Friday, June 27, 2014

ബൈപാസ് എന്ന CABG

ബൈപാസ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ശസ്ത്രക്രിയ ആണ് കൊറോണറി ആര്‍ട്ടറി ബൈപാസ്സ് ഗ്രാഫ്റ്റ്. ഇങ്ങനെ ഒരു ശസ്ത്രക്രിയ ആളുകള്‍ക്ക് സുപരിചിതമെങ്കിലും കൂടുതല്‍ ആളുകളും ശസ്ത്രക്രിയക്കു ശേഷം വേണ്ടത്ര പരിചരണം ലഭിക്കാതെ പോകാറ് പതിവാണ്. ഇതിനു കാരണം അറിവില്ലായ്മ മാത്രമാണ്.

 പരിചരണത്തെക്കുറിച്ച് അറിയും മുന്നേ ബൈപാസ്സ് എന്തെന്ന് അറിയണം. 
സാധാരണക്കാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ധമനിയുടെ ബ്ലോക്ക് കാരണം ഹൃദയത്തിനു ലഭിക്കാതെ പോകുന്ന രക്തയോട്ടവും ഓക്സിജനും മറ്റൊരു ഞരമ്പ് വെച്ച് പിടിപ്പിക്കുക വഴി ലഭ്യമാക്കുക എന്നതാണ് ബൈപാസ്. കാലില്‍ നിന്നും കയ്യില്‍ നിന്നുമൊക്കെ ഈ ഞരമ്പ് സാധാരണ എടുക്കാറുണ്ട്. ഇതിനു വേണ്ടി രണ്ടു രീതിയില്‍ ശസ്ത്രക്രിയ ചെയ്യാറുണ്ട്. ഒരു രീതി നേരെ നെഞ്ചിലെ അസ്ഥി മുറിച്ചു ഹൃദയത്തില്‍ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് 

മറ്റൊരു രീതിയെന്നത് നെഞ്ചിന്‍റെ  ഒരു വശത്ത് മാത്രം മുറിവുണ്ടാക്കി ശസ്ത്രക്രിയ ചെയ്യുക എന്നതാണ്. ഇത് വേദന കുറഞ്ഞ രീതിയെങ്കിലും ചികിത്സാ ചിലവ് മറ്റേതിനേക്കാള്‍ കൂടുതലാണ്. 

ശസ്ത്രക്രിയക്കു ശേഷം മൂന്നോ നാലോ ദിവസത്തില്‍ സാധാരണ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അതിനു ശേഷമുള്ള പരിചരണം അത്യാവശ്യമാണ്. 

ഇവയില്‍ പ്രധാനപ്പെട്ടവ  

മുറിവിന്‍റെ പരിചരണം
മരുന്നുകള്‍ കൃത്യമായി കഴിക്കുക 
ശരീരഭാരം നിയന്ത്രിക്കല്‍ 
ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍  

മുറിവിന്‍റെ പരിചരണം: 

ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം നെഞ്ചില്‍ ഉണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ സമയമെടുക്കും.അത് പോലെ പ്രധാനം ആണ് കാലിലെയോ കയ്യിലെയോ  മുറിവും. 
ദിവസേന ചെറു ചൂട് വെള്ളത്തില്‍ കുളിക്കുക. തിളച്ച വെള്ളം പാടില്ല 
കുളി കഴിഞ്ഞു മുറിവിലെ വെള്ളം തുടച്ച ശേഷം ആന്റിസെപ്ടിക്   (ബീറ്റാടിന്‍ പോലെയുള്ളവ ) ഡോക്ടര്‍ന്‍റെ നിര്‍ദേശം അനുസരിച്ച് പുരട്ടുക 
മുറിവ് എന്നും പരിശോധിക്കുക 
മുറിവില്‍ വേദനയോ ചുവപ്പോ നീരോ ഉണ്ടെങ്കില്‍ ഡോക്ടറിനെ വിവരം അറിയിക്കുക. പനി ഉണ്ടെങ്കില്‍ പ്രത്യേകം അറിയിക്കുക 
മുറിവില്‍ കൈ കൊണ്ട് വെറുതെ തൊടുകയോ ഞെക്കുകയോ അരുത്. 
ലോഷന്‍  പൌഡര്‍ മുതലായവ മുറിവില്‍ പുരട്ടരുത് 
രണ്ടര കിലോയില്‍ കൂടുതല്‍ ഭാരം ഉയര്‍ത്താതിരിക്കുക 
കുട്ടികളെ എടുക്കരുത് 
ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക 
കാല്‍ ഉയര്‍ത്തിവെച്ചു ഇരിക്കാന്‍ ശ്രമിക്കുക ( മുറിവ് കാലില്‍ എങ്കില്‍ )
ഡോക്ടര്‍ നിര്‍ദേശിക്കുന്ന ബാന്ടെജ് അല്ലെങ്കില്‍ സ്റൊക്കിങ്ങ്സ് വൃത്തിയായി ധരിക്കുക 

