Monday, October 22, 2012

എല്‍മിയുടെ ചില്ലറ പ്രശ്നങ്ങള്‍

" മണിക്കുട്ടീ ..."
" ഈ അപ്പയോട് ഞാന്‍ ഒരുപാട് തവണ ചോദിച്ചു. ഞാന്‍ മണിക്കുട്ടി ആണോ അതോ എല്‍മിയോ?

" ഹ ഹ ഹ ...കണ്ടോടീ അവളുടെ സന്തോഷം ...എന്തൊക്കെയോ പറയുന്നു ...ഹ ഹ ഹ "
" എന്ത് ക ക ക ...എന്ത് കണ്ടിട്ടാ അപ്പ ഈ ചിരിക്കുന്നെ? എന്‍റെയും അപ്പയുടെയും ഈ ഭാഷ വൈരുദ്ധ്യം മാറുന്ന കാലം വന്നാല്‍ എനിക്ക് അപ്പയോട് കുറെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട് ...ആരാ ഈ മണിക്കുട്ടി  ?ആരാ ഈ എല്മി?  ..രണ്ടിലൊന്ന് എനിക്ക് അറിയണം"

ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്നെ ഏതാണ്ട് മനസ്സിലായിക്കാണും. ഞാന്‍ എല്മി ......മണിക്കുട്ടി .....ആ എനിക്കറിയില്ല.വയസ്സ് ഒരു വയസ്സും ... വേണ്ട ...ഏതാനും മാസങ്ങള്‍ക്കകം രണ്ടു ആകും..... എന്‍റെ ഫേസ് ബുക്ക്‌ ഐടി....അല്ലേല്‍ വേണ്ട അപ്പക്ക് പാസ്സ്വേര്ഡ് അറിയാം.
 പറഞ്ഞു പറഞ്ഞു കഥ മാറി കാര്യം മാറി. ഇനി പറയാന്‍ പോകുന്നത് എന്‍റെ ചില പ്രശ്നങ്ങള്‍ ..അതായത് ചില പേര്‍സണല്‍ പ്രശ്നം ആണ് കേട്ടോ. ഇതില്‍ ജീവിച്ചിരിക്കുന്നവരുമായി നല്ല ബന്ധം ഉള്ളവര്‍ ഉണ്ട്. കാരണം അതെന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കണ്ട്രോള്‍ ചെയ്തവര്‍ ആണ്. അപ്പോള്‍ ഇനി കാര്യങ്ങള്‍ അഥവാ പ്രശ്നങ്ങള്‍

മേല്‍പ്പറഞ്ഞ ഭാഷാ വൈരുദ്ധ്യം ഒരു വലിയ പ്രശ്നം തന്നെയാണ്.അടുത്തത് ഏതാണ്ട് അതിനോടടുത്തു നില്‍ക്കുന്നത് തന്നെ. ചേട്ടനും അനിയനും പോലെ...അല്ലെങ്കില്‍ മച്ചാനും മാമിയും പോലെ...

നായിക ഒരു ആന്‍റി ആണ്.വെറും ആന്‍റി എന്ന് പറഞ്ഞാല്‍ പോര ഇറക്കുമതി ശ്രീലങ്കയില്‍ നിന്നുമാണ്. നമ്മടെ രാവണന്‍ അങ്കിളിന്‍റെ നാട് തന്നെ ആണെന്ന് ഇടയ്ക്കിടെ തോന്നാറുണ്ട്. സ്വഭാവം കാണുമ്പോള്‍.  ...

ഈ ആന്‍റിയെ അമ്മ മലയാളത്തില്‍ പാചകവും വാചകവും പഠിപ്പിക്കാന്‍ കഷ്ടപെടുമ്പോള്‍ അപ്പ ഇടയ്ക്കിടെ അമ്മക്കിട്ടൊരു  ആപ്പ് പോലെ തമിഴ് പറയും. മേല്‍പ്പറഞ്ഞ ആന്റി ഭാഗ്യവശാല്‍ എന്നോട് ചില ശബ്ദശകലങ്ങള്‍ ചേര്‍ത്തൊരു ഭാഷയാണ്‌ സംസാരിക്കുക. ആ ഭാഷയും മുഖവും കൂടി കാണുമ്പോള്‍ എനിക്ക് സംശയം ഉണ്ട് ഞങ്ങളില്‍ ആരാണ് കുട്ടി എന്ന്. തീരുമാനം ആകാത്ത ഒരു പ്രശ്നം ആയി അത് അവിടെ അവശേഷിക്കട്ടെ...അടുത്തതിലേക്ക് പോകാം

