Thursday, November 21, 2013

ഭൂമിയിലെ മാലാഖമാര്‍

നാലരയുടെ അലാറം ഒന്ന് കൂടി മാറ്റി വെച്ച് മയങ്ങാം എന്ന് തീരുമാനിക്കുമ്പോള്‍ ശരീരത്തോട് കൂടുതല്‍ പറ്റിച്ചേര്‍ന്നു ജീവന്‍റെ പാതിതുടിപ്പ്. പാതി മയക്കത്തില്‍ നുകര്‍ന്ന അമൃതം മുഖത്ത് ഉണങ്ങിയിരിക്കുന്നു. മാതൃഹൃദയം ശരീരത്തിന്‍റെ ഉറക്കത്തെ തരണം ചെയ്യാന്‍ വേഗം സഹായിച്ചു. ഇനിയുള്ളതെല്ലാം ജീവിതത്തിന്‍റെ സ്ഥിരചലനങ്ങള്‍ ആയിരിക്കുന്നു.ചായയില്‍ തുടങ്ങി ചോറ് പൊതികളില്‍ അവസാനിക്കുന്ന ഓട്ടപ്പാച്ചിലുകള്‍.ആറു മണിക്ക് മുന്‍പേ ഉറക്കം അലോസരപ്പെടുത്തിയതിന്‍റെ പ്രതിഷേധം കരച്ചിലായ് പ്രകടിപ്പിച്ചപ്പോള്‍ ആശ്വസിപ്പിക്കാനും നല്ലൊരു സമയം വേണ്ടി വന്നു.

ആത്മാവിന്‍റെ ഒരു ഭാഗം പറിച്ചെടുത്ത്‌ ഒരു സ്ത്രീയെ ഏല്‍പ്പിക്കുമ്പോള്‍ ചുറ്റുമിരുന്നു കരയുന്ന ഒരു കൂട്ടം കുഞ്ഞുങ്ങള്‍ ആശ്വാസമാണ്. ഞാന്‍ തനിയെ അല്ല എന്ന ആശ്വാസം.

ജോലിക്ക് വൈകി വരുന്നതിന് ട്രാഫിക് ബ്ലോക്ക്‌ എന്നൊരു പഴി ചാരല്‍ സ്ഥിരമായിരിക്കുന്നു.നേരത്തെ ഇറങ്ങണമെന്ന് കരുതിയാലും നടക്കുകയില്ല. ഇനി ഭര്‍ത്താവും കുഞ്ഞും ഒന്നും ഓര്‍മ്മയില്‍ പാടില്ല. അതാണ്‌ ജോലി.

വിഭജിച്ചു കിട്ടിയ പങ്കു പോലൊരു രോഗിയെ മറ്റൊരാളില്‍ നിന്നും കൈപ്പറ്റുമ്പോള്‍  അവരെപ്പോലെ തന്നെ ഞാനും കൂട്ടിയും കുറച്ചുമേറെ കുറ്റങ്ങള്‍ കണ്ടു പിടിച്ചു. ഇനി എന്‍റെ ഊഴമാണ്. മുന്‍പില്‍ ഇരിക്കുന്ന ഒരുപാട് കടലാസുകള്‍ എഴുതി പൂര്‍ത്തിയാക്കണം. എഴുത്തില്ലെങ്കില്‍ ജോലി ചെയ്തില്ല എന്നതാണ് ഇവിടെ ന്യായം. എഴുത്തു തുടങ്ങുമ്പോള്‍ തന്നെ രോഗി വിളിച്ചു.

വേലക്കാരിയുടെ പരിഗണന പോലും നല്‍കാതെ പൃഷ്ടം കഴുകാന്‍ ആവശ്യപ്പെട്ട അറബിയോട് മുഖം കറുപ്പിക്കാന്‍ ആവാത്ത നിസ്സഹായത.നിതാഖാത്തും ശമ്പളവും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണല്ലോ. മുടങ്ങാതെ വരുന്ന അമ്മയുടെ ആവശ്യങ്ങളും ഒരിക്കലും തീരാത്ത ലോണുകളും അറബിയുടെ വിസര്‍ജ്ജന ഗന്ധത്തെ മറികടന്നു. ഒരു മാസ്കില്‍ ദുര്‍ഗന്ധം അടക്കാന്‍ ശ്രമിച്ചു കൊണ്ട് ആ നൂറു കിലോയുള്ള രോഗിയെ അന്‍പതില്‍ താഴെ മാത്രം ഭാരം ഉള്ള നേഴ്സ്  ചരിച്ചു പിടിച്ചു.

വീണ്ടും കടലാസ് കൂമ്പാരത്തിലേക്ക് ഊളിയിടാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ എത്തി . ഇനിയൊരു ചോദ്യോത്തര പരിപാടി  തുടങ്ങുകയായി. പേപ്പറുകളില്‍ ഭദ്രമായ രോഗിയുടെ വിവരങ്ങള്‍ മറിച്ചു നോക്കാന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍മാര്‍ ആണ് അധികവും. ചിലരാവട്ടെ രോഗിയെ നേഴ്സിന്‍റെ കണ്ണിലൂടെ മാത്രം പരിശോധിച്ചു മടങ്ങുന്നവരും.

അയാള്‍ എഴുതി വെച്ച് പോയ മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങണം. രോഗിയെ സ്ഥിര മരുന്നുകളും ഭക്ഷണവും  കഴിപ്പിക്കണം. വീണ്ടും ആ മുറിയിലേക്ക്. ഇതിനിടെ നേഴ്സ് ഭക്ഷണം കഴിച്ചുവോ എന്ന് രോഗിക്ക് അറിയേണ്ട കാര്യം ഇല്ലലോ.ഭക്ഷണം കൊടുത്തു വാ കഴുകിക്കുമ്പോള്‍ രോഗിക്ക് മനം പുരട്ടല്‍. ഒരു പാത്രം എടുത്തു വരും മുന്നേ അത് കട്ടിലില്‍ ആകെ പടര്‍ത്തി കഴിഞ്ഞിരുന്നു.ഇനി ആദ്യം മുതല്‍ തുടങ്ങുകയായി.

ഉച്ചയൂണും അങ്ങനെ മുടങ്ങി.വീണ്ടും പേപ്പറുകള്‍ കയ്യിലെടുക്കുമ്പോള്‍ എത്തി ചാര്‍ജ് നേഴ്സ് വക പരിശോധന. ഇതുവരെ ഇതൊന്നും എഴുതിത്തീര്‍ക്കാന്‍ സമയം ആയില്ലേ ? ഹെല്‍പ്പ് കിട്ടിയാലും നിങ്ങള്‍ക്ക് ഒന്നും തീരില്ല ....എന്നിങ്ങനെ ശകാര വര്‍ഷം ആംഗലേയ ഭാഷയില്‍ പുരോഗമിക്കവേ അറിയാതെ നാവില്‍ നിന്നും ആ തിരുവചനം വീണു " പുല്ല് " . അതിനും കിട്ടി ഒരു റിയാല്‍ "ഫൈന്‍". ഇംഗ്ലീഷ് അല്ലാത്ത ഭാഷ ജോലി സമയം ഉപയോഗിച്ചതിനുള്ള ശിക്ഷ.

നേഴ്സ് നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നം ആണ് "INSERVICE EDUCATION". അത്യാധുനികത, രോഗി പരിചരണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള വലിയൊരു ശ്രമം. സമയം ഇല്ലാത്ത സമയത്തും ഒന്നൊന്നര മണിക്കൂര്‍ ക്ലാസ്സുണ്ട്  ഇതിനു വേണ്ടി. പങ്കെടുക്കണം എന്ന് നിര്‍ബന്ധവും.

ആരോ വന്നൊരു ദയ കാട്ടി. "ഒന്ന് കാപ്പി കുടിച്ചു വന്നോളു, ഞാന്‍ രോഗിയെ നോക്കാം എന്നൊരു കനിവ്". ചായ ഇട്ടു കഴിഞ്ഞപ്പോള്‍ തന്നെ എത്തി വിളി. ആ ചായ വാഷ്‌ ബേസനില്‍ കമിഴ്ത്തി തിരികെ വരുമ്പോള്‍ നെഞ്ചില്‍ വിങ്ങുന്ന മാതൃത്വം വേദനയായ് പരിണമിച്ചു കഴിഞ്ഞിരുന്നു. ഒരു പരവേശമായിരുന്നു എങ്ങനെയെങ്കിലുമൊന്നു എഴുതി പൂര്‍ത്തിയാക്കാനും അവിടുന്ന് കടക്കാനും.

വീട്ടിലെത്തി കുളിച്ചു വേഗം കുഞ്ഞിനെ മുലയൂട്ടി വീണ്ടും അടുക്കളയിലേക്ക്. രാവിലെ കഴുകാന്‍ ബാക്കി വെച്ച പാത്രങ്ങളുമായി ഒരു മല്‍പ്പിടുത്തം. ഇടയില്‍ കേട്ടു " ഇന്ന് ചോറ് വേണ്ട ചപ്പാത്തി മതി ട്ടോ " ഭര്‍ത്താവിന്റെ വകയാണ്.

ഇന്നത്തെ യുദ്ധം തെല്ലൊതുക്കി കട്ടിലിലെത്തിയപ്പോള്‍ കുറുകി വന്ന ഇണയോട് നടുവേദനയെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി :

" രാവിലെ മുതല്‍ ഒരു സിറിഞ്ചും പിടിച്ചു തെക്കോട്ടും വടക്കോട്ടും നടക്കുന്ന നിനക്ക് എന്നും നടുവേദന! നമ്മള്‍ കാണാത്തതല്ല  ഈ നഴ്സിംഗ് !! "


സമര്‍പ്പണം : ഭൂമിയിലെ മാലാഖമാര്‍ക്ക്

Saturday, October 5, 2013

അവശേഷിപ്പുകള്‍

അഞ്ചാമത്തെ നിലയെന്നാണ് അയാള്‍ പറഞ്ഞത്. പഴയ കെട്ടിടമായതിനാലാവാം ആ ലിഫ്റ്റും ഒരു വയസ്സനെ പോലെ കിതച്ചും ശബ്ദമുണ്ടാക്കിയുമാണ് മേല്പോട്ടുയര്‍ന്നത്‌.പരമാവധി ധൈര്യം സംഭരിച്ചവര്‍ ഒരു മൂലയില്‍ ചാരി നിന്നു.അധികമാരും ഈ ലിഫ്റ്റ്‌ ഉപയോഗിക്കുന്നില്ല എന്നത് വൃത്തിഹീനത വിളിച്ചോതി.

നാലാം നിലയിലെത്തി ലിഫ്റ്റ്‌ ഒരു മുരള്‍ച്ചയോടെയെന്നോണം നിന്നു.വാതില്‍ തുറക്കവേ ഒരാള്‍ ധൃതിയോടെ ഓടി വന്നു കയറി.പെട്ടന്നുള്ള ഭയം കാരണം അയാളോട് ഒന്നും സംസാരിക്കാതെ അവര്‍ നിന്നു. അയാളും നിശബ്ദനായിരുന്നു. അയാളുടെ കിതപ്പ് വ്യക്തമായ് മുഴങ്ങി കേട്ടു. സാരിയുടെ തുമ്പു കൊണ്ട് മൂക്ക് പൊത്തിയവര്‍ അയാളില്‍ നിന്നു വന്ന വിയര്‍പ്പു ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു.

