Sunday, August 18, 2013

ചില സ്വതന്ത്ര ചിന്തകള്‍


സ്വതന്ത്ര ഭാരതം അതിന്‍റെ ഷഷ്ടിപൂര്‍ത്തിയുടെ നിറവിലാണ്.ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഏഴു ആഗസ്റ്റ്‌ പതിനാലിന് അര്‍ദ്ധരാത്രിയില്‍ അടിമത്വമെന്ന തമസ്സില്‍ നിന്നും സ്വാതന്ത്ര്യം എന്ന പൊന്‍ വെളിച്ചത്തിലേയ്ക്കു കടന്നു വന്ന നമ്മുടെ മഹാരാജ്യം . മറിച്ചു നോക്കുമ്പോള്‍ അഭിമാനത്തിന്‍റെ തലയെടുപ്പോടെ ഓരോ ഭാരതീയനും കാത്ത് സൂക്ഷിക്കുന്ന സുവര്‍ണ്ണ ഏടുകള്‍.. എങ്കിലും പ്രിയ ഭാരതീയാ നിന്നോട് ചോദിക്കട്ടെ സ്വാതന്ത്ര്യ ദിനാഘോഷം എന്ന കേവല കാഴ്ചകള്‍ക്കപ്പുറം നിനക്കീ അഭിമാനം നേടി തന്നവരെ നീ ഓര്‍ക്കാറുണ്ടോ? " ഉവ്വ്" എന്നൊരു ഉത്തരം എങ്കില്‍ അന്ന് നിനക്കുവേണ്ടി അവര്‍ നാട്ടിയ ത്രിവര്‍ണ്ണ പതാക ഇന്നെവിടെ ? അന്ന് മരിച്ച ദേശസ്നേഹികളില്‍ പ്രധാനികള്‍ അല്ലാത്തവരുടെ കുടുംബങ്ങള്‍ ഇന്നെവിടെ? ധൈര്യത്തോടെ ഒരു ഉത്തരം നല്‍കുവാന്‍ ഏതു ഭാരതീയന്‍ ഉണ്ട് ഈ സ്വതന്ത്ര ഇന്ത്യയില്‍ ?
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറില്‍ എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗ് നാട്ടിയ കോടി പോലും ഇന്ത്യയുടെ മ്യുസിയത്തിനുള്ളില്‍ ഇപ്പോളും ഉണ്ട്. പക്ഷെ അടിമത്വം എന്ന ഇരുട്ടിനെ വെളിച്ചമാക്കിയ നമ്മുടെ പതാക കൈമോശം വന്നിരിക്കുന്നു. ഹേ ഭാരതീയ നീ സ്വതന്ത്രന്‍ എന്ന് ഖോര ഖോരം പ്രസംഗിക്കാന്‍ നിനക്കെന്തു അര്‍ഹത ? തെളിവുകള്‍ തേടി പലരും അലഞ്ഞെങ്കിലും കണ്ടെത്താനാവാതെ നമ്മുടെ അഭിമാന പതാക ഇന്നും എവിടെയോ സുഖ സുഷുപ്തിയിലാണ്. പണ്ട് മാഹാത്മാജി ജയിലില്‍ കിടന്നെഴുതിയൊരു കത്ത് ബ്രിട്ടനിലൊരാള്‍ ലേലത്തിനു വെച്ചപ്പോള്‍ കണ്ടെത്തിയത് പോലെ എന്നെങ്കിലും നമ്മുടെ പതാക കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം. ഓരോ സ്വാതന്ത്ര്യ ദിനത്തിലും ആഖോഷങ്ങള്‍ കൂടി വരുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലത് തന്നെ. ഇത് നിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം തന്നെയോ എന്ന്. ഓരോ പതാകയും ആകാശത്ത് പാറി കളിക്കുമ്പോള്‍  ആദ്യ പതാക എവിടെ എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു
" ക്വിറ്റ്‌ ഇന്ത്യ " അഥവാ ഇന്ത്യ വിടുക എന്ന സമര മുറയിലൂടെ നിരാഹാരവും സത്യാഗ്രഹവും നടത്തി ധീര നായകന്മാര്‍ പുറത്താക്കിയ ഇംഗ്ലീഷ് ഭരണകൂടത്തെ സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ സ്വാഗതം ചെയ്യുന്നു നമ്മുടെ ഇന്നിന്‍റെ മക്കള്‍. ഓരോ വിദേശീയനും ഇന്ന് നമുക്ക് അതിഥി ആണ്. നമ്മുടെ സുഗന്ധ ദ്രവ്യങ്ങള്‍ അവന്‍റെ കാല്‍കീഴില്‍ ഞെരിഞ്ഞമര്‍ന്ന് സൌരഭ്യം കെട്ടടങ്ങുമ്പോള്‍ കരിയും കട്ടയും മണ്ണും ചേര്‍ത്ത വിദേശ ഭക്ഷണം മൃഷ്ടാന്നം ഭുജിച്ചു ഭാരതീയന്‍ ഉറക്കെ വിളിക്കും " വന്ദേ മാതരം " എന്‍റെ ശീലങ്ങള്‍ ഇന്ത്യയുടേത് എന്ന് പറയാന്‍ മടിച്ച് വിദേശ വിദ്യാഭ്യാസം പോലും നേടി തലയുയര്‍ത്തി പറയും ഞാന്‍ സ്വതന്ത്ര ഭാരതീയന്‍. സ്വാതന്ത്ര്യം ലഭിക്കും മുന്പ് ഇന്ത്യയുടെ സ്ത്രീ വിദ്യാഭ്യാസം രണ്ടു ശതമാനം ആയിരുന്നുവെങ്കില്‍ ഇന്നത്‌ അന്‍പത്തി ഒന്‍പതു ശതമാനം ആണ്. ബാല വിവാഹവും സതിയും മാറിയെങ്കില്‍ മാംസ വില്‍പ്പനയും പീഡനവും ഒന്നാമതെത്തി. സമത്വം എന്നതിന് ഒരു പുതു നിര്‍വചനം ആയി ഏതു പ്രായത്തിലുള്ള പെണ്ണിനേയും പീഡിപ്പിക്കാം എന്ന സമത്വത്തിലെത്തി. ഇവിടെ സ്വതന്ത്ര ഇന്ത്യയുടെ സ്ത്രീ സ്വാതന്ത്ര്യം എവിടെ? അവള്‍ക്കു മാത്രം സ്വാതന്ത്ര്യ ദിനം എന്നൊന്ന് വേണ്ട എന്നാണോ 

