Sunday, July 29, 2012

ജയിച്ചത്‌ ശാസ്ത്രമോ മനുഷ്യനോ?

മൂന്നാം യാമത്തിന്റെ അവസാന പക്ഷവും കൊഴിഞ്ഞു. പിടഞ്ഞു മരിച്ച നെരിപ്പോടിന്റെ അവശിഷ്ടം ചിതറിക്കിടക്കുന്നു. അകലെ കഴുകന്റെ ചിറകടി ഒച്ചയും നിശബ്ദമായി.ഇനി എനിക്ക് ഇറങ്ങാം.... രാവിന്റെ നിശബ്ദതയിലേക്ക്.... കട്ട പിടിച്ച ഇരുട്ടിലേക്ക്.....ആത്മാവിനു വെള്ള നിറം നല്‍കിയ മനുഷ്യനെ പറ്റിച്ചു ഇരുട്ടിന്റെ കറുത്ത കുപ്പായത്തില്‍ ഒളിച്ചു മറ്റൊരു കറുപ്പായി  ഞാന്‍.

 എഴുതി നിര്‍ത്തി പ്രമോദ്.ഉറക്കം വരുന്നില്ല.ഉറങ്ങിയെ മതിയാവു. നാളെ ജോലിക്ക് പോകേണ്ടതാണ്. കിടക്കയിലേക്ക് ചാഞ്ഞു. കണ്ണുകള്‍ അടച്ചു.കണ്ണിലെ ഇരുട്ടിനപ്പുറം  ഉള്ള ചുവന്ന ലോകത്ത് കഴുകനും കാക്കയും ആത്മാവും മല്‍പ്പിടുത്തം നടത്തി.
" പ്രമോദ് നീ വരൂ ...നമ്മുടെ ലോകം ഇതാണ് ..." ആത്മാവ് അവനെ വിളിച്ചു. കഴുകന്‍ ആരുടെയോ ശവം കടിച്ചു പറിക്കുന്നു. ആരോ ബാക്കി വെച്ച  ബലി ചോറ് ഉണ്ണുന്ന കാക്കകള്‍. .....
" പ്രമോദ് ..നീ വരൂ...പ്രമോദ്..പ്രമോദ് .."

ഞെട്ടി ഉണരുമ്പോള്‍ ആകെ വിയര്ത്തിരുന്നു. അടുത്തിരുന്ന ജെഗ്ഗില്‍ നിന്നും വെള്ളം കുടിച്ചു.സ്വപ്നം ഒന്ന് ഓര്‍ത്തെടുക്കാന്‍  ശ്രമിച്ചു ആത്മാവും കഴുകനും  കാക്കയും. ഇന്നലെ എഴുതി പൂര്‍ത്തിയാക്കാത്ത കഥയുടെ അവശിഷ്ടം ഉപബോധ മനസ്സില്‍ എരിയുന്നതാവാം. ബെഡ് ലാമ്പ്  ഓണ്‍ ആക്കി സമയം വാച്ചില്‍ നോക്കി. അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. കണ്ണട  എടുത്തു വെച്ച്  കട്ടിലില്‍ നിന്നും എഴുന്നേറ്റു.


അടുക്കളയില്‍ പോയി  ചായക്ക്‌ വെള്ളം വെച്ചു. പിന്നെ ബാത്രൂമിലേക്ക്. തിരികെ എത്തുമ്പോള്‍ പാത്രത്തിലെ വെള്ളം ശൂന്യം. ഗ്യാസ് ഓഫ്‌ ആണ്. അടുത്തിരുന്ന കപ്പില്‍ ആവി പറക്കുന്ന ചായ.വീണ്ടും ഒന്ന് വിയര്‍ത്തു പ്രമോദ്. ചുറ്റും നോക്കി. കട്ടിലിന്റെ അടിയിലും അടുത്ത മുറിയിലും എല്ലാം അയാള്‍ എന്തിനോ ആര്‍ക്കോ  ഒരു തിരച്ചില്‍ നടത്തി. പക്ഷെ ഒന്നും ഉണ്ടായില്ല. ആരും ഉണ്ടായില്ല.ഒന്ന് മടിച്ചെങ്കിലും ചായ എടുത്തു ചുണ്ടോടു ചേര്‍ത്തു. ഭിത്തിയില്‍ അവന്‍ തന്നെ എഴുതി വെച്ച വാചകങ്ങള്‍ ഒരു ഉറപ്പിനെന്നോണം ഒരിക്കല്‍ കൂടി വായിച്ചു. 


