Thursday, May 31, 2012

പതിവൃത

വിലപേശി കച്ചവടം ഉറപ്പിക്കുന്ന അറവുമാടുകളെ പോലെ വില ഉറപ്പിക്കുന്ന ചായം തേച്ച പെണ്ണുങ്ങള്‍... നിതംബവും മാറുമെല്ലാം ആകര്‍ഷണീയം ആകും   വിധം നൃത്തം വെച്ച് ഇളക്കി ആടുമ്പോള്‍ ഓരോരുത്തരും വരുന്നവരുടെ കീശയുടെ കനം കൃത്യമായി അറിഞ്ഞിരുന്നു.ഒടുവില്‍ ഒരുവള്‍ എന്‍റെയും ദീപക്കിന്റെയും അരികില്‍ എത്തി. ഒരു  മാന്യനായി മാത്രം ജീവിക്കുന്ന ദീപക്കിനത് പുതിയ ഒരു അറിവ് ആയിരുന്നു. യാതൊരു സങ്കോചവും കൂടാതെ ഞാന്‍ അവളുടെ കൂടെ നൃത്തം ചെയ്തു.ഇടക്കെപ്പോള്‍ ഒക്കെയോ അറിഞ്ഞും അറിയാതെയും അവളുടെ സാരിത്തലപ്പു ഊര്‍ന്നു വീഴുകയും അവള്‍ അതെടുത്തു അണിയുകയും ചെയ്തു.ഒടുവില്‍ പാട്ടിന്‍റെ താളത്തിനൊപ്പം ഞാനും അവളും കൂടി മുറിക്കുള്ളില്‍ കയറി സ്വൈര്യവിഹാരം നടത്തുവാനിടം തേടി ...അപ്പോള്‍ മനസ്സില്‍ ദീപക് ഇല്ലായിരുന്നു

ചായം തേച്ച തരുണീമണികള്‍ കൃത്യ സമയം കഴിഞ്ഞാല്‍ പിന്നെ ഒരാളെയും അനുവദിക്കാറില്ല. ചില സര്‍ക്കാരോഫീസിലെ കൈക്കൂലി സാറുമാരെ പോലെ.ആവശ്യം തീര്‍ത്തു കാശു കിട്ടിയാല്‍ പിന്നെ നോ രക്ഷ .വേഗം സ്ഥലം കാലിയാക്കണം. ഒരു കോട്ടു വായും വിട്ടു മൂരി നിവര്‍ത്തി ഞാന്‍ പുറത്തേക്കു വന്നു. ദീപക്കിനെ അന്വേഷിച്ചു..ഒന്നും പറയാനുള്ള മനസ് ആര്‍ക്കും ഇല്ലായിരുന്നു. പിന്നെ തിരക്കില്‍ അടുത്ത സഭയ്ക്കുള്ള തയ്യാറെടുപ്പും. ചായം പൂശി അവര്‍ തയ്യാറാവുന്നു...അടുത്ത ഇരയെ തേടി....സ്വാതന്ത്ര്യത്തോടെ അവനെ ഒന്ന് അന്വേഷിക്കാനും പറ്റുന്നില്ല...ഇന്നലെ കൂടെ ഉറങ്ങിയവള്‍ കീശയുടെ കനം നന്നേ കുറച്ചിരിക്കുന്നു.ഒടുവില്‍ ദീപക്കിനെ ഉപേക്ഷിച്ചു ഞാന്‍ മുറിയിലേക്ക് യാത്രയായി..ഒരു വാരാന്ത്യം ആഖോഷിച്ച സംതൃപ്തിയോടെ...

