Wednesday, July 23, 2014

കര്‍മ്മ കാണ്ഡം

 ഇതിനൊരു ആമുഖം ആവശ്യമുണ്ട്. കാരണം ഇതൊരു കഥയാണോ എന്ന് വായനക്കാരനായ നിങ്ങള്‍ക്ക് സംശയം തോന്നാം. കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എനിക്കോ നിങ്ങള്‍ക്കോ മറ്റൊരാള്‍ക്കോ ഒക്കെയുണ്ടായ ആ അനുഭവത്തില്‍ ഭാവനയുടെ നിറം മുക്കിയെടുക്കുന്ന ഓരോന്നും കഥാകൃത്തിന്‍റെ പേനത്തുമ്പില്‍  പൂര്‍ണ്ണഗര്‍ഭം പോലെ പ്രസവം കാത്തു കിടക്കും.

ഇനിയെന്‍റെ കഥയിലേക്ക്‌..

ഞാന്‍ അവനെ മഹിയെന്നു വിളിക്കുന്നു. "മഹേശ്വര്‍" എന്നാണ് ശരിയായ നാമം. അക്ഷരങ്ങളാല്‍ ഇന്ദ്രജാലം തീര്‍ത്തവന്‍. മഷി പുരളാത്ത ബ്ലോഗുകളിലൂടെ സജീവ സാന്നിധ്യമറിയിച്ചവന്‍. മഹിയുടെ വിശേഷണം നീണ്ടു പോകവേ ഞാന്‍ കഥാഗതി മാറി സഞ്ചരിക്കുന്നില്ല.

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

മഹിയെന്നോട് പറഞ്ഞ അവസാന വാചകം ഇതാണ്. അതിലപ്പുറം ഞാന്‍ പറഞ്ഞ പലതും അയാള്‍ കേട്ടിരുന്നോ എന്ന് പോലും എനിക്ക് നിശ്ചയമില്ല.

എന്‍റെ കര്‍മ്മ മേഖലയില്‍ ഞാന്‍ പലപ്പോഴും കണ്ടത് സ്നേഹവും ജീവനും തമ്മിലുള്ള വടം വലിയാണ്. ഭാഷയും ദേശവും മാറി മാറി ഞാന്‍ ജീവിക്കുമ്പോള്‍ ഈ വികാരത്തിന് മാത്രം ഒരു നിറമായിരുന്നു. അതുകൊണ്ട് തന്നെയാവണം മഹി എപ്പോഴും  എന്‍റെ കര്‍മ്മത്തില്‍ ഈശ്വരനെ കണ്ടിരുന്നതും.

" ദൈവത്തെ പേര് ചൊല്ലി വിളിക്കുന്നത്‌ നല്ല ശീലമല്ല. അതുമൊരു പെറ്റ് നെയിം"

ഞാന്‍ കളിയായി പറയുമ്പോള്‍ അവന്‍ എനിക്ക് പരിചിതമായ ആ ചോദ്യം തിരിച്ചു ചോദിക്കും

" എന്നിട്ടും നീയെന്തേ ആ നീല നിറമുള്ള മനുഷ്യനെ കൃഷ്ണാ എന്ന് മാത്രം അഭിസംബോധന ചെയ്യുന്നത്? "

പക്വമായി തമാശകള്‍ പോലും പറയുന്ന മഹി എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. അപ്രതീക്ഷിതമായ് മുന്നില്‍ വന്ന രോഗി വര്‍ഷങ്ങളായി എഴുത്തിലൂടെ പരിചിതിനായ ഒരാള്‍ എന്നറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടല്‍. ചോദിയ്ക്കാന്‍ ഒരുപാടുണ്ടായിരുന്നു. പരിമിതമായ സമയവും ക്ഷീണിതനായ രോഗിയും. പക്ഷെ അയാളുടെ മനസ്സ് അപ്പോളും ദൃഢമായിരുന്നുവെന്ന് എനിക്ക് തോന്നി.

----------------------------------------------------------------------------------------------

" അയാള്‍ക്ക്‌ എങ്ങനെയുണ്ട് സിസ്റ്റര്‍? "

" രക്ഷപെടുമോ?"

