Monday, November 29, 2010

ഒരു ഇന്‍റെര്‍നെറ്റ് പ്രണയം

വിഡ്ഢിപ്പെട്ടി എന്ന് ആരോ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്തിനെക്കുറിച്ച് എന്നല്ലേ? നമ്മുടെ സ്വന്തം കമ്പ്യൂട്ടര്‍ തന്നെ. ആര് അല്ലെങ്കില്‍ എന്തിന്? അതിനെ അങ്ങനെ വിളിച്ചു എന്ന് എനിക്കറിയില്ല.അല്ലെങ്കില്‍ തന്നെ അതിനു ഇവിടെ പ്രസക്തിയില്ല.ഞാന്‍ കാര്യത്തിലേക്ക് വരാം.ഞാന്‍ അനഘാ.സ്ഥിരമായിട്ടല്ലെങ്കിലും ഒരുപാട് ചാറ്റ് മുറികള്‍ കയറി ഇറങ്ങുന്ന കുറച്ചു സൌഹൃദങ്ങളും പിന്നെ കുറച്ചു വായാടിത്തരവുമുള്ള ഒരു പെണ്‍കുട്ടി. ചാറ്റ് മുറികളെക്കുറിച്ച് ആര് എനിക്ക് പറഞ്ഞു തന്നു എന്ന് എനിക്ക് ഓര്‍മ്മയില്ല. ഈ അനഘയുടെ സ്മരണയില്‍ ഇല്ലാത്ത പ്രിയഗുരുവേ നിനക്ക് ആദ്യ വന്ദനം.ഇനി കഥ. അഥവാ ഇന്റര്‍നെറ്റ്‌ പ്രണയം
                                               സ്ഥിരം കയറാറുള്ള ചാറ്റ് മുറികളില്‍ ഒന്നില്‍ എനിക്ക് സ്ഥിരം കിട്ടാറുള്ള hi asl pls.... തുടങ്ങിയ ഡയലോഗുകള്‍ക്ക് വിരുദ്ധമായി ഒരാള്‍." എന്‍റെ സൗഹൃദം നിനക്ക് ഇഷ്ടമാകുമോ?" " ആരാണപ്പാ ഇവന്‍? " എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിച്ചു ടൈപ്പ് ചെയ്തു. " അതൊരു നല്ല സൗഹൃദം എങ്കില്‍......." പിന്നീട് പരിചയപെടലിന്റെ ഒരു ഇടവേള. അതിനെ വെട്ടിച്ചുരുക്കി സംഗ്രഹിച്ചു എഴുതിയാല്‍ ഇങ്ങനെ...പ്രണവ്...പ്രായം 27 ....ജോലി സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍...ഇപ്പോള്‍ സിംഗപൂര്‍.." ബയോടാറ്റ ഉഗ്രന്‍. സത്യം ഏതാണെന്ന് കര്‍ത്താവ്‌ തമ്പുരാന് അറിയാം...." എന്തും വരട്ടെ എന്ന് കരുതി തിരിച്ചു കാച്ചി. അനഘ 25 വയസ്സ്. പഠിത്തം കഴിഞ്ഞു എന്ന് പറയാം. ഡിഗ്രി തോറ്റതിനാല്‍ കെട്ടിച്ചു വിടാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നു.backspace അറിയാതെ ഒന്നമര്‍ന്നു. MSc പഠിക്കുന്നു എന്നാക്കി. " ആ പുരുഷകേസരി കണക്കില്‍ അത്ര കേമനാവല്ലേ കര്‍ത്താവേ ? അടുത്ത അപേക്ഷ പുള്ളിക്ക്....." വയസ്സ് എങ്ങാനും കണക്കു കൂട്ടി എടുത്താലോ?" വീടും നാടും അടങ്ങുന്ന വിശദമായൊരു ബയോടാറ്റക്ക് ഒടുവില്‍ അതാ എത്തി.." pranav want to be your friend " accept or decline ? ആലോചിക്കാന്‍ സമയം തരും മുന്‍പേ ദാ പ്രണവ് ടൈപ്പ് ചെയ്യുന്നു.. " ഒരു റിക്വസ്റ്റ് വിട്ടു.accept  ചെയ്യുമോ? "  ഇതുവരെ കുഴപ്പമില്ല..എന്നാലും?...." R u there ? കൂടെ ഒരു BUZZ എന്തായാലും വരുംപോലെ വരട്ടെ ...accept കൊടുക്കാം." yes i am here‍." മറുപടി കൊടുത്തു. നോക്കിയപ്പോള്‍  ദേ ഒരു ഉഗ്രന്‍ പടം.എന്‍റെ ഗിത്താറിന്റെ പടം മാറ്റി മീര ജാസ്മിന്‍ ആക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. ശരിക്കും ഉള്ള മുഖം കണ്ടാല്‍ അവന്‍ invisible ആയാലോ? ( അങ്ങനെയും അനുഭവം ഉണ്ട് .)
                   ഭൂമിയിലുള്ള സൈക്കിള് മുതല്‍ ആകാശത്തെ ജെറ്റ് വിമാനം വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.അഖിലിന്റെ 7ലെ സ്കോളര്‍ഷിപ്പ്‌ പുസ്തകം എന്‍റെ മാനം രക്ഷിച്ചു. അവന്‍ അടുത്ത് ഇല്ലാത്തതു എന്‍റെ ഭാഗ്യം. ദേ അടുത്ത പാര. വോയിസ്‌ കാള്‍.ശബ്ദം പരമാവധി മൃദുവാക്കി ഞാന്‍ ഒരു ഹലോ പറഞ്ഞു." oh your voice is so sweet.പാട്ട് പാടുമോ?" " എന്‍റെ സുഹൃത്തേ പണ്ടൊരു ദേശീയ ഗാനം പാടാന്‍ സ്കൂളിന്റെ മുറ്റത്ത്‌ നിന്നത് ഒഴിച്ചാല്‍ ജന്മത്ത് ഞാന്‍ പാടിയിട്ടില്ല." ഇത് മനസ്സില്‍ പറഞ്ഞു.പക്ഷെ വെളിയിലേക്ക് വിട്ടത് വേറെ രീതിയിലാണ്‌." ഇടയ്ക്കു ഒക്കെ പാടും. പക്ഷെ ഇപ്പോള്‍ ടോന്‍സിലയിറ്റിസ് ആണ്. അത് കൊണ്ട് ഡോക്ടര്‍ വോയ്സ് റസ്റ്റ്‌ പറഞ്ഞിരിക്കുവാണ്." " oh I am Unlucky man.സാരമില്ല അസുഖം മാറാന്‍ ഞാന്‍ പ്രാര്‍ഥിക്കാം." അറിയാതെ ഞാന്‍ എന്‍റെ കഴുത്ത് ഒന്ന് തടവി. 2 ദിവസം മുന്‍പേ അപ്പുറത്ത് വീട്ടിലെ സുമചേച്ചി പഠിപ്പിച്ചതാണ് നമ്മുടെ ടോണ്‍സിലയിറ്റിസ്." ചേച്ചി  നിങ്ങള്‍ക്ക് അമേന്‍....."
