു പെണ്ണും പതിയാട്ടിയും കൂടി ചേര്‍ത്ത് പണ്ടാരോ കൊടുത്ത പേരാണ് കൊച്ചുണ്ണാട്ടി ...ആരും തിരുത്തിയിട്ടില്ലാത്തതിനാലാവാം അവര്‍ മരിക്കും വരെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌Monday, October 22, 2012

എല്‍മിയുടെ ചില്ലറ പ്രശ്നങ്ങള്‍

" മണിക്കുട്ടീ ..."
" ഈ അപ്പയോട് ഞാന്‍ ഒരുപാട് തവണ ചോദിച്ചു. ഞാന്‍ മണിക്കുട്ടി ആണോ അതോ എല്‍മിയോ?

" ഹ ഹ ഹ ...കണ്ടോടീ അവളുടെ സന്തോഷം ...എന്തൊക്കെയോ പറയുന്നു ...ഹ ഹ ഹ "
" എന്ത് ക ക ക ...എന്ത് കണ്ടിട്ടാ അപ്പ ഈ ചിരിക്കുന്നെ? എന്‍റെയും അപ്പയുടെയും ഈ ഭാഷ വൈരുദ്ധ്യം മാറുന്ന കാലം വന്നാല്‍ എനിക്ക് അപ്പയോട് കുറെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട് ...ആരാ ഈ മണിക്കുട്ടി  ?ആരാ ഈ എല്മി?  ..രണ്ടിലൊന്ന് എനിക്ക് അറിയണം"

ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്നെ ഏതാണ്ട് മനസ്സിലായിക്കാണും. ഞാന്‍ എല്മി ......മണിക്കുട്ടി .....ആ എനിക്കറിയില്ല.വയസ്സ് ഒരു വയസ്സും ... വേണ്ട ...ഏതാനും മാസങ്ങള്‍ക്കകം രണ്ടു ആകും..... എന്‍റെ ഫേസ് ബുക്ക്‌ ഐടി....അല്ലേല്‍ വേണ്ട അപ്പക്ക് പാസ്സ്വേര്ഡ് അറിയാം.
 പറഞ്ഞു പറഞ്ഞു കഥ മാറി കാര്യം മാറി. ഇനി പറയാന്‍ പോകുന്നത് എന്‍റെ ചില പ്രശ്നങ്ങള്‍ ..അതായത് ചില പേര്‍സണല്‍ പ്രശ്നം ആണ് കേട്ടോ. ഇതില്‍ ജീവിച്ചിരിക്കുന്നവരുമായി നല്ല ബന്ധം ഉള്ളവര്‍ ഉണ്ട്. കാരണം അതെന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കണ്ട്രോള്‍ ചെയ്തവര്‍ ആണ്. അപ്പോള്‍ ഇനി കാര്യങ്ങള്‍ അഥവാ പ്രശ്നങ്ങള്‍

മേല്‍പ്പറഞ്ഞ ഭാഷാ വൈരുദ്ധ്യം ഒരു വലിയ പ്രശ്നം തന്നെയാണ്.അടുത്തത് ഏതാണ്ട് അതിനോടടുത്തു നില്‍ക്കുന്നത് തന്നെ. ചേട്ടനും അനിയനും പോലെ...അല്ലെങ്കില്‍ മച്ചാനും മാമിയും പോലെ...

നായിക ഒരു ആന്‍റി ആണ്.വെറും ആന്‍റി എന്ന് പറഞ്ഞാല്‍ പോര ഇറക്കുമതി ശ്രീലങ്കയില്‍ നിന്നുമാണ്. നമ്മടെ രാവണന്‍ അങ്കിളിന്‍റെ നാട് തന്നെ ആണെന്ന് ഇടയ്ക്കിടെ തോന്നാറുണ്ട്. സ്വഭാവം കാണുമ്പോള്‍.  ...

ഈ ആന്‍റിയെ അമ്മ മലയാളത്തില്‍ പാചകവും വാചകവും പഠിപ്പിക്കാന്‍ കഷ്ടപെടുമ്പോള്‍ അപ്പ ഇടയ്ക്കിടെ അമ്മക്കിട്ടൊരു  ആപ്പ് പോലെ തമിഴ് പറയും. മേല്‍പ്പറഞ്ഞ ആന്റി ഭാഗ്യവശാല്‍ എന്നോട് ചില ശബ്ദശകലങ്ങള്‍ ചേര്‍ത്തൊരു ഭാഷയാണ്‌ സംസാരിക്കുക. ആ ഭാഷയും മുഖവും കൂടി കാണുമ്പോള്‍ എനിക്ക് സംശയം ഉണ്ട് ഞങ്ങളില്‍ ആരാണ് കുട്ടി എന്ന്. തീരുമാനം ആകാത്ത ഒരു പ്രശ്നം ആയി അത് അവിടെ അവശേഷിക്കട്ടെ...അടുത്തതിലേക്ക് പോകാം

അമ്മയാണ് അടുത്ത പ്രശ്നം എന്ന് ഞാന്‍ പറയില്ല. പക്ഷെ അപ്പ പറയുന്ന പോലെ അമ്മയുടെ ജോലി ഒരു പ്രശ്നം തന്നെയാണ്. അപ്പ പതുക്കെ പറഞ്ഞത് ഞാന്‍ ഉറക്കെ പറയില്ല...ഇല്ലാന്ന് പറഞ്ഞാല്‍ പറയില്ല ഉറപ്പാ....( പിന്നെ ഫോണ്‍ വിളിച്ചാല്‍ പറയാം ..അപ്പ അപ്പീസില്‍ പോയിട്ടേ വിളിക്കാവു )
ചിന്തിക്കാതെ തീരുമാനം എടുക്കുന്ന കാര്യത്തില്‍ അമ്മ പണ്ടും ഇപോളും കണക്കാ സയന്സാ ...ഇംഗ്ലീഷ് ആണെന്ന് പറയില്ല .....
(അത് അമ്മക്ക് പറ്റിയ പണി അല്ലന്നും അപ്പ ചെവിയില്‍ പറഞ്ഞായിരുന്നു ) ഒരു സിറിഞ്ചും പിടിച്ചു തേരാ പാരാനടന്നാല്‍ നേഴ്സ് ആകാം എന്ന് ആരോ പറഞ്ഞു ജോലിക്ക് പോയ അമ്മ സ്നേഹമുള്ള സഹജോലിക്കാരുടെയും സൂപ്പര്‍ബുദ്ധി ഉണ്ടെന്നു നടിക്കുന്ന ചില സൂപ്പര്‍ വയിസര്‍ മാരുടെയും വയിസിമാരുടെയും എട്ടിന്റെ പണി കാരണം പണി ചെയ്തു നടു ഒടിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഈ പാവം ഞാന്‍ എന്നെ ഒന്നെടുക്കാന്‍ പറഞ്ഞാല്‍ കുറ്റം...ഇതൊരു കുറ്റം ആണോ? നിങ്ങള് പറ ..ആണോ? ആണോന്ന്? ....എന്‍റെ ഭാഷാ വൈരുദ്ധ്യം ....ഹും അമ്മയും ഒന്ന് സൂക്ഷിച്ചോ? ഹല്ലാ പിന്നെ

അപ്പയുടെ ചിരിയിലെ അപകടം അന്ന് എനിക്ക് മണക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അറിയുന്നു ഈ വരുന്നതാണ് വലിയൊരു പ്രശ്നം...അപ്പക്കും അമ്മയ്ക്കും പുറമേ ലഡ്ഡു  കിട്ടിയ ഉറുമ്പിനെ പോലെ ഉള്ള ആന്‍റിയുടെ ചിരി കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചു എനിക്കിട്ടുള്ള പാര പുറപ്പെട്ടു കഴിഞ്ഞു. സ്നേഹത്തോടെയും പതിവ് ചിരിയുടെ മേമ്പൊടി ചേര്‍ത്തും അപ്പ അവതരിപ്പിച്ചു
" മണിക്കുട്ടീ അമ്മയുടെ വയറ്റിലൊരു വാവ ഉണ്ട് ...ഹി ഹി .."
അപ്പ ഫേസ് ബുക്കില്‍ ആര്‍ക്കോ ജീവിതം കൊടുക്കുന്ന തിരക്കിലേക്ക് മടങ്ങവേ  ഇതിനെതിരെയെങ്കിലും  പ്രതികരിച്ചേ മതിയാവൂ എന്നെനിക്കു തോന്നി. മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് അപ്പ എന്ന കശ്മലന്‍ മറ്റുള്ളവര്‍ക്ക് ജീവിതം കൊടുക്കുന്നോ? സമ്മതിക്കില്ല ഞാന്‍ ....
അടുക്കളയിലെ തിരക്കില്‍ അമ്മയും ആന്‍റിയും മടങ്ങവേ ബാത്രൂമില്‍ പോയ അപ്പയുടെ ലാപ്ടോപ്പിലെ എന്റര്‍ ബട്ടണ്‍ പറിച്ചെടുത്ത്‌ താല്‍കാലിക പ്രശ്നത്തിന് ഞാന്‍ ഒരു പരിഹാരം ഉണ്ടാക്കി.

അടുത്ത പ്രശ്നം ഉടനെ ഉണ്ടാവും ...തല്‍ക്കാലം ഒന്ന് ഉറങ്ങുന്നത് നന്നായിരിക്കും

Friday, October 19, 2012

പുകഞ്ഞ കൊള്ളി പുറത്ത്

"നീയെന്താ മിണ്ടാത്തെ?' അവള്‍ കണ്ണടച്ച് കാണിച്ചു. "നിന്നോടാ ഞാന്‍ ഈ ചോദിക്കുന്നെ" വീണ്ടും ഒന്ന് കണ്ണടച്ച് അവള്‍ എണീറ്റ്‌ പോയി.

ദിവസവും വയറു നിറയെ ഭക്ഷണവും ഉറക്കവും അല്ലാതെ വേറൊരു ജോലിയും അവള്‍ക്കില്ല. തിരക്ക് പിടിച്ച ജോലിക്കിടയിലും ഞാന്‍ പൊന്നുപോലെ നോക്കി വളര്‍ത്തിയതാണ് അവളെ. വിശന്നാല്‍ പോലും എന്നെ കരഞ്ഞു ബുദ്ധിമുട്ടിക്കാത്ത ആ അവളാണ് ഇപ്പോള്‍ ഇങ്ങനെ?

ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആരോ അവിടെ നിന്നും ഓടിപോകും പോലെ എനിക്ക് തോന്നിയതാണ്. അവളോട്‌ അതെക്കുറിച്ച് ചോദിച്ചപ്പോളും ഇത് പോലെ കണ്ണടച്ച് കാണിച്ചു രക്ഷപെട്ടതാണ്.ഇത് ഞാന്‍ എങ്ങനെ ഒരാളോട് പറയും? അവളുടെ വയര്‍ വീര്‍ത്തു വരുന്നത് നാലാള്‍ അറിയുക തന്നെ ചെയ്യും.

സ്നേഹപൂര്‍വ്വം ചോദിച്ചു നോക്കാനായി അടുത്ത് വിളിച്ചു. " ഇവിടെ വന്നെ...ഞാന്‍ ചോദിക്കട്ടെ..." അവള്‍ മൈന്റു പോലും ചെയ്തില്ല...സങ്കടം വേറൊരു കൂട്ടുകാരിയോട് പറഞ്ഞു. അവള്‍ ഒരു ഉപായം പറഞ്ഞു തന്നു.
രണ്ടും കല്‍പ്പിച്ചു  ഞാന്‍ ചെന്ന് ചോദിച്ചു.
" ഇന്തി മാലും മലയാളം?" " മ്യാവൂ" അവള്‍ മിണ്ടി.
 ഹോ മൂന്നു കൊല്ലമായി സംസാരിക്കാത്ത കുറിഞ്ഞി മിണ്ടി.ഇത്ര നാളും അവള്‍ എങ്ങനെ മിണ്ടാന? അറബിപൂച്ചക്ക് എങ്ങനെ മലയാളം അറിയാനാ ? ഇനി ഇവള്‍ പെറ്റാലും ചത്താലും എന്റെ പട്ടി നോക്കും.

" housekeeping brother .......please take out this cat from my room"

ഒരു ഫിലിപ്പിനോ ചെക്കന്‍ അവളെ കഴുത്തില്‍ തൂക്കി കൊണ്ടു പോകുമ്പോള്‍ അവള്‍ ദയനീയമായി എന്നോട് എന്തൊക്കെയോ പറഞ്ഞു. ചിലപ്പോള്‍ അവടെ കൊച്ചിന്റെ അപ്പന്റെ പേര് ആയിരിക്കാം.


" ഹാവു...മുത്തശ്ശന്‍ പണ്ട് പറഞ്ഞപോലെ പുകഞ്ഞ കൊള്ളി പുറത്ത്

Tuesday, October 9, 2012

സാത്താനും ശാസ്ത്രവും ഒരു ത്രികോണത്തില്‍

DEVILS TRIANGLE  എന്ന പേരിലെ കൌതുകവും സുഹൃത്തിന്റെ അഭ്യര്‍ത്ഥനയും ശാസ്ത്രവും മിത്തും തമ്മിലുള്ള വടം വലിക്കിടയിലൂടെ സത്യം തേടിയൊരു യാത്ര പോകാന്‍ എന്നെ പ്രേരിപ്പിച്ചു. വരൂ സുഹൃത്തേ നമുക്കന്വേഷിക്കാം......ആവും വിധം

North Atlantic സമുദ്രത്തിന്റെ പശ്ചിമ ഭാഗത്തുള്ള ഒരു സാങ്കല്പിക ത്രികോണം ആണ് ബര്‍മുഡ ട്രയാങ്കിള്‍ അഥവാ ഡെവിള്‍സ് ട്രയാങ്കിള്‍. അമേരിക്കന്‍ ജിയോഗ്രാഫിക് ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ ഒന്നും തന്നെ കാണാന്‍ ഇല്ലാത്ത ഈ ട്രയാങ്കിള്‍  ലോകത്തിനു മുന്നില്‍ കാഴ്ച്ച  വെക്കാന്‍ ഇതിനകം ഒരുപാട് ഭൂപടങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു.

അതില്‍ ഒന്ന് ഇങ്ങനെയാണ്..