അഞ്ചാം നിലയിലെത്തി വാതില്‍ തുറന്നതും അയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നെയും ഒരു നിമിഷം വേണ്ടി വന്നു അവര്‍ക്ക് ധൈര്യം വീണ്ടെടുക്കാന്‍.ലിഫ്റ്റിന്റെ വാതില്‍ അടയും മുന്‍പേ ബദ്ധപ്പെട്ടാണവര്‍ പുറത്തിറങ്ങിയത്.ഭയാനകമായ ഇരുട്ടാണ്‌ ചുറ്റിനും. തിരിച്ചു ലിഫ്റ്റില്‍ എത്തുക എന്നതും ദുഷ്കരം ആയ ജോലിയാണ്. ഒരു മനുഷ്യ ജീവിയെ പോലും എങ്ങും കാണുന്നില്ല.ഈ തികഞ്ഞ ഭീകരതയിലേക്ക് എന്തിനാണയാള്‍ വരാന്‍ പറഞ്ഞത്? എവിടെയാവും അയാള്‍? ഇപ്പോള്‍ വന്നിറങ്ങിയ മനുഷ്യന്‍ പോലും എവിടെയുമില്ല ...ഞാന്‍ ഇറങ്ങുമ്പോള്‍ പകല്‍ ആയിരുന്നുവല്ലോ ഇത്ര പെട്ടന്ന് എങ്ങനെ ഇരുട്ട് ?..ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോലെ വിയര്‍പ്പു തുള്ളികള്‍ കഴുത്തിലൂടെ ഒഴുകി സാരിയെ നനച്ചിരുന്നു.

അല്‍പ ദൂരെ അവര്‍ ഒരു പ്രകാശം കണ്ടു.ഒരു മുറിയെന്നു മനസ്സിലായി. " ആരുമില്ലേ"  എന്നുറക്കെ ചോദിച്ചു കൊണ്ട് വാതിലില്‍ തട്ടി.ആ വാതില്‍ തനിയെ തുറന്നു.ആ മുറിയില്‍ ഒരു മേശയും കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മേശക്കു മുകളില്‍ മങ്ങി കത്തുന്ന വോള്‍ട്ടെജു കുറഞ്ഞൊരു ലൈറ്റും. അവര്‍ സൂക്ഷ്മമായ്‌ പരിശോധിച്ചു..ഇല്ല ..മറ്റൊന്നുമില്ല ..മറ്റൊരാളുമില്ല..വല്ലാത്ത ക്ഷീണം തോന്നി അവര്‍ക്ക്..ആ കസേരയില്‍ ഇരുന്നു..മേശമേല്‍ തല ചായ്ച്ചു..

എന്തോ ശബ്ദം കേട്ടാണവര്‍ ഞെട്ടിയുണര്‍ന്നത്. വാതില്‍ അടഞ്ഞു കിടക്കുന്നു. "ഞാന്‍ അത് തുറന്നിട്ടാണല്ലോ ഇവിടെ ഇരുന്നത്" ആലോചനയോടെ അവര്‍ ചാടി എണീറ്റു. ഭയം സിരകളെ മരവിപ്പിച്ചു. പുറത്തു നിന്ന് ആരോ ആ വാതില്‍ പൂട്ടിയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നി. ഉറക്കെ നിലവിളിച്ചു കൊണ്ടവര്‍ ആ വാതിലില്‍ ആഞ്ഞിടിച്ചു.പക്ഷെ അവിടെയെങ്ങും ജീവന്‍റെ ഒരു കണിക പോലും അവര്‍ക്ക് അനുഭവപ്പെട്ടില്ല. തളര്‍ന്നു താഴെ ഇരുന്ന അവരുടെ മനസ്സിലൂടെ ആ മനുഷ്യന്‍ കടന്നു വന്നു ..ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍ ..ഒരു പക്ഷെ അയാള്‍ ....അയാള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നതാണോ ? ..വിതുമ്പി കരഞ്ഞു കൊണ്ട് അവര്‍ കുനിഞ്ഞിരുന്നു. തന്‍റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ഓഫീസില്‍ നിന്നും വന്ന ഭര്‍ത്താവും സ്കൂള്‍ വിട്ടു വന്ന മക്കളും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ? സമയം എത്രയെന്നു പോലും അറിയുന്നില്ലലോ ..അവര്‍ ഓര്‍ത്തു

അവര്‍ മൂന്നു പേര്‍. ഒരാള്‍ ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍.ബാക്കിയുള്ള രണ്ടു പേര്‍ അയാളുടെ ശരീര പ്രകൃതമല്ല..ഉരുണ്ട മാംസപേശികളും കറുത്ത ശരീരവും ക്രൂര മുഖഭാവവുമുള്ള രണ്ടു പേര്‍.അസാമാന്യ പൊക്കം.വിയര്‍പ്പില്‍ കുതിര്‍ന്ന ശരീരവും ഭീതി പൂണ്ട കണ്ണുകളുമായ് പരമാവധി ഭിത്തിയില്‍ ചാരി അവര്‍ നിന്നു. ആ കസേരയിലിരിക്കാന്‍ ഒരാള്‍ ആജ്ഞാപിച്ചു. എതിര്‍ത്തൊന്നും പറയാനാവാതെ അവര്‍ ഇരുന്നു. ആ മൂന്നു പേര്‍ മറ്റെന്തോ ഭാഷ സംസാരിക്കും പോലെ തോന്നി. ഒരാള്‍ അവളെ കൊല്ലണം എന്നും മറ്റൊരാള്‍ മുഖം വികൃതമാക്കണം എന്നും മൂന്നാമനാവട്ടെ അവളുടെ ഭര്‍ത്താവിനു വിഷമം വരുന്ന വിധമൊന്നും ചെയ്യരുതെന്നും പറഞ്ഞത് അവള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആയിരുന്നു. അവള്‍ക്കൊന്നും മിണ്ടാനോ വെറുതെ വിടണമെന്ന് യാചിക്കാനോ സാധിച്ചില്ല. പകരം വെള്ളം ..എന്ന് മാത്രം പറഞ്ഞു. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആള്‍ കുപ്പിയില്‍ പാതിയായ വെള്ളം മേശയുടെ മുകളില്‍ ശബ്ദത്തോടെ വെച്ചു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു. പക്ഷേ വെള്ളം ബാക്കിയായി

" നീ തെറ്റുകാരിയാണ് ..ശിക്ഷ അനുഭവിക്കണം " ഒരാള്‍ പറഞ്ഞു.
" ഇല്ല ..ഞാന്‍ തെറ്റൊന്നും ചെയ്തില്ല " പറഞ്ഞു തീരും മുന്നേ അയാള്‍ മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് അവളുടെ കൈ വരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞവള്‍ സാരിത്തുമ്പ് കൊണ്ട് ആ ചോരയൊപ്പി.
"പിന്നെ എങ്ങനെ നീ ഇവിടെയെത്തി? " അയാള്‍ ചോദിച്ചപ്പോള്‍ കണ്ണില്‍ തീ ഉണ്ടെന്നു തോന്നി അവര്‍ക്ക്
"അറിയില്ല ..എനിക്കൊന്നുമറിയില്ല..ആരോ എന്നെ വിളിച്ചതാണ്..എനിക്കൊന്നും അറിയില്ല..."
" നീ തെറ്റുകാരിയാണ് .." ഉറക്കെ അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് തറയില്‍ ചുരുണ്ടിരുന്നു.ആ മൂന്നുപേരും പുറത്തേക്കു പോകുമ്പോള്‍ വാതില്‍ വലിച്ചടച്ചു. തളര്‍ന്നവള്‍ തറയിലിരുന്നു.

കാളിംഗ് ബെല്‍ ശബ്ദം ആണ് അവരെ ഉണര്‍ത്തിയത്.ചാടിയുണര്‍ന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആണെന്ന സത്യം മനസ്സിലായി.
"അപ്പോള്‍ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ ?" അവര്‍ ആലോചിച്ചു. വീണ്ടും ബെല്‍ മുഴങ്ങി.വേഗം പോയി വാതില്‍ തുറന്നപ്പോള്‍ ഭര്‍ത്താവും കുട്ടികളും
"എന്തെ ഇന്ന് നീ ഉറക്കമായിരുന്നോ? എത്ര നേരമായി ബെല്‍ അടിക്കുന്നു? "

'അച്ഛാ ..ദെ അമ്മയുടെ കൈ മുറിഞ്ഞിരിക്കുന്നു"
 കുട്ടികളുടെ ബാഗ്‌ പെട്ടന്ന് നിലത്തേക്ക് വീണു പോയി. അത് തട്ടി പാതിയായ വെള്ളവുമായ് ഒരു കുപ്പി ഉരുണ്ടു നീങ്ങി

Saturday, September 14, 2013

നീയും ...നിലാവേ

പുറത്തു നല്ല തണുപ്പാണ് .ഞാന്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ ഭര്‍ത്താവ് പിറു പിറുക്കുന്നത് കേട്ടു.
 " ശല്യം ആ ലൈറ്റ് ഒന്ന് ഓഫ് ആക്കുമോ? "
മെല്ലെ എഴുന്നേറ്റു വരാന്തയില്‍ വന്നിരുന്നു. പഴകിയ സാധനങ്ങള്‍ മാറ്റി പുതിയതോരോന്നു വാങ്ങുമ്പോള്‍ എന്‍റെ പഴയ മേശയും കസേരയും ഇവിടെ ഉപേക്ഷിക്കാന്‍ തോന്നിയത് നന്നായി. അല്ലെങ്കിലും അയാള്‍ക്കെന്നും പുതിയതിനോടായിരുന്നല്ലോ താല്‍പ്പര്യവും. കടുത്ത തണുപ്പില്‍ എന്നെ പുണരാതെ ഉറങ്ങാന്‍ ആവില്ല എന്നും എന്‍റെ വയറിനു നല്ല ചൂടാണെന്ന് പറഞ്ഞതും പിന്നെ സാരി മാറ്റി എന്‍റെ വയറില്‍ കുത്തി കൊള്ളുന്ന മീശയുള്ള മുഖം ചേര്‍ത്ത് അമര്‍ത്തി ഉറങ്ങുമ്പോളും അയാള്‍ ഇത് പോലെ പിറു പിറുത്തിരുന്നു.
" നീ എന്‍റെ ഭാഗ്യമാണ് "
മങ്ങിയ നിലാവ് ജനലിലൂടെ എന്നെ നോക്കുന്നു. ഒരു പക്ഷെ എന്നെ കളിയാക്കുകയാവാം. അല്ലെങ്കില്‍ നീ ഇന്ന് എന്തെഴുതാന്‍ പോവുന്നു എന്ന് പുച്ഛത്തോടെ ചോദിക്കയുമാവാം. എനിക്കെഴുതണം. നിന്‍റെ വെളിച്ചം എനിക്ക് മതിയാവില്ല. ഒരുപാട് പറയുവാന്‍ ഉണ്ടെനിക്ക് ഈ ലോകത്തോട്. എന്‍റെ അക്ഷരങ്ങള്‍ അത് പറയണം. സ്ത്രീ എന്ന ഈ വേഷത്തില്‍ എനിക്ക് പറയാന്‍ സ്വാതന്ത്ര്യം ലഭിക്കാത്ത പലതും എനിക്ക് പറയണം. ഇപ്പോള്‍ ഞാന്‍ എഴുതുന്നതൊരു പുരുഷനായിട്ടാണ്. അങ്ങനെ എഴുതിയാല്‍ ഒരു പക്ഷെ ലോകം എന്നെ തിരിച്ചറിയില്ലായിരിക്കാം. എനിക്ക് എന്‍റെ സ്ഥാനം ലഭിക്കില്ലായിരിക്കാം. പേര് ..പ്രശസ്തി ..ഒന്നും വേണ്ട...പക്ഷെ നാളെ ഉണരുമ്പോള്‍ അറിയാതെ എങ്കിലും എന്‍റെ ഭര്‍ത്താവ് ഇത് വായിക്കാന്‍ ഇടയായാല്‍ അയാള്‍ എന്നെ അഭിസാരിക എന്ന് വിളിക്കും.

