Monday, March 28, 2011

Sunday, March 27, 2011

സമ്മാനം

" ജമാലിന് ഈ തവണ ക്ലബ്ബുകാര് സമ്മാനം കൊടുക്കുന്നു....എന്തിനാണെന്നോ...ഓന് കഥ എയുത്ത് മത്സരത്തില്‍ പഷ്ട് കിട്ടിന്നു...ഇങ്ങളിത് വല്ലതും അറിഞ്ഞോ മനുഷ്യാ...? " നസീമ ബീരാങ്കുട്ടിടെ തല തിന്നുവെന്നു തന്നെ പറയാം..."ഓനെ എല്ലാരും എത്തോക്കേയ പറഞ്ഞെക്കനെത്? നിക്ക് അറിയാരുന്നു ഓന്‍ പഷ്ട് കിട്ടുന്ന്..ഓന്‍ എന്റെ മോനാ..."

ഇതെല്ലാം കേട്ട് ഒരക്ഷരം മുണ്ടാതെ..കോലായില്‍ ഇരിക്കുന്നു നമ്മുടെ കഥ നായകന്‍..അതെ ജമാല് തന്നെ...ഓനെ ക്കുറിച്ച് ഇനി ഞമ്മ എന്ത് പറയാന്‍..ഓന്റെ ഉമ്മ പറഞ്ഞത് ഇങ്ങളും കേട്ടില്ലേ? എന്നാലും ജമാലൊരു സകല കലാ വല്ലഭന്‍ എന്ന് പറയാതെ തരമില്ലട്ടോ...ഒരു പാട് പോലും വീയാതെ ഒരു പ്രേമലേഖനം അഞ്ചു  പെണ്‍കുട്ട്യോള്‍ക്ക് കാര്‍ബണ്‍ പേപ്പറ് വെച്ച്  എയുതിയ മിടുക്കനാ ഓന്‍...

      ഇനി ഇങ്ങളോട്.....ഞമ്മന്റെ മുത്താട്ടോ ഈ ജമാല്..ഓന് സമ്മാനം കിട്ടിയത് ഞമ്മക്ക് ആഗോഷമാണ്...ഈ നാടിന്‍റെ ...സ്വന്തം പഞ്ചാര കുട്ടനാണു നമ്മുടെ ജമാല്...ഓന്റെ വിജയം നമ്മടെ വിജയമല്ലേ? 
  ഇസ്കൂളിന്റെ മുറ്റത്താണ് ചടങ്ങ്..ഇങ്ങളും ബരണം കേട്ടാ..ജമാലിന്റെ  ഉമ്മ   നസീമ മീന്‍ വിക്കാന്‍ വന്ന മമ്മുനോട് പറഞ്ഞു..

 അല്ല ഇതെല്ലം കേട്ടിട്ടും ഞമ്മന്റെ മുത്തെന്താ മുണ്ടാണ്ട് കുത്തിരിക്കുന്നെ? അടുത്തത് ജമാലിന്റെ അടുത്തേക്കാണ്‌ ..."ഉമ്മാ.....ഇങ്ങള്‍ ഒന്ന്  മുണ്ടാണ്ട് പോണുണ്ടോ?" ഇബനെന്താ ഇത് പടച്ചോനെ? നസീമ എന്തൊക്കെയോ പറഞ്ഞു കേറിപ്പോയി..

ഇവന് കാര്യായി എന്തോ പറ്റീക്കണ്...ഞാന്‍ മെല്ലെ ഓന്റെ അടുത്തേക്ക് ചെന്നു..എന്താടാ അനക്ക് പറ്റിക്കണേ ? ഇജ്ജെന്താ സന്തോയമില്ലാതെ കുത്തി ഇരിക്ക?..ഇജ്ജ് ബന്നേ..

കോയക്കന്റെ ഷാപ്പില്‍ പോയി നല്ല ചെത്ത്‌ കള്ളും ഞണ്ട് വറത്തതും പള്ള  നിറയെ കയിച്ചു ഞങ്ങ രണ്ടാളും..

ജമാല്‍ നി൪ത്താതെ കരയുകയായിരുന്നു....എന്താടാ എന്ന് ചോയിച്ചിട്ട് മിണ്ടിയില്ല ഓന്‍...
അവസാനം രണ്ടു ചീത്ത പറഞ്ഞു ഞാന്‍...