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ആരോ പറഞ്ഞ ഈ കവിത  ഞാന്‍ കടമെടുക്കട്ടെ

ഒരു പക്ഷെ ഇന്ത്യ ഒരു പിറന്നാള്‍സമ്മാനമാകാം
ആര്‍ ആര്‍ക്കുവേണ്ടി അയച്ചുവെന്ന ചോദ്യത്തിനര്‍ത്ഥമില്ല
നക്ഷത്രഖചിതമായ ഈ സമ്മാനപ്പൊതിയുടെ
ഒരു പാതി നിഗൂഢത
മറുപാതിയില്‍ മലകളുംനദികളും പാടങ്ങളുംവനങ്ങളും
ആപ്പിള്‍ത്തോട്ടങ്ങളുംകേരനിരകളും അമ്പലവുംപള്ളിയും
ചോരയുംകണ്ണീരും തേനുംവീഞ്ഞും
ഇന്നലെയുടെ ഖേദവും നാളെയുടെ പ്രത്യാശയും
ഉണങ്ങിയ മുറിവുകളും സ്ഖലിക്കുന്ന കലകളും.

സമ്മാനപ്പൊതി അഴിക്കുമ്പോള്‍ സൂക്ഷിക്കുക
ബ്ളേഡിന്‍റെ സഥാനത്ത് വിരല്‍ ഉപയോഗിക്കുക
പുല്ലിന് അവകാശപ്പെട്ടത് പുല്ലിന് കൊടുക്കുക
പക്ഷിക്ക് അവകാശപ്പെട്ടത് പക്ഷിക്ക് കൊടുക്കുക
പുഴയ്ക്ക് അവകാശപ്പെട്ടത് പുഴയ്ക്ക് കൊടുക്കുക
വിയര്‍പ്പിന് അവകാശപ്പെട്ടത് വിയര്‍പ്പിന് കൊടുക്കുക

മുക്തിയുടെ കല തെരുവില്‍
ഭാരം ചുമക്കുന്നവരുമായ് പങ്കിടുക
അസ്ഥികള്‍ പരുത്തിപ്പാടങ്ങളോട്
പറയുന്ന കഥ കേള്‍ക്കുക
മുട്ടകള്‍ ഏടുത്തുടച്ചുകളയുവാന്‍
ഈ സ്വര്‍ണ്ണപ്പക്ഷിയുടെ വയര്‍ കീറുന്നതെന്തിന്
ചോരയ്ക്ക് അവകാശപ്പെട്ടത് ചോരയ്ക്ക് കൊടുക്കുക
ഹൃദയത്തിനുള്ളത് ഹൃദയത്തിനും

പിറന്നാളിന് നീ ഇന്ത്യയുടെ ശിരസ്സില്‍
ബോംബിനുപകരം ഒരു പാരിജാതമെറിയുമൊ
തഴമ്പ് കെട്ടിയ ആ ശ്രീപാദങ്ങള്‍
ഞാന്‍ കഴുകി വൃത്തിയാക്കും
ഒരു കിണ്ടി ഗംഗാജലംകൊണ്ട്
വന്ദേ ..മാതരം 

4 comments:

  1. അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കരുത് കേട്ടോ!

    ReplyDelete
    Replies
    1. ഉത്തരങ്ങൾ അസ്വസ്ഥം ആക്കാതിരുന്നാൽ നന്ന്

      Delete
  2. ശുഭാപ്തി വിശ്വാസം നാം കൈവെടിയേണ്ടതില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവ്യവസ്ഥിതിയാണ് നമ്മുടേത്. ഏറ്റവും നല്ല ഭൗമസ്രോതസ്സുകളും,മനുഷ്യവിഭവശേഷിയും നമുക്കുണ്ട്. എന്നാൽ അഴിമതിയും, സ്വജനപക്ഷപാതവും കൈമുതലാക്കിയ രാഷ്ടീയ ശക്തികളും,ഉദ്യോഗസ്ഥ മേധാവിത്വവുമാണ് നമ്മുടെ നാടിന്റെ തീരാശാപങ്ങൾ. ഇവ രണ്ടിനേയും തിരുത്തി നേർവഴിക്ക് നടത്തുമ്പോൾ മറ്റ് നന്മകൾ താനേ വന്നുകൊള്ളും.....

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?