Sunday, June 17, 2012

സ്മൈലികള്‍ കഥ പറയുമ്പോള്‍

" Gran Pa Do You have facebook ID?"
" എന്തൊന്ന? "  മത്തായി മാപ്ല വാ പൊളിച്ചു.....

കുറെ ദിവസമായി ഈ ശല്യം തുടങ്ങിയിട്ട്...അമേരിക്കയില്‍ നിന്ന് മകളും മരുമകനും പിള്ളേരും കൂടി വന്നപ്പോള്‍ മറിയാമ്മക്കും   മത്തായി മാപ്ലക്കും പെരുത്ത്‌ സന്തോഷമായിരുന്നു. പക്ഷെ വന്ന നേരം മുതല്‍ ഈ പിള്ളേരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മത്തായി മാപ്ല ഇശ്ശി കഷ്ടപെടുന്നു.മറിയാമ്മ അടുക്കളയില്‍ തകൃതിയായി പണിയിലാണ് അതിനാല്‍ ഈ കുട്ടിച്ചാത്തന്മാരുടെ ശല്യം മത്തായി മാപ്ലയുടെ നേരെയാണ്.കാലത്തെ പശുവിനെ മാറ്റികെട്ടാന്‍ പോയ മത്തായി മാപ്ലയോട് ഇളയ കുട്ടിച്ചാത്തന്റെ വകയാണ് ചോദ്യം. ആദ്യ മൂന്നു ദിവസം കൊണ്ട് മനസ്സിലാക്കിയതാണ് ഈ Gran Pa എന്നാല്‍ അപ്പച്ചന്‍ എന്ന് ആണെന്ന്. അതും മരുമോന്‍ പറഞ്ഞു തന്നതാ.അപ്പച്ചാ എന്ന് വിളിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.

അവന്‍ വിടുന്ന ലക്ഷണമില്ല വീണ്ടും പിറകെ കൂടി.
 "ഫെസ്  ബുക്ക്‌  എന്താന്ന് Gran Pa ക്ക് അരിയാമോ? "
" ഇല്ല" അല്പം കടുപ്പിച്ചാണ് മാപ്ല മറുപടി  കൊടുത്തത്
" ok..computer അരിയാമോ?"
" ഇല്ല കമ്പോണ്ടര്‍ അറിയാം...കുഞ്ഞികൃഷ്ണന്‍ പണ്ട് കമ്പോണ്ടര്‍ ആരുന്നു ഗവര്‍മെന്റു ആശുപത്രിയില്‍.."
" യ്യോ ...അതല്ല ....C..O..M..P...U..T..E...R...Computer ....That's a machine..Do you know that?"
 വീണ്ടും മാപ്ല വാ പൊളിച്ചു......" എന്നതാ കൊച്ചനെ നീ ഈ പറയുന്നേ? "
" ok..ok...come with me.." കുട്ടിപിശാച്ചു കൈ പിടിച്ചു വലിച്ചു......
" കര്‍ത്താവെ...ഡാ കൊച്ചനെ നീ എന്നെ ഇതെവിടെ കൊണ്ടുപോകുവ...വിടെട..."

വലിച്ചവന്‍ അവന്റെ മുറിയില്‍ എത്തിച്ചു. രണ്ടാം നിലയില്‍ മകള്‍ വന്നതില്‍ പിന്നെ കയറിയിട്ടേ ഇല്ല ...രൂക്ഷമായ  ഗന്ധം  അവിടെ നിറഞ്ഞു നിന്നു.....
അവന്‍ ബലമായി പിടിച്ചു ഒരു കസേരയില്‍ ഇരുത്തി..മുന്നില്‍ ടി വി  പോലെ എന്തോ ഒരു കുന്ത്രാണ്ടം...അതില്‍ പകുതി തുണിയില്ലാത്ത ഒരു പെണ്ണിന്റെ പടം ...." അയ്യേ? നിനക്കെത്ര വയസ്സ് ആയെട  ചെറുക്കാ?"
 തിരിച്ചു വരുന്ന മറുപടി അറിയാവുന്നത് കൊണ്ട് തല്ക്കാലം ചോദ്യം മനസ്സില്‍ അടക്കി..
അവന്‍ എന്തൊക്കെയോ ഞെക്കുന്നു...അപ്പോള്‍ ആ ടി വി യില്‍ ആരൊക്കെയോ ആടുന്നു പാടുന്നു...കണ്ണിന്റെ മുന്നില്‍ ഇരുന്ന ടി വി അല്പം അരോചകമായി തോന്നി..അതിനാല്‍എണീറ്റ്‌  മാറിയിരിക്കാന്‍ ശ്രമിച്ചെങ്കിലും ചെക്കന്‍ വിട്ടില്ല...