                                   പിന്നെയും സംസാരം നീണ്ടു പോയി Msc യുടെ അനന്ത സാധ്യതകളെക്കുറിച്ച് പ്രണവ് വര്‍ണിക്കുമ്പോള്‍ ഞാന്‍  പ്രണവുമായി ഉള്ള പ്രണയ സാക്ഷാത്കാരത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു. സിംഗപൂരില്‍ വണ്ടി ഓടിക്കുന്ന സ്വപ്നത്തിലായിരുന്ന എന്നോട് പെട്ടന്ന് പ്രണവ് ചോദിച്ചു " അനഘാ താന്‍ cam ഓണ്‍ ചെയ്യാമോ? " " ദാ വരുന്നു....ആരോ വിളിക്കുന്നു. ഇപ്പോള്‍ വരാമേ.." അക്ഷരാര്‍ഥത്തില്‍ ഞാന്‍ തടി ഊരി. മേക്കപ്പ് ബോക്സിലെ ഏതാണ്ട് എല്ലാ സാധനങ്ങളും തന്നെ ഞാന്‍ മുഖത്ത് വാരി പൂശി. " ഈ ലാപ്ടോപിനു മണക്കാന്‍ കഴിവ് ഉണ്ടായിരുന്നെങ്കില്‍? ഛെ....പുതിയ perfume ന്‍റെ മണം കൂടി അറിയിക്കാമാരുന്നു." " sorry പ്രണവ് അത് ഇവിടെ ഒരാള്‍ വന്നതാണ്." കള്ളം പറഞ്ഞു ഒപ്പിച്ചു. " its ok"  എന്ന് അവന്‍. " നിന്നെ കാണാന്‍ നല്ല ഭംഗി ഉണ്ട്" .cam ഓണ്‍ ആക്കിയപ്പോള്‍ അവന്‍ പറഞ്ഞു.ശരീരത്തിന്‍റെ ഭാരം കുറഞ്ഞു കുറഞ്ഞു അല്പം പൊങ്ങിയത് പോലെ എനിക്ക് തോന്നി." നിന്‍റെ cam എവിടെ?  അല്പം മടിയോടെ ഞാന്‍ ചോദിച്ചു. " ഇപ്പോള്‍ തരാം." അവന്‍ on ആക്കുമ്പോള്‍ എന്‍റെ ഹൃദയം തൃശൂര്‍ പൂരത്തിന്‍റെ ശിങ്കാരി മേളം പോലെ ഇടിച്ചു. on ആക്കിയപ്പോള്‍ ഒരു നിമിഷം അത് നിലച്ചുവോ? ഒരു കൊച്ചു പയ്യന്‍. ഏതാണ്ട് 4 വയസ്സ് പ്രായം വരും. " ഹേ ഞെട്ടുകയൊന്നും വേണ്ട.അത് എന്‍റെ മകനാണ്. wife‌ നെ കാണണ്ടേ? ദാ ഇതാണ് എന്‍റെ wife " cam എവിടെയൊക്കെയോ മാറി മറിയുന്നു. എന്‍റെ സ്വപ്നത്തിലെ വണ്ടി ആക്സിടന്റ്റ് ആയതു പോലെ തോന്നി. ശരീരം ഭാരം കൂടി തല തല്ലി വീണു." ഹലോ..."  അവന്‍ വിളിക്കുന്നു. " ഇത് ഒരുമാതിരി സന്തൂറിന്റെ പരസ്യം പോലെ ആയല്ലോ കര്‍ത്താവേ." ഞാന്‍ ഓര്‍ത്തു. അവന്‍ ടൈപ്പ് ചെയ്യുന്നു " r u there ?...... r u there ? " ദുഷ്ടന്‍"  മനസ്സില്‍ പ്രാകി ഞാന്‍....എന്നാലുമെന്റെ സ്വപ്‌നങ്ങള്‍.. ..