മുറിയില്‍ എത്തിയപ്പോള്‍ തന്നെ മനസ്സിലായി ദീപക് വന്നിരിക്കുന്നു..അവന്റെ ചെരുപ്പ് വാതില്‍ക്കല്‍ ഉണ്ട്. മുറിയിലേക്ക് കയറിയപ്പോള്‍ വില്‍സ് നെവിക്കട്ടിന്റെ  രൂക്ഷ ഗന്ധം...മേശമേല്‍ റോയല്‍ സ്ടാഗ്..കുപ്പിയില്‍ പാതിയായ വെള്ളവും..കാര്യം ഊഹിച്ചു ഞാന്‍............  മാന്യനു രാത്രിയില്‍ ഒന്നും കാര്യമായി ചെയ്യാന്‍ കഴിയാത്ത നിരാശ ...അത് ഈ കുപ്പിയിലും പുകയിലും മറക്കാന്‍ ശ്രമിക്കുന്നു അവന്‍..
" ദീപക്കേ...അളിയാ...എന്ത് പറ്റി? നീ എപ്പോള വന്നത്? "
ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി. ഗ്ലാസില്‍ ബാക്കി വന്ന റോയല്‍ സ്ടാഗ് അവന്‍ വിഴുങ്ങി.
" നീ അവിടെ ഇടയ്ക്കിടെ പോകാറുണ്ടോ? " അവന്‍ ചോദിച്ചു.
" ഇടയ്ക്ക്..അത് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ? പിന്നെ എന്താ ഇങ്ങനെ ഒരു ചോദ്യം? "
" അത് ...പിന്നെ...ഡാ ...ഞാന്‍ ........"
" എന്താടാ പറയു.."
" അവളാ .........അവളാണ് എന്റെ മുറിയില്‍ വന്നത്...മായ..."
" മായയോ? ഏതു മായ? "
"എടാ ..നീ മറന്നോ? നമ്മുടെ കൂടെ പഠിച്ച ...എന്‍റെ...."
"ങ്ഹാ.... അവളെങ്ങനെ?...ഛെ നിനക്ക് തോന്നിയതാവും..."
" അല്ല...ഇത് അവള്‍ തന്നെയാ...എന്നെ കണ്ടിട്ടും അവള്‍ക്കു യാതൊരു ഭാവ ഭേദവുമില്ല....അവള്....എന്നാലും...അളിയാ...അവള്‍...."
ബാക്കിയിരുന്ന റോയല്‍ സ്ടാഗ് അവന്‍ കണ്ണും അടച്ചു ഒറ്റ വലിക്കു കുടിച്ചു.എന്നിട്ട് വില്‍സ് ആഞ്ഞു വലിച്ചു.

നിശബ്ദനായി ഇരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.പ്രണയമൊരു മൂഢത  എന്ന് വിശ്വസിക്കുന്ന എനിക്കതെ സാധിക്കുകയുള്ളൂ.മനസ്സിന്റെ പ്രണയത്തേക്കാള്‍ ശരീരം പങ്കു വെക്കല്‍ ആണ് കാര്യം എന്ന സിദ്ധാന്തം ആണ് എനിക്ക്. മനസ്സിലെ പ്രണയം കുറച്ചു കാലം കഴിഞ്ഞാല്‍ മാറ്റ്   കുറഞ്ഞു മങ്ങി പോകും.എന്നാല്‍ അല്പം കരലാളനം ഏറ്റ പെണ്ണ് തനിയെ വാലും ചുരുട്ടി പിറകെ വരും. അല്ലാതെ ഇവനെ പോലെ നശിക്കണോ? എന്നെ അതിനു കിട്ടില്ല...

