Saturday, February 9, 2013

ഋതുമതി

" എന്നിലെ തുളസിക്കതിര്‍ നൈര്‍മ്മല്യവും കാച്ചെണ്ണയുടെ സുഗന്ധവും മാഞ്ഞിരിക്കുന്നു ..സുധിയെട്ടന്‍ ..വന്നത് വെറുതെയാണ് ...എനിക്കിപ്പോള്‍ ഈ നഗരത്തിന്‍റെ മണമാണ് "
" ഉപേക്ഷിച്ചു കൂടെ നിനക്കീ ഭ്രാന്ത് ..എവിടെ തുടങ്ങിയോ അവിടെ ഉപേക്ഷിച്ചേ മതിയാവൂ നിനക്കെല്ലാം ...കുറച്ചു നാഗരികത വാരി പൂശി നീ വിശുദ്ധി കളയരുത് ..നിര്‍ത്തി മടങ്ങ്‌ "

എരിയുന്ന സിഗരറ്റ് അവള്‍ ആഞ്ഞു വലിച്ചു.

"Life should go on...till I see the end"
" സ്വയം മറക്കാന്‍ എന്തിനാ ഈ പ്രഹസനം? നിനക്ക് മറക്കാന്‍ ആവുമോ  നമ്മുടെ കാവും കുളക്കടവും ഈ സുധിയേട്ടനും ഒക്കെ ചേര്‍ന്ന ആ പഴയ കാലം "

"ഏതു കാവ് ? എന്ത് കുളക്കടവ് ? ..ഹ ഹ ..ഒക്കെ ഒരു പഴയ ജന്മം ..ഇതെന്റെ പുതു ജന്മം ...പാഴ്ക്കിനാവുകളെല്ലാം ഭാണ്ഡത്തിലാക്കി ഒരു യാത്ര പുറപ്പെട്ടുവല്ലോ ഞാന്‍ ..അന്നുപേക്ഷിച്ചതാ എല്ലാം "

" പുച്ഛം തോന്നുന്നു ..നിന്നെ തേടിയൊരു യാത്ര ....അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു ...എന്നെ കാണുമ്പോള്‍ എന്‍റെ മാളു ആയി നീ എന്‍റെ കൂടെ വരുമെന്നു പ്രതീക്ഷിച്ച ഞാന വിഡ്ഢി. "
എന്തൊക്കെയോ പുലമ്പി അയാള്‍ ഇറങ്ങി.

പുകയ്ക്കുള്ളിലൂടെ അവള്‍ തന്‍റെ ജീവിത പുസ്തകം മറിച്ചു ..ഓരോ താളുകളായി

-------------------------------------------------------------------------------------------------------

തിരുവിതാംകൂര്‍ ഭാഗത്തെ ഹൈന്ദവ കുടുംബങ്ങളില്‍ നില നിന്ന് പോന്ന ഒരു ആചാരമായിരുന്നു മുറപ്പെണ്ണ്‍ കല്യാണം ..സുധിയെട്ടനെക്കാള്‍ രണ്ടു വയസ്സിനു ഇളയതായി ഞാന്‍ പിറന്നപ്പോള്‍ വീട്ടുകാര്‍ ഉറപ്പിച്ചു "ഇവള്‍ ഇവന് "
ബാല്യ കൌമാരത്തില്‍ ഉടനീളം സുധിയേട്ടന്റെ ആധികാരികത വളര്‍ന്നു വന്നു ..ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസവും.

"ആരോട് ചോയിച്ചിട്ടാ അമ്മ സുധിയേട്ടന് എന്നെ കല്യാണം കഴിച്ചു കൊടുക്കാന്ന് പറഞ്ഞെ? "
" ഇതാപ്പോ നന്നായെ ..ഹ ഹ ..അതൊക്കെ വലിയ കുട്ടി ആകുമ്പോള്‍ മനസ്സിലാവും ട്ടോ എന്‍റെ മാളൂന് .."
 അമ്മ ഒന്ന് തലോടി ......ദേഷ്യമായിരുന്നു .. ..അമ്മയോടും അമ്മാമയോടും എല്ലാം ..പക്ഷെ പത്തു വയസ്സുകാരിയുടെ ദേഷ്യത്തിന് സുധിയേട്ടന്‍ നല്‍കിയ ഒരു മാമ്പഴത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

