Monday, November 28, 2011

ആത്മ സംവാദം

" ഞാന്‍ ദീപ. നീ ആരാണ്?"
" ഞാന്‍ നിന്‍റെ ആത്മാവ്."
"ആത്മാവോ? അതൊരു സങ്കല്‍പമല്ലേ? നീയെങ്ങനെ എന്‍റെ ആത്മാവാകും?"
"നീ ശ്വസിക്കുന്ന വായു സങ്കല്പമാണോ?"
"വായുവില്‍ ഒരുപാട് കാര്യങ്ങള്‍ ശാസ്ത്രം കണ്ടു പിടിച്ചതാണ്.ആത്മാവെന്നത് ആര് കണ്ടു?"
" തര്‍ക്കം പരിഹാരമാകില്ല.വരൂ നമുക്കൊരു യാത്ര പോകാം."
"എവിടേക്ക്?"
"വരൂ..."
"ഞാന്‍ വരുന്നില്ല..."
"നീ വരും...വരാതിരിക്കാന്‍ നിനക്കാവില്ല....നോക്ക് നമ്മള്‍ ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞു."
" നിനക്കെന്തു വേണം? നീയെന്നെ എവിടെക്കാണ്‌ കൊണ്ട് പോകുന്നത്? "
" നീ അവിടേക്ക് നോക്ക്...ഒരാള്‍ തിരക്കിട്ട് കുറെ കടലാസ്സുകള്‍ അടുക്കുന്നത് കണ്ടുവോ നീ?...അവരുടെ അരികിലേക്ക് പോകാം നമുക്ക്."
" നിങ്ങള്‍ എന്താണീ ചെയ്യുന്നത്? എന്താണീ കടലാസ്സുകള്‍?ഇവ നിങ്ങളെക്കാള്‍ ഉയരത്തില്‍ ഈ മുറിയും കവിഞ്ഞല്ലോ?"
"ഇവയെല്ലാം മനുഷ്യന്റെ തെറ്റുകളുടെ കണക്കുകളാണ്.ഇത് പോലെ അനേകായിരം ആളുകള്‍ അനേകായിരം മുറികളിലായ് ഇത് പോലെ കണക്കുകള്‍ നോക്കുകയാണ്.എന്നെ ശല്യപെടുതാതെ  ഇരിക്ക്.ഇന്ന് ഞാന്‍ തിരക്കിലാണ്."
" വരൂ..നമുക്ക് അടുത്ത ആളിന്റെ അടുത്തേക്ക് പോകാം."
"ഹേ ....താങ്കളെന്താ ഉറങ്ങുകയാണോ?ഒരാളവിടെ കഷ്ടപെടുമ്പോള്‍ ഉറങ്ങുവാന്‍ തനിക്കെങ്ങനെ കഴിയുന്നു?"

" ഹ ഹ കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് അവനെക്കാള്‍ തിരക്കിലായിരുന്നു ഞാന്‍.സത്യത്തിന്റെയും നേരിന്റെയും കണക്കെടുപ്പുകാരനാണ് ഞാന്‍..ഇന്ന് ഞാന്‍ വിശ്രമിക്കട്ടെ.."
" അയാള്‍ വീണ്ടും ഉറങ്ങുന്നുവോ?.."
"ഇനിയും ഉണ്ട് കാഴ്ച്ചകള്‍ ...മുന്നോട്ടു നടക്കു.."
" ഒരു മുറി ആണല്ലോ ഇതും...പക്ഷെ ഒരുപാട് ആളുകള്‍.പലരുടെയും മുന്‍പില്‍ പലതരം കടലാസ്സുകള്‍.അവയില്‍ വലിപ്പം കൂടിയ കെട്ടുകളും വലിപ്പം കുറഞ്ഞവയും.......ഇതെന്താണ്? "
"വരൂ...നമുക്ക് അവരോടു ചോദിക്കാം..."
"ഇതെല്ലാം അപേക്ഷകളാണ്..ഭൂമിയില്‍ നിന്നുള്ള അപേക്ഷകള്‍.."
"എന്തിനു?"
"ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പെടുതാതിരിക്കുവാനുള്ള ഉറ്റവരുടെ അപേക്ഷകള്‍..."
'പക്ഷെ......" 
"നിന്റെ സംശയം ശരിയാണ്...ഇത് നിന്റെ പേരിലുള്ള അപേക്ഷകളാണ്.." 
" അപ്പോള്‍ ഞാനും...?എന്റെ കൂടെ വന്ന ആത്മാവ് എവിടെ?...ഞാന്‍ ഇപ്പോള്‍ എവിടെയാണ്..?"
നെടുവീര്‍പ്പോടെ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു പ്രാര്‍ത്ഥനകള്‍ക്കു ഒടുവില്‍ ചേതനയറ്റ ജഡം അഗ്നിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നവരെ....