" കയ്യോ കാലോ അനക്കിയോ? "

സന്ദര്‍ശനസമയം മാത്രം കടന്നു വരാന്‍ വിധിക്കപ്പെട്ട മഹിയുടെ സുഹൃത്തുക്കളുടെ ഉത്കണ്ഠ  എനിക്ക് മനസ്സിലാവുമെങ്കില്‍ കൂടി സ്വന്തമല്ലാത്തവരുടെ ജീവന് ആത്മാര്‍ഥതയുടെ തലോടല്‍ അല്‍പ്പം പോലുമേകാത്ത ആതുര സേവനത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു ഞാനുമിപ്പോള്‍.

" വെന്റിലെറ്ററിലാണ് മഹി ഇപ്പോളും..മയക്കി കിടത്തിയിരിക്കുകയാണ്. കൂടുതല്‍ നിങ്ങള്‍ ഡോക്ടറിനോട്‌ ചോദിക്കൂ " 

മഹിയുടെ സുഹൃത്ത്‌ പൊട്ടിക്കരയുന്നത്‌ ഞാന്‍ കണ്ടു. എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി. പണ്ടൊരു പൂച്ചക്കുഞ്ഞു ചത്തുപോയെന്നു പറഞ്ഞു പട്ടിണി കിടന്നു കരഞ്ഞവള്‍. ഇന്നൊരു മനുഷ്യ ജീവന്‍ പോലും എന്നിലൊരു ചലനം ഉണ്ടാക്കുന്നില്ലന്നു ഞാന്‍ തിരിച്ചറിയുന്നു

" വീട്ടില്‍ അറിയിച്ചോ? "

മറ്റൊരു സിസ്റ്റര്‍ അവരോടു ചോദിച്ചു.

" ഇല്ല. അവിടെ അറിയിക്കാന്‍ പറ്റിയൊരു അവസ്ഥയല്ല സിസ്റ്റര്‍. അവന്‍റെ മകളുടെ കല്യാണം അടുത്ത മാസമാണ്. പിന്നെ അമ്മക്ക് കഴിഞ്ഞ മാസം അറ്റാക്ക് വന്നിരുന്നു . ഇപ്പോള്‍ ഒക്കെ നേരെയായി വരുന്നതെയുള്ളു. മഹി തന്നെ അവനു ചെറിയ പനിയെന്നു പറഞ്ഞിരുന്നു. ".

ഒരു ദീര്‍ഘനിശ്വാസത്തില്‍ സഹതാപം പ്രകടിപ്പിച്ചു ആ സിസ്റ്റര്‍ പോയി.
----------------------------------------------------------------------------------------------------കയ്യിലൊരു കടലാസ്കെട്ടുമായി ഓടിക്കിതച്ചു വന്ന ആ മനുഷ്യന്‍ എന്‍റെ മുന്നില്‍ നിന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടു.

" സിസ്റ്റര്‍ ...ഡോക്ടര്‍ ...ഡോക്ടര്‍ ? "

യാന്ത്രികമായെന്നോണം എന്‍റെ കൈ ഡോക്ടറിനു നേരെ നീണ്ടു.

അറബിയും ഇംഗ്ലീഷും കൂട്ടിക്കുഴച്ചയാള്‍ ആ കടലാസില്‍ ഒപ്പ് യാചിക്കയാന്നെന്നു എനിക്ക് മനസ്സിലായി. ഒടുവില്‍ വിതുമ്പിയ മുഖത്തോടെ അയാള്‍ മഹിയുടെ മുറിക്കു മുന്നില്‍ നിന്നു.