പതിമൂന്നാം വയസ്സിലാണ് അത് സംഭവിച്ചത് ...വെള്ള നിറത്തില്‍ പച്ച പൂക്കളുള്ള ഉടുപ്പായിരുന്നു ഇട്ടിരുന്നത് ..അതില്‍ അവിടവിടെ ചുവന്ന വലിയ പൂക്കള്‍ ...ആദ്യമൊരു കൌതുകമായിരുന്നു ..പൂക്കള്‍ വലുതായി വന്നു ..പച്ചപൂക്കളെയും മുക്കി അതൊരു പ്രളയമായി ....കാലിലൊരു നനവും ....
ഒരു അലര്‍ച്ച ആയിരുന്നു

" അമ്മേ .....ചോര ...ഓടി വായോ ..."

അച്ചപ്പം നെയ്യപ്പം ..പക്കാവട ..പലഹാരങ്ങള്‍ പലതരം ...പലതരം പായസങ്ങള്‍ ..വീട് നിറയെ മധുരം ..അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ നിന്നും ഒരുപാട് ബന്ധുക്കള്‍ വന്നു ..സമ്മാനങ്ങള്‍ ..തുണികള്‍ ...സ്വര്‍ണ്ണം ...അങ്ങനെ പലതും

കുളിക്കാന്‍ ചീത്ത പറയുന്ന അമ്മ അന്ന് എണ്ണയൊക്കെ തേച്ചു തന്നു  ..കുറെ സ്ത്രീകള്‍ കൂടി പുഴയില്‍ കൊണ്ട് പോയി ...ഞാന്‍ മുങ്ങിയപ്പോള്‍ ആരൊക്കെയോ കുരവയിട്ടു ....പുരുഷന്മാര്‍ ആരും തന്നെ അവിടേക്ക് വന്നില്ല .. ഇന്ന് കല്യാണം  ആണോ എന്ന് ഞാന്‍ സംശയിച്ചു.അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു .

" നീ ഇപ്പോള്‍ വലിയ പെണ്ണായി കേട്ടോ ..ഇനി പഴയത് പോലെ കളിക്കാന്‍ ഒന്നും പോകരുത് ..ചെക്കന്മാരുമായൊന്നും അധികം ചങ്ങാത്തം വേണ്ട ..."

ചിറ്റയാണ്...എന്‍റെ ജീവിതത്തിലെ  ആദ്യ വിലക്ക്.

എല്ലാവരും പോയപ്പോള്‍ അമ്മ എനിക്കൊരു മുറി തന്നു..അന്ന് വരെ ആ മുറി എനിക്ക് സന്തോഷം നല്‍കിയിരുന്നുവെങ്കിലും പതിമൂന്നു വയസ്സിനു ശേഷം ഞാന്‍ ആ മുറിയെ സ്നേഹിച്ചിട്ടില്ല ....അതില്‍ മുന്‍പുണ്ടായിരുന്ന ഒന്നും ഇല്ല ..ഒരു പായയും പുതപ്പും ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും മാത്രം ...ആ മുറിയില്‍ എനിക്ക് ഒരുപാട് വിലക്കുകള്‍  ഉണ്ടായിരുന്നു ...അന്ന് ഞാന്‍ തിരിച്ചറിഞ്ഞു ജീവിതത്തില്‍ ഒരുപാട് കാലം ഞാന്‍ ഈ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഉള്ളതാണ് ..
ഞാന്‍ ഋതുമതിയായിരിക്കുന്നു ...എന്‍റെ ജീവിതത്തിലെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കുന്നു..ഇനി ശിക്ഷ തുടങ്ങി ..വിലക്കുകളും

സുധിയുടെ പെണ്ണ് എന്ന നിലയില്‍ അമ്മാമയില്‍ നിന്നും ...ഭാര്യ ആകേണ്ടവള്‍ എന്ന നിലയില്‍ സുധിയേട്ടനില്‍ നിന്നും ഒരുപാട് അനുഭവിച്ചു....
പെണ്ണ് എന്നാല്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു കേവല അടിമ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. തുളസിക്കതിരിനെയും കാച്ചെണ്ണ മണവും ഞാന്‍ വെറുത്തു...ഇടവഴികളില്‍ എന്നെ രസിപ്പിച്ചു കൊണ്ടിരുന്ന ബാല്യം പേക്കിനാവുകളില്‍ എന്നെ നോക്കി കൊഞ്ഞനം കാട്ടി.....രക്ഷപെട്ടേ മതിയാവൂ എന്ന് മനസ്സ് പറഞ്ഞു.

