Friday, September 12, 2014

ഭൂമിയുടെ ചില അവകാശികള്‍

മാറാല പിടിച്ച മുറി പോലെ വൃത്തിഹീനം ആയിരിക്കുന്നു അവരുടെ മനസ്സുമെന്ന് മക്കള്‍ ആവര്‍ത്തിച്ച് ഉരുവിട്ടു. അവര്‍ പക്ഷെ അത് കേട്ടതായിപോലും ഭാവിച്ചില്ല. ചുമരിന്‍റെ കോണില്‍ ചാടിയിട്ടും എത്താതെ വീണ്ടും വല നെയ്യാന്‍ ശ്രമിക്കുന്ന ചിലന്തിയില്‍ ആയിരുന്നു അവരുടെ കണ്ണുകള്‍. ആ ചിലന്തിയെ നോക്കിയവര്‍ വെറുതെ പുഞ്ചിരിച്ചു.

പ്രതിഷേധമറിയിക്കാനെന്നോണം മക്കളിലൊരാള്‍ ആഞ്ഞടച്ച വാതിലിന്‍ ശബ്ദത്തില്‍ കതകിനു പിന്നില്‍ നിശബ്ദനായുറങ്ങിയ ഒരു വേട്ടാവളിയന്‍ പറന്നു വന്നു. ഒരാവര്‍ത്തി കറങ്ങി അവന്‍ മടങ്ങി.

മുഴുവനുമടയാത്ത ജനല്‍ തള്ളിത്തുറക്കുമ്പോള്‍ കര കര ശബ്ദം മുഴങ്ങി. ജനലിനപ്പുറമുള്ള ലോകം കാണാനല്ല ഈ തുറക്കല്‍. ഇത് ഒരു പ്രതീക്ഷയാണ്. അയാള്‍ വരുമെന്ന പ്രതീക്ഷ.ഓര്‍മ്മകളുടെ കാല്‍പാദം പഞ്ചാരമണലും ചേര്‍ത്ത് ഉരഞ്ഞപ്പോള്‍ മനസ്സില്‍ വീണ്ടും അതെ നീറ്റല്‍

" ആര്‍ക്കും പ്രവേശനം ഇല്ല " എന്ന ബോര്‍ഡ് വളരെ പ്രയാസപ്പെട്ടാണ് അവര്‍ വാതിലില്‍ തറച്ചത്.
" ആര്‍ക്കു പ്രവേശിക്കണം " എന്നൊരു പുച്ഛത്തില്‍ കടന്നു പോയ മരുമകളെ കണ്ടില്ലയെന്നവര്‍ നടിച്ചു.

മാറാല മൂടിയ മുറിക്കുള്ളിലെ ബള്‍ബിലെ പ്രകാശം നന്നേ കുറവായിരുന്നു.പകല്‍ സമയം സൂര്യന്‍ പോലും അവിടേക്ക് കടന്നു വരാന്‍ മടിക്കുന്നത് പോലെ. ലോകമറിഞ്ഞ കലാകാരിയോടുള്ള ആത്മാര്‍ത്ഥതയൊ അതോ പങ്കിട്ടെടുക്കേണ്ട സ്വത്തിന്‍റെ പൂര്‍ണ്ണരൂപം നിശ്ചയമില്ലാഞ്ഞിട്ടോ മക്കളുടെ നിര്‍ദേശപ്രകാരം വേലക്കാരി ഭക്ഷണം എന്ന പേരിലെന്തോ ആ മുറിക്കു മുന്നില്‍ പ്രതിഷ്ഠ നടത്താറുണ്ടെന്നും. നല്ല വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കും. അതില്‍ ആര്‍ക്കും പരാതിയുമില്ല. വേലക്കാരി മാത്രം കര്‍മ്മ നിരതയായിരുന്നു.

ഒരിക്കല്‍ ഭക്ഷണത്തിനു മുകളില്‍ നാലായി മടക്കിയൊരു കടലാസ് കഷണം കണ്ടു.
" മൂത്തമകന് ഒന്ന് സംസാരിക്കണം "
തിരിഞ്ഞു ചിലന്തിയെ നോക്കിയവര്‍ പുഞ്ചിരിച്ചു. പിന്നീട് പല ദിവസം ഈ കുറിപ്പ് ആവര്‍ത്തിച്ചു. ഒടുവിലവര്‍ മറുപടി എഴുതി.
" ഭാഗം വെക്കാന്‍ ബാക്കിയുള്ളത് ഈ മുറി മാത്രം. ശവദാഹത്തിനു ശേഷം പങ്കിട്ടെടുക്കാം"
പുറത്തു മകന്‍റെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ ദേഹത്ത് വന്നിരുന്നു രക്തമൂറ്റുന്ന കൊതുകിനെ സശ്രദ്ധം അടിച്ചു കൊല്ലുന്ന തിരക്കിലായിരുന്നു അവര്‍.

കതകിലാരോ തട്ടുന്ന ശബ്ദം കേട്ടവര്‍ ഞെട്ടിയുണര്‍ന്നു. പകലും രാത്രിയും വിവേചിച്ചറിയാന്‍ ഉള്ള കഴിവെന്നേ നഷ്ടമായിരിക്കുന്നു. വാതില്‍ തുറക്കുമ്പോള്‍ രോഷാകുലനായി മകന്‍.
" അമ്മ ഹെല്‍പ്പിലേക്ക് ഫോണ്‍ ചെയ്തോ? "
" ഉവ്വ് "
" ഞങ്ങള്‍ അറിയാത്ത എന്ത് സഹായമാണ് അവര്‍ അമ്മക്ക് ചെയ്തു തരേണ്ടത്‌? "

മകന്‍റെ പിന്നില്‍ അല്‍പം വിളറിയും ഭയന്നും നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. അവന്‍റെ നീല യൂണിഫോമില്‍ ചുവന്ന അക്ഷരത്താല്‍ " ഹെല്‍പ് " എന്ന് എഴുതിയിരുന്നു.