അവന്‍ വീണ്ടും എന്തൊക്കെയോ ഞെക്കിയപ്പോള്‍ മാപ്ലയുടെ പടം ആ ടി വിയില്‍ കണ്ടു...
"ഹ ഹ ഇത് കൊള്ളാമല്ലോ?"
കോട്ടയം ബസ്‌ സ്റ്റാന്റിന്റെ അപ്പുറത്തുള്ള അനുപമ സ്റ്റുഡിയോയില്‍ നൂറിന്റെ ഒരു പുത്തന്‍ താള് കൊടുത്തപ്പോള അവന്മാര്‍ ഒരു പടം തന്നത്...
ഇതിപ്പോള്‍ ഒരു നിമിഷം കൊണ്ട് പടം......കൊള്ളാം പരുപാടി..മത്തായി മാപ്ല ഉറക്കെ ചിരിച്ചു..
കുട്ടി പിശാച് മാപ്ലക്ക് പഠിപ്പിച്ചു കൊടുത്തു ആ ടി വിയുടെ പല പല സൂത്രങ്ങള്‍...അങ്ങനെ മാപ്ലയും കമ്പോണ്ടര്‍ ആയി .....

മറിയാമ്മ വിളിച്ചതൊന്നും കമ്പോണ്ടര്‍ മാപ്ല കേട്ടില്ല...വെള്ളെഴുത്ത് കണ്ണാടി എപ്പോളും വെച്ച് നടന്നു നമ്മുടെ മാപ്ല...ഭക്ഷണം കഴിച്ചാലായി.... ഇല്ലേല്‍ ആയി.....എപ്പോളും കമ്പോണ്ടര്‍ തന്നെ...ഫേസ് ബുക്ക്‌  മനപ്പാഠം ആക്കി...പുതിയ പടങ്ങള്‍ വെച്ച പുതിയ പുതിയ ഐ ടികള്‍ ഉണ്ടാക്കി...സ്ത്രീജനങ്ങള്‍ക്ക് മുന്നില്‍ കുളിരായി മാറി...മത്തായി മാപ്ല എന്ന പേര് മാറ്റി മാത്യൂസ്‌ എന്നാക്കി...ഇതിനിടക്ക്‌ നമ്മുടെ കുട്ടി പിശാചുക്കള്‍ അമേരിക്കക്ക്   പറന്നു...പക്ഷെ പോകും മുന്നേ അവര്‍ മാപ്ലക്ക് സമ്മാനമായി നല്‍കി ആ കമ്പോണ്ടറെ ..........

പശുവിനെ മാറ്റി കെട്ടാനോ കാടി വെള്ളം കൊടുക്കണോ മാപ്ലക്ക് സമയമില്ല...മറിയാമ്മ രാപകലില്ലാതെ കഷ്ടപെട്ടു...മാപ്ലയെ അവര്‍ വിളിച്ചതൊന്നും അയാള്‍ കേട്ടില്ല....അപ്പോളെല്ലാം അയാള്‍ തിരക്കിലായിരുന്നു....പുതിയ ഒരു ലോകത്തായിരുന്നു....

