Sunday, May 10, 2015

ഒരു അമ്മയുടെ ജനനം

മേലേക്കുയ൪ന്ന ഉദരം താഴേക്ക്‌ അമരുമ്പോൾ ഞാനൊരു ആത്മനിർവൃതിയിലേക്ക് ഉയരുകയായിരുന്നു. ഒരു ജീവന്‍റെയുള്ളിലെ മറ്റൊരു ജീവൻ. അവന്‍റെ  കൈകാലുകളുടെ സ്പർശം ഒരു വേദനയായി എന്നെ പുളകം കൊള്ളിച്ച കുറച്ചു മാസങ്ങൾ.ആർക്കും പറഞ്ഞു കൊടുക്കാൻ ആവാത്ത എന്നാൽ ഞാനും അവനും മാത്രമറിഞ്ഞ സ്വൈര്യ സല്ലാപങ്ങൾ ലാളനകൾ.

ഒടുവിൽ ആ ദിനമെത്തി. ഇരുട്ടിന്‍റെ ഭിത്തി പൊട്ടിച്ച് "എനിക്കും പുറം ലോകത്തെ അറിയണം" എന്നവൻ വാശി പിടിച്ച ദിനം . പിടഞ്ഞും പുളഞ്ഞും പ്രതിഷേധം അറിയിക്കവെ ചുറ്റും തീർത്ത കവചമവൻ പൊട്ടിച്ചു. ഇനിയൊരു പിടച്ചിലാണ്. ജീവനും ജീവദാതാവുമായുള്ള വടംവലി. പേറ്റുനോവെന്നു കണ്ടു നിന്നവർ വിധിയെഴുതുമ്പോൾ പ്രാണനെ പുറം തള്ളുന്ന വേദന ഞാൻ അറിഞ്ഞു.

അവനാൽ അതിനാവതില്ല എന്ന് വൈദ്യ സമൂഹം വിധിയെഴുതുമ്പോൾ ഒരു സമ്മതപത്രവുമായി അവരെന്‍റെ അരികിലെത്തി.കീറിമുറിച്ചെന്‍റെ  പ്രാണനെ വേർപിരിക്കണം. അവിടെയുമൊരു പരീക്ഷണം. പാതി മരവിച്ച എന്‍റെ  പച്ചമാംസം അവർ മുറിക്കവേ ഞാൻ അലറിക്കരഞ്ഞു.പിന്നെ ഒരു മയക്കം. അതിനിടയിൽ പ്രാണൻ മുറിച്ചെടുക്കപ്പെട്ടു.

ഉണരുമ്പോൾ അവൻ അരികിൽ ഇല്ല. ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ ചിമ്മിതുറക്കാൻ കഷ്ടപ്പെടുന്ന കണ്ണുകളുമായി അവൻ  അരികിലെത്തി.
നിറഞ്ഞു തൂവിയ മാറിടത്തേക്കാൾ കവിഞ്ഞൊഴുകിയ മനസ്സായിരുന്നു എനിക്കപ്പോൾ.
ആരുടെയോ സഹായത്തോടെ ആദ്യമായി ഞാൻ അമൃതൂട്ടിയപ്പോൾ ആരോ പറഞ്ഞു .

 " ദെ മോന്‍റെ അമ്മ "