"ഡാ....എന്നാലും...അവള്‍..." വീണ്ടും കരച്ചില് തന്നെ...എടങ്ങേറ് ആയല്ലോ പടച്ചോനെ? ഇജ്ജ് കാര്യം പറയെടാ ഹിമാറെ.." അത് ..അന്ന് ഓള്‍ ഉണ്ടാരുന്നു കഥ എയുത്ത് മത്സരത്തിനു...ഓളെ കണ്ടു കത്ത് കൊടുക്കാനാ ഞാന്‍ പോയെ...എന്നിട്ട്....എന്നിട്ട്..." പറയെടാ എന്നിട്ട്? ...ഓള്‍ എഴുതിയ കഥ മാറ്റി ഞാന്‍.... ഞാന്‍ രസിയക്ക്‌ എയുതിയ കത്തിന്റെ   ഒരു കോപ്പി വെച്ചു.....ശരിക്കും ഞാന്‍ വെറുക്കനെ ബെച്ചതാട...ഒരു തമാശക്ക്...റിസള്‍ട്ട്‌ ബന്നപ്പോള്‍ നിക്ക് ഒന്നാം സ്ഥാനം...ഞാന്‍ ഒന്നും ചെയ്തതല്ല.... എന്നിട്ട് ഓളെ കാണാം ബെച്ചു ഞാന്‍ പോയി...ചെന്നപ്പോള്‍ ഓള് പറയുവാ...ഇങ്ങള് കഥ എയുതുന്ന കാര്യമെന്താ പറയതെന്ന്....റബ്ബേ ഞാം പേടിച്ചു പോയി....ഒളെന്താ ഈ പറയുന്നെന്നു നിക്ക് മനസ്സിലായില്ല....കമ്മിറ്റി മെമ്പര്‍ ഉസ്മാന്‍ പറഞ്ഞ ഞാന്‍ അറിഞ്ഞേ....കഥ എയുത്ത് മത്സരത്തിന്റെ തലക്കെട്ട്‌...എന്റെ പ്രാണസഖി എന്നാരുന്നു എന്ന്....ഡാ ഇപ്പോള്‍ ശരിക്കും കുടുങ്ങി...ഒള്ക്കെന്നോട് ശരിക്കും പ്രണയമായി...ഇന്നലെ ഓള് പറയുവാ ഒളെക്കുറിച്ചു ഒരു  കഥ എയുതികൊടുക്കാന്‍.....അറിയൂലന്നു ഞമ്മ പറഞ്ഞപ്പോള്‍ ഓള് പിണങ്ങി...എന്താടാ ഞമ്മ ചെയ്യുക? രസിയ എങ്ങാനും അറിഞ്ഞാല്‍ ഞമ്മേ  കൊന്നുകളയും.....

ഞമ്മന്റെ മുത്ത്‌ ജമാല് കരഞ്ഞു കരഞ്ഞു കുടിച്ച കള്ളു വരെ കണ്ണില്‍ കൂടി പോയി...അപ്പോള്‍ ഞാന്‍ കേട്ട്...നസീമ പറയുന്നു....' ഓന് പഷ്ട് കിട്ടിയത് അറിഞ്ഞില്ലേ ഇങ്ങള്? ബരണം കേട്ടാ ...ഇസ്കൂളില്...." 
ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന ഞമ്മന്റെ മുന്‍പില്‍ കൂടി കടന്നു പോയ അയ്ശുനെ കണ്ട ജമാലിന്റെ കരച്ചില്‍ അല്പമൊന്നു കൊറഞ്ഞു ..ഓന്‍ പറഞ്ഞു..ഇജ്ജ് ഇബിടെ നില്ല്..ഞമ്മ ഇപ്പ വരാം....

പാടവരമ്പിലൂടെ അയ്ശുന്റെ പിന്നാലെ ഓന്‍ പോകുമ്പോള്‍ ഓന്റെ ഉമ്മാടെ ശബ്ദം ഞാന്‍ പിന്നേം കേട്ട്...." അന്ന് കുട്ട്യോളെ ഇസ്കൂളില്‍ വിട്ടു ഇങ്ങളും നിക്കണം കേട്ടാ..നമ്മടെ ജമാലിന്...." ബാക്കി കേള്‍ക്കാന്‍ നിക്കാതെ ഞമ്മള്‍ ഇങ്ങു പോന്നു....  

