Wednesday, March 1, 2017

ബൈപ്പാസ്...പല വിധം

മുമ്പ് ഒരു പോസ്റ്റിൽ  ബൈപ്പാസ്  എന്ന ശസ്ത്രക്രിയയെക്കുറിച്ചും അതിനു ശേഷമുള്ള പരിചരണവും ഞാൻ പറഞ്ഞിരുന്നു.

ബൈപ്പാസ് രണ്ടു രീതിയിലാണ് പൊതുവെ നടത്തുന്നത് ...

ബീറ്റിങ് ഹാർട്ട് സർജറി

ഓപ്പൺ ഹാർട്ട് സർജറി

ഇത് തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്?

ബീറ്റിങ് ഹാർട്ട് എന്നാൽ പേര് പോലെ തന്നെ മിടിക്കുന്ന ഹൃദയം ആണ്. ഹൃദയം മിടിച്ചു  കൊണ്ടിരിക്കുമ്പോൾ എങ്ങനെ ആണ് ശസ്ത്രക്രിയ ചെയ്യുക എന്നത് പലരും എന്നോട് ചോദിച്ച ചോദ്യമാണ്. അതിനുള്ള ഉത്തരം കൂടെ ആണ് ഈ പോസ്റ്റ്


നമ്മുടെ ഹൃദയം ഇത് പോലെ ആണ് ചലിക്കുന്നത്. അതിൽ ഒരു ശസ്ത്രക്രിയ നടത്തുമ്പോൾ നടത്തേണ്ട ഭാഗം മാത്രം നിശ്ചലമാകുന്നു. ബാക്കി ഭാഗം ചലിച്ചു കൊണ്ടിരിക്കും


സാധാരണ ബൈപ്പാസ്  ശസ്ത്രക്രിയ നടത്തുമ്പോൾ ഹൃദയം നിശ്ചലമാക്കുകയും ശരീരത്തിലെ രക്തം മറ്റൊരു ഉപകരണത്തിലൂടെ കടത്തി ഓക്സിജൻ നൽകി മറ്റു ശരീരാവയവങ്ങൾക്ക് എത്തിക്കുക ആണ് പതിവ്. ഈ ഉപകരണത്തിന്റെ പേര് ഹാർട്ട് ലങ്ങ് മെഷീൻ എന്നാണ്( Heart Lung Machine )

ഇത് ഒരു ഹാർട്ട് ലങ്ങ് മെഷീൻ ആണ് ..ഇതു പോലെ  പല രീതിയിൽ ഉള്ളവ ഉണ്ടാവാം. പുതിയ പുതിയ രീതിയിലുള്ള ഹാർട്ട് ലങ്ങ് മെഷീൻ ഇപ്പൊ കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ബീറ്റിങ് ഹാർട്ട് സർജറിയിൽ ഈ മെഷീൻ ഉപയോഗിക്കുന്നില്ല. അതുകൊണ്ടു ഈ ശസ്ത്രക്രിയ ഓഫ് പമ്പ് സി എ ബി ജി( Off Pump CABG )എന്ന പേരിലും അറിയപ്പെടുന്നു

നമ്മുടെ ശരീരത്തിലെ മുഴുവൻ രക്തവും ഒരു മെഷീനിലൂടെ കടത്തി വിടുമ്പോൾ അത് കട്ട പിടിക്കുകയില്ലേ ?

ന്യായമായ സംശയമാണിത്. രക്തം കടന്നു പോകുന്ന ട്യൂബുകളിലൂടെ  ആദ്യമേ ഹെപ്പാരിൻ എന്നൊരു മരുന്ന് കടത്തി വിടുന്നു. ശസ്ത്രക്രിയ നടക്കുന്ന സമയത്തും രക്തം കട്ട പിടിക്കാതിരിക്കാൻ ഹെപ്പാരിൻ ഉപയോഗിക്കുന്നു. ഈ മരുന്ന് രക്തത്തെ കട്ട പിടിക്കാതെ  സഹായിക്കുന്ന ഒന്നാണ്.

രണ്ടു ശസ്ത്രക്രിയകളും നെഞ്ചു തുറന്നു തന്നെയാണ് ചെയ്യുന്നത്. നെഞ്ചിലെ അസ്ഥി മുറിക്കാതെ ചെയ്യുന്ന  ബൈപ്പാസും ഇന്നുണ്ട്. അതിൽ പെടുന്ന ഒന്നാണ് റോബോട്ട് ചെയ്യുന്ന ബൈപ്പാസ് ശസ്ത്രക്രിയ.






ഇതാണ് മുറിവുകൾ തമ്മിലുള്ള വ്യത്യാസം. ഇതിൽ ആദ്യം ഉള്ളത് സാധാരണ ശസ്ത്രക്രിയയും അടുത്തത് റോബോട്ട് ശസ്ത്രക്രിയയും ആണ്.
ആളുകൾ കൂടുതലും ആദ്യ രീതി അവലംബിക്കുന്നത് റോബോട്ട് ശസ്ത്രക്രിയ ചിലവേറിയ ഒന്നായതു കൊണ്ടാണ്.



ഇവിടെ ക്ലിക്ക് ചെയ്ത് വീഡിയോ കാണുന്നത് വഴി നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും



NB: ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ 

Sunday, October 16, 2016

കായം

കായം ( Asafoetida)  എന്താണിത്? 

കായം ( Asafoetida)  എന്നത് മലയാളികളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകം ആണ്. ഇതെന്താണ് എന്ന് പലർക്കും അറിയുകയില്ല. എങ്കിലും നമ്മുടെ  ഭക്ഷണ പൈതൃകത്തിൽ വലിയൊരു പങ്കു വഹിക്കുന്ന ഒന്നാണ് കായം 
Image result for asafoetida


ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം.
പൊടിരൂപത്തിൽ ഇപ്പോൾ സുപരിചിതമായ ഇതിന്റെ  ഖര രൂപം വിപണയിൽ ഉണ്ടെന്നുതന്നെ അറിവില്ലാത്തവർ നമുക്കിടയിലുണ്ട്.
ഇതാണ് കായത്തിന്റെ ഖര രൂപം
Image result for asafoetida


അനാകർഷകമായ നിറം ചവർപ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ചെകുത്താന്റെ കാഷ്ഠം
എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത്.

ഇനി ഇതെവിടുന്നു വരുന്നു? എങ്ങനെയാണ് നമുക്ക് കായം ഈ രൂപത്തിൽ ലഭിക്കുന്നത് എന്നറിയണ്ടേ?

ഒരു ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട്.
Image result for asafoetida

ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്‌. ചെടി പൂക്കുന്ന സമയമായ മാർച്ച്‌ -ഏപ്രിൽ സമയത്ത് വേരുകളുടെ   അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും . നാലോ അഞ്ചോ വര്ഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത് .മുറിച്ചെടുത്ത വേരിന്റെ അഗ്രഭാഗത്ത്‌ നിന്നും വെളുത്ത നിറമുള്ള കറ ഊറി വരും.കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട് .പുറത്തു വരുന്ന ഈ കറ ചുരണ്ടിയെടുത്ത് വീണ്ടും അഗ്രഭാഗം മുറിച്ചു മറ്റൊരു മുറിവുണ്ടാക്കും .ഇങ്ങനെ മൂന്നു മാസം വരെ കറയെടുക്കാം . കറയൊലിപ്പ് നിൽക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം.

ഉപയോഗങ്ങൾ 


നമ്മുടെ ദഹനത്തിനെ  കാര്യമായി ബാധിക്കുന്ന ചില വിഷവസ്തുക്കളെ  പുറംതള്ളുവാൻ കായം സഹായിക്കുന്നു.

ആസ്ത് മ പോലെയുള്ള ശ്വാസകോശ രോഗങ്ങളെ തടയാൻ  സഹായിക്കുന്നു 

ഒരു ഗ്ലാസ് ചൂടു വെള്ളത്തിന്റെ കൂടെ  കായം കഴിക്കുന്നത് വിരശല്യം ഒഴിവാക്കാൻ നല്ലതാണ് 

 രക്തയോട്ടവും ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനും കായം പ്രധാന പങ്കു വഹിക്കുന്നു 
പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു 

ശരീരം കൂടുതൽ സുന്ദരമാക്കുന്നതിനും വെളുക്കുന്നതിനും ഉത്തമഉപാധിയാണിത്.ശരീരത്തിലെ കറുത്തപുള്ളികൾ മാറുന്നതിനായി ഉടച്ചെടുത്ത തക്കാളിയും അല്പം കായവും പഞ്ചസാരയും ചേർത്ത് പുരട്ടിയാൽ മതി 

സ്ഥിരമായ ഉപയോഗം മുറിവ് ഉണങ്ങാനും പൊള്ളൽ പോലെയുള്ള വേദന കുറക്കാനും സഹായിക്കുന്നു 

ഗ്യാസ് മൂലമുണ്ടാകുന്ന വയറുവേദനക്കുള്ള ഉത്തമ പ്രതിവിധിയാണ് കായം 

കൊളെസ്ട്രോൾ കുറക്കുകവഴി ഹൃദയരോഗം കുറക്കാനും സഹായിക്കുന്നു 

ചരിത്രം

ഭാരതത്തിൽ പണ്ടുകാലം മുതൽ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യൻ ഡോക്ടർമാരാണ്‌ കായത്തിനെ ലോകത്തിൽ പ്രസിദ്ധരാക്കിയത്


കടപ്പാട് : ഗൂഗിൾ 

Friday, June 10, 2016

ഒരു പ്രണയ സംഭാഷണ ശകലം

  : എനിക്കൊരു പ്രണയം ...

: നീ പ്രണയിക്കെടോ

:അവന്‍ എന്നെ കെട്ടിപ്പിടിച്ചാല്‍? 

: അത് നോക്കിയിട്ട് മതി 

:നോക്കി ...കുഴപ്പം തോന്നിയില്ല 

: തടിക്കു കേടു തട്ടുന്നതിന് നില്‍ക്കരുത് 

:ഗര്‍ഭം ഉണ്ടാവില്ല ...ബാക്കി കുഴപ്പം ഇല്ലാലോ 

:പിന്നെ ആലോചിക്കുമ്പോള്‍ കുറ്റബോധം ഉണ്ടാവാന്‍ പാടില്ല അത്ര തന്നെ 

:ലൈംഗികത ആസ്വദിക്കാന്‍ ഉള്ളതല്ലേ? കട്ടു തിന്നാല്‍ രുചിയും കൂടും 

:ആ ലെവലില്‍ ചിന്തിച്ചാല്‍ ഓക്കേ ..സമൂഹത്തെ ഒളിപ്പിക്കണം 

:ആരാ സമൂഹം?ഞാനും നീയുമല്ലേ?പിന്നെ നോക്കി നില്‍ക്കുന്നവര്‍
 ഞാന്‍ ഉടുക്കുന്ന സാരിക്കിടയിലൂടെ എന്‍റെ വയറു കാണാന്‍ ശ്രമിക്കുന്നവര്‍...ബസില്‍ ഞാന്‍ പിടിച്ചിരിക്കുന്ന കയ്യുടെ ഇടയിലൂടെ എന്‍റെ ബ്രായുടെ സൈസ് അളക്കുന്നവര്‍...നല്ല ചരക്ക് എന്ന് എന്നെ നോക്കി പറയുന്നവര്‍ അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നത് ചെയ്യാന്‍ ആവാതെ കുശുമ്പു പറയുന്നവര്‍

: ഞാനും നീയും ഓരോരുത്തരും ഇഷ്ടപ്പെടുന്നതാണ് ഇതെല്ലാം ..പക്ഷെ സമൂഹത്തിനു ദിവസവും ചര്‍ച്ചയാവുവാന്‍ കഥാപാത്രങ്ങള്‍ വേണം 

:ഉവ്വ്,ഇന്ന് ഞാന്‍..നാളെ അവര്‍ എന്നെ മറക്കും

:നമ്മളെക്കുറിച്ച് നല്ലത് മാത്രമാണ് പറയുന്നതെന്ന് വിശ്വസിക്കും...എങ്കിലും നാം മറ്റൊരാളെക്കുറിച്ച് പറയുന്ന കാലത്തോളം നമ്മളും കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്

:അതാണ് മനുഷ്യന്‍..എന്നെക്കുറിച്ച് നല്ലതാണ് പറയുന്നതെന്ന്‍ വിശ്വസിക്കുന്നു

: നിന്‍റെ മനസ്സ് സമ്മതിച്ചുവെങ്കില്‍ നിനക്ക് ചെയ്യാം ..ആട്ടെ നീ തുടങ്ങ്യോ?

:  തുടങ്ങി ...ഒടുങ്ങിയോ ആവോ?

: ഇത്ര പെട്ടന്ന് ? അവനോടും പറഞ്ഞോ ഈ പ്രണയം വെറുമൊരു പ്രണയമെന്ന്?

: ഇല്ല ...

: പ്രണയം ചൂട് പിടിക്കുമ്പോഴാണ് ആസ്വാദനം കൂടുകയെന്നു തോന്നുന്നു     

   ..അല്ലാ അവനും ശരിക്കും പ്രണയം തന്നെയോ? അതോ ?