" ആളുകള്‍ക്ക് മുന്നില്‍ എന്നെ നാണം കെടുത്താന്‍ ഇറങ്ങിയ തേവിടിശ്ശി "

പല തവണ കേട്ടിരിക്കുന്നു ഞാന്‍ ഇത്. എനിക്ക് മനസ്സിലായിട്ടില്ല ഇതുവരെ ആ പദത്തിന്റെ അര്‍ഥം. അയാള്‍ പറയുമ്പോള്‍ ഒക്കെയും ഞാന്‍ ആലോചിക്കും. ഇഷ്ടമില്ലാത്ത രാത്രികളില്‍ പോലും ഞാന്‍ അയാള്‍ക്ക് മുന്നില്‍ വിവസ്ത്രയായ്‌ കിടന്നിട്ടുണ്ട്. എന്‍റെ ചുണ്ടുകള്‍ പൊട്ടി ചോര വന്നിട്ടുണ്ട്. അടുത്ത ദിവസം സോപ്പ് തേക്കുമ്പോള്‍ എന്‍റെ മുലകള്‍ വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്. സ്ത്രീയുടെതെന്നു അന്തസ്സോടെ പറയാന്‍ ഈ ശരീരത്തില്‍ നീ ബാക്കി വെച്ചത് എന്താണ്?  കടിച്ചു മുറിക്കപ്പെട്ട ശരീര ഭാഗങ്ങള്‍ അല്ലാതെ

മുറിക്കുള്ളിലേക്ക് കയറി പകുതി എരിഞ്ഞു മരിച്ച ഒരു പഴയ മെഴുകുതിരി ഞാന്‍ എടുത്തു. അയാള്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കവറിന്റെ അടുത്തായ് ഇരുന്ന ലൈറ്ററും എടുത്തു മെല്ലെ പുറത്തു കടന്നു. അയാള്‍ മദ്യ ലഹരിയില്‍ ചീത്ത പറയുന്നത് കേള്‍ക്കാമായിരുന്നു.

മേശയില്‍ ആ മെഴുകുതിരി ഉറപ്പിച്ചു ഞാന്‍ എഴുതാന്‍ തയ്യാറെടുത്തു. ജനലിലൂടെ ആ നിലാവ് അപ്പോളും എന്നെ നോക്കി. ഇനി എനിക്കൊരു പുരുഷന്‍ ആവണം. ഞാന്‍ സാരിയുടെ തുമ്പു മടക്കി വയറിന്‍റെ ഇടതു വശത്ത് എന്‍റെ പാവാടക്കുള്ളില്‍ തിരുകി. മുടി വട്ടം ചുറ്റി കെട്ടി വെച്ചു. മുഖം അമര്‍ത്തി തുടച്ചു. ഇടത്തേ കാല്‍ മുട്ടിനു മുകളില്‍ വലത്തേ കാല്‍ കയറ്റി വെച്ച് ഇരുന്നു. എന്‍റെ തുടകള്‍ക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു. അയാള്‍ പറഞ്ഞത് പോലെ എന്‍റെ വയറിനും ചൂട് കാണുമോ? എഴുന്നേറ്റു നിന്ന് ഞാന്‍ മെല്ലെ എന്‍റെ നാഭിയില്‍ ഒന്ന് തൊട്ടു. ഇല്ല തണുപ്പാണ്. വയറില്‍ ആകെ ഞാന്‍ കൈ ഓടിച്ചു. ഇല്ല അയാള്‍ക്കത് തോന്നിയത് മാത്രമാണ്. എനിക്ക് തണുപ്പാണ്. വീണ്ടും ഞാന്‍ എഴുതാന്‍ ഇരുന്നു. അപ്പോള്‍ എനിക്കയാളെ ഒന്ന് കൂടെ കാണാന്‍ തോന്നി. മെല്ലെ അയാള്‍ ഉറങ്ങുന്ന കട്ടിലിലെക്ക് ഞാന്‍ നോക്കി. ഒരു വശം ചെരിഞ്ഞു കിടന്നുറങ്ങുന്നു എന്‍റെ ഭര്‍ത്താവ്. ഒരിക്കല്‍ ഞാന്‍ ഇയാളെ പ്രേമിച്ചിരുന്നോ? എനിക്കതിനു കഴിഞ്ഞിരുന്നോ? അടുത്തിരുന്നു ഞാന്‍. ..

ഈ മനുഷ്യനെ ഞാന്‍ ഭര്‍ത്താവ് ആക്കിയതിന് എന്ത് കാരണം ആയിരുന്നു? ഒരു രാത്രി എന്നെ കയറി പിടിച്ചപ്പോള്‍ പ്രതികരിക്കാന്‍ കഴിയാഞ്ഞതിനാലോ? അന്ന് മുതല്‍ ഇന്ന് വരെ എല്ലാ പുരുഷന്മാരെയും എതിര്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നെ അന്ന് എനിക്കെന്താണ് സംഭവിച്ചത്? അന്ന് ഞാന്‍ ഒരുപാട് വോഡ്ക കഴിച്ചിരുന്നോ?  ഇയാള്‍ എന്നോട് അന്നും പറഞ്ഞിരുന്നു നിന്നെ കാണാന്‍ ഒരു ഭംഗിയുമില്ലെന്ന്..പിന്നെ നെഞ്ചിന്‍റെ കൂടിനു പുറത്തു ഒട്ടിച്ചു വെച്ച ചെറിയ മാംസ കഷണങ്ങള്‍ പോലെ ആണ് നിന്‍റെ മുലകള്‍ എന്നും ഒരാള്‍ക്കും നിന്നോട് കാമം എന്നൊന്ന് തോന്നില്ല എന്നും...ഹിന്ദിക്കാരി പെണ്‍കുട്ടികളുടെ ചന്തി കണ്ടാല്‍ ആണുങ്ങള്‍ക്ക് ആകര്‍ഷണം തോന്നും എന്നും ..നീ ഇവരോട് തട്ടിച്ചു നോക്കിയാല്‍ വെറുമൊരു പാഴ്വസ്തു ആണെന്നും അയാള്‍ പറഞ്ഞതാണ്. എന്നിട്ടും ഇയാളെ ഞാന്‍ ഭര്‍ത്താവാക്കി.

അയാളോട് കൂടുതല്‍ ചേര്‍ന്നിരുന്നു ഞാന്‍. .. അടുക്കുന്തോറും അകറ്റുന്ന മദ്യവും സിഗരറ്റും വിയര്‍പ്പും കൂടിയ ഗന്ധം.. അയാളുടെ മുഖത്ത് അപ്പോളും കുറ്റി രോമങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. ആ മുഖം ഞാന്‍ പിടിച്ചു സാരി മാറ്റി എന്‍റെ വയറില്‍ വെച്ചു. എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു..അയാള്‍ ഉണര്‍ന്നത് പെട്ടന്നാണ്..മദ്യ ലഹരിയിലോ അല്ലാതെയോ അയാള്‍ എന്നെ വലിച്ചു കട്ടിലിലേക്ക് ഇട്ടു. എപ്പോളും സംഭവിക്കുന്നത്‌ പോലെ തന്നെ മുറിവുകള്‍ സമ്മാനിച്ചു അയാള്‍ തളര്‍ന്നു കിടന്നു. വേഗം തന്നെ ഉറങ്ങി. എന്‍റെ ചുണ്ടിലെ രക്തം ഞാന്‍ സാരി കൊണ്ട് ഒപ്പി. എന്‍റെ വയറും ദേഹവുമെല്ലാം വല്ലാതെ നീറുന്നു.

സാരി നേരെ ഉടുത്തു ഞാന്‍ വീണ്ടും ആ മേശയുടെ അരികിലെത്തി. ആ മെഴുകുതിരി അണഞ്ഞു കഴിഞ്ഞു..ജനലിലൂടെ നിലാവെന്നെ നോക്കി വീണ്ടും ചിരിച്ചു. പേന മടക്കി ഞാന്‍ മൌനമായ് പറഞ്ഞു

" എനിക്ക് പുരുഷനാവാന്‍ കഴിയില്ല ..ഞാനൊരു സ്ത്രീയാണ് ...വെറുമൊരു സ്ത്രീ "

അകത്തു അപ്പോളും അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

തണുപ്പ് കൂടി വരുന്നു .... എന്‍റെ വയറില്‍ അയാള്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നാഭിചുഴിയില്‍ ....പിന്നെ ..അയാള്‍ അറിയാത്ത എന്‍റെ മനസ്സിലും 

Thursday, August 29, 2013

എന്‍റെ ക്ലാരക്ക്

" ഒരിക്കലും കാണാന്‍ കഴിയാത്ത ഒരു ഭിത്തി  ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.തിരിച്ചറിയാന്‍ ശ്രമിക്കാഞ്ഞതാവം അല്ലെങ്കില്‍ തിരിച്ചറിയപ്പെടാതെ പോയതാവാം.യാത്ര എവിടെ തുടങ്ങി എന്ന് അറിയില്ല. നോട്ടം കൊണ്ടോ അംഗ വിക്ഷേപങ്ങള്‍ കൊണ്ടോ പ്രണയം സമ്മാനിക്കത്തക്കത് എന്നിലോ അവളിലോ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.മനസ്സിലാക്കുവാനും മനസ്സിലാക്കി കൊടുക്കുവാനും പ്രയാസമുള്ള കുറെ പ്രശ്നം ഉള്ള രണ്ടു പേര്‍.. ‍ പ്രണയത്തെ പുച്ഛത്തോടെ കണ്ടിരുന്നവര്‍ അതിലൂടെ തന്നെ ഒന്നായി."

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ ഞാണിന്മേൽ കളി നടത്തുന്ന ചില മനുഷ്യ കോലങ്ങൾ   ..പല പേരുകള്‍ ..പല വേഷങ്ങൾ ... അതിൽ യാചകനും ഈ ഞാനും സ്ഥാനം പിടിച്ചപ്പോൾ ഒരുപാട് മടക്കുകള്‍ നിറഞ്ഞ ഒരു ചാണ്‍ വയറിന്‍റെ വിലാപം ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചത്‌ കേട്ടില്ല എന്നാരോ നടിച്ചതാവാം ...എന്‍റെ ക്ലാരയുടെ വിലാപം നേര്‍ത്തടങ്ങിയൊടുങ്ങിയ ആ ചുമരുകളും നിങ്ങളുടെ കാതുകള്‍ക്ക് അപ്പുറമായിരുന്നുവല്ലോ

" ക്ലാര " പണ്ട് മോഹന്‍ലാലിന്‍റെ സിനിമയില്‍ കാമുകിയായ് മഴ നനഞ്ഞു കയറി വന്നവളല്ല.മടിക്കുത്തഴിച്ചവന്‍റെ മുന്നില്‍ മാനം വിറങ്ങലിച്ചപ്പോള്‍ കേവല ദാമ്പത്യമെന്നൊരു ഓമനപ്പേരും കൊടുത്തു അവനൊപ്പം ശയിക്കേണ്ടി വന്നവള്‍...ഓരോ രാവിലും ഭയത്തോടെ കിടക്കയെ സമീപിച്ചവള്‍....ഭര്‍ത്താവ് എന്നൊരു സത്യത്തെ തീരെ അംഗീകരിക്കാന്‍ ആവാതെ ജീവിത നാടകം വേഷം കെട്ടി ആടുന്നവള്‍...പക്ഷെ എന്‍റെ ക്ലാരയുടെ ആത്മാവിനെ അറിയാന്‍ ആരും ശ്രമിച്ചില്ല...എന്തിനോ വേണ്ടി വിയര്‍പ്പില്‍ കുതിര്‍ന്നൊരു ശരീരഭാരം താങ്ങി മാറിയിരുന്നു കരയാന്‍ വിധിക്കപ്പെട്ടൊരു ആത്മാവുള്ളവള്‍

ഇനി ഈ " ഞാന്‍ " ആരെന്നു പറയുവാന്‍ ബുദ്ധിമുട്ടാവും. എങ്കിലും എന്‍റെ ക്ലാരക്ക് ഞാന്‍ ആരൊക്കെയോ എന്തൊക്കെയോ ആണ്....അല്ല എല്ലാം ആണ്...ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തൊരു ബന്ധം. പ്രതിസന്ധികളെ അറിഞ്ഞും അവഗണിച്ചും വെല്ലുവിളിയോട് മുന്നോട്ടു നീങ്ങുമ്പോള്‍ ഒരിക്കലും ഒരു കൂട്ട് വേണമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ ക്ലാര ഇന്നവള്‍ എന്‍റെ ജീവന്‍റെ ഭാഗമാണ്. മറന്നു തുടങ്ങിയ ചിരിയുടെ മായാത്ത പ്രകാശം തങ്ങി നിന്ന അവളുടെ കണ്ണില്‍ ഇന്നെനിക്കു പ്രണയം കാണാം. മധുരം കിനിയുന്ന അധരം മോഹിക്കുന്ന കാമദാഹവും എനിക്ക് മനസ്സിലാകും