ഞാന്‍ എന്ന പ്രവാസി

ഞാന്‍ ഒരു കഥാകാരി ആകാന്‍ കാരണം എന്റെ പ്രവാസ ജീവിതമാകാം.ഒരുപാടുപേര്‍ ഉള്ള എന്നാല്‍ ആരുമില്ലാത്ത പ്രവാസ ജീവിതം.എന്റെ ചുറ്റും നടക്കുന്നതെല്ലാം ഞാന്‍ അറിയുന്നു...എന്നാല്‍ ആരോക്കെയെന്നോ എന്തോക്കെയെന്നോ അറിയാന്‍ എന്റെ മനസ്സിന് ഞാന്‍ സമയം നല്‍കുന്നില്ല..ഇന്ന് ഞാന്‍ ആലോചിക്കുന്നത് അടുത്ത മാസം വീട്ടിലയക്കുവാനുള്ള പൈസയുടെ കണക്കു ആണ്...ഒരു ശമ്പളം എന്റെ അക്കൌണ്ടില്‍ എത്തും മുന്‍പേ തന്നെ ഒരുപാട് പേരുടെ കണക്കുകളും എത്തുന്നു...പലപ്പോളും ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച് തന്നെ ഓര്‍ക്കാറുണ്ട്...എല്ലാവരും എന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നു...പ്രകടിപ്പിക്കുന്നു...എനിക്കറിയില്ല ഈ ലോകത്തെ...ആര്‍ക്കും ആരെയും സ്നേഹിക്കാന്‍ കഴിയില്ലേ ഇവിടെ? അതോ ഇതെല്ലം എന്റെ ധാരണകള്‍ അഥവാ അബദ്ധങ്ങള്‍ മാത്രമാണോ? ജനിച്ച അന്ന് മുതല്‍ ഇന്നുവരെ കേട്ടു...അമ്മ പറഞ്ഞ പത്തുമാസം ചുമന്നു പ്രസവിച്ച കണക്കു...പിന്നെ അച്ഛന്റെ സ്നേഹത്തിന്റെ കണക്ക്...പഠനത്തിനു വേണ്ടി ആദ്യതുക ഏല്‍പ്പിച്ച വക ചേച്ചിയുടെ കണക്ക്....അന്നും ഇന്നും സ്വന്തം മോനെ സ്നേഹിക്കുന്നതിലധികം സ്നേഹിച്ച ചേട്ടന്റെ കണക്ക്...അങ്ങനെ നീണ്ട നിരകള്‍ക്കു ഒടുവില്‍ ...ഇപ്പോള്‍...ഭര്‍ത്താവിനും കിട്ടി ഒരു നീണ്ട കണക്ക്.....എനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളുടെ കണക്ക്.....
               പണ്ട് എപ്പോളോ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി..പ്രവാസി ഒരു കറവപ്പശു ആണെന്ന്...ഒരിക്കലും അത് വിശ്വസിക്കുകയുണ്ടായില്ല...എന്നാല്‍ ഇന്ന് അത് സത്യമെന്ന് തോന്നി തുടങ്ങിയിരിക്കുന്നു...ഒരിക്കല്‍ എന്നെ ആവശ്യമില്ലാത്ത ഒരു അവസ്ഥ വന്നാല്‍ ഈ ലോകം എന്നെ അവഗണിക്കുക തന്നെ ചെയ്യും..അന്നെന്റെ അക്ഷരങ്ങള്‍ പോലും ഒരുപക്ഷെ നിങ്ങളില്‍ ആരും ഓര്‍ക്കുക ഇല്ലായിരിക്കും...ഇതാണ് പാവം പ്രവാസി...എല്ലാവരും ആകുവാന്‍ ആഗ്രഹിക്കുന്ന പ്രവാസി...