" നല്ല ക്ഷീണം..അളിയാ..ഞാന്‍ ഒന്ന് കിടക്കട്ടെ..."
പറഞ്ഞു മുഴുമിപ്പിക്കും മുന്നേ കേട്ടു അവിടെ വാള് വെക്കുന്ന ശബ്ദം.ബോധം വീഴുമ്പോള്‍ വേണേല്‍ തനിയെ തുടയ്ക്കും...ഞാന്‍ കട്ടിലിലേക്ക് മലര്‍ന്നു കിടന്നു...കണ്ണിനു ഭാരം ഏറി വന്നു.....
*********************************************************************************
" ഒരു പുരുഷന് വെച്ച് വിളമ്പി കൊടുത്തും കിടപ്പറ പങ്കിട്ടും അവന്റെ ആസക്തി തീര്‍ക്കുന്ന ഒരു കേവലം പെണ്ണ്  ആവാന്‍ ജനിച്ചവള്‍ അല്ല ഈ മായ"
ആണ്‍ സമൂഹം മൊത്തം ഞെട്ടുന്ന രീതിയില്‍ ആണ് അവള്‍ അത് പറഞ്ഞത്. ദീപക് എന്ന സുന്ദര  ചെറുപ്പക്കാരന്റെ പ്രണയ അഭ്യര്‍ത്ഥനക്കുള്ള മറുപടി. ദീപക് സംസാരിച്ചില്ല...അഥവാ സംസാരിക്കാന്‍ മറന്നു പോയി..ഒരുപാട് സമയം...

ശാസ്ത്രവും രസതന്ത്രവും മൈക്രോബ്സുമെല്ലാം കീഴടക്കിയ ദീപക്കിന്റെ ബ്രെയിനില്‍ ആദ്യമായി ഉദിച്ച അനുരാഗം..മായ ....
അധികം ആരോടും സംസാരിച്ചു കണ്ടിട്ടില്ല....സൌഹൃദങ്ങളും കുറവ്.അത് കൊണ്ട് തന്നെ അവളിലേക്കുള്ള ദൂരവും കൂടുതല്‍ ആയിരുന്നു.
ഒരുപാട് സുന്ദരി ആയിരുന്നില്ല അവള്‍... പക്ഷെ വസ്ത്ര ധാരണത്തില്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു എന്ന് തോന്നി. തികച്ചും കാഷ്വല്‍ ആയ വസ്ത്രങ്ങളില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു.

വര്‍ഗീസ്  സര്‍ പ്രത്യേക താല്‍പര്യമെടുത്തു  സംഖടിപ്പിച്ച ഒരു ക്ലാസ്സ്‌ ..PERSONALITY DEVELOPEMENT ...ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് പ്രയോജനകരം എന്നും  ഒരു കുട്ടി പോലും അത് പാഴാക്കരുതെന്നും പ്രയോജനകരമാക്കാന്‍ ശ്രദ്ധിക്കണമെന്നുംഎല്ലാ അധ്യാപകരും ഒരുമിച്ചു പറഞ്ഞു.

 കുട്ടികള്‍ എല്ലാവരും തന്നെ സ്വഭാവ രൂപീകരണത്തിന്റെ ആദ്യപടി ശ്രദ്ധിച്ചു ഇരുന്നു ..ഈ ഞാനും ഉണ്ടായിരുന്നു മുന്നില്‍ തന്നെ....ഇനി നന്നായില്ലെന്ന് വേണ്ട  ......
ക്ലാസ് തുടങ്ങി അഞ്ചു മിനിട്ട് കഴിഞ്ഞു. മായ എഴുന്നേറ്റു പോകാന്‍ തുടങ്ങി. വര്‍ഗീസ് സര്‍ ചോദിച്ചു
" മായ താന്‍ എവിടെ പോകുന്നു? "
" Sorry sir I am not interested."
" But Why? You will get some..."
" ഞാന്‍ പറഞ്ഞല്ലോ സര്‍ എനിക്ക് താല്പര്യമില്ല. ഇങ്ങനെ ഒരു ക്ലാസ്സിലൂടെ എന്നെ നന്നാക്കാം എന്നൊരു വ്യാമോഹവും എനിക്കില്ല "
വര്‍ഗീസ് സാറും മറ്റു കുട്ടികളും നോക്കി നില്‍ക്കെ അവള്‍ ഇറങ്ങി പോയി. അന്ന്  അവളോട്‌ ദീപക്കിന് തോന്നിയത് ആരാധന കലര്‍ന്ന  ഒരു ബഹുമാനം ആയിരുന്നു. ആരോടെങ്കിലും അത് പറഞ്ഞു വെറുമൊരു ക്യാമ്പസ് പ്രണയമാക്കി മാറ്റാന്‍ അവന്‍ ആഗ്രഹിച്ചില്ല.