ഒടുവില്‍ ആ കുട്ടി പിശാച് വീണ്ടുമെത്തി
" Gran Pa "
അന്നാണ് മത്തായി മാപ്ല വീണ്ടും സംസാരിച്ചത്........
" hai my Baby..."
ഈ തവണ പിശാച് ഞെട്ടി  വാ പൊളിച്ചു...
" Gran Pa...You Lost weight..."
" its ok my baby.. ഞാന്‍ സ്വന്തമായി ഒരു സ്മൈലി ഉണ്ടാക്കി നീ ഒന്ന് കാണ്.."
" Gran pa നമുക്ക് താഴേക്ക്‌ പോകാം..വരൂ..."
വലിച്ചു ഇഴച്ചാണ് അവന്‍ മത്തായി മാപ്ലയെ താഴെ കൊണ്ട് വന്നത്..അവിടെ ഒരുപാട് പേര്‍ അയാളെ കാത്തിരിപ്പുണ്ടായിരുന്നു...മക്കള്‍ മരുമക്കള്‍ അയല്‍ക്കാര്‍...അങ്ങനെ ഒരു കൂട്ടം.
അവര്‍ക്കിടയില്‍ അയാള്‍ മറിയാമ്മയെ തിരഞ്ഞെങ്കിലും കണ്ടില്ല...അയാളുടെ ലോകം അപ്പോള്‍ മറിയാമ്മയെക്കാള്‍  സ്മൈലികള്‍ കയ്യടക്കിയിരുന്നു.മക്കളും മരുമക്കളും അയാളെ ഒരു കൊലപാതകിയെ പോലെ നോക്കി.മത്തായി മാപ്ല അവര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നു. ഒരു അക്ഷരം എതിര്‍ത്ത് പറയാത്ത മക്കള്‍ എല്ലാവരും അയാളെ ഒന്നടങ്കം വഴക്ക് പറഞ്ഞു.

ഒടുവില്‍ എല്ലാവരും കൂടി ഒരു തീരുമാനം അയാളെ അറിയിച്ചു. മക്കളില്‍ ആരുടെയെങ്കിലും കൂടെ അപ്പന്‍ പോയെ പറ്റു. ആര് വേണമെന്ന് അപ്പന് പറയാം.ഈ വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചു.മത്തായി മാപ്ല എന്തോ കണ്ടു പേടിച്ചത് പോലെ മകളെ നോക്കി.
" പറ്റില്ല...അതൊന്നും പറ്റില്ല...എന്‍റെ വീടാ...ഇത് വിട്ടു ഞാന്‍ എവിടേക്കും ഇല്ല.."

" അതെങ്ങനെ അപ്പ...കുറെ കാലം മുന്നേ അപ്പന്‍ ഇത് ഞങ്ങള്‍ക്ക് വീതം വെച്ച് തന്നതല്ലേ....അന്ന് ഈ ജോയമ്മക്ക് ഉള്ളതാ ഈ വീട് എന്ന് പറഞ്ഞതല്ലേ? ഞങ്ങള്‍ പോയാല്‍ പിന്നെ ഇതും അപ്പനെയും ഒക്കെ ആര് നോക്കാനാ? വെറുതെ അപ്പനെ നോക്കാത്ത മക്കള്‍ എന്ന പേരുദോഷം കേള്‍പ്പിക്കല്ലേ...അപ്പാ"

*********************************************************************************

" കാണാന്‍ അമേരിക്കയില്‍ നിന്നും ആരൊക്കെയോ വന്നിരിക്കുന്നുവല്ലോ? മക്കള്‍ ആണോ?" നാരായണന്‍ നായര്‍ ചോദിച്ചു.
" ഉം "
" എന്നിട്ടെന്ത കാണാന്‍ ചെല്ലാത്തെ?"
" ഒന്നുമില്ല...ആരെയും കാണണ്ട എന്ന് തോന്നി "
" ഹേ ഒന്ന് ചെല്ലെടോ...അവര്‍ അമേരിക്കയില്‍ നിന്നും വന്നതല്ലേ തന്നെ കാണാന്‍"