ഇന്ന് ഞങ്ങളുടെ സംഗമദിനമാണ്..കാലങ്ങള്‍ കാത്തിരുന്ന ആ ദിനം ..ആരും അറിയാതെ ദൂരങ്ങള്‍ താണ്ടിയൊരു യാത്രക്കൊടുവില്‍ അവള്‍ ഇപ്പോള്‍ എന്‍റെ കയ്യില്‍ തലവെച്ച് ഉറങ്ങുകയാണ് ...ഇവിടെ ഇപ്പോള്‍ അവള്‍ എന്‍റെ ഭാര്യ ആണ് ..എല്ലാ സുഖ ദുഖവും എനിക്ക് തന്ന എന്‍റെ പെണ്ണാണവള്‍...ജീവിതത്തിലെ ആദ്യ സ്ത്രീ ....ഇരുട്ടില്‍ ഞങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളും മടുപ്പിക്കുന്ന അവളെ പേടിപ്പിക്കുന്ന വിയര്‍പ്പിന്‍റെ ഗന്ധവും ഇവിടെ ഇല്ല ...പുറത്തു പെയ്യുന്ന മഴ അവളുടെ മനസ്സും കുളിര്‍പ്പിച്ചുവോ? അല്‍പം ചെരിഞ്ഞ് എന്‍റെ മാറിന്റെ ചൂടില്‍ മുഖം പൂഴ്ത്തി ക്ലാര ഉറങ്ങുകയാണ് ..സമാധാനത്തോടെ ...അവള്‍ക്കുള്ളില്‍ ഉറങ്ങി കിടന്ന കാമം മറന്നു ഞാന്‍ എന്‍റെ പ്രണയം നിറച്ചു വെച്ച് അവള്‍ക്കു വേണ്ടി കാത്തിരുന്നു ..പുറത്തു മഴ ശക്തിയാര്‍ജിക്കുന്നു ..

ഉറങ്ങു ക്ലാരാ ..ഞാന്‍ നിനക്ക് കാവലിരിക്കാം ...മടുപ്പിക്കാത്ത സുഗന്ധം നിറച്ച സ്നേഹം പകരാം....എന്‍റെ മനസ്സിലെ ചഷകങ്ങളില്‍ നിറച്ച രുധിര നിറമായ വീഞ്ഞു നിനക്ക് പകര്‍ന്നു നല്കാം ...ഒപ്പം നിന്‍റെ ജീവന്‍റെ പ്രേരണാശക്തിയും ഈ ഞാന്‍ തന്നെ ആവാംSunday, August 18, 2013

ചില സ്വതന്ത്ര ചിന്തകള്‍


സ്വതന്ത്ര ഭാരതം അതിന്‍റെ ഷഷ്ടിപൂര്‍ത്തിയുടെ നിറവിലാണ്.ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഏഴു ആഗസ്റ്റ്‌ പതിനാലിന് അര്‍ദ്ധരാത്രിയില്‍ അടിമത്വമെന്ന തമസ്സില്‍ നിന്നും സ്വാതന്ത്ര്യം എന്ന പൊന്‍ വെളിച്ചത്തിലേയ്ക്കു കടന്നു വന്ന നമ്മുടെ മഹാരാജ്യം . മറിച്ചു നോക്കുമ്പോള്‍ അഭിമാനത്തിന്‍റെ തലയെടുപ്പോടെ ഓരോ ഭാരതീയനും കാത്ത് സൂക്ഷിക്കുന്ന സുവര്‍ണ്ണ ഏടുകള്‍.. എങ്കിലും പ്രിയ ഭാരതീയാ നിന്നോട് ചോദിക്കട്ടെ സ്വാതന്ത്ര്യ ദിനാഘോഷം എന്ന കേവല കാഴ്ചകള്‍ക്കപ്പുറം നിനക്കീ അഭിമാനം നേടി തന്നവരെ നീ ഓര്‍ക്കാറുണ്ടോ? " ഉവ്വ്" എന്നൊരു ഉത്തരം എങ്കില്‍ അന്ന് നിനക്കുവേണ്ടി അവര്‍ നാട്ടിയ ത്രിവര്‍ണ്ണ പതാക ഇന്നെവിടെ ? അന്ന് മരിച്ച ദേശസ്നേഹികളില്‍ പ്രധാനികള്‍ അല്ലാത്തവരുടെ കുടുംബങ്ങള്‍ ഇന്നെവിടെ? ധൈര്യത്തോടെ ഒരു ഉത്തരം നല്‍കുവാന്‍ ഏതു ഭാരതീയന്‍ ഉണ്ട് ഈ സ്വതന്ത്ര ഇന്ത്യയില്‍ ?
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറില്‍ എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗ് നാട്ടിയ കോടി പോലും ഇന്ത്യയുടെ മ്യുസിയത്തിനുള്ളില്‍ ഇപ്പോളും ഉണ്ട്. പക്ഷെ അടിമത്വം എന്ന ഇരുട്ടിനെ വെളിച്ചമാക്കിയ നമ്മുടെ പതാക കൈമോശം വന്നിരിക്കുന്നു. ഹേ ഭാരതീയ നീ സ്വതന്ത്രന്‍ എന്ന് ഖോര ഖോരം പ്രസംഗിക്കാന്‍ നിനക്കെന്തു അര്‍ഹത ? തെളിവുകള്‍ തേടി പലരും അലഞ്ഞെങ്കിലും കണ്ടെത്താനാവാതെ നമ്മുടെ അഭിമാന പതാക ഇന്നും എവിടെയോ സുഖ സുഷുപ്തിയിലാണ്. പണ്ട് മാഹാത്മാജി ജയിലില്‍ കിടന്നെഴുതിയൊരു കത്ത് ബ്രിട്ടനിലൊരാള്‍ ലേലത്തിനു വെച്ചപ്പോള്‍ കണ്ടെത്തിയത് പോലെ എന്നെങ്കിലും നമ്മുടെ പതാക കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം. ഓരോ സ്വാതന്ത്ര്യ ദിനത്തിലും ആഖോഷങ്ങള്‍ കൂടി വരുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലത് തന്നെ. ഇത് നിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം തന്നെയോ എന്ന്. ഓരോ പതാകയും ആകാശത്ത് പാറി കളിക്കുമ്പോള്‍  ആദ്യ പതാക എവിടെ എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു
" ക്വിറ്റ്‌ ഇന്ത്യ " അഥവാ ഇന്ത്യ വിടുക എന്ന സമര മുറയിലൂടെ നിരാഹാരവും സത്യാഗ്രഹവും നടത്തി ധീര നായകന്മാര്‍ പുറത്താക്കിയ ഇംഗ്ലീഷ് ഭരണകൂടത്തെ സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ സ്വാഗതം ചെയ്യുന്നു നമ്മുടെ ഇന്നിന്‍റെ മക്കള്‍. ഓരോ വിദേശീയനും ഇന്ന് നമുക്ക് അതിഥി ആണ്. നമ്മുടെ സുഗന്ധ ദ്രവ്യങ്ങള്‍ അവന്‍റെ കാല്‍കീഴില്‍ ഞെരിഞ്ഞമര്‍ന്ന് സൌരഭ്യം കെട്ടടങ്ങുമ്പോള്‍ കരിയും കട്ടയും മണ്ണും ചേര്‍ത്ത വിദേശ ഭക്ഷണം മൃഷ്ടാന്നം ഭുജിച്ചു ഭാരതീയന്‍ ഉറക്കെ വിളിക്കും " വന്ദേ മാതരം " എന്‍റെ ശീലങ്ങള്‍ ഇന്ത്യയുടേത് എന്ന് പറയാന്‍ മടിച്ച് വിദേശ വിദ്യാഭ്യാസം പോലും നേടി തലയുയര്‍ത്തി പറയും ഞാന്‍ സ്വതന്ത്ര ഭാരതീയന്‍. സ്വാതന്ത്ര്യം ലഭിക്കും മുന്പ് ഇന്ത്യയുടെ സ്ത്രീ വിദ്യാഭ്യാസം രണ്ടു ശതമാനം ആയിരുന്നുവെങ്കില്‍ ഇന്നത്‌ അന്‍പത്തി ഒന്‍പതു ശതമാനം ആണ്. ബാല വിവാഹവും സതിയും മാറിയെങ്കില്‍ മാംസ വില്‍പ്പനയും പീഡനവും ഒന്നാമതെത്തി. സമത്വം എന്നതിന് ഒരു പുതു നിര്‍വചനം ആയി ഏതു പ്രായത്തിലുള്ള പെണ്ണിനേയും പീഡിപ്പിക്കാം എന്ന സമത്വത്തിലെത്തി. ഇവിടെ സ്വതന്ത്ര ഇന്ത്യയുടെ സ്ത്രീ സ്വാതന്ത്ര്യം എവിടെ? അവള്‍ക്കു മാത്രം സ്വാതന്ത്ര്യ ദിനം എന്നൊന്ന് വേണ്ട എന്നാണോ 

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ആരോ പറഞ്ഞ ഈ കവിത  ഞാന്‍ കടമെടുക്കട്ടെ

ഒരു പക്ഷെ ഇന്ത്യ ഒരു പിറന്നാള്‍സമ്മാനമാകാം
ആര്‍ ആര്‍ക്കുവേണ്ടി അയച്ചുവെന്ന ചോദ്യത്തിനര്‍ത്ഥമില്ല
നക്ഷത്രഖചിതമായ ഈ സമ്മാനപ്പൊതിയുടെ
ഒരു പാതി നിഗൂഢത
മറുപാതിയില്‍ മലകളുംനദികളും പാടങ്ങളുംവനങ്ങളും
ആപ്പിള്‍ത്തോട്ടങ്ങളുംകേരനിരകളും അമ്പലവുംപള്ളിയും
ചോരയുംകണ്ണീരും തേനുംവീഞ്ഞും
ഇന്നലെയുടെ ഖേദവും നാളെയുടെ പ്രത്യാശയും
ഉണങ്ങിയ മുറിവുകളും സ്ഖലിക്കുന്ന കലകളും.

സമ്മാനപ്പൊതി അഴിക്കുമ്പോള്‍ സൂക്ഷിക്കുക
ബ്ളേഡിന്‍റെ സഥാനത്ത് വിരല്‍ ഉപയോഗിക്കുക
പുല്ലിന് അവകാശപ്പെട്ടത് പുല്ലിന് കൊടുക്കുക
പക്ഷിക്ക് അവകാശപ്പെട്ടത് പക്ഷിക്ക് കൊടുക്കുക
പുഴയ്ക്ക് അവകാശപ്പെട്ടത് പുഴയ്ക്ക് കൊടുക്കുക
വിയര്‍പ്പിന് അവകാശപ്പെട്ടത് വിയര്‍പ്പിന് കൊടുക്കുക

മുക്തിയുടെ കല തെരുവില്‍
ഭാരം ചുമക്കുന്നവരുമായ് പങ്കിടുക
അസ്ഥികള്‍ പരുത്തിപ്പാടങ്ങളോട്
പറയുന്ന കഥ കേള്‍ക്കുക
മുട്ടകള്‍ ഏടുത്തുടച്ചുകളയുവാന്‍
ഈ സ്വര്‍ണ്ണപ്പക്ഷിയുടെ വയര്‍ കീറുന്നതെന്തിന്
ചോരയ്ക്ക് അവകാശപ്പെട്ടത് ചോരയ്ക്ക് കൊടുക്കുക
ഹൃദയത്തിനുള്ളത് ഹൃദയത്തിനും

പിറന്നാളിന് നീ ഇന്ത്യയുടെ ശിരസ്സില്‍
ബോംബിനുപകരം ഒരു പാരിജാതമെറിയുമൊ
തഴമ്പ് കെട്ടിയ ആ ശ്രീപാദങ്ങള്‍
ഞാന്‍ കഴുകി വൃത്തിയാക്കും
ഒരു കിണ്ടി ഗംഗാജലംകൊണ്ട്
വന്ദേ ..മാതരം 