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറി .ക്യാമ്പസിന്റെ തിക്കും തിരക്കും പലര്‍ക്കും പലതും നഷ്ടപെടുത്തുകയും നേടിക്കൊടുക്കുകയും ചെയ്തു.ഇതില്‍ ഒന്നും പെടാതെ ദീപക്കിന്റെ മൌനമായ  അനുരാഗം ഉള്ളില്‍ തളിര്‍ത്തു. ഒടുവില്‍ അവന്‍ അത് അവളോട്‌ പറയാന്‍ തീരുമാനിച്ചു.  അധികമാരും ഇല്ലാത്ത കാന്റീനില്‍ വെച്ചാണ് അവന്‍ അവന്റെ മനസ്സ് തുറന്നത്. അവളിങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല

പിന്നീട് മായയെ ദീപക് കണ്ടിട്ടില്ല. അവള്‍ കോളേജില്‍ നിന്നും പോയി.എന്തിനെന്നോ എവിടേക്ക് എന്നോ ആര്‍ക്കും അറിയില്ല.

ഇത് ദീപക് പറഞ്ഞു ഞാന്‍ അറിഞ്ഞ  കഥ

*********************************************************************************

ഉണര്‍ന്നു എഴുന്നേറ്റപ്പോള്‍ ഞാന്‍ മുറിയില്‍ ആകെ കണ്ണോടിച്ചു. ദീപക് എവിടെ എന്നറിയുവാന്‍  ...പക്ഷെ അവനെ കണ്ടില്ല. കുപ്പികളും സിഗരറ്റും ശര്ദിലും എല്ലാം മാറ്റി മുറി വൃത്തിയാക്കിയിരിക്കുന്നു. ചെരുപ്പ് കാണാത്തതിനാല്‍ അവന്‍ പുറത്തു പോയി എന്ന് ഞാന്‍ ഊഹിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നില്‍ക്കാതെ ഞാനും എന്‍റെ തിരക്കുകളിലേക്ക് ഊളിയിട്ടു.

കുറെ ഫോണില്‍ വിളിച്ചു എങ്കിലും അവന്‍റെ വിവരം ഒന്നും ലഭിച്ചില്ല ....നഗരം ഒരിക്കലും  തിരക്കുകളില്‍ നിന്ന് മുക്തി നേടുന്നില്ല  ..ആരും ആര്‍ക്കു വേണ്ടിയും കാത്തു നില്കുന്നില്ല

ദിവസങ്ങള്‍ ആഴ്ചകള്‍ ആയും മാസങ്ങളായും പരിണമിക്കുമ്പോള്‍ പഴയ കൂട്ടുകാരനെ ഏതാണ്ട് മറന്നു തുടങ്ങിയിരുന്നു ഞാന്‍.

ചെറിയ മഴയുടെ അകമ്പടിയില്‍ സ്ഥിരമെന്നപോലെ പോയ കരണ്ടിനെക്കുറിച്ചു ഓര്‍ത്തു ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍. വല്ലപ്പോഴും മാത്രം ശീലമുള്ള സിഗരറ്റ് കത്തിച്ചു.ഇരുട്ടിന്റെ മാസ്മരികതെയെക്കുറിച്ചു വെറുതെ ഓര്‍ത്തു.

ഇരുട്ടില്‍ ഒരു അനക്കം പോലെ. ആരോ നടന്നു വരുന്നു.മുനിഞ്ഞു കത്തുന്ന മെഴുകുതിരിക്കു അപ്പുറം എമര്‍ജെന്‍സി ലാമ്പ് ഞാന്‍ ഓണ്‍ ചെയ്തു.
" ദീപക്......നീ?...ഇവള്‍ ...