അമ്മയാണ് അടുത്ത പ്രശ്നം എന്ന് ഞാന്‍ പറയില്ല. പക്ഷെ അപ്പ പറയുന്ന പോലെ അമ്മയുടെ ജോലി ഒരു പ്രശ്നം തന്നെയാണ്. അപ്പ പതുക്കെ പറഞ്ഞത് ഞാന്‍ ഉറക്കെ പറയില്ല...ഇല്ലാന്ന് പറഞ്ഞാല്‍ പറയില്ല ഉറപ്പാ....( പിന്നെ ഫോണ്‍ വിളിച്ചാല്‍ പറയാം ..അപ്പ അപ്പീസില്‍ പോയിട്ടേ വിളിക്കാവു )
ചിന്തിക്കാതെ തീരുമാനം എടുക്കുന്ന കാര്യത്തില്‍ അമ്മ പണ്ടും ഇപോളും കണക്കാ സയന്സാ ...ഇംഗ്ലീഷ് ആണെന്ന് പറയില്ല .....
(അത് അമ്മക്ക് പറ്റിയ പണി അല്ലന്നും അപ്പ ചെവിയില്‍ പറഞ്ഞായിരുന്നു ) ഒരു സിറിഞ്ചും പിടിച്ചു തേരാ പാരാനടന്നാല്‍ നേഴ്സ് ആകാം എന്ന് ആരോ പറഞ്ഞു ജോലിക്ക് പോയ അമ്മ സ്നേഹമുള്ള സഹജോലിക്കാരുടെയും സൂപ്പര്‍ബുദ്ധി ഉണ്ടെന്നു നടിക്കുന്ന ചില സൂപ്പര്‍ വയിസര്‍ മാരുടെയും വയിസിമാരുടെയും എട്ടിന്റെ പണി കാരണം പണി ചെയ്തു നടു ഒടിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഈ പാവം ഞാന്‍ എന്നെ ഒന്നെടുക്കാന്‍ പറഞ്ഞാല്‍ കുറ്റം...ഇതൊരു കുറ്റം ആണോ? നിങ്ങള് പറ ..ആണോ? ആണോന്ന്? ....എന്‍റെ ഭാഷാ വൈരുദ്ധ്യം ....ഹും അമ്മയും ഒന്ന് സൂക്ഷിച്ചോ? ഹല്ലാ പിന്നെ

അപ്പയുടെ ചിരിയിലെ അപകടം അന്ന് എനിക്ക് മണക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അറിയുന്നു ഈ വരുന്നതാണ് വലിയൊരു പ്രശ്നം...അപ്പക്കും അമ്മയ്ക്കും പുറമേ ലഡ്ഡു  കിട്ടിയ ഉറുമ്പിനെ പോലെ ഉള്ള ആന്‍റിയുടെ ചിരി കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചു എനിക്കിട്ടുള്ള പാര പുറപ്പെട്ടു കഴിഞ്ഞു. സ്നേഹത്തോടെയും പതിവ് ചിരിയുടെ മേമ്പൊടി ചേര്‍ത്തും അപ്പ അവതരിപ്പിച്ചു
" മണിക്കുട്ടീ അമ്മയുടെ വയറ്റിലൊരു വാവ ഉണ്ട് ...ഹി ഹി .."
അപ്പ ഫേസ് ബുക്കില്‍ ആര്‍ക്കോ ജീവിതം കൊടുക്കുന്ന തിരക്കിലേക്ക് മടങ്ങവേ  ഇതിനെതിരെയെങ്കിലും  പ്രതികരിച്ചേ മതിയാവൂ എന്നെനിക്കു തോന്നി. മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് അപ്പ എന്ന കശ്മലന്‍ മറ്റുള്ളവര്‍ക്ക് ജീവിതം കൊടുക്കുന്നോ? സമ്മതിക്കില്ല ഞാന്‍ ....
അടുക്കളയിലെ തിരക്കില്‍ അമ്മയും ആന്‍റിയും മടങ്ങവേ ബാത്രൂമില്‍ പോയ അപ്പയുടെ ലാപ്ടോപ്പിലെ എന്റര്‍ ബട്ടണ്‍ പറിച്ചെടുത്ത്‌ താല്‍കാലിക പ്രശ്നത്തിന് ഞാന്‍ ഒരു പരിഹാരം ഉണ്ടാക്കി.