" എന്താ കാര്യം? "

ഞാന്‍ തിരക്കി

മറുപടി ആദ്യമൊരു കരച്ചിലായിരുന്നു. എന്‍റെ മുന്‍പിലൊരു പുരുഷന്‍ കരയുമ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അയാളെ ആശ്വസിപ്പിക്കാന്‍ പോലുമാവാത്ത നിസ്സഹായത

" മഹിയുടെ പാസ്സ്പോര്‍ട്ടും ഇക്കാമയും കാലാവധി തീര്‍ന്നിരിക്കയാണ്‌. ഇനിയൊരു പ്രതീക്ഷ വേണ്ടയെന്നു ഡോക്ടര്‍ പറഞ്ഞു. പക്ഷെ അവന്‍റെ ശരീരം പോലും നാട്ടിലെത്തിക്കണമെങ്കില്‍ ...അറിയാലോ സിസ്റ്റര്‍ ഈ രാജ്യത്തെ നിയമം..ആ ഡോക്ടര്‍ ഒരു ഒപ്പ് തന്നാല്‍ എംബസ്സി വഴി എന്തെങ്കിലും ചെയ്യാമെന്ന് പറയുന്നു. പക്ഷെ അയാള്‍ .."

വീണ്ടും പൊട്ടിക്കരഞ്ഞു മഹിയുടെ സുഹൃത്ത്‌. എനിക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അയാള്‍ക്ക്‌ പോലും വിശ്വസിക്കാന്‍ പ്രയാസമാവും.

ഞാന്‍ വീണ്ടും മഹിയെ നോക്കി. ഇത്രയും പക്വമായി സംസാരിക്കുന്ന മഹിയെപ്പോലെയൊരാള്‍ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായ് കണ്ടുവോ? എനിക്ക് സംശയം തോന്നി 

" മകളുടെ കല്യാണ ആവശ്യമെന്നും പറഞ്ഞു വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ അവന്‍ ഇക്കാമ പുതുക്കാന്‍ വെച്ചിരുന്ന കാശ് കൂടി അയച്ചു"  

അടുത്ത സിസ്റ്ററിന്റെ ചോദ്യത്തിന് മറുപടി ആയി അയാള്‍ പറഞ്ഞു
-------------------------------------------------------------------------------------------------------
ഞാന്‍ മഹിയുടെ മുറിയിലേക്ക് കയറി. മരുന്ന് തീര്‍ന്നിരിക്കുന്നു. സിറിഞ്ച് മാറ്റി വേറൊന്ന് ബന്ധിപ്പിച്ചപ്പോള്‍ എന്നോടൊരു പ്രതിഷേധം ആ യന്ത്രം പ്രകടിപ്പിച്ചുവോ?

തിരിച്ചിറങ്ങും മുന്നേ ഞാന്‍ അയാളെ നോക്കി. തടിച്ചു വീര്‍ത്ത കണ്‍പോളകള്‍ . ഒരു ചിരി തങ്ങി നില്‍ക്കുന്ന ആ ചുണ്ടുകള്‍ക്ക് വീണ്ടും എന്തൊക്കെയോ പറയാന്‍ ബാക്കിയുണ്ടെന്ന് എനിക്ക് തോന്നി. ഗ്ലാസ് ഡോറിനു പുറത്തു എന്നെ കാത്തു നില്‍ക്കുന്ന ഒരു കൂട്ടം കണ്ടില്ലയെന്ന് നടിക്കാന്‍ എനിക്ക് തോന്നി. ഈ മനുഷ്യന്‍ എന്‍റെ കര്‍മ്മപഥത്തില്‍ വെറുതെ വന്നു കയറിയതല്ല എന്ന് മനസ്സിലാരോ പറയും പോലെ.

ഒരുപാട് രോഗികള്‍ വന്നു പോകുന്ന ഈ ആശുപത്രിയില്‍ വല്ലപ്പോഴുമെങ്കിലും എന്നെ സ്വാര്‍ത്ഥയാക്കുന്നത് ഇങ്ങനെ ചില രോഗികള്‍ ആണ്. ആദ്യം സ്വന്തം നാട്ടുകാരന്‍ എന്ന ഒരു പരിഗണന...പിന്നീടത്‌ സഹതാപത്തിലേക്ക് വഴി മാറും. അതിലുമപ്പുറം എഴുത്തിനെ സ്നേഹിക്കുന്നവര്‍ക്ക് മഹിയെപ്പോലെ ചിലരെ മറക്കാന്‍ ആവുകയുമില്ല. വാക്കുകള്‍ ഓരോന്നും ചാട്ടുളി പോലെ നമ്മുടെ വികാരങ്ങളിലേക്ക് പടര്‍ത്തുവാന്‍ കഴിവുള്ള ചുരുക്കം ചില എഴുത്തുകാരില്‍ ഒരാള്‍. എഴുത്തിലൂടെ ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ മഹി മുന്നില്‍ തന്നെ ആയിരുന്നു. തുറന്നു പറച്ചില്‍ സമൂഹത്തില്‍ എന്നും ബാക്കി വെക്കുന്നതും അത് തന്നെ ആണല്ലോ. എങ്കിലും അവസാനം അയാളും കേവല പ്രവാസിയായതില്‍ എനിക്ക് ദുഃഖം തോന്നാതെയിരുന്നില്ല. സ്വന്തം കാര്യങ്ങള്‍ക്ക് മേലേ കുടുംബം എന്ന വലിയ ബാധ്യത..അതാണല്ലോ പ്രവാസിയെ എന്നും പ്രയാസിയാക്കുന്നത്.