Sunday, June 2, 2013

എന്‍റെ പ്രിയപ്പെട്ടവള്‍ ..കമല

മാധവിക്കുട്ടി എന്ന പേരില്‍ എഴുത്ത് എന്ന പ്രതിഭാസം നിര്‍ഭയം ലോകത്തെ അറിയിച്ച അതുല്യ പ്രതിഭ. മാധവിക്കുട്ടി എന്ന കമലയുടെ ജീവിതത്തിലൂടെ ..
ബാലാമണിയമ്മ എന്ന പ്രസിദ്ധ എഴുത്തുകാരിയുടെയും വി എം നായരുടേയും  മകള്‍ ആയി 1934 മാര്‍ച്ച്‌ പതിനാലാം തീയതി നാലപ്പാട്ട് ജനിച്ച കമലയുടെ എഴുത്തിലെ മാന്ത്രികത ലോകം അംഗീകരിച്ചത് പക്ഷെ വളരെ വൈകി ആണ്. ആമി എന്നായിരുന്നു വിളിപ്പേര്. മൂന്നു മക്കള്‍ ( എം ഡി നാലപ്പാട്ട്,  ചിന്നന്‍, ജയസൂര്യ) എന്നിവരും തന്നേക്കാള്‍ പ്രായത്തില്‍ വളരെ വ്യത്യാസം ഉള്ള ഭര്‍ത്താവ് മാധവനും ഒപ്പം നാലപ്പാട്ട് ജീവിച്ചു എങ്കിലും  ചെറുപ്പം കല്‍ക്കത്തയില്‍ ആയതിനാലാവാം ജീവിതത്തെ നിര്‍ഭയത്തോടെ കാണാന്‍ അവരെ പ്രേരിപ്പിച്ചത്.അവര്‍ ബിരുദധാരി അല്ലാതെ ഇരുന്നിട്ടും മലയാളത്തില്‍ എത്ര മനോഹര രചനകള്‍ സമ്മാനിച്ചിരിക്കുന്നു. മാധവന്‍ എന്ന പേരിനോടുള്ള സ്നേഹം ആണ് മാധവിക്കുട്ടി എന്ന പേര് സ്വീകരിക്കാന്‍ കാരണം എന്ന് അവര്‍ പറയുകയുണ്ടായി. എഴുത്തിനെയും കുടുംബാംഗങ്ങളേയും കുറിച്ച് ഒരിക്കല്‍ അവര്‍ പറയുകയുണ്ടായി.
" ഉള്ളില്‍ തട്ടി സത്യം പറയാന്‍ ഉള്ള ശേഷി എന്‍റെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.ആ വീട്ടിലെ അന്തേവാസികള്‍ വായ്‌ മൂടിക്കെട്ടിയ ചീനഭരണികളെപ്പോലെ ആയിരുന്നു.അവരുടെ രുചിയും ഗന്ധവും മറ്റാരെയും അറിയിക്കാതെ അവര്‍ കഴിച്ചു കൂട്ടി "


കമല സുരയ്യ ആയി മാറിയത് ലോകത്തെ കുറച്ചല്ല അമ്പരപ്പിച്ചത്. മതം മാറുന്നു എന്നത് അവര്‍ ഒരു സമ്മേളനത്തില്‍ ആണ് അറിയിച്ചത്. കടവന്ത്രയില്‍ ഒരു മത പുരോഹിതന്‍ ആണ് മതം മാറ്റത്തിന്‍റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.അന്ന് അവിടെ സെക്യൂരിറ്റി അതി ശക്തം ആയിരുന്നു.അവര്‍ക്ക് തന്‍റേതായ പല കാരണങ്ങളും ഉണ്ടെന്നു പറഞ്ഞെങ്കിലും പിന്നീട് കാരണം ലോകം അറിയുക തന്നെ ചെയ്തു. കമലയെ പോലെ ഒരാളില്‍ നിന്നും ലോകം അറിയാന്‍ ആഗ്രഹിച്ചതായിരുന്നതല്ല അതൊന്നും. മതം മാറിയാല്‍ അവരെ വിവാഹം ചെയ്യാം എന്ന് പറഞ്ഞു സമദാനി ആണ് അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്.  ഒടുവില്‍ അയാള്‍ അവരെ തള്ളി പറയുകയും ചെയ്തു
വേറെ മൂന്നു ഭാര്യമാര്‍ ഉള്ള അയാളെ വിവാഹം ചെയ്യണോ എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്‍കി ഇങ്ങനെ
" ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറം പണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പിന്നെ ഈ കമല സ്വീകരണ മുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍ "
 പ്രണയത്തെ സുന്ദരമായി കണ്ടിരുന്ന അവരുടെ പ്രണയം പക്ഷെ പരാജയം ആയിരുന്നു. സമദാനി അവരെ ലൈംഗികമായി ഉപയോഗിച്ചിരുന്നു  എന്ന് കമല സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ പറഞ്ഞതോ " അവര്‍ എഴുത്തുകാരി അല്ലെ അവരുടെ ഭാവന ആകും എല്ലാം " എന്നാണ്
കമല എന്നത് അയാള്‍ക്ക് ആദ്യത്തെ എഴുത്തുകാരി ആയിരുന്നില്ല ..അഷിത എന്ന ഒരു സ്ത്രീക്കും  മുന്‍പ് ഇത് സംഭവിച്ചുവത്രേ.

ലീല എന്ന എഴുത്തുകാരി തന്‍റെ സുഹൃത്തായ കമലയെക്കുറിച്ചു ഇങ്ങനെ പറഞ്ഞു

കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്
പ്രിയ നായിക വഹീദ രേഹ്മാന്‍ ആണെന്നും കമല അവരോടു പറഞ്ഞിട്ടുണ്ട്. പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഹിന്ദുവായി തന്നെ ജീവിക്കാന്‍ ശരിക്കും മോഹം ആയിരുന്നു.ഒരിക്കല്‍ എന്നെ വിളിച്ചു പറഞ്ഞു
 ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്’ 
അപ്പോള്‍ ആ വാക്കുകളിലെ സന്തോഷം ഞാന്‍ അറിഞ്ഞു. 


പര്‍ദ്ദ പക്ഷെ അവര്‍ക്ക് അധിക കാലം അഴിച്ചു വെക്കുവാന്‍ ആയില്ല. 

"മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു"  പറയുമ്പോള്‍ അവര്‍ കരയുകയായിരുന്നു. മതം മദം ആയി എന്ന് തിരിച്ചറിഞ്ഞു അവര്‍. 


രണ്ടായിരത്തി ഒന്‍പതില്‍ അവര്‍ പൂനയില്‍ മരിക്കുമ്പോള്‍ ഒരു മതവും വേണ്ട പിന്തുണ നല്‍കിയില്ല എന്നതാണ് സത്യം 

ആ വാക്കുകള്‍ കടം എടുത്താല്‍ 


ആ നീലാംബരി എന്നേക്കുമായ് നമുക്ക് നഷ്ടമായെങ്കിലും ആ അക്ഷരങ്ങള്‍ എന്നും നില നില്‍ക്കട്ടെ 'എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും മാന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും .വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോല്‍ മലര്‍ന്നു കിടക്കുകയും ചെയ്യും.' (നീര്‍മാതളം പൂത്തകാലം)

Sunday, March 31, 2013

എക്സ്പ്രസ്സ്

Seat No: 36 --ജീവന്‍ 

വേഗതയില്‍ ഓടുന്ന ഈ വാഹനത്തേക്കാള്‍ എത്രയോ വേഗം ആണ് മനുഷ്യന്റെ മനസ്സ് യാത്ര ചെയ്യുന്നത്. അവളെ അന്ന് കണ്ടത് മുതല്‍ ഇന്നിപ്പോള്‍ കാണാന്‍ പോകുന്നത് വരെയുള്ള കാര്യങ്ങള്‍ വിധിയുടെ വികൃതികള്‍ മാത്രമാണോ? അമ്മുവിന് എന്നെയും മക്കളെയും തനിച്ചാക്കി പോകുവാന്‍ കഴിയുമോ?

ഡയറി അടച്ചു സൈഡ് ലാമ്പ് അണക്കുമ്പോള്‍ ആരുമറിയാതെ ഒഴുകിയ മിഴിനീര്‍ അയാള്‍ തുടച്ചു

Seat No: 37--സുബൈദ 

" ഇങ്ങള്‍ക്ക്‌ ചായ ബേണാ ഇമ്മാ? കോയിക്കോടിക്ക് ഇനി തോനേം ദൂരംണ്ട് ..മേണംച്ചാ കുടിചോളിന്ന് "
പറയുകയും ചായ ഊതിക്കുടിക്കയും ഒരുമിച്ചാണ് അവള്‍.
" ഓരവിടെ ബാരാണ്ടിരിക്കില്യ  ല്ലേ മ്മാ ?"  മറുപടി പ്രതീക്ഷിക്കാതെയുള്ള നെടുവീര്‍പ്പ് കലര്‍ന്ന ചോദ്യം.

Seat No: 38 --മൈമൂന 

"ഓന്‍ വരൂടി ..ഓനുക്ക് ഞമ്മളെ ജീവനാ ..ഓന്‍ ഒരു ഹിമാറിന്റെ പിന്നാലെയും പോവൂല..പടച്ചോന്‍ മ്മളെ കൈബിടൂല ."

വിതുമ്പിയും ചിരിച്ചും തേങ്ങല്‍ അടക്കിയും കണ്ണീര്‍ തുടയ്ക്കുന്ന ഒരു വൃദ്ധ

Seat No: 33-- പീറ്റര്‍ 

" ഇപ്പോള്‍ 3G മാറി 4G വന്നിട്ടും നമ്മടെ കേരളത്തില്‍ മാത്രം വികസനം ങേ ഹേ ...ഇന്റര്‍നെറ്റ്‌ കണക്ഷന്‍ പോലും ഇല്ലാത്ത ഒരു ഗ്രാമം ..എനിക്കിത് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ലന്നെ...എന്‍റെ കര്‍ത്താവേ ആ റോസക്കുട്ടി പറഞ്ഞത് കാര്യമല്ലയോ ..ഈ കേരളം എന്ന് വെച്ചാ ആള്‍ക്കാരും ടെക്നോളജിയും എല്ലാം "so poor " 

Seat No: 34 -- ഐസ്സക് 

" ഹല്ലാ പിന്നെ ...നമ്മക്കൊന്നും പറ്റത്തില്ലന്നേ ..കള്‍ച്ചര്‍ ഇല്ലാത്ത കൊറേ മനുഷ്യന്മാരും കുറെ വൃത്തികെട്ട രാഷ്ട്രീയവും ....പീഡനം എന്നും പറഞ്ഞു പരാതിം കൊണ്ട് കുറേ പീറ പെമ്പിള്ളേരും.."

Seat No: 35--സുമലത 

" Excuse me..I hope you are from abroad .. could you please consider others while you talk loudly. I am doing some urgent works "

Seat No: 39--അമല 

" അത് കലക്കി ചേച്ചീ ..ഒരു തുക്കടാ സായിപ്പിന്മാര്‍ ..ഹി ഹി കുറെ നേരായി ഞാന്‍ സഹിയ്ക്കാ ...വല്ല ഓണം കേറാ മൂലയിലും ജനിച്ചതാവും ..ജാഡ ..അല്ലാതെന്താ ..ഹി ഹി "

Seat No: 40 -- സുലൈഖ 

ഇടയ്ക്കിടെ നെടുവീര്‍പ്പിടുന്നു ..ഷാള്‍ കടിക്കുന്നു ..കണ്ണാടി നേരെ വെക്കുന്നു ..ജനലിലൂടെ പുറത്തേക്ക് നോക്കുന്നു ...കയ്യിലിരിക്കുന്ന ബാഗ്‌ ഇടയ്ക്കിടെ മുറുകെ പിടിക്കുന്നു ...നല്ല ടെന്‍ഷന്‍ ആണെന്ന് വ്യക്തം


"കാപ്പീ ..കാപ്പീ ....."  ഇടയ്ക്കു പതിവ് കഥയിലെ പോലെ ഈ ട്രെയിന്‍ ഒന്ന് നിന്നു


----------------------------------------ഇടവേള ----------------------------------------------


" അളിയാ അവള് വരുമോ?"
" ദേ എന്നേം കൂടെ ടെന്‍ഷന്‍ ആക്കല്ലേ..അവള്‍ വരാതിരിക്കില്ല ..എന്‍റെ ടെന്‍ഷന്‍ കാശ് കാണുമോ എന്നാ..ലവന് കൊടുക്കാന്‍ ഉള്ളതാ..സ്വര്‍ണമൊക്കെ ഉണ്ടെന്നാ പറഞ്ഞെ .."

