Saturday, October 29, 2011

ആലിപ്പഴം

പ്രവാസ ജീവിതത്തില്‍ കടന്നു വന്ന വഴിപോക്കരില്‍ ഒരുവള്‍.പേര് ചോദിച്ചിട്ടില്ല. കാണുമ്പോള്‍ ഒരു പുഞ്ചിരി നല്‍കിയിരുന്നു.പിന്നീടു എപ്പോഴൊക്കെയോ കുശലം ചോദിയ്ക്കാന്‍ തുടങ്ങി.ഞാന്‍ ജോലിക്ക് പോകുന്ന സമയം അവള്‍ തിരിച്ചു വരുമായിരുന്നു.കൂടിക്കാഴ്ച നിമിഷങ്ങള്‍  മാത്രം. ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു 
" പേര്?" 
" ദീപ" 
പിന്നീടു ഒന്നും പറയാന്‍ സമയം അനുവദിക്കാത്തതിനാല്‍ ഞാന്‍ പോയി. 

                        അതിനു ശേഷമൊരു കൂടിക്കാഴ്ച ഒരുപാട് കാലം കഴിഞ്ഞായിരുന്നു.പ്രവാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്.ഒരു സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ പോലും പരസ്പരം അറിയില്ല.എന്റെ പേര് അറിയാമല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു. അന്വേഷികുമെന്നും പ്രതീക്ഷിച്ചു. 

                         ഞാന്‍ ആ മുഖം മറന്നു തുടങ്ങിയ ഒരു ദിവസം എന്നെ പ്രതീക്ഷിചെന്നോണം അവള്‍ വഴിയില്‍ കാത്തു നിന്നു.സാധാരണ ഉള്ള ജോലി വേഷത്തില്‍ ആയിരുന്നില്ല.പര്‍ദ്ദ ആയിരുന്നു വേഷം. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ആ മുഖത്തേക്ക് നോക്കി. എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു. 
" നാളെ ഞാന്‍ പോവുകയാണ്.ഒന്ന് കാണാന്‍ നിന്നതാണ്..ദീപയെ ഞാന്‍ മറക്കുകയില്ല."
" എവിടെ പോകുന്നു?" 
" ജോലി നിര്‍ത്തി പോകുന്നു." എന്ന് അവള്‍ പറഞ്ഞു 
" അതെന്താ?" 
ഒട്ടും പ്രസക്തിയില്ലാത്ത ചോദ്യമായി എനിക്ക് സ്വയം തോന്നി അത്.
മറുപടി നല്‍കാതെ അവള്‍ നടന്നു പോകുന്നു..ആ കണ്ണുകള്‍ ഒന്ന് നിറഞ്ഞുവോ? എന്നെ എന്തെ മറക്കില്ലന്നു പറഞ്ഞത്? കണ്ണുകള്‍ നിറഞ്ഞത്‌ എന്തിനായിരിക്കും? ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ തോന്നി.
പെട്ടന്ന് ഒരു ഉള്‍വിളി പോലെ ഞാന്‍ ചോദിച്ചു.
" ഹേയ്....... പേരെന്താ?"
" ഹിബ" അവള്‍ മറുപടി പറഞ്ഞു 
എന്നും മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി അപ്പോള്‍ ആ മുഖത്ത് ഉണ്ടായിരുന്നില്ല.

                        മാസങ്ങള്‍ കടന്നു പോയിരിക്കുന്നു.ഹിബയെ ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.കൂടെ ജോലി ചെയ്യുന്നവരോടൊക്കെ അവളെക്കുറിച്ച് ഞാന്‍ പറഞ്ഞു.ആരൊക്കെയോ പറഞ്ഞു അവള്‍ക്കു ആറ് മാസം പ്രായമുള്ള ഒരു കുട്ടി ഉണ്ടെന്നു.അതാണ്‌ ജോലി ഉപേക്ഷിച്ചു പോയതെന്ന്.എന്റെ വഴികളില്‍ കടന്നു വന്നു പോയ ഒരു സുഗന്ധമായ്‌  മാറി ഹിബ.

                       രഷ്മി ആണ് അത് വന്നു പറഞ്ഞത്. " ഹിബ ആത്മഹത്യ ചെയ്തു." എനിക്കത് ഉള്‍ക്കൊള്ളനായില്ല.ആറ് മാസം പ്രായമുള്ള കുഞ്ഞിനു ഇവിടെ നിന്നു പോയവള്‍ ആത്മഹത്യ ചെയ്യുകയോ?
മരിക്കും മുന്‍പേ അവള്‍ ഇവിടെ ഉള്ള ഒരു സുഹൃത്തിനു എസ് എം എസ്‌    ചെയ്തിരുന്നു.
 " ഞാന്‍ പോകുന്നു..കാപട്യമായ ഈ ലോകം വെടിഞ്ഞ്.അകലങ്ങളിലേക്ക്. എന്റെ കുഞ്ഞു പാവമാണ്. ഇടയ്ക്കു അന്വേഷിക്കണം. ഹിബ.." 
ഒരു പാര്‍ട്ടിയില്‍ ആയിരുന്ന സുഹൃത്ത്‌ തിരികെ വിളിക്കുമ്പോള്‍ ഹിബയുടെ ഫോണ്‍ ഓഫായിരുന്നു.