---------------------------------------------------------------------------------------------------------

ജീവനും സ്നേഹവുമായുള്ള ചരടുവലി അവസാനിച്ചിട്ട് മുപ്പതു മിനിറ്റ് കഴിഞ്ഞു. മഹിയെ വെന്റിലെറ്ററില്‍ നിന്നും ഞാന്‍ മോചിപ്പിച്ചു. യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വന്തമല്ലാത്ത ആ ശരീരം ഞാനും സഹപ്രവര്‍ത്തകരും കൂടി വൃത്തിയാക്കുമ്പോള്‍ അടഞ്ഞ മുറിക്കുള്ളില്‍ അടക്കി പിടിച്ച തമാശകളും ചിരികളും പതിവായിരുന്നുവെങ്കിലും അസഹ്യമായെനിക്ക് തോന്നി.
മഹിയുടെ മുഖത്തേക്ക് മനപൂര്‍വ്വം ഞാന്‍ നോക്കിയില്ല.

ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റും മുന്‍പേ ഒരു സിസ്റ്റര്‍ വന്നു രഹസ്യമായ് കാതില്‍ ചോദിച്ചു

" ഇന്ന് വൈകിട്ട് കുര്‍ബാനയുണ്ട്. വരുന്നോ? "

മറുപടി പറയാതെ ഞാന്‍ മഹിയുടെ മുഖത്തേക്ക് നോക്കി. അവന്‍ മൌനമായ് പറഞ്ഞത് ഞാന്‍ മാത്രം കേട്ടു

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

സ്വന്തമല്ലാത്ത ഒരു കൂട്ടം പ്രവാസ സുഹൃത്തുക്കള്‍ അവന്‍റെ ശരീരത്തില്‍ വീണു കരയുമ്പോള്‍ എനിക്കായുള്ള അടുത്ത വിളി എത്തി

" സിസ്റ്റര്‍ ..വേഗം ...അടുത്ത പേഷ്യന്റ് .."പ്രിയ വായനക്കാരാ എനിക്കെന്‍റെ കര്‍മ്മ കാണ്ഡം കടന്നേ മതിയാവൂ. നിങ്ങള്‍ ഒരുപക്ഷെ നാളെ മഹിയെ മറന്നേക്കാം. അയാള്‍ എന്നിലൂടെ നിങ്ങളോട് പറയാന്‍ പലതും ആഗ്രഹിച്ചിരിക്കാം. എന്‍റെ അക്ഷരങ്ങളില്‍ കൂട്ടായി എനിക്കൊപ്പം ഇന്നിവിടെ ഉണ്ടായിരിക്കാം. എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നത് എന്‍റെ കര്‍മ്മ വീഥിയില്‍ മറ്റൊരു മഹിയായി നിങ്ങള്‍ കടന്നു വരാതിരിക്കട്ടെ എന്നാണ്...

കാരണം


കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എന്റെയോ നിങ്ങളുടെയോ ..മറ്റൊരാളുടെയോ ....44 comments:

 1. നന്നായെഴുതി. ആശംസകള്‍

  ReplyDelete
 2. കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എന്റെയോ നിങ്ങളുടെയോ ..മറ്റൊരാളുടെയോ


  Heart touching..