" ആ ..നിങ്ങള്‍ വന്നുവോ? ഞാന്‍ നേരത്തെ പ്രതീക്ഷിച്ചു. വരൂ അകത്തേക്ക് വരൂ " അവര്‍ മുന്നിലായി നടന്നു. ആ ചെറുപ്പക്കാരന്‍ അവരെ പിന്തുടര്‍ന്നു. പിന്നാലെ ചെന്ന മകനെ അവര്‍ കൈ കൊണ്ട് തടഞ്ഞു.

മക്കള്‍ക്ക് അതൊരു നീണ്ട കാത്തിരുപ്പായിരുന്നുവെങ്കിലും ഫലം നിരാശ തന്നെ ആയിരുന്നു. ഹെല്‍പ് അവരുടെ രഹസ്യങ്ങള്‍ പുറത്തു പറയില്ലാത്രേ. പോയപ്പോള്‍ ഉണ്ടായിരുന്ന ഭാവമായിരുന്നില്ല ആ ചെറുപ്പക്കാരന്. അയാള്‍ സന്തോഷത്തോടെ അവരോടു യാത്ര പറഞ്ഞു.  മകന്‍റെ ശബ്ദം ഉച്ചത്തില്‍ ആകുമ്പോള്‍ അവര്‍ ലക്ഷ്യം നേടിയ ചിലന്തിയെ അഭിനന്ദിക്കുകയായിരുന്നു

മൂന്നു നാല് ദിവസമായി ഭക്ഷണം കഴിച്ചില്ല എന്ന വേലക്കാരിയുടെ കണ്ടെത്തല്‍ മൂത്തമകന്റെ ഭാര്യയോട്‌ ഇളയമകന്റെ ഭാര്യ പറഞ്ഞു. അത് സാരമില്ല എന്ന മട്ടില്‍ അവര്‍ ചിറി കോട്ടി.
വേലക്കാരിയുടെ ഉത്കണ്ഠ വാതിലില്‍ ശക്തിയായ് തള്ളുവാന്‍ അവരെ പ്രേരിപ്പിച്ചു. അസഹ്യമായൊരു ഗന്ധം മൂക്കിലടിച്ചപ്പോള്‍ അവര്‍ ഉറക്കെ ബഹളം വെച്ചു.

മക്കളുടെ കണ്ണില്‍ പക്ഷെ വേലക്കാരിയുടെ കണ്ണിലെ അമ്പരപ്പ് ഉണ്ടായിരുന്നില്ല.മുറിയുടെ ഒരു അരികില്‍ " ഹെല്‍പ് " എന്നെഴുതിയ ഒരു പെട്ടി ഉണ്ടായിരുന്നു.  അവര്‍ക്ക് ആ പെട്ടിയില്‍ വന്നത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ ആയിരുന്നു. ഇളയ മകന്‍ ആ പെട്ടി പരിശോധിക്കുമ്പോള്‍ മറ്റുള്ളവര്‍ അതിലേക്കു ഉറ്റു നോക്കി. അതില്‍ നിന്നും കിട്ടിയ കടലാസ് വായിച്ചു അയാള്‍ അമ്പരന്നു.

തറയില്‍ കിടന്ന അവരുടെ ശരീരത്തിലൂടെ ഒരു ഉറുമ്പ്‌ കയറിയിറങ്ങി. വെറുപ്പോടെ മാത്രം അവരെ നോക്കിയ മരുമകള്‍ പെട്ടന്ന് തന്നെ അവരുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്ന കടലാസു കഷണം കണ്ടു. അത് വായിക്കുമ്പോള്‍ വേലക്കാരിയുള്‍പ്പെടെ എല്ലാവരും ചുറ്റുമിരുന്നു.

" മോഹന്‍ , നിങ്ങള്‍ പറഞ്ഞത് പോലെ ഒരു ജീവിതം മുഴുവന്‍ നിങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു. ധനുഷ്കോടിയിലെ മണല്‍പ്പരപ്പില്‍ വെച്ച് തമാശയായിട്ടാവും നിങ്ങള്‍ പറഞ്ഞത് മരണശേഷമൊരു വവ്വാലായി നിന്നെ കാണാന്‍ ഞാന്‍ വരുമെന്ന്.അന്ന് നിന്നെ കൂട്ടി യാത്ര പോകുമെന്നും നിങ്ങള്‍ എനിക്ക് ഉറപ്പു തന്നിരുന്നു. പക്ഷേ നാം നടന്ന മണല്പ്പരപ്പുകള്‍ പോലും ഇല്ലാതെ ആയിരിക്കുന്നു ഇന്നവിടെ . ഇത്രയും നാള്‍ എന്‍റെ മുറിയിലെ പ്രകാശം സ്വയം ഇല്ലാതെയാക്കി ഉറുമ്പിനെയും ചിലന്തിയെയുമൊക്കെ കൂട്ടു പിടിച്ചു ഞാന്‍ നിങ്ങള്‍ക്കായി കാത്തിരുന്നു. ഈ മുറിയിലേക്ക് പക്ഷെ ഒരിക്കലും ഒരു വവ്വാല്‍ മാത്രം കടന്നു വന്നില്ല. ഇനിയുമൊരു കാത്തിരിപ്പിന് ഞാന്‍ അശക്തയാണ് മോഹന്‍. എല്ലാവരെയും പോലെ ഞാനും കുറുക്കുവഴി തേടി. അയാള്‍ കൊണ്ട് തന്ന കൂട്ടിലെ വവ്വാല്‍ നിങ്ങളെന്നു ഞാന്‍ വിശ്വസിക്കട്ടെ. ഇനി ഞാന്‍ ഒന്നുറങ്ങട്ടെ മോഹന്‍. നിങ്ങള്‍ വരുമല്ലോ എന്നെ കൊണ്ട് പോകുവാന്‍ .."