             " ശാസ്ത്രത്തിനു ആത്മാവില്ല 
                ആത്മാവില്ലാതെ ഈശ്വരനും 
                 ഈശ്വരന്‍ ഇല്ലാത്ത ശാസ്ത്രമേ 
                  നിന്നെ ഞാന്‍  ആരാധിക്കട്ടെ " 


ചായ കുടിച്ചു കുളിക്കുവാന്‍  കയറി പ്രമോദ്.സോപ്പ്  തേച്ചു പകുതി ആയപ്പോഴേക്കും  വെള്ളം നിശ്ചലമായി. കൈകൊണ്ടു ബക്കറ്റും കപ്പും പരതുമ്പോള്‍  ആരോ കയ്യില്‍ വെച്ച് കൊടുത്തു  ഒരു കപ്പു  വെള്ളം.കണ്ണ് തുറക്കാന്‍ ശ്രമിച്ചുവെങ്കിലും സോപ്പിന്റെ നീറ്റല്‍  കാരണം അത് സാധിച്ചില്ല.വേഗം കഴുകി നോക്കുമ്പോള്‍ ആരുമില്ല.ബെഡ് റൂമിന്റെ മേശയില്‍ ബാക്കിയായ നോവല്‍ ഫാനിന്റെ കാറ്റില്‍ ഇളകുന്നു.കുളി വേഗമാക്കി പ്രമോദ്  പുറത്തു ഇറങ്ങി. ആ നോവലിന്റെ താളുകളില്‍ വെള്ളം മഷി മായ്ക്കാന്‍ തുടങ്ങുന്നു.ഭയം സിരകളെ ത്രസിപ്പിച്ചു. കട്ടിലില്‍ ഇടാന്‍ പാകത്തിന് ഷര്‍ട്ടും പാന്റും എടുത്തു വെച്ചിരിക്കുന്നതും താഴെ ഇരുന്ന ഷൂവും അവന്‍ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിച്ചു. ആ നോവലിലേക്ക് നോക്കുമ്പോള്‍  ആ കറുത്ത ആത്മാവ് വിളിക്കുന്നത്‌ പോലെ 
" പ്രമോദ്...നീ വരൂ..." 
ഭിത്തിയില്‍ ഒട്ടിച്ചിരുന്ന പേപ്പറു വലിച്ചു കീറി അവന്‍. വേഗം മുറിക്കു പുറത്തു കടന്നു മുറി പൂട്ടി.


" യേശു ക്രിസ്തു ഈ വീടിന്റെ നായകന്‍ " എന്ന ബോര്‍ഡ്  മുറിക്കു മുന്‍പില്‍ പ്രമോദ് തറക്കുമ്പോള്‍  ഒരു കള്ളതാക്കോല്‍  കൂട്ടം കറക്കി മൂന്നു കൂട്ടുകാര്‍ അടുത്ത മുറിയില്‍  അടക്കി ചിരിച്ചു. 


ഒരു നിരീശ്വര വാദിയെ ഈശ്വരവിശ്വാസി ആക്കിയ സന്തോഷത്തോടെ 

Wednesday, July 4, 2012

ഡയറി

ഓഗസ്റ്റ്‌ 16
പതിവ് ദിനചര്യകള്‍ തന്നെ. ജോലി തിരക്കുകള്‍ കഴിഞ്ഞു സ്മിതയെ വിളിച്ചു. ഉണ്ണി സൈക്കിള്‍ വേണമെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞുവത്രേ ഇന്ന്.അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരുമെന്ന് അവള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ വാശിയില്‍ തന്നെ ആയിരുന്നു. ഒടുവില്‍  കരഞ്ഞു ആണ്   ഉറങ്ങിയതും. ഇപ്പോള്‍ അവന് വാശി കൂടി വരികയാണ്  . അമ്മു സ്കൂളില്‍ പോകുന്നുവെങ്കിലും പഠിക്കാന്‍ ഉള്ളതിലും ഉത്സാഹം ഡാന്സിലാണ്. ഇന്നും സ്മിതയും അമ്മയും തമ്മില്‍ വഴക്കായിരുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. ഭക്ഷണം കഴിക്കാന്‍ തോമസ്‌ വിളിക്കുന്നു...ബാക്കി ...

ഓഗസ്റ്റ്‌ 18 
ഇന്നലെ എഴുതാന്‍ സാധിച്ചില്ല.മദ്യം സിരകളെ ഉറക്കിയപ്പോള്‍ ഡയറിയുടെ താളുകളെ മറന്നു. വീട്ടില്‍ വിളിച്ചു. അമ്മയോട് സംസാരിച്ചു. അമ്മക്ക് മുട്ട് വേദന കൂടി വരുന്നു. ഉണ്ണി അമ്മയെ നല്ലത് പോലെ കഷ്ടപെടുത്തുന്നുണ്ട്  . സ്മിത വേണ്ട വിധം നോക്കുന്നില്ലത്രേ. അവളോട്‌ അമ്മയുടെ പ്രായം കണക്കിലെടുക്കാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കില്ല.അമ്മയോട് പറഞ്ഞാല്‍  തലയിണ മന്ത്രം കേള്‍ക്കുകയാനെന്നും പറഞ്ഞു അമ്മ വഴക്കിടും. എന്നും ഈ വഴക്ക് തന്നെ 

ഓഗസ്റ്റ്‌ 19
സ്മിതയ്ക്ക് പനിയാണ്. ഉണ്ണിയുടെ പിന്നാലെ ഓടി നടന്നു മഴ നനഞ്ഞതാണ്. ആശുപത്രിയില്‍ വിചാരിച്ചതില്‍ കൂടുതല്‍ കാശ് കൊടുക്കേണ്ടി വന്നു. ഈ മാസം എങ്ങനെയെങ്കിലും കൂടുതല്‍ കാശ് അയക്കണം. 

