Wednesday, December 19, 2012

ഓര്‍മ്മത്തുള്ളികള്‍

"  കാലത്തിനൊരു  ഗുണമുണ്ട്. പലതും മായ്ക്കാനും മറയ്ക്കാനും ഉള്ളൊരു കഴിവ്"
" ക്രിസ്റ്റഫര്‍ നീയെന്തിനു കാലത്തെ പഴിക്കുന്നു? നീ ചെയ്തു കൂട്ടിയത് മറന്ന് കാലത്തിന്‍റെ നേര്‍ക്കെന്തിനീ ആക്രോശം? "
" സെലീന ..നീ കാണുന്നുവോ ഈ മഴത്തുള്ളികള്‍? ശക്തിയായി  പെയ്യുന്ന അവയ്ക്ക് ആരോടാണ് ദേഷ്യം ? എന്നോടാവുമോ ?"
" ക്രിസ്റ്റഫര്‍ ..നിങ്ങള്‍  വളരെ ക്ഷീണിതനാണ് ...ഇവിടെ വന്നു കിടക്കു ...നിങ്ങളുടെ ശ്വാസം പോലും വേഗത്തിലാണ്."
" ഇല്ല സെലീനാ ..നീ നോക്കൂ ..ഈ മഴയ്ക്ക് എന്ത് തണുപ്പാണ്..അതിന്‍റെ പ്രഹരമേറ്റ്‌ ഈ പുഷ്പങ്ങള്‍ തളര്‍ന്നു  പോവുകയാണ്"
" വെറുതെ ഭ്രാന്തു പുലമ്പാതെ  നീ വന്നു കിടക്കു ക്രിസ്റ്റഫര്‍ "
" സെലീനാ ..നീ ഓര്‍ക്കുന്നുവോ നമ്മുടെ പഴയ ജീവിതം ...ആ തണുത്ത പ്രഭാതങ്ങള്‍ ..അവയെത്ര മനോഹരമായിരുന്നു ....എന്നും നീ ഇതുപോലെ വഴക്കിട്ടിരുന്നു...എങ്കിലുമെനിക്കൊരു അസുഖം വന്നാല്‍ നീ ഓടി വരുമായിരുന്നു....അന്നും ഇത് പോലെ തന്നെ "
" നിങ്ങള്‍ ഒന്ന് മനസ്സിലാക്കൂ ക്രിസ്റ്റഫര്‍ ..ഞാന്‍ നിങ്ങളെ പരിചരിക്കുവാന്‍  വന്ന പഴയ പ്രണയിനി അല്ല...ഇതെന്‍റെ ജോലിയുടെ ഭാഗം മാത്രമാണ്.ഇത് തീര്‍ത്തു ഞാന്‍ പോവുകയും ചെയ്യും "
" നിനക്കിനി ഒരിക്കലുമെന്നെ വിട്ടു പോകുവാന്‍ ആവില്ല സെലീനാ ....നമ്മുടെ പഴയ നാളുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ എന്നോണം പെയ്ത ഈ മഴയും സാക്ഷി "
" മറ്റൊരാളുടെ ഭാര്യയാണ് ഞാന്‍ എന്ന സത്യം നിങ്ങള്‍ മറന്നതോ മറക്കാന്‍ ശ്രമിക്കുന്നതോ? "
" കുളിരുള്ള പ്രഭാതങ്ങളില്‍ നീ എന്നെ ഉണര്‍ത്തുവാന്‍ വന്നിരുന്നത് ഓര്‍ക്കുന്നുവോ നീ ? തണുത്ത വിരലുകള്‍ എന്‍റെ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ നിന്നെ കൊല്ലുവാന്‍ പോന്ന ദേഷ്യം ഉണ്ടായിരുന്നു എനിക്ക് "
" ക്രിസ്റ്റഫര്‍ ..ഞാന്‍ അല്പം കഞ്ഞിയെടുക്കാം ..മരുന്നുകള്‍ ഒരുപാട് കഴിക്കേണ്ടതാണ് "
" നീ എന്റെ അരികില്‍ ഇരിക്കൂ സെലീനാ ..പണ്ട് ഈണവും താളവും അറിയാതെ നമ്മള്‍ പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നുവോ നീ? ഗായകരെ വിമര്‍ശിച്ചു നാം വികൃതമാക്കിയ പാട്ടുകള്‍ ...ഹ ഹ "
" ക്രിസ്റ്റഫര്‍ ...പ്രായമാകുമ്പോള്‍ മനസ്സ് ചെറുപ്പമാകാന്‍ വെമ്പല്‍ കൊളളും ..അതിന്‍റെ ഭാഗമാണീ ഓര്‍മ്മകള്‍ എല്ലാം ..ഒരിക്കലും സഫലമാകാന്‍ പാടില്ലായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ .....അവയെ നാം അഗ്നിയില്‍ ഹോമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...വീണ്ടും നിങ്ങള്‍ ..."