: അതെനിക്ക് അറിയുകയില്ല ...ഞാന്‍ ചോദിച്ചില്ല

: ഒരുത്തിയെ ഉപയോഗിച്ചു എന്ന് കൂട്ടുകാര്‍ക്ക് മുന്നില്‍ വീമ്പു പറഞ്ഞു    

  തീര്‍ക്കുന്ന പ്രണയമാണോ എന്ന് ഉറപ്പിക്കണം

: അതൊന്നുമല്ല ..ഇത് ദിവ്യം തന്നെ...എനിക്കവനെ കാണാന്‍ തോന്നാറുണ്ട്   

 ചിലപ്പോള്‍ ...പക്ഷെ ഞാന്‍ അതൊരിക്കലും പറയാന്‍ ആഗ്രഹിക്കുന്നില്ല

:അത് വേണ്ട ..ഒടുവില്‍ ഒരുത്തന്‍റെ ജീവിതം നശിപ്പിച്ചു എന്ന പേര് വരില്ലല്ലോ

:അവന്‍ പറഞ്ഞിട്ടുണ്ട് ...നീ വിളിച്ചാല്‍ ഞാന്‍ വരും ...വിളിക്കരുത് എന്ന്

: പ്രണയിക്കു നീ ..പക്ഷെ പൂര്‍ണ്ണമായും ഒരിക്കലും പ്രണയം നല്‍കരുത്

: കാതിലൊരു പ്രണയം കേട്ടിട്ട് കാലമെത്രയായ്

:ഇപ്പൊ പ്രണയ ലോകം കൈ വിട്ട പോലെ ആണ് 

:പ്രണയം കൊണ്ട് നനക്കുക..ആ നനവില്‍ കുളിക്കുക...കൈ വിടരുത്...എങ്കില്‍ ജീവിതം പോകും

:ജീവിത തിരക്കില്‍ പ്രണയിക്കാന്‍ മറന്നു തുടങ്ങിയിരിക്കുന്നു

:പ്രണയിക്കുമ്പോള്‍ മറ്റൊന്നും വരാന്‍ പാടില്ല.. പ്രണയം മാത്രം


:അങ്ങനെ ഉണ്ടായിരുന്നു ...ഇപ്പൊ .....ങ്ഹാ

:കുറയാതെ കാക്കുക..അവളെ ഓരോ ദിവസവും പുതിയ പെണ്ണ് ആക്കി   മാറ്റുക...പഴമ ഒരു ഗന്ധം ബാക്കി വെക്കും...: അത് ചിലപ്പോ ഇഷ്ടമാവില്ല

: ഞാന്‍ ഇപ്പോള്‍ ഒന്ന് ഫ്രഷ്‌ ആകുന്നത് പോലൊരു ഫീല്‍ 

:ആളുകള്‍ പൊതുവേ ഇരുട്ടില്‍ സെക്സ് ചെയ്യുന്നവരാണ്..വെളിച്ചത്തില്‍ പ്രണയിക്കാന്‍ ഭയക്കുന്നവര്‍

: എന്‍റെ കാര്യത്തില്‍ അങ്ങനെ തോന്നുന്നില്ല

: അടുക്കളയില്‍ അവളെ പ്രണയിച്ചിട്ടുണ്ടോ?

  കുളിമുറിയില്‍.....
  ഭക്ഷണം കഴിക്കുമ്പോള്‍....
  വെള്ളം കുടിക്കുമ്പോള്‍....

:  ഞങ്ങള്‍ക്കിടയിലെ ഇപ്പോളുള്ള പ്രശ്നം ഒരു കുഞ്ഞു തന്നെയാണ്

: അത് വിടുക...

ഒരു ഭിത്തിയില്‍ ചാരി നിന്ന് അഞ്ച് മിനിറ്റ് ഉമ്മ വെക്കുക
പരസ്പരം കൈ മാത്രം കോര്‍ത്ത്‌....
ഒടുവിലൊരു കിതപ്പ് ബാക്കിയാവും
ഓര്‍ക്കാന്‍ സമയം കിട്ടില്ല ഒന്നും

: ഇന്നിവിടെ ചെറിയൊരു പാര്‍ട്ടി ഉണ്ട് ...അത് കഴിയട്ടെ ...എനിക്കവളെ ഒന്ന് പ്രണയിക്കണം
 
 

 





 

Sunday, May 10, 2015

ഒരു അമ്മയുടെ ജനനം

മേലേക്കുയ൪ന്ന ഉദരം താഴേക്ക്‌ അമരുമ്പോൾ ഞാനൊരു ആത്മനിർവൃതിയിലേക്ക് ഉയരുകയായിരുന്നു. ഒരു ജീവന്‍റെയുള്ളിലെ മറ്റൊരു ജീവൻ. അവന്‍റെ  കൈകാലുകളുടെ സ്പർശം ഒരു വേദനയായി എന്നെ പുളകം കൊള്ളിച്ച കുറച്ചു മാസങ്ങൾ.ആർക്കും പറഞ്ഞു കൊടുക്കാൻ ആവാത്ത എന്നാൽ ഞാനും അവനും മാത്രമറിഞ്ഞ സ്വൈര്യ സല്ലാപങ്ങൾ ലാളനകൾ.

ഒടുവിൽ ആ ദിനമെത്തി. ഇരുട്ടിന്‍റെ ഭിത്തി പൊട്ടിച്ച് "എനിക്കും പുറം ലോകത്തെ അറിയണം" എന്നവൻ വാശി പിടിച്ച ദിനം . പിടഞ്ഞും പുളഞ്ഞും പ്രതിഷേധം അറിയിക്കവെ ചുറ്റും തീർത്ത കവചമവൻ പൊട്ടിച്ചു. ഇനിയൊരു പിടച്ചിലാണ്. ജീവനും ജീവദാതാവുമായുള്ള വടംവലി. പേറ്റുനോവെന്നു കണ്ടു നിന്നവർ വിധിയെഴുതുമ്പോൾ പ്രാണനെ പുറം തള്ളുന്ന വേദന ഞാൻ അറിഞ്ഞു.

അവനാൽ അതിനാവതില്ല എന്ന് വൈദ്യ സമൂഹം വിധിയെഴുതുമ്പോൾ ഒരു സമ്മതപത്രവുമായി അവരെന്‍റെ അരികിലെത്തി.കീറിമുറിച്ചെന്‍റെ  പ്രാണനെ വേർപിരിക്കണം. അവിടെയുമൊരു പരീക്ഷണം. പാതി മരവിച്ച എന്‍റെ  പച്ചമാംസം അവർ മുറിക്കവേ ഞാൻ അലറിക്കരഞ്ഞു.പിന്നെ ഒരു മയക്കം. അതിനിടയിൽ പ്രാണൻ മുറിച്ചെടുക്കപ്പെട്ടു.

ഉണരുമ്പോൾ അവൻ അരികിൽ ഇല്ല. ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ ചിമ്മിതുറക്കാൻ കഷ്ടപ്പെടുന്ന കണ്ണുകളുമായി അവൻ  അരികിലെത്തി.
നിറഞ്ഞു തൂവിയ മാറിടത്തേക്കാൾ കവിഞ്ഞൊഴുകിയ മനസ്സായിരുന്നു എനിക്കപ്പോൾ.
ആരുടെയോ സഹായത്തോടെ ആദ്യമായി ഞാൻ അമൃതൂട്ടിയപ്പോൾ ആരോ പറഞ്ഞു .

 " ദെ മോന്‍റെ അമ്മ "  





Friday, September 12, 2014

ഭൂമിയുടെ ചില അവകാശികള്‍

മാറാല പിടിച്ച മുറി പോലെ വൃത്തിഹീനം ആയിരിക്കുന്നു അവരുടെ മനസ്സുമെന്ന് മക്കള്‍ ആവര്‍ത്തിച്ച് ഉരുവിട്ടു. അവര്‍ പക്ഷെ അത് കേട്ടതായിപോലും ഭാവിച്ചില്ല. ചുമരിന്‍റെ കോണില്‍ ചാടിയിട്ടും എത്താതെ വീണ്ടും വല നെയ്യാന്‍ ശ്രമിക്കുന്ന ചിലന്തിയില്‍ ആയിരുന്നു അവരുടെ കണ്ണുകള്‍. ആ ചിലന്തിയെ നോക്കിയവര്‍ വെറുതെ പുഞ്ചിരിച്ചു.

പ്രതിഷേധമറിയിക്കാനെന്നോണം മക്കളിലൊരാള്‍ ആഞ്ഞടച്ച വാതിലിന്‍ ശബ്ദത്തില്‍ കതകിനു പിന്നില്‍ നിശബ്ദനായുറങ്ങിയ ഒരു വേട്ടാവളിയന്‍ പറന്നു വന്നു. ഒരാവര്‍ത്തി കറങ്ങി അവന്‍ മടങ്ങി.

മുഴുവനുമടയാത്ത ജനല്‍ തള്ളിത്തുറക്കുമ്പോള്‍ കര കര ശബ്ദം മുഴങ്ങി. ജനലിനപ്പുറമുള്ള ലോകം കാണാനല്ല ഈ തുറക്കല്‍. ഇത് ഒരു പ്രതീക്ഷയാണ്. അയാള്‍ വരുമെന്ന പ്രതീക്ഷ.ഓര്‍മ്മകളുടെ കാല്‍പാദം പഞ്ചാരമണലും ചേര്‍ത്ത് ഉരഞ്ഞപ്പോള്‍ മനസ്സില്‍ വീണ്ടും അതെ നീറ്റല്‍

" ആര്‍ക്കും പ്രവേശനം ഇല്ല " എന്ന ബോര്‍ഡ് വളരെ പ്രയാസപ്പെട്ടാണ് അവര്‍ വാതിലില്‍ തറച്ചത്.
" ആര്‍ക്കു പ്രവേശിക്കണം " എന്നൊരു പുച്ഛത്തില്‍ കടന്നു പോയ മരുമകളെ കണ്ടില്ലയെന്നവര്‍ നടിച്ചു.

മാറാല മൂടിയ മുറിക്കുള്ളിലെ ബള്‍ബിലെ പ്രകാശം നന്നേ കുറവായിരുന്നു.പകല്‍ സമയം സൂര്യന്‍ പോലും അവിടേക്ക് കടന്നു വരാന്‍ മടിക്കുന്നത് പോലെ. ലോകമറിഞ്ഞ കലാകാരിയോടുള്ള ആത്മാര്‍ത്ഥതയൊ അതോ പങ്കിട്ടെടുക്കേണ്ട സ്വത്തിന്‍റെ പൂര്‍ണ്ണരൂപം നിശ്ചയമില്ലാഞ്ഞിട്ടോ മക്കളുടെ നിര്‍ദേശപ്രകാരം വേലക്കാരി ഭക്ഷണം എന്ന പേരിലെന്തോ ആ മുറിക്കു മുന്നില്‍ പ്രതിഷ്ഠ നടത്താറുണ്ടെന്നും. നല്ല വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കും. അതില്‍ ആര്‍ക്കും പരാതിയുമില്ല. വേലക്കാരി മാത്രം കര്‍മ്മ നിരതയായിരുന്നു.

ഒരിക്കല്‍ ഭക്ഷണത്തിനു മുകളില്‍ നാലായി മടക്കിയൊരു കടലാസ് കഷണം കണ്ടു.
" മൂത്തമകന് ഒന്ന് സംസാരിക്കണം "
തിരിഞ്ഞു ചിലന്തിയെ നോക്കിയവര്‍ പുഞ്ചിരിച്ചു. പിന്നീട് പല ദിവസം ഈ കുറിപ്പ് ആവര്‍ത്തിച്ചു. ഒടുവിലവര്‍ മറുപടി എഴുതി.
" ഭാഗം വെക്കാന്‍ ബാക്കിയുള്ളത് ഈ മുറി മാത്രം. ശവദാഹത്തിനു ശേഷം പങ്കിട്ടെടുക്കാം"
പുറത്തു മകന്‍റെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ ദേഹത്ത് വന്നിരുന്നു രക്തമൂറ്റുന്ന കൊതുകിനെ സശ്രദ്ധം അടിച്ചു കൊല്ലുന്ന തിരക്കിലായിരുന്നു അവര്‍.

കതകിലാരോ തട്ടുന്ന ശബ്ദം കേട്ടവര്‍ ഞെട്ടിയുണര്‍ന്നു. പകലും രാത്രിയും വിവേചിച്ചറിയാന്‍ ഉള്ള കഴിവെന്നേ നഷ്ടമായിരിക്കുന്നു. വാതില്‍ തുറക്കുമ്പോള്‍ രോഷാകുലനായി മകന്‍.
" അമ്മ ഹെല്‍പ്പിലേക്ക് ഫോണ്‍ ചെയ്തോ? "
" ഉവ്വ് "
" ഞങ്ങള്‍ അറിയാത്ത എന്ത് സഹായമാണ് അവര്‍ അമ്മക്ക് ചെയ്തു തരേണ്ടത്‌? "

മകന്‍റെ പിന്നില്‍ അല്‍പം വിളറിയും ഭയന്നും നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. അവന്‍റെ നീല യൂണിഫോമില്‍ ചുവന്ന അക്ഷരത്താല്‍ " ഹെല്‍പ് " എന്ന് എഴുതിയിരുന്നു.

" ആ ..നിങ്ങള്‍ വന്നുവോ? ഞാന്‍ നേരത്തെ പ്രതീക്ഷിച്ചു. വരൂ അകത്തേക്ക് വരൂ " അവര്‍ മുന്നിലായി നടന്നു. ആ ചെറുപ്പക്കാരന്‍ അവരെ പിന്തുടര്‍ന്നു. പിന്നാലെ ചെന്ന മകനെ അവര്‍ കൈ കൊണ്ട് തടഞ്ഞു.