" മോഹന്‍?? " ഇളയ മരുമകള്‍ മകനെ നോക്കി

" അമ്മ അച്ഛനെ അങ്ങനെ ആണ് വിളിച്ചിരുന്നത്‌. " മൂത്ത മരുമകള്‍ പറഞ്ഞു

" ഭ്രാന്ത് " മകന്‍ പിറുപിറുത്തു.

ചെരിഞ്ഞും തിരിഞ്ഞും നോക്കിയ വേലക്കാരിക്ക്‌ ആ ശവത്തിന്റെ ചുണ്ടിലൊരു ചിരി കാണാന്‍ കഴിഞ്ഞു.

വന്‍പിച്ച ജനാവലിയോടെ മക്കളുടെ മിഴിനീര്‍ നാടകത്തിന്‍റെ അകമ്പടിയോടെ അവരുടെ ശരീരം മറവു ചെയ്യാന്‍ കൊണ്ട് പോകുമ്പോള്‍ സാഹിത്യ മേഖലയിലെ പ്രമുഖര്‍ പലരും ദുഃഖം പ്രകടിപ്പിച്ചു.അനുശോചന യാത്രകള്‍..കറുപ്പ് നിറമുള്ള കൊടികള്‍ ..അങ്ങനെ അങ്ങനെ അവര്‍ക്കുള്ള  യാത്രയയപ്പ് ഗംഭീരമാക്കി മാറ്റി മക്കള്‍.

അപ്പോള്‍  ആ മുറിയില്‍ ചിലന്തി പുതിയ വല നെയ്യുകയും വേട്ടാവളിയന്‍ മൂളിപ്പറക്കുകയും ചെയ്തു. തുറന്നു കിടന്ന ജനലിനപ്പുറം ഒരു മരത്തില്‍ തലകീഴായി ആ വവ്വാല്‍ തൂങ്ങിയാടി. 

Wednesday, July 23, 2014

കര്‍മ്മ കാണ്ഡം

 ഇതിനൊരു ആമുഖം ആവശ്യമുണ്ട്. കാരണം ഇതൊരു കഥയാണോ എന്ന് വായനക്കാരനായ നിങ്ങള്‍ക്ക് സംശയം തോന്നാം. കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എനിക്കോ നിങ്ങള്‍ക്കോ മറ്റൊരാള്‍ക്കോ ഒക്കെയുണ്ടായ ആ അനുഭവത്തില്‍ ഭാവനയുടെ നിറം മുക്കിയെടുക്കുന്ന ഓരോന്നും കഥാകൃത്തിന്‍റെ പേനത്തുമ്പില്‍  പൂര്‍ണ്ണഗര്‍ഭം പോലെ പ്രസവം കാത്തു കിടക്കും.

ഇനിയെന്‍റെ കഥയിലേക്ക്‌..

ഞാന്‍ അവനെ മഹിയെന്നു വിളിക്കുന്നു. "മഹേശ്വര്‍" എന്നാണ് ശരിയായ നാമം. അക്ഷരങ്ങളാല്‍ ഇന്ദ്രജാലം തീര്‍ത്തവന്‍. മഷി പുരളാത്ത ബ്ലോഗുകളിലൂടെ സജീവ സാന്നിധ്യമറിയിച്ചവന്‍. മഹിയുടെ വിശേഷണം നീണ്ടു പോകവേ ഞാന്‍ കഥാഗതി മാറി സഞ്ചരിക്കുന്നില്ല.

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

മഹിയെന്നോട് പറഞ്ഞ അവസാന വാചകം ഇതാണ്. അതിലപ്പുറം ഞാന്‍ പറഞ്ഞ പലതും അയാള്‍ കേട്ടിരുന്നോ എന്ന് പോലും എനിക്ക് നിശ്ചയമില്ല.

എന്‍റെ കര്‍മ്മ മേഖലയില്‍ ഞാന്‍ പലപ്പോഴും കണ്ടത് സ്നേഹവും ജീവനും തമ്മിലുള്ള വടം വലിയാണ്. ഭാഷയും ദേശവും മാറി മാറി ഞാന്‍ ജീവിക്കുമ്പോള്‍ ഈ വികാരത്തിന് മാത്രം ഒരു നിറമായിരുന്നു. അതുകൊണ്ട് തന്നെയാവണം മഹി എപ്പോഴും  എന്‍റെ കര്‍മ്മത്തില്‍ ഈശ്വരനെ കണ്ടിരുന്നതും.

" ദൈവത്തെ പേര് ചൊല്ലി വിളിക്കുന്നത്‌ നല്ല ശീലമല്ല. അതുമൊരു പെറ്റ് നെയിം"

ഞാന്‍ കളിയായി പറയുമ്പോള്‍ അവന്‍ എനിക്ക് പരിചിതമായ ആ ചോദ്യം തിരിച്ചു ചോദിക്കും

" എന്നിട്ടും നീയെന്തേ ആ നീല നിറമുള്ള മനുഷ്യനെ കൃഷ്ണാ എന്ന് മാത്രം അഭിസംബോധന ചെയ്യുന്നത്? "

പക്വമായി തമാശകള്‍ പോലും പറയുന്ന മഹി എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. അപ്രതീക്ഷിതമായ് മുന്നില്‍ വന്ന രോഗി വര്‍ഷങ്ങളായി എഴുത്തിലൂടെ പരിചിതിനായ ഒരാള്‍ എന്നറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടല്‍. ചോദിയ്ക്കാന്‍ ഒരുപാടുണ്ടായിരുന്നു. പരിമിതമായ സമയവും ക്ഷീണിതനായ രോഗിയും. പക്ഷെ അയാളുടെ മനസ്സ് അപ്പോളും ദൃഢമായിരുന്നുവെന്ന് എനിക്ക് തോന്നി.