ത്രികോണത്തില്‍ ഒരു അറ്റം ബര്‍മുഡ ദ്വീപിലും ഇടതു മൂല അമേരിക്കയിലെ മയാമി (ഫ്ലോറിഡ) യിലും വലത്തേ അറ്റം പുവേര്ട്ടോ റിക്കോ ദ്വീപ സമൂഹത്തിലും ചെന്നെത്തുന്നു


അനേകം കപ്പലുകളും വിമാനങ്ങളും മറ്റും ഈ ത്രികോണത്തിന്റെ പരിധിക്കുള്ളില്‍ വെച്ച് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായെന്ന നിഗമനങ്ങളും വാര്‍ത്തകളുമാണ് ഈ സാങ്കല്പിക ത്രികോണത്തിനെ ഇത്രയും കു-പ്രസിധമാക്കിയത്.

അറിയപ്പെട്ട തിരോധനങ്ങളിലൂടെ
1872 ല്‍  മേരി സെലെസ്റ്റ് എന്നാ കപ്പല്‍ യാത്രക്കാരില്ലാതെ കണ്ടെത്തി.
1918 ല്‍ USS CYCLOPS എന്ന അമേരിക്കന്‍ യുദ്ധകപ്പല്‍  റിയോ ഡി ജെനീറോയില്‍ നിന്നും പുറപ്പെട്ട് ബാര്‍ബഡോസില്‍ എത്തി. ഒരു ദിവസത്തിന് ശേഷം അവിടുന്ന് പുറപ്പെട്ട കപ്പലിന്റെ വിവരം ഇല്ല
1945 ല്‍  US NAVY AVENGERS FLIGHT 19 തിരോധാനം അല്പം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 5 സ്ടുടെന്റ്റ്‌ പൈലറ്റുകള്‍ ഒരു പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറാകുകയും  പരിഭ്രാന്തനായ ഫ്ലൈറ്റ് ലീഡര്‍ ഒരു ദ്വീപ്‌ കണ്ടു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍  നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ കിഴക്ക് ഭാഗത്തേക്ക്‌ തിരിക്കുകയാണെന്നും  ഉടനെ കരയെത്തും എന്നുമാണ് മറുപടി കിട്ടിയത്. പിന്നീടു അവരെ തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്ന് കാണാതെ ആയി .മറ്റൊന്ന് ഫലം ഇല്ലാതെ തിരികെയെത്തി.

1948 ല്‍ ടഗ്ലാസ് DC 3 എന്ന വിമാനം അവസാന മണിക്കൂറില്‍ റേഡിയോ ബന്ധം നഷ്ടപ്പെട്ടു കാണാതെയായി
1955 ല്‍  കൊനെമാറ  എന്നാ കപ്പല്‍ ആളില്ലാതെ കണ്ടെത്തി
1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ ആയി

എണ്ണം ഇല്ലാതെ ഈ കണക്കു തുടരവേ നമുക്ക് മിത്തിലേക്ക് കടക്കാം  

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടെന്നൊരു കൂട്ടം. സിനിമയുടെ കൈ കടത്തലുകള്‍  ഇതിന്റെ ആക്കം കൂട്ടുന്നു.

മറ്റൊരു വാദം ഗ്രീക്ക് പുരാണങ്ങളിലെ സാങ്കല്പിക നഗരമായ അട്ട്ലാന്ട്ടിസിയ എന്നതാണ്. ഇതൊരു പൌരാണിക നഗരം ആയിരുന്നു. വിശാലമായ ഇതിന്റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .

ഇതുവരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തതും നിര്‍വചിക്കപെടാന്‍ ആവാത്തതും  ആയ ചില ശക്തികള്‍ എന്നും ഒരു കൂട്ടം പറയുന്നു.

ഇനി ശാസ്ത്രത്തിലേക്ക്

കോമ്പസ് വ്യതിയാനം - കോമ്പസ് ഉപയോഗിക്കുകയും അതിന്റെ ശാസ്ത്രീയത അറിയുകയും ചെയ്യുന്നവര്‍ക്ക് ഭൂമിയുടെ കാന്തിക ധ്രുവത്തിന്റെ പ്രത്യേകതകളും അറിയാം.യഥാര്‍ത്ഥ വടക്ക് ദിശയും കാന്തിക വടക്ക് ദിശയും തമ്മില്‍ ചെറിയ വ്യത്യാസം ഉണ്ട്. ഇവ രണ്ടും കൊമ്പസ്സില്‍ ഒരു പോലെ വരുന്ന സ്ഥലങ്ങള്‍ ഇല്ല. എന്നാല്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്ന സ്ഥലത്ത് ഇത് കൂടുതലാണ്.

ഗള്‍ഫ് സ്ട്രീം - സമുദ്രത്തിന്റെ അടിയില്‍ പുഴ പോലെ ശക്തിയായ് വെള്ളം ഒഴുകുന്ന പ്രതിഭാസം ആണിത്. മെക്സിക്കന്‍ തീരം മുതല്‍ ഫ്ലോറിടക്ക് സാമാന്തരമായി  വടക്കേ അട്ട്ലാന്ട്ടിക് സമുദ്രം വരെ ഒഴുകുന്ന ഈ സ്ട്രീം വളരെ അപകടകാരിയും എന്തിനെയും ഒഴുക്കി കൊണ്ടുപോകാന്‍ കഴിവുള്ളതുമാണ്.
കാലാവസ്ഥ - ചുഴലിക്കാറ്റുകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണിത്
നരഭോജി മത്സ്യങ്ങള്‍ - ധാരാളമായി കാണുന്നു
മീതെയ്ന്‍ ഹൈഡ്രെറ്റ്- പരീക്ഷണ ശാലകളില്‍ തെളിയിക്കപ്പെട്ടതാണ് ഇത് വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുമെന്ന്. ഈ പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ് സ്ട്രീമില്‍ എത്തിക്കുകയും ചെയ്യുന്നു.


പല കപ്പലുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്തിട്ടുണ്ട് . സ്രാവുകളുടെ പല്ലിന്റെ പാടുള്ള അനേകം ലൈഫ് ജാക്കറ്റുകളും ഇതില്‍പ്പെടും.ശാസ്ത്രം ശരി എന്ന് ഞാന്‍ വാദിച്ചാല്‍ ഈ ശാസ്ത്രം പറഞ്ഞതിനെല്ലാം കാരണം മിത്ത്  എന്ന് അവര്‍ വാദിക്കും ..മിത്ത് ശരിയെന്നു വാദിക്കാന്‍ ശാസ്ത്രം സമ്മതിക്കുന്നുമില്ല....കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു

Friday, October 5, 2012

പുതിയൊരു തട്ടത്തിന്റെ മറയത്ത്

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്ന ആ  സ്ത്രീയുടെ മനസ്സ് എന്തെന്ന് ഒന്ന് ഊഹിക്കുവാന്‍ പോലും എനിക്കായില്ല ... ഒരു പക്ഷെ  ആര്‍ക്കും അത് സാധിച്ചെന്നു വരില്ല എന്നെനിക്കു തോന്നി   . ഒരുപക്ഷെ ജീവിതം പങ്കിട്ടവന്റെ കിടപ്പില്‍ ഉണ്ടായ നിരാശയാവാം ...അതോ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോ? അതും അല്ലെങ്കില്‍ ഒരു തരം പുച്ഛം ആവാം. എന്തൊക്കെയോ നേടുവാന്‍ ഇറങ്ങി തിരിച്ചു  ഇവിടെ  എത്തിയപ്പോള്‍ ....എനിക്കത് വിവേചിച്ചറിയാന്‍ ആവുന്നില്ല
---------------------------------------------------------------------------------------------------------

ഒരു പുരുഷന് നാല് സ്ത്രീകള്‍ക്ക് വരെ സംരക്ഷണം കൊടുക്കാന്‍ ആവുമെന്ന് പറഞ്ഞ പരിശുദ്ധ ഖുറാനെ മാതൃക ആക്കിയവര്‍. ഭാര്യയെപ്പോലെ ഭാര്യാ സഹോദരിമാരെയും കാമ സര്‍പ്പ ദംശം ഏല്‍പ്പിച്ചപ്പോള്‍ നഷ്ടമായത് ഖുറാന്റെ വിശുദ്ധിയല്ല മറിച്ച് മനുഷ്യന്റെ വിവേചന ശക്തിയുടെ അധ:പതനമാണ്.
---------------------------------------------------------------------------------------------------------

ഒരു തരം ആസക്തി ആയിരുന്നു അയാള്‍ക്ക്‌ ജീവിതത്തോട്. എന്തും വെട്ടിപിടിച്ചു ആരെയും ദ്രോഹിച്ചു ജീവിതം കയ്യടക്കാനുള്ള ആസക്തി. ഒടുവില്‍ ഈ ഐ സീ യു വിന്റെ യന്ത്രങ്ങളാല്‍ ആ ശരീരം പ്രവര്ത്തിപ്പിക്കേണ്ടി വന്ന അവസ്ഥയില്‍ എത്തും വരെ അയാള്‍ പൊരുതി.
---------------------------------------------------------------------------------------------------------

അഞ്ചു നേരം നിസ്കരിക്കുമ്പോഴും റമദാന്‍ നോമ്പ് കൃത്യമായി പാലിക്കുമ്പോഴും സക്കാത്ത് കൊടുക്കുമ്പോഴും മാത്രമല്ല ഒരുവന്‍ ഇസ്ലാം ആകുന്നത്. സഹജീവിയോടു കരുണ ഉണ്ടാകണം പൊറുക്കാനും ക്ഷമിക്കാനും കഴിയണം. മതപരിവര്‍ത്തനം ചെയ്തവന്റെ തല കൊയ്യുന്നതിലെ ഇസ്ലാമികത എനിക്ക് ദഹിക്കില്ല
---------------------------------------------------------------------------------------------------------

  അവരുടെ പേര് എനിക്കറിയില്ല, സാധാരണ മുസ്ലിം  സ്ത്രീകളുടെ പേര് പോലെ നമുക്ക് അവളെ  ആയിഷ എന്ന് വിളിക്കാം.ഉന്നത കുടുംബത്തിലെ നല്ല വിദ്യാഭ്യാസം ലഭിച്ച സ്ത്രീ. പുറം ലോകം കാണാതെ വിദ്യ അഭ്യസിച്ചവള്‍ എന്ന് ഞാന്‍ പ്രത്യേകം പറയട്ടെ .ജീവിതം മതത്തിനു കാഴ്ച്ച  വെച്ചവള്‍ അതുമല്ലെങ്കില്‍ മതം വിലങ്ങു അണിയിച്ചവള്‍.
---------------------------------------------------------------------------------------------------------

 ഖുറാന്‍ ഒരിക്കലുമൊരു സ്ത്രീയെ പുറം ലോകം കാണിക്കരുതെന്ന് പറഞ്ഞിട്ടില്ല. മറിച്ച്  തല മൂടിയിട്ട് പ്രാര്‍ത്ഥിക്കാത്ത സ്ത്രീ അവളുടെ ശിരസ്സിനെ അപമാനിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. മനുഷ്യന്‍ അതിനൊരു പുത്തന്‍ നിര്‍വ്വചനം നല്‍കി
---------------------------------------------------------------------------------------------------------

അറബിയുടെ അത്തറിന്റെ മണം ഇഷ്ടമായ വീട്ടുകാര്‍ അവളെ അയാള്‍ക്ക്‌ നല്‍കുമ്പോള്‍ അവള്‍ക്കു പ്രായം ഇരുപത്തി ഒന്നും അയാള്‍ക്ക്‌ നാല്‍പ്പത്തി മൂന്നും.ഇസ്ലാം കുടുംബത്തിലെ പതിവ് പോലെ ഇഷ്ടം ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല .അവള്‍ക്കു അയാളുടെ കയ്യും ചുണ്ടുമെല്ലാം ശരീരത്തില്‍ പടര്‍ന്നു കയറിയ തീ മാത്രം ആയിരുന്നു. അയാള്‍ക്കും അവള്‍ മറ്റു മൂന്നു ഭാര്യമാരെ പോലെ കേവലമൊരു യന്ത്രം ആകാന്‍ അധികം താമസം വന്നില്ല.
---------------------------------------------------------------------------------------------------------

ഖുറാനില്‍ പറയുന്നു സ്ത്രീക്കും പുരുഷനും തുല്യത എന്ന്. പക്ഷെ പുരുഷന്‍ അവളുടെ രക്ഷ കവചം ആണ് അവളാകട്ടെ അവന്റെ നിഴലില്‍ ജീവിക്കേണ്ടവളും. മനുഷ്യന്‍ ഇവിടെയും നിര്‍വ്വചനം മാറ്റി എഴുതി

---------------------------------------------------------------------------------------------------------

പണം ഉന്മത്തന്‍ ആക്കുമ്പോള്‍ പേ പിടിച്ച നായയെ പോലെ ആയിരുന്നു അയാള്‍... നാലാം ഭാര്യയെ മറ്റൊരു അറബിക്ക് കാഴ്ച വെച്ച് ആ പണം മുഖത്തോട് അടുപ്പിച്ചു അലറി ചിരിക്കുന്ന അയാളെ മറ്റൊരുവന്‍റെ  കിടപ്പറയില്‍ കിടന്നു കണ്ടവള്‍ ആണ് ആയിഷ. നിശബ്ദം സഹിക്കേണ്ടി വന്നതിനും അവള്‍ക്കു മറുപടി ഒന്ന് മാത്രം അവള്‍ ഇസ്ലാം ആണ്
---------------------------------------------------------------------------------------------------------

ഖുറാനും സുന്നത്തും അനുശാസിക്കുന്ന സാന്മാര്‍ഗ്ഗിക ഗുണങ്ങളായ  ആത്മാര്‍ഥത പരസ്പര സ്നേഹം  കരുണ സഹാനുഭൂതി  മിതവ്യയം ധര്‍മ്മനിഷ്ഠ  സത്യസന്ധത തുടങ്ങിയവയെല്ലാം സാംസര്‍ഗ്ഗിക നിയമങ്ങളുടെ പരിധിയില്‍ വരുന്നു.മാതാവ് പിതാവ് ഭാര്യ ഭര്‍ത്താവ് മക്കള്‍ അയല്‍വാസികള്‍ വലിയവര്‍ ചെറിയവര്‍ തുടങ്ങിയവരോട് പാലിക്കേണ്ട മര്യാദകളും ഇതിന്റെ ഭാഗമാണ്
---------------------------------------------------------------------------------------------------------

ഒടുവില്‍ ഒരുനാള്‍ അയാള്‍ കടിച്ചു മുറിച്ച ചുണ്ടിലെ രക്തം അയാളുടെ മുഖത്തേക്ക് തുപ്പിയവള്‍  ഇറങ്ങി ഓടി.മതം അവളെ വലിച്ചിഴച്ചു ഭ്രാന്തിന്റെ തുറങ്കിലടച്ചു. ഒടുവില്‍ ഒരുപാട് കാലത്തിനു ശേഷം അവള്‍ വന്നതാണ് അയാളെ കാണാന്‍... ഇപ്പോള്‍ അവരുടെ ഭാവം എനിക്ക് മനസ്സിലാകുന്നില്ല
---------------------------------------------------------------------------------------------------------

 വെന്റിലേറ്ററില്‍ അവസാന പിടച്ചില്‍ നടത്തുന്ന അയാളെ കാണുമ്പോള്‍  മറ്റൊരു ഖുറാന്‍ വചനം ഞാന്‍ കടമെടുക്കട്ടെ


" അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനാണെന്നും കരുണാനിധിയും ആണെന്നും നിങ്ങള്‍ മനസ്സിലാക്കുക "

Saturday, August 4, 2012

പ്രിയേ നിനക്കായി

നീളന്‍  വരാന്തയുടെ അവസാനത്തിലാണ്  എന്റെ  കിടക്ക. മുഷിഞ്ഞ വിരികള്‍ ആരോ വന്നു മാറ്റി വിരിച്ചു. വീണ്ടും അതിലേക്കു ഞാന്‍  ചാഞ്ഞു. സ്വപ്‌നങ്ങള്‍ ഇപ്പോള്‍ കടന്നു വരാന്‍  മടിക്കുന്നത് പോലെ. പഴയ ഡയറി തലയിണയുടെ അടിയില്‍ നിന്നും താഴേക്ക് വീണു.വളരെ പ്രയാസപ്പെട്ടു ഞാന്‍ അത് എടുത്തു.  എന്റെ മനസ്സിനെ എഴുതി തീര്‍ക്കുവാന്‍ എനിക്ക് ആവുന്നില്ല ഇപ്പോള്‍ .പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ഞാന്‍. അവിടെ നിന്റെ മുഖം വ്യക്തമായി കണ്ടു.