മക്കള്‍ക്ക് അതൊരു നീണ്ട കാത്തിരുപ്പായിരുന്നുവെങ്കിലും ഫലം നിരാശ തന്നെ ആയിരുന്നു. ഹെല്‍പ് അവരുടെ രഹസ്യങ്ങള്‍ പുറത്തു പറയില്ലാത്രേ. പോയപ്പോള്‍ ഉണ്ടായിരുന്ന ഭാവമായിരുന്നില്ല ആ ചെറുപ്പക്കാരന്. അയാള്‍ സന്തോഷത്തോടെ അവരോടു യാത്ര പറഞ്ഞു.  മകന്‍റെ ശബ്ദം ഉച്ചത്തില്‍ ആകുമ്പോള്‍ അവര്‍ ലക്ഷ്യം നേടിയ ചിലന്തിയെ അഭിനന്ദിക്കുകയായിരുന്നു

മൂന്നു നാല് ദിവസമായി ഭക്ഷണം കഴിച്ചില്ല എന്ന വേലക്കാരിയുടെ കണ്ടെത്തല്‍ മൂത്തമകന്റെ ഭാര്യയോട്‌ ഇളയമകന്റെ ഭാര്യ പറഞ്ഞു. അത് സാരമില്ല എന്ന മട്ടില്‍ അവര്‍ ചിറി കോട്ടി.
വേലക്കാരിയുടെ ഉത്കണ്ഠ വാതിലില്‍ ശക്തിയായ് തള്ളുവാന്‍ അവരെ പ്രേരിപ്പിച്ചു. അസഹ്യമായൊരു ഗന്ധം മൂക്കിലടിച്ചപ്പോള്‍ അവര്‍ ഉറക്കെ ബഹളം വെച്ചു.

മക്കളുടെ കണ്ണില്‍ പക്ഷെ വേലക്കാരിയുടെ കണ്ണിലെ അമ്പരപ്പ് ഉണ്ടായിരുന്നില്ല.മുറിയുടെ ഒരു അരികില്‍ " ഹെല്‍പ് " എന്നെഴുതിയ ഒരു പെട്ടി ഉണ്ടായിരുന്നു.  അവര്‍ക്ക് ആ പെട്ടിയില്‍ വന്നത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ ആയിരുന്നു. ഇളയ മകന്‍ ആ പെട്ടി പരിശോധിക്കുമ്പോള്‍ മറ്റുള്ളവര്‍ അതിലേക്കു ഉറ്റു നോക്കി. അതില്‍ നിന്നും കിട്ടിയ കടലാസ് വായിച്ചു അയാള്‍ അമ്പരന്നു.

തറയില്‍ കിടന്ന അവരുടെ ശരീരത്തിലൂടെ ഒരു ഉറുമ്പ്‌ കയറിയിറങ്ങി. വെറുപ്പോടെ മാത്രം അവരെ നോക്കിയ മരുമകള്‍ പെട്ടന്ന് തന്നെ അവരുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്ന കടലാസു കഷണം കണ്ടു. അത് വായിക്കുമ്പോള്‍ വേലക്കാരിയുള്‍പ്പെടെ എല്ലാവരും ചുറ്റുമിരുന്നു.

" മോഹന്‍ , നിങ്ങള്‍ പറഞ്ഞത് പോലെ ഒരു ജീവിതം മുഴുവന്‍ നിങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു. ധനുഷ്കോടിയിലെ മണല്‍പ്പരപ്പില്‍ വെച്ച് തമാശയായിട്ടാവും നിങ്ങള്‍ പറഞ്ഞത് മരണശേഷമൊരു വവ്വാലായി നിന്നെ കാണാന്‍ ഞാന്‍ വരുമെന്ന്.അന്ന് നിന്നെ കൂട്ടി യാത്ര പോകുമെന്നും നിങ്ങള്‍ എനിക്ക് ഉറപ്പു തന്നിരുന്നു. പക്ഷേ നാം നടന്ന മണല്പ്പരപ്പുകള്‍ പോലും ഇല്ലാതെ ആയിരിക്കുന്നു ഇന്നവിടെ . ഇത്രയും നാള്‍ എന്‍റെ മുറിയിലെ പ്രകാശം സ്വയം ഇല്ലാതെയാക്കി ഉറുമ്പിനെയും ചിലന്തിയെയുമൊക്കെ കൂട്ടു പിടിച്ചു ഞാന്‍ നിങ്ങള്‍ക്കായി കാത്തിരുന്നു. ഈ മുറിയിലേക്ക് പക്ഷെ ഒരിക്കലും ഒരു വവ്വാല്‍ മാത്രം കടന്നു വന്നില്ല. ഇനിയുമൊരു കാത്തിരിപ്പിന് ഞാന്‍ അശക്തയാണ് മോഹന്‍. എല്ലാവരെയും പോലെ ഞാനും കുറുക്കുവഴി തേടി. അയാള്‍ കൊണ്ട് തന്ന കൂട്ടിലെ വവ്വാല്‍ നിങ്ങളെന്നു ഞാന്‍ വിശ്വസിക്കട്ടെ. ഇനി ഞാന്‍ ഒന്നുറങ്ങട്ടെ മോഹന്‍. നിങ്ങള്‍ വരുമല്ലോ എന്നെ കൊണ്ട് പോകുവാന്‍ .."

" മോഹന്‍?? " ഇളയ മരുമകള്‍ മകനെ നോക്കി

" അമ്മ അച്ഛനെ അങ്ങനെ ആണ് വിളിച്ചിരുന്നത്‌. " മൂത്ത മരുമകള്‍ പറഞ്ഞു

" ഭ്രാന്ത് " മകന്‍ പിറുപിറുത്തു.

ചെരിഞ്ഞും തിരിഞ്ഞും നോക്കിയ വേലക്കാരിക്ക്‌ ആ ശവത്തിന്റെ ചുണ്ടിലൊരു ചിരി കാണാന്‍ കഴിഞ്ഞു.

വന്‍പിച്ച ജനാവലിയോടെ മക്കളുടെ മിഴിനീര്‍ നാടകത്തിന്‍റെ അകമ്പടിയോടെ അവരുടെ ശരീരം മറവു ചെയ്യാന്‍ കൊണ്ട് പോകുമ്പോള്‍ സാഹിത്യ മേഖലയിലെ പ്രമുഖര്‍ പലരും ദുഃഖം പ്രകടിപ്പിച്ചു.അനുശോചന യാത്രകള്‍..കറുപ്പ് നിറമുള്ള കൊടികള്‍ ..അങ്ങനെ അങ്ങനെ അവര്‍ക്കുള്ള  യാത്രയയപ്പ് ഗംഭീരമാക്കി മാറ്റി മക്കള്‍.

അപ്പോള്‍  ആ മുറിയില്‍ ചിലന്തി പുതിയ വല നെയ്യുകയും വേട്ടാവളിയന്‍ മൂളിപ്പറക്കുകയും ചെയ്തു. തുറന്നു കിടന്ന ജനലിനപ്പുറം ഒരു മരത്തില്‍ തലകീഴായി ആ വവ്വാല്‍ തൂങ്ങിയാടി. 

Wednesday, July 23, 2014

കര്‍മ്മ കാണ്ഡം

 ഇതിനൊരു ആമുഖം ആവശ്യമുണ്ട്. കാരണം ഇതൊരു കഥയാണോ എന്ന് വായനക്കാരനായ നിങ്ങള്‍ക്ക് സംശയം തോന്നാം. കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എനിക്കോ നിങ്ങള്‍ക്കോ മറ്റൊരാള്‍ക്കോ ഒക്കെയുണ്ടായ ആ അനുഭവത്തില്‍ ഭാവനയുടെ നിറം മുക്കിയെടുക്കുന്ന ഓരോന്നും കഥാകൃത്തിന്‍റെ പേനത്തുമ്പില്‍  പൂര്‍ണ്ണഗര്‍ഭം പോലെ പ്രസവം കാത്തു കിടക്കും.

ഇനിയെന്‍റെ കഥയിലേക്ക്‌..

ഞാന്‍ അവനെ മഹിയെന്നു വിളിക്കുന്നു. "മഹേശ്വര്‍" എന്നാണ് ശരിയായ നാമം. അക്ഷരങ്ങളാല്‍ ഇന്ദ്രജാലം തീര്‍ത്തവന്‍. മഷി പുരളാത്ത ബ്ലോഗുകളിലൂടെ സജീവ സാന്നിധ്യമറിയിച്ചവന്‍. മഹിയുടെ വിശേഷണം നീണ്ടു പോകവേ ഞാന്‍ കഥാഗതി മാറി സഞ്ചരിക്കുന്നില്ല.

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

മഹിയെന്നോട് പറഞ്ഞ അവസാന വാചകം ഇതാണ്. അതിലപ്പുറം ഞാന്‍ പറഞ്ഞ പലതും അയാള്‍ കേട്ടിരുന്നോ എന്ന് പോലും എനിക്ക് നിശ്ചയമില്ല.

എന്‍റെ കര്‍മ്മ മേഖലയില്‍ ഞാന്‍ പലപ്പോഴും കണ്ടത് സ്നേഹവും ജീവനും തമ്മിലുള്ള വടം വലിയാണ്. ഭാഷയും ദേശവും മാറി മാറി ഞാന്‍ ജീവിക്കുമ്പോള്‍ ഈ വികാരത്തിന് മാത്രം ഒരു നിറമായിരുന്നു. അതുകൊണ്ട് തന്നെയാവണം മഹി എപ്പോഴും  എന്‍റെ കര്‍മ്മത്തില്‍ ഈശ്വരനെ കണ്ടിരുന്നതും.

" ദൈവത്തെ പേര് ചൊല്ലി വിളിക്കുന്നത്‌ നല്ല ശീലമല്ല. അതുമൊരു പെറ്റ് നെയിം"

ഞാന്‍ കളിയായി പറയുമ്പോള്‍ അവന്‍ എനിക്ക് പരിചിതമായ ആ ചോദ്യം തിരിച്ചു ചോദിക്കും

" എന്നിട്ടും നീയെന്തേ ആ നീല നിറമുള്ള മനുഷ്യനെ കൃഷ്ണാ എന്ന് മാത്രം അഭിസംബോധന ചെയ്യുന്നത്? "

പക്വമായി തമാശകള്‍ പോലും പറയുന്ന മഹി എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. അപ്രതീക്ഷിതമായ് മുന്നില്‍ വന്ന രോഗി വര്‍ഷങ്ങളായി എഴുത്തിലൂടെ പരിചിതിനായ ഒരാള്‍ എന്നറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടല്‍. ചോദിയ്ക്കാന്‍ ഒരുപാടുണ്ടായിരുന്നു. പരിമിതമായ സമയവും ക്ഷീണിതനായ രോഗിയും. പക്ഷെ അയാളുടെ മനസ്സ് അപ്പോളും ദൃഢമായിരുന്നുവെന്ന് എനിക്ക് തോന്നി.

----------------------------------------------------------------------------------------------

" അയാള്‍ക്ക്‌ എങ്ങനെയുണ്ട് സിസ്റ്റര്‍? "

" രക്ഷപെടുമോ?"

" കയ്യോ കാലോ അനക്കിയോ? "

സന്ദര്‍ശനസമയം മാത്രം കടന്നു വരാന്‍ വിധിക്കപ്പെട്ട മഹിയുടെ സുഹൃത്തുക്കളുടെ ഉത്കണ്ഠ  എനിക്ക് മനസ്സിലാവുമെങ്കില്‍ കൂടി സ്വന്തമല്ലാത്തവരുടെ ജീവന് ആത്മാര്‍ഥതയുടെ തലോടല്‍ അല്‍പ്പം പോലുമേകാത്ത ആതുര സേവനത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു ഞാനുമിപ്പോള്‍.

" വെന്റിലെറ്ററിലാണ് മഹി ഇപ്പോളും..മയക്കി കിടത്തിയിരിക്കുകയാണ്. കൂടുതല്‍ നിങ്ങള്‍ ഡോക്ടറിനോട്‌ ചോദിക്കൂ " 

മഹിയുടെ സുഹൃത്ത്‌ പൊട്ടിക്കരയുന്നത്‌ ഞാന്‍ കണ്ടു. എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി. പണ്ടൊരു പൂച്ചക്കുഞ്ഞു ചത്തുപോയെന്നു പറഞ്ഞു പട്ടിണി കിടന്നു കരഞ്ഞവള്‍. ഇന്നൊരു മനുഷ്യ ജീവന്‍ പോലും എന്നിലൊരു ചലനം ഉണ്ടാക്കുന്നില്ലന്നു ഞാന്‍ തിരിച്ചറിയുന്നു

" വീട്ടില്‍ അറിയിച്ചോ? "

മറ്റൊരു സിസ്റ്റര്‍ അവരോടു ചോദിച്ചു.

" ഇല്ല. അവിടെ അറിയിക്കാന്‍ പറ്റിയൊരു അവസ്ഥയല്ല സിസ്റ്റര്‍. അവന്‍റെ മകളുടെ കല്യാണം അടുത്ത മാസമാണ്. പിന്നെ അമ്മക്ക് കഴിഞ്ഞ മാസം അറ്റാക്ക് വന്നിരുന്നു . ഇപ്പോള്‍ ഒക്കെ നേരെയായി വരുന്നതെയുള്ളു. മഹി തന്നെ അവനു ചെറിയ പനിയെന്നു പറഞ്ഞിരുന്നു. ".