മായ....അവളും ഉണ്ട് ദീപകിന്റെ കൂടെ. അവന്‍ പറഞ്ഞപ്പോള്‍ ഒന്നും തന്നെ മനസ്സില്‍ തോന്നിയിരുന്നില്ല ഈ വ്യത്യാസം.
" ദീപക്..നീയിതു എന്ത് ഭാവിച്ച? ഒരു പ്രേമം..മണ്ണാങ്കട്ട...ഇവള്‍ നീ വിചാരിക്കുന്ന മായ അല്ല ഇപ്പോള്‍. അത് മനസ്സിലാക്കണം നീ."
അവനെ വലിച്ചു ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഞാന്‍ അത്രയും പറഞ്ഞത്.

" പോലിസ്  സ്റ്റേഷനില്‍ ഒരു അനാഥയെപോലെ......കളയാന്‍ മനസ്സ് വന്നില്ലട......"
" ഡാ...നീ...ദേ..ഞാനൊരു കാര്യം പറയാം...ഇത് ഇവിടെ പറ്റില്ല..."
" എനിക്കറിയാം..ഞങ്ങള്‍ രാവിലെ പൊയ്ക്കൊള്ളാം....ഇന്നൊരു രാത്രി...പ്ലീസ് "
എനിക്ക് മറുപടി ഒന്നും ഉണ്ടായില്ല.
" എനിക്കൊന്നു കുളിക്കണം"
കാലങ്ങളുടെ ദൂരത്തിലേക്ക് എന്നെ എത്തിച്ച മായയുടെ ശബ്ദം.
" വരൂ.." ഞാന്‍ പറഞ്ഞു.യാന്ത്രികമായി.
" നീ ഇത്രയും നാള്‍ എവിടെ ആയിരുന്നു ദീപക്?"
" ഒരു യാത്ര. ...എന്‍റെ മായയെ തേടി...ഒടുവില്‍...കല്‍ക്കട്ടയിലെ ഒരു പോലിസ് സ്റ്റേഷനില്‍ ...."
" എന്നിട്ട്...അവള്‍ നിന്റെ കൂടെ?......."
" അറിയില്ല...ഒന്നും ചോദിച്ചില്ല....എനിക്ക് മനസ്സ് വന്നില്ല..." 
അവനോടു എന്ത് പറയണമെന്ന് എനിക്കും അറിയില്ലായിരുന്നു. 
രണ്ടു ഗ്ലാസ്സുകളില്‍ വിസ്കിയും ഒഴിച്ച് ഞാന്‍ ചെല്ലുമ്പോള്‍ ദീപക് ഒരു സിഗരറ്റിനു തീ കൊടുത്തു കഴിഞ്ഞിരുന്നു.എന്‍റെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി അവന്‍ ചുണ്ടോടു ചേര്‍ത്തു.
 മെല്ലെ പറഞ്ഞു തുടങ്ങി ....ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യങ്ങള്‍കുള്ള മറുപടി 