  ReplyDelete
 3. "എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നത് എന്‍റെ കര്‍മ്മ വീഥിയില്‍ മറ്റൊരു മഹിയായി നിങ്ങള്‍ കടന്നു വരാതിരിക്കട്ടെ എന്നാണ്..." നല്ല പ്രാര്‍ത്ഥന.

  ജീവനറ്റ ശരീരങ്ങളെ ഇറച്ചിക്കടയിലെ മാംസം കണക്കു മേശമേലിട്ട് തട്ടുന്ന നിങ്ങളുടെ കര്‍മപഥത്തിലേക്ക് ഒരിക്കലും കടന്നുവരാതിരുന്നെങ്കില്‍................... ശരീരത്തിലെ അവസാന ജീവനെ തിരിച്ചറിയാന്‍ കഴിയാറുണ്ടോ?

  ReplyDelete
 4. ഒരു പ്രവാസിയുടെ അവസ്ഥ അറിയാവുന്നതിനാല്‍ മനസ്സില്‍ തട്ടിയാണ് വായന കടന്നു പോയത്. എപ്പോഴും വേദന തങ്ങിക്കിടക്കുന്ന ചിരിയോടെ കടന്നുപോകേണ്ട സന്ദര്‍ഭങ്ങള്‍ പ്രവാസിക്ക് മാത്രം വിധിക്കപ്പെട്ടതാണ്. അത് രോഗത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലും. അതിജീവനം ആവശ്യപ്പെടുന്ന ചിരി!

  നന്നായെഴുതി.

  ReplyDelete
 5. സ്വന്തം കർമ്മമേഖലയിൽനിന്ന് കഥ കണ്ടെത്തുമ്പോൾ അനുഭവങ്ങളുടെ തീക്ഷ്ണതകൊണ്ട് അതിന് തിളക്കം വർദ്ധിക്കുന്നു. ഈ ബ്ളോഗ് തുടർച്ചയായി വായിക്കാറുള്ള ഞാൻ ഇവിടെ വായിച്ചവയിൽ ഏറ്റവും നല്ല രചനയാണിത് എന്നു പറഞ്ഞുകൊള്ളട്ടെ. എഴുത്തുകാരിയുടെ ഭാഷക്ക് കൂടുതൽ പക്വത വന്നിരിക്കുന്നു. അനുഭവത്തെ വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്നതിലും ഒട്ടോക്കെ വിജയിച്ചിരിക്കുന്നു.....

  ഭാവുകങ്ങൾ .....

  ReplyDelete
  Replies
  1. പ്രദീപ്‌ ചേട്ടന്‍ സ്ഥിരം സന്ദര്‍ശകന്‍ എന്നത് തന്നെ എനിക്ക് കിട്ടാവുന്ന വലിയ അംഗീകാരം ആണ് ..ഒരുപാട് നന്ദി ..സന്തോഷം

   Delete
 6. പ്രാണന്‍ തല്‍ക്കാലത്തേയ്ക്ക് മാത്രം വസിക്കുന്ന വഴിയമ്പലമത്രേ ഗാത്രം. സമയക്രമം അനുസരിച്ച് ഒഴിഞ്ഞുകൊടുക്കേണ്ടുന്ന വഴിയമ്പലങ്ങള്‍!

  കഥ നന്നായിപ്പറഞ്ഞു.

  ReplyDelete
  Replies
  1. അജിത്തെട്ടാ ..നന്ദിയും സന്തോഷവും അറിയിക്കട്ടെ

   Delete
 7. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എഴുതികഴിഞ്ഞപ്പോള്‍,എഴുത്തിനിടയില്‍ അനുഭവിച്ച ആത്മസംഘര്‍ഷം ഹൃദയസ്പര്‍ശിയായി മഹാനായ എഴുത്തുകാരന്‍ പകര്‍ത്തിയിട്ടുണ്ട്.അതേപോലെയാണ് എഴുത്തുകാരന്‍ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുക.
  രണ്ടാമൂഴം അനുവാചകരും...............
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 8. നൊമ്പരപ്പെടുത്തുന്ന ഒരോര്‍മ്മക്കുറിപ്പുപോലെ.. നന്നായി എഴുതി. ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ..ഇതൊക്കെ നൊമ്പരങ്ങള്‍ തന്നെ

   Delete
 9. ഇതൊരു കഥയാണോ ഓർമ്മക്കുറിപ്പാണോയെന്ന് സംശയിക്കുന്നപോലുള്ള എഴുത്ത്.