                        ഇന്ന് ഹിബ മരിച്ചിട്ട് ആറ് മാസങ്ങള്‍ ആയി.അന്വേഷണം പകുതി വഴിയില്‍ എവിടെയോ നിലച്ചു. ഹിബ ഇന്നൊരു ഓര്‍മ്മ മാത്രം തെളിയപ്പെടാത്ത കണക്കുകളില്‍ ഹിബയും. 

ഇന്ന് ഒരു മഴ പെയ്തു ..ഒരു വേനല്‍ മഴ ....എന്റെ ദേഹത്ത് വീണ ആലിപ്പഴങ്ങള്‍ താഴെ വീണു അലിഞ്ഞു ഇല്ലാതെയായി..ആ വഴിയിലൂടെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ഹിബയെ ഓര്‍ത്തു.ഇന്നും ഈ വഴിയില്‍ എവിടെയോ അവള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഒരു ചിരിയോടെ വന്നു കുശലം ചോദിയ്ക്കാന്‍....
അല്ലെങ്കില്‍ ആ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രയായത് എന്തിനെന്നു എന്നോട് പറയാന്‍ ........
ഹിബ നീ വരുമോ? 
അതോ ഈ വേനല്‍ മഴയില്‍ പൊഴിഞ്ഞ ആലിപ്പഴം പോലെ എവിടെ നിന്നോ വന്നു നീ അലിഞ്ഞു തീര്‍ന്നുവോ? 

Thursday, October 27, 2011

കണക്ക്

കണക്കുകളിലൂടെ ഒരു ജീവിതം 
മാസ കണക്കിലൂടെ  അമ്മ ജന്മമേകി 
വര്‍ഷ കണക്കില്‍ ഞാന്‍ വളര്‍ന്നു 
പഠനത്തില്‍ ഒരു അദ്ധ്യാപിക തന്നു കണക്ക്
മാര്‍ക്കെന്ന ഓമന പേരാം  കണക്ക് 
അയലത്തെ കൂട്ടുകാരി പിന്‍ തള്ളിയതും
ഉയരങ്ങള്‍ കീഴടക്കിയതും ഈ കണക്കിന്റെ 
അക്കങ്ങളുടെ വ്യത്യസ്തത കൊണ്ട് മാത്രം 
കാലമെന്ന കണക്ക് കടന്നു പോകവേ 
തിരികെ പലരും ചോദിച്ചു കണക്കുകള്‍ 
എണ്ണി നല്‍കിയ പണത്തിന്റെയും 
തഴുകി നല്‍കിയ സ്നേഹത്തിന്റെയും 
അമ്മയുടെ പത്തുമാസത്തെ കണക്കിന്റെ ഒടുവില്‍ 
പ്രസവ വേദനയുടെ തീവ്രതയുടെ കണക്ക് 
നല്‍കി തീര്‍ക്കാനാവാത്ത കണക്കുകള്‍ക്കിടയില്‍ 
മാസ ശമ്പളത്തിന്റെ തുച്ചമായ കണക്കും 
എണ്ണി തിട്ടപെടുത്തും മുന്‍പേ 
പലരായി പകുത്തെടുത്തു എന്റെ 
ജീവന്റെ കണക്ക് പുസ്തകം 
എണ്ണി തീര്‍ക്കുംതോറും ഏറി വരുന്ന 
ജീവിത പുസ്തകത്തിന്റെ  ഒടുവില്‍ 
ഞാനും ഒരു പക്ഷെ പറയും 
ഇന്ന് എഴുതിയ ഈ അക്ഷരങ്ങളുടെയും കണക്ക് 
എന്നും...എങ്ങും..കണക്കുകള്‍ മാത്രം 

Tuesday, October 25, 2011

വെളിച്ചം


ജീവന്റെ ഇടനാഴികളില്‍ എന്നും ഇരുട്ടായിരുന്നു
എപ്പോളോ കടന്നു വന്നൊരു വെളിച്ചം
പ്രണയമെന്നു അതിനെ പേരിട്ടു വിളിക്കാമോ
അറിയില്ലെനിക്ക്‌ അന്നുമിന്നും പക്ഷെ
ആ വെളിച്ചമെനിക്ക് പ്രണയമെകി സ്വപ്നമേകി
ജീവന്റെ പുതു വെളിച്ചമേകി 
സ്നേഹത്തിന്റെ വേറിട്ട മുഖമെന്നെ പഠിപ്പിച്ചു 
സ്വന്തമാക്കല്‍ അല്ല  സ്നേഹമെന്ന് ഞാന്‍ അറിഞ്ഞു 
സ്വന്തമാവുകയായിരുന്നു ഞാന്‍ എന്നെ അറിയാതെ
സ്വാര്‍ത്ഥത  എന്നില്‍ വേരൂന്നിയത് എങ്ങനെയെന്നറിയാതെ
സ്നേഹം സ്വാര്‍ഥം ആണോ ? പലകുറി മനസ്സിനോട് ചോദിച്ചു  
പ്രണയം എന്നാ വികാരമെന്നില്‍ നല്‍കിയ സ്വാര്‍ഥത
ഞാന്‍ ഇല്ലാതാക്കിയേ തീരൂ....അതിനെന്റെ പ്രണയം മരിക്കണം 
ആ വെളിച്ചം  ഞാന്‍ കെടുത്തണം ...ഞാന്‍ മാത്രം 
ആ വെളിച്ചതിനോടുള്ള പ്രണയം ഞാന്‍ 
ഇരുട്ടിനോടാക്കി മാറ്റി...ആരും കാണാതെ
ഞാനും ഈ ഇരുട്ടും മാത്രമായി 
പ്രണയം മരിച്ച രാവില്‍ എവിടെയെങ്കിലും 
എന്നെ നീ കണ്ടുവെങ്കില്‍ എന്റെ വെളിച്ചമേ 
നീയറിയുക നിന്നെ ഞാന്‍ പ്രണയിക്കുകായിരുന്നില്ല
അതിലുമപ്പുറം ഒരു ആത്മബന്ധം 
ഒരിക്കലും നീ അറിഞ്ഞിട്ടില്ലാത്ത ആത്മബന്ധം 