ഒരു ദീര്‍ഘനിശ്വാസത്തില്‍ സഹതാപം പ്രകടിപ്പിച്ചു ആ സിസ്റ്റര്‍ പോയി.
----------------------------------------------------------------------------------------------------



കയ്യിലൊരു കടലാസ്കെട്ടുമായി ഓടിക്കിതച്ചു വന്ന ആ മനുഷ്യന്‍ എന്‍റെ മുന്നില്‍ നിന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടു.

" സിസ്റ്റര്‍ ...ഡോക്ടര്‍ ...ഡോക്ടര്‍ ? "

യാന്ത്രികമായെന്നോണം എന്‍റെ കൈ ഡോക്ടറിനു നേരെ നീണ്ടു.

അറബിയും ഇംഗ്ലീഷും കൂട്ടിക്കുഴച്ചയാള്‍ ആ കടലാസില്‍ ഒപ്പ് യാചിക്കയാന്നെന്നു എനിക്ക് മനസ്സിലായി. ഒടുവില്‍ വിതുമ്പിയ മുഖത്തോടെ അയാള്‍ മഹിയുടെ മുറിക്കു മുന്നില്‍ നിന്നു.


" എന്താ കാര്യം? "

ഞാന്‍ തിരക്കി

മറുപടി ആദ്യമൊരു കരച്ചിലായിരുന്നു. എന്‍റെ മുന്‍പിലൊരു പുരുഷന്‍ കരയുമ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അയാളെ ആശ്വസിപ്പിക്കാന്‍ പോലുമാവാത്ത നിസ്സഹായത

" മഹിയുടെ പാസ്സ്പോര്‍ട്ടും ഇക്കാമയും കാലാവധി തീര്‍ന്നിരിക്കയാണ്‌. ഇനിയൊരു പ്രതീക്ഷ വേണ്ടയെന്നു ഡോക്ടര്‍ പറഞ്ഞു. പക്ഷെ അവന്‍റെ ശരീരം പോലും നാട്ടിലെത്തിക്കണമെങ്കില്‍ ...അറിയാലോ സിസ്റ്റര്‍ ഈ രാജ്യത്തെ നിയമം..ആ ഡോക്ടര്‍ ഒരു ഒപ്പ് തന്നാല്‍ എംബസ്സി വഴി എന്തെങ്കിലും ചെയ്യാമെന്ന് പറയുന്നു. പക്ഷെ അയാള്‍ .."

വീണ്ടും പൊട്ടിക്കരഞ്ഞു മഹിയുടെ സുഹൃത്ത്‌. എനിക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അയാള്‍ക്ക്‌ പോലും വിശ്വസിക്കാന്‍ പ്രയാസമാവും.

ഞാന്‍ വീണ്ടും മഹിയെ നോക്കി. ഇത്രയും പക്വമായി സംസാരിക്കുന്ന മഹിയെപ്പോലെയൊരാള്‍ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായ് കണ്ടുവോ? എനിക്ക് സംശയം തോന്നി 

" മകളുടെ കല്യാണ ആവശ്യമെന്നും പറഞ്ഞു വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ അവന്‍ ഇക്കാമ പുതുക്കാന്‍ വെച്ചിരുന്ന കാശ് കൂടി അയച്ചു"  

അടുത്ത സിസ്റ്ററിന്റെ ചോദ്യത്തിന് മറുപടി ആയി അയാള്‍ പറഞ്ഞു
-------------------------------------------------------------------------------------------------------
ഞാന്‍ മഹിയുടെ മുറിയിലേക്ക് കയറി. മരുന്ന് തീര്‍ന്നിരിക്കുന്നു. സിറിഞ്ച് മാറ്റി വേറൊന്ന് ബന്ധിപ്പിച്ചപ്പോള്‍ എന്നോടൊരു പ്രതിഷേധം ആ യന്ത്രം പ്രകടിപ്പിച്ചുവോ?

തിരിച്ചിറങ്ങും മുന്നേ ഞാന്‍ അയാളെ നോക്കി. തടിച്ചു വീര്‍ത്ത കണ്‍പോളകള്‍ . ഒരു ചിരി തങ്ങി നില്‍ക്കുന്ന ആ ചുണ്ടുകള്‍ക്ക് വീണ്ടും എന്തൊക്കെയോ പറയാന്‍ ബാക്കിയുണ്ടെന്ന് എനിക്ക് തോന്നി. ഗ്ലാസ് ഡോറിനു പുറത്തു എന്നെ കാത്തു നില്‍ക്കുന്ന ഒരു കൂട്ടം കണ്ടില്ലയെന്ന് നടിക്കാന്‍ എനിക്ക് തോന്നി. ഈ മനുഷ്യന്‍ എന്‍റെ കര്‍മ്മപഥത്തില്‍ വെറുതെ വന്നു കയറിയതല്ല എന്ന് മനസ്സിലാരോ പറയും പോലെ.

ഒരുപാട് രോഗികള്‍ വന്നു പോകുന്ന ഈ ആശുപത്രിയില്‍ വല്ലപ്പോഴുമെങ്കിലും എന്നെ സ്വാര്‍ത്ഥയാക്കുന്നത് ഇങ്ങനെ ചില രോഗികള്‍ ആണ്. ആദ്യം സ്വന്തം നാട്ടുകാരന്‍ എന്ന ഒരു പരിഗണന...പിന്നീടത്‌ സഹതാപത്തിലേക്ക് വഴി മാറും. അതിലുമപ്പുറം എഴുത്തിനെ സ്നേഹിക്കുന്നവര്‍ക്ക് മഹിയെപ്പോലെ ചിലരെ മറക്കാന്‍ ആവുകയുമില്ല. വാക്കുകള്‍ ഓരോന്നും ചാട്ടുളി പോലെ നമ്മുടെ വികാരങ്ങളിലേക്ക് പടര്‍ത്തുവാന്‍ കഴിവുള്ള ചുരുക്കം ചില എഴുത്തുകാരില്‍ ഒരാള്‍. എഴുത്തിലൂടെ ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ മഹി മുന്നില്‍ തന്നെ ആയിരുന്നു. തുറന്നു പറച്ചില്‍ സമൂഹത്തില്‍ എന്നും ബാക്കി വെക്കുന്നതും അത് തന്നെ ആണല്ലോ. എങ്കിലും അവസാനം അയാളും കേവല പ്രവാസിയായതില്‍ എനിക്ക് ദുഃഖം തോന്നാതെയിരുന്നില്ല. സ്വന്തം കാര്യങ്ങള്‍ക്ക് മേലേ കുടുംബം എന്ന വലിയ ബാധ്യത..അതാണല്ലോ പ്രവാസിയെ എന്നും പ്രയാസിയാക്കുന്നത്.

---------------------------------------------------------------------------------------------------------

ജീവനും സ്നേഹവുമായുള്ള ചരടുവലി അവസാനിച്ചിട്ട് മുപ്പതു മിനിറ്റ് കഴിഞ്ഞു. മഹിയെ വെന്റിലെറ്ററില്‍ നിന്നും ഞാന്‍ മോചിപ്പിച്ചു. യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വന്തമല്ലാത്ത ആ ശരീരം ഞാനും സഹപ്രവര്‍ത്തകരും കൂടി വൃത്തിയാക്കുമ്പോള്‍ അടഞ്ഞ മുറിക്കുള്ളില്‍ അടക്കി പിടിച്ച തമാശകളും ചിരികളും പതിവായിരുന്നുവെങ്കിലും അസഹ്യമായെനിക്ക് തോന്നി.
മഹിയുടെ മുഖത്തേക്ക് മനപൂര്‍വ്വം ഞാന്‍ നോക്കിയില്ല.

ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റും മുന്‍പേ ഒരു സിസ്റ്റര്‍ വന്നു രഹസ്യമായ് കാതില്‍ ചോദിച്ചു

" ഇന്ന് വൈകിട്ട് കുര്‍ബാനയുണ്ട്. വരുന്നോ? "

മറുപടി പറയാതെ ഞാന്‍ മഹിയുടെ മുഖത്തേക്ക് നോക്കി. അവന്‍ മൌനമായ് പറഞ്ഞത് ഞാന്‍ മാത്രം കേട്ടു

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

സ്വന്തമല്ലാത്ത ഒരു കൂട്ടം പ്രവാസ സുഹൃത്തുക്കള്‍ അവന്‍റെ ശരീരത്തില്‍ വീണു കരയുമ്പോള്‍ എനിക്കായുള്ള അടുത്ത വിളി എത്തി

" സിസ്റ്റര്‍ ..വേഗം ...അടുത്ത പേഷ്യന്റ് .."



പ്രിയ വായനക്കാരാ എനിക്കെന്‍റെ കര്‍മ്മ കാണ്ഡം കടന്നേ മതിയാവൂ. നിങ്ങള്‍ ഒരുപക്ഷെ നാളെ മഹിയെ മറന്നേക്കാം. അയാള്‍ എന്നിലൂടെ നിങ്ങളോട് പറയാന്‍ പലതും ആഗ്രഹിച്ചിരിക്കാം. എന്‍റെ അക്ഷരങ്ങളില്‍ കൂട്ടായി എനിക്കൊപ്പം ഇന്നിവിടെ ഉണ്ടായിരിക്കാം. എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നത് എന്‍റെ കര്‍മ്മ വീഥിയില്‍ മറ്റൊരു മഹിയായി നിങ്ങള്‍ കടന്നു വരാതിരിക്കട്ടെ എന്നാണ്...

കാരണം


കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എന്റെയോ നിങ്ങളുടെയോ ..മറ്റൊരാളുടെയോ ....



Friday, June 27, 2014

ബൈപാസ് എന്ന CABG

ബൈപാസ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ശസ്ത്രക്രിയ ആണ് കൊറോണറി ആര്‍ട്ടറി ബൈപാസ്സ് ഗ്രാഫ്റ്റ്. ഇങ്ങനെ ഒരു ശസ്ത്രക്രിയ ആളുകള്‍ക്ക് സുപരിചിതമെങ്കിലും കൂടുതല്‍ ആളുകളും ശസ്ത്രക്രിയക്കു ശേഷം വേണ്ടത്ര പരിചരണം ലഭിക്കാതെ പോകാറ് പതിവാണ്. ഇതിനു കാരണം അറിവില്ലായ്മ മാത്രമാണ്.

 പരിചരണത്തെക്കുറിച്ച് അറിയും മുന്നേ ബൈപാസ്സ് എന്തെന്ന് അറിയണം. 
സാധാരണക്കാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ധമനിയുടെ ബ്ലോക്ക് കാരണം ഹൃദയത്തിനു ലഭിക്കാതെ പോകുന്ന രക്തയോട്ടവും ഓക്സിജനും മറ്റൊരു ഞരമ്പ് വെച്ച് പിടിപ്പിക്കുക വഴി ലഭ്യമാക്കുക എന്നതാണ് ബൈപാസ്. കാലില്‍ നിന്നും കയ്യില്‍ നിന്നുമൊക്കെ ഈ ഞരമ്പ് സാധാരണ എടുക്കാറുണ്ട്. 



ഇതിനു വേണ്ടി രണ്ടു രീതിയില്‍ ശസ്ത്രക്രിയ ചെയ്യാറുണ്ട്. ഒരു രീതി നേരെ നെഞ്ചിലെ അസ്ഥി മുറിച്ചു ഹൃദയത്തില്‍ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് 

മറ്റൊരു രീതിയെന്നത് നെഞ്ചിന്‍റെ  ഒരു വശത്ത് മാത്രം മുറിവുണ്ടാക്കി ശസ്ത്രക്രിയ ചെയ്യുക എന്നതാണ്. ഇത് വേദന കുറഞ്ഞ രീതിയെങ്കിലും ചികിത്സാ ചിലവ് മറ്റേതിനേക്കാള്‍ കൂടുതലാണ്. 

ശസ്ത്രക്രിയക്കു ശേഷം മൂന്നോ നാലോ ദിവസത്തില്‍ സാധാരണ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അതിനു ശേഷമുള്ള പരിചരണം അത്യാവശ്യമാണ്. 