" ഇവിടെ നിന്ന് പഠിച്ച പഠിപ്പൊക്കെ മതി ..ബാക്കി എന്താച്ചാല് സുധി പഠിപ്പിക്കും "  അച്ഛന്‍ കയ്യൊഴിഞ്ഞു

" എന്‍റെ പിള്ളേരെ പെറാന്‍ നിനക്കെന്തിനാടീ ഡിഗ്രി ? ചെലവിനു തരാന്‍ എനിക്ക് കഴിവ് ഉണ്ട് " സുധിയേട്ടനും അന്ത്യവിധി എഴുതി. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു ..ഒരു ഉറച്ച തീരുമാനം
---------------------------------------------------------------------------------------------------------

" ഒളിച്ചോടാന്‍ അവള്‍ക്കു വല്ല രഹസ്യക്കാരനും ഉണ്ടാവണ്ടേ ? അങ്ങനെ ആരും ഇല്ല്യാര്‍ന്നു അല്ലെ സുധീ .."

" അവനതു എങ്ങനെ അറിയുമെന്നാ ശങ്കരമാമ പറയുന്നത്? കൂടെ കളിച്ചു വളര്‍ന്നതാവാം....പക്ഷെ ആ പത്രാസുകാരിക്ക് സുധിയെ പുച്ഛം ആയിരുന്നുവല്ലോ "

" ഒരു പെണ്‍കുട്ടി വീട് വിട്ടു ഓടി പോവാ ...ലോകത്ത് നടക്കേണ കാര്യാണോ ന്‍റെ കൃഷ്ണാ "

ദിവസങ്ങള്‍ കഴിയവേ അവര്‍ മറന്നു മാളുവിനെ ..
-------------------------------------------------------------------------------------------------------

ചെവിയില്‍ പാട്ട് അല്പം താളം മാറിയത് പോലെ ..ഒന്നുണര്ന്നിരുന്നു....കയ്യിലെ സിഗരറ്റ്  എരിഞ്ഞു തീരാറായിരിക്കുന്നു.....ചുറ്റും പുക മാത്രം ...അവള്‍ ഇട്ടിരുന്ന വെളുത്ത ജീന്‍സിലേക്ക് നോക്കി ...അവിടെ ചുവന്ന പൂക്കള്‍ വലുതായിക്കൊണ്ടിരിക്കുന്നു ....

അമ്മേ എന്ന വിളി കാലങ്ങള്‍ക്കപ്പുറം തൊണ്ടയില്‍ ഞെരിഞ്ഞമര്‍ന്നു ....അവള്‍    വീണ്ടും അറിഞ്ഞു ...താന്‍ ഋതുമതി ആണെന്ന സത്യം

ഋതു മാറി വരും ..ഋതുമതി ...തുടരും
30 comments:

 1. എന്നാലും ഒളിച്ചോടേണ്ടായിരുന്നു

  ReplyDelete
  Replies
  1. എന്തായാലും ഓടി ..ഇനി എന്ത് പറഞ്ഞിട്ടെന്താ

   Delete
 2. ദീപേച്ചി നല്ല കഥ .. എന്തിനാ ഒളിചോടിയെ .. ഹഹഹ വേണ്ടായിരുന്നു .. സുധിയെട്ടന്റെ കുഞ്ഞുങ്ങലേം നോക്കി ഇരിക്കാരുന്നു അതല്ലേ ഇതിലും രസം

  ReplyDelete
  Replies
  1. ഹ ഹ ..ഓടിയില്ലേ ....ബാക്കി വരുന്നിടത്ത് കാണാം

   Delete
 3. നല്ല രചന രീതി ,,,,കൂടുതല്‍ ശ്രദ്ധിക്കേണ്ട അവതരണം,,,ഒരു പെണ്ണിന്റെ അടിമത്തത്തിനെതിരെയുള്ള വാക്ക് ,,,,,,,,നന്നായി ,,കൂടുതല്‍ എഴുതാന്‍ കഴിയട്ടെ

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ ..വന്നതിനും അഭിപ്രായത്തിനും

   Delete
 4. Olichu odana neram a piller nokaairnu...
  Nicly presented....
  congrats... aathira..

  ReplyDelete
 5. നന്നായി എഴുതിട്ടോ.. ആശംസകള്‍

  ReplyDelete
 6. പ്രകൃതി പ്രകൃത്യാ തരുന്ന പല ജൈവ പ്രത്യേകതകളും അതേപടി പാലിച്ചുകൊള്ളണമെന്നു പ്രകൃതി ഒരിക്കലും ശഠിക്കാറില്ല. അഥവാ അതിനു ചേര്‍ന്നതല്ലെങ്കില്‍ അതും പ്രകൃത്യാ സമ്മാനിച്ചത്‌ തന്നെ. സമൂഹവും ആചാരങ്ങളും അതിന്റെ ഉത്തരവാദിത്വം ഏറ്റടുത്തു തുടങ്ങിയാല്‍ സ്വാതന്ത്ര്യം വെറും പ്രസഹനം മാത്രം. ഋതുക്കള്‍ നിന്നോട് ചേരും വരെ നീ ഋതുമതി ആയി ഇരിക്കുക. നന്നായി ഡിപ്പു :)

  ReplyDelete
 7. എഴുത്ത് ലളിതവും ഹൃദമായതും.ആശംസകള്‍

  ReplyDelete
 8. hi deepa mehta...nannayitundu. nalla avatharanam, ezhuthiya shailiyum nannayi...team hridyam..congratzzzz...

  ReplyDelete
 9. നന്നായിരിക്കുന്നു ദീപ....
  പലരും, പ്രത്യേകിച്ച് വനിത എഴുത്തുകാര്‍ എഴുതുവാന്‍ മടിക്കുന്ന എന്നാല്‍ ശക്തമായ, സമൂഹത്തിനു നേരയുള്ള ഒരു ചോദ്യ ചിഹ്നമാണ് നിന്റെ ആശയങ്ങള്‍... ആറ്റിക്കുറുക്കി എഴുതിയാല്‍ ഇനിയും ഒരുപാട് മികച്ചതാക്കാന്‍ സാധിക്കുന്നതാണ് പക്ഷെ അത് നീ ശ്രദ്ധിക്കണമെന്ന് മാത്രം. ആശംസകളോടെ....

  ReplyDelete
  Replies
  1. ആറ്റാം ..കുറുക്കാം ..നന്ദി

   Delete
 10. എന്തിനാ വേഗം നിര്‍ത്തിയേ ? അവളെ ഒരുത്തന്റെ കൈപിടിച്ച് കൊടുത്തിട്ട് നിര്‍ത്തിയാല്‍ മതിയാരുന്നല്ലോ ? ഇതിപ്പോ ഋതുമതിയായ ഒരു പെണ്ണിനെ കയ്യിലൊരു സിഗരറ്റും കൊടുത്തു തനിച്ചങ്ങു മേയാന്‍ വിട്ട പോലെ ആയി ..

  ReplyDelete
  Replies
  1. അവള് മേയട്ടെ ..നമുക്കെന്നാ ഹി ഹി

   Delete
 11. വളരെ നന്നായിട്ടുണ്ട് .........
  ആശംസകള്‍

  ReplyDelete
 12. വളരെ നന്നായിട്ടുണ്ട്.. ശരിക്കും പിടിച്ചിരുത്തുന്ന അവതരണം.. നല്ല കഥ.. പക്ഷെ അവസാനം ഒരു വ്യക്തത വരുത്താമായിരുന്നു, ആ വ്യക്തതയില്ലായ്മ തന്നെയാണ് അതിന്‍റെ സുഖം, എന്നാലും...
  :)

  ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?