ആലോചനക്കു ഭംഗം വരുത്തിയെന്നോണം ഒരു നേഴ്സിന്റെ വിളി കേട്ടു.സമയത്തുള്ള ഈ കുത്തിവെപ്പുകള്‍  അവരുടെ ജോലിയുടെ ഭാഗം. ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു  അവര്‍ക്കും എനിക്കുമറിയാം. ഈ തണുത്ത സൂചി മാംസത്തില്‍  തറച്ചു കയറുന്ന വേദന അസഹനീയം.വീണ്ടും ഞാന്‍ എന്റെ പുതപ്പിന്റെ ഉള്ളിലേക്ക് കയറി.


പഴയ ഡയറിയുടെ മുഷിഞ്ഞ താളുകളില്‍  വീണ്ടും എഴുതാന്‍  ബാക്കിയായത്  കുറെ സ്വപ്‌നങ്ങള്‍. .ദുഖമില്ലാത്ത ഒരു സൃഷ്ടിക്കു എന്റെ പേനയും കടലാസ്സും ദാഹിക്കുന്നു.എങ്ങനെ ഞാന്‍ എഴുതും? മനസ്സിന്റെ നെരിപ്പോടില്‍ എന്റെ നിണം മുക്കി എഴുതുകയല്ലേ?
 നീയാണ് പെണ്ണെ എന്നെ എഴുതാന്‍ പഠിപ്പിച്ചത്. രാത്രി മഴ പോലെ എന്നില്‍ പെയ്തിറങ്ങിയ കുളിരാണ് നിന്റെ പ്രണയം.പൂക്കളെയും നീലാകാശത്തെയും ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ എന്ന് മുതലാണ്‌ ഈ ഡാര്‍വിന്റെയും ഐന്‍സ്ടീന്റെയും സിദ്ധാന്തങ്ങളുടെ പിന്നാലെ പാഞ്ഞത്. മാറ്റങ്ങള്‍ തുടങ്ങിയത് എവിടെ? പ്രണയം പൂര്‍ണ്ണത കൈവരിക്കുന്നത് വിവാഹത്തിലെന്ന് വിശ്വസിച്ച വിഡ്ഢി.
പലതവണ നീ പറഞ്ഞിരുന്നു എന്നും കൂടെ ഉണ്ടായിരിക്കുമെന്ന്. ഇന്ന് നീ എവിടെ? ആശുപത്രി വരാന്തയിലെ ഓരോ പദനത്തിലും നിന്റെ കാലൊച്ച ഞാന്‍ കാതോര്‍ത്തു കിടന്നത് നീ അറിഞ്ഞില്ലേ?

ഇടയ്ക്കിടെ ഈ തണുപ്പ് എന്റെ തലയിലൂടെ കടന്നു പോകുമ്പോള്‍  അറിയാതെ ഞാന്‍ അലറിക്കരഞ്ഞു പോകുന്നു.അവരെനിക്കു വലിയ സൂചികളില്‍ നിറച്ച തണുത്ത മരുന്നുകള്‍ നല്‍കുമ്പോള്‍ വീണ്ടും ഒരു  ഉറക്കം.ഉണരുമ്പോള്‍  ഈ മുഷിഞ്ഞ പുതപ്പു മാത്രം കൂട്ടിന്.

നാടന്‍ സങ്കല്‍പ്പങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍  എങ്ങനെ നിന്നെ സ്നേഹിച്ചു സംസാരപ്രിയനല്ലാത്ത ഞാന്‍ നിന്റെ സംസാരം ഒരുപാട് കേട്ടിരുന്നു.അലസമായ നിന്റെ മുടി കണ്ണിലേക്ക്  വീഴുന്നതും ഒട്ടും നിരയല്ലാത്ത പല്ലുകള്‍  കാട്ടി നീ ചിരിക്കുന്നതും നാണം കൊണ്ട് മുഖം പൊത്തുന്നതും ഒക്കെ നീയറിയാതെ ഞാന്‍ ആസ്വദിച്ചിരുന്നു. നീ എന്റേതെന്നു  ആ കാതില്‍ ഞാന്‍ നൂറുതവണ പറഞ്ഞതല്ലേ.പിന്നെ എന്നെ ഒഴിവാക്കിയൊരു യാത്ര നിനക്കെങ്ങനെ സാധിച്ചു? നീ ഒരുപാട് ഇഷ്ടപെട്ട മാധവിക്കുട്ടി മുസ്ലിം ആയതിനെ എതിര്‍ത്ത എന്നോട് നീ പരുഷമായിസംസാരിച്ചതും ഞാന്‍ ഓര്‍ക്കുന്നു.

"പ്രിയേ നിനക്കായ്‌ " എന്ന പുസ്തകം ലോകം നെഞ്ചില്ലേറ്റിയപ്പോള്‍  നിനക്കെഴുതിയത്  വാങ്ങാന്‍ നീ മാത്രം വന്നില്ല. ആരാധകരുടെ ഇടയിലെപ്പോലും ഞാന്‍ തേടിയത് നിന്നെയായിരുന്നു.


പോസ്റ്റ്‌മാന്‍  കൊണ്ട്  വന്ന കവറില്‍  നിന്റെ കയ്യക്ഷരം കണ്ടു ഞാന്‍  ആവേശത്തോടെയാണ് അത് പൊട്ടിച്ചത്. അതില്‍ എന്റെ പുസ്തകം.ഞാന്‍ നിനക്കെഴുതിയ അതില്‍ ...നീ എനിക്കെഴുതിയത് വാങ്ങാന്‍ തിടുക്കമായിരുന്നു എനിക്ക് . ആദ്യ പേജില്‍ നിന്റെ എനിക്കായുള്ള അക്ഷരങ്ങള്‍........ ... ഹൃദയം ധൃതഗതിയില്‍  ഇടിക്കുന്നത്‌ ഞാന്‍ അറിഞ്ഞു.
" നിന്നെ ഞാന്‍ സ്നേഹിക്കുന്നു...ഈ പൂക്കളിലും ..പുഴകളിലും ....മഴയിലുമധികം...വിട പറഞ്ഞതിന് കാരണം ഒന്ന് മാത്രം. വേര്‍പാട് മരണത്തിലൂടെ ആകുന്നതു നിന്നെ ഒരുപാട് വേദനിപ്പിക്കുമെന്ന് ഞാന്‍ അറിയുന്നു..അതെനിക്കാവില്ല...ഈ ആശുപത്രിക്കിടക്കയിലും നിന്നെ ഞാന്‍ സ്നേഹിക്കട്ടേ ..."

അവള്‍ക്കു വേണ്ടി ഞാന്‍ നല്‍കിയ അക്ഷര കൂട്ടങ്ങളില്‍ എന്റെ കണ്ണുനീര്‍ വീണു ചിതറി. പ്രിയേ നിനക്കെന്നില്‍ മരിച്ചു കൂടായിരുന്നോ ...ഇതിലെത്രയോ  ഭേദം.....


ഉണര്‍ന്നപ്പോള്‍ ചുറ്റും നോക്കി...എനിക്കെന്തോ ഇന്ന്  തണുപ്പില്ല.എന്റെ ചുമലില്‍ ഒരു ചൂടുള്ള കൈ. നിന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചത്...പക്ഷെ തിരിച്ചറിഞ്ഞു ഞാന്‍...............     ...അവനാണ് വന്നത് ...ഒരിക്കലുമിനി നിന്നെ കാണാന്‍ അനുവദിക്കാതെ നിതാന്തമായ തണുപ്പിലേക്ക് എന്നെ കൊണ്ട് പോകുവാന്‍ വന്ന മരണം .....

വീണ്ടും ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു ഞാന്‍ ...എന്റെ മുഷിഞ്ഞ പുതപ്പു കെട്ടിപിടിച്ചു കരയുന്ന നിന്നെ ...ഒന്ന് ചിരിച്ചു കൊണ്ട് ഞാന്‍ ഓര്‍ത്തു

                                     വൈകിപോയി പ്രിയേ നീ ഒരുപാട് വൈകി

Sunday, July 29, 2012

ജയിച്ചത്‌ ശാസ്ത്രമോ മനുഷ്യനോ?

മൂന്നാം യാമത്തിന്റെ അവസാന പക്ഷവും കൊഴിഞ്ഞു. പിടഞ്ഞു മരിച്ച നെരിപ്പോടിന്റെ അവശിഷ്ടം ചിതറിക്കിടക്കുന്നു. അകലെ കഴുകന്റെ ചിറകടി ഒച്ചയും നിശബ്ദമായി.ഇനി എനിക്ക് ഇറങ്ങാം.... രാവിന്റെ നിശബ്ദതയിലേക്ക്.... കട്ട പിടിച്ച ഇരുട്ടിലേക്ക്.....ആത്മാവിനു വെള്ള നിറം നല്‍കിയ മനുഷ്യനെ പറ്റിച്ചു ഇരുട്ടിന്റെ കറുത്ത കുപ്പായത്തില്‍ ഒളിച്ചു മറ്റൊരു കറുപ്പായി  ഞാന്‍.

 എഴുതി നിര്‍ത്തി പ്രമോദ്.ഉറക്കം വരുന്നില്ല.ഉറങ്ങിയെ മതിയാവു. നാളെ ജോലിക്ക് പോകേണ്ടതാണ്. കിടക്കയിലേക്ക് ചാഞ്ഞു. കണ്ണുകള്‍ അടച്ചു.കണ്ണിലെ ഇരുട്ടിനപ്പുറം  ഉള്ള ചുവന്ന ലോകത്ത് കഴുകനും കാക്കയും ആത്മാവും മല്‍പ്പിടുത്തം നടത്തി.
" പ്രമോദ് നീ വരൂ ...നമ്മുടെ ലോകം ഇതാണ് ..." ആത്മാവ് അവനെ വിളിച്ചു. കഴുകന്‍ ആരുടെയോ ശവം കടിച്ചു പറിക്കുന്നു. ആരോ ബാക്കി വെച്ച  ബലി ചോറ് ഉണ്ണുന്ന കാക്കകള്‍. .....
" പ്രമോദ് ..നീ വരൂ...പ്രമോദ്..പ്രമോദ് .."

ഞെട്ടി ഉണരുമ്പോള്‍ ആകെ വിയര്ത്തിരുന്നു. അടുത്തിരുന്ന ജെഗ്ഗില്‍ നിന്നും വെള്ളം കുടിച്ചു.സ്വപ്നം ഒന്ന് ഓര്‍ത്തെടുക്കാന്‍  ശ്രമിച്ചു ആത്മാവും കഴുകനും  കാക്കയും. ഇന്നലെ എഴുതി പൂര്‍ത്തിയാക്കാത്ത കഥയുടെ അവശിഷ്ടം ഉപബോധ മനസ്സില്‍ എരിയുന്നതാവാം. ബെഡ് ലാമ്പ്  ഓണ്‍ ആക്കി സമയം വാച്ചില്‍ നോക്കി. അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. കണ്ണട  എടുത്തു വെച്ച്  കട്ടിലില്‍ നിന്നും എഴുന്നേറ്റു.


അടുക്കളയില്‍ പോയി  ചായക്ക്‌ വെള്ളം വെച്ചു. പിന്നെ ബാത്രൂമിലേക്ക്. തിരികെ എത്തുമ്പോള്‍ പാത്രത്തിലെ വെള്ളം ശൂന്യം. ഗ്യാസ് ഓഫ്‌ ആണ്. അടുത്തിരുന്ന കപ്പില്‍ ആവി പറക്കുന്ന ചായ.വീണ്ടും ഒന്ന് വിയര്‍ത്തു പ്രമോദ്. ചുറ്റും നോക്കി. കട്ടിലിന്റെ അടിയിലും അടുത്ത മുറിയിലും എല്ലാം അയാള്‍ എന്തിനോ ആര്‍ക്കോ  ഒരു തിരച്ചില്‍ നടത്തി. പക്ഷെ ഒന്നും ഉണ്ടായില്ല. ആരും ഉണ്ടായില്ല.ഒന്ന് മടിച്ചെങ്കിലും ചായ എടുത്തു ചുണ്ടോടു ചേര്‍ത്തു. ഭിത്തിയില്‍ അവന്‍ തന്നെ എഴുതി വെച്ച വാചകങ്ങള്‍ ഒരു ഉറപ്പിനെന്നോണം ഒരിക്കല്‍ കൂടി വായിച്ചു. 