ഇവയില്‍ പ്രധാനപ്പെട്ടവ  

മുറിവിന്‍റെ പരിചരണം
മരുന്നുകള്‍ കൃത്യമായി കഴിക്കുക 
ശരീരഭാരം നിയന്ത്രിക്കല്‍ 
ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍  

മുറിവിന്‍റെ പരിചരണം: 

ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം നെഞ്ചില്‍ ഉണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ സമയമെടുക്കും.അത് പോലെ പ്രധാനം ആണ് കാലിലെയോ കയ്യിലെയോ  മുറിവും. 
ദിവസേന ചെറു ചൂട് വെള്ളത്തില്‍ കുളിക്കുക. തിളച്ച വെള്ളം പാടില്ല 
കുളി കഴിഞ്ഞു മുറിവിലെ വെള്ളം തുടച്ച ശേഷം ആന്റിസെപ്ടിക്   (ബീറ്റാടിന്‍ പോലെയുള്ളവ ) ഡോക്ടര്‍ന്‍റെ നിര്‍ദേശം അനുസരിച്ച് പുരട്ടുക 
മുറിവ് എന്നും പരിശോധിക്കുക 
മുറിവില്‍ വേദനയോ ചുവപ്പോ നീരോ ഉണ്ടെങ്കില്‍ ഡോക്ടറിനെ വിവരം അറിയിക്കുക. പനി ഉണ്ടെങ്കില്‍ പ്രത്യേകം അറിയിക്കുക 
മുറിവില്‍ കൈ കൊണ്ട് വെറുതെ തൊടുകയോ ഞെക്കുകയോ അരുത്. 
ലോഷന്‍  പൌഡര്‍ മുതലായവ മുറിവില്‍ പുരട്ടരുത് 
രണ്ടര കിലോയില്‍ കൂടുതല്‍ ഭാരം ഉയര്‍ത്താതിരിക്കുക 
കുട്ടികളെ എടുക്കരുത് 
ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക 
കാല്‍ ഉയര്‍ത്തിവെച്ചു ഇരിക്കാന്‍ ശ്രമിക്കുക ( മുറിവ് കാലില്‍ എങ്കില്‍ )
ഡോക്ടര്‍ നിര്‍ദേശിക്കുന്ന ബാന്ടെജ് അല്ലെങ്കില്‍ സ്റൊക്കിങ്ങ്സ് വൃത്തിയായി ധരിക്കുക 

മരുന്നുകള്‍ കൃത്യമായി കഴിക്കുക:

മരുന്നുകള്‍ കഴിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടവ 

മരുന്നുകളുടെ പേര് ഡോസ് 
എന്ത് മരുന്ന് എന്തിനു കഴിക്കുന്നു?
എത്ര മരുന്ന് കഴിക്കണം?
എപ്പോള്‍ കഴിക്കണം ?
മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ 

ഓരോ തവണ ഡോക്ടറിനെ കാണാന്‍ പോകുമ്പോളും കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് കരുതുക
ഡോക്ടര്‍ ഉപദേശിക്കാത്ത പ്രകൃതിദത്തമായതൊ മറ്റു മരുന്നുകളോ കഴിക്കാതിരിക്കുക. കാരണം ഇവ ചില മരുന്നുകളുമായി ചേരുമ്പോള്‍ പ്രതികൂല ഫലങ്ങള്‍ ആണ് ഉണ്ടാവുക. 
യാത്രയില്‍ മരുന്നുകള്‍ കൂടെ കരുതുക.
പാര്‍ശ്വഫലങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുക 
മുഴുവനായും തീരും മുന്നേ മരുന്നുകള്‍ വാങ്ങി വെക്കുക 
മരുന്നിന്‍റെ ഡോസ് കൂട്ടുകയോ കുറയ്ക്കുകയോ മരുന്ന് നിര്‍ത്തുകയോ ചെയ്യും മുന്നേ തീര്‍ച്ചയായും വൈദ്യ സഹായം തേടണം 
ഒരു നേരം കഴിക്കാന്‍ മറന്ന മരുന്നുകള്‍ അടുത്ത നേരം ഇരട്ടിയായി കഴിക്കും മുന്നേ വൈദ്യസഹായം തേടുക 
രക്തത്തിന് കട്ടി കുറയ്ക്കുന്ന ചില മരുന്നുകള്‍ എടുക്കേണ്ടി വന്നാല്‍ സ്ഥിരമായി രക്ത പരിശോധനക്ക് വിധേയമാകുക 

ശരീരഭാരം നിയന്ത്രിക്കല്‍:

ദിവസവും രാവിലെ ഒരേ സമയം തന്നെ ഭാരം നോക്കുക 
എന്നും എഴുതി വെക്കുന്ന ശരീരഭാരത്തിന്റെ ചാര്‍ട്ട് ഡോക്ടറിനെ കാണിക്കുക 
ഒരുപാട് ഭാര വ്യത്യാസം ഉണ്ടെങ്കില്‍ ഡോക്ടറെ വിവരം അറിയിക്കുക ( ഒന്നര കിലോയില്‍ അധികം)

ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍: 

വ്യായാമം അത്യാവശ്യം ആണ് 
നടക്കുന്നത് വളരെ നല്ലതാണ്. ക്ഷീണിക്കുമ്പോള്‍ നിര്‍ത്തുക. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷം മാത്രമേ നടക്കാവൂ 
മറ്റൊരാള്‍ക്കൊപ്പം മാത്രം നടക്കാന്‍ പോവുക 
ക്രമേണ മാത്രം നടക്കുന്ന ദൂരം കൂട്ടുക 
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക 
മദ്യപാനവും ഒഴിവാക്കുക 



ഇവയെല്ലാം നമുക്ക് അറിവുള്ളതും അറിയാത്തതും ആയ ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ്.വിമര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്കു വെക്കാന്‍ ആര്‍ക്കെങ്കിലും കഴിയട്ടെ എന്ന് ആശിക്കുന്നു 
  





Wednesday, May 7, 2014

അവിഹിതം

മൃത്യുവിനെക്കുറിച്ചെഴുതുമ്പോള്‍ എന്നോടവര്‍ ചോദിച്ചത് നിരാശയെക്കുറിച്ചായിരുന്നു.മറുപടി പറയാന്‍ മരണം എന്‍റെ മുന്നില്‍ ഉണ്ടെന്ന് അവര്‍ മറന്നുവെന്ന് തോന്നുന്നു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കാമുകനെ അന്വേഷിച്ചവര്‍ യാത്ര തുടങ്ങുമെന്ന് ഞാനുറപ്പിച്ചു.ഇനിയൊരു ആശയം കണ്ടെത്തിയേ മതിയാവൂ.ഞാന്‍ തീരുമാനിച്ചു ...അവനെ കാണാന്‍ ഇനി വൈകിക്കൂടാ

" എന്‍റെ പ്രണയം ..അത് എന്റേതു മാത്രമാണ്"
" നീ പ്രണയിക്കു പെണ്ണേ ..നിന്‍റെ പ്രണയത്തിലും മോഹത്തിലും എന്തിനു നാണത്തില്‍ പോലും ഞാന്‍ ഇല്ലേ "
" കളിയാക്കുകയാണല്ലേ? എന്‍റെ പ്രണയം ..അത് നീയാണോ? "
" അറിയില്ലെനിക്ക്‌ ..പെണ്ണിന്‍റെ മനസ്സോ വികാരങ്ങളോ ഇതുവരെ ഞാന്‍ അറിഞ്ഞിട്ടില്ല"
" പ്രണയം അന്വേഷിക്കുമ്പോള്‍ ഒരുവന്‍ എന്നോട് ആവശ്യപ്പെട്ടത് എന്‍റെ ഭ്രമിപ്പിക്കുന്ന ത്രസിപ്പിക്കുന്ന അധരത്തിന്‍റെ മധുരമാണ് "

പിന്നീടവന്‍ ഒന്നും സംസാരിച്ചില്ല. അകലെയെവിടെയോ പൂത്ത ഇലഞ്ഞിമരത്തിന്‍റെ സുഗന്ധം പേറിയൊരു കാറ്റ് ഞങ്ങളെ തഴുകിയകന്നു.അപ്പോളവന്‍ എന്‍റെ കണ്ണിലെ ബാക്കിവന്ന പ്രണയം മനസ്സാല്‍ മൊത്തിക്കുടിക്കുകയായിരുന്നു.ഞാനാവട്ടെ അവന്‍റെ മനസ്സിലെന്‍റെ പ്രണയം പെയ്തിറങ്ങാന്‍ ആത്മാവുകൊണ്ട് ആശിക്കയും.ഇതുവരേക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രണ്ടുപേരായ് മാറിക്കഴിഞ്ഞുവോ ഞങ്ങള്‍.ജന്മം മുതലിന്നുവരെ അമ്മയല്ലാതെയുള്ള സ്ത്രീകളെ വിഭ്രമജീവികള്‍ മാത്രമായി കണ്ട പുരുഷന്‍..എഴുത്തില്‍ സ്വയം തേടുന്നൊരു സ്ത്രീ ..അവര്‍ക്കെങ്ങനെ പരസ്പരം അറിയാനാവും.

മനസ്സിലുദിച്ച പ്രണയം അയാള്‍ പോലുമറിയാതെ കുഴിച്ചു മൂടണമെന്ന് ആഗ്രഹിച്ചവളാണ് ഞാന്‍. ശരീരമുഴുപ്പുകളും പണവുമറിയാതെ എന്നെയറിഞ്ഞതിനാലോ എകാന്തതയിലെന്‍റെ ഭ്രാന്തുകള്‍ക്ക് കൂട്ടിരുന്നതിനാലോ അതോ അയാളുടെ പരുക്കന്‍ സ്വഭാവത്തില്‍ ഇടയ്ക്കിടെ എന്‍റെ പിടിവാശികള്‍ക്ക് മുന്നിലല്‍പ്പം തല കുനിച്ചതോ അയാളെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

" നീയെല്ലാം മറക്കും പെണ്ണേ ...എന്നെയും ..."
" ഇല്ല എന്നൊരു നുണ പറയുവാന്‍ എനിക്കാവും ..പക്ഷെ .."
" വേണ്ട ..എന്നോട് നീ കള്ളം പറയുന്നതും ചെയ്യുന്നതുമെനിക്ക് സഹിക്കാനാവില്ല "

അനിവാര്യമായൊരു നിശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ സമയമായെന്ന് ഓര്‍മ്മപ്പെടുത്തിയെന്നോണം ഒരു കാറ്റ് തഴുകി കടന്നു പോയി

" ഞാന്‍ പോകട്ടെ ?"
വളരെപ്പെട്ടന്നാണ് അവനെന്നെ കടന്നു പിടിച്ചു ചുംബിച്ചത്. ആ കൈകളില്‍ ശ്വാസം മുട്ടും പോലെ ...എന്‍റെ കണ്ണുകള്‍ എന്തോ നിറഞ്ഞൊഴുകി...

" അപ്പോള്‍ ...നീ ..നീയെന്നെ സ്നേഹിച്ചിരുന്നുവല്ലേ? "
" അത് അറിയുവാന്‍ നിനക്ക് ഈ കാറ്റും കുളിരും വേണ്ടി വന്നുവല്ലേ .."
" പക്ഷേ ...ഒരിക്കലും ..."
" അറിയാം ..പക്ഷെ ഞാന്‍ നിന്നെ സ്വന്തമാക്കിയാല്‍ നിലക്കുന്നത് നമ്മുടെ പ്രണയമാണ് പെണ്ണേ .."
" നീയറിയുന്നുവോ ഇന്ന് നിന്നെ സ്നേഹിക്കുവാന്‍ എനിക്കൊരുപാട് ചിന്തിക്കേണ്ടി വരുന്നു. കാലം പതിച്ചു നല്‍കിയൊരു ഓമനപ്പേരുണ്ട് .....               " അവിഹിതം " "
 " നല്ലൊരു പ്രയോഗമാണത്....ഹിതമായത് എന്താണീ ഭൂമിയില്‍? നീ നിന്‍റെ കിടപ്പറയില്‍ മടിയോട് നിന്റെ ശരീരമാ കാമദാഹിക്കു കാഴ്ച്ച വെക്കുന്നതോ ..നീ പോലുമറിയാതെ നിന്‍റെ മനസ്സ് നുകര്‍ന്ന പ്രണയമോ അവിഹിതം ? പറയു നീ .."
" സമ്മതിക്കുന്നു ഞാന്‍...... കാലം ഹിതത്തെയും അവിഹിതമാക്കുന്നു..."
" പെണ്ണേ ..ഒരിക്കല്‍ നീയും ഞാനുമീ ഭൂമിയില്‍ ഇല്ലാതെയാവും ..ഈ കാറ്റ് അന്നുമിതുപോലെ സുഗന്ധം പേറി കടന്നു വരും ..പക്ഷെ അപ്പോളും പ്രണയമീ ഭൂമിയില്‍ അവിഹിതമായി തുടരും .."

ഇനിയൊരു കഥയില്‍ കടന്നുവരാനിരിക്കുന്ന അവിഹിതത്തെയോര്‍ത്തു ഞാന്‍ എന്‍റെ പേന കയ്യിലെടുത്തു...കാറ്റ് മറ്റൊരു അവിഹിത കഥ പാടുവാന്‍ തിടുക്കം കൂട്ടിയകന്നു






Friday, May 2, 2014

അരോചകം

അഞ്ച് മണിയുടെ അലാറ ശബ്ദവും തേഞ്ഞു തുടങ്ങിയ ചെരുപ്പിന്‍റെ ഉരയുന്ന ശബ്ദവും അവര്‍ക്ക് എന്നും അരോചകമായിരുന്നു.പിറു പിറുത്തു കൊണ്ട് അവര്‍ പ്രതിഷേധം അറിയിച്ചു.

നിശബ്ദമായ ഇന്നത്തെ പുലരിയില്‍ അസഹ്യതയുടെ പാരമ്യതയിലൊരു ഹോം നേഴ്സ് അവരുടെ വിസര്‍ജ്ജനം വൃത്തിയാക്കുമ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ അരോചകത്തിനു വേണ്ടിയെന്നോണം മിഴികള്‍ നിറയുന്നുണ്ടായിരുന്നു.