  നന്നായി എഴുതി...

  ReplyDelete
 10. ജീവിതത്തിൽ ചിലരെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടാകും , .............ഇനി വരുന്നത് മരണമാകല്ലേ എന്ന്............!

  നന്നായെഴുതി....
  സ്നേഹം,
  മനു..

  ReplyDelete
 11. ആതിരയുടെ ബ്ലോഗില്‍ വായിച്ച ഏറ്റവും ഹൃദയസ്പര്‍ശിയായ കഥ ..,, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഇതൊരു വെറും കഥയല്ല എന്ന് ..ആശംസകള്‍ .

  ReplyDelete
 12. നല്ല എഴുത്ത്
  ആശംസകൾ

  ReplyDelete
 13. Praveen Sekharൻറെ ഡോക്കിലെ കമൻറിൽ നിന്നാണ് ഇവിടെ എത്തിയത്. അനുഭവത്തിൻറെ മൂർച്ചയുള്ള ഈ കഥകൊണ്ട് ഞാൻ മുറിവേറ്റിരിക്കുന്നു. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി വരവിനും ഈ കയ്യൊപ്പിനും

   Delete
 14. മരണം പലപ്പോഴും അങ്ങനെയാണ് വിചാരിച്ചിരിക്കാതെ കടന്നു വരും . ഹൃദയത്തില്‍ സ്പര്‍ശിച്ചു. സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
  Replies
  1. നന്ദിയും സ്നേഹവും പ്രീത ചേച്ചി

   Delete
 15. വിഷമിപ്പിച്ചു .......ഒരു നിമിഷം... ആ നിമിഷം ഞാൻ തിരിച്ചു ചോദികുന്നില്ല ....കാരണം അതും ഒരു അനുഭവം ആണല്ലോ.....നല്ല എഴുത്ത്....വികാരങ്ങളെ അക്ഷരത്തിലേക്ക് ഒഴുക്കാൻ കഴിഞ്ഞിട്ടുണ്ട്....ശൈലി കണ്ടിട്ട് അസൂയ...ഹ ഹ ..

  ReplyDelete
 16. കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എന്റെയോ നിങ്ങളുടെയോ ..മറ്റൊരാളുടെയോ.............. മനോഹരമായ എഴുത്ത്.. ആശംസകൾ കുഞ്ഞെ....

  ReplyDelete
 17. ദൈവത്തിന്നോട് ചിലപ്പോള്‍..
  ദേഷ്യം തോന്നും..
  കര്‍മ്മങ്ങളും..കര്‍മ ഫലങ്ങളും
  പലപ്പോഴും ഒരു കുരുക്കായ്‌
  കഴുത്തില്‍ മുറുകവേ..!!rr

  ReplyDelete
 18. മനോഹരമായി എഴുതിയ കഥ.
  ആശംസകള്‍

  ReplyDelete
 19. ഒരിക്കല്‍ ഇവിടെ വന്നു ഈ കഥ വായിച്ചു കമന്റ് എഴുതി പോയതാണ്...അത് delete ആയോ....എന്തായാലും നല്ല കഥയ്ക്ക്‌ ഒരിക്കല്‍ കൂടി ആശംസകള്‍

  ReplyDelete
 20. കഥയാണന്ന് വിശ്വസിക്കാൻ പ്രയാസം. ആമുഖം ഓർമ്മിപ്പിക്കുന്നു ഇതൊരു കഥയാണ്‌...ജീവിതത്തിൽ മുക്കിയ കഥ...അനുഭവത്തിൽ ചാലിച്ച കഥ.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 21. വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയാം എന്നു വിചാരിച്ചു പക്ഷെ ..നീ എങ്ങാന്‍ നന്നായി പോയാലോ ? അതോണ്ട് പിന്നെ പറയാം

  ReplyDelete
 22. ഒരു അനുഭവാവിഷ്കാരം പോലെ കുറിച്ചിട്ടിരിക്കുന്നു

  ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?