             " ശാസ്ത്രത്തിനു ആത്മാവില്ല 
                ആത്മാവില്ലാതെ ഈശ്വരനും 
                 ഈശ്വരന്‍ ഇല്ലാത്ത ശാസ്ത്രമേ 
                  നിന്നെ ഞാന്‍  ആരാധിക്കട്ടെ " 


ചായ കുടിച്ചു കുളിക്കുവാന്‍  കയറി പ്രമോദ്.സോപ്പ്  തേച്ചു പകുതി ആയപ്പോഴേക്കും  വെള്ളം നിശ്ചലമായി. കൈകൊണ്ടു ബക്കറ്റും കപ്പും പരതുമ്പോള്‍  ആരോ കയ്യില്‍ വെച്ച് കൊടുത്തു  ഒരു കപ്പു  വെള്ളം.കണ്ണ് തുറക്കാന്‍ ശ്രമിച്ചുവെങ്കിലും സോപ്പിന്റെ നീറ്റല്‍  കാരണം അത് സാധിച്ചില്ല.വേഗം കഴുകി നോക്കുമ്പോള്‍ ആരുമില്ല.ബെഡ് റൂമിന്റെ മേശയില്‍ ബാക്കിയായ നോവല്‍ ഫാനിന്റെ കാറ്റില്‍ ഇളകുന്നു.കുളി വേഗമാക്കി പ്രമോദ്  പുറത്തു ഇറങ്ങി. ആ നോവലിന്റെ താളുകളില്‍ വെള്ളം മഷി മായ്ക്കാന്‍ തുടങ്ങുന്നു.ഭയം സിരകളെ ത്രസിപ്പിച്ചു. കട്ടിലില്‍ ഇടാന്‍ പാകത്തിന് ഷര്‍ട്ടും പാന്റും എടുത്തു വെച്ചിരിക്കുന്നതും താഴെ ഇരുന്ന ഷൂവും അവന്‍ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിച്ചു. ആ നോവലിലേക്ക് നോക്കുമ്പോള്‍  ആ കറുത്ത ആത്മാവ് വിളിക്കുന്നത്‌ പോലെ 
" പ്രമോദ്...നീ വരൂ..." 
ഭിത്തിയില്‍ ഒട്ടിച്ചിരുന്ന പേപ്പറു വലിച്ചു കീറി അവന്‍. വേഗം മുറിക്കു പുറത്തു കടന്നു മുറി പൂട്ടി.


" യേശു ക്രിസ്തു ഈ വീടിന്റെ നായകന്‍ " എന്ന ബോര്‍ഡ്  മുറിക്കു മുന്‍പില്‍ പ്രമോദ് തറക്കുമ്പോള്‍  ഒരു കള്ളതാക്കോല്‍  കൂട്ടം കറക്കി മൂന്നു കൂട്ടുകാര്‍ അടുത്ത മുറിയില്‍  അടക്കി ചിരിച്ചു. 


ഒരു നിരീശ്വര വാദിയെ ഈശ്വരവിശ്വാസി ആക്കിയ സന്തോഷത്തോടെ 

Wednesday, July 4, 2012

ഡയറി

ഓഗസ്റ്റ്‌ 16
പതിവ് ദിനചര്യകള്‍ തന്നെ. ജോലി തിരക്കുകള്‍ കഴിഞ്ഞു സ്മിതയെ വിളിച്ചു. ഉണ്ണി സൈക്കിള്‍ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞുവത്രേ ഇന്ന്.അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരുമെന്ന് അവള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ വാശിയില്‍ തന്നെ ആയിരുന്നു. ഒടുവില്‍  കരഞ്ഞു ആണ്   ഉറങ്ങിയതും. ഇപ്പോള്‍ അവന് വാശി കൂടി വരികയാണ്  . അമ്മു സ്കൂളില്‍ പോകുന്നുവെങ്കിലും പഠിക്കാന്‍ ഉള്ളതിലും ഉത്സാഹം ഡാന്സിലാണ്. ഇന്നും സ്മിതയും അമ്മയും തമ്മില്‍ വഴക്കായിരുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. ഭക്ഷണം കഴിക്കാന്‍ തോമസ്‌ വിളിക്കുന്നു...ബാക്കി ...

ഓഗസ്റ്റ്‌ 18 
ഇന്നലെ എഴുതാന്‍ സാധിച്ചില്ല.മദ്യം സിരകളെ ഉറക്കിയപ്പോള്‍ ഡയറിയുടെ താളുകളെ മറന്നു. വീട്ടില്‍ വിളിച്ചു. അമ്മയോട് സംസാരിച്ചു. അമ്മക്ക് മുട്ട് വേദന കൂടി വരുന്നു. ഉണ്ണി അമ്മയെ നല്ലത് പോലെ കഷ്ടപെടുത്തുന്നുണ്ട്  . സ്മിത വേണ്ട വിധം നോക്കുന്നില്ലത്രേ. അവളോട്‌ അമ്മയുടെ പ്രായം കണക്കിലെടുക്കാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കില്ല.അമ്മയോട് പറഞ്ഞാല്‍  തലയിണ മന്ത്രം കേള്‍ക്കുകയാനെന്നും പറഞ്ഞു അമ്മ വഴക്കിടും. എന്നും ഈ വഴക്ക് തന്നെ 

ഓഗസ്റ്റ്‌ 19
സ്മിതയ്ക്ക് പനിയാണ്. ഉണ്ണിയുടെ പിന്നാലെ ഓടി നടന്നു മഴ നനഞ്ഞതാണ്. ആശുപത്രിയില്‍ വിചാരിച്ചതില്‍ കൂടുതല്‍ കാശ് കൊടുക്കേണ്ടി വന്നു. ഈ മാസം എങ്ങനെയെങ്കിലും കൂടുതല്‍ കാശ് അയക്കണം. 

ഓഗസ്റ്റ്‌ 24
ഇടയ്ക്കു ഒരു പറിച്ചു നടല്‍ . കമ്പനിയുടെ ദൂരെയുള്ള ഒരു ബ്രാഞ്ചിലേക്ക്. തിരക്കിനിടയില്‍ ഡയറി മറന്നു. ഇന്നും സുനില്‍ വിളിച്ചിരുന്നു. പെങ്ങളുടെ കല്യാണത്തിന്റെ വാങ്ങിയ കാശ്  തിരിച്ചു കൊടുക്കാന്‍ . പറഞ്ഞ അവധി കഴിഞ്ഞിരിക്കുന്നു. അതിനു ഒരു വഴി കണ്ടെത്തണം. സ്മിതയോടും അമ്മയോടും സംസാരിച്ചു. സ്മിതയുടെ അമ്മായി കല്യാണത്തിന് സമ്മാനം കൊടുത്ത ജിമുക്കി കമ്മല്‍ പണയം വെച്ചിട്ട് കാലം കുറെ ആയി. എടുക്കണം എന്ന് പറഞ്ഞു നോട്ടിസ് വന്നു എന്ന്. അതും എടുക്കണം. അമ്മയുടെ എണ്ണയും കുഴമ്പും തീര്‍ന്നു. മുട്ടുവേദന  കുറവും ഇല്ല. അമ്മുവിന് ഫീസ്‌ കൊടുക്കാനും ആയി വരുന്നു. ഈ മാസം ഓവര്‍ ടൈം കിട്ടുമോ എന്ന്  നോക്കണം. 

സെപ്റ്റംബര്‍ 4
പഴയത് പോലെ കടലാസില്‍ ഭാരം ഇറക്കി വെക്കാന്‍ സാധിക്കുന്നില്ല. ഭാരം ഏറി വരുന്നതാവം കാരണം. കൂടെ ജോലി ചെയ്യുന്നവന്‍  വാങ്ങിയ കാശ് തിരിച്ചു കൊടുക്കാത്തതിനു ചീത്ത പറഞ്ഞു ഇന്ന്. സാരമില്ല അമ്മക്ക് മുട്ട് വേദന കുറഞ്ഞു കാണുമല്ലോ.സ്മിത ഇന്ന് പറഞ്ഞു. അവളോട്‌ ആരോ പറഞ്ഞുവത്രേ ആ കമ്മല്‍ ഇട്ടാല്‍ അവളെ കാണാന്‍ നല്ല ഭംഗി ഉണ്ടെന്നു. ഇനി വരുമ്പോള്‍ അമ്മുവിന് ഒരു വള  വാങ്ങി വരണം എന്നും പറഞ്ഞു. 

സെപ്റ്റംബര്‍ 12
ഓരോ ദിവസവും ജോലി കൂടി വരുന്നു. അതോ ഭക്ഷണം കുറവായതുകൊണ്ട് ജോലി ഭാരമായി തോന്നുന്നതാണോ? നാട്ടില്‍ പോക്ക് തല്‍ക്കാലം മാറ്റി വെച്ച്. ടിക്കെടിന്റെ കാശ് വീട്ടിലേക്കു അയച്ചാല്‍ അമ്മുവിന്‍റെ ഫീസ്‌ ആകും. ഈ കാലത്ത് ഒരു കുട്ടിയെ പഠിപ്പിക്കുക എന്നാല്‍ ഒരു ഭാരം എന്ന് മനസ്സിലാക്കി വരുന്നു. 


പിന്നീടുള്ള പേജുകള്‍ എല്ലാം തന്നെ ശൂന്യം ആയിരുന്നു. ഇന്നത്തെ ഫ്ലൈറ്റില്‍  അയാളുടെ സാധനങ്ങള്‍ അയക്കണം. കൂടെ ഈ ഡയറിയും. "അയാള്‍ടെ പെരെന്താടോ?"
ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നു ഡയറി മറിച്ചു നോക്കി. "ശ്രീകുമാ൪" അതില്‍ നിന്നും ഒരു ഫോട്ടോ താഴെ വീണു.അതില്‍  ചിരിച്ചു നില്‍ക്കുന്ന രണ്ടു കുട്ടികള്‍ ഒരു സ്ത്രീ പിന്നെ ഒരു വൃദ്ധയും. എംബാം ചെയ്യാനായി ശ്രീയുടെ ബോഡി അപ്പോള്‍ മോര്‍ച്ചറിയില്‍ നിന്നും മാറ്റി ട്രോള്ളിയിലേക്ക് കയറ്റി. അപ്പോളും കയ്യിലിരുന്ന ഡയറി ആ ഫോട്ടോയില്‍ ആരൊക്കെയെന്നു മൌനമായി പറയുന്നുണ്ടായിരുന്നു....... 

Sunday, June 17, 2012

സ്മൈലികള്‍ കഥ പറയുമ്പോള്‍

" Gran Pa Do You have facebook ID?"
" എന്തൊന്ന? "  മത്തായി മാപ്ല വാ പൊളിച്ചു.....

കുറെ ദിവസമായി ഈ ശല്യം തുടങ്ങിയിട്ട്...അമേരിക്കയില്‍ നിന്ന് മകളും മരുമകനും പിള്ളേരും കൂടി വന്നപ്പോള്‍ മറിയാമ്മക്കും   മത്തായി മാപ്ലക്കും പെരുത്ത്‌ സന്തോഷമായിരുന്നു. പക്ഷെ വന്ന നേരം മുതല്‍ ഈ പിള്ളേരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മത്തായി മാപ്ല ഇശ്ശി കഷ്ടപെടുന്നു.മറിയാമ്മ അടുക്കളയില്‍ തകൃതിയായി പണിയിലാണ് അതിനാല്‍ ഈ കുട്ടിച്ചാത്തന്മാരുടെ ശല്യം മത്തായി മാപ്ലയുടെ നേരെയാണ്.കാലത്തെ പശുവിനെ മാറ്റികെട്ടാന്‍ പോയ മത്തായി മാപ്ലയോട് ഇളയ കുട്ടിച്ചാത്തന്റെ വകയാണ് ചോദ്യം. ആദ്യ മൂന്നു ദിവസം കൊണ്ട് മനസ്സിലാക്കിയതാണ് ഈ Gran Pa എന്നാല്‍ അപ്പച്ചന്‍ എന്ന് ആണെന്ന്. അതും മരുമോന്‍ പറഞ്ഞു തന്നതാ.അപ്പച്ചാ എന്ന് വിളിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.

അവന്‍ വിടുന്ന ലക്ഷണമില്ല വീണ്ടും പിറകെ കൂടി.
 "ഫെസ്  ബുക്ക്‌  എന്താന്ന് Gran Pa ക്ക് അരിയാമോ? "
" ഇല്ല" അല്പം കടുപ്പിച്ചാണ് മാപ്ല മറുപടി  കൊടുത്തത്
" ok..computer അരിയാമോ?"
" ഇല്ല കമ്പോണ്ടര്‍ അറിയാം...കുഞ്ഞികൃഷ്ണന്‍ പണ്ട് കമ്പോണ്ടര്‍ ആരുന്നു ഗവര്‍മെന്റു ആശുപത്രിയില്‍.."
" യ്യോ ...അതല്ല ....C..O..M..P...U..T..E...R...Computer ....That's a machine..Do you know that?"
 വീണ്ടും മാപ്ല വാ പൊളിച്ചു......" എന്നതാ കൊച്ചനെ നീ ഈ പറയുന്നേ? "
" ok..ok...come with me.." കുട്ടിപിശാച്ചു കൈ പിടിച്ചു വലിച്ചു......
" കര്‍ത്താവെ...ഡാ കൊച്ചനെ നീ എന്നെ ഇതെവിടെ കൊണ്ടുപോകുവ...വിടെട..."

വലിച്ചവന്‍ അവന്റെ മുറിയില്‍ എത്തിച്ചു. രണ്ടാം നിലയില്‍ മകള്‍ വന്നതില്‍ പിന്നെ കയറിയിട്ടേ ഇല്ല ...രൂക്ഷമായ  ഗന്ധം  അവിടെ നിറഞ്ഞു നിന്നു.....
അവന്‍ ബലമായി പിടിച്ചു ഒരു കസേരയില്‍ ഇരുത്തി..മുന്നില്‍ ടി വി  പോലെ എന്തോ ഒരു കുന്ത്രാണ്ടം...അതില്‍ പകുതി തുണിയില്ലാത്ത ഒരു പെണ്ണിന്റെ പടം ...." അയ്യേ? നിനക്കെത്ര വയസ്സ് ആയെട  ചെറുക്കാ?"
 തിരിച്ചു വരുന്ന മറുപടി അറിയാവുന്നത് കൊണ്ട് തല്ക്കാലം ചോദ്യം മനസ്സില്‍ അടക്കി..
അവന്‍ എന്തൊക്കെയോ ഞെക്കുന്നു...അപ്പോള്‍ ആ ടി വി യില്‍ ആരൊക്കെയോ ആടുന്നു പാടുന്നു...കണ്ണിന്റെ മുന്നില്‍ ഇരുന്ന ടി വി അല്പം അരോചകമായി തോന്നി..അതിനാല്‍എണീറ്റ്‌  മാറിയിരിക്കാന്‍ ശ്രമിച്ചെങ്കിലും ചെക്കന്‍ വിട്ടില്ല...