" എന്നാലും അളിയാ നിന്നെ സമ്മതിക്കണം ..ഒരുത്തന്‍റെ ഭാര്യെ വെറും ഫോണിലൂടെ വളച്ചു ..ഇത്രേമൊക്കെ ഒപ്പിച്ചല്ലോ ..ശോ പാവം കെട്ട്യോന്‍ ...ഒന്നുമറിയാതെ അങ്ങ് മരുഭൂമിയില്‍..... ............... പത്രക്കാര്‍ക്ക് ഒരു വാര്‍ത്ത ആയി ...മൊബൈല്‍ പ്രണയം ..വീട്ടമ്മ ഒളിച്ചോടി ..ഹ ഹ ഹ "

----------------------------------------------------------------------------------------------------

" അമ്മയാ മനൂ .."
" എന്താമ്മേ? അമ്മയെന്തിനാ കരയുന്നേ? "
" അവള്‍ക്കു കൂടുതലാ മോനേ ...പെട്ടന്ന് ബോധം പോയി ..എല്ലാരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നു ..എന്നോടാരും ഒന്നും പറയുന്നില്ല മോനേ ..."

"അമ്മ കരയാതെ ...അമ്മുവിന് ഒന്നും വരില്ല ...ഞാന്‍ വന്നു കൊണ്ടിരിക്കുവാ..പേടിക്കാതെ അമ്മേ ..അവള്‍ക്കു ഒന്നും വരില്ല

------------------------------------------------------------------------------------------------------

" ഉമ്മാ ഞാന്‍ സുക്കൂറാ ...ഞങ്ങള്‍ ഇവിടെ സ്റ്റേഷനില്‍ തന്നെ ഉണ്ട് കേട്ടാ .."

" ഉം ശരി മോനേ ..അടുത്തേക്കണെന്ന തോന്നുന്നേ ...ശരി "

-------------------------------------------------------------------------------------------------------
" Dr.sumalatha here ...connect me to ICU fast.."
" Sister..who is on duty today ? "
"Dr.Sivadas ആണ് മാഡം .."
"ഉം ഓക്കേ ഓക്കേ ..How is the patient in Bed 6? "
"CPR നടക്കുന്നു ..പള്‍സും  ബി പിയും ഇല്ല "
" ഓക്കേ tell  Dr.Sanjay to Update me ..Thank you sister"

-------------------------------------------------------------------------------------------------------
" അച്ചായോ എത്താറായോ? "
" നീ ഒന്ന് പെടക്കാതെ ഗ്രേസീ ..ഞാന്‍ അങ്ങ് വരും ..മറ്റേതു എന്തായി? ഒപ്പിച്ചോ?"
" പിന്നേ ..പണ്ട് നാടകത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയത് വെറുതെയാ ...അമ്മച്ചി എന്‍റെ നമ്പറില്‍ തലേം കുത്തി വീണു "

"ഹ ഹ ..ശരി ശരി ..സമ്മതിച്ചേ .. ഹോ ..എന്നായാലും തിരിച്ചു പോകാന്‍ ടിക്കറ്റ്‌ ശരി ആയല്ലോ "

-------------------------------------------------------------------------------------------------------

"അമല " ....ഉം കണ്ടിട്ട് കാശൊള്ള വീട്ടിലെ കൊച്ച് ആണെന്ന് തോന്നുന്നു ..എഴുതിക്കോ അല്പം കൂടുതല്‍ .."
" ഗള്‍ഫില്‍ അറബികള്‍ വരെ ഇത് അറിഞ്ഞു തുടങ്ങി എന്നാ തോന്നുന്നേ ..അവന്മാരും കൈക്കൂലി കൂട്ടി തുടങ്ങി സുരേഷേ .."

നമ്മക്ക് സര്‍വീസ് ചാര്‍ജ് അല്ലെ കൂട്ടാന്‍ പറ്റുള്ളൂ ..ഇരിക്കട്ടെ ..ഹ ഹ
---------------------------------------------------------------------------------------------------------

" സുലു ..ഞാന്‍ സ്റ്റേഷനില്‍ തന്നെ ഉണ്ട് ..സൂക്ഷിക്കണേ മുത്തേ ..ബാഗ്‌ ശ്രദ്ധിചോണം ...ഉമ്മാ "
" ഉം .." സുലൈഖ ബാഗ് ഒന്ന് കൂടി മുറുകെ പിടിച്ചു

-------------------------------------------------------------------------------------------------------
" അമ്മുവിനെ രക്ഷിക്കണേ ദൈവമേ ...അവളെ വേദനിപ്പിക്കരുതേ ..." നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു മനു പ്രാര്‍ഥിച്ചു

---------------------------------------------------------------------------------------------------------

" മകന്‍ മയക്കു മരുന്ന് കേസിലെ പ്രതിയാ എന്ന് അറിഞ്ഞാല്‍ ഏതു അമ്മയാടാ സഹിക്കുന്നെ? പാവം അവന്‍ വരും എന്ന് കരുതി കാത്തിരിക്കുകയാവും ആ ഉമ്മയും പെങ്ങളും....നമ്മളെ സ്റ്റേഷനില്‍ കാണുമ്പോള്‍ ...ശോ എന്താ ഇപ്പോള്‍ പറയുക അവരോട് "

----------------------------------------------------------------------------------------------------------

" നമുക്ക് ഈ വയസ്സാന്‍ കാലത്ത് എന്തിനാ അച്ചായോ നിലോം പാടോം ഒക്കെ ..അതെല്ലാം അവര്‍ക്കുള്ളതല്ലേ ..അമേരിക്കയില്‍ നിന്ന് വന്നിട്ട് തിരിച്ചു പോകാന്‍ കാശ് ഇല്ലാന്ന് പറഞ്ഞാല്‍ നമ്മക്കല്ലായോ നാണക്കേട്‌ ..അവള് പ്രാരബ്ധം പറഞ്ഞത് കേട്ടിട്ടൊന്നും അല്ലാന്നേ..കൊണ്ട് പോയി ജീവിക്കട്ടെ ..നമ്മളിനി എത്ര കാലം എന്ന് വെച്ചാ "

" അതിനു അവള് എന്നാത്തിനാ മേരിക്കൊച്ചേ കള്ളം പറയുന്നേ....ഒരു പറമ്പ് കിളച്ചു തുടങ്ങിയതാ ഞാനും ആ ഐസ്സക്കിന്റെ അപ്പനും ..ഇവന്മാരെ ഒരുമിച്ചു അമേരിക്കയില്‍ വിട്ടതും ഞങ്ങളാ ..എന്നിട്ടിപ്പോള്‍ അപ്പന്‍ ചാകാന്‍ ഇരുന്നു അവന്‍ ഒള്ള സ്ഥലം വീതം വെക്കാന്‍ ..ആ തള്ള അനാഥാലയത്തില്‍ അല്ലായോ ..ഞാന്‍ ചത്തു പോയാല്‍ നിന്‍റെ ഗതി അങ്ങനെ ആവരുത് ..അതിനാ ഈ ഭൂമി മൊത്തം ഞാന്‍ ഈ കെട്ടിപിടിച്ചു കെടക്കുന്നെ "

" അതൊന്നും സാരമില്ല അച്ചായോ അഞ്ചു സെന്റ്‌ അല്ലായോ ..പോട്ടെ .."

---------------------------------------------------------------------------------------------------------

"  നഴ്സിംഗ് പഠിപ്പിക്കുന്നതിലും കഷ്ടം ഇപ്പോള്‍ ഒന്ന് കടല് കടത്തുന്നതാ ...മുക്കിനു മുക്കിനു എജന്റ്റ് ഉണ്ട് ...ന്‍റെ ഗുരുവായൂരപ്പാ ..ഈ ഇന്റര്‍വ്യൂവിനു  എന്‍റെ അമല മോളെ ഒന്ന് കടത്തി തരണേ ..."

" കാശ് വാരി എറിഞ്ഞാല്‍ മതിയെടീ എല്ലാം പാസ് ആകും "

" ഒന്ന് പോ മനുഷ്യാ ..ഇത് നല്ല ഏജന്‍സി ആണ് ...അവര്‍ക്ക് സര്‍വീസ് ചാര്‍ജ് മാത്രം മതി ..."

---------------------------------------------------------------------------------------------------------

" സോറി ഡോക്ടര്‍ നമ്മുക്കവരെ രക്ഷിക്കാന്‍ ആയില്ല ..CPR Failed "

ഡോക്ടര്‍ സഞ്ജയ്‌ അയച്ച മെസ്സേജ് വായിച്ചു സുമലത കണ്ണുകള്‍ അടച്ചു ചാരി ഇരുന്നു ..മറ്റൊരു സീറ്റില്‍ ആ രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ ഉണ്ടെന്നു അറിയാതെ

---------------------------------------------------------------------------------------------------------


ട്രെയിന്‍ അതിന്‍റെ യാത്ര തുടര്‍ന്നു ...കൂവിയും കിതച്ചും ..ഇടയ്ക്കിടെ നിന്നും ....Saturday, February 9, 2013

ഋതുമതി

" എന്നിലെ തുളസിക്കതിര്‍ നൈര്‍മ്മല്യവും കാച്ചെണ്ണയുടെ സുഗന്ധവും മാഞ്ഞിരിക്കുന്നു ..സുധിയെട്ടന്‍ ..വന്നത് വെറുതെയാണ് ...എനിക്കിപ്പോള്‍ ഈ നഗരത്തിന്‍റെ മണമാണ് "
" ഉപേക്ഷിച്ചു കൂടെ നിനക്കീ ഭ്രാന്ത് ..എവിടെ തുടങ്ങിയോ അവിടെ ഉപേക്ഷിച്ചേ മതിയാവൂ നിനക്കെല്ലാം ...കുറച്ചു നാഗരികത വാരി പൂശി നീ വിശുദ്ധി കളയരുത് ..നിര്‍ത്തി മടങ്ങ്‌ "

എരിയുന്ന സിഗരറ്റ് അവള്‍ ആഞ്ഞു വലിച്ചു.

"Life should go on...till I see the end"
" സ്വയം മറക്കാന്‍ എന്തിനാ ഈ പ്രഹസനം? നിനക്ക് മറക്കാന്‍ ആവുമോ  നമ്മുടെ കാവും കുളക്കടവും ഈ സുധിയേട്ടനും ഒക്കെ ചേര്‍ന്ന ആ പഴയ കാലം "

"ഏതു കാവ് ? എന്ത് കുളക്കടവ് ? ..ഹ ഹ ..ഒക്കെ ഒരു പഴയ ജന്മം ..ഇതെന്റെ പുതു ജന്മം ...പാഴ്ക്കിനാവുകളെല്ലാം ഭാണ്ഡത്തിലാക്കി ഒരു യാത്ര പുറപ്പെട്ടുവല്ലോ ഞാന്‍ ..അന്നുപേക്ഷിച്ചതാ എല്ലാം "

" പുച്ഛം തോന്നുന്നു ..നിന്നെ തേടിയൊരു യാത്ര ....അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു ...എന്നെ കാണുമ്പോള്‍ എന്‍റെ മാളു ആയി നീ എന്‍റെ കൂടെ വരുമെന്നു പ്രതീക്ഷിച്ച ഞാന വിഡ്ഢി. "
എന്തൊക്കെയോ പുലമ്പി അയാള്‍ ഇറങ്ങി.