Thursday, January 9, 2014


Thursday, November 21, 2013

ഭൂമിയിലെ മാലാഖമാര്‍

നാലരയുടെ അലാറം ഒന്ന് കൂടി മാറ്റി വെച്ച് മയങ്ങാം എന്ന് തീരുമാനിക്കുമ്പോള്‍ ശരീരത്തോട് കൂടുതല്‍ പറ്റിച്ചേര്‍ന്നു ജീവന്‍റെ പാതിതുടിപ്പ്. പാതി മയക്കത്തില്‍ നുകര്‍ന്ന അമൃതം മുഖത്ത് ഉണങ്ങിയിരിക്കുന്നു. മാതൃഹൃദയം ശരീരത്തിന്‍റെ ഉറക്കത്തെ തരണം ചെയ്യാന്‍ വേഗം സഹായിച്ചു. ഇനിയുള്ളതെല്ലാം ജീവിതത്തിന്‍റെ സ്ഥിരചലനങ്ങള്‍ ആയിരിക്കുന്നു.ചായയില്‍ തുടങ്ങി ചോറ് പൊതികളില്‍ അവസാനിക്കുന്ന ഓട്ടപ്പാച്ചിലുകള്‍.ആറു മണിക്ക് മുന്‍പേ ഉറക്കം അലോസരപ്പെടുത്തിയതിന്‍റെ പ്രതിഷേധം കരച്ചിലായ് പ്രകടിപ്പിച്ചപ്പോള്‍ ആശ്വസിപ്പിക്കാനും നല്ലൊരു സമയം വേണ്ടി വന്നു.

ആത്മാവിന്‍റെ ഒരു ഭാഗം പറിച്ചെടുത്ത്‌ ഒരു സ്ത്രീയെ ഏല്‍പ്പിക്കുമ്പോള്‍ ചുറ്റുമിരുന്നു കരയുന്ന ഒരു കൂട്ടം കുഞ്ഞുങ്ങള്‍ ആശ്വാസമാണ്. ഞാന്‍ തനിയെ അല്ല എന്ന ആശ്വാസം.

ജോലിക്ക് വൈകി വരുന്നതിന് ട്രാഫിക് ബ്ലോക്ക്‌ എന്നൊരു പഴി ചാരല്‍ സ്ഥിരമായിരിക്കുന്നു.നേരത്തെ ഇറങ്ങണമെന്ന് കരുതിയാലും നടക്കുകയില്ല. ഇനി ഭര്‍ത്താവും കുഞ്ഞും ഒന്നും ഓര്‍മ്മയില്‍ പാടില്ല. അതാണ്‌ ജോലി.

വിഭജിച്ചു കിട്ടിയ പങ്കു പോലൊരു രോഗിയെ മറ്റൊരാളില്‍ നിന്നും കൈപ്പറ്റുമ്പോള്‍  അവരെപ്പോലെ തന്നെ ഞാനും കൂട്ടിയും കുറച്ചുമേറെ കുറ്റങ്ങള്‍ കണ്ടു പിടിച്ചു. ഇനി എന്‍റെ ഊഴമാണ്. മുന്‍പില്‍ ഇരിക്കുന്ന ഒരുപാട് കടലാസുകള്‍ എഴുതി പൂര്‍ത്തിയാക്കണം. എഴുത്തില്ലെങ്കില്‍ ജോലി ചെയ്തില്ല എന്നതാണ് ഇവിടെ ന്യായം. എഴുത്തു തുടങ്ങുമ്പോള്‍ തന്നെ രോഗി വിളിച്ചു.

വേലക്കാരിയുടെ പരിഗണന പോലും നല്‍കാതെ പൃഷ്ടം കഴുകാന്‍ ആവശ്യപ്പെട്ട അറബിയോട് മുഖം കറുപ്പിക്കാന്‍ ആവാത്ത നിസ്സഹായത.നിതാഖാത്തും ശമ്പളവും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണല്ലോ. മുടങ്ങാതെ വരുന്ന അമ്മയുടെ ആവശ്യങ്ങളും ഒരിക്കലും തീരാത്ത ലോണുകളും അറബിയുടെ വിസര്‍ജ്ജന ഗന്ധത്തെ മറികടന്നു. ഒരു മാസ്കില്‍ ദുര്‍ഗന്ധം അടക്കാന്‍ ശ്രമിച്ചു കൊണ്ട് ആ നൂറു കിലോയുള്ള രോഗിയെ അന്‍പതില്‍ താഴെ മാത്രം ഭാരം ഉള്ള നേഴ്സ്  ചരിച്ചു പിടിച്ചു.

വീണ്ടും കടലാസ് കൂമ്പാരത്തിലേക്ക് ഊളിയിടാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ എത്തി . ഇനിയൊരു ചോദ്യോത്തര പരിപാടി  തുടങ്ങുകയായി. പേപ്പറുകളില്‍ ഭദ്രമായ രോഗിയുടെ വിവരങ്ങള്‍ മറിച്ചു നോക്കാന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍മാര്‍ ആണ് അധികവും. ചിലരാവട്ടെ രോഗിയെ നേഴ്സിന്‍റെ കണ്ണിലൂടെ മാത്രം പരിശോധിച്ചു മടങ്ങുന്നവരും.

അയാള്‍ എഴുതി വെച്ച് പോയ മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങണം. രോഗിയെ സ്ഥിര മരുന്നുകളും ഭക്ഷണവും  കഴിപ്പിക്കണം. വീണ്ടും ആ മുറിയിലേക്ക്. ഇതിനിടെ നേഴ്സ് ഭക്ഷണം കഴിച്ചുവോ എന്ന് രോഗിക്ക് അറിയേണ്ട കാര്യം ഇല്ലലോ.ഭക്ഷണം കൊടുത്തു വാ കഴുകിക്കുമ്പോള്‍ രോഗിക്ക് മനം പുരട്ടല്‍. ഒരു പാത്രം എടുത്തു വരും മുന്നേ അത് കട്ടിലില്‍ ആകെ പടര്‍ത്തി കഴിഞ്ഞിരുന്നു.ഇനി ആദ്യം മുതല്‍ തുടങ്ങുകയായി.

ഉച്ചയൂണും അങ്ങനെ മുടങ്ങി.വീണ്ടും പേപ്പറുകള്‍ കയ്യിലെടുക്കുമ്പോള്‍ എത്തി ചാര്‍ജ് നേഴ്സ് വക പരിശോധന. ഇതുവരെ ഇതൊന്നും എഴുതിത്തീര്‍ക്കാന്‍ സമയം ആയില്ലേ ? ഹെല്‍പ്പ് കിട്ടിയാലും നിങ്ങള്‍ക്ക് ഒന്നും തീരില്ല ....എന്നിങ്ങനെ ശകാര വര്‍ഷം ആംഗലേയ ഭാഷയില്‍ പുരോഗമിക്കവേ അറിയാതെ നാവില്‍ നിന്നും ആ തിരുവചനം വീണു " പുല്ല് " . അതിനും കിട്ടി ഒരു റിയാല്‍ "ഫൈന്‍". ഇംഗ്ലീഷ് അല്ലാത്ത ഭാഷ ജോലി സമയം ഉപയോഗിച്ചതിനുള്ള ശിക്ഷ.

നേഴ്സ് നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നം ആണ് "INSERVICE EDUCATION". അത്യാധുനികത, രോഗി പരിചരണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള വലിയൊരു ശ്രമം. സമയം ഇല്ലാത്ത സമയത്തും ഒന്നൊന്നര മണിക്കൂര്‍ ക്ലാസ്സുണ്ട്  ഇതിനു വേണ്ടി. പങ്കെടുക്കണം എന്ന് നിര്‍ബന്ധവും.

ആരോ വന്നൊരു ദയ കാട്ടി. "ഒന്ന് കാപ്പി കുടിച്ചു വന്നോളു, ഞാന്‍ രോഗിയെ നോക്കാം എന്നൊരു കനിവ്". ചായ ഇട്ടു കഴിഞ്ഞപ്പോള്‍ തന്നെ എത്തി വിളി. ആ ചായ വാഷ്‌ ബേസനില്‍ കമിഴ്ത്തി തിരികെ വരുമ്പോള്‍ നെഞ്ചില്‍ വിങ്ങുന്ന മാതൃത്വം വേദനയായ് പരിണമിച്ചു കഴിഞ്ഞിരുന്നു. ഒരു പരവേശമായിരുന്നു എങ്ങനെയെങ്കിലുമൊന്നു എഴുതി പൂര്‍ത്തിയാക്കാനും അവിടുന്ന് കടക്കാനും.

വീട്ടിലെത്തി കുളിച്ചു വേഗം കുഞ്ഞിനെ മുലയൂട്ടി വീണ്ടും അടുക്കളയിലേക്ക്. രാവിലെ കഴുകാന്‍ ബാക്കി വെച്ച പാത്രങ്ങളുമായി ഒരു മല്‍പ്പിടുത്തം. ഇടയില്‍ കേട്ടു " ഇന്ന് ചോറ് വേണ്ട ചപ്പാത്തി മതി ട്ടോ " ഭര്‍ത്താവിന്റെ വകയാണ്.

ഇന്നത്തെ യുദ്ധം തെല്ലൊതുക്കി കട്ടിലിലെത്തിയപ്പോള്‍ കുറുകി വന്ന ഇണയോട് നടുവേദനയെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി :

" രാവിലെ മുതല്‍ ഒരു സിറിഞ്ചും പിടിച്ചു തെക്കോട്ടും വടക്കോട്ടും നടക്കുന്ന നിനക്ക് എന്നും നടുവേദന! നമ്മള്‍ കാണാത്തതല്ല  ഈ നഴ്സിംഗ് !! "


സമര്‍പ്പണം : ഭൂമിയിലെ മാലാഖമാര്‍ക്ക്

Saturday, October 5, 2013

അവശേഷിപ്പുകള്‍

അഞ്ചാമത്തെ നിലയെന്നാണ് അയാള്‍ പറഞ്ഞത്. പഴയ കെട്ടിടമായതിനാലാവാം ആ ലിഫ്റ്റും ഒരു വയസ്സനെ പോലെ കിതച്ചും ശബ്ദമുണ്ടാക്കിയുമാണ് മേല്പോട്ടുയര്‍ന്നത്‌.പരമാവധി ധൈര്യം സംഭരിച്ചവര്‍ ഒരു മൂലയില്‍ ചാരി നിന്നു.അധികമാരും ഈ ലിഫ്റ്റ്‌ ഉപയോഗിക്കുന്നില്ല എന്നത് വൃത്തിഹീനത വിളിച്ചോതി.

നാലാം നിലയിലെത്തി ലിഫ്റ്റ്‌ ഒരു മുരള്‍ച്ചയോടെയെന്നോണം നിന്നു.വാതില്‍ തുറക്കവേ ഒരാള്‍ ധൃതിയോടെ ഓടി വന്നു കയറി.പെട്ടന്നുള്ള ഭയം കാരണം അയാളോട് ഒന്നും സംസാരിക്കാതെ അവര്‍ നിന്നു. അയാളും നിശബ്ദനായിരുന്നു. അയാളുടെ കിതപ്പ് വ്യക്തമായ് മുഴങ്ങി കേട്ടു. സാരിയുടെ തുമ്പു കൊണ്ട് മൂക്ക് പൊത്തിയവര്‍ അയാളില്‍ നിന്നു വന്ന വിയര്‍പ്പു ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു.

അഞ്ചാം നിലയിലെത്തി വാതില്‍ തുറന്നതും അയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നെയും ഒരു നിമിഷം വേണ്ടി വന്നു അവര്‍ക്ക് ധൈര്യം വീണ്ടെടുക്കാന്‍.ലിഫ്റ്റിന്റെ വാതില്‍ അടയും മുന്‍പേ ബദ്ധപ്പെട്ടാണവര്‍ പുറത്തിറങ്ങിയത്.ഭയാനകമായ ഇരുട്ടാണ്‌ ചുറ്റിനും. തിരിച്ചു ലിഫ്റ്റില്‍ എത്തുക എന്നതും ദുഷ്കരം ആയ ജോലിയാണ്. ഒരു മനുഷ്യ ജീവിയെ പോലും എങ്ങും കാണുന്നില്ല.ഈ തികഞ്ഞ ഭീകരതയിലേക്ക് എന്തിനാണയാള്‍ വരാന്‍ പറഞ്ഞത്? എവിടെയാവും അയാള്‍? ഇപ്പോള്‍ വന്നിറങ്ങിയ മനുഷ്യന്‍ പോലും എവിടെയുമില്ല ...ഞാന്‍ ഇറങ്ങുമ്പോള്‍ പകല്‍ ആയിരുന്നുവല്ലോ ഇത്ര പെട്ടന്ന് എങ്ങനെ ഇരുട്ട് ?..ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോലെ വിയര്‍പ്പു തുള്ളികള്‍ കഴുത്തിലൂടെ ഒഴുകി സാരിയെ നനച്ചിരുന്നു.

അല്‍പ ദൂരെ അവര്‍ ഒരു പ്രകാശം കണ്ടു.ഒരു മുറിയെന്നു മനസ്സിലായി. " ആരുമില്ലേ"  എന്നുറക്കെ ചോദിച്ചു കൊണ്ട് വാതിലില്‍ തട്ടി.ആ വാതില്‍ തനിയെ തുറന്നു.ആ മുറിയില്‍ ഒരു മേശയും കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മേശക്കു മുകളില്‍ മങ്ങി കത്തുന്ന വോള്‍ട്ടെജു കുറഞ്ഞൊരു ലൈറ്റും. അവര്‍ സൂക്ഷ്മമായ്‌ പരിശോധിച്ചു..ഇല്ല ..മറ്റൊന്നുമില്ല ..മറ്റൊരാളുമില്ല..വല്ലാത്ത ക്ഷീണം തോന്നി അവര്‍ക്ക്..ആ കസേരയില്‍ ഇരുന്നു..മേശമേല്‍ തല ചായ്ച്ചു..