Sunday, October 16, 2011

ഒരു കുളിരായ്

ടെഹറാദൂണിലെ വശ്യമാര്‍ന്ന പുലരി. വിദേശികളും സ്വദേശികളും ഒന്നായിഷ്ടപെട്ടയിടം.മലയടിവാരത്തിലുള്ള ഒരു വീട്ടിലായിരുന്നു എനിക്കും കൂട്ടുകാര്‍ക്കും തങ്ങുവാനുള്ള ഇടത്താവളം. പന്ത്രണ്ടു പേരുടെ കൂട്ടം. മെഡിക്കല്‍ ക്യാമ്പ്‌ എന്ന ഓമനപ്പേര് അതിനുണ്ടെങ്കിലും ഓരോരുത്തരും ആ യാത്ര ആവുന്നത്ര ആസ്വതിച്ചു. മടുപ്പിക്കുന്ന മരുന്നകള്‍ക്കിടയില്‍ നിന്നൊരു മോചനമെന്നും പറയാം.സര്‍ക്കാര്‍ ആശുപത്രികള്‍ എന്നും  അങ്ങനെയാണല്ലോ.

സ്വദേശികള്‍ അല്ലാത്ത  ആരും പുലര്‍ച്ചെ എഴുന്നേല്‍ക്കുവാന്‍ ആഗ്രഹിക്കാത്ത അത്ര കുളിരാണ് ഇവിടെ ഓരോ പ്രഭാതത്തിനും.അങ്ങനെ ഒരു പ്രഭാതില്‍ ഉറക്കം വരാതെ കിടന്ന എന്റെ ഉള്ളില്‍ തോന്നിയ ഒരു ആഗ്രഹം... ഒരു ആവേശം പോലെ ഒന്ന് നടക്കാനിറങ്ങാം.ബിനോയിയെ  കൂട്ടിനു വിളിച്ചു. അവന്‍ പുതപ്പു വലിച്ചു മൂടി തിരിഞ്ഞു കിടന്നു

നിശ്ചയമില്ലാത്ത വഴിയിലൂടെ കുറെ ദൂരം നടന്നു.നല്ല മനോഹരമായ വഴികള്‍.ആരൊക്കെയോ വന്നും പോയുമിരിക്കുമ്പോള്‍ ഇടയ്ക്കിടെ തങ്ങളുമുണ്ട് എന്നോണം ഓരോ വണ്ടികള്‍. ജീന്‍സിന്റെ പോക്കെറ്റില്‍ കൈ തിരുകി ഞാനും നടന്നു അവരില്‍ ഒരാളായി. 

ഒരിടവഴിയില്‍ നിന്ന് അവള്‍ ചാടി വീഴുകയായിരുന്നു. മുഖം ഒരു ഷാള്‍ കൊണ്ട് മൂടിയിരിക്കുന്നു.കണ്ണുകള്‍ മാത്രം കാണാം. ഞാനും അവളും ഭയന്ന് പോയി. ആ വിടര്‍ന്ന കണ്ണുകള്‍ എന്നെ നോക്കി.എന്തെന്ന ഭാവത്തില്‍ നില്‍ക്കുന്ന എന്നെ ഒന്ന് നോക്കി അവള്‍ ഓടിയകന്നു.എവിടെ നിന്ന് എങ്ങനെ എന്തിനു അവള്‍ വന്നു? മനസ്സില്‍ ഒരുപാട് ചോദ്യവുമായി ഞാന്‍ തിരികെ നടന്നു.ആ കണ്ണുകള്‍ മനസ്സില്‍  നിറഞ്ഞു നിന്നു.

മുറിയില്‍ എത്തുമ്പോള്‍ ബിനോയ്‌ ചായ കുടിക്കുന്നു. അവനോടു പറഞ്ഞു ആ സംഭവം."വല്ല ഹിന്ദിക്കാരി പെണ്ണുങ്ങളും കാലത്തേ പാല് വാങ്ങാന്‍ പോയതാരിക്കും അളിയാ" അവന്‍ ഒരു തമാശയില്‍ ഒതുക്കി.ആ കണ്ണുകളോട് എനിക്ക് തോന്നിയ ആകര്‍ഷണീയത പറഞ്ഞു മനസ്സിലാക്കിക്കാന്‍ എനിക്കായില്ല.