                 വേഗം തന്നെ മീര ജാസ്മിനെ മാറ്റി ഗിത്താര്‍ ഇട്ടു.
   
                            പ്രണവിന്റെ ടെസ്ക്ടോപില്‍ എഴുതി വന്നു.......Anakha is offline...........

Saturday, November 27, 2010

മതിഭ്രമം

അഗ്നിപര്‍വതം ഒരു ലാവയാകും പോലെ
മാനവികതയുടെ തപിക്കുമീ മതിഭ്രമം
എവിടേക്ക് എന്നും ഇതെന്നും അവനറിയുന്നില്ല
ഭ്രാന്തമാം വേഷമാണ് അവന്
ചുരുണ്ട് ജട കലര്‍ന്നൊരു മുടിയും മുഷിഞ്ഞ
വേഷവും അവന് നല്‍കിയത് ഈ ജന്മം
ജനിച്ച കുലത്തിന്നു അധിപനാരോ?
തിളച്ചു മറിഞ്ഞു ഓടുമീ നിണത്തിന് അധിപനാരോ?
കല്‍പ്പിച്ചു ഏകപ്പെട്ട ഭ്രഷ്ട് നിന്‍ സ്വന്തമോ?
ഉറക്കെയുറക്കെ അലറിച്ചിരിച്ചു അവന്‍
ചോദിക്കവേ അവനും ഉണ്ടായി മതിഭ്രമം
ഭൂമി ആരോ പകുത്തെടുക്കവേ
പട്ടു മെത്ത ത്യജിച്ചവന്‍...മാതൃഭൂമിയുടെ
മാറില്‍ ഇളം ചൂടേറ്റു മയങ്ങവേ
അട്ടഹാസ ബഹളത്തോടെ അവനെ
വലിച്ചിഴച്ചു ഒരു കൂട്ടിലേക്ക് അടച്ചവര്‍
നിദ്രയെ പുല്‍കുവാനൊരു ഔഷധമേകി
ബുദ്ധിയെ തല൪ത്തുന്നൊരു ചികിത്സയും
അമ്മേ...എന്ന് ഉറക്കെ വിളിച്ചവന്‍
ധരണീ നീ അറിയുന്നുവോ ഈ പ്രാണ വേദന
ഗര്‍ഭത്തില്‍ ചുമക്കാതവള്‍ മാതൃ ഹൃദയമാകുമോ?
ആരോ അടക്കം പറഞ്ഞു...പാവം
അലറിക്കരഞ്ഞു തന്‍ ശബ്ദം നിലച്ചവന്‍
ഇരുമ്പഴിക്കുള്ളില്‍ കൂനിയിരിക്കുമ്പോള്‍
വിറയ്ക്കുന്ന മേനിക്കു ചൂടെകുവാനായ്
ആരോ നീട്ടിയ കരിമ്പടം വലിച്ചു എറിഞ്ഞു
മറ്റൊരാള്‍ അലറി....ഭ്രാന്തന്‍
അലറി അടുക്കുന്ന ലോകമേ പറക നീ
മതിഭ്രമം ഈ ലോകത്തിനോ നിനക്കോ?

Saturday, November 20, 2010

നീ എന്‍റെ സ്വപ്നം ....നിറവാര്‍ന്ന സ്വപ്നം
എന്‍ മനോമുകുളത്തിന്  സൌരഭ്യം ഏകിയ
എന്‍ അത്മതംബുരുവിനു നാദംഏകിയ
ശബ്ദമുഖരിതമായ് ഓടിയണയുന്ന
ആഴി തന്നടിയിലെ നിശബ്ദമാം ജലമാം
നീയെന്ന സ്വപ്നം...എന്‍റെ സ്വന്തമാം സ്വപ്നം
മാംസ ദാഹികള്‍ കഴുകന്മാരുടെ ലോകം
ക്രൂരമാം മിഴികള്‍  എന്‍റെ ചോര കൊതിക്കുമ്പോള്‍
ഒരിറ്റു നിണം പോലും ചീന്തിയെറിയാതെ
നിശബ്ദമാ നിശയുടെ  കുളിരാര്‍ന്ന മാറില്‍
ഒരു പൈതലായ്‌ ഞാന്‍ ഒതുങ്ങിയമരവേ
നീയെന്ന സ്വപ്നമൊരു  കാര്‍മേഖം ആയിരുന്നിരിക്കാം
ഇന്ന് നീ ഒരു കുളിരായ് എന്‍റെ മേല്‍
പെയ്തിറങ്ങി എന്‍റെ മിഴിനീരിനെ ഒപ്പി
 സങ്കല്‍പലോകത്തിന്റെ സൌകുമാര്യതകളിലേക്ക്
 എന്‍റെ കൈവിരല്‍ത്തുമ്പ് പിടിച്ചു എന്നെ മെല്ലെ ഇറക്കി
 സ്വപ്നവും ജീവിതവും എന്നെ പഠിപ്പിച്ചു
 ഒരു മഴയായ് പെയ്തെന്നെ കുളിരണിയിച്ചു
 ഘോരമാം വെള്ളിടി നാദമായ് ഇടയ്ക്കിടെ
 എന്നെ ഭയപെടുത്തിയും ഒടുവില്‍ .....
 ചുംബനപൂക്കളാല്‍ എന്‍റെ നിറുകയില്‍
 ഒരു തുള്ളി നിണം കൊണ്ട് ഒരു
 സിന്ദൂരം പോലെയെന്റെ സീമന്ദ രേഖ
 പഴയൊരു ഗാനത്തിന്‍റെ അലയൊലി പോല്‍
 രാഗവും താളവും പോല്‍ ഒന്ന് ചേരുവാനായ്
 കണ്ണ് ചിമ്മി തുറന്നു നോക്കുമ്പോള്‍
 ഒരു പക്ഷെ ഞാന്‍ അറിഞ്ഞാലോ നീയെന്ന
 സ്വപ്നം...അതിനാല്‍ ഞാന്‍ ഒന്ന് ഉറങ്ങട്ടെ
വീണ്ടുമൊന്നു മയങ്ങി ഉണരുവാനായ്
                                          