----------------------------------------------------------------------------------------------

" അയാള്‍ക്ക്‌ എങ്ങനെയുണ്ട് സിസ്റ്റര്‍? "

" രക്ഷപെടുമോ?"

" കയ്യോ കാലോ അനക്കിയോ? "

സന്ദര്‍ശനസമയം മാത്രം കടന്നു വരാന്‍ വിധിക്കപ്പെട്ട മഹിയുടെ സുഹൃത്തുക്കളുടെ ഉത്കണ്ഠ  എനിക്ക് മനസ്സിലാവുമെങ്കില്‍ കൂടി സ്വന്തമല്ലാത്തവരുടെ ജീവന് ആത്മാര്‍ഥതയുടെ തലോടല്‍ അല്‍പ്പം പോലുമേകാത്ത ആതുര സേവനത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു ഞാനുമിപ്പോള്‍.

" വെന്റിലെറ്ററിലാണ് മഹി ഇപ്പോളും..മയക്കി കിടത്തിയിരിക്കുകയാണ്. കൂടുതല്‍ നിങ്ങള്‍ ഡോക്ടറിനോട്‌ ചോദിക്കൂ " 

മഹിയുടെ സുഹൃത്ത്‌ പൊട്ടിക്കരയുന്നത്‌ ഞാന്‍ കണ്ടു. എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി. പണ്ടൊരു പൂച്ചക്കുഞ്ഞു ചത്തുപോയെന്നു പറഞ്ഞു പട്ടിണി കിടന്നു കരഞ്ഞവള്‍. ഇന്നൊരു മനുഷ്യ ജീവന്‍ പോലും എന്നിലൊരു ചലനം ഉണ്ടാക്കുന്നില്ലന്നു ഞാന്‍ തിരിച്ചറിയുന്നു

" വീട്ടില്‍ അറിയിച്ചോ? "

മറ്റൊരു സിസ്റ്റര്‍ അവരോടു ചോദിച്ചു.

" ഇല്ല. അവിടെ അറിയിക്കാന്‍ പറ്റിയൊരു അവസ്ഥയല്ല സിസ്റ്റര്‍. അവന്‍റെ മകളുടെ കല്യാണം അടുത്ത മാസമാണ്. പിന്നെ അമ്മക്ക് കഴിഞ്ഞ മാസം അറ്റാക്ക് വന്നിരുന്നു . ഇപ്പോള്‍ ഒക്കെ നേരെയായി വരുന്നതെയുള്ളു. മഹി തന്നെ അവനു ചെറിയ പനിയെന്നു പറഞ്ഞിരുന്നു. ".

ഒരു ദീര്‍ഘനിശ്വാസത്തില്‍ സഹതാപം പ്രകടിപ്പിച്ചു ആ സിസ്റ്റര്‍ പോയി.
----------------------------------------------------------------------------------------------------



കയ്യിലൊരു കടലാസ്കെട്ടുമായി ഓടിക്കിതച്ചു വന്ന ആ മനുഷ്യന്‍ എന്‍റെ മുന്നില്‍ നിന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടു.

" സിസ്റ്റര്‍ ...ഡോക്ടര്‍ ...ഡോക്ടര്‍ ? "

യാന്ത്രികമായെന്നോണം എന്‍റെ കൈ ഡോക്ടറിനു നേരെ നീണ്ടു.

അറബിയും ഇംഗ്ലീഷും കൂട്ടിക്കുഴച്ചയാള്‍ ആ കടലാസില്‍ ഒപ്പ് യാചിക്കയാന്നെന്നു എനിക്ക് മനസ്സിലായി. ഒടുവില്‍ വിതുമ്പിയ മുഖത്തോടെ അയാള്‍ മഹിയുടെ മുറിക്കു മുന്നില്‍ നിന്നു.


" എന്താ കാര്യം? "

ഞാന്‍ തിരക്കി

മറുപടി ആദ്യമൊരു കരച്ചിലായിരുന്നു. എന്‍റെ മുന്‍പിലൊരു പുരുഷന്‍ കരയുമ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അയാളെ ആശ്വസിപ്പിക്കാന്‍ പോലുമാവാത്ത നിസ്സഹായത

" മഹിയുടെ പാസ്സ്പോര്‍ട്ടും ഇക്കാമയും കാലാവധി തീര്‍ന്നിരിക്കയാണ്‌. ഇനിയൊരു പ്രതീക്ഷ വേണ്ടയെന്നു ഡോക്ടര്‍ പറഞ്ഞു. പക്ഷെ അവന്‍റെ ശരീരം പോലും നാട്ടിലെത്തിക്കണമെങ്കില്‍ ...അറിയാലോ സിസ്റ്റര്‍ ഈ രാജ്യത്തെ നിയമം..ആ ഡോക്ടര്‍ ഒരു ഒപ്പ് തന്നാല്‍ എംബസ്സി വഴി എന്തെങ്കിലും ചെയ്യാമെന്ന് പറയുന്നു. പക്ഷെ അയാള്‍ .."

വീണ്ടും പൊട്ടിക്കരഞ്ഞു മഹിയുടെ സുഹൃത്ത്‌. എനിക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അയാള്‍ക്ക്‌ പോലും വിശ്വസിക്കാന്‍ പ്രയാസമാവും.

ഞാന്‍ വീണ്ടും മഹിയെ നോക്കി. ഇത്രയും പക്വമായി സംസാരിക്കുന്ന മഹിയെപ്പോലെയൊരാള്‍ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായ് കണ്ടുവോ? എനിക്ക് സംശയം തോന്നി 

" മകളുടെ കല്യാണ ആവശ്യമെന്നും പറഞ്ഞു വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ അവന്‍ ഇക്കാമ പുതുക്കാന്‍ വെച്ചിരുന്ന കാശ് കൂടി അയച്ചു"  

അടുത്ത സിസ്റ്ററിന്റെ ചോദ്യത്തിന് മറുപടി ആയി അയാള്‍ പറഞ്ഞു
-------------------------------------------------------------------------------------------------------
ഞാന്‍ മഹിയുടെ മുറിയിലേക്ക് കയറി. മരുന്ന് തീര്‍ന്നിരിക്കുന്നു. സിറിഞ്ച് മാറ്റി വേറൊന്ന് ബന്ധിപ്പിച്ചപ്പോള്‍ എന്നോടൊരു പ്രതിഷേധം ആ യന്ത്രം പ്രകടിപ്പിച്ചുവോ?