*********************************************************************************

വേഗം നടക്കുകയായിരുന്നു ദീപക്..ലക്‌ഷ്യം മായ മാത്രം..
മനസ്സിലും അവള്‍ കണ്ണിലും അവള്‍........ .... മാത്രം....മായ...
എങ്ങനെയെങ്കിലും കയറിക്കൂടാന്‍ പറ്റിയ സ്ഥലത്തല്ല മായ..അത് അവനു നല്ലത് പോലെ അറിയാം...ഇന്നലെ വന്നവന്‍ ഇന്ന് ചെന്നാല്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ല...എന്തും വരട്ടെ എന്ന് കരുതി ദീപക് പോയി. അവിടെ സഭ കണ്ടില്ല...പാട്ടും ആട്ടവും ഒന്നുമില്ല...അവിടേക്ക് കയറിയപ്പോളെ ഒരു സ്ത്രീ വന്നു ചോദിച്ചു.."എന്താ?"
" എനിക്ക് ......ഒരാളെ വേണം..." 
" ഇന്ന് ഇല്ല...പിന്നെ വാ..."
" അത്...അത് പിന്നെ....എനിക്ക്...."
" ഇല്ലാന്ന് പറഞ്ഞില്ലേ? പോ...ശെടാ..ഇവന്റെയൊക്കെ @#$%^&"
ഒരു വലിയ തെറി വിളിച്ചു അവര്‍്‍ പോയി 
ദീപക് എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി..തിരിച്ചു പോകാന്‍ മനസ്സ് വന്നില്ല. വീണ്ടും അവിടെ തന്നെ കറങ്ങി തിരിഞ്ഞു നിന്നു...ആ സ്ത്രീ വീണ്ടും വന്നു..." താന്‍ പോയില്ലേ? " 
" അത് ....എത്ര വേണേലും തരാം....ഇന്ന്..വേണം...." 
" ഉം...."
അവര്‍ സാരി തുമ്പു പാതി കാണുന്ന വയറിലേക്ക്  മടക്കി കുത്തി അകത്തേക്ക് കയറി പോയി..പ്രതീക്ഷയോടെ ദീപക് നിന്നു.
" വാ..."
അനുസരണയോട് ദീപക് പിന്നാലെ ചെന്നു...തലേദിവസം പോയ മുറി ആയിരുന്നില്ല ഇത് ....ഇരുട്ട് നിറഞ്ഞ ഇടനാഴിയുടെ അവസാനമുള്ള ഒരു മുറി...അവിടെ എത്തിയപ്പോള്‍ ഞാന്‍ അവന്‍ അവരോടു പറഞ്ഞു.
" ഇന്നലെ വന്ന കുട്ടി ഉണ്ടാകുമോ? ഇന്നലെ ഞാന്‍ അല്പം കുടിച്ചിരുന്നു...അവളെ ....അവളെ ..എനിക്ക് ഇഷ്ടമായി അതാ ഇന്നും വന്നത്..."
" അയ്യോ സാറെ ...അതൊന്നും നടക്കില്ല ...വേണേല്‍ ഇപ്പോള്‍ ഉള്ളതൊന്നു തരാം "
അവരെ പിണക്കുന്നത് ശരി അല്ലാന്നു ദീപക്കിന് തോന്നി ..
" അതല്ല...അവളുടെ മുന്നില്‍ ഞാന്‍ തോറ്റു പോയത് പോലെ തോന്നി...ഞാന്‍ ഒരു ആണല്ലേ? .....എനിക്ക് അവളെ തന്നെ വേണം...കാശ് ഒരു പ്രശ്നമല്ല നിങ്ങള്‍ക്കും പ്രയോജനം ഉണ്ടാകും ...വേണ്ട പോലെ കാണാം "
അഞ്ഞൂറിന്റെ ഒരു നോട്ടു അവരുടെ കയ്യില്‍ എല്പ്പിച്ചാണ് ദീപക് അത് പറഞ്ഞത്
കാശ് വാങ്ങി അവര്‍ ബ്ലൌസിന്റെ ഉള്ളില്‍ തിരുകി
*********************************************************************************
"പിന്നീട് അവളെ കണ്ടത് അവിടെയാണ്" ദീപക് തുടര്‍ന്നു 

നിറം മങ്ങിയ സാരിയുടുത്ത് പോലീസ് സ്റ്റേഷന്റെ തറയില്‍ ഇരിക്കുമ്പോഴും മായയുടെ മുഖത്ത് ഭാവഭേദം ഉണ്ടായിരുന്നില്ല.ആരെയും കൂസാത്ത ഭാവം. കണ്ണുകളില്‍ ലോകത്തോട്‌ മുഴുവനുമുള്ള ദേഷ്യഭാവം.വയറിന്റെ മുക്കാല്‍ ഭാഗവും മാറിന്റെ പകുതിയും കാണും വിധം അവള്‍ .......