പിറ്റേന്നും പതിവ് പോലെ ഞാന്‍ കാലത്തേ ഇറങ്ങി.എന്റെ കണ്ണുകള്‍ തേടിയത് മാത്രം എനിക്ക് കണ്ടെത്താനായില്ല..അന്നും പിന്നീടുള്ള ദിവസങ്ങളും....ക്യാമ്പ് അവസാനിക്കാറായി.ഒരുക്കങ്ങള്‍ നടക്കുകയാണ്.ഒരു തിരിച്ചു പോകലിനുവേണ്ടി.മനസ്സ് അപ്പോളും ഒരിക്കല്‍ മാത്രം കണ്ട ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത ആ കണ്ണുകളെ പ്രണയിക്കുകയായിരുന്നു. 

ബസ് മലയിറങ്ങുമ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞു. ഇവിടെ വന്നവര്‍ എല്ലാവരും അമ്മാജീയെ കണ്ടിട്ടേ പോകാവു എന്നാണ്. നമുക്കും കാണണം.ജനിച്ച നാള് മുതല്‍ വെളിച്ചം കണ്ടിട്ടില്ലാത്ത സ്ത്രീ ആണത്രേ അമ്മാജീ.ദൈവങ്ങളെ കണ്ടുണരുന്ന അവര്‍ക്ക് ദൈവ സ്ഥാനം എന്ന്  കരുതുന്നു ഇവിടുത്തുകാര്‍.അങ്ങനെ ഒരാള്‍ക്ക്  ജീവിക്കാന്‍ സാധിക്കുമോ എന്ന് ഞങ്ങള്‍ അമ്പരന്നു. 

രണ്ടുവശവും ഇടതൂര്‍ന്ന മരങ്ങള്‍. ആ വഴിയുടെ അപ്പുറം കാട് ആണെന്ന് തോന്നി. വണ്ടി ആ വഴിയില്‍ നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി നടന്നു.മനോഹരമായ സ്ഥലമായിരുന്നു അതും.നല്ല തണുപ്പ്.ബിനോയ് എന്തൊക്കെയോ കലപില സംസാരിച്ചു കൊണ്ടിരുന്നു. കൂടെയുള്ള ഹിന്ദിക്കാര്‍ക്ക് മലയാളം കേള്‍ക്കുന്നത് അല്പം അരോചകം എന്ന്  അവനറിയാം.അതുകൊണ്ട് തന്നെ വെറുതെ എന്തെങ്കിലും പറഞ്ഞെ അവന്‍ നടക്കു.ആശ്രമത്തിന്റെ കവാടത്തില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ പ്രായമേറിയ ആള്‍ നിശബ്ദരാകാന്‍ പറഞ്ഞു.

ഒരു സാധാരണ വീട്.ഇതാണോ ആശ്രമം എന്ന് തോന്നാതിരുന്നില്ല.ഒരു കൊച്ചു മുറിയിലൂടെ വേറൊരു മുറിയിലേക്ക്.അവിടെ ഒരുപാട് നിലവിളക്കുകള്‍ ചുവന്ന പട്ടുകള്‍...ഭദ്രകാളി ചാമുണ്ടി തുടങ്ങിയ ദൈവ രൂപങ്ങള്‍....പുകയുന്ന ചന്ദനത്തിരിയുടെ സുഗന്ദം...ആകെ ഒരു ഭീകരത എനിക്ക് തോന്നി...കൂടെയുള്ളവര്‍ ബിനോയ്‌ അടക്കമുള്ളവര്‍ ഭക്തിയോടെ നില്‍ക്കുന്നു..എങ്ങനെയെങ്കിലും ഒന്ന് പുറത്തു ഇറങ്ങണമെന്നാണ് എനിക്ക് തോന്നിയത്. അമ്മാജീ വന്നു. ഒരു വെളുത്ത വസ്ത്രം ധരിച്ച സ്ത്രീ.എനിക്കവരെ കണ്ടിട്ട് പ്രത്യേകത തോന്നിയില്ല. എല്ലാവരും താണ് വീണു വണങ്ങുന്നു.ഞാന്‍ കൈകള്‍ കൂപ്പി." എല്ലാവര്‍ക്കും സുഖമാണോ"  എന്നവര്‍ തിരക്കി. "അമ്മയുടെ കാരുണ്യം കൊണ്ട് അതെ" എന്ന് ചിലര്‍ മറുപടി കൊടുത്തു.പ്രസാദം എടുക്കു മക്കളെ എന്ന് അവര്‍ പറഞ്ഞു. ചുവന്ന പട്ടു കൊണ്ട് മൂടി വെച്ചിരുന്ന ഒരു വലിയ പാത്രം.ബിനോയ് ആണ് അത് തുറന്നത്.അതില്‍ നിറയെ ആപ്പിളുകള്‍ ആയിരുന്നു.എല്ലാവരും ഓരോന്ന് എടുത്തു. അമ്മാജീ വീണ്ടും താന്‍ ഇതുവരെ പുറത്തു ഇറങ്ങിയിട്ടില്ലാത്ത കഥ പറഞ്ഞു. ജനിച്ചതും വളര്‍ന്നതും  എല്ലാം  ഈ ദൈവങ്ങളുടെ കൂടെ.എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ ചോദിയ്ക്കാന്‍ ധൈര്യം  വന്നില്ല. 

പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ വേറൊരു സ്ത്രീ ഞങ്ങളെ വിളിച്ചു. അടുത്ത തലമുറയുടെ അമ്മജീയെ കാണിക്കുവാനായ്‌. എനിക്ക് ചിരി വന്നു ഈ മണ്ടന്മാര്‍ ഇത് തലമുറകള്‍ ആയി  തുടരുന്നോ. എല്ലാവരും വീണ്ടും അടുത്ത മുറിയിലേക്ക്. അവിടെയും ഇതുപോലെ തന്നെ ദൈവരൂപങ്ങളും പട്ടും....ജൂനിയര്‍ അമ്മാജീ എവിടെ എന്ന് നോക്കുമ്പോള്‍ എത്തി ഒരു പെണ്‍കുട്ടി. വെളുത്ത വസ്ത്രം തന്നെ. തിരക്കിട്ട് നമിക്കുന്നവര്‍ക്കിടയില്‍ നിന്ന് ഞാന്‍ അല്പം മാറി നിന്നു. അവരും പ്രസാദം നല്‍കി.ഈ തവണ എന്നെ ആ കര്‍മ്മത്തിന്  നിയോഗിച്ചു.പട്ടു മാറ്റി പ്രസാദം എടുക്കുമ്പോള്‍ എന്റെ കയ്യില്‍ നിന്നും ആപ്പിള്‍ താഴെ വീണു. വേഗം പെറുക്കിയെടുക്കുമ്പോള്‍ ഞാന്‍ അമ്മാജീയെ നോക്കി.
 ആ കണ്ണുകള്‍...... അതെ ഞാന്‍ പ്രണയിച്ച ആ കണ്ണുകള്‍.......അവ എന്നെ തിരിച്ചറിഞ്ഞുവോ? .....ഇവളെങ്ങനെ അമ്മയാകും? ഇവള്‍ വെളിച്ചം കണ്ടതല്ലേ? സൂര്യപ്രകാശം ഏറ്റവളല്ലേ?  ഇല്ല.... ഇവള്‍ അമ്മയല്ല....ഇവള്‍ എന്റെ പ്രണയിനിയാണ്...വാക്കുകള്‍ എല്ലാം തൊണ്ടയില്‍ കുടുങ്ങി..ആരോ ഒരാള്‍ പ്രസാദം എന്റെ കയ്യില്‍ നിന്നും വാങ്ങി. 
" ദര്‍ശന സമയം കഴിഞ്ഞു" ഒരു സ്ത്രീ പറഞ്ഞു. എനിക്ക് അവളെ വിട്ടു പോരാനയില്ല. ബിനോയ്‌ എന്റെ കയ്യില്‍ പിടിച്ചു " എന്താ അളിയാ ജൂനിയറിനെ കണ്ടപ്പോള്‍ പോരാന്‍ ഒരു മടി?" അവന്‍ എന്റെ ചെവിയില്‍ ചോദിച്ചു. വീണ്ടും ഞാന്‍ തിരിഞ്ഞു നോക്കി.കണ്ണുകള്‍ അടച്ചു അവള്‍ ഇരിക്കുന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്...കാണുന്നവര്‍ക്ക് ഭക്തിയുടെ പാരമ്യത മാത്രം...എനിക്ക് മനസ്സിലായി അവള്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

തിരിച്ചു വന്നു കാലം ഒരുപാടായിരിക്കുന്നു..ഇന്നവള്‍ അമ്മാജീ ആയിരിക്കും..ഇടയ്ക്കിടെ ഞാന്‍ ഓര്‍ക്കും ആ കണ്ണുകള്‍..നിറഞ്ഞു ഒഴുകുന്ന  കണ്ണുകള്‍...പേര് അറിയില്ല...ജൂനിയര്‍ അമ്മാജീ....ഒരുപക്ഷെ ആരുമറിയാതെ ഒരു ഒളിച്ചോട്ടം നടത്തിയതാവാം  അവള്‍....പിടിക്കപെട്ടിരിക്കം....എങ്കിലും ഇന്നും ആ നക്ഷത്ര കണ്ണുകളെ ഞാന്‍ പ്രണയിക്കുന്നു....കാലമെനിക്ക് സ്വപ്നം കാണാന്‍ ഒരു പുലരിയില്‍ തന്ന സൌഭാഗ്യം ..


Thursday, October 13, 2011

ഒരു ഹേമന്ത ബാഷ്പം

വാനിന്റെ മിഴിനീര്‍ ബാഷ്പമാക്കി
പുല്‍ക്കൊടിതുമ്പില്‍ ഇറ്റിച്ച ശിശിരകാലം
ഓടിയണഞ്ഞു എടുത്തു മിഴിയിലെഴുതി 
പാല്പുഞ്ചിരിയോടമ്മ തന്‍ അരികില്‍ 
ആശ്ലേഷിച്ചമ്മ എടുത്തുമ്മ നല്‍കി
അമ്മക്കുമേകി ഞാന്‍ ബാക്കിയാം ശിശിരം 

     വര്‍ഷ ഹേമന്തം പോയ്മറഞ്ഞു അകലെ 
     കഷ്ട നഷ്ട കണക്കിന്റെ ഭാണ്ഡം പേറി 
     ഒരിക്കലും ഉണരാത്ത നിദ്രയിലമ്മ പോയ്‌ 
     ഞാനുമെന്‍ കുളിര് നിറഞ്ഞ രാവും ബാക്കി 
     ഓടിക്കളിച്ച തൊടിയിലൂടെന്നെ അറിയുന്ന
     മാതൃ വാത്സല്യം കൊതിപ്പു ഞാന്‍ ഏകനായ് 