തിരിച്ചിറങ്ങും മുന്നേ ഞാന്‍ അയാളെ നോക്കി. തടിച്ചു വീര്‍ത്ത കണ്‍പോളകള്‍ . ഒരു ചിരി തങ്ങി നില്‍ക്കുന്ന ആ ചുണ്ടുകള്‍ക്ക് വീണ്ടും എന്തൊക്കെയോ പറയാന്‍ ബാക്കിയുണ്ടെന്ന് എനിക്ക് തോന്നി. ഗ്ലാസ് ഡോറിനു പുറത്തു എന്നെ കാത്തു നില്‍ക്കുന്ന ഒരു കൂട്ടം കണ്ടില്ലയെന്ന് നടിക്കാന്‍ എനിക്ക് തോന്നി. ഈ മനുഷ്യന്‍ എന്‍റെ കര്‍മ്മപഥത്തില്‍ വെറുതെ വന്നു കയറിയതല്ല എന്ന് മനസ്സിലാരോ പറയും പോലെ.

ഒരുപാട് രോഗികള്‍ വന്നു പോകുന്ന ഈ ആശുപത്രിയില്‍ വല്ലപ്പോഴുമെങ്കിലും എന്നെ സ്വാര്‍ത്ഥയാക്കുന്നത് ഇങ്ങനെ ചില രോഗികള്‍ ആണ്. ആദ്യം സ്വന്തം നാട്ടുകാരന്‍ എന്ന ഒരു പരിഗണന...പിന്നീടത്‌ സഹതാപത്തിലേക്ക് വഴി മാറും. അതിലുമപ്പുറം എഴുത്തിനെ സ്നേഹിക്കുന്നവര്‍ക്ക് മഹിയെപ്പോലെ ചിലരെ മറക്കാന്‍ ആവുകയുമില്ല. വാക്കുകള്‍ ഓരോന്നും ചാട്ടുളി പോലെ നമ്മുടെ വികാരങ്ങളിലേക്ക് പടര്‍ത്തുവാന്‍ കഴിവുള്ള ചുരുക്കം ചില എഴുത്തുകാരില്‍ ഒരാള്‍. എഴുത്തിലൂടെ ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ മഹി മുന്നില്‍ തന്നെ ആയിരുന്നു. തുറന്നു പറച്ചില്‍ സമൂഹത്തില്‍ എന്നും ബാക്കി വെക്കുന്നതും അത് തന്നെ ആണല്ലോ. എങ്കിലും അവസാനം അയാളും കേവല പ്രവാസിയായതില്‍ എനിക്ക് ദുഃഖം തോന്നാതെയിരുന്നില്ല. സ്വന്തം കാര്യങ്ങള്‍ക്ക് മേലേ കുടുംബം എന്ന വലിയ ബാധ്യത..അതാണല്ലോ പ്രവാസിയെ എന്നും പ്രയാസിയാക്കുന്നത്.

---------------------------------------------------------------------------------------------------------

ജീവനും സ്നേഹവുമായുള്ള ചരടുവലി അവസാനിച്ചിട്ട് മുപ്പതു മിനിറ്റ് കഴിഞ്ഞു. മഹിയെ വെന്റിലെറ്ററില്‍ നിന്നും ഞാന്‍ മോചിപ്പിച്ചു. യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വന്തമല്ലാത്ത ആ ശരീരം ഞാനും സഹപ്രവര്‍ത്തകരും കൂടി വൃത്തിയാക്കുമ്പോള്‍ അടഞ്ഞ മുറിക്കുള്ളില്‍ അടക്കി പിടിച്ച തമാശകളും ചിരികളും പതിവായിരുന്നുവെങ്കിലും അസഹ്യമായെനിക്ക് തോന്നി.
മഹിയുടെ മുഖത്തേക്ക് മനപൂര്‍വ്വം ഞാന്‍ നോക്കിയില്ല.

ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റും മുന്‍പേ ഒരു സിസ്റ്റര്‍ വന്നു രഹസ്യമായ് കാതില്‍ ചോദിച്ചു

" ഇന്ന് വൈകിട്ട് കുര്‍ബാനയുണ്ട്. വരുന്നോ? "

മറുപടി പറയാതെ ഞാന്‍ മഹിയുടെ മുഖത്തേക്ക് നോക്കി. അവന്‍ മൌനമായ് പറഞ്ഞത് ഞാന്‍ മാത്രം കേട്ടു

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

സ്വന്തമല്ലാത്ത ഒരു കൂട്ടം പ്രവാസ സുഹൃത്തുക്കള്‍ അവന്‍റെ ശരീരത്തില്‍ വീണു കരയുമ്പോള്‍ എനിക്കായുള്ള അടുത്ത വിളി എത്തി

" സിസ്റ്റര്‍ ..വേഗം ...അടുത്ത പേഷ്യന്റ് .."



പ്രിയ വായനക്കാരാ എനിക്കെന്‍റെ കര്‍മ്മ കാണ്ഡം കടന്നേ മതിയാവൂ. നിങ്ങള്‍ ഒരുപക്ഷെ നാളെ മഹിയെ മറന്നേക്കാം. അയാള്‍ എന്നിലൂടെ നിങ്ങളോട് പറയാന്‍ പലതും ആഗ്രഹിച്ചിരിക്കാം. എന്‍റെ അക്ഷരങ്ങളില്‍ കൂട്ടായി എനിക്കൊപ്പം ഇന്നിവിടെ ഉണ്ടായിരിക്കാം. എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നത് എന്‍റെ കര്‍മ്മ വീഥിയില്‍ മറ്റൊരു മഹിയായി നിങ്ങള്‍ കടന്നു വരാതിരിക്കട്ടെ എന്നാണ്...