ഒരു കടലാസ്സു കൂമ്പാരം കണക്കു ഒതുക്കി അയാള്‍ വീണ്ടും അടുത്ത കെട്ട് എടുത്തു

Thursday, November 17, 2011

ഗംഗയുടെ ദുഃഖം

ഗംഗയുടെ ദുഃഖം ആര് അറിയുവാനാണ്?
രുദ്ര താണ്ടവമാടുന്ന സംഹാര മൂര്‍ത്തിയുടെ ജടയിലെ ഗംഗയാണു ഞാന്‍
മഹേശ്വര നീയെന്നെ അറിയാത്തതെന്തേ?
നിന്‍റെ  ജടയിലിരുന്ന എന്നെ നീ കാണാതെ പോയതോ?
അഗ്നിയായ് ജ്വലിച്ച നിന്‍റെ  ഉള്‍കണ്ണിനു കുളിര് പകര്‍ന്നവളല്ലേ  ഈ ഗംഗ
പാര്‍വതിയുമായ് നീ കൈലാസ ശ്രിംഗങ്ങളില്‍ കാമകേളിയാടുമ്പോള്‍ നിന്‍റെ ജടയില്‍ ഈ ഗംഗ ഉണ്ടായിരുന്നു
പലകുറി മഹേശനെ കാണുവാന്‍ മഹാവിഷ്ണുവും ലക്ഷ്മിയും വന്നപ്പോളും  ഈ ഗംഗയുടെ മനം നീറുകയായിരുന്നു
ഒടുവില്‍ മോഹിനിയായ് വന്ന വിഷ്ണുവിനെ കണ്ടു അവിടുന്ന് മോഹിച്ചപ്പോളും ഈ ഗംഗയെ അറിയാത്തതെന്തേ ശിവനെ?
ഗംഗക്കു കരയുവാനാവില്ലലോ  ...കണ്ണീരിവിടെ പ്രളയം തീര്‍ക്കുകില്ലേ?
നിനക്കായി ദേവാ ഈ ഗംഗ ഒഴുകാം......
എന്‍റെ കരച്ചില്‍  എന്‍   കണ്ഠത്തില്‍ ഒതുക്കി  
നിശബ്ദമായി ഒഴുകി ക്കൊള്ളാം ....
 ഒരിക്കലെങ്കിലും ഈ ഗംഗയുടെ  ദുഃഖം നീ അറിയുമോ മഹേശ്വര

Wednesday, November 16, 2011

ഇരുട്ട് (കവിത )

അരുണാഭമാര്‍ന്നോരീ  സന്ധ്യക്ക് ശേഷമീ
ഇരുളിന്‍റെ  തോഴിയാം രാവു വന്നു 
പകലിന്‍റെ സ്വപ്നം കവ൪ന്നെടുത്തിന്നു  നീ 
ഇരുളിന്‍റെ  രാവിനു കൂട്ട് നല്‍കി 
ഭീതിയാണെനിക്കീ   നിശബ്ദതയില്‍  ഉറങ്ങുവാന്‍ 
മാതാവ് ഉപേക്ഷിച്ചോരുണ്ണിയെപ്പോല്‍
അട്ടഹാസങ്ങളും ആര്‍ത്ത നാദങ്ങളും 
കര്‍ണ്ണ കഠോരമാംആക്രോശവും
ഭാന്തന്‍റെ  ജല്‍പനമെന്നോര്‍ത്തു നീ 
അവഗണനയോടെ തിരിഞ്ഞു നടക്കവേ 
അകലെയാ ഇടവഴികളില്‍ എവിടെയോ 
മാനത്തിനായ് കേണ നിന്‍റെ സഹോദരി 
വാരിപ്പിടിച്ച കീറിയ തുണിക്കഷണവും 
മിഴിനീരോഴുക്കി നനഞ്ഞ  തലയിണയും 
ഭീതി ജനിപ്പിക്കുന്നെന്നില്‍ സഹോദര 
നിന്നെയും ഈ രാവിനെയുമൊരുപോലെ

ഭീതിയാണെനിക്കീ   നിശബ്ദതയില്‍  ഉറങ്ങുവാന്‍ 
മാതാവ് ഉപേക്ഷിച്ചോരുണ്ണിയെപ്പോല്‍