വീണ്ടുമൊരു ശിശിരം കടന്നു വന്നെന്റെ 
ഇമകളെ തഴുകി ഞാനുണര്‍ന്നു 
അകലെയാ പുല്കൊടിതുമ്പിലെ
ബാഷ്പ ബിന്ദുവായ്‌ എന്റെയമ്മ    
രുധിരമമൃതായ് നുണയാന്‍ ഏകിയ എന്റെ അമ്മ 
ഓടിയടുത്ത് ഞാന്‍ ഒരു പൈതലായ് 
ആ മാറില്‍ ഒട്ടി ഈ ശിശിരം അറിയുവാന്‍ 

     എന്തിനെന്‍ മക്കള്‍ വിലപിക്കുന്നുവോ? 
     ഹിമം പോലെ തണുതോരീ ദേഹമെങ്കിലും
     ഈ ദേഹി എന്നമ്മക്കരികിലായ്‌...
     ശിശിരത്തിലും ചൂട് പകര്‍ന്നോരീയമ്മയുടെ
     മാതൃ സ്നേഹമാം അമൃതുണ്ട് ഞാനിവിടെ 
     കരയരുത് മക്കളെ ....നിങ്ങളും വരും 
     ഈ ശിശിരം വെടിഞ്ഞു അച്ഛനെ കാണുവാന്‍.......Saturday, October 8, 2011

മനസ്സിലെ മഴ

മഴ പെയ്യുന്നുണ്ടായിരുന്നു. കുടയില്‍ വീഴുന്ന മഴത്തുള്ളികള്‍ എന്റെ മനസ്സ് പോലെ ഒരുപാട് ശബ്ദമുണ്ടാക്കുന്നു. സാരിത്തലപ്പു മൂടിയ ചുമലില്‍ മഴത്തുള്ളികള്‍ വീഴാതെ വളരെ ശ്രദ്ധിച്ചു ഞാന്‍ നടന്നു. എന്റെ ലക്‌ഷ്യം കെ.എസ്. ആര്‍.ടി.സി. ബസ് സ്ടാന്റിലെ ഒഴിഞ്ഞു കിടന്ന ബെഞ്ചാണ്. അവിടെയെത്തി കുട മടക്കി ഞാന്‍ അരികില്‍ വെച്ചു.
പുറത്തു മഴ ശമിച്ചിരിക്കുന്നു. 
മനസ്സിലെ മഴയ്ക്ക് ഒരു കുറവുമില്ല. ശബ്ദം ഉച്ചസ്ഥായിയില്‍  തന്നെ.


"നിനക്ക്  വട്ടാണ്  പെണ്ണെ"   ഹരിയെട്ടന്റെ വാക്കുകള്‍. വര്‍ഷങ്ങളുടെ പഴക്കമുണ്ട് അതിന്. ഇന്നും ആ വട്ടു എന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാലാവാം ഈ കൂടിക്കാഴ്ചക്ക് ഞാന്‍ മുതിര്‍ന്നത്.
"വരുമോ ഹരിഎട്ടന്‍? " മനസ്സു ഒരുപാട് തവണ ചോദിച്ച ചോദ്യം. 

ഒരു ഇരുപത്തിയെട്ടുകാരിക്ക് ഇരുപത്തിയാറുകാരനോട് പ്രണയം തോന്നിയപ്പോള്‍ മനസ്സിന് പ്രായം പതിനെട്ടു ആയിരുന്നു. തികച്ചും നാഗരികതയെ പ്രണയിച്ചു ജീവിച്ച എനിക്ക് പഴയ നാടന്‍ രീതികളെ ഇഷ്ടപെടുന്ന ഹരിയേട്ടനോട് തോന്നിയത് വെറുമൊരു പ്രണയത്തിനും അപ്പുറം വേറെ എന്തൊക്കെയോ ആയിരുന്നു.അതുമല്ലെങ്കില്‍ മദ്യവും സിഗരറ്റും ഇഷ്ടമല്ലാത്ത ഞാന്‍ അവ ഏറ്റു  ആസക്തനായ ഭര്‍ത്താവിനു ശരീരം നല്‍കി വെറുമൊരു   ആത്മാവായി മാറിയിരുന്നു കരഞ്ഞപ്പോള്‍ ദൈവം നല്കിയതാവാം എന്റെ ഹരിയെട്ടനെ. 

 "  നീ എനിക്കൊരു ചുംബനമെകുമോ?" ഒരിക്കല്‍ ഞാന്‍ ഹരിയേട്ടനോട് ചോദിച്ചതാണ്.ഒരുപാട് ചോദിച്ചവസാനം "നീ വാ തരാം " ഹരിയേട്ടന്‍ പറഞ്ഞു. പക്ഷെ അതു വാങ്ങാന്‍  ഇതുവരെ  എനിക്കായില്ല.സാരിക്കുള്ളില്‍ എന്റെ ഹൃദയം ധൃതഗതിയില്‍ ഇടിച്ചു.

 "താത്രികുട്ടീ....." ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. 
 " ഹരിയേട്ടന്‍....." എന്റെ അധരങ്ങള്‍ വിറച്ചു. കാലം എത്ര കഴിഞ്ഞു പോയി. ഒഴിഞ്ഞ ഇരിപ്പിടത്തില്‍ എന്റെ അടുത്തായി ഇരുന്നു ഹരിയേട്ടന്‍.