അവന്‍ വീണ്ടും എന്തൊക്കെയോ ഞെക്കിയപ്പോള്‍ മാപ്ലയുടെ പടം ആ ടി വിയില്‍ കണ്ടു...
"ഹ ഹ ഇത് കൊള്ളാമല്ലോ?"
കോട്ടയം ബസ്‌ സ്റ്റാന്റിന്റെ അപ്പുറത്തുള്ള അനുപമ സ്റ്റുഡിയോയില്‍ നൂറിന്റെ ഒരു പുത്തന്‍ താള് കൊടുത്തപ്പോള അവന്മാര്‍ ഒരു പടം തന്നത്...
ഇതിപ്പോള്‍ ഒരു നിമിഷം കൊണ്ട് പടം......കൊള്ളാം പരുപാടി..മത്തായി മാപ്ല ഉറക്കെ ചിരിച്ചു..
കുട്ടി പിശാച് മാപ്ലക്ക് പഠിപ്പിച്ചു കൊടുത്തു ആ ടി വിയുടെ പല പല സൂത്രങ്ങള്‍...അങ്ങനെ മാപ്ലയും കമ്പോണ്ടര്‍ ആയി .....

മറിയാമ്മ വിളിച്ചതൊന്നും കമ്പോണ്ടര്‍ മാപ്ല കേട്ടില്ല...വെള്ളെഴുത്ത് കണ്ണാടി എപ്പോളും വെച്ച് നടന്നു നമ്മുടെ മാപ്ല...ഭക്ഷണം കഴിച്ചാലായി.... ഇല്ലേല്‍ ആയി.....എപ്പോളും കമ്പോണ്ടര്‍ തന്നെ...ഫേസ് ബുക്ക്‌  മനപ്പാഠം ആക്കി...പുതിയ പടങ്ങള്‍ വെച്ച പുതിയ പുതിയ ഐ ടികള്‍ ഉണ്ടാക്കി...സ്ത്രീജനങ്ങള്‍ക്ക് മുന്നില്‍ കുളിരായി മാറി...മത്തായി മാപ്ല എന്ന പേര് മാറ്റി മാത്യൂസ്‌ എന്നാക്കി...ഇതിനിടക്ക്‌ നമ്മുടെ കുട്ടി പിശാചുക്കള്‍ അമേരിക്കക്ക്   പറന്നു...പക്ഷെ പോകും മുന്നേ അവര്‍ മാപ്ലക്ക് സമ്മാനമായി നല്‍കി ആ കമ്പോണ്ടറെ ..........

പശുവിനെ മാറ്റി കെട്ടാനോ കാടി വെള്ളം കൊടുക്കണോ മാപ്ലക്ക് സമയമില്ല...മറിയാമ്മ രാപകലില്ലാതെ കഷ്ടപെട്ടു...മാപ്ലയെ അവര്‍ വിളിച്ചതൊന്നും അയാള്‍ കേട്ടില്ല....അപ്പോളെല്ലാം അയാള്‍ തിരക്കിലായിരുന്നു....പുതിയ ഒരു ലോകത്തായിരുന്നു....

ഒടുവില്‍ ആ കുട്ടി പിശാച് വീണ്ടുമെത്തി
" Gran Pa "
അന്നാണ് മത്തായി മാപ്ല വീണ്ടും സംസാരിച്ചത്........
" hai my Baby..."
ഈ തവണ പിശാച് ഞെട്ടി  വാ പൊളിച്ചു...
" Gran Pa...You Lost weight..."
" its ok my baby.. ഞാന്‍ സ്വന്തമായി ഒരു സ്മൈലി ഉണ്ടാക്കി നീ ഒന്ന് കാണ്.."
" Gran pa നമുക്ക് താഴേക്ക്‌ പോകാം..വരൂ..."
വലിച്ചു ഇഴച്ചാണ് അവന്‍ മത്തായി മാപ്ലയെ താഴെ കൊണ്ട് വന്നത്..അവിടെ ഒരുപാട് പേര്‍ അയാളെ കാത്തിരിപ്പുണ്ടായിരുന്നു...മക്കള്‍ മരുമക്കള്‍ അയല്‍ക്കാര്‍...അങ്ങനെ ഒരു കൂട്ടം.
അവര്‍ക്കിടയില്‍ അയാള്‍ മറിയാമ്മയെ തിരഞ്ഞെങ്കിലും കണ്ടില്ല...അയാളുടെ ലോകം അപ്പോള്‍ മറിയാമ്മയെക്കാള്‍  സ്മൈലികള്‍ കയ്യടക്കിയിരുന്നു.മക്കളും മരുമക്കളും അയാളെ ഒരു കൊലപാതകിയെ പോലെ നോക്കി.മത്തായി മാപ്ല അവര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നു. ഒരു അക്ഷരം എതിര്‍ത്ത് പറയാത്ത മക്കള്‍ എല്ലാവരും അയാളെ ഒന്നടങ്കം വഴക്ക് പറഞ്ഞു.

ഒടുവില്‍ എല്ലാവരും കൂടി ഒരു തീരുമാനം അയാളെ അറിയിച്ചു. മക്കളില്‍ ആരുടെയെങ്കിലും കൂടെ അപ്പന്‍ പോയെ പറ്റു. ആര് വേണമെന്ന് അപ്പന് പറയാം.ഈ വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചു.മത്തായി മാപ്ല എന്തോ കണ്ടു പേടിച്ചത് പോലെ മകളെ നോക്കി.
" പറ്റില്ല...അതൊന്നും പറ്റില്ല...എന്‍റെ വീടാ...ഇത് വിട്ടു ഞാന്‍ എവിടേക്കും ഇല്ല.."

" അതെങ്ങനെ അപ്പ...കുറെ കാലം മുന്നേ അപ്പന്‍ ഇത് ഞങ്ങള്‍ക്ക് വീതം വെച്ച് തന്നതല്ലേ....അന്ന് ഈ ജോയമ്മക്ക് ഉള്ളതാ ഈ വീട് എന്ന് പറഞ്ഞതല്ലേ? ഞങ്ങള്‍ പോയാല്‍ പിന്നെ ഇതും അപ്പനെയും ഒക്കെ ആര് നോക്കാനാ? വെറുതെ അപ്പനെ നോക്കാത്ത മക്കള്‍ എന്ന പേരുദോഷം കേള്‍പ്പിക്കല്ലേ...അപ്പാ"

*********************************************************************************

" കാണാന്‍ അമേരിക്കയില്‍ നിന്നും ആരൊക്കെയോ വന്നിരിക്കുന്നുവല്ലോ? മക്കള്‍ ആണോ?" നാരായണന്‍ നായര്‍ ചോദിച്ചു.
" ഉം "
" എന്നിട്ടെന്ത കാണാന്‍ ചെല്ലാത്തെ?"
" ഒന്നുമില്ല...ആരെയും കാണണ്ട എന്ന് തോന്നി "
" ഹേ ഒന്ന് ചെല്ലെടോ...അവര്‍ അമേരിക്കയില്‍ നിന്നും വന്നതല്ലേ തന്നെ കാണാന്‍"

ഒന്നും മിണ്ടാതെ മത്തായി മാപ്ല എണീറ്റ്‌ നടന്നു ....നാരായണന്‍ നായര്‍ പിറകെ ചെന്ന്  തോളില്‍ കൈ  വെച്ചു.
"  കുറെ വര്‍ഷങ്ങള്‍ ആയി ഞാന്‍ ഇവിടെ...ആരും ഒന്ന് വന്നു പോയില്ല..ഇതിപ്പോള്‍ അവര്‍ തന്നെ കാണാന്‍ മാത്രം..."
"ഗ്രാന്‍ പാ...." ജോയമ്മയുടെ മകന്‍ ഓടി വന്നു
അറിയാതെ മത്തായി മാപ്ല അവനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു....അയാളുടെ കണ്ണ് നിറഞ്ഞു.
" അപ്പാ..ഞങ്ങള്‍ അപ്പനെ കൂട്ടി കൊണ്ട് പോകാന വന്നത്....ഇവിടെ ഇങ്ങനെ ആരുമില്ലാതെ അപ്പന്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ എങ്ങനാ...അവിടെ ..അപ്പന്‍ വരണം...."

തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു അവിടെ നിന്ന് നാരായണന്‍ നായര്‍ ചിരിയോടെ "പോടോ"  എന്ന് പറയുന്നത്

*********************************************************************************

മറിയാമ്മ ഇല്ലാത്ത വീട്..മത്തായി മാപ്ലക്ക് ഒരു പുതിയ ലോകത്ത് എത്തിയ പോലെ തോന്നി...ആകെ ഒരു നിശബ്ദത.......

അയാളെ  കൊച്ചുമക്കള്‍ തന്നെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി....
എല്ലാവരും പെട്ടന്ന് തന്നെ പോകാന്‍ തയ്യാറായി...മത്തായി മാപ്ലക്ക് കൂട്ടിനു കാര്യസ്ഥന്‍ ഉണ്ട്...ഭക്ഷണം ഉണ്ടാക്കാന്‍ ഒരു തള്ളയെയും നിര്‍ത്തി.

" എന്നാലും മക്കളേ... ഇന്ന് തന്നെ പോണോ? "
"പോയെ പറ്റു അപ്പ..പിള്ളേരുടെ പഠിത്തം..ജോലി...അങ്ങനെ ....."
മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മാപ്ല മുകളിലേക്ക് കയറി പോയി ...അവിടെ കൊച്ചുമക്കള്‍ പായ്ക്ക് ചെയ്യുകയാണ് .....അവര്‍ക്കിടയില്‍ നിശബ്ദനായി അയാള്‍ ഇരുന്നു


എല്ലാം വണ്ടിയിലേക്ക് എല്ലാവരും കൂടി വെച്ചു..ഓരോരുത്തരായി വന്നു യാത്ര പറഞ്ഞു.....ഏറ്റവും അവസാനം നമ്മുടെ കുട്ടി പിശാചു വന്നു

"സീ യു ഗ്രാന്‍ പാ..."


മത്തായി മാപ്ല തോര്‍ത്ത്‌ കൊണ്ട് കണ്ണ് തുടച്ചു.  മെല്ലെ അവനെ കെട്ടി പിടിച്ചു..എന്നിട്ട് ചെവിയില്‍ പറഞ്ഞു

"ഫേസ് ബുക്കില്‍ പുതിയ ആയിടിയില്‍ നിന്നും റിക്വസ്റ്റ് ഇട്ടിട്ടുണ്ട് ...ഒന്ന് അക്സപ്റ്റ് ചെയ്യണം കേട്ടോ ....."വണ്ടി മെല്ലെ നീങ്ങുമ്പോള്‍ മുകളില്‍ മാപ്ലയുടെ മുറിയില്‍ ഒരു സ്മയിലി ആരെയോ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നുThursday, May 31, 2012

പതിവൃത

വിലപേശി കച്ചവടം ഉറപ്പിക്കുന്ന അറവുമാടുകളെ പോലെ വില ഉറപ്പിക്കുന്ന ചായം തേച്ച പെണ്ണുങ്ങള്‍... നിതംബവും മാറുമെല്ലാം ആകര്‍ഷണീയം ആകും   വിധം നൃത്തം വെച്ച് ഇളക്കി ആടുമ്പോള്‍ ഓരോരുത്തരും വരുന്നവരുടെ കീശയുടെ കനം കൃത്യമായി അറിഞ്ഞിരുന്നു.ഒടുവില്‍ ഒരുവള്‍ എന്‍റെയും ദീപക്കിന്റെയും അരികില്‍ എത്തി. ഒരു  മാന്യനായി മാത്രം ജീവിക്കുന്ന ദീപക്കിനത് പുതിയ ഒരു അറിവ് ആയിരുന്നു. യാതൊരു സങ്കോചവും കൂടാതെ ഞാന്‍ അവളുടെ കൂടെ നൃത്തം ചെയ്തു.ഇടക്കെപ്പോള്‍ ഒക്കെയോ അറിഞ്ഞും അറിയാതെയും അവളുടെ സാരിത്തലപ്പു ഊര്‍ന്നു വീഴുകയും അവള്‍ അതെടുത്തു അണിയുകയും ചെയ്തു.ഒടുവില്‍ പാട്ടിന്‍റെ താളത്തിനൊപ്പം ഞാനും അവളും കൂടി മുറിക്കുള്ളില്‍ കയറി സ്വൈര്യവിഹാരം നടത്തുവാനിടം തേടി ...അപ്പോള്‍ മനസ്സില്‍ ദീപക് ഇല്ലായിരുന്നു

ചായം തേച്ച തരുണീമണികള്‍ കൃത്യ സമയം കഴിഞ്ഞാല്‍ പിന്നെ ഒരാളെയും അനുവദിക്കാറില്ല. ചില സര്‍ക്കാരോഫീസിലെ കൈക്കൂലി സാറുമാരെ പോലെ.ആവശ്യം തീര്‍ത്തു കാശു കിട്ടിയാല്‍ പിന്നെ നോ രക്ഷ .വേഗം സ്ഥലം കാലിയാക്കണം. ഒരു കോട്ടു വായും വിട്ടു മൂരി നിവര്‍ത്തി ഞാന്‍ പുറത്തേക്കു വന്നു. ദീപക്കിനെ അന്വേഷിച്ചു..ഒന്നും പറയാനുള്ള മനസ് ആര്‍ക്കും ഇല്ലായിരുന്നു. പിന്നെ തിരക്കില്‍ അടുത്ത സഭയ്ക്കുള്ള തയ്യാറെടുപ്പും. ചായം പൂശി അവര്‍ തയ്യാറാവുന്നു...അടുത്ത ഇരയെ തേടി....സ്വാതന്ത്ര്യത്തോടെ അവനെ ഒന്ന് അന്വേഷിക്കാനും പറ്റുന്നില്ല...ഇന്നലെ കൂടെ ഉറങ്ങിയവള്‍ കീശയുടെ കനം നന്നേ കുറച്ചിരിക്കുന്നു.ഒടുവില്‍ ദീപക്കിനെ ഉപേക്ഷിച്ചു ഞാന്‍ മുറിയിലേക്ക് യാത്രയായി..ഒരു വാരാന്ത്യം ആഖോഷിച്ച സംതൃപ്തിയോടെ...