Friday, November 19, 2010

മൃതിയൊരു യാത്ര

ആത്മശകടത്തിന്‍റെ ചിറകിലേറി ഞാന്‍
അനന്ത വിഹായസ്സിലൂടൊരു യാത്ര
ശോകമോഹഭംഗങ്ങളുടെ ഭണ്ടാരം
മനുജാ...നിന്‍ വ്യഥകളുടെ താണ്ഡവം
അലറിയടുത്ത അഗ്നിഗോളമായി
ഒരു തീ നാളമെന്‍ ജീവനെ തന്‍റെ
നാവാല്‍ നക്കിതുടച്ച് സര്‍വം ശമിപ്പിച്ചു
ലോകത്തിന്‍ വിരഹവ്യഥകളെ എല്ലാം
മറന്നൊരീ നൈമഷികത .....
അലരിക്കരയുമ്പോള്‍ എല്ലാം എന്‍ വാക്കുകള്‍
ഗദ്ഗദമായി കണ്ഠനാളത്തില്‍ എരിഞ്ഞടങ്ങി
മൃതശരീരമെന്നാരോ ഉറപ്പിച്ചപോല്‍
മാതൃ ഹൃദയം തേങ്ങി ഉരുകുന്നുവോ
പിതാവിന്‍റെ കണ്ണീരെന്നെ മാടി
വിളിക്കുന്നു തിരികെ ആ ജടത്തിലേക്ക് 
അറിയുന്നു ഞാന്‍ മൃതി എന്ന സത്യം
തിരികെയെത്തിടാത്ത ആത്മ സത്യം
മിടിച്ചു കൊണ്ടിരുന്ന ഹൃദയമിതാ
നിശ്ചലം ശൈത്യമായൊരു മണ്ണുകൂന  പോലെ
ഒരു പുകയായി ധൂമകേതുവായി
ഞാനിന്നൊരു ആത്മാവായി
എന്റെ ജഡം അവരെവിടെക്കോ ചുമന്നു
കൊണ്ടുപോകുമ്പോള്‍  എന്നെ
സ്നേഹിച്ചവര്‍ വിലപ്പിക്കുമ്പോള്‍
അറിയാത്ത മുഖചിത്രമായി
അറിയുന്നു..മനുജാ...നീയൊരു വിഡ്ഢി
മത ജാതി ധൂമ പാത്രങ്ങള്‍ മോന്തികുടിച്ചൊരു വിഡ്ഢി