ഒന്നും മിണ്ടാതെ മത്തായി മാപ്ല എണീറ്റ്‌ നടന്നു ....നാരായണന്‍ നായര്‍ പിറകെ ചെന്ന്  തോളില്‍ കൈ  വെച്ചു.
"  കുറെ വര്‍ഷങ്ങള്‍ ആയി ഞാന്‍ ഇവിടെ...ആരും ഒന്ന് വന്നു പോയില്ല..ഇതിപ്പോള്‍ അവര്‍ തന്നെ കാണാന്‍ മാത്രം..."
"ഗ്രാന്‍ പാ...." ജോയമ്മയുടെ മകന്‍ ഓടി വന്നു
അറിയാതെ മത്തായി മാപ്ല അവനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു....അയാളുടെ കണ്ണ് നിറഞ്ഞു.
" അപ്പാ..ഞങ്ങള്‍ അപ്പനെ കൂട്ടി കൊണ്ട് പോകാന വന്നത്....ഇവിടെ ഇങ്ങനെ ആരുമില്ലാതെ അപ്പന്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ എങ്ങനാ...അവിടെ ..അപ്പന്‍ വരണം...."

തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു അവിടെ നിന്ന് നാരായണന്‍ നായര്‍ ചിരിയോടെ "പോടോ"  എന്ന് പറയുന്നത്

*********************************************************************************

മറിയാമ്മ ഇല്ലാത്ത വീട്..മത്തായി മാപ്ലക്ക് ഒരു പുതിയ ലോകത്ത് എത്തിയ പോലെ തോന്നി...ആകെ ഒരു നിശബ്ദത.......

അയാളെ  കൊച്ചുമക്കള്‍ തന്നെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി....
എല്ലാവരും പെട്ടന്ന് തന്നെ പോകാന്‍ തയ്യാറായി...മത്തായി മാപ്ലക്ക് കൂട്ടിനു കാര്യസ്ഥന്‍ ഉണ്ട്...ഭക്ഷണം ഉണ്ടാക്കാന്‍ ഒരു തള്ളയെയും നിര്‍ത്തി.

" എന്നാലും മക്കളേ... ഇന്ന് തന്നെ പോണോ? "
"പോയെ പറ്റു അപ്പ..പിള്ളേരുടെ പഠിത്തം..ജോലി...അങ്ങനെ ....."
മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മാപ്ല മുകളിലേക്ക് കയറി പോയി ...അവിടെ കൊച്ചുമക്കള്‍ പായ്ക്ക് ചെയ്യുകയാണ് .....അവര്‍ക്കിടയില്‍ നിശബ്ദനായി അയാള്‍ ഇരുന്നു


എല്ലാം വണ്ടിയിലേക്ക് എല്ലാവരും കൂടി വെച്ചു..ഓരോരുത്തരായി വന്നു യാത്ര പറഞ്ഞു.....ഏറ്റവും അവസാനം നമ്മുടെ കുട്ടി പിശാചു വന്നു

"സീ യു ഗ്രാന്‍ പാ..."


മത്തായി മാപ്ല തോര്‍ത്ത്‌ കൊണ്ട് കണ്ണ് തുടച്ചു.  മെല്ലെ അവനെ കെട്ടി പിടിച്ചു..എന്നിട്ട് ചെവിയില്‍ പറഞ്ഞു

"ഫേസ് ബുക്കില്‍ പുതിയ ആയിടിയില്‍ നിന്നും റിക്വസ്റ്റ് ഇട്ടിട്ടുണ്ട് ...ഒന്ന് അക്സപ്റ്റ് ചെയ്യണം കേട്ടോ ....."



വണ്ടി മെല്ലെ നീങ്ങുമ്പോള്‍ മുകളില്‍ മാപ്ലയുടെ മുറിയില്‍ ഒരു സ്മയിലി ആരെയോ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു