Tuesday, December 13, 2011

ഞാന്‍

ആത്മ ദുഖാഗ്നി ഉരുകിയോലിച്ചൊരു
ലാവ പോല്‍ മിഴിയില്‍ നിന്നും ....
ചെന്നിണത്തേക്കാള്‍ കഠിനമായോരോ
തുള്ളികള്‍ കവിളിലൂടെ ഒഴുകി  എന്‍ 
അധരത്തില്‍ മൃത്യു വരിച്ചപ്പോളും
ഞാന്‍ എന്നിലെ എന്നെ മറന്നൊരിക്കല്‍
സ്വപ്ന നൌകയിലെ കൊടും കാറ്റും മഴയും
സ്വായത്തമാക്കി ആ യാത്ര പോയതോ....
മാതൃ ഹൃദയത്തിലുരുകിയ നിണത്തിന്റെ
ചൂടും മനസിന്റെ നൊമ്പരച്ചിന്തും
അറിഞ്ഞില്ലന്ന് നടിച്ചതിന്‍ ശിക്ഷയോ...
ഒടുവിലാ കൊടിയ വിഷം നിറഞ്ഞ
കുപ്പിയും അധരത്തില്‍ മന്ദസ്മിതവുമായി
യാത്ര ചോദിക്കാനൊരുങ്ങവേ സ്വയം
ദേഹി ദേഹ സംവാദം പോലെ
ഞാന്‍ ആരെന്നു അറിയാനൊരു മടക്ക യാത്ര
ജന്മത്തിനും മരണത്തിനും ഇടക്കുള്ള
ജീവിതം എന്തെന്ന് അറിയാനുള്ള യാത്ര
ആര്‍ക്കായി...എന്തിനായ്...എവിടെക്കായി...
ആര് ഞാന്‍ ഈ മനുജനായ് ഭൂവില്‍
കേവലം ഒരു ഭ്രൂണമായി വന്നൊരു
വിഷ പാത്രത്തില്‍ ഹോമിക്കപെട്ട അഭയാത്രി
ആരോ വലിച്ചെറിഞ്ഞ പഴകിയ ഭക്ഷണം
ആര്‍ത്തിയോടെ വാരിക്കഴിച്ചാ..
വിഷവും കുടിച്ചപ്പോള്‍ ഓര്‍ത്തു ഞാന്‍
ആ വിഷ പാത്രം എനിക്കേകിയ എന്റെ
രക്തബീജത്തില്‍ ഉണ്ടായ മകനെ....
അവനിലൂടെ ഈ എന്നെയും....

Saturday, December 3, 2011

എന്നെ കാത്തിരുന്ന പ്രണയത്തിനായി

ഇതെന്‍റെ പ്രണയം...നിലാവിനോടുള്ള പ്രണയം
ജീവനോടുള്ള പ്രണയം...ജീവിതത്തോടുള്ള പ്രണയം
ആവശ്യമായത്....അല്ലെങ്കില്‍ നേടിയെടുത്തത്
എന്തിനെന്നോ ആര്‍ക്കെന്നോ... ആര്‍ക്കു അറിയാനാകും?
എനിക്ക് നിന്നെയോ ഇഷ്ടം നിന്റെ ഇഷ്ടങ്ങളെയോ ഇഷ്ടം?
നിന്റെ അക്ഷരങ്ങളില്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന എന്താണ്?
അവിടെ നീയെഴുതുന്ന പച്ചയായ രതിയും പ്രണയവും
ഒരാള്‍ക്കുമില്ലാത്ത ധൈര്യവും ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞു
അന്ന് നിയെന്നെ കടന്നു പിടിച്ചു എന്‍റെ ചുവന്ന ചുണ്ടുകള്‍
ഞാന്‍ പ്രതീക്ഷിച്ചതിലും വേഗം കടിച്ചു മുറിച്ചു
അന്നതില്‍ ഒഴുകിയത് നിണം അല്ലായിരുന്നു മറിച്ച്
എന്‍റെ ജീവിതത്തിന്റെ നിശബ്ദ രാഗമായിരുന്നു
അതിലെ താളവും രാഗവുമെല്ലാം നീയായി  മാറുകയായിരുന്നു
നീയറിയാതെ എന്നില്‍ നീ ഒഴുക്കി പ്രണയത്തിന്റെ കുളിര്‍ മഴ
അത് ഞാന്‍ ആവോളം നനഞ്ഞു ...ഒരുപാട് നേരം
പക്ഷെ അവക്കെന്നിലെ ലാവയെ തണുപ്പിക്കാന്‍ ആകുന്നില്ലലോ
അത് എന്‍റെ ഹൃദയത്തില്‍ പുകയുകയാണല്ലോ
ഒടുവില്‍ അത് ഉരുകി ഒഴുകുമോ? നിന്നിലെക്കും
നീ അലിഞ്ഞു ഇല്ലാതെയാകുമോ? ...എനിക്കാവുമോ?
നീയില്ലതൊരു ലോകം ഈ ഞാന്‍ എങ്ങനെ?
പ്രണയം എന്നതോ ഇത് വെറുമൊരു മിഥ്യയോ?
ഒരു ശിലയെങ്കില്‍ നീയൊരു ശില്പിയാകാന്‍ കൊതിച്ചേനെ ഞാന്‍
നിന്റെ കരളാലനങ്ങള്‍ എല്ക്കുവാനെങ്കിലും
ഒരു പൂവെങ്കില്‍ നിയെന്നെ ഒരു കാറ്റായി ഉമ്മ വെക്കുമായിരിക്കാം
ഇന്ന് ഞാനൊരു സ്ത്രീ അല്ലെ? നിനക്കെന്നില്‍ എത്താന്‍  ആകില്ലല്ലോ
എന്നെ പുണരാന്‍ ..എന്നിലെ ഒരിക്കലുമറിയാത്ത പ്രണയം
നുകര്‍ന്ന് ഉറങ്ങുവാന്‍ ...ഒടുവില്‍ ഈ നിശ അസ്തമിക്കുമ്പോള്‍
എല്ലാമൊരു സ്വപ്നമായി മറക്കുവാന്‍ ...ഒരിക്കലുമാകില്ല
പ്രണയമേ നിനക്കെന്നെ കുടിച്ചു ഇറക്കുവാനാകില്ല
കാരണം ഞാന്‍ കയ്പ്പ് നീരാണ് ..നിനക്കുള്ളതല്ല ഞാന്‍
കേവലമൊരു ജന്മമായി പിറന്നോടുവില്‍ അഗ്നിയില്‍ ഹോമിക്കപെടേണ്ടവള്‍






Monday, November 28, 2011

ആത്മ സംവാദം

" ഞാന്‍ ദീപ. നീ ആരാണ്?"
" ഞാന്‍ നിന്‍റെ ആത്മാവ്."
"ആത്മാവോ? അതൊരു സങ്കല്‍പമല്ലേ? നീയെങ്ങനെ എന്‍റെ ആത്മാവാകും?"
"നീ ശ്വസിക്കുന്ന വായു സങ്കല്പമാണോ?"
"വായുവില്‍ ഒരുപാട് കാര്യങ്ങള്‍ ശാസ്ത്രം കണ്ടു പിടിച്ചതാണ്.ആത്മാവെന്നത് ആര് കണ്ടു?"
" തര്‍ക്കം പരിഹാരമാകില്ല.വരൂ നമുക്കൊരു യാത്ര പോകാം."
"എവിടേക്ക്?"
"വരൂ..."
"ഞാന്‍ വരുന്നില്ല..."
"നീ വരും...വരാതിരിക്കാന്‍ നിനക്കാവില്ല....നോക്ക് നമ്മള്‍ ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞു."
" നിനക്കെന്തു വേണം? നീയെന്നെ എവിടെക്കാണ്‌ കൊണ്ട് പോകുന്നത്? "
" നീ അവിടേക്ക് നോക്ക്...ഒരാള്‍ തിരക്കിട്ട് കുറെ കടലാസ്സുകള്‍ അടുക്കുന്നത് കണ്ടുവോ നീ?...അവരുടെ അരികിലേക്ക് പോകാം നമുക്ക്."
" നിങ്ങള്‍ എന്താണീ ചെയ്യുന്നത്? എന്താണീ കടലാസ്സുകള്‍?ഇവ നിങ്ങളെക്കാള്‍ ഉയരത്തില്‍ ഈ മുറിയും കവിഞ്ഞല്ലോ?"
"ഇവയെല്ലാം മനുഷ്യന്റെ തെറ്റുകളുടെ കണക്കുകളാണ്.ഇത് പോലെ അനേകായിരം ആളുകള്‍ അനേകായിരം മുറികളിലായ് ഇത് പോലെ കണക്കുകള്‍ നോക്കുകയാണ്.എന്നെ ശല്യപെടുതാതെ  ഇരിക്ക്.ഇന്ന് ഞാന്‍ തിരക്കിലാണ്."
" വരൂ..നമുക്ക് അടുത്ത ആളിന്റെ അടുത്തേക്ക് പോകാം."
"ഹേ ....താങ്കളെന്താ ഉറങ്ങുകയാണോ?ഒരാളവിടെ കഷ്ടപെടുമ്പോള്‍ ഉറങ്ങുവാന്‍ തനിക്കെങ്ങനെ കഴിയുന്നു?"

" ഹ ഹ കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് അവനെക്കാള്‍ തിരക്കിലായിരുന്നു ഞാന്‍.സത്യത്തിന്റെയും നേരിന്റെയും കണക്കെടുപ്പുകാരനാണ് ഞാന്‍..ഇന്ന് ഞാന്‍ വിശ്രമിക്കട്ടെ.."
" അയാള്‍ വീണ്ടും ഉറങ്ങുന്നുവോ?.."
"ഇനിയും ഉണ്ട് കാഴ്ച്ചകള്‍ ...മുന്നോട്ടു നടക്കു.."
" ഒരു മുറി ആണല്ലോ ഇതും...പക്ഷെ ഒരുപാട് ആളുകള്‍.പലരുടെയും മുന്‍പില്‍ പലതരം കടലാസ്സുകള്‍.അവയില്‍ വലിപ്പം കൂടിയ കെട്ടുകളും വലിപ്പം കുറഞ്ഞവയും.......ഇതെന്താണ്? "
"വരൂ...നമുക്ക് അവരോടു ചോദിക്കാം..."
"ഇതെല്ലാം അപേക്ഷകളാണ്..ഭൂമിയില്‍ നിന്നുള്ള അപേക്ഷകള്‍.."
"എന്തിനു?"
"ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പെടുതാതിരിക്കുവാനുള്ള ഉറ്റവരുടെ അപേക്ഷകള്‍..."
'പക്ഷെ......" 
"നിന്റെ സംശയം ശരിയാണ്...ഇത് നിന്റെ പേരിലുള്ള അപേക്ഷകളാണ്.." 
" അപ്പോള്‍ ഞാനും...?എന്റെ കൂടെ വന്ന ആത്മാവ് എവിടെ?...ഞാന്‍ ഇപ്പോള്‍ എവിടെയാണ്..?"
നെടുവീര്‍പ്പോടെ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു പ്രാര്‍ത്ഥനകള്‍ക്കു ഒടുവില്‍ ചേതനയറ്റ ജഡം അഗ്നിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നവരെ....

ഒരു കടലാസ്സു കൂമ്പാരം കണക്കു ഒതുക്കി അയാള്‍ വീണ്ടും അടുത്ത കെട്ട് എടുത്തു

Thursday, November 17, 2011

ഗംഗയുടെ ദുഃഖം

ഗംഗയുടെ ദുഃഖം ആര് അറിയുവാനാണ്?
രുദ്ര താണ്ടവമാടുന്ന സംഹാര മൂര്‍ത്തിയുടെ ജടയിലെ ഗംഗയാണു ഞാന്‍
മഹേശ്വര നീയെന്നെ അറിയാത്തതെന്തേ?
നിന്‍റെ  ജടയിലിരുന്ന എന്നെ നീ കാണാതെ പോയതോ?
അഗ്നിയായ് ജ്വലിച്ച നിന്‍റെ  ഉള്‍കണ്ണിനു കുളിര് പകര്‍ന്നവളല്ലേ  ഈ ഗംഗ
പാര്‍വതിയുമായ് നീ കൈലാസ ശ്രിംഗങ്ങളില്‍ കാമകേളിയാടുമ്പോള്‍ നിന്‍റെ ജടയില്‍ ഈ ഗംഗ ഉണ്ടായിരുന്നു
പലകുറി മഹേശനെ കാണുവാന്‍ മഹാവിഷ്ണുവും ലക്ഷ്മിയും വന്നപ്പോളും  ഈ ഗംഗയുടെ മനം നീറുകയായിരുന്നു
ഒടുവില്‍ മോഹിനിയായ് വന്ന വിഷ്ണുവിനെ കണ്ടു അവിടുന്ന് മോഹിച്ചപ്പോളും ഈ ഗംഗയെ അറിയാത്തതെന്തേ ശിവനെ?
ഗംഗക്കു കരയുവാനാവില്ലലോ  ...കണ്ണീരിവിടെ പ്രളയം തീര്‍ക്കുകില്ലേ?
നിനക്കായി ദേവാ ഈ ഗംഗ ഒഴുകാം......
എന്‍റെ കരച്ചില്‍  എന്‍   കണ്ഠത്തില്‍ ഒതുക്കി  
നിശബ്ദമായി ഒഴുകി ക്കൊള്ളാം ....
 ഒരിക്കലെങ്കിലും ഈ ഗംഗയുടെ  ദുഃഖം നീ അറിയുമോ മഹേശ്വര

Wednesday, November 16, 2011

ഇരുട്ട് (കവിത )

അരുണാഭമാര്‍ന്നോരീ  സന്ധ്യക്ക് ശേഷമീ
ഇരുളിന്‍റെ  തോഴിയാം രാവു വന്നു 
പകലിന്‍റെ സ്വപ്നം കവ൪ന്നെടുത്തിന്നു  നീ 
ഇരുളിന്‍റെ  രാവിനു കൂട്ട് നല്‍കി 
ഭീതിയാണെനിക്കീ   നിശബ്ദതയില്‍  ഉറങ്ങുവാന്‍ 
മാതാവ് ഉപേക്ഷിച്ചോരുണ്ണിയെപ്പോല്‍
അട്ടഹാസങ്ങളും ആര്‍ത്ത നാദങ്ങളും 
കര്‍ണ്ണ കഠോരമാംആക്രോശവും
ഭാന്തന്‍റെ  ജല്‍പനമെന്നോര്‍ത്തു നീ 
അവഗണനയോടെ തിരിഞ്ഞു നടക്കവേ 
അകലെയാ ഇടവഴികളില്‍ എവിടെയോ 
മാനത്തിനായ് കേണ നിന്‍റെ സഹോദരി 
വാരിപ്പിടിച്ച കീറിയ തുണിക്കഷണവും 
മിഴിനീരോഴുക്കി നനഞ്ഞ  തലയിണയും 
ഭീതി ജനിപ്പിക്കുന്നെന്നില്‍ സഹോദര 
നിന്നെയും ഈ രാവിനെയുമൊരുപോലെ

ഭീതിയാണെനിക്കീ   നിശബ്ദതയില്‍  ഉറങ്ങുവാന്‍ 
മാതാവ് ഉപേക്ഷിച്ചോരുണ്ണിയെപ്പോല്‍







Saturday, October 29, 2011

ആലിപ്പഴം

പ്രവാസ ജീവിതത്തില്‍ കടന്നു വന്ന വഴിപോക്കരില്‍ ഒരുവള്‍.പേര് ചോദിച്ചിട്ടില്ല. കാണുമ്പോള്‍ ഒരു പുഞ്ചിരി നല്‍കിയിരുന്നു.പിന്നീടു എപ്പോഴൊക്കെയോ കുശലം ചോദിയ്ക്കാന്‍ തുടങ്ങി.ഞാന്‍ ജോലിക്ക് പോകുന്ന സമയം അവള്‍ തിരിച്ചു വരുമായിരുന്നു.കൂടിക്കാഴ്ച നിമിഷങ്ങള്‍  മാത്രം. ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു 
" പേര്?" 
" ദീപ" 
പിന്നീടു ഒന്നും പറയാന്‍ സമയം അനുവദിക്കാത്തതിനാല്‍ ഞാന്‍ പോയി. 

                        അതിനു ശേഷമൊരു കൂടിക്കാഴ്ച ഒരുപാട് കാലം കഴിഞ്ഞായിരുന്നു.പ്രവാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്.ഒരു സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ പോലും പരസ്പരം അറിയില്ല.എന്റെ പേര് അറിയാമല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു. അന്വേഷികുമെന്നും പ്രതീക്ഷിച്ചു. 

                         ഞാന്‍ ആ മുഖം മറന്നു തുടങ്ങിയ ഒരു ദിവസം എന്നെ പ്രതീക്ഷിചെന്നോണം അവള്‍ വഴിയില്‍ കാത്തു നിന്നു.സാധാരണ ഉള്ള ജോലി വേഷത്തില്‍ ആയിരുന്നില്ല.പര്‍ദ്ദ ആയിരുന്നു വേഷം. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ആ മുഖത്തേക്ക് നോക്കി. എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു. 
" നാളെ ഞാന്‍ പോവുകയാണ്.ഒന്ന് കാണാന്‍ നിന്നതാണ്..ദീപയെ ഞാന്‍ മറക്കുകയില്ല."
" എവിടെ പോകുന്നു?" 
" ജോലി നിര്‍ത്തി പോകുന്നു." എന്ന് അവള്‍ പറഞ്ഞു 
" അതെന്താ?" 
ഒട്ടും പ്രസക്തിയില്ലാത്ത ചോദ്യമായി എനിക്ക് സ്വയം തോന്നി അത്.
മറുപടി നല്‍കാതെ അവള്‍ നടന്നു പോകുന്നു..ആ കണ്ണുകള്‍ ഒന്ന് നിറഞ്ഞുവോ? എന്നെ എന്തെ മറക്കില്ലന്നു പറഞ്ഞത്? കണ്ണുകള്‍ നിറഞ്ഞത്‌ എന്തിനായിരിക്കും? ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ തോന്നി.
പെട്ടന്ന് ഒരു ഉള്‍വിളി പോലെ ഞാന്‍ ചോദിച്ചു.
" ഹേയ്....... പേരെന്താ?"
" ഹിബ" അവള്‍ മറുപടി പറഞ്ഞു 
എന്നും മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി അപ്പോള്‍ ആ മുഖത്ത് ഉണ്ടായിരുന്നില്ല.

                        മാസങ്ങള്‍ കടന്നു പോയിരിക്കുന്നു.ഹിബയെ ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.കൂടെ ജോലി ചെയ്യുന്നവരോടൊക്കെ അവളെക്കുറിച്ച് ഞാന്‍ പറഞ്ഞു.ആരൊക്കെയോ പറഞ്ഞു അവള്‍ക്കു ആറ് മാസം പ്രായമുള്ള ഒരു കുട്ടി ഉണ്ടെന്നു.അതാണ്‌ ജോലി ഉപേക്ഷിച്ചു പോയതെന്ന്.എന്റെ വഴികളില്‍ കടന്നു വന്നു പോയ ഒരു സുഗന്ധമായ്‌  മാറി ഹിബ.

                       രഷ്മി ആണ് അത് വന്നു പറഞ്ഞത്. " ഹിബ ആത്മഹത്യ ചെയ്തു." എനിക്കത് ഉള്‍ക്കൊള്ളനായില്ല.ആറ് മാസം പ്രായമുള്ള കുഞ്ഞിനു ഇവിടെ നിന്നു പോയവള്‍ ആത്മഹത്യ ചെയ്യുകയോ?
മരിക്കും മുന്‍പേ അവള്‍ ഇവിടെ ഉള്ള ഒരു സുഹൃത്തിനു എസ് എം എസ്‌    ചെയ്തിരുന്നു.
 " ഞാന്‍ പോകുന്നു..കാപട്യമായ ഈ ലോകം വെടിഞ്ഞ്.അകലങ്ങളിലേക്ക്. എന്റെ കുഞ്ഞു പാവമാണ്. ഇടയ്ക്കു അന്വേഷിക്കണം. ഹിബ.." 
ഒരു പാര്‍ട്ടിയില്‍ ആയിരുന്ന സുഹൃത്ത്‌ തിരികെ വിളിക്കുമ്പോള്‍ ഹിബയുടെ ഫോണ്‍ ഓഫായിരുന്നു.

                        ഇന്ന് ഹിബ മരിച്ചിട്ട് ആറ് മാസങ്ങള്‍ ആയി.അന്വേഷണം പകുതി വഴിയില്‍ എവിടെയോ നിലച്ചു. ഹിബ ഇന്നൊരു ഓര്‍മ്മ മാത്രം തെളിയപ്പെടാത്ത കണക്കുകളില്‍ ഹിബയും. 

ഇന്ന് ഒരു മഴ പെയ്തു ..ഒരു വേനല്‍ മഴ ....എന്റെ ദേഹത്ത് വീണ ആലിപ്പഴങ്ങള്‍ താഴെ വീണു അലിഞ്ഞു ഇല്ലാതെയായി..ആ വഴിയിലൂടെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ഹിബയെ ഓര്‍ത്തു.ഇന്നും ഈ വഴിയില്‍ എവിടെയോ അവള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഒരു ചിരിയോടെ വന്നു കുശലം ചോദിയ്ക്കാന്‍....
അല്ലെങ്കില്‍ ആ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രയായത് എന്തിനെന്നു എന്നോട് പറയാന്‍ ........
ഹിബ നീ വരുമോ? 
അതോ ഈ വേനല്‍ മഴയില്‍ പൊഴിഞ്ഞ ആലിപ്പഴം പോലെ എവിടെ നിന്നോ വന്നു നീ അലിഞ്ഞു തീര്‍ന്നുവോ? 

Thursday, October 27, 2011

കണക്ക്

കണക്കുകളിലൂടെ ഒരു ജീവിതം 
മാസ കണക്കിലൂടെ  അമ്മ ജന്മമേകി 
വര്‍ഷ കണക്കില്‍ ഞാന്‍ വളര്‍ന്നു 
പഠനത്തില്‍ ഒരു അദ്ധ്യാപിക തന്നു കണക്ക്
മാര്‍ക്കെന്ന ഓമന പേരാം  കണക്ക് 
അയലത്തെ കൂട്ടുകാരി പിന്‍ തള്ളിയതും
ഉയരങ്ങള്‍ കീഴടക്കിയതും ഈ കണക്കിന്റെ 
അക്കങ്ങളുടെ വ്യത്യസ്തത കൊണ്ട് മാത്രം 
കാലമെന്ന കണക്ക് കടന്നു പോകവേ 
തിരികെ പലരും ചോദിച്ചു കണക്കുകള്‍ 
എണ്ണി നല്‍കിയ പണത്തിന്റെയും 
തഴുകി നല്‍കിയ സ്നേഹത്തിന്റെയും 
അമ്മയുടെ പത്തുമാസത്തെ കണക്കിന്റെ ഒടുവില്‍ 
പ്രസവ വേദനയുടെ തീവ്രതയുടെ കണക്ക് 
നല്‍കി തീര്‍ക്കാനാവാത്ത കണക്കുകള്‍ക്കിടയില്‍ 
മാസ ശമ്പളത്തിന്റെ തുച്ചമായ കണക്കും 
എണ്ണി തിട്ടപെടുത്തും മുന്‍പേ 
പലരായി പകുത്തെടുത്തു എന്റെ 
ജീവന്റെ കണക്ക് പുസ്തകം 
എണ്ണി തീര്‍ക്കുംതോറും ഏറി വരുന്ന 
ജീവിത പുസ്തകത്തിന്റെ  ഒടുവില്‍ 
ഞാനും ഒരു പക്ഷെ പറയും 
ഇന്ന് എഴുതിയ ഈ അക്ഷരങ്ങളുടെയും കണക്ക് 
എന്നും...എങ്ങും..കണക്കുകള്‍ മാത്രം