എന്തോ ശബ്ദം കേട്ടാണവര്‍ ഞെട്ടിയുണര്‍ന്നത്. വാതില്‍ അടഞ്ഞു കിടക്കുന്നു. "ഞാന്‍ അത് തുറന്നിട്ടാണല്ലോ ഇവിടെ ഇരുന്നത്" ആലോചനയോടെ അവര്‍ ചാടി എണീറ്റു. ഭയം സിരകളെ മരവിപ്പിച്ചു. പുറത്തു നിന്ന് ആരോ ആ വാതില്‍ പൂട്ടിയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നി. ഉറക്കെ നിലവിളിച്ചു കൊണ്ടവര്‍ ആ വാതിലില്‍ ആഞ്ഞിടിച്ചു.പക്ഷെ അവിടെയെങ്ങും ജീവന്‍റെ ഒരു കണിക പോലും അവര്‍ക്ക് അനുഭവപ്പെട്ടില്ല. തളര്‍ന്നു താഴെ ഇരുന്ന അവരുടെ മനസ്സിലൂടെ ആ മനുഷ്യന്‍ കടന്നു വന്നു ..ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍ ..ഒരു പക്ഷെ അയാള്‍ ....അയാള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നതാണോ ? ..വിതുമ്പി കരഞ്ഞു കൊണ്ട് അവര്‍ കുനിഞ്ഞിരുന്നു. തന്‍റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ഓഫീസില്‍ നിന്നും വന്ന ഭര്‍ത്താവും സ്കൂള്‍ വിട്ടു വന്ന മക്കളും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ? സമയം എത്രയെന്നു പോലും അറിയുന്നില്ലലോ ..അവര്‍ ഓര്‍ത്തു

അവര്‍ മൂന്നു പേര്‍. ഒരാള്‍ ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍.ബാക്കിയുള്ള രണ്ടു പേര്‍ അയാളുടെ ശരീര പ്രകൃതമല്ല..ഉരുണ്ട മാംസപേശികളും കറുത്ത ശരീരവും ക്രൂര മുഖഭാവവുമുള്ള രണ്ടു പേര്‍.അസാമാന്യ പൊക്കം.വിയര്‍പ്പില്‍ കുതിര്‍ന്ന ശരീരവും ഭീതി പൂണ്ട കണ്ണുകളുമായ് പരമാവധി ഭിത്തിയില്‍ ചാരി അവര്‍ നിന്നു. ആ കസേരയിലിരിക്കാന്‍ ഒരാള്‍ ആജ്ഞാപിച്ചു. എതിര്‍ത്തൊന്നും പറയാനാവാതെ അവര്‍ ഇരുന്നു. ആ മൂന്നു പേര്‍ മറ്റെന്തോ ഭാഷ സംസാരിക്കും പോലെ തോന്നി. ഒരാള്‍ അവളെ കൊല്ലണം എന്നും മറ്റൊരാള്‍ മുഖം വികൃതമാക്കണം എന്നും മൂന്നാമനാവട്ടെ അവളുടെ ഭര്‍ത്താവിനു വിഷമം വരുന്ന വിധമൊന്നും ചെയ്യരുതെന്നും പറഞ്ഞത് അവള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആയിരുന്നു. അവള്‍ക്കൊന്നും മിണ്ടാനോ വെറുതെ വിടണമെന്ന് യാചിക്കാനോ സാധിച്ചില്ല. പകരം വെള്ളം ..എന്ന് മാത്രം പറഞ്ഞു. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആള്‍ കുപ്പിയില്‍ പാതിയായ വെള്ളം മേശയുടെ മുകളില്‍ ശബ്ദത്തോടെ വെച്ചു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു. പക്ഷേ വെള്ളം ബാക്കിയായി

" നീ തെറ്റുകാരിയാണ് ..ശിക്ഷ അനുഭവിക്കണം " ഒരാള്‍ പറഞ്ഞു.
" ഇല്ല ..ഞാന്‍ തെറ്റൊന്നും ചെയ്തില്ല " പറഞ്ഞു തീരും മുന്നേ അയാള്‍ മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് അവളുടെ കൈ വരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞവള്‍ സാരിത്തുമ്പ് കൊണ്ട് ആ ചോരയൊപ്പി.
"പിന്നെ എങ്ങനെ നീ ഇവിടെയെത്തി? " അയാള്‍ ചോദിച്ചപ്പോള്‍ കണ്ണില്‍ തീ ഉണ്ടെന്നു തോന്നി അവര്‍ക്ക്
"അറിയില്ല ..എനിക്കൊന്നുമറിയില്ല..ആരോ എന്നെ വിളിച്ചതാണ്..എനിക്കൊന്നും അറിയില്ല..."
" നീ തെറ്റുകാരിയാണ് .." ഉറക്കെ അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് തറയില്‍ ചുരുണ്ടിരുന്നു.ആ മൂന്നുപേരും പുറത്തേക്കു പോകുമ്പോള്‍ വാതില്‍ വലിച്ചടച്ചു. തളര്‍ന്നവള്‍ തറയിലിരുന്നു.

കാളിംഗ് ബെല്‍ ശബ്ദം ആണ് അവരെ ഉണര്‍ത്തിയത്.ചാടിയുണര്‍ന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആണെന്ന സത്യം മനസ്സിലായി.
"അപ്പോള്‍ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ ?" അവര്‍ ആലോചിച്ചു. വീണ്ടും ബെല്‍ മുഴങ്ങി.വേഗം പോയി വാതില്‍ തുറന്നപ്പോള്‍ ഭര്‍ത്താവും കുട്ടികളും
"എന്തെ ഇന്ന് നീ ഉറക്കമായിരുന്നോ? എത്ര നേരമായി ബെല്‍ അടിക്കുന്നു? "

'അച്ഛാ ..ദെ അമ്മയുടെ കൈ മുറിഞ്ഞിരിക്കുന്നു"
 കുട്ടികളുടെ ബാഗ്‌ പെട്ടന്ന് നിലത്തേക്ക് വീണു പോയി. അത് തട്ടി പാതിയായ വെള്ളവുമായ് ഒരു കുപ്പി ഉരുണ്ടു നീങ്ങി

Saturday, September 14, 2013

നീയും ...നിലാവേ

പുറത്തു നല്ല തണുപ്പാണ് .ഞാന്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ ഭര്‍ത്താവ് പിറു പിറുക്കുന്നത് കേട്ടു.
 " ശല്യം ആ ലൈറ്റ് ഒന്ന് ഓഫ് ആക്കുമോ? "
മെല്ലെ എഴുന്നേറ്റു വരാന്തയില്‍ വന്നിരുന്നു. പഴകിയ സാധനങ്ങള്‍ മാറ്റി പുതിയതോരോന്നു വാങ്ങുമ്പോള്‍ എന്‍റെ പഴയ മേശയും കസേരയും ഇവിടെ ഉപേക്ഷിക്കാന്‍ തോന്നിയത് നന്നായി. അല്ലെങ്കിലും അയാള്‍ക്കെന്നും പുതിയതിനോടായിരുന്നല്ലോ താല്‍പ്പര്യവും. കടുത്ത തണുപ്പില്‍ എന്നെ പുണരാതെ ഉറങ്ങാന്‍ ആവില്ല എന്നും എന്‍റെ വയറിനു നല്ല ചൂടാണെന്ന് പറഞ്ഞതും പിന്നെ സാരി മാറ്റി എന്‍റെ വയറില്‍ കുത്തി കൊള്ളുന്ന മീശയുള്ള മുഖം ചേര്‍ത്ത് അമര്‍ത്തി ഉറങ്ങുമ്പോളും അയാള്‍ ഇത് പോലെ പിറു പിറുത്തിരുന്നു.
" നീ എന്‍റെ ഭാഗ്യമാണ് "
മങ്ങിയ നിലാവ് ജനലിലൂടെ എന്നെ നോക്കുന്നു. ഒരു പക്ഷെ എന്നെ കളിയാക്കുകയാവാം. അല്ലെങ്കില്‍ നീ ഇന്ന് എന്തെഴുതാന്‍ പോവുന്നു എന്ന് പുച്ഛത്തോടെ ചോദിക്കയുമാവാം. എനിക്കെഴുതണം. നിന്‍റെ വെളിച്ചം എനിക്ക് മതിയാവില്ല. ഒരുപാട് പറയുവാന്‍ ഉണ്ടെനിക്ക് ഈ ലോകത്തോട്. എന്‍റെ അക്ഷരങ്ങള്‍ അത് പറയണം. സ്ത്രീ എന്ന ഈ വേഷത്തില്‍ എനിക്ക് പറയാന്‍ സ്വാതന്ത്ര്യം ലഭിക്കാത്ത പലതും എനിക്ക് പറയണം. ഇപ്പോള്‍ ഞാന്‍ എഴുതുന്നതൊരു പുരുഷനായിട്ടാണ്. അങ്ങനെ എഴുതിയാല്‍ ഒരു പക്ഷെ ലോകം എന്നെ തിരിച്ചറിയില്ലായിരിക്കാം. എനിക്ക് എന്‍റെ സ്ഥാനം ലഭിക്കില്ലായിരിക്കാം. പേര് ..പ്രശസ്തി ..ഒന്നും വേണ്ട...പക്ഷെ നാളെ ഉണരുമ്പോള്‍ അറിയാതെ എങ്കിലും എന്‍റെ ഭര്‍ത്താവ് ഇത് വായിക്കാന്‍ ഇടയായാല്‍ അയാള്‍ എന്നെ അഭിസാരിക എന്ന് വിളിക്കും.

" ആളുകള്‍ക്ക് മുന്നില്‍ എന്നെ നാണം കെടുത്താന്‍ ഇറങ്ങിയ തേവിടിശ്ശി "

പല തവണ കേട്ടിരിക്കുന്നു ഞാന്‍ ഇത്. എനിക്ക് മനസ്സിലായിട്ടില്ല ഇതുവരെ ആ പദത്തിന്റെ അര്‍ഥം. അയാള്‍ പറയുമ്പോള്‍ ഒക്കെയും ഞാന്‍ ആലോചിക്കും. ഇഷ്ടമില്ലാത്ത രാത്രികളില്‍ പോലും ഞാന്‍ അയാള്‍ക്ക് മുന്നില്‍ വിവസ്ത്രയായ്‌ കിടന്നിട്ടുണ്ട്. എന്‍റെ ചുണ്ടുകള്‍ പൊട്ടി ചോര വന്നിട്ടുണ്ട്. അടുത്ത ദിവസം സോപ്പ് തേക്കുമ്പോള്‍ എന്‍റെ മുലകള്‍ വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്. സ്ത്രീയുടെതെന്നു അന്തസ്സോടെ പറയാന്‍ ഈ ശരീരത്തില്‍ നീ ബാക്കി വെച്ചത് എന്താണ്?  കടിച്ചു മുറിക്കപ്പെട്ട ശരീര ഭാഗങ്ങള്‍ അല്ലാതെ

മുറിക്കുള്ളിലേക്ക് കയറി പകുതി എരിഞ്ഞു മരിച്ച ഒരു പഴയ മെഴുകുതിരി ഞാന്‍ എടുത്തു. അയാള്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കവറിന്റെ അടുത്തായ് ഇരുന്ന ലൈറ്ററും എടുത്തു മെല്ലെ പുറത്തു കടന്നു. അയാള്‍ മദ്യ ലഹരിയില്‍ ചീത്ത പറയുന്നത് കേള്‍ക്കാമായിരുന്നു.

മേശയില്‍ ആ മെഴുകുതിരി ഉറപ്പിച്ചു ഞാന്‍ എഴുതാന്‍ തയ്യാറെടുത്തു. ജനലിലൂടെ ആ നിലാവ് അപ്പോളും എന്നെ നോക്കി. ഇനി എനിക്കൊരു പുരുഷന്‍ ആവണം. ഞാന്‍ സാരിയുടെ തുമ്പു മടക്കി വയറിന്‍റെ ഇടതു വശത്ത് എന്‍റെ പാവാടക്കുള്ളില്‍ തിരുകി. മുടി വട്ടം ചുറ്റി കെട്ടി വെച്ചു. മുഖം അമര്‍ത്തി തുടച്ചു. ഇടത്തേ കാല്‍ മുട്ടിനു മുകളില്‍ വലത്തേ കാല്‍ കയറ്റി വെച്ച് ഇരുന്നു. എന്‍റെ തുടകള്‍ക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു. അയാള്‍ പറഞ്ഞത് പോലെ എന്‍റെ വയറിനും ചൂട് കാണുമോ? എഴുന്നേറ്റു നിന്ന് ഞാന്‍ മെല്ലെ എന്‍റെ നാഭിയില്‍ ഒന്ന് തൊട്ടു. ഇല്ല തണുപ്പാണ്. വയറില്‍ ആകെ ഞാന്‍ കൈ ഓടിച്ചു. ഇല്ല അയാള്‍ക്കത് തോന്നിയത് മാത്രമാണ്. എനിക്ക് തണുപ്പാണ്. വീണ്ടും ഞാന്‍ എഴുതാന്‍ ഇരുന്നു. അപ്പോള്‍ എനിക്കയാളെ ഒന്ന് കൂടെ കാണാന്‍ തോന്നി. മെല്ലെ അയാള്‍ ഉറങ്ങുന്ന കട്ടിലിലെക്ക് ഞാന്‍ നോക്കി. ഒരു വശം ചെരിഞ്ഞു കിടന്നുറങ്ങുന്നു എന്‍റെ ഭര്‍ത്താവ്. ഒരിക്കല്‍ ഞാന്‍ ഇയാളെ പ്രേമിച്ചിരുന്നോ? എനിക്കതിനു കഴിഞ്ഞിരുന്നോ? അടുത്തിരുന്നു ഞാന്‍. ..