ഓഗസ്റ്റ്‌ 24
ഇടയ്ക്കു ഒരു പറിച്ചു നടല്‍ . കമ്പനിയുടെ ദൂരെയുള്ള ഒരു ബ്രാഞ്ചിലേക്ക്. തിരക്കിനിടയില്‍ ഡയറി മറന്നു. ഇന്നും സുനില്‍ വിളിച്ചിരുന്നു. പെങ്ങളുടെ കല്യാണത്തിന്റെ വാങ്ങിയ കാശ്  തിരിച്ചു കൊടുക്കാന്‍ . പറഞ്ഞ അവധി കഴിഞ്ഞിരിക്കുന്നു. അതിനു ഒരു വഴി കണ്ടെത്തണം. സ്മിതയോടും അമ്മയോടും സംസാരിച്ചു. സ്മിതയുടെ അമ്മായി കല്യാണത്തിന് സമ്മാനം കൊടുത്ത ജിമുക്കി കമ്മല്‍ പണയം വെച്ചിട്ട് കാലം കുറെ ആയി. എടുക്കണം എന്ന് പറഞ്ഞു നോട്ടിസ് വന്നു എന്ന്. അതും എടുക്കണം. അമ്മയുടെ എണ്ണയും കുഴമ്പും തീര്‍ന്നു. മുട്ടുവേദന  കുറവും ഇല്ല. അമ്മുവിന് ഫീസ്‌ കൊടുക്കാനും ആയി വരുന്നു. ഈ മാസം ഓവര്‍ ടൈം കിട്ടുമോ എന്ന്  നോക്കണം. 

സെപ്റ്റംബര്‍ 4
പഴയത് പോലെ കടലാസില്‍ ഭാരം ഇറക്കി വെക്കാന്‍ സാധിക്കുന്നില്ല. ഭാരം ഏറി വരുന്നതാവം കാരണം. കൂടെ ജോലി ചെയ്യുന്നവന്‍  വാങ്ങിയ കാശ് തിരിച്ചു കൊടുക്കാത്തതിനു ചീത്ത പറഞ്ഞു ഇന്ന്. സാരമില്ല അമ്മക്ക് മുട്ട് വേദന കുറഞ്ഞു കാണുമല്ലോ.സ്മിത ഇന്ന് പറഞ്ഞു. അവളോട്‌ ആരോ പറഞ്ഞുവത്രേ ആ കമ്മല്‍ ഇട്ടാല്‍ അവളെ കാണാന്‍ നല്ല ഭംഗി ഉണ്ടെന്നു. ഇനി വരുമ്പോള്‍ അമ്മുവിന് ഒരു വള  വാങ്ങി വരണം എന്നും പറഞ്ഞു. 

സെപ്റ്റംബര്‍ 12
ഓരോ ദിവസവും ജോലി കൂടി വരുന്നു. അതോ ഭക്ഷണം കുറവായതുകൊണ്ട് ജോലി ഭാരമായി തോന്നുന്നതാണോ? നാട്ടില്‍ പോക്ക് തല്‍ക്കാലം മാറ്റി വെച്ച്. ടിക്കെടിന്റെ കാശ് വീട്ടിലേക്കു അയച്ചാല്‍ അമ്മുവിന്‍റെ ഫീസ്‌ ആകും. ഈ കാലത്ത് ഒരു കുട്ടിയെ പഠിപ്പിക്കുക എന്നാല്‍ ഒരു ഭാരം എന്ന് മനസ്സിലാക്കി വരുന്നു. 


പിന്നീടുള്ള പേജുകള്‍ എല്ലാം തന്നെ ശൂന്യം ആയിരുന്നു. ഇന്നത്തെ ഫ്ലൈറ്റില്‍  അയാളുടെ സാധനങ്ങള്‍ അയക്കണം. കൂടെ ഈ ഡയറിയും. "അയാള്‍ടെ പെരെന്താടോ?"
ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നു ഡയറി മറിച്ചു നോക്കി. "ശ്രീകുമാ൪" അതില്‍ നിന്നും ഒരു ഫോട്ടോ താഴെ വീണു.അതില്‍  ചിരിച്ചു നില്‍ക്കുന്ന രണ്ടു കുട്ടികള്‍ ഒരു സ്ത്രീ പിന്നെ ഒരു വൃദ്ധയും. എംബാം ചെയ്യാനായി ശ്രീയുടെ ബോഡി അപ്പോള്‍ മോര്‍ച്ചറിയില്‍ നിന്നും മാറ്റി ട്രോള്ളിയിലേക്ക് കയറ്റി. അപ്പോളും കയ്യിലിരുന്ന ഡയറി ആ ഫോട്ടോയില്‍ ആരൊക്കെയെന്നു മൌനമായി പറയുന്നുണ്ടായിരുന്നു.......