മുറിയില്‍ എത്തിയപ്പോള്‍ തന്നെ മനസ്സിലായി ദീപക് വന്നിരിക്കുന്നു..അവന്റെ ചെരുപ്പ് വാതില്‍ക്കല്‍ ഉണ്ട്. മുറിയിലേക്ക് കയറിയപ്പോള്‍ വില്‍സ് നെവിക്കട്ടിന്റെ  രൂക്ഷ ഗന്ധം...മേശമേല്‍ റോയല്‍ സ്ടാഗ്..കുപ്പിയില്‍ പാതിയായ വെള്ളവും..കാര്യം ഊഹിച്ചു ഞാന്‍............  മാന്യനു രാത്രിയില്‍ ഒന്നും കാര്യമായി ചെയ്യാന്‍ കഴിയാത്ത നിരാശ ...അത് ഈ കുപ്പിയിലും പുകയിലും മറക്കാന്‍ ശ്രമിക്കുന്നു അവന്‍..
" ദീപക്കേ...അളിയാ...എന്ത് പറ്റി? നീ എപ്പോള വന്നത്? "
ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി. ഗ്ലാസില്‍ ബാക്കി വന്ന റോയല്‍ സ്ടാഗ് അവന്‍ വിഴുങ്ങി.
" നീ അവിടെ ഇടയ്ക്കിടെ പോകാറുണ്ടോ? " അവന്‍ ചോദിച്ചു.
" ഇടയ്ക്ക്..അത് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ? പിന്നെ എന്താ ഇങ്ങനെ ഒരു ചോദ്യം? "
" അത് ...പിന്നെ...ഡാ ...ഞാന്‍ ........"
" എന്താടാ പറയു.."
" അവളാ .........അവളാണ് എന്റെ മുറിയില്‍ വന്നത്...മായ..."
" മായയോ? ഏതു മായ? "
"എടാ ..നീ മറന്നോ? നമ്മുടെ കൂടെ പഠിച്ച ...എന്‍റെ...."
"ങ്ഹാ.... അവളെങ്ങനെ?...ഛെ നിനക്ക് തോന്നിയതാവും..."
" അല്ല...ഇത് അവള്‍ തന്നെയാ...എന്നെ കണ്ടിട്ടും അവള്‍ക്കു യാതൊരു ഭാവ ഭേദവുമില്ല....അവള്....എന്നാലും...അളിയാ...അവള്‍...."
ബാക്കിയിരുന്ന റോയല്‍ സ്ടാഗ് അവന്‍ കണ്ണും അടച്ചു ഒറ്റ വലിക്കു കുടിച്ചു.എന്നിട്ട് വില്‍സ് ആഞ്ഞു വലിച്ചു.

നിശബ്ദനായി ഇരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.പ്രണയമൊരു മൂഢത  എന്ന് വിശ്വസിക്കുന്ന എനിക്കതെ സാധിക്കുകയുള്ളൂ.മനസ്സിന്റെ പ്രണയത്തേക്കാള്‍ ശരീരം പങ്കു വെക്കല്‍ ആണ് കാര്യം എന്ന സിദ്ധാന്തം ആണ് എനിക്ക്. മനസ്സിലെ പ്രണയം കുറച്ചു കാലം കഴിഞ്ഞാല്‍ മാറ്റ്   കുറഞ്ഞു മങ്ങി പോകും.എന്നാല്‍ അല്പം കരലാളനം ഏറ്റ പെണ്ണ് തനിയെ വാലും ചുരുട്ടി പിറകെ വരും. അല്ലാതെ ഇവനെ പോലെ നശിക്കണോ? എന്നെ അതിനു കിട്ടില്ല...

" നല്ല ക്ഷീണം..അളിയാ..ഞാന്‍ ഒന്ന് കിടക്കട്ടെ..."
പറഞ്ഞു മുഴുമിപ്പിക്കും മുന്നേ കേട്ടു അവിടെ വാള് വെക്കുന്ന ശബ്ദം.ബോധം വീഴുമ്പോള്‍ വേണേല്‍ തനിയെ തുടയ്ക്കും...ഞാന്‍ കട്ടിലിലേക്ക് മലര്‍ന്നു കിടന്നു...കണ്ണിനു ഭാരം ഏറി വന്നു.....
*********************************************************************************
" ഒരു പുരുഷന് വെച്ച് വിളമ്പി കൊടുത്തും കിടപ്പറ പങ്കിട്ടും അവന്റെ ആസക്തി തീര്‍ക്കുന്ന ഒരു കേവലം പെണ്ണ്  ആവാന്‍ ജനിച്ചവള്‍ അല്ല ഈ മായ"
ആണ്‍ സമൂഹം മൊത്തം ഞെട്ടുന്ന രീതിയില്‍ ആണ് അവള്‍ അത് പറഞ്ഞത്. ദീപക് എന്ന സുന്ദര  ചെറുപ്പക്കാരന്റെ പ്രണയ അഭ്യര്‍ത്ഥനക്കുള്ള മറുപടി. ദീപക് സംസാരിച്ചില്ല...അഥവാ സംസാരിക്കാന്‍ മറന്നു പോയി..ഒരുപാട് സമയം...

ശാസ്ത്രവും രസതന്ത്രവും മൈക്രോബ്സുമെല്ലാം കീഴടക്കിയ ദീപക്കിന്റെ ബ്രെയിനില്‍ ആദ്യമായി ഉദിച്ച അനുരാഗം..മായ ....
അധികം ആരോടും സംസാരിച്ചു കണ്ടിട്ടില്ല....സൌഹൃദങ്ങളും കുറവ്.അത് കൊണ്ട് തന്നെ അവളിലേക്കുള്ള ദൂരവും കൂടുതല്‍ ആയിരുന്നു.
ഒരുപാട് സുന്ദരി ആയിരുന്നില്ല അവള്‍... പക്ഷെ വസ്ത്ര ധാരണത്തില്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു എന്ന് തോന്നി. തികച്ചും കാഷ്വല്‍ ആയ വസ്ത്രങ്ങളില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു.

വര്‍ഗീസ്  സര്‍ പ്രത്യേക താല്‍പര്യമെടുത്തു  സംഖടിപ്പിച്ച ഒരു ക്ലാസ്സ്‌ ..PERSONALITY DEVELOPEMENT ...ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് പ്രയോജനകരം എന്നും  ഒരു കുട്ടി പോലും അത് പാഴാക്കരുതെന്നും പ്രയോജനകരമാക്കാന്‍ ശ്രദ്ധിക്കണമെന്നുംഎല്ലാ അധ്യാപകരും ഒരുമിച്ചു പറഞ്ഞു.

 കുട്ടികള്‍ എല്ലാവരും തന്നെ സ്വഭാവ രൂപീകരണത്തിന്റെ ആദ്യപടി ശ്രദ്ധിച്ചു ഇരുന്നു ..ഈ ഞാനും ഉണ്ടായിരുന്നു മുന്നില്‍ തന്നെ....ഇനി നന്നായില്ലെന്ന് വേണ്ട  ......
ക്ലാസ് തുടങ്ങി അഞ്ചു മിനിട്ട് കഴിഞ്ഞു. മായ എഴുന്നേറ്റു പോകാന്‍ തുടങ്ങി. വര്‍ഗീസ് സര്‍ ചോദിച്ചു
" മായ താന്‍ എവിടെ പോകുന്നു? "
" Sorry sir I am not interested."
" But Why? You will get some..."
" ഞാന്‍ പറഞ്ഞല്ലോ സര്‍ എനിക്ക് താല്പര്യമില്ല. ഇങ്ങനെ ഒരു ക്ലാസ്സിലൂടെ എന്നെ നന്നാക്കാം എന്നൊരു വ്യാമോഹവും എനിക്കില്ല "
വര്‍ഗീസ് സാറും മറ്റു കുട്ടികളും നോക്കി നില്‍ക്കെ അവള്‍ ഇറങ്ങി പോയി. അന്ന്  അവളോട്‌ ദീപക്കിന് തോന്നിയത് ആരാധന കലര്‍ന്ന  ഒരു ബഹുമാനം ആയിരുന്നു. ആരോടെങ്കിലും അത് പറഞ്ഞു വെറുമൊരു ക്യാമ്പസ് പ്രണയമാക്കി മാറ്റാന്‍ അവന്‍ ആഗ്രഹിച്ചില്ല.

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറി .ക്യാമ്പസിന്റെ തിക്കും തിരക്കും പലര്‍ക്കും പലതും നഷ്ടപെടുത്തുകയും നേടിക്കൊടുക്കുകയും ചെയ്തു.ഇതില്‍ ഒന്നും പെടാതെ ദീപക്കിന്റെ മൌനമായ  അനുരാഗം ഉള്ളില്‍ തളിര്‍ത്തു. ഒടുവില്‍ അവന്‍ അത് അവളോട്‌ പറയാന്‍ തീരുമാനിച്ചു.  അധികമാരും ഇല്ലാത്ത കാന്റീനില്‍ വെച്ചാണ് അവന്‍ അവന്റെ മനസ്സ് തുറന്നത്. അവളിങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല

പിന്നീട് മായയെ ദീപക് കണ്ടിട്ടില്ല. അവള്‍ കോളേജില്‍ നിന്നും പോയി.എന്തിനെന്നോ എവിടേക്ക് എന്നോ ആര്‍ക്കും അറിയില്ല.

ഇത് ദീപക് പറഞ്ഞു ഞാന്‍ അറിഞ്ഞ  കഥ

*********************************************************************************

ഉണര്‍ന്നു എഴുന്നേറ്റപ്പോള്‍ ഞാന്‍ മുറിയില്‍ ആകെ കണ്ണോടിച്ചു. ദീപക് എവിടെ എന്നറിയുവാന്‍  ...പക്ഷെ അവനെ കണ്ടില്ല. കുപ്പികളും സിഗരറ്റും ശര്ദിലും എല്ലാം മാറ്റി മുറി വൃത്തിയാക്കിയിരിക്കുന്നു. ചെരുപ്പ് കാണാത്തതിനാല്‍ അവന്‍ പുറത്തു പോയി എന്ന് ഞാന്‍ ഊഹിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നില്‍ക്കാതെ ഞാനും എന്‍റെ തിരക്കുകളിലേക്ക് ഊളിയിട്ടു.

കുറെ ഫോണില്‍ വിളിച്ചു എങ്കിലും അവന്‍റെ വിവരം ഒന്നും ലഭിച്ചില്ല ....നഗരം ഒരിക്കലും  തിരക്കുകളില്‍ നിന്ന് മുക്തി നേടുന്നില്ല  ..ആരും ആര്‍ക്കു വേണ്ടിയും കാത്തു നില്കുന്നില്ല

ദിവസങ്ങള്‍ ആഴ്ചകള്‍ ആയും മാസങ്ങളായും പരിണമിക്കുമ്പോള്‍ പഴയ കൂട്ടുകാരനെ ഏതാണ്ട് മറന്നു തുടങ്ങിയിരുന്നു ഞാന്‍.

ചെറിയ മഴയുടെ അകമ്പടിയില്‍ സ്ഥിരമെന്നപോലെ പോയ കരണ്ടിനെക്കുറിച്ചു ഓര്‍ത്തു ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍. വല്ലപ്പോഴും മാത്രം ശീലമുള്ള സിഗരറ്റ് കത്തിച്ചു.ഇരുട്ടിന്റെ മാസ്മരികതെയെക്കുറിച്ചു വെറുതെ ഓര്‍ത്തു.

ഇരുട്ടില്‍ ഒരു അനക്കം പോലെ. ആരോ നടന്നു വരുന്നു.മുനിഞ്ഞു കത്തുന്ന മെഴുകുതിരിക്കു അപ്പുറം എമര്‍ജെന്‍സി ലാമ്പ് ഞാന്‍ ഓണ്‍ ചെയ്തു.
" ദീപക്......നീ?...ഇവള്‍ ...

മായ....അവളും ഉണ്ട് ദീപകിന്റെ കൂടെ. അവന്‍ പറഞ്ഞപ്പോള്‍ ഒന്നും തന്നെ മനസ്സില്‍ തോന്നിയിരുന്നില്ല ഈ വ്യത്യാസം.
" ദീപക്..നീയിതു എന്ത് ഭാവിച്ച? ഒരു പ്രേമം..മണ്ണാങ്കട്ട...ഇവള്‍ നീ വിചാരിക്കുന്ന മായ അല്ല ഇപ്പോള്‍. അത് മനസ്സിലാക്കണം നീ."
അവനെ വലിച്ചു ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഞാന്‍ അത്രയും പറഞ്ഞത്.