"ആര് ഹോമിച്ചു? നിന്‍റെ പുരുഷനുള്ളതാണ് ഈ ശരീരം എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ സ്വതന്ത്രയാക്കിയത് വിശുദ്ധിയോട് കൂടി നീ എന്റേത് ആകുമെന്ന പ്രതീക്ഷയിലായിരുന്നു...പക്ഷെ ..നീ "
"ക്രിസ്റ്റഫര്‍ നീയാണ് എന്നെ അകറ്റിയത് ...ഞാനായി ഒന്നും .."
" എനിക്കറിയാം സെലീനാ ..പക്ഷെ നീ...നീയതിനു കാരണം ഉണ്ടാക്കുകയായിരുന്നില്ലേ?"
" ഒരിക്കല്‍ നീ എന്നോട് പറഞ്ഞു നമ്മുടെ ബന്ധം തകരാന്‍ കാരണം നമ്മുടെ മതം  തമ്മിലുള്ള വലിയ അന്തരം ആണെന്ന് ..എന്നാല്‍ പിന്നീടൊരിക്കല്‍ എന്‍റെ  വഴിവിട്ട സൗഹൃദം ആണ് കാരണം എന്നും നീ കണ്ടെത്തി "
" അതെ ..നിന്‍റെ സൌഹൃദങ്ങള്‍ മാത്രമായിരുന്നു എന്‍റെ പ്രശ്നം ..ഒരുപാട് സുഹൃത്തുക്കള്‍  നിന്നെ മത്സരിച്ചു സ്നേഹിക്കുമ്പോള്‍ നീ എന്നെ മറന്നു പോകുമെന്ന ഭയം .....അതില്‍ നിന്നെ ഞാന്‍ വിലക്കുമ്പോള്‍  നീ എന്നോടുള്ള അകലം ഒരുപാട് കൂടുതലാക്കി"
" എങ്ങനെയുമാകട്ടെ  ക്രിസ്റ്റഫര്‍ ..നിങ്ങള്‍  എന്‍റെ  സുഹൃത്തുക്കളില്‍ ഒരുവളെ ജീവിത സഖിയാക്കിയപ്പോള്‍ നിങ്ങളോടെനിക്ക് വെറുപ്പാണ് തോന്നിയത്...പിന്നീട് സഹതാപവും.."
" ഒരു വാശിയായിരുന്നു സെലീനാ നിന്നോടെനിക്ക് ...നിന്‍റെ സുഹൃത്തിനെത്തന്നെ വിവാഹം ചെയ്തതും അത് കൊണ്ടാണ് ... പക്ഷേ ..... നിന്നെ പോലെ ആകുവാന്‍ അവള്‍ക്കൊരിക്കലും ആയില്ല .."
" എന്നെ പോലെ ഒരുവളെ പ്രതീക്ഷിച്ചതാണ് നിങ്ങള്‍ ചെയ്ത തെറ്റ് ...ജീവിതം താളം തെറ്റിയതും അവിടെ നിന്നാണ് "
" നിന്നെപോലെയാകുവാന്‍ നിനക്ക് മാത്രമേ കഴിയു എന്ന് അറിയുവാന്‍ ഏറെ വൈകി. അപ്പോഴേക്കും അവള്‍ എന്‍റെ  കുട്ടികളുമായി എന്നെ  ഉപേക്ഷിച്ചു പോയിരുന്നു."
" ക്രിസ്റ്റഫര്‍ ..കഴിഞ്ഞത് കഴിഞ്ഞു..അവളോടുള്ള വാശിയെങ്കിലും പണം സമ്പാദിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുവല്ലോ? അതുകൊണ്ട് എന്നെ ഒരു പരിചാരികയായി വിലക്ക് വാങ്ങുവാന്‍ നിങ്ങള്‍ക്കായി"
" അരുത് സെലീനാ നീ അങ്ങനെ പറയരുത്..നിന്നെ വിലക്കെടുക്കാനുള്ള പണം ഒരിക്കലും ഞാന്‍ സമ്പാദിചിട്ടില്ല. അത് മാത്രം എനിക്കായില്ല. "
" മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു ..വരൂ നമുക്ക് മുറിയിലേക്ക് പോകാം"
" വേണ്ടാ ഈ മഴ എനിക്ക് നനുത്ത ഓര്‍മ്മകള്‍ നല്‍കുന്നതാണ്..ഈ കുളിരില്‍ ഒരിക്കല്‍ കൂടി നനയുവാനായെങ്കില്‍ ...സെലീനാ നീ എന്റെ അടുത്ത് വന്നൊന്നിരിക്കുമൊ? ഇനിയൊരിക്കലും ഒരു പക്ഷേ ..ഒന്ന് വരൂ ..."
" ക്രിസ്റ്റഫര്‍ ...."
" സെലീനാ നീ ആ പാട്ട്  ഒന്ന് പാടൂ ....നമ്മള്‍ ഈണവും താളവുമില്ലാതെ പാടിയ ആ പാട്ട് ..."


ഒരു യുഗ്മ ഗാനം മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു ചേരവേ ...സെലീന പോലും അറിയാതെ ആ ശബ്ദം മഴയിലേക്ക്‌ നിശബ്ദമായൊഴുകി