കാരണം


കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എന്റെയോ നിങ്ങളുടെയോ ..മറ്റൊരാളുടെയോ ....



Friday, June 27, 2014

ബൈപാസ് എന്ന CABG

ബൈപാസ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ശസ്ത്രക്രിയ ആണ് കൊറോണറി ആര്‍ട്ടറി ബൈപാസ്സ് ഗ്രാഫ്റ്റ്. ഇങ്ങനെ ഒരു ശസ്ത്രക്രിയ ആളുകള്‍ക്ക് സുപരിചിതമെങ്കിലും കൂടുതല്‍ ആളുകളും ശസ്ത്രക്രിയക്കു ശേഷം വേണ്ടത്ര പരിചരണം ലഭിക്കാതെ പോകാറ് പതിവാണ്. ഇതിനു കാരണം അറിവില്ലായ്മ മാത്രമാണ്.

 പരിചരണത്തെക്കുറിച്ച് അറിയും മുന്നേ ബൈപാസ്സ് എന്തെന്ന് അറിയണം. 
സാധാരണക്കാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ധമനിയുടെ ബ്ലോക്ക് കാരണം ഹൃദയത്തിനു ലഭിക്കാതെ പോകുന്ന രക്തയോട്ടവും ഓക്സിജനും മറ്റൊരു ഞരമ്പ് വെച്ച് പിടിപ്പിക്കുക വഴി ലഭ്യമാക്കുക എന്നതാണ് ബൈപാസ്. കാലില്‍ നിന്നും കയ്യില്‍ നിന്നുമൊക്കെ ഈ ഞരമ്പ് സാധാരണ എടുക്കാറുണ്ട്. 



ഇതിനു വേണ്ടി രണ്ടു രീതിയില്‍ ശസ്ത്രക്രിയ ചെയ്യാറുണ്ട്. ഒരു രീതി നേരെ നെഞ്ചിലെ അസ്ഥി മുറിച്ചു ഹൃദയത്തില്‍ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് 

മറ്റൊരു രീതിയെന്നത് നെഞ്ചിന്‍റെ  ഒരു വശത്ത് മാത്രം മുറിവുണ്ടാക്കി ശസ്ത്രക്രിയ ചെയ്യുക എന്നതാണ്. ഇത് വേദന കുറഞ്ഞ രീതിയെങ്കിലും ചികിത്സാ ചിലവ് മറ്റേതിനേക്കാള്‍ കൂടുതലാണ്. 

ശസ്ത്രക്രിയക്കു ശേഷം മൂന്നോ നാലോ ദിവസത്തില്‍ സാധാരണ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അതിനു ശേഷമുള്ള പരിചരണം അത്യാവശ്യമാണ്. 

ഇവയില്‍ പ്രധാനപ്പെട്ടവ  

മുറിവിന്‍റെ പരിചരണം
മരുന്നുകള്‍ കൃത്യമായി കഴിക്കുക 
ശരീരഭാരം നിയന്ത്രിക്കല്‍ 
ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍  

മുറിവിന്‍റെ പരിചരണം: 

ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം നെഞ്ചില്‍ ഉണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ സമയമെടുക്കും.അത് പോലെ പ്രധാനം ആണ് കാലിലെയോ കയ്യിലെയോ  മുറിവും. 
ദിവസേന ചെറു ചൂട് വെള്ളത്തില്‍ കുളിക്കുക. തിളച്ച വെള്ളം പാടില്ല 
കുളി കഴിഞ്ഞു മുറിവിലെ വെള്ളം തുടച്ച ശേഷം ആന്റിസെപ്ടിക്   (ബീറ്റാടിന്‍ പോലെയുള്ളവ ) ഡോക്ടര്‍ന്‍റെ നിര്‍ദേശം അനുസരിച്ച് പുരട്ടുക 
മുറിവ് എന്നും പരിശോധിക്കുക 
മുറിവില്‍ വേദനയോ ചുവപ്പോ നീരോ ഉണ്ടെങ്കില്‍ ഡോക്ടറിനെ വിവരം അറിയിക്കുക. പനി ഉണ്ടെങ്കില്‍ പ്രത്യേകം അറിയിക്കുക 
മുറിവില്‍ കൈ കൊണ്ട് വെറുതെ തൊടുകയോ ഞെക്കുകയോ അരുത്. 
ലോഷന്‍  പൌഡര്‍ മുതലായവ മുറിവില്‍ പുരട്ടരുത് 
രണ്ടര കിലോയില്‍ കൂടുതല്‍ ഭാരം ഉയര്‍ത്താതിരിക്കുക 
കുട്ടികളെ എടുക്കരുത് 
ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക 
കാല്‍ ഉയര്‍ത്തിവെച്ചു ഇരിക്കാന്‍ ശ്രമിക്കുക ( മുറിവ് കാലില്‍ എങ്കില്‍ )
ഡോക്ടര്‍ നിര്‍ദേശിക്കുന്ന ബാന്ടെജ് അല്ലെങ്കില്‍ സ്റൊക്കിങ്ങ്സ് വൃത്തിയായി ധരിക്കുക 

മരുന്നുകള്‍ കൃത്യമായി കഴിക്കുക:

മരുന്നുകള്‍ കഴിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടവ 

മരുന്നുകളുടെ പേര് ഡോസ് 
എന്ത് മരുന്ന് എന്തിനു കഴിക്കുന്നു?
എത്ര മരുന്ന് കഴിക്കണം?
എപ്പോള്‍ കഴിക്കണം ?
മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ 