Wednesday, March 23, 2011

അയാള്‍

ഒരു ഓര്‍മ്മ ആയിരുന്നു അയാള്‍ എനിക്ക്. എന്നും ഇപ്പോഴും ഓര്‍മ്മകള്‍ നല്‍കുന്ന ഒരാള്‍. ബാല്യകാലത്തിലെ എന്റെ മണ്ണ് കൊണ്ട് ഉണ്ടാക്കിയ അപ്പവും ഇലകള്‍ കൊണ്ട് ഉണ്ടാക്കിയ കറികളും തട്ടിതറിപ്പിച്ചു കടന്നു പോയവന്‍. കൌമാരത്തിലും യൌവനത്തിലും പോലും ഞാന്‍ അത് ഓര്‍ക്കുമായിരുന്നു. ഒരുപാട് പേര്‍ കൂടി നിന്ന കലാലയത്തിലെ തണല്‍ മരത്തിന്റെ ചുവട്ടില്‍ എന്റെ ചുമലില്‍ കൈ വെച്ച് മറ്റൊരു പെണ്‍കുട്ടിയോട് അയാള്‍ പ്രണയം പറഞ്ഞു. അവള്‍ അയാളെ ചീത്ത പറഞ്ഞു കടന്നു പോയതും പിന്നീട് ഒരിക്കല്‍ അവളുടെ തോളില്‍ കയ്യിട്ടു നടന്നു വന്നപ്പോള്‍ എന്നെ വകവെക്കാതെ പോയതും ഞാന്‍ ഓര്‍ക്കുന്നു.
                              കാലം ഒരുപാട് കഴിഞ്ഞു പോകവേ  നെറ്റിന്റെയും ഫോണിന്റെയും ഇടപെടലുകളില്‍ തിരഞ്ഞെടുക്കാനാവാത്ത ദൈര്‍ഘ്യമുള്ള സൌഹൃദങ്ങള്‍ക്ക് ഇടയിലൂടെ അയാളെ ഞാന്‍ അന്വേഷിച്ചു. കണ്ടെത്താമെന്ന പ്രതീക്ഷയോടെ തന്നെ. ഒരിക്കലും ഞാന്‍ കണ്ടില്ല.
                                 പ്രണയം എന്ന വികാരം എന്നില്‍ ചുവടു പിടിച്ച കാലത്ത് എന്റെ മനസ്സ് ആദ്യം അന്വേഷിച്ചതും അയാളെയാണ്. വിവാഹം എന്നത് ഒരു തീരാസമസ്യയായ് എന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഓര്‍മപ്പെടുത്തലുകള്‍ ചേര്‍ത്ത് ഒരു കത്ത് ഞാന്‍ അയാള്‍ക്ക് എഴുതി.മറുപടി കാത്തിരുന്നു. പക്ഷെ ഒരിക്കലും എത്തിയില്ല. ഒരുപാട് കാത്തിരുന്നു. ഒരിക്കല്‍ എങ്കിലും വരുമെന്ന്.വിവാഹത്തലേന്നു എനിക്ക് അയാളോട് ബാല്യകാലത്തെക്കാള്‍ തീവ്രമായ ദേഷ്യം തോന്നി. ഒരുപാട് നാടുകള്‍ കടന്നു ഞാന്‍ അകലങ്ങളിലേക്ക് പോയത് അയാള്‍ക്ക്‌ വേണ്ടി ആയിരുന്നു. വേറെ ആര്‍ക്കും തന്നെ വിട്ടു കൊടുക്കാതെ ഇരിക്കാനായിരുന്നു. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന് തീരുമാനിച്ചുറപ്പിച്ച ഒരു ഫോട്ടോ മുന്‍പില്‍ എത്തിയപ്പോള്‍ ആരെന്നു കൂടി നോക്കാതെയിരുന്നതും അയാള്‍ക്ക്‌ വേണ്ടി ആയിരുന്നു. എന്നിട്ടും അയാള്‍.....
                                 ആരൊക്കെയോ ചേര്‍ന്ന് ആടയാഭരണങ്ങള്‍ അണിയിച്ചതും കല്യാണപെണ്ണ് എന്ന് പറഞ്ഞു കളിയാക്കിയതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു.അവരെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു എനിക്ക്. കഴുത്തില്‍ താലി കെട്ടുമ്പോള്‍ കയറിട്ടു മുറുക്കിയ അവസ്ഥയും.എല്ലാം അവസാനിച്ചു. മനസ്സില്‍ നിന്നും അയാളുടെ ഓര്മ മാഞ്ഞില്ല.
                                    പുതിയ വീട്...പുതിയ ആളുകള്‍....എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നു ചിലര്‍..മറ്റുചിലര്‍ സ്വര്‍ണം നോക്കുന്നു...സാരി നോക്കുന്നു മറ്റു ചിലര്‍...ഒന്നും സംസാരിച്ചില്ല ആരോടും ...ഒടുവില്‍ ആരോ ഒരു ഗ്ലാസ് പാലുമായി വന്നു. " ഇതുമായി പൊയ്ക്കോളൂ." എന്ന് പറഞ്ഞു ഒരു മുറിയിലേക്ക് കയറ്റി വിട്ടു. അവിടെ ആരും ഉണ്ടായിരുന്നില്ല. കുറെ നേരം തനിയെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു. എന്നെ താലി കെട്ടിയ മനുഷ്യന്‍. മുഖത്തേക്ക്  നോക്കാന്‍ തോന്നിയില്ല. ദേഷ്യം തോന്നി. അയാള്‍ മുറിയിലേക്ക് വന്നതും കതകു അടച്ചതും എല്ലാം അറിഞ്ഞു.പെട്ടന്ന് അയാളുടെ ഫോണ്‍ ബെല്ലടിച്ചു.

                                 കുറേ നേരമായി അടിക്കുന്നു. ഞെട്ടിയുണര്‍ന്നു ഞാന്‍. എന്റെ ഫോണ്‍ ബെല്ലടിക്കുന്നു. ഏതോ ഒരു അപരിചിത നമ്പര്‍. എനിക്ക് ദേഷ്യം അടക്കാനായില്ല. ഫോണ്‍ കട്ട്‌ ആക്കി ഞാന്‍ വലിച്ചെറിഞ്ഞു. " ഛെ ഇന്നും അയാളെനിക്ക് ഓര്‍മ്മ ആയല്ലോ....ആ മുഖം ഒന്ന് കണ്ടില്ലലോ...അത് വെറുമൊരു സ്വപ്നം ആയിരുന്നല്ലോ..." പിറുപിറുത്തുകൊണ്ട് തലയിണയും കെട്ടിപിടിച്ചു ഞാന്‍ കിടന്നു.ബാക്കി കാണാം എന്ന പ്രതീക്ഷയോടെ.........