ഞാന്‍ വീണ്ടുമൊരു പതിനെട്ടുകാരി  ആയതു പോലെ. അന്നും ഇന്നുമെനിക്കു ആ   കണ്ണുകളില്‍ നോക്കാന്‍ ഭയമാണ്. എനിക്കെന്നെ  നഷ്ടമാകും ആ മിഴിയില്‍.

" ഹരിയേട്ടന്‍  ആകെ മാറിയിരിക്കുന്നു .ഒരുപാട് കറുത്ത് പോയി . പക്ഷെ ആ നെറ്റിയിലെ കുറി ഇന്നും പഴയപോലെ." 
ഒന്ന് ചിരിച്ചു ഹരിയേട്ടന്‍.
" പക്ഷെ  എന്റെ താത്രിക്കുട്ടി പഴയതിലും സുന്ദരി ആയി. കുറച്ചു മാറ്റങ്ങള്‍ മാത്രം." 
 " എത്ര വര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിക്കാഴ്ച. ഹരിയെട്ടന്റെ ഭാര്യയും  കുടുംബവുമൊക്കെ....?
" കുറേക്കാലം പ്രാരാബ്ധങ്ങള്‍ ആയിരുന്നുവല്ലോ? പിന്നെ   ചുരുക്കം ചില സ്നേഹിതര്‍ നിര്‍ബന്ധിച്ചു.വേണമെന്ന് തോന്നിയില്ല.ഒരാളെക്കൂടി എന്തിനു വെറുതെ..." 
" അപ്പോള്‍  എന്നോട് പറഞ്ഞത് പോലെ തന്നെ ....."
" ഉം "
 " നമ്മള്‍ എന്തിനാണ്  അവസാനം പിണങ്ങിയതെന്നു ഹരിയേട്ടന് ഓര്‍മ്മയുണ്ടോ? 
" ഉവ്വ് ...നീ എന്നോടൊരു ഉമ്മ ചോദിച്ചപ്പോള്‍ മാംസനിബദ്ധമല്ല രാഗമെന്നു ഞാന്‍ പറഞ്ഞതും അതിനെ ചൊല്ലി ഉണ്ടായ വഴക്കുകളും പരിഭവങ്ങള്‍ ..പരാതികള്‍ ..ഒക്കെ ഒരു കാരണം മാത്രം. " 
ഞാന്‍ ഒന്നും മിണ്ടാതെ കുനിഞ്ഞു ഇരുന്നു. " നിനക്ക് നന്നായി തണുക്കുന്നുവല്ലോ.. വാ..നമുക്കൊരു ചായ കുടിക്കാം."   ഞാനും ഹരിയെട്ടനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചായ കുടിച്ച അതേ സ്ഥലം....ചില മാറ്റങ്ങള്‍ വന്നു എന്ന് മാത്രം ...ചൂട് ചായ ഞാന്‍ ഊതി ഊതികുടിച്ചു.

പുറത്തു മഴ മാറി. എന്റെ മനസ്സിലും ....എനിക്കൊരു ധൈര്യം വന്നത് പോലെ.ആരോ കൂടെ ..എന്തിനും പോന്നോരാള്‍...എന്റെ സംരക്ഷകന്‍....വളരെ തിരക്കിട്ട് പോയോരാള്‍ എന്നെ മുട്ടാതിരിക്കാന്‍ എന്റെ കയ്യില്‍ പിടിച്ചു ഹരിയേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി.ആ സ്പര്‍ശം . വര്‍ഷങ്ങള്‍ക്കു  ശേഷം ..

" നേരം സന്ധ്യായി പോകണ്ടേ നിനക്ക്? " 
" ഉം .പോകണം.." 
ഞാനൊരു ഓട്ടോ വിളിക്കാം .."
 " അല്‍പ നേരം  കൂടി കഴിയട്ടെ ... "
" വേണ്ട...ഇരുട്ടാവും ... നീ ഇപ്പോളും പഴയപോലെ തന്നെ .....ശ്രദ്ധിക്കണം ... .. കാലം വളരെ മോശമാണ്..."
ഞാന്‍ ഓട്ടോയില്‍  കയറുമ്പോള്‍ വീണ്ടും മഴ പെയ്യുവാന്‍ തുടങ്ങി.ഹരിയെട്ടന്റെ മുഖത്ത് മഴത്തുള്ളികള്‍  വീണത്‌ പോലെ.പക്ഷെ ഞാന്‍ മാത്രം അറിഞ്ഞു അത് കണ്ണ് നീരെന്നു. എന്നെയും കൊണ്ട് പായുന്ന ഒട്ടോയിലിരുന്ന എന്റെ മനസ്സ്  ഇടവപാതി പോലെ പെയ്യുകയായിരുന്നു 