പുകയ്ക്കുള്ളിലൂടെ അവള്‍ തന്‍റെ ജീവിത പുസ്തകം മറിച്ചു ..ഓരോ താളുകളായി

-------------------------------------------------------------------------------------------------------

തിരുവിതാംകൂര്‍ ഭാഗത്തെ ഹൈന്ദവ കുടുംബങ്ങളില്‍ നില നിന്ന് പോന്ന ഒരു ആചാരമായിരുന്നു മുറപ്പെണ്ണ്‍ കല്യാണം ..സുധിയെട്ടനെക്കാള്‍ രണ്ടു വയസ്സിനു ഇളയതായി ഞാന്‍ പിറന്നപ്പോള്‍ വീട്ടുകാര്‍ ഉറപ്പിച്ചു "ഇവള്‍ ഇവന് "
ബാല്യ കൌമാരത്തില്‍ ഉടനീളം സുധിയേട്ടന്റെ ആധികാരികത വളര്‍ന്നു വന്നു ..ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസവും.

"ആരോട് ചോയിച്ചിട്ടാ അമ്മ സുധിയേട്ടന് എന്നെ കല്യാണം കഴിച്ചു കൊടുക്കാന്ന് പറഞ്ഞെ? "
" ഇതാപ്പോ നന്നായെ ..ഹ ഹ ..അതൊക്കെ വലിയ കുട്ടി ആകുമ്പോള്‍ മനസ്സിലാവും ട്ടോ എന്‍റെ മാളൂന് .."
 അമ്മ ഒന്ന് തലോടി ......ദേഷ്യമായിരുന്നു .. ..അമ്മയോടും അമ്മാമയോടും എല്ലാം ..പക്ഷെ പത്തു വയസ്സുകാരിയുടെ ദേഷ്യത്തിന് സുധിയേട്ടന്‍ നല്‍കിയ ഒരു മാമ്പഴത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

പതിമൂന്നാം വയസ്സിലാണ് അത് സംഭവിച്ചത് ...വെള്ള നിറത്തില്‍ പച്ച പൂക്കളുള്ള ഉടുപ്പായിരുന്നു ഇട്ടിരുന്നത് ..അതില്‍ അവിടവിടെ ചുവന്ന വലിയ പൂക്കള്‍ ...ആദ്യമൊരു കൌതുകമായിരുന്നു ..പൂക്കള്‍ വലുതായി വന്നു ..പച്ചപൂക്കളെയും മുക്കി അതൊരു പ്രളയമായി ....കാലിലൊരു നനവും ....
ഒരു അലര്‍ച്ച ആയിരുന്നു

" അമ്മേ .....ചോര ...ഓടി വായോ ..."

അച്ചപ്പം നെയ്യപ്പം ..പക്കാവട ..പലഹാരങ്ങള്‍ പലതരം ...പലതരം പായസങ്ങള്‍ ..വീട് നിറയെ മധുരം ..അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ നിന്നും ഒരുപാട് ബന്ധുക്കള്‍ വന്നു ..സമ്മാനങ്ങള്‍ ..തുണികള്‍ ...സ്വര്‍ണ്ണം ...അങ്ങനെ പലതും

കുളിക്കാന്‍ ചീത്ത പറയുന്ന അമ്മ അന്ന് എണ്ണയൊക്കെ തേച്ചു തന്നു  ..കുറെ സ്ത്രീകള്‍ കൂടി പുഴയില്‍ കൊണ്ട് പോയി ...ഞാന്‍ മുങ്ങിയപ്പോള്‍ ആരൊക്കെയോ കുരവയിട്ടു ....പുരുഷന്മാര്‍ ആരും തന്നെ അവിടേക്ക് വന്നില്ല .. ഇന്ന് കല്യാണം  ആണോ എന്ന് ഞാന്‍ സംശയിച്ചു.അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു .

" നീ ഇപ്പോള്‍ വലിയ പെണ്ണായി കേട്ടോ ..ഇനി പഴയത് പോലെ കളിക്കാന്‍ ഒന്നും പോകരുത് ..ചെക്കന്മാരുമായൊന്നും അധികം ചങ്ങാത്തം വേണ്ട ..."

ചിറ്റയാണ്...എന്‍റെ ജീവിതത്തിലെ  ആദ്യ വിലക്ക്.

എല്ലാവരും പോയപ്പോള്‍ അമ്മ എനിക്കൊരു മുറി തന്നു..അന്ന് വരെ ആ മുറി എനിക്ക് സന്തോഷം നല്‍കിയിരുന്നുവെങ്കിലും പതിമൂന്നു വയസ്സിനു ശേഷം ഞാന്‍ ആ മുറിയെ സ്നേഹിച്ചിട്ടില്ല ....അതില്‍ മുന്‍പുണ്ടായിരുന്ന ഒന്നും ഇല്ല ..ഒരു പായയും പുതപ്പും ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും മാത്രം ...ആ മുറിയില്‍ എനിക്ക് ഒരുപാട് വിലക്കുകള്‍  ഉണ്ടായിരുന്നു ...അന്ന് ഞാന്‍ തിരിച്ചറിഞ്ഞു ജീവിതത്തില്‍ ഒരുപാട് കാലം ഞാന്‍ ഈ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഉള്ളതാണ് ..
ഞാന്‍ ഋതുമതിയായിരിക്കുന്നു ...എന്‍റെ ജീവിതത്തിലെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കുന്നു..ഇനി ശിക്ഷ തുടങ്ങി ..വിലക്കുകളും

സുധിയുടെ പെണ്ണ് എന്ന നിലയില്‍ അമ്മാമയില്‍ നിന്നും ...ഭാര്യ ആകേണ്ടവള്‍ എന്ന നിലയില്‍ സുധിയേട്ടനില്‍ നിന്നും ഒരുപാട് അനുഭവിച്ചു....
പെണ്ണ് എന്നാല്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു കേവല അടിമ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. തുളസിക്കതിരിനെയും കാച്ചെണ്ണ മണവും ഞാന്‍ വെറുത്തു...ഇടവഴികളില്‍ എന്നെ രസിപ്പിച്ചു കൊണ്ടിരുന്ന ബാല്യം പേക്കിനാവുകളില്‍ എന്നെ നോക്കി കൊഞ്ഞനം കാട്ടി.....രക്ഷപെട്ടേ മതിയാവൂ എന്ന് മനസ്സ് പറഞ്ഞു.

" ഇവിടെ നിന്ന് പഠിച്ച പഠിപ്പൊക്കെ മതി ..ബാക്കി എന്താച്ചാല് സുധി പഠിപ്പിക്കും "  അച്ഛന്‍ കയ്യൊഴിഞ്ഞു

" എന്‍റെ പിള്ളേരെ പെറാന്‍ നിനക്കെന്തിനാടീ ഡിഗ്രി ? ചെലവിനു തരാന്‍ എനിക്ക് കഴിവ് ഉണ്ട് " സുധിയേട്ടനും അന്ത്യവിധി എഴുതി. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു ..ഒരു ഉറച്ച തീരുമാനം
---------------------------------------------------------------------------------------------------------

" ഒളിച്ചോടാന്‍ അവള്‍ക്കു വല്ല രഹസ്യക്കാരനും ഉണ്ടാവണ്ടേ ? അങ്ങനെ ആരും ഇല്ല്യാര്‍ന്നു അല്ലെ സുധീ .."

" അവനതു എങ്ങനെ അറിയുമെന്നാ ശങ്കരമാമ പറയുന്നത്? കൂടെ കളിച്ചു വളര്‍ന്നതാവാം....പക്ഷെ ആ പത്രാസുകാരിക്ക് സുധിയെ പുച്ഛം ആയിരുന്നുവല്ലോ "

" ഒരു പെണ്‍കുട്ടി വീട് വിട്ടു ഓടി പോവാ ...ലോകത്ത് നടക്കേണ കാര്യാണോ ന്‍റെ കൃഷ്ണാ "

ദിവസങ്ങള്‍ കഴിയവേ അവര്‍ മറന്നു മാളുവിനെ ..
-------------------------------------------------------------------------------------------------------

ചെവിയില്‍ പാട്ട് അല്പം താളം മാറിയത് പോലെ ..ഒന്നുണര്ന്നിരുന്നു....കയ്യിലെ സിഗരറ്റ്  എരിഞ്ഞു തീരാറായിരിക്കുന്നു.....ചുറ്റും പുക മാത്രം ...അവള്‍ ഇട്ടിരുന്ന വെളുത്ത ജീന്‍സിലേക്ക് നോക്കി ...അവിടെ ചുവന്ന പൂക്കള്‍ വലുതായിക്കൊണ്ടിരിക്കുന്നു ....

അമ്മേ എന്ന വിളി കാലങ്ങള്‍ക്കപ്പുറം തൊണ്ടയില്‍ ഞെരിഞ്ഞമര്‍ന്നു ....അവള്‍    വീണ്ടും അറിഞ്ഞു ...താന്‍ ഋതുമതി ആണെന്ന സത്യം

ഋതു മാറി വരും ..ഋതുമതി ...തുടരും
Thursday, January 10, 2013


മരിച്ചാലും മറക്കാത്ത സൗഹൃദം ...മറഞ്ഞതെവിടെ നീ . ..നിനക്ക്  ആത്മശാന്തി                     നേരുന്നു 

Thursday, January 3, 2013

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

 നന്ദി :  എസ്  കെ പൊറ്റക്കാടിനും  യാത്ര വിവരണം എഴുതി  ഫലിപ്പിച്ചിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും

പ്രമേയം :  ഒരു ട്രെയിന്‍ യാത്ര

കടപ്പാട് : കഥ തുടരവേ വായനക്കാരന്  തീരുമാനിക്കാം

സമയം രാവിലെ 4:30

കുറച്ചു പുരുഷന്മാര്‍  ഉറങ്ങുന്നു.  ചിലര്‍ ഇരിക്കുന്നു. അതൊരു ക്യു എന്ന് മനസ്സിലാവാന്‍ അല്പം സമയം വേണ്ടി വന്നു.എണ്ണം കുറവ് എങ്കിലും കിട്ടിയ കല്ലുകളും ഇഷ്ടികയും  ഒക്കെ അടുക്കി വെച്ച് സ്ത്രീകളും അവരുടെ ക്യു  പാലിക്കുന്നു. ഞാന്‍ ഒന്ന് കൂടി ആ ബോര്‍ഡ് വായിച്ചു. തല്‍കാല്‍  റിസര്‍വേഷന്‍ തന്നെ. ഇരുന്നാലോ എന്ന് ആലോചിച്ചെങ്കില്‍ കൂടി അഭിമാനം സമ്മതിച്ചില്ല
  (ഒന്നുമില്ലേലും ഞാന്‍ ഗള്‍ഫീന്ന് പോയതല്ലേ) കൂടെ നില്‍ക്കുന്നവര്‍ക്ക് അത് അറിയില്ലേലും.

സമയം 5:20

ഒരാള്‍ അതി വിദഗ്ധമായി ഗേറ്റ് ചാടി പുറത്തേക്ക്. മനുഷ്യന്മാരിവിടെ അകത്തു കയറാന്‍  ക്യു നില്‍ക്കുമ്പോള്‍ ....ഇവന്‍ ഇതാരെടാ എന്ന മട്ടില്‍ ഞാന്‍ നോക്കി.എന്‍റെ  സംശയനിവാരണത്തിന് ഒരു അഞ്ചു മിനിട്ട് പോലും വേണ്ടി വന്നില്ല. അവന്‍  ഒരു മൊബൈല്‍ ചായക്കട തുടങ്ങി. ഒരു ചായ രണ്ടു റെസ്ക്  വെറും മുപ്പത്തഞ്ചു രൂപ. ചായ മാത്രം ഇരുപതു രൂപ. ആളുകള്‍ തിരക്കിടുമ്പോള്‍ അവന്‍ നാളെയുടെ അംബാനി എന്ന് ഞാന്‍ മനസ്സാ ഓര്‍ത്തു.

സമയം 7: 30

പോലീസുകാര്‍ മൃഗങ്ങളെ തല്ലുന്നത് പോലെ ആളുകളെ തല്ലി വരി നേരെയാക്കാന്‍ കഷ്ടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് അകത്തേക്ക് പോകാന്‍ ഉള്ള അനുമതി കിട്ടി.അകത്തേക്ക് കയറുമ്പോള്‍ കണ്ടു പിന്നില്‍ ഒരാളുടെ കരണം പുകയ്ക്കുന്ന പോലീസുകാരനെ.