" പോലിസ്  സ്റ്റേഷനില്‍ ഒരു അനാഥയെപോലെ......കളയാന്‍ മനസ്സ് വന്നില്ലട......"
" ഡാ...നീ...ദേ..ഞാനൊരു കാര്യം പറയാം...ഇത് ഇവിടെ പറ്റില്ല..."
" എനിക്കറിയാം..ഞങ്ങള്‍ രാവിലെ പൊയ്ക്കൊള്ളാം....ഇന്നൊരു രാത്രി...പ്ലീസ് "
എനിക്ക് മറുപടി ഒന്നും ഉണ്ടായില്ല.
" എനിക്കൊന്നു കുളിക്കണം"
കാലങ്ങളുടെ ദൂരത്തിലേക്ക് എന്നെ എത്തിച്ച മായയുടെ ശബ്ദം.
" വരൂ.." ഞാന്‍ പറഞ്ഞു.യാന്ത്രികമായി.
" നീ ഇത്രയും നാള്‍ എവിടെ ആയിരുന്നു ദീപക്?"
" ഒരു യാത്ര. ...എന്‍റെ മായയെ തേടി...ഒടുവില്‍...കല്‍ക്കട്ടയിലെ ഒരു പോലിസ് സ്റ്റേഷനില്‍ ...."
" എന്നിട്ട്...അവള്‍ നിന്റെ കൂടെ?......."
" അറിയില്ല...ഒന്നും ചോദിച്ചില്ല....എനിക്ക് മനസ്സ് വന്നില്ല..." 
അവനോടു എന്ത് പറയണമെന്ന് എനിക്കും അറിയില്ലായിരുന്നു. 
രണ്ടു ഗ്ലാസ്സുകളില്‍ വിസ്കിയും ഒഴിച്ച് ഞാന്‍ ചെല്ലുമ്പോള്‍ ദീപക് ഒരു സിഗരറ്റിനു തീ കൊടുത്തു കഴിഞ്ഞിരുന്നു.എന്‍റെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി അവന്‍ ചുണ്ടോടു ചേര്‍ത്തു.
 മെല്ലെ പറഞ്ഞു തുടങ്ങി ....ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യങ്ങള്‍കുള്ള മറുപടി 

*********************************************************************************

വേഗം നടക്കുകയായിരുന്നു ദീപക്..ലക്‌ഷ്യം മായ മാത്രം..
മനസ്സിലും അവള്‍ കണ്ണിലും അവള്‍........ .... മാത്രം....മായ...
എങ്ങനെയെങ്കിലും കയറിക്കൂടാന്‍ പറ്റിയ സ്ഥലത്തല്ല മായ..അത് അവനു നല്ലത് പോലെ അറിയാം...ഇന്നലെ വന്നവന്‍ ഇന്ന് ചെന്നാല്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ല...എന്തും വരട്ടെ എന്ന് കരുതി ദീപക് പോയി. അവിടെ സഭ കണ്ടില്ല...പാട്ടും ആട്ടവും ഒന്നുമില്ല...അവിടേക്ക് കയറിയപ്പോളെ ഒരു സ്ത്രീ വന്നു ചോദിച്ചു.."എന്താ?"
" എനിക്ക് ......ഒരാളെ വേണം..." 
" ഇന്ന് ഇല്ല...പിന്നെ വാ..."
" അത്...അത് പിന്നെ....എനിക്ക്...."
" ഇല്ലാന്ന് പറഞ്ഞില്ലേ? പോ...ശെടാ..ഇവന്റെയൊക്കെ @#$%^&"
ഒരു വലിയ തെറി വിളിച്ചു അവര്‍്‍ പോയി 
ദീപക് എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി..തിരിച്ചു പോകാന്‍ മനസ്സ് വന്നില്ല. വീണ്ടും അവിടെ തന്നെ കറങ്ങി തിരിഞ്ഞു നിന്നു...ആ സ്ത്രീ വീണ്ടും വന്നു..." താന്‍ പോയില്ലേ? " 
" അത് ....എത്ര വേണേലും തരാം....ഇന്ന്..വേണം...." 
" ഉം...."
അവര്‍ സാരി തുമ്പു പാതി കാണുന്ന വയറിലേക്ക്  മടക്കി കുത്തി അകത്തേക്ക് കയറി പോയി..പ്രതീക്ഷയോടെ ദീപക് നിന്നു.
" വാ..."
അനുസരണയോട് ദീപക് പിന്നാലെ ചെന്നു...തലേദിവസം പോയ മുറി ആയിരുന്നില്ല ഇത് ....ഇരുട്ട് നിറഞ്ഞ ഇടനാഴിയുടെ അവസാനമുള്ള ഒരു മുറി...അവിടെ എത്തിയപ്പോള്‍ ഞാന്‍ അവന്‍ അവരോടു പറഞ്ഞു.
" ഇന്നലെ വന്ന കുട്ടി ഉണ്ടാകുമോ? ഇന്നലെ ഞാന്‍ അല്പം കുടിച്ചിരുന്നു...അവളെ ....അവളെ ..എനിക്ക് ഇഷ്ടമായി അതാ ഇന്നും വന്നത്..."
" അയ്യോ സാറെ ...അതൊന്നും നടക്കില്ല ...വേണേല്‍ ഇപ്പോള്‍ ഉള്ളതൊന്നു തരാം "
അവരെ പിണക്കുന്നത് ശരി അല്ലാന്നു ദീപക്കിന് തോന്നി ..
" അതല്ല...അവളുടെ മുന്നില്‍ ഞാന്‍ തോറ്റു പോയത് പോലെ തോന്നി...ഞാന്‍ ഒരു ആണല്ലേ? .....എനിക്ക് അവളെ തന്നെ വേണം...കാശ് ഒരു പ്രശ്നമല്ല നിങ്ങള്‍ക്കും പ്രയോജനം ഉണ്ടാകും ...വേണ്ട പോലെ കാണാം "
അഞ്ഞൂറിന്റെ ഒരു നോട്ടു അവരുടെ കയ്യില്‍ എല്പ്പിച്ചാണ് ദീപക് അത് പറഞ്ഞത്
കാശ് വാങ്ങി അവര്‍ ബ്ലൌസിന്റെ ഉള്ളില്‍ തിരുകി
*********************************************************************************
"പിന്നീട് അവളെ കണ്ടത് അവിടെയാണ്" ദീപക് തുടര്‍ന്നു 

നിറം മങ്ങിയ സാരിയുടുത്ത് പോലീസ് സ്റ്റേഷന്റെ തറയില്‍ ഇരിക്കുമ്പോഴും മായയുടെ മുഖത്ത് ഭാവഭേദം ഉണ്ടായിരുന്നില്ല.ആരെയും കൂസാത്ത ഭാവം. കണ്ണുകളില്‍ ലോകത്തോട്‌ മുഴുവനുമുള്ള ദേഷ്യഭാവം.വയറിന്റെ മുക്കാല്‍ ഭാഗവും മാറിന്റെ പകുതിയും കാണും വിധം അവള്‍ .......

തിരികെ മുറിയില്‍ എത്തുമ്പോള്‍ എന്‍റെ കട്ടിലില്‍ അലസമായി കിടന്നുറങ്ങുന്നു മായ..
" ഒരുപാട് വര്‍ഷങ്ങളുടെ ക്ഷീണം ആവാം ...പാവം...ഉറങ്ങട്ടെ..." ദീപക് പറഞ്ഞു. 
*********************************************************************************
ഉണര്‍ന്നപ്പോള്‍ തന്നെ  നോക്കിയത് ദീപകിനെയാണ്. അവന്‍ ഇല്ല മുറിയില്‍.
" ഡാ..." ഒരു വിളി കേട്ടു. ദീപക്കാണ്. കയ്യില്‍ കുറെ കവറുകള്‍ 
" മായയ്ക്ക് വേണ്ടി വാങ്ങിയതാണ്...കുറച്ചു ഡ്രസ്സുകള്‍...." 
" മായാ...മായാ...." അവന്‍ വിളിച്ചു. 
മറുപടി ഉണ്ടായില്ല. അടുക്കളയില്‍ എന്തോ ശബ്ദം കേട്ടു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അവള്‍ ചായ കുടിക്കുന്നു.ആ പഴയ ഭാവം തന്നെ കണ്ണുകളില്‍.ദീപക് കൊടുത്ത കവറുകള്‍ അവള്‍ മടി കൂടാതെ വാങ്ങി.
" നന്ദി " അവള്‍ പറഞ്ഞു. 
" നമുക്ക് പോകണ്ടേ?" ദീപക് ചോദിച്ചു. 
" എവിടേക്ക്?" 
" എന്‍റെ വീട്ടിലേക്ക്"
ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി. 
" വീട്ടില്‍ അമ്മ മാത്രം...അമ്മയോട് ഞാന്‍ പറഞ്ഞു എന്‍റെ മായയെ എനിക്ക്  തിരികെ കിട്ടി എന്ന് ..."
" ഉം..." അവള്‍ മൂളി
" നിന്‍റെ പഴയ മായ അല്ല ഞാന്‍...ഇന്നൊരു അഭിസാരിക ആണ്...ഒരു വേശ്യാലയത്തില്‍ വര്‍ഷങ്ങള്‍ ജീവിച്ചവള്‍....പലരുമായി രമിച്ചവള്‍ ...മാനം വിറ്റു ജീവിതം വാങ്ങിയവള്‍ ...നീ വിചാരിക്കുന്ന പോലെ എളുപ്പം ആകില്ല എന്നോടൊപ്പം ഉള്ള ജീവിതം "

" ഇത്രയും ദൂരം നിന്നെ തേടി എത്തിയപ്പോള്‍ നീ എന്നെ അറിയുമെന്ന് ഞാന്‍ കരുതുന്നു മായ." ദീപക് അത്ര മാത്രമേ മറുപടി പറഞ്ഞുള്ളൂ 

*********************************************************************************

ഇറങ്ങുമ്പോള്‍ നീല ജീന്‍സും ഇറക്കമുള്ള ഒരു ടോപ്പുമായിരുന്നു  അവളുടെ വേഷം.ചുണ്ടില്‍ കൃത്രിമ ചായം ഇല്ലാതെ തന്നെ അവള്‍ വളരെ സുന്ദരി ആയിരുന്നു. എനിക്കെന്തോ മനസ്സില്‍ വളരെ സന്തോഷം തോന്നി. ബസ് സ്റ്റോപ്പ് വരെ ഞാന്‍ അവരെ അനുഗമിച്ചു.അവളുടെ കണ്ണ് നിറഞ്ഞുവോ? ഹേ എനിക്ക് തോന്നിയതാവും...മായ കരയുകയില്ല.. 

*********************************************************************************

ഒരിക്കലും ഇല്ലാത്തൊരു മൂകത എനിക്ക് തോന്നി. ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു. പുറത്തെന്തോ തടഞ്ഞു.ഒരു ഡയറി. മായ മറന്നു വെച്ചതാവും. വെറുതെ താളുകള്‍ മറിച്ചു നോക്കി. 
ആദ്യ പേജില്‍ ' ഒരു നാള്‍ നിനക്കേകാനായ് ' ...ഓ അപ്പോള്‍ ദീപക്കിനെ അവള്‍ക്കും ഇഷ്ടമായിരുന്നു..ഞാന്‍ ഓര്‍ത്തു. 
പിന്നീടുള്ള പേജുകളില്‍ ഒന്നും എഴുതിയിരുന്നില്ല. അവസാന താളുകള്‍ക്കിടയില്‍ നിന്നൊരു മയില്‍‌പീലി എന്‍റെ നെഞ്ചിലേക്ക് വീണു.അവിടെ കുറെ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഞാന്‍ വായിച്ചു തുടങ്ങി ...
" നിനക്കായി...ആള്‍ക്കൂട്ടത്തില്‍ ഒന്നും തന്നെ സ്ത്രീകളെ പ്രണയിക്കാത്ത നീ ആദ്യമാദ്യം എനിക്ക് അത്ഭുതമായിരുന്നു. പിന്നെടെപ്പോഴോ അത് നിന്നോടുള്ള പ്രണയമായ് വഴി മാറിയപ്പോള്‍ ദീപക് വഴി ഞാന്‍ അറിഞ്ഞു നിന്നെ കാത്തിരിക്കുന്നൊരു പെണ്‍കുട്ടി ഉണ്ടെന്ന്‌. എങ്കിലും നീയറിയാതെ നിന്നെ സ്നേഹിച്ചു ഞാന്‍. കമിതാക്കളുടെ ദിനത്തില്‍ ആരുടെയോ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി നീ ദൂരെ എറിഞ്ഞതാണ് ഈ മയില്‍ പീലി.ഇന്നുവരെ നിന്‍റെ സ്നേഹത്തിനായി ഞാന്‍ ഇത് സൂക്ഷിച്ചു.  പക്ഷെ ഇപ്പോള്‍.....
ഞാന്‍ എങ്ങനെ മാനം പണയപ്പെടുത്തി ജീവിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം. ഒരു സ്ത്രീ അങ്ങനെ ആയിതീര്‍ന്നെങ്കില്‍ തീര്‍ച്ചയായും അതിനു പിന്നില്‍ ഒരു പുരുഷന്‍ ഉണ്ടാവും. 
എന്‍റെ ജീവിതത്തില്‍ അത് അമ്മയുടെ രണ്ടാം ഭര്‍ത്താവ് ആയിരുന്നു എന്ന് മാത്രം. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല .. ആരോടും പരാതിയുമില്ല....വീണ്ടും നിന്നെ  കണ്ടു മുട്ടിയപ്പോള്‍ ഞാന്‍ അറിയുന്നു ദീപക്കിലെ കാമുകനാണ് നിന്നെ എന്നില്‍ നിന്ന് അകറ്റിയത് എന്ന് .ഇവിടെയും എനിക്ക് പരിഭവം ഇല്ല.ഒരു പക്ഷെ അന്നും ഇന്നും നീ എന്നെ അറിയാതെ പോയി എന്ന് ഞാന്‍ ആശ്വസിച്ചു കൊള്ളാം.വീണ്ടും ഒരു രാവിരുളുമ്പോള്‍ ദീപക്കിനോപ്പം....എങ്കിലും നീ അറിയുക എന്നും ഈ ഞാന്‍ പതിവൃത ആയിരുന്നു.....ഈ ലോകം ആണെന്നെ അഭിസാരിക ആക്കിയത് .......വെറുക്കരുത്...ഞാന്‍ ഉള്‍പ്പെടുന്നവരെ....
                                           
                                    സ്നേഹത്തോടെ മായ...

ഡയറി അടച്ചു വെയ്ക്കുമ്പോള്‍ ഇരു വശത്തുമായി രണ്ടു കണ്ണീര്‍ ചാലുകള്‍ വീണു ഉടയുന്നത് ഞാന്‍ അറിഞ്ഞു.....മനസ്സില്‍ ഒന്ന് മാത്രം 

ഈ ഞാന്‍ പതിവൃത ആയിരുന്നുSaturday, March 17, 2012

ആസക്തി

" ഉത്തമഗീതങ്ങള്‍ വായിക്കരുത്. അത് ചീത്തയാ"
ചേച്ചി എന്നോട് പറഞ്ഞു. അതില്‍ എന്താണ് ചീത്ത എന്ന് അറിയാന്‍ എന്‍റെ മനസ്സ് കൊതിച്ചു. ആരുമറിയാതെ എന്‍റെ മുറിയില്‍ കയറി  ഞാന്‍ അത് വായിച്ചു. അന്നെനിക്ക് വയസ്സ് പതിമൂന്ന്.ആ വയസ്സില്‍ അതിലെ ചീത്ത എനിക്ക് മനസ്സിലായില്ല. വീണ്ടും ഒരിക്കല്‍ കൂടി ഒരു ഉദ്യമത്തിന് മനസ്സ് അനുവദിച്ചുമില്ല.ഇരുപതു കഴിഞ്ഞപ്പോള്‍ ധൈര്യമായി ചേച്ചിയോട് ചോദിച്ചു.
" എന്താണ്  ഉത്തമ ഗീതത്തില്‍ ചീത്ത?"
" ഒരു പുരുഷന് സ്ത്രീയോടുള്ള ആസക്തി കാമം എന്നിവയാണ് ഉത്തമ ഗീതത്തില്‍" "
" കാമം മനസ്സിലായി...എന്താണ് ഈ ആസക്തി?"
" ഈ പെണ്ണിന് എന്തൊക്കെ അറിയണം? നീ പോയി അമ്മയോട് ചോദിക്ക്. തല്ലു വാങ്ങരുത് കേട്ടോ?"
" അപ്പോള്‍ ഈ ആസക്തിയില്‍ എന്തോ ഉണ്ട്"
എന്നിലെ ജേര്‍ണലിസ്റ്റു തല പൊക്കി..പതിയെ അടുക്കളയിലേക്കു ഒന്ന് ചെന്നു....അമ്മ സാമ്പാറില്‍ കായം ചേര്‍ക്കുന്നു...
" അമ്മെ..ഇതെന്ന സാമ്പാര്‍ ആണോ?"
" അയ്യോ ഇതാര്‌ എന്‍റെ മോളോ? എന്തെ ഈ വഴിയൊക്കെ? ഇത് അടുക്കളയാ...വഴി തെറ്റിയതാണോ ആവോ?"
അധികം ഒന്നും ചോദിക്കാന്‍ പിന്നെ മനസ്സ് അനുവദിച്ചില്ല...അല്ല  അമ്മയേം പറഞ്ഞിട്ട് കാര്യമില്ല...ആദ്യമായി ആണ് അടുക്കള എന്ന മഹാരാജ്യത്ത് ഞാന്‍ ഒന്ന് കയറുന്നത്.
എന്‍റെ മനസ്സില്‍ ആസക്തി വളര്‍ന്നു വളര്‍ന്നു....മുത്ത്‌ ഗവു കണ്ടു പിടിക്കാന്‍ പോയ മോഹന്‍ ലാലിന്‍റെ അവസ്ഥയായി.

പ്രായം കടന്നു പോകവേ മനസ്സില്‍ ആ ചോദ്യം വല്ലാതെ ഒരു ആകാംക്ഷയായി നില കൊണ്ടിരുന്നു. പലരോടും ചോദിച്ചു...നാണം കെട്ട കഥകളും ഉണ്ട്.... കാലം ഒരുപാട് കഴിഞ്ഞു. ഇന്നലെ ഞാന്‍ എന്‍റെ സഹമുറിയത്തി ജൂലിയോടു ചോദിച്ചു.
" എന്താണ്  ജൂലി ....ആസക്തി? "
" ഇതെന്താ ഇപ്പോള്‍ ഇങ്ങനൊരു ചോദ്യം?"
" നീ മറുപടി പറ.....ഉത്തമ ഗീതങ്ങളില്‍ ആസക്തി ഉണ്ടോ?"
" കര്‍ത്താവ്‌ തമ്പുരാനെ എല്ലാം കഴിഞ്ഞു ഇനി ബൈബിളില്‍ ആണോ ഈ തലതെറിച്ചവള്‍ പിടിച്ചേക്കുന്നെ...."
" എടി നീ പറ ജൂലി...എനിക്ക് അറിയണം..."
" എന്ത് അറിയണം...ഉത്തമഗീതം എന്നത് കേവലം ഒരു പുരുഷന്‍ സ്ത്രീയെ വര്‍ണ്ണിക്കുന്നത് അല്ല...ഈശോയും സഭയും എന്ന രീതിയില്‍ ആലോചിച്ചാല്‍ നിനക്കതില്‍ ചീത്ത ഒന്നും തോന്നില്ല..."
" അപ്പോള്‍ ഉത്തമ ഗീതത്തില്‍ ആസക്തി ഇല്ല? "
" ഇതെവിടുന്ന ഇപ്പോള്‍ ഈ വാക്ക്? എനിക്കറിഞ്ഞൂടാ നീ പോ ദീപ  "

മറുപടി പറയാതെ ഞാന്‍ എഴുന്നേറ്റു പോയി.


തിരക്കുകള്‍ അധികമില്ലാത്ത ജോലിക്കിടയില്‍ അടുത്ത ഇരയെ വീണു കിട്ടി." ടീന..നിന്നോട് ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? ...ആസക്തി എന്നാല്‍ എന്താ? "
" ഹ ഹ ഹ ...അടുത്ത കഥയ്ക്കുള്ള തുമ്പ് ആയിരിക്കും...നിങ്ങളോട് മിണ്ടാന്‍ എനിക്ക് പേടിയാ...അപ്പോള്‍ കഥ എഴുതും."
" പറ ടീന ..ഇത് കളി അല്ല...കാര്യമായിട്ട.."
" ഉം....ആസക്തി എന്നാല്‍ ഇപ്പോള്‍ എന്താ പറയുക.....ചില ഭക്ഷണത്തോട് ചിലപ്പോള്‍ നമുക്ക് ഒരുപാട് ഇഷ്ടം തോന്നില്ലേ? അതാ.."
ശെടാ ഇപ്പോള്‍  ഉത്തമ ഗീതത്തിലെ ആസക്തിയും ടീനയുടെ ആസക്തിയും കൂടി കുഴഞ്ഞല്ലോ..ചിലപ്പോള്‍ ഇവള്‍ ഉത്തമ ഗീതം വായിച്ചിട്ടുണ്ടാവില്ല...
" ടീന...നീ ഉത്തമ ഗീതം വായിച്ചിട്ടുണ്ടോ?"
" ഉവ്വ്"
" അതില്‍ ആസക്തി ഉണ്ടോ?"
" ഒന്ന് പോ ചേച്ചീ....വെറുതെ ദൈവ കോപം വാങ്ങി വെക്കല്ലേ....ആരേലും ഇങ്ങനൊക്കെ ബൈബിളിനെ പറയുമോ?"

എന്‍റെ വിഷമം കൂടി വന്നു ഈ കുന്ത്രാണ്ടം എങ്ങനെയെങ്കിലും ഒന്ന് കണ്ടു പിടിച്ചേ മതിയാവു. ഒടുവില്‍ ഞാന്‍ വീണ്ടും ആ പതിമൂന്ന് വയസ്സുകാരി ആയി ഉത്തമഗീതങ്ങള്‍ മൂന്നു തവണ വായിച്ചു. അതില്‍ എവിടെയും ആസക്തി എന്ന വാക്ക് കാണാന്‍ പറ്റിയില്ല

ഒടുവില്‍  എന്‍റെ ചേച്ചിയെ ഫോണ്‍ വിളിച്ചു നോക്കുവാന്‍ ഞാന്‍ തീരുമാനിച്ചു .
" എടി ചേച്ചി...നിനക്ക് ഓര്‍മ്മയുണ്ടോ പണ്ട് ഞാന്‍ നിന്നോട് ആസക്തി എന്താണ് എന്ന് ചോദിച്ചത്? '
" ഇല്ല...."
ഇപ്പോള്‍ ഞാന്‍ നിരാശയില്‍ ആയി. അവളോട്‌ ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു. ഇതിനു ഒരു ഉത്തരം വേണമെന്നും..... അവള്‍ പറഞ്ഞു

" നിന്റെ മനസ്സ് ഒരുപാട് വര്‍ഷങ്ങളായി ഒരു വാക്കിന്റെ അര്‍ഥം അറിയാന്‍ തീഷ്ണമായ് ആഗ്രഹിക്കുന്നു. അതാണ്‌ ആസക്തി..."
ഞാന്‍ വാ പൊളിച്ചു.അവള്‍ തുടര്‍ന്നു.
" ഭാര്യക്ക് ഭര്‍ത്താവിനോട്..ഭര്‍ത്താവിനു ഭാര്യയോട്‌ ...കാമുകന് കാമുകിയോട്     .....കവിക്ക്‌ കവിതയോട് .....കാറ്റിനു പ്രകൃതിയോട് അങ്ങനെ എല്ലായിടവും എല്ലാവര്‍ക്കുമുള്ള ഒരു വികാരമാണ് ആസക്തി. ഒരു തരം ത്വര.തീഷ്ണമായ ത്വര. അതാണ്‌ ആസക്തി."


എഴുന്നേറ്റു ചെന്ന് കരണം തീര്‍ത്തു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നിയത്. അവളുടെ ഒരു ആസക്തി.
അപ്പുറത്തെ വീട്ടിലെ സുനില്‍ ചേട്ടനോട് ആസക്തി എന്താണ് എന്ന് ചോദിച്ചപ്പോള്‍ വൈകിട്ട് അച്ഛന്‍ വരുമ്പോള്‍ ചോദിയ്ക്കാന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.........മനസ്സില്‍ അവളെ അറിയാവുന്ന ചീത്ത മൊത്തം വിളിച്ചു. @#$%^&*()

ആളുകള്‍ എനിക്ക് നല്‍കിയ  പുച്ഛം.....ദൈവമേ .....ആലോചിക്കുന്തോറും എനിക്ക് ദേഷ്യം ചേച്ചിയോട് മാത്രമല്ല  ബൈബിള്‍ എഴുതിയ ആളിനോടും  തോന്നി
ആ പിള്ളേരൊക്കെ എന്നെക്കുറിച്ച് മോശമായി ഒന്നും കരുതി കാണല്ലേ......ഈശ്വരാ

അമ്മ പണ്ട് പറയാറുള്ളത് പോലെ മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും...

അന്ന് അവള് പറഞ്ഞതിന്റെ അര്‍ഥം ഇന്ന് എനിക്ക് മനസ്സിലായി


" ഉത്തമഗീതങ്ങള്‍ വായിക്കരുത്. അത് ചീത്തയാ"
NB: ഉത്തമഗീതങ്ങള് ‍അഥവാSONGS OF SOLOMON : ബൈബിളിലെ അവസാന അദ്ധ്യായം

Monday, March 12, 2012

രക്തസമ്മര്‍ദം ചില അറിവുകള്‍രക്ത സമ്മര്‍ദം എന്നത് വെറുതെ തള്ളിക്കളയാവുന്ന ഒരു അസുഖം അല്ല. ചില അറിവുകള്‍ നമ്മള്‍ക്കുണ്ടെങ്കില്‍ ഒരു പരിധി വരെ ഈ രോഗം ഒഴിവാക്കാം.
രക്ത സമ്മര്‍ദം വഴിതെളിക്കുന്നത് മാരകമായ പല രോഗങ്ങള്‍ക്കുമാണ്. അവയില്‍ പ്രധാനപെട്ടവ coronary  artery  disease ,  heart  failure , stroke , kidney  failure എന്നിവ ആണ്.


ആദ്യം ഈ അസുഖങ്ങളെ നമുക്കൊന്ന് പരിചയപെടാം 


CORONARY  ARTERY  DISEASE    


ഹൃദയത്തിനു ഓക്സിജെന്‍  എത്തിച്ചു കൊടുക്കുന്ന പ്രധാന ധമനി ആണ് coronary അതില്‍ കാത്സിയം, കൊഴുപ്പ് മുതലായവ അടിഞ്ഞു കൂടുന്നത് മൂലം ഹൃദയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം തടസ്സമാകുന്നു.പതിയെ പതിയെ അവ പൊട്ടാന്‍ കാരണമാകുന്നു. രക്തയോട്ടം കുറയുന്നതോടെ ഹൃദയത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ഹൃദയാഖാതം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു.

HEART  FAILURE 
ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിനു കഴിയാതെ വരുന്ന അവസ്ഥയാണ് ഇത്. ചില സമയം ഹൃദയത്തില്‍ ആവശ്യത്തിനു രക്തം ഇല്ലാതെ വരും. മറ്റു ചിലപ്പോള്‍ അത് പുറത്തേക്കു വിടാനുള്ള ശക്തി കുറവ് ഉണ്ടാകും. ചിലരില്‍ ഇത് രണ്ടും ഉണ്ടാകാം.


STROKE 


ഒരു ധമനി പൊട്ടുക അല്ലെങ്കില്‍ രക്തം കട്ടപിടിക്കുക എന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും അതുവഴി തലച്ചോറിലെ ചിലഭാഗം പ്രവര്‍ത്തന രഹിതമാവുകയും ചെയുന്ന അസുഖം ആണ് ഇത്. തലച്ചോറ് പ്രവര്‍ത്തന രഹിതമായാല്‍ ശരീരവും  ക്രമേണ  ചലനം നിലക്കുക തന്നെ ചെയ്യും.

KIDNEY  FAILURE  


രക്തത്തിലെ ഉപയോഗ ശൂന്യ വസ്തുക്കളെ പുറം തള്ളാനുള്ള വൃക്കയുടെ കഴിവ് കുറേശെയായി നഷ്ടപെടുന്ന അവസ്ഥയാണ് ഇത്.
മുകളില്‍ പറഞ്ഞ എല്ലാ രോഗങ്ങള്‍ക്കും കാരണമായ ഒരു വില്ലന്‍ ആണ് രക്തസമ്മര്‍ദം. വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും കാണിക്കാതെ ഇവന്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാവും.
പ്രായത്തിനു അനുസൃതമായ രക്തസമ്മര്‍ദം ആണോ നിങ്ങള്ക്ക് ഉള്ളതെന്ന് ഇത് നോക്കി ഉറപ്പു വരുത്തുക

AGE

SYSTOLIC
DIASTOLIC
MIN
AVERAGE
MAX
15-19
105
73
117
77
120
81
20-24
SYSTOLIC
DIASTOLIC
108
75
120
79
132
83
25-29
SYSTOLIC
DIASTOLIC
109
76
121
80
133
84
30-34
SYSTOLIC
DIASTOLIC
110
77
122
81
134
85
35-39
SYSTOLIC
DIASTOLIC
111
78
123
82
135
86
40-44
SYSTOLIC
DIASTOLIC
112
79
125
83
137
87
45-49
SYSTOLIC
DIASTOLIC
115
80
127
84
139
88
50-54
SYSTOLIC
DIASTOLIC
116
81
129
85
142
89
55-59
SYSTOLIC
DIASTOLIC
118
82
131
86
144
90
60-64
SYSTOLIC
DIASTOLIC
121
83
134
87
147
91


രക്തസമ്മര്‍ദം കുറക്കാന്‍ ഉള്ള ചെറിയ മാര്‍ഗങ്ങള്‍ 

  1. പുരുഷന്മാര്‍ അവരുടെ അരവണ്ണം നാല്‍പതു ഇഞ്ചില്‍ (102 cm ) കൂടാതെ ശ്രദ്ധിക്കുക
  2. സ്ത്രീകളുടെ അരവണ്ണം മുപ്പത്തി അഞ്ച് ഇഞ്ചില്‍ (88cm ) കൂടരുത് 
  3. മുപ്പതു മുതല്‍ അറുപതു മിനിട്ട് വരെ വ്യായാമം ചെയ്യുക ദിവസവും 
  4. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പഴവര്‍ഗ്ഗവും കഴിക്കുക 
  5. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക 
  6. മദ്യപാനം കഴിവതും ഒഴിവാക്കുക 
ഈ അറിവുകള്‍ ഉള്‍ക്കൊണ്ടു തന്നെ ഇതും ഒന്ന് കണ്ടു നോക്ക് ...