ഓരോ തവണ ഡോക്ടറിനെ കാണാന്‍ പോകുമ്പോളും കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് കരുതുക
ഡോക്ടര്‍ ഉപദേശിക്കാത്ത പ്രകൃതിദത്തമായതൊ മറ്റു മരുന്നുകളോ കഴിക്കാതിരിക്കുക. കാരണം ഇവ ചില മരുന്നുകളുമായി ചേരുമ്പോള്‍ പ്രതികൂല ഫലങ്ങള്‍ ആണ് ഉണ്ടാവുക. 
യാത്രയില്‍ മരുന്നുകള്‍ കൂടെ കരുതുക.
പാര്‍ശ്വഫലങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുക 
മുഴുവനായും തീരും മുന്നേ മരുന്നുകള്‍ വാങ്ങി വെക്കുക 
മരുന്നിന്‍റെ ഡോസ് കൂട്ടുകയോ കുറയ്ക്കുകയോ മരുന്ന് നിര്‍ത്തുകയോ ചെയ്യും മുന്നേ തീര്‍ച്ചയായും വൈദ്യ സഹായം തേടണം 
ഒരു നേരം കഴിക്കാന്‍ മറന്ന മരുന്നുകള്‍ അടുത്ത നേരം ഇരട്ടിയായി കഴിക്കും മുന്നേ വൈദ്യസഹായം തേടുക 
രക്തത്തിന് കട്ടി കുറയ്ക്കുന്ന ചില മരുന്നുകള്‍ എടുക്കേണ്ടി വന്നാല്‍ സ്ഥിരമായി രക്ത പരിശോധനക്ക് വിധേയമാകുക 

ശരീരഭാരം നിയന്ത്രിക്കല്‍:

ദിവസവും രാവിലെ ഒരേ സമയം തന്നെ ഭാരം നോക്കുക 
എന്നും എഴുതി വെക്കുന്ന ശരീരഭാരത്തിന്റെ ചാര്‍ട്ട് ഡോക്ടറിനെ കാണിക്കുക 
ഒരുപാട് ഭാര വ്യത്യാസം ഉണ്ടെങ്കില്‍ ഡോക്ടറെ വിവരം അറിയിക്കുക ( ഒന്നര കിലോയില്‍ അധികം)

ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍: 

വ്യായാമം അത്യാവശ്യം ആണ് 
നടക്കുന്നത് വളരെ നല്ലതാണ്. ക്ഷീണിക്കുമ്പോള്‍ നിര്‍ത്തുക. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷം മാത്രമേ നടക്കാവൂ 
മറ്റൊരാള്‍ക്കൊപ്പം മാത്രം നടക്കാന്‍ പോവുക 
ക്രമേണ മാത്രം നടക്കുന്ന ദൂരം കൂട്ടുക 
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക 
മദ്യപാനവും ഒഴിവാക്കുക 



ഇവയെല്ലാം നമുക്ക് അറിവുള്ളതും അറിയാത്തതും ആയ ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ്.വിമര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്കു വെക്കാന്‍ ആര്‍ക്കെങ്കിലും കഴിയട്ടെ എന്ന് ആശിക്കുന്നു 
  





Wednesday, May 7, 2014

അവിഹിതം

മൃത്യുവിനെക്കുറിച്ചെഴുതുമ്പോള്‍ എന്നോടവര്‍ ചോദിച്ചത് നിരാശയെക്കുറിച്ചായിരുന്നു.മറുപടി പറയാന്‍ മരണം എന്‍റെ മുന്നില്‍ ഉണ്ടെന്ന് അവര്‍ മറന്നുവെന്ന് തോന്നുന്നു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കാമുകനെ അന്വേഷിച്ചവര്‍ യാത്ര തുടങ്ങുമെന്ന് ഞാനുറപ്പിച്ചു.ഇനിയൊരു ആശയം കണ്ടെത്തിയേ മതിയാവൂ.ഞാന്‍ തീരുമാനിച്ചു ...അവനെ കാണാന്‍ ഇനി വൈകിക്കൂടാ

" എന്‍റെ പ്രണയം ..അത് എന്റേതു മാത്രമാണ്"
" നീ പ്രണയിക്കു പെണ്ണേ ..നിന്‍റെ പ്രണയത്തിലും മോഹത്തിലും എന്തിനു നാണത്തില്‍ പോലും ഞാന്‍ ഇല്ലേ "
" കളിയാക്കുകയാണല്ലേ? എന്‍റെ പ്രണയം ..അത് നീയാണോ? "
" അറിയില്ലെനിക്ക്‌ ..പെണ്ണിന്‍റെ മനസ്സോ വികാരങ്ങളോ ഇതുവരെ ഞാന്‍ അറിഞ്ഞിട്ടില്ല"
" പ്രണയം അന്വേഷിക്കുമ്പോള്‍ ഒരുവന്‍ എന്നോട് ആവശ്യപ്പെട്ടത് എന്‍റെ ഭ്രമിപ്പിക്കുന്ന ത്രസിപ്പിക്കുന്ന അധരത്തിന്‍റെ മധുരമാണ് "

പിന്നീടവന്‍ ഒന്നും സംസാരിച്ചില്ല. അകലെയെവിടെയോ പൂത്ത ഇലഞ്ഞിമരത്തിന്‍റെ സുഗന്ധം പേറിയൊരു കാറ്റ് ഞങ്ങളെ തഴുകിയകന്നു.അപ്പോളവന്‍ എന്‍റെ കണ്ണിലെ ബാക്കിവന്ന പ്രണയം മനസ്സാല്‍ മൊത്തിക്കുടിക്കുകയായിരുന്നു.ഞാനാവട്ടെ അവന്‍റെ മനസ്സിലെന്‍റെ പ്രണയം പെയ്തിറങ്ങാന്‍ ആത്മാവുകൊണ്ട് ആശിക്കയും.ഇതുവരേക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രണ്ടുപേരായ് മാറിക്കഴിഞ്ഞുവോ ഞങ്ങള്‍.ജന്മം മുതലിന്നുവരെ അമ്മയല്ലാതെയുള്ള സ്ത്രീകളെ വിഭ്രമജീവികള്‍ മാത്രമായി കണ്ട പുരുഷന്‍..എഴുത്തില്‍ സ്വയം തേടുന്നൊരു സ്ത്രീ ..അവര്‍ക്കെങ്ങനെ പരസ്പരം അറിയാനാവും.