മരുന്നുകള്‍ കൃത്യമായി കഴിക്കുക:

മരുന്നുകള്‍ കഴിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടവ 

മരുന്നുകളുടെ പേര് ഡോസ് 
എന്ത് മരുന്ന് എന്തിനു കഴിക്കുന്നു?
എത്ര മരുന്ന് കഴിക്കണം?
എപ്പോള്‍ കഴിക്കണം ?
മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ 

ഓരോ തവണ ഡോക്ടറിനെ കാണാന്‍ പോകുമ്പോളും കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് കരുതുക
ഡോക്ടര്‍ ഉപദേശിക്കാത്ത പ്രകൃതിദത്തമായതൊ മറ്റു മരുന്നുകളോ കഴിക്കാതിരിക്കുക. കാരണം ഇവ ചില മരുന്നുകളുമായി ചേരുമ്പോള്‍ പ്രതികൂല ഫലങ്ങള്‍ ആണ് ഉണ്ടാവുക. 
യാത്രയില്‍ മരുന്നുകള്‍ കൂടെ കരുതുക.
പാര്‍ശ്വഫലങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുക 
മുഴുവനായും തീരും മുന്നേ മരുന്നുകള്‍ വാങ്ങി വെക്കുക 
മരുന്നിന്‍റെ ഡോസ് കൂട്ടുകയോ കുറയ്ക്കുകയോ മരുന്ന് നിര്‍ത്തുകയോ ചെയ്യും മുന്നേ തീര്‍ച്ചയായും വൈദ്യ സഹായം തേടണം 
ഒരു നേരം കഴിക്കാന്‍ മറന്ന മരുന്നുകള്‍ അടുത്ത നേരം ഇരട്ടിയായി കഴിക്കും മുന്നേ വൈദ്യസഹായം തേടുക 
രക്തത്തിന് കട്ടി കുറയ്ക്കുന്ന ചില മരുന്നുകള്‍ എടുക്കേണ്ടി വന്നാല്‍ സ്ഥിരമായി രക്ത പരിശോധനക്ക് വിധേയമാകുക 

ശരീരഭാരം നിയന്ത്രിക്കല്‍:

ദിവസവും രാവിലെ ഒരേ സമയം തന്നെ ഭാരം നോക്കുക 
എന്നും എഴുതി വെക്കുന്ന ശരീരഭാരത്തിന്റെ ചാര്‍ട്ട് ഡോക്ടറിനെ കാണിക്കുക 
ഒരുപാട് ഭാര വ്യത്യാസം ഉണ്ടെങ്കില്‍ ഡോക്ടറെ വിവരം അറിയിക്കുക ( ഒന്നര കിലോയില്‍ അധികം)

ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍: 

വ്യായാമം അത്യാവശ്യം ആണ് 
നടക്കുന്നത് വളരെ നല്ലതാണ്. ക്ഷീണിക്കുമ്പോള്‍ നിര്‍ത്തുക. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷം മാത്രമേ നടക്കാവൂ 
മറ്റൊരാള്‍ക്കൊപ്പം മാത്രം നടക്കാന്‍ പോവുക 
ക്രമേണ മാത്രം നടക്കുന്ന ദൂരം കൂട്ടുക 
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക 
മദ്യപാനവും ഒഴിവാക്കുക ഇവയെല്ലാം നമുക്ക് അറിവുള്ളതും അറിയാത്തതും ആയ ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ്.വിമര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്കു വെക്കാന്‍ ആര്‍ക്കെങ്കിലും കഴിയട്ടെ എന്ന് ആശിക്കുന്നു