തിരികെ മുറിയില്‍ എത്തുമ്പോള്‍ എന്‍റെ കട്ടിലില്‍ അലസമായി കിടന്നുറങ്ങുന്നു മായ..
" ഒരുപാട് വര്‍ഷങ്ങളുടെ ക്ഷീണം ആവാം ...പാവം...ഉറങ്ങട്ടെ..." ദീപക് പറഞ്ഞു. 
*********************************************************************************
ഉണര്‍ന്നപ്പോള്‍ തന്നെ  നോക്കിയത് ദീപകിനെയാണ്. അവന്‍ ഇല്ല മുറിയില്‍.
" ഡാ..." ഒരു വിളി കേട്ടു. ദീപക്കാണ്. കയ്യില്‍ കുറെ കവറുകള്‍ 
" മായയ്ക്ക് വേണ്ടി വാങ്ങിയതാണ്...കുറച്ചു ഡ്രസ്സുകള്‍...." 
" മായാ...മായാ...." അവന്‍ വിളിച്ചു. 
മറുപടി ഉണ്ടായില്ല. അടുക്കളയില്‍ എന്തോ ശബ്ദം കേട്ടു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അവള്‍ ചായ കുടിക്കുന്നു.ആ പഴയ ഭാവം തന്നെ കണ്ണുകളില്‍.ദീപക് കൊടുത്ത കവറുകള്‍ അവള്‍ മടി കൂടാതെ വാങ്ങി.
" നന്ദി " അവള്‍ പറഞ്ഞു. 
" നമുക്ക് പോകണ്ടേ?" ദീപക് ചോദിച്ചു. 
" എവിടേക്ക്?" 
" എന്‍റെ വീട്ടിലേക്ക്"
ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി. 
" വീട്ടില്‍ അമ്മ മാത്രം...അമ്മയോട് ഞാന്‍ പറഞ്ഞു എന്‍റെ മായയെ എനിക്ക്  തിരികെ കിട്ടി എന്ന് ..."
" ഉം..." അവള്‍ മൂളി
" നിന്‍റെ പഴയ മായ അല്ല ഞാന്‍...ഇന്നൊരു അഭിസാരിക ആണ്...ഒരു വേശ്യാലയത്തില്‍ വര്‍ഷങ്ങള്‍ ജീവിച്ചവള്‍....പലരുമായി രമിച്ചവള്‍ ...മാനം വിറ്റു ജീവിതം വാങ്ങിയവള്‍ ...നീ വിചാരിക്കുന്ന പോലെ എളുപ്പം ആകില്ല എന്നോടൊപ്പം ഉള്ള ജീവിതം "

" ഇത്രയും ദൂരം നിന്നെ തേടി എത്തിയപ്പോള്‍ നീ എന്നെ അറിയുമെന്ന് ഞാന്‍ കരുതുന്നു മായ." ദീപക് അത്ര മാത്രമേ മറുപടി പറഞ്ഞുള്ളൂ 

*********************************************************************************

ഇറങ്ങുമ്പോള്‍ നീല ജീന്‍സും ഇറക്കമുള്ള ഒരു ടോപ്പുമായിരുന്നു  അവളുടെ വേഷം.ചുണ്ടില്‍ കൃത്രിമ ചായം ഇല്ലാതെ തന്നെ അവള്‍ വളരെ സുന്ദരി ആയിരുന്നു. എനിക്കെന്തോ മനസ്സില്‍ വളരെ സന്തോഷം തോന്നി. ബസ് സ്റ്റോപ്പ് വരെ ഞാന്‍ അവരെ അനുഗമിച്ചു.അവളുടെ കണ്ണ് നിറഞ്ഞുവോ? ഹേ എനിക്ക് തോന്നിയതാവും...മായ കരയുകയില്ല.. 