മനസ്സിലുദിച്ച പ്രണയം അയാള്‍ പോലുമറിയാതെ കുഴിച്ചു മൂടണമെന്ന് ആഗ്രഹിച്ചവളാണ് ഞാന്‍. ശരീരമുഴുപ്പുകളും പണവുമറിയാതെ എന്നെയറിഞ്ഞതിനാലോ എകാന്തതയിലെന്‍റെ ഭ്രാന്തുകള്‍ക്ക് കൂട്ടിരുന്നതിനാലോ അതോ അയാളുടെ പരുക്കന്‍ സ്വഭാവത്തില്‍ ഇടയ്ക്കിടെ എന്‍റെ പിടിവാശികള്‍ക്ക് മുന്നിലല്‍പ്പം തല കുനിച്ചതോ അയാളെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

" നീയെല്ലാം മറക്കും പെണ്ണേ ...എന്നെയും ..."
" ഇല്ല എന്നൊരു നുണ പറയുവാന്‍ എനിക്കാവും ..പക്ഷെ .."
" വേണ്ട ..എന്നോട് നീ കള്ളം പറയുന്നതും ചെയ്യുന്നതുമെനിക്ക് സഹിക്കാനാവില്ല "

അനിവാര്യമായൊരു നിശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ സമയമായെന്ന് ഓര്‍മ്മപ്പെടുത്തിയെന്നോണം ഒരു കാറ്റ് തഴുകി കടന്നു പോയി

" ഞാന്‍ പോകട്ടെ ?"
വളരെപ്പെട്ടന്നാണ് അവനെന്നെ കടന്നു പിടിച്ചു ചുംബിച്ചത്. ആ കൈകളില്‍ ശ്വാസം മുട്ടും പോലെ ...എന്‍റെ കണ്ണുകള്‍ എന്തോ നിറഞ്ഞൊഴുകി...

" അപ്പോള്‍ ...നീ ..നീയെന്നെ സ്നേഹിച്ചിരുന്നുവല്ലേ? "
" അത് അറിയുവാന്‍ നിനക്ക് ഈ കാറ്റും കുളിരും വേണ്ടി വന്നുവല്ലേ .."
" പക്ഷേ ...ഒരിക്കലും ..."
" അറിയാം ..പക്ഷെ ഞാന്‍ നിന്നെ സ്വന്തമാക്കിയാല്‍ നിലക്കുന്നത് നമ്മുടെ പ്രണയമാണ് പെണ്ണേ .."
" നീയറിയുന്നുവോ ഇന്ന് നിന്നെ സ്നേഹിക്കുവാന്‍ എനിക്കൊരുപാട് ചിന്തിക്കേണ്ടി വരുന്നു. കാലം പതിച്ചു നല്‍കിയൊരു ഓമനപ്പേരുണ്ട് .....               " അവിഹിതം " "
 " നല്ലൊരു പ്രയോഗമാണത്....ഹിതമായത് എന്താണീ ഭൂമിയില്‍? നീ നിന്‍റെ കിടപ്പറയില്‍ മടിയോട് നിന്റെ ശരീരമാ കാമദാഹിക്കു കാഴ്ച്ച വെക്കുന്നതോ ..നീ പോലുമറിയാതെ നിന്‍റെ മനസ്സ് നുകര്‍ന്ന പ്രണയമോ അവിഹിതം ? പറയു നീ .."
" സമ്മതിക്കുന്നു ഞാന്‍...... കാലം ഹിതത്തെയും അവിഹിതമാക്കുന്നു..."
" പെണ്ണേ ..ഒരിക്കല്‍ നീയും ഞാനുമീ ഭൂമിയില്‍ ഇല്ലാതെയാവും ..ഈ കാറ്റ് അന്നുമിതുപോലെ സുഗന്ധം പേറി കടന്നു വരും ..പക്ഷെ അപ്പോളും പ്രണയമീ ഭൂമിയില്‍ അവിഹിതമായി തുടരും .."

ഇനിയൊരു കഥയില്‍ കടന്നുവരാനിരിക്കുന്ന അവിഹിതത്തെയോര്‍ത്തു ഞാന്‍ എന്‍റെ പേന കയ്യിലെടുത്തു...കാറ്റ് മറ്റൊരു അവിഹിത കഥ പാടുവാന്‍ തിടുക്കം കൂട്ടിയകന്നു






Friday, May 2, 2014

അരോചകം

അഞ്ച് മണിയുടെ അലാറ ശബ്ദവും തേഞ്ഞു തുടങ്ങിയ ചെരുപ്പിന്‍റെ ഉരയുന്ന ശബ്ദവും അവര്‍ക്ക് എന്നും അരോചകമായിരുന്നു.പിറു പിറുത്തു കൊണ്ട് അവര്‍ പ്രതിഷേധം അറിയിച്ചു.

നിശബ്ദമായ ഇന്നത്തെ പുലരിയില്‍ അസഹ്യതയുടെ പാരമ്യതയിലൊരു ഹോം നേഴ്സ് അവരുടെ വിസര്‍ജ്ജനം വൃത്തിയാക്കുമ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ അരോചകത്തിനു വേണ്ടിയെന്നോണം മിഴികള്‍ നിറയുന്നുണ്ടായിരുന്നു.

Thursday, January 9, 2014