സമയം 08: 00

ഒളിമ്പിക്സിലെ പോലെ ചാടിയും ഓടിയും പുരുഷന്മാരും അവരുടെ സ്ഥാനം ഉറപ്പിച്ചു.ഭാഗ്യമോ നിര്‍ഭാഗ്യമോ എനിക്ക് ടിക്കറ്റ്‌ കിട്ടിയില്ല. സ്ലീപ്പര്‍ വേണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും പിന്നാലെ വന്നവര്‍ സമ്മതിച്ചില്ല. എന്നെ നിഷ്കരുണം അവര്‍ പുറത്താക്കി.നിരാശയോടെ ഞാന്‍ പുറത്തിറങ്ങി.
---------------------------------------------------------------------------------------------------------
" ടിക്കറ്റ്‌ കിട്ടിയോ? " ദേവ ദൂതനെ പോലെ ഒരാള്‍.
" ഇരുന്നൂറു രൂപ കൂടുതല്‍ തന്നാല്‍ ടിക്കറ്റ്‌ ഞാന്‍ തരാം." നമ്മടെ ദൈവം പറഞ്ഞു.
" എ സി കിട്ടുമോ? " എന്‍റെ ഭര്‍ത്താവ് ചോദിച്ചു
" അത് ഉറപ്പ് പറയാന്‍ ആവില്ല. എങ്കിലും സ്ലീപ്പെറില്‍ വി ഐ പി ക്ലാസ്സ്‌ തരാം"
" ങേ സ്ലീപ്പറില്‍ ഒരു വി ഐ പി ക്ലാസ്സോ ?"
എന്‍റെ ചോദ്യം ആരും കേള്‍ക്കുന്നതിനു മുന്നേ തന്നെ ഭര്‍ത്താവ് കാശ് അവനു കൊടുത്തു കഴിഞ്ഞു.
" വരൂ ..."ദര്‍ശന്‍ എന്ന പേരില്‍ ഉള്ള നമ്മുടെ അല്ല ഞങ്ങടെ ദൈവം നടന്നു കഴിഞ്ഞു. പിന്നാലെ ഞങ്ങളും. സമയം 11:00

ദര്‍ശനെ അന്വേഷിച്ചു ഞങ്ങള്‍ അവന്‍ പറഞ്ഞ  അപ്പീസില്‍ എത്തി. അവിടെ ഒരു തടിയന്‍  കസേരയില്‍ ഇരിക്കുന്നു. " ഏതു ദര്‍ശന്‍? ആരുടെ കയ്യിലാണ് കാശ് കൊടുത്തത് അവനെ പോയി അന്വേഷിക്ക്."

 മറ്റേ സാധനം പോയ ലതിനെ പോലെ ഞങ്ങള്‍ നിന്നു.

അപ്പോള്‍ ദാ വരുന്നു നമ്മുടെ നായകന്‍..... കൂടെ ബോബ്ബി ഡിയോളിനെ പോലെ ഒരുത്തനും.അവന്‍റെ കയ്യില്‍ ഇരുന്ന ഒരു കാര്‍ഡിന്റെ കോപ്പിയില്‍ അവന്‍ കണക്കു കൂട്ടിയും കുറച്ചും എന്തൊക്കെയോ എഴുതി. ഒടുവില്‍ തന്നു ഒരു സ്ലീപ്പര്‍ ടിക്കറ്റ്‌...
ടിക്കെട്ടുമായി നടക്കവേ ഞാന്‍ സംശയത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു. "ഇതില്‍ എവിടെ ഫ്രം ടു? "
" അവടെ ഒരു ഫ്രം ...മിണ്ടാതെ വാ പെണ്ണെ."
രണ്ടു പെഗ് അടിച്ചാലും അല്‍പം ടെന്‍ഷന്‍ വന്നാലും എന്‍റെ കെട്ട്യോനു പിന്നെ കണ്ണും കാണില്ല ബുദ്ധിയും വര്‍ക്ക്‌ ചെയ്യില്ല. ( ഈ ഭാഗം അങ്ങേരു വായിക്കല്ലേ ദൈവമേ)

---------------------------------------------------------------------------------------------------------
ഉറങ്ങി കിടന്ന എന്‍റെ ഭര്‍ത്താവിന്റെ കാലില്‍ ഒരുത്തി ചൊറിയുന്നു. എന്നിലെ പതിവ്രത ഉണര്‍ന്നു.
 " ആരാ അവള്‍ " ഭര്‍ത്താവിനെ കുലുക്കി വിളിച്ചു ഞാന്‍ ചോദിച്ചു.
" ആര്? എന്ത്? ങേ .." അങ്ങേര്‍ ഞെട്ടി ഉണര്‍ന്നു
" ഭയ്യാ ..." ഒരു സുന്ദരിയായ പെണ്‍കൊടി.
പണ്ടേ സൗന്ദര്യം അല്‍പം വീക്നെസ് ആയ എന്‍റെ ഭര്‍ത്താവ് ചാടി എണീറ്റ് ഇരുന്നു.

ആകെ മൊത്തം അവള്‍ പറഞ്ഞത് ചുരുക്കിയാല്‍ ഇത്ര മാത്രം. ഇത് അവളുടെ സീറ്റ്‌ ആണ്.അവകാശം നിര്‍ത്തി ഇറങ്ങാന്‍. സമയം ആയി
സുന്ദരിയും മാന്യയും ആയ അവളും വി ഐ പി ആയ എന്‍റെ ഭര്‍ത്താവും കൂടി കുറെ വാഗ്വാദങ്ങള്‍.
പെട്ടന്ന് അവളുടെ കണ്ണുകള്‍ ഒരു വില്‍പ്പനക്കാരനില്‍ ഉടക്കി നിന്നു. കുറെ പ്ലാസ്റ്റിക്‌ ചാക്കുകള്‍ കൂട്ടി തുന്നിയത് പോലെ ഒരു ഷീറ്റ്. തറയില്‍ വിരിച്ചു കിടക്കാനുള്ള സ്പെഷ്യല്‍ പാക്ക്.  കൂടുതല്‍ ഒന്നും പറയാതെ അവളുടെ ഭയ്യാ എന്ന എന്‍റെ ഭര്‍ത്താവ് അവളുടെ സീറ്റ്‌ മാറി കൊടുത്തു. ഇരുന്നും തൂങ്ങിയും ഒക്കെ ഉറങ്ങിയ രാവ്. അതൊരു തുടക്കം മാത്രം ആയിരുന്നു.
---------------------------------------------------------------------------------------------------------
" ഭയ്യാ ..."
വീണ്ടും അതേ വിളി ..ഇനി എന്താണാവോ? ഞാന്‍ മനസ്സിലോര്‍ത്തു...ആ പെണ്‍കൊടി ഇറങ്ങാന്‍ നേരമായി ..വേണമെങ്കില്‍ ആ സീറ്റില്‍ കിടന്നു ഉറങ്ങിക്കൊള്ളു എന്നവള്‍ പറഞ്ഞു...തെറ്റിദ്ധരിച്ചല്ലോ ഞാന്‍ ഇവളെ എന്ന മട്ടില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ നോക്കുമ്പോള്‍ ശ്രീശാന്തിന് വിക്കെറ്റ് കിട്ടുമ്പോള്‍ ഉള്ള ഭാവമായിരുന്നു അങ്ങേര്‍ക്ക്.

ആ സീറ്റ് വി ഐ പി ആയതിനാല്‍ ആവണം അധികം വൈകാതെ മറ്റൊരു ഗ്രുപ്പ് യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഞങ്ങളെ ഇറക്കി തറയില്‍ നിര്‍ത്തി. സമയം രാത്രി ആയതിനാല്‍ അവിടെ കിടന്നുറങ്ങിയ ഒരു വൃദ്ധയുടെ സീറ്റിനു സമീപം ഞാന്‍ ഇരുന്നു. തറയില്‍ ഇരിക്കാന്‍ മാന്യത അനുവദിച്ചില്ല എന്നും പറയാം. പെട്ടന്ന് ഒരുറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു ആ വൃദ്ധ എന്നെ തല്ലാനും തൊഴിക്കാനും തുടങ്ങി. പകല്‍ എന്നെ ഇഷ്ടമായെന്നും പറഞ്ഞു ഉമ്മ വെച്ച സ്ത്രീ തന്നെയാണോ ഇതെന്ന് ഞാന്‍ സംശയിച്ചു. ഇപ്പോളും എനിക്കറിയില്ല അവര്‍ക്കെന്താണ്‌ അപ്പോള്‍ സംഭവിച്ചതെന്ന്..ഒരുപക്ഷെ സ്വപ്നം കണ്ടതിന്റെ ഫലമാകം ..അല്ലെങ്കില്‍ പുരുഷന്‍ എന്ന് തെറ്റിധരിച്ചതാവാം ..രണ്ടായാലും പണി പാലും വെള്ളത്തില്‍ കിട്ടി....ആ രാത്രിയും പുലര്‍ന്നു

---------------------------------------------------------------------------------------------------------
മുകളിലെ ബര്‍ത്തില്‍  ഇരുന്നു അയാള്‍ ഒരു കവര്‍ എടുക്കുന്നു..ഗ്ലാസ് എടുക്കുന്നു ...കുറച്ചു നേരം കഴിഞ്ഞാല്‍ തക്കാളി കടിച്ചു പറിച്ചു തിന്നുന്നു...ആര്‍മിക്കാരന്റെ ഭാര്യെ പറ്റിക്കാന്‍ നോക്കുന്നോ? ഹും ..സംഗതി എനിക്ക് കത്തി...രഹസ്യമായി കാര്യം ഭര്‍ത്താവിനെ അറിയിച്ചു....
" അയാള്‍ടെ ഒക്കെ ഒരു യോഗം .."
ഇതായിരുന്നു മറുപടി ..
മിണ്ടാതെ ഇരുന്നാല്‍ മതിയാരുന്നു എന്ന് തോന്നി..
പക്ഷെ കാര്യങ്ങള്‍ എല്ലാം വളരെ പെട്ടന്ന് മാറി മറിഞ്ഞു..മദ്യം മനുഷ്യന് ബന്ധുക്കളെ ഉണ്ടാക്കി കൊടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചേ മതിയാവൂ എന്ന അവസ്ഥ എത്തി..സീറ്റ് കിട്ടി ..പോലീസ്കാരനായ ആ മാമന്‍ പിറക്കാതെ പോയ അപ്പനായി ..മകനായി ..പിന്നെ എന്തൊക്കെയോ ആയി ....

---------------------------------------------------------------------------------------------------------
അങ്ങനെ ഞങ്ങളുടെ മൂന്നു ദിവസത്തെ യാത്രക്കൊടുവില്‍ വീട്ടിലെത്തിയപ്പോള്‍ മാമിയുടെ വക ഒരു കമന്റ്

" എന്‍റെ കൊച്ചു എങ്ങനെ ഇരുന്നതാ ..ശോ ആകെ കറുത്ത് പോയി. "

ഞാന്‍ ദയനീയമായ് എന്‍റെ കെട്ട്യോനെ നോക്കി.

" അവള്‍ ഒന്ന് കുളിക്കട്ടെ ...ചിലപ്പോള്‍ വെളുക്കും. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ വി ഐ പി ടിക്കറ്റില്‍ വന്ന ക്ഷീണം ആവും  "


പ്രിയ സുഹൃത്തുക്കളേ ..നിങ്ങളോട് ഞാന്‍ ഒന്നേ പറയുന്നുള്ളൂ ഇത് പോലെ ഒരുപാട് വി ഐ പി ടിക്കെട്ടുകളും ആയി ഒരുപാട് ദര്‍ശന്‍മാര്‍ നിങ്ങളുടെ മുന്നില്‍ എത്തിയേക്കാം ..ഫ്രമും ടുവും നോക്കാന്‍ മറക്കല്ലേ ...

ഒരു സംഭവകഥയുടെ അവശിഷ്ടം