അടുത്ത പ്രശ്നം ഉടനെ ഉണ്ടാവും ...തല്‍ക്കാലം ഒന്ന് ഉറങ്ങുന്നത് നന്നായിരിക്കും

Friday, October 19, 2012

പുകഞ്ഞ കൊള്ളി പുറത്ത്

"നീയെന്താ മിണ്ടാത്തെ?' അവള്‍ കണ്ണടച്ച് കാണിച്ചു. "നിന്നോടാ ഞാന്‍ ഈ ചോദിക്കുന്നെ" വീണ്ടും ഒന്ന് കണ്ണടച്ച് അവള്‍ എണീറ്റ്‌ പോയി.

ദിവസവും വയറു നിറയെ ഭക്ഷണവും ഉറക്കവും അല്ലാതെ വേറൊരു ജോലിയും അവള്‍ക്കില്ല. തിരക്ക് പിടിച്ച ജോലിക്കിടയിലും ഞാന്‍ പൊന്നുപോലെ നോക്കി വളര്‍ത്തിയതാണ് അവളെ. വിശന്നാല്‍ പോലും എന്നെ കരഞ്ഞു ബുദ്ധിമുട്ടിക്കാത്ത ആ അവളാണ് ഇപ്പോള്‍ ഇങ്ങനെ?

ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആരോ അവിടെ നിന്നും ഓടിപോകും പോലെ എനിക്ക് തോന്നിയതാണ്. അവളോട്‌ അതെക്കുറിച്ച് ചോദിച്ചപ്പോളും ഇത് പോലെ കണ്ണടച്ച് കാണിച്ചു രക്ഷപെട്ടതാണ്.ഇത് ഞാന്‍ എങ്ങനെ ഒരാളോട് പറയും? അവളുടെ വയര്‍ വീര്‍ത്തു വരുന്നത് നാലാള്‍ അറിയുക തന്നെ ചെയ്യും.

സ്നേഹപൂര്‍വ്വം ചോദിച്ചു നോക്കാനായി അടുത്ത് വിളിച്ചു. " ഇവിടെ വന്നെ...ഞാന്‍ ചോദിക്കട്ടെ..." അവള്‍ മൈന്റു പോലും ചെയ്തില്ല...സങ്കടം വേറൊരു കൂട്ടുകാരിയോട് പറഞ്ഞു. അവള്‍ ഒരു ഉപായം പറഞ്ഞു തന്നു.
രണ്ടും കല്‍പ്പിച്ചു  ഞാന്‍ ചെന്ന് ചോദിച്ചു.
" ഇന്തി മാലും മലയാളം?" " മ്യാവൂ" അവള്‍ മിണ്ടി.
 ഹോ മൂന്നു കൊല്ലമായി സംസാരിക്കാത്ത കുറിഞ്ഞി മിണ്ടി.ഇത്ര നാളും അവള്‍ എങ്ങനെ മിണ്ടാന? അറബിപൂച്ചക്ക് എങ്ങനെ മലയാളം അറിയാനാ ? ഇനി ഇവള്‍ പെറ്റാലും ചത്താലും എന്റെ പട്ടി നോക്കും.

" housekeeping brother .......please take out this cat from my room"

ഒരു ഫിലിപ്പിനോ ചെക്കന്‍ അവളെ കഴുത്തില്‍ തൂക്കി കൊണ്ടു പോകുമ്പോള്‍ അവള്‍ ദയനീയമായി എന്നോട് എന്തൊക്കെയോ പറഞ്ഞു. ചിലപ്പോള്‍ അവടെ കൊച്ചിന്റെ അപ്പന്റെ പേര് ആയിരിക്കാം.


" ഹാവു...മുത്തശ്ശന്‍ പണ്ട് പറഞ്ഞപോലെ പുകഞ്ഞ കൊള്ളി പുറത്ത്

Tuesday, October 9, 2012

സാത്താനും ശാസ്ത്രവും ഒരു ത്രികോണത്തില്‍

DEVILS TRIANGLE  എന്ന പേരിലെ കൌതുകവും സുഹൃത്തിന്റെ അഭ്യര്‍ത്ഥനയും ശാസ്ത്രവും മിത്തും തമ്മിലുള്ള വടം വലിക്കിടയിലൂടെ സത്യം തേടിയൊരു യാത്ര പോകാന്‍ എന്നെ പ്രേരിപ്പിച്ചു. വരൂ സുഹൃത്തേ നമുക്കന്വേഷിക്കാം......ആവും വിധം

North Atlantic സമുദ്രത്തിന്റെ പശ്ചിമ ഭാഗത്തുള്ള ഒരു സാങ്കല്പിക ത്രികോണം ആണ് ബര്‍മുഡ ട്രയാങ്കിള്‍ അഥവാ ഡെവിള്‍സ് ട്രയാങ്കിള്‍. അമേരിക്കന്‍ ജിയോഗ്രാഫിക് ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ ഒന്നും തന്നെ കാണാന്‍ ഇല്ലാത്ത ഈ ട്രയാങ്കിള്‍  ലോകത്തിനു മുന്നില്‍ കാഴ്ച്ച  വെക്കാന്‍ ഇതിനകം ഒരുപാട് ഭൂപടങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു.

അതില്‍ ഒന്ന് ഇങ്ങനെയാണ്..

ത്രികോണത്തില്‍ ഒരു അറ്റം ബര്‍മുഡ ദ്വീപിലും ഇടതു മൂല അമേരിക്കയിലെ മയാമി (ഫ്ലോറിഡ) യിലും വലത്തേ അറ്റം പുവേര്ട്ടോ റിക്കോ ദ്വീപ സമൂഹത്തിലും ചെന്നെത്തുന്നു


അനേകം കപ്പലുകളും വിമാനങ്ങളും മറ്റും ഈ ത്രികോണത്തിന്റെ പരിധിക്കുള്ളില്‍ വെച്ച് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായെന്ന നിഗമനങ്ങളും വാര്‍ത്തകളുമാണ് ഈ സാങ്കല്പിക ത്രികോണത്തിനെ ഇത്രയും കു-പ്രസിധമാക്കിയത്.

അറിയപ്പെട്ട തിരോധനങ്ങളിലൂടെ
1872 ല്‍  മേരി സെലെസ്റ്റ് എന്നാ കപ്പല്‍ യാത്രക്കാരില്ലാതെ കണ്ടെത്തി.
1918 ല്‍ USS CYCLOPS എന്ന അമേരിക്കന്‍ യുദ്ധകപ്പല്‍  റിയോ ഡി ജെനീറോയില്‍ നിന്നും പുറപ്പെട്ട് ബാര്‍ബഡോസില്‍ എത്തി. ഒരു ദിവസത്തിന് ശേഷം അവിടുന്ന് പുറപ്പെട്ട കപ്പലിന്റെ വിവരം ഇല്ല
1945 ല്‍  US NAVY AVENGERS FLIGHT 19 തിരോധാനം അല്പം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 5 സ്ടുടെന്റ്റ്‌ പൈലറ്റുകള്‍ ഒരു പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറാകുകയും  പരിഭ്രാന്തനായ ഫ്ലൈറ്റ് ലീഡര്‍ ഒരു ദ്വീപ്‌ കണ്ടു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍  നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ കിഴക്ക് ഭാഗത്തേക്ക്‌ തിരിക്കുകയാണെന്നും  ഉടനെ കരയെത്തും എന്നുമാണ് മറുപടി കിട്ടിയത്. പിന്നീടു അവരെ തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്ന് കാണാതെ ആയി .മറ്റൊന്ന് ഫലം ഇല്ലാതെ തിരികെയെത്തി.

1948 ല്‍ ടഗ്ലാസ് DC 3 എന്ന വിമാനം അവസാന മണിക്കൂറില്‍ റേഡിയോ ബന്ധം നഷ്ടപ്പെട്ടു കാണാതെയായി
1955 ല്‍  കൊനെമാറ  എന്നാ കപ്പല്‍ ആളില്ലാതെ കണ്ടെത്തി
1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ ആയി

എണ്ണം ഇല്ലാതെ ഈ കണക്കു തുടരവേ നമുക്ക് മിത്തിലേക്ക് കടക്കാം  

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടെന്നൊരു കൂട്ടം. സിനിമയുടെ കൈ കടത്തലുകള്‍  ഇതിന്റെ ആക്കം കൂട്ടുന്നു.

മറ്റൊരു വാദം ഗ്രീക്ക് പുരാണങ്ങളിലെ സാങ്കല്പിക നഗരമായ അട്ട്ലാന്ട്ടിസിയ എന്നതാണ്. ഇതൊരു പൌരാണിക നഗരം ആയിരുന്നു. വിശാലമായ ഇതിന്റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .

ഇതുവരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തതും നിര്‍വചിക്കപെടാന്‍ ആവാത്തതും  ആയ ചില ശക്തികള്‍ എന്നും ഒരു കൂട്ടം പറയുന്നു.

ഇനി ശാസ്ത്രത്തിലേക്ക്

കോമ്പസ് വ്യതിയാനം - കോമ്പസ് ഉപയോഗിക്കുകയും അതിന്റെ ശാസ്ത്രീയത അറിയുകയും ചെയ്യുന്നവര്‍ക്ക് ഭൂമിയുടെ കാന്തിക ധ്രുവത്തിന്റെ പ്രത്യേകതകളും അറിയാം.യഥാര്‍ത്ഥ വടക്ക് ദിശയും കാന്തിക വടക്ക് ദിശയും തമ്മില്‍ ചെറിയ വ്യത്യാസം ഉണ്ട്. ഇവ രണ്ടും കൊമ്പസ്സില്‍ ഒരു പോലെ വരുന്ന സ്ഥലങ്ങള്‍ ഇല്ല. എന്നാല്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്ന സ്ഥലത്ത് ഇത് കൂടുതലാണ്.

ഗള്‍ഫ് സ്ട്രീം - സമുദ്രത്തിന്റെ അടിയില്‍ പുഴ പോലെ ശക്തിയായ് വെള്ളം ഒഴുകുന്ന പ്രതിഭാസം ആണിത്. മെക്സിക്കന്‍ തീരം മുതല്‍ ഫ്ലോറിടക്ക് സാമാന്തരമായി  വടക്കേ അട്ട്ലാന്ട്ടിക് സമുദ്രം വരെ ഒഴുകുന്ന ഈ സ്ട്രീം വളരെ അപകടകാരിയും എന്തിനെയും ഒഴുക്കി കൊണ്ടുപോകാന്‍ കഴിവുള്ളതുമാണ്.
കാലാവസ്ഥ - ചുഴലിക്കാറ്റുകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണിത്
നരഭോജി മത്സ്യങ്ങള്‍ - ധാരാളമായി കാണുന്നു
മീതെയ്ന്‍ ഹൈഡ്രെറ്റ്- പരീക്ഷണ ശാലകളില്‍ തെളിയിക്കപ്പെട്ടതാണ് ഇത് വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുമെന്ന്. ഈ പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ് സ്ട്രീമില്‍ എത്തിക്കുകയും ചെയ്യുന്നു.


പല കപ്പലുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്തിട്ടുണ്ട് . സ്രാവുകളുടെ പല്ലിന്റെ പാടുള്ള അനേകം ലൈഫ് ജാക്കറ്റുകളും ഇതില്‍പ്പെടും.



ശാസ്ത്രം ശരി എന്ന് ഞാന്‍ വാദിച്ചാല്‍ ഈ ശാസ്ത്രം പറഞ്ഞതിനെല്ലാം കാരണം മിത്ത്  എന്ന് അവര്‍ വാദിക്കും ..മിത്ത് ശരിയെന്നു വാദിക്കാന്‍ ശാസ്ത്രം സമ്മതിക്കുന്നുമില്ല....കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു

Friday, October 5, 2012

പുതിയൊരു തട്ടത്തിന്റെ മറയത്ത്

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്ന ആ  സ്ത്രീയുടെ മനസ്സ് എന്തെന്ന് ഒന്ന് ഊഹിക്കുവാന്‍ പോലും എനിക്കായില്ല ... ഒരു പക്ഷെ  ആര്‍ക്കും അത് സാധിച്ചെന്നു വരില്ല എന്നെനിക്കു തോന്നി   . ഒരുപക്ഷെ ജീവിതം പങ്കിട്ടവന്റെ കിടപ്പില്‍ ഉണ്ടായ നിരാശയാവാം ...അതോ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോ? അതും അല്ലെങ്കില്‍ ഒരു തരം പുച്ഛം ആവാം. എന്തൊക്കെയോ നേടുവാന്‍ ഇറങ്ങി തിരിച്ചു  ഇവിടെ  എത്തിയപ്പോള്‍ ....എനിക്കത് വിവേചിച്ചറിയാന്‍ ആവുന്നില്ല
---------------------------------------------------------------------------------------------------------

ഒരു പുരുഷന് നാല് സ്ത്രീകള്‍ക്ക് വരെ സംരക്ഷണം കൊടുക്കാന്‍ ആവുമെന്ന് പറഞ്ഞ പരിശുദ്ധ ഖുറാനെ മാതൃക ആക്കിയവര്‍. ഭാര്യയെപ്പോലെ ഭാര്യാ സഹോദരിമാരെയും കാമ സര്‍പ്പ ദംശം ഏല്‍പ്പിച്ചപ്പോള്‍ നഷ്ടമായത് ഖുറാന്റെ വിശുദ്ധിയല്ല മറിച്ച് മനുഷ്യന്റെ വിവേചന ശക്തിയുടെ അധ:പതനമാണ്.
---------------------------------------------------------------------------------------------------------

ഒരു തരം ആസക്തി ആയിരുന്നു അയാള്‍ക്ക്‌ ജീവിതത്തോട്. എന്തും വെട്ടിപിടിച്ചു ആരെയും ദ്രോഹിച്ചു ജീവിതം കയ്യടക്കാനുള്ള ആസക്തി. ഒടുവില്‍ ഈ ഐ സീ യു വിന്റെ യന്ത്രങ്ങളാല്‍ ആ ശരീരം പ്രവര്ത്തിപ്പിക്കേണ്ടി വന്ന അവസ്ഥയില്‍ എത്തും വരെ അയാള്‍ പൊരുതി.
---------------------------------------------------------------------------------------------------------

അഞ്ചു നേരം നിസ്കരിക്കുമ്പോഴും റമദാന്‍ നോമ്പ് കൃത്യമായി പാലിക്കുമ്പോഴും സക്കാത്ത് കൊടുക്കുമ്പോഴും മാത്രമല്ല ഒരുവന്‍ ഇസ്ലാം ആകുന്നത്. സഹജീവിയോടു കരുണ ഉണ്ടാകണം പൊറുക്കാനും ക്ഷമിക്കാനും കഴിയണം. മതപരിവര്‍ത്തനം ചെയ്തവന്റെ തല കൊയ്യുന്നതിലെ ഇസ്ലാമികത എനിക്ക് ദഹിക്കില്ല
---------------------------------------------------------------------------------------------------------

  അവരുടെ പേര് എനിക്കറിയില്ല, സാധാരണ മുസ്ലിം  സ്ത്രീകളുടെ പേര് പോലെ നമുക്ക് അവളെ  ആയിഷ എന്ന് വിളിക്കാം.ഉന്നത കുടുംബത്തിലെ നല്ല വിദ്യാഭ്യാസം ലഭിച്ച സ്ത്രീ. പുറം ലോകം കാണാതെ വിദ്യ അഭ്യസിച്ചവള്‍ എന്ന് ഞാന്‍ പ്രത്യേകം പറയട്ടെ .ജീവിതം മതത്തിനു കാഴ്ച്ച  വെച്ചവള്‍ അതുമല്ലെങ്കില്‍ മതം വിലങ്ങു അണിയിച്ചവള്‍.
---------------------------------------------------------------------------------------------------------

 ഖുറാന്‍ ഒരിക്കലുമൊരു സ്ത്രീയെ പുറം ലോകം കാണിക്കരുതെന്ന് പറഞ്ഞിട്ടില്ല. മറിച്ച്  തല മൂടിയിട്ട് പ്രാര്‍ത്ഥിക്കാത്ത സ്ത്രീ അവളുടെ ശിരസ്സിനെ അപമാനിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. മനുഷ്യന്‍ അതിനൊരു പുത്തന്‍ നിര്‍വ്വചനം നല്‍കി
---------------------------------------------------------------------------------------------------------

അറബിയുടെ അത്തറിന്റെ മണം ഇഷ്ടമായ വീട്ടുകാര്‍ അവളെ അയാള്‍ക്ക്‌ നല്‍കുമ്പോള്‍ അവള്‍ക്കു പ്രായം ഇരുപത്തി ഒന്നും അയാള്‍ക്ക്‌ നാല്‍പ്പത്തി മൂന്നും.ഇസ്ലാം കുടുംബത്തിലെ പതിവ് പോലെ ഇഷ്ടം ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല .അവള്‍ക്കു അയാളുടെ കയ്യും ചുണ്ടുമെല്ലാം ശരീരത്തില്‍ പടര്‍ന്നു കയറിയ തീ മാത്രം ആയിരുന്നു. അയാള്‍ക്കും അവള്‍ മറ്റു മൂന്നു ഭാര്യമാരെ പോലെ കേവലമൊരു യന്ത്രം ആകാന്‍ അധികം താമസം വന്നില്ല.
---------------------------------------------------------------------------------------------------------

ഖുറാനില്‍ പറയുന്നു സ്ത്രീക്കും പുരുഷനും തുല്യത എന്ന്. പക്ഷെ പുരുഷന്‍ അവളുടെ രക്ഷ കവചം ആണ് അവളാകട്ടെ അവന്റെ നിഴലില്‍ ജീവിക്കേണ്ടവളും. മനുഷ്യന്‍ ഇവിടെയും നിര്‍വ്വചനം മാറ്റി എഴുതി

---------------------------------------------------------------------------------------------------------

പണം ഉന്മത്തന്‍ ആക്കുമ്പോള്‍ പേ പിടിച്ച നായയെ പോലെ ആയിരുന്നു അയാള്‍... നാലാം ഭാര്യയെ മറ്റൊരു അറബിക്ക് കാഴ്ച വെച്ച് ആ പണം മുഖത്തോട് അടുപ്പിച്ചു അലറി ചിരിക്കുന്ന അയാളെ മറ്റൊരുവന്‍റെ  കിടപ്പറയില്‍ കിടന്നു കണ്ടവള്‍ ആണ് ആയിഷ. നിശബ്ദം സഹിക്കേണ്ടി വന്നതിനും അവള്‍ക്കു മറുപടി ഒന്ന് മാത്രം അവള്‍ ഇസ്ലാം ആണ്
---------------------------------------------------------------------------------------------------------

ഖുറാനും സുന്നത്തും അനുശാസിക്കുന്ന സാന്മാര്‍ഗ്ഗിക ഗുണങ്ങളായ  ആത്മാര്‍ഥത പരസ്പര സ്നേഹം  കരുണ സഹാനുഭൂതി  മിതവ്യയം ധര്‍മ്മനിഷ്ഠ  സത്യസന്ധത തുടങ്ങിയവയെല്ലാം സാംസര്‍ഗ്ഗിക നിയമങ്ങളുടെ പരിധിയില്‍ വരുന്നു.മാതാവ് പിതാവ് ഭാര്യ ഭര്‍ത്താവ് മക്കള്‍ അയല്‍വാസികള്‍ വലിയവര്‍ ചെറിയവര്‍ തുടങ്ങിയവരോട് പാലിക്കേണ്ട മര്യാദകളും ഇതിന്റെ ഭാഗമാണ്
---------------------------------------------------------------------------------------------------------

ഒടുവില്‍ ഒരുനാള്‍ അയാള്‍ കടിച്ചു മുറിച്ച ചുണ്ടിലെ രക്തം അയാളുടെ മുഖത്തേക്ക് തുപ്പിയവള്‍  ഇറങ്ങി ഓടി.മതം അവളെ വലിച്ചിഴച്ചു ഭ്രാന്തിന്റെ തുറങ്കിലടച്ചു. ഒടുവില്‍ ഒരുപാട് കാലത്തിനു ശേഷം അവള്‍ വന്നതാണ് അയാളെ കാണാന്‍... ഇപ്പോള്‍ അവരുടെ ഭാവം എനിക്ക് മനസ്സിലാകുന്നില്ല
---------------------------------------------------------------------------------------------------------

 വെന്റിലേറ്ററില്‍ അവസാന പിടച്ചില്‍ നടത്തുന്ന അയാളെ കാണുമ്പോള്‍  മറ്റൊരു ഖുറാന്‍ വചനം ഞാന്‍ കടമെടുക്കട്ടെ


" അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനാണെന്നും കരുണാനിധിയും ആണെന്നും നിങ്ങള്‍ മനസ്സിലാക്കുക "