" കണ്ടോടി നിന്റെ കാമുകനെ? "
"കണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ക്കെന്ത? "
" ഓ ..അവടെ ഒരു ഹരിശ്ചന്ദ്രന്‍ ...... ഭാ...ആ തെണ്ടിയെ കാണാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞവള്‍ പോയേക്കുന്നു ..."
" മതി നിര്‍ത്ത്..."
" ഡീ ഇങ്ങു വന്നെ ....ഞാനൊന്നും പറയുന്നില്ലേ...ഡീ എടീ സാവിത്രീ ....വാടി ഇവിടെ..."
വളരെ വില കൂടിയ സോഫയിലും നിലതുമായി കിടന്നു ഉരുളുന്ന അയാളെയും ഹരിയെട്ടനെയും ഞാന്‍   കൂട്ടിവായിക്കുമ്പോള് എന്റെ മനസ്സിലും പുറത്തും മഴ പെയ്യുകയായിരുന്നു ‍    

Monday, October 3, 2011

വൈകിയെത്തിയ നിന്‍റെ സ്നേഹത്തിന്


എഴുതിയതെല്ലാം നിനക്കായിരുന്നു 
എഴുത്തുകളും നീയായിരുന്നു 
നീയറിയാത്ത ഒരു  ജീവനതിലുണ്ടായിരുന്നു 
നീയറിയാത്ത എന്‍റെ ആത്മാവും 
അറിയിക്കുവാനോടി വന്നു ഞാന്‍ അപ്പോള്‍ 
വൈകിയെന്നൊരു മറുപടിയായ് നീ 
ചോദ്യമൊന്നുമാത്രമിന്നും ബാക്കി
വൈകിയതെന്തേ നീ?
ഒരുപാട് വൈകിയതെന്തേ?
പണ്ട് നീയെന്നെ കണ്ടിരുന്നെങ്കില്‍? 
നിന്റെ സ്വപ്നം നല്‍കിയെങ്കില്‍?
നമ്മള്‍ ഒന്നായെങ്കില്‍...
സ്വപ്നമാകുമായിരുന്നുവോ
നീയുമീ ഞാനും നമ്മുടെ സ്നേഹവും
തലയില്‍ തണുത്ത വെള്ളം ഒഴിച്ച് ഞാന്‍
നേരം കുറെ കളഞ്ഞപ്പോളും
നീ പറഞ്ഞപോലൊരു സ്വപ്നമാകുവാന്‍
കഴിയുന്നില്ല ആ സ്നേഹം
ഒന്നുറങ്ങി  ഉണരുമ്പോള്‍ മായുന്നതല്ല ഈ സ്നേഹം...
എന്‍റെ ജീവന്റെ അംശവും ആത്മ താളവും നീയെന്ന സ്നേഹം
ആരുമറിയാതെ എന്റെയുള്ളില്‍ മരിച്ചോട്ടെ...
അത് നീയും അറിയണ്ട .....ആരും അറിയണ്ട...
ഞാനും ഈ സ്നേഹവും മാത്രം

എനിക്ക് പറയാമായിരുന്നു


എന്നും ചേച്ചിയെ സ്നേഹിച്ച അച്ഛനോടും ഏട്ടനെ സ്നേഹിച്ച അമ്മയോടും ഞാനും നിങ്ങളുടെ മകളെന്നു എനിക്ക് പറയാമായിരുന്നു

 ചേച്ചി ജോലി തേടി ദൂരേക്ക്‌ പോയപ്പോള്‍ നിന്നെ എനിക്കൊത്തിരി ഇഷ്ടാണ്,  നീ പോകരുതെന്ന് എനിക്ക് പറയാമായിരുന്നു 

അവളയക്കുന്ന സമ്മാന  പോതികലെക്കാള്‍   ചേച്ചിയെ ആണെനിക്കിഷ്ടമെന്നു  എനിക്ക് പറയാമായിരുന്നു 

ജീവിതത്തില്‍ ഒരു ശപിക്കപെട്ട  നിമിഷത്തില്‍ മദ്യത്തില്‍ ആസക്തനായ അയാളില്‍ നിന്ന് രെക്ഷപെട്ടത്‌  എനിക്ക് പറയാമായിരുന്നു 

ഒരുപാട് തണുത്ത ആ രാത്രിയില്‍ ഞാന്‍ തനിയെ ആ ടെറസ്സില്‍ ഇരുന്നതും പിറ്റേന്ന് സ്നേഹം അഭിനയിച്ചതാനെന്നും എനിക്ക് പറയാമായിരുന്നു

 ഒരുപാട് സമ്മാനവുമായി വന്ന ചേച്ചിയോട്  നിന്റെ ഭര്‍ത്താവെന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും എനിക്ക് പറയാമായിരുന്നു 

ഒടുവില്‍ അയാളോട് സംസാരിക്കാതെ  പിണങ്ങിയ എന്നോട് നിനക്ക് അഹങ്കാരമെന്നു അമ്മ  പറഞ്ഞപ്പോളും എനിക്ക് പറയാമായിരുന്നു.

ഒടുവില്‍ എപ്പോളോ ഒരാള്‍ ജീവിത പങ്കാളിയാവണമെന്നു പറഞ്ഞപ്പോള്‍ ഈ ജീവിതം എനിക്കിഷ്ടമല്ലെന്നും എനിക്ക് പറയാമായിരുന്നു

.ഇന്ന് എനിക്കിഷ്ടമുള്ള ഒരാളെ എനിക്ക് മനസ്സറിഞ്ഞു സ്നേഹിക്കാനാവാതെ വരുമ്പോള്‍ അയാളോടും എനിക്ക് പറയാമായിരുന്നു 

ഞാന്‍ ആരോടും ഒന്നും  പറയാറ് ഇല്ലായിരുന്നു  എന്ന്