*********************************************************************************

ഒരിക്കലും ഇല്ലാത്തൊരു മൂകത എനിക്ക് തോന്നി. ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു. പുറത്തെന്തോ തടഞ്ഞു.ഒരു ഡയറി. മായ മറന്നു വെച്ചതാവും. വെറുതെ താളുകള്‍ മറിച്ചു നോക്കി. 
ആദ്യ പേജില്‍ ' ഒരു നാള്‍ നിനക്കേകാനായ് ' ...ഓ അപ്പോള്‍ ദീപക്കിനെ അവള്‍ക്കും ഇഷ്ടമായിരുന്നു..ഞാന്‍ ഓര്‍ത്തു. 
പിന്നീടുള്ള പേജുകളില്‍ ഒന്നും എഴുതിയിരുന്നില്ല. അവസാന താളുകള്‍ക്കിടയില്‍ നിന്നൊരു മയില്‍‌പീലി എന്‍റെ നെഞ്ചിലേക്ക് വീണു.അവിടെ കുറെ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഞാന്‍ വായിച്ചു തുടങ്ങി ...
" നിനക്കായി...ആള്‍ക്കൂട്ടത്തില്‍ ഒന്നും തന്നെ സ്ത്രീകളെ പ്രണയിക്കാത്ത നീ ആദ്യമാദ്യം എനിക്ക് അത്ഭുതമായിരുന്നു. പിന്നെടെപ്പോഴോ അത് നിന്നോടുള്ള പ്രണയമായ് വഴി മാറിയപ്പോള്‍ ദീപക് വഴി ഞാന്‍ അറിഞ്ഞു നിന്നെ കാത്തിരിക്കുന്നൊരു പെണ്‍കുട്ടി ഉണ്ടെന്ന്‌. എങ്കിലും നീയറിയാതെ നിന്നെ സ്നേഹിച്ചു ഞാന്‍. കമിതാക്കളുടെ ദിനത്തില്‍ ആരുടെയോ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി നീ ദൂരെ എറിഞ്ഞതാണ് ഈ മയില്‍ പീലി.ഇന്നുവരെ നിന്‍റെ സ്നേഹത്തിനായി ഞാന്‍ ഇത് സൂക്ഷിച്ചു.  പക്ഷെ ഇപ്പോള്‍.....
ഞാന്‍ എങ്ങനെ മാനം പണയപ്പെടുത്തി ജീവിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം. ഒരു സ്ത്രീ അങ്ങനെ ആയിതീര്‍ന്നെങ്കില്‍ തീര്‍ച്ചയായും അതിനു പിന്നില്‍ ഒരു പുരുഷന്‍ ഉണ്ടാവും. 
എന്‍റെ ജീവിതത്തില്‍ അത് അമ്മയുടെ രണ്ടാം ഭര്‍ത്താവ് ആയിരുന്നു എന്ന് മാത്രം. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല .. ആരോടും പരാതിയുമില്ല....വീണ്ടും നിന്നെ  കണ്ടു മുട്ടിയപ്പോള്‍ ഞാന്‍ അറിയുന്നു ദീപക്കിലെ കാമുകനാണ് നിന്നെ എന്നില്‍ നിന്ന് അകറ്റിയത് എന്ന് .ഇവിടെയും എനിക്ക് പരിഭവം ഇല്ല.ഒരു പക്ഷെ അന്നും ഇന്നും നീ എന്നെ അറിയാതെ പോയി എന്ന് ഞാന്‍ ആശ്വസിച്ചു കൊള്ളാം.വീണ്ടും ഒരു രാവിരുളുമ്പോള്‍ ദീപക്കിനോപ്പം....എങ്കിലും നീ അറിയുക എന്നും ഈ ഞാന്‍ പതിവൃത ആയിരുന്നു.....ഈ ലോകം ആണെന്നെ അഭിസാരിക ആക്കിയത് .......വെറുക്കരുത്...ഞാന്‍ ഉള്‍പ്പെടുന്നവരെ....
                                           
                                    സ്നേഹത്തോടെ മായ...

ഡയറി അടച്ചു വെയ്ക്കുമ്പോള്‍ ഇരു വശത്തുമായി രണ്ടു കണ്ണീര്‍ ചാലുകള്‍ വീണു ഉടയുന്നത് ഞാന്‍ അറിഞ്ഞു.....മനസ്സില്‍ ഒന്ന് മാത്രം 

ഈ ഞാന്‍ പതിവൃത ആയിരുന്നു