ഈ മനുഷ്യനെ ഞാന്‍ ഭര്‍ത്താവ് ആക്കിയതിന് എന്ത് കാരണം ആയിരുന്നു? ഒരു രാത്രി എന്നെ കയറി പിടിച്ചപ്പോള്‍ പ്രതികരിക്കാന്‍ കഴിയാഞ്ഞതിനാലോ? അന്ന് മുതല്‍ ഇന്ന് വരെ എല്ലാ പുരുഷന്മാരെയും എതിര്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നെ അന്ന് എനിക്കെന്താണ് സംഭവിച്ചത്? അന്ന് ഞാന്‍ ഒരുപാട് വോഡ്ക കഴിച്ചിരുന്നോ?  ഇയാള്‍ എന്നോട് അന്നും പറഞ്ഞിരുന്നു നിന്നെ കാണാന്‍ ഒരു ഭംഗിയുമില്ലെന്ന്..പിന്നെ നെഞ്ചിന്‍റെ കൂടിനു പുറത്തു ഒട്ടിച്ചു വെച്ച ചെറിയ മാംസ കഷണങ്ങള്‍ പോലെ ആണ് നിന്‍റെ മുലകള്‍ എന്നും ഒരാള്‍ക്കും നിന്നോട് കാമം എന്നൊന്ന് തോന്നില്ല എന്നും...ഹിന്ദിക്കാരി പെണ്‍കുട്ടികളുടെ ചന്തി കണ്ടാല്‍ ആണുങ്ങള്‍ക്ക് ആകര്‍ഷണം തോന്നും എന്നും ..നീ ഇവരോട് തട്ടിച്ചു നോക്കിയാല്‍ വെറുമൊരു പാഴ്വസ്തു ആണെന്നും അയാള്‍ പറഞ്ഞതാണ്. എന്നിട്ടും ഇയാളെ ഞാന്‍ ഭര്‍ത്താവാക്കി.

അയാളോട് കൂടുതല്‍ ചേര്‍ന്നിരുന്നു ഞാന്‍. .. അടുക്കുന്തോറും അകറ്റുന്ന മദ്യവും സിഗരറ്റും വിയര്‍പ്പും കൂടിയ ഗന്ധം.. അയാളുടെ മുഖത്ത് അപ്പോളും കുറ്റി രോമങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. ആ മുഖം ഞാന്‍ പിടിച്ചു സാരി മാറ്റി എന്‍റെ വയറില്‍ വെച്ചു. എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു..അയാള്‍ ഉണര്‍ന്നത് പെട്ടന്നാണ്..മദ്യ ലഹരിയിലോ അല്ലാതെയോ അയാള്‍ എന്നെ വലിച്ചു കട്ടിലിലേക്ക് ഇട്ടു. എപ്പോളും സംഭവിക്കുന്നത്‌ പോലെ തന്നെ മുറിവുകള്‍ സമ്മാനിച്ചു അയാള്‍ തളര്‍ന്നു കിടന്നു. വേഗം തന്നെ ഉറങ്ങി. എന്‍റെ ചുണ്ടിലെ രക്തം ഞാന്‍ സാരി കൊണ്ട് ഒപ്പി. എന്‍റെ വയറും ദേഹവുമെല്ലാം വല്ലാതെ നീറുന്നു.

സാരി നേരെ ഉടുത്തു ഞാന്‍ വീണ്ടും ആ മേശയുടെ അരികിലെത്തി. ആ മെഴുകുതിരി അണഞ്ഞു കഴിഞ്ഞു..ജനലിലൂടെ നിലാവെന്നെ നോക്കി വീണ്ടും ചിരിച്ചു. പേന മടക്കി ഞാന്‍ മൌനമായ് പറഞ്ഞു

" എനിക്ക് പുരുഷനാവാന്‍ കഴിയില്ല ..ഞാനൊരു സ്ത്രീയാണ് ...വെറുമൊരു സ്ത്രീ "

അകത്തു അപ്പോളും അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

തണുപ്പ് കൂടി വരുന്നു .... എന്‍റെ വയറില്‍ അയാള്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നാഭിചുഴിയില്‍ ....പിന്നെ ..അയാള്‍ അറിയാത്ത എന്‍റെ മനസ്സിലും 

Thursday, August 29, 2013

എന്‍റെ ക്ലാരക്ക്

" ഒരിക്കലും കാണാന്‍ കഴിയാത്ത ഒരു ഭിത്തി  ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.തിരിച്ചറിയാന്‍ ശ്രമിക്കാഞ്ഞതാവം അല്ലെങ്കില്‍ തിരിച്ചറിയപ്പെടാതെ പോയതാവാം.യാത്ര എവിടെ തുടങ്ങി എന്ന് അറിയില്ല. നോട്ടം കൊണ്ടോ അംഗ വിക്ഷേപങ്ങള്‍ കൊണ്ടോ പ്രണയം സമ്മാനിക്കത്തക്കത് എന്നിലോ അവളിലോ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.മനസ്സിലാക്കുവാനും മനസ്സിലാക്കി കൊടുക്കുവാനും പ്രയാസമുള്ള കുറെ പ്രശ്നം ഉള്ള രണ്ടു പേര്‍.. ‍ പ്രണയത്തെ പുച്ഛത്തോടെ കണ്ടിരുന്നവര്‍ അതിലൂടെ തന്നെ ഒന്നായി."

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ ഞാണിന്മേൽ കളി നടത്തുന്ന ചില മനുഷ്യ കോലങ്ങൾ   ..പല പേരുകള്‍ ..പല വേഷങ്ങൾ ... അതിൽ യാചകനും ഈ ഞാനും സ്ഥാനം പിടിച്ചപ്പോൾ ഒരുപാട് മടക്കുകള്‍ നിറഞ്ഞ ഒരു ചാണ്‍ വയറിന്‍റെ വിലാപം ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചത്‌ കേട്ടില്ല എന്നാരോ നടിച്ചതാവാം ...എന്‍റെ ക്ലാരയുടെ വിലാപം നേര്‍ത്തടങ്ങിയൊടുങ്ങിയ ആ ചുമരുകളും നിങ്ങളുടെ കാതുകള്‍ക്ക് അപ്പുറമായിരുന്നുവല്ലോ

" ക്ലാര " പണ്ട് മോഹന്‍ലാലിന്‍റെ സിനിമയില്‍ കാമുകിയായ് മഴ നനഞ്ഞു കയറി വന്നവളല്ല.മടിക്കുത്തഴിച്ചവന്‍റെ മുന്നില്‍ മാനം വിറങ്ങലിച്ചപ്പോള്‍ കേവല ദാമ്പത്യമെന്നൊരു ഓമനപ്പേരും കൊടുത്തു അവനൊപ്പം ശയിക്കേണ്ടി വന്നവള്‍...ഓരോ രാവിലും ഭയത്തോടെ കിടക്കയെ സമീപിച്ചവള്‍....ഭര്‍ത്താവ് എന്നൊരു സത്യത്തെ തീരെ അംഗീകരിക്കാന്‍ ആവാതെ ജീവിത നാടകം വേഷം കെട്ടി ആടുന്നവള്‍...പക്ഷെ എന്‍റെ ക്ലാരയുടെ ആത്മാവിനെ അറിയാന്‍ ആരും ശ്രമിച്ചില്ല...എന്തിനോ വേണ്ടി വിയര്‍പ്പില്‍ കുതിര്‍ന്നൊരു ശരീരഭാരം താങ്ങി മാറിയിരുന്നു കരയാന്‍ വിധിക്കപ്പെട്ടൊരു ആത്മാവുള്ളവള്‍

ഇനി ഈ " ഞാന്‍ " ആരെന്നു പറയുവാന്‍ ബുദ്ധിമുട്ടാവും. എങ്കിലും എന്‍റെ ക്ലാരക്ക് ഞാന്‍ ആരൊക്കെയോ എന്തൊക്കെയോ ആണ്....അല്ല എല്ലാം ആണ്...ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തൊരു ബന്ധം. പ്രതിസന്ധികളെ അറിഞ്ഞും അവഗണിച്ചും വെല്ലുവിളിയോട് മുന്നോട്ടു നീങ്ങുമ്പോള്‍ ഒരിക്കലും ഒരു കൂട്ട് വേണമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ ക്ലാര ഇന്നവള്‍ എന്‍റെ ജീവന്‍റെ ഭാഗമാണ്. മറന്നു തുടങ്ങിയ ചിരിയുടെ മായാത്ത പ്രകാശം തങ്ങി നിന്ന അവളുടെ കണ്ണില്‍ ഇന്നെനിക്കു പ്രണയം കാണാം. മധുരം കിനിയുന്ന അധരം മോഹിക്കുന്ന കാമദാഹവും എനിക്ക് മനസ്സിലാകും

ഇന്ന് ഞങ്ങളുടെ സംഗമദിനമാണ്..കാലങ്ങള്‍ കാത്തിരുന്ന ആ ദിനം ..ആരും അറിയാതെ ദൂരങ്ങള്‍ താണ്ടിയൊരു യാത്രക്കൊടുവില്‍ അവള്‍ ഇപ്പോള്‍ എന്‍റെ കയ്യില്‍ തലവെച്ച് ഉറങ്ങുകയാണ് ...ഇവിടെ ഇപ്പോള്‍ അവള്‍ എന്‍റെ ഭാര്യ ആണ് ..എല്ലാ സുഖ ദുഖവും എനിക്ക് തന്ന എന്‍റെ പെണ്ണാണവള്‍...ജീവിതത്തിലെ ആദ്യ സ്ത്രീ ....ഇരുട്ടില്‍ ഞങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളും മടുപ്പിക്കുന്ന അവളെ പേടിപ്പിക്കുന്ന വിയര്‍പ്പിന്‍റെ ഗന്ധവും ഇവിടെ ഇല്ല ...പുറത്തു പെയ്യുന്ന മഴ അവളുടെ മനസ്സും കുളിര്‍പ്പിച്ചുവോ? അല്‍പം ചെരിഞ്ഞ് എന്‍റെ മാറിന്റെ ചൂടില്‍ മുഖം പൂഴ്ത്തി ക്ലാര ഉറങ്ങുകയാണ് ..സമാധാനത്തോടെ ...അവള്‍ക്കുള്ളില്‍ ഉറങ്ങി കിടന്ന കാമം മറന്നു ഞാന്‍ എന്‍റെ പ്രണയം നിറച്ചു വെച്ച് അവള്‍ക്കു വേണ്ടി കാത്തിരുന്നു ..പുറത്തു മഴ ശക്തിയാര്‍ജിക്കുന്നു ..

ഉറങ്ങു ക്ലാരാ ..ഞാന്‍ നിനക്ക് കാവലിരിക്കാം ...മടുപ്പിക്കാത്ത സുഗന്ധം നിറച്ച സ്നേഹം പകരാം....എന്‍റെ മനസ്സിലെ ചഷകങ്ങളില്‍ നിറച്ച രുധിര നിറമായ വീഞ്ഞു നിനക്ക് പകര്‍ന്നു നല്കാം ...ഒപ്പം നിന്‍റെ ജീവന്‍റെ പ്രേരണാശക്തിയും ഈ ഞാന്‍ തന്നെ ആവാം



Sunday, August 18, 2013

ചില സ്വതന്ത്ര ചിന്തകള്‍


സ്വതന്ത്ര ഭാരതം അതിന്‍റെ ഷഷ്ടിപൂര്‍ത്തിയുടെ നിറവിലാണ്.ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഏഴു ആഗസ്റ്റ്‌ പതിനാലിന് അര്‍ദ്ധരാത്രിയില്‍ അടിമത്വമെന്ന തമസ്സില്‍ നിന്നും സ്വാതന്ത്ര്യം എന്ന പൊന്‍ വെളിച്ചത്തിലേയ്ക്കു കടന്നു വന്ന നമ്മുടെ മഹാരാജ്യം . മറിച്ചു നോക്കുമ്പോള്‍ അഭിമാനത്തിന്‍റെ തലയെടുപ്പോടെ ഓരോ ഭാരതീയനും കാത്ത് സൂക്ഷിക്കുന്ന സുവര്‍ണ്ണ ഏടുകള്‍.. എങ്കിലും പ്രിയ ഭാരതീയാ നിന്നോട് ചോദിക്കട്ടെ സ്വാതന്ത്ര്യ ദിനാഘോഷം എന്ന കേവല കാഴ്ചകള്‍ക്കപ്പുറം നിനക്കീ അഭിമാനം നേടി തന്നവരെ നീ ഓര്‍ക്കാറുണ്ടോ? " ഉവ്വ്" എന്നൊരു ഉത്തരം എങ്കില്‍ അന്ന് നിനക്കുവേണ്ടി അവര്‍ നാട്ടിയ ത്രിവര്‍ണ്ണ പതാക ഇന്നെവിടെ ? അന്ന് മരിച്ച ദേശസ്നേഹികളില്‍ പ്രധാനികള്‍ അല്ലാത്തവരുടെ കുടുംബങ്ങള്‍ ഇന്നെവിടെ? ധൈര്യത്തോടെ ഒരു ഉത്തരം നല്‍കുവാന്‍ ഏതു ഭാരതീയന്‍ ഉണ്ട് ഈ സ്വതന്ത്ര ഇന്ത്യയില്‍ ?
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറില്‍ എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗ് നാട്ടിയ കോടി പോലും ഇന്ത്യയുടെ മ്യുസിയത്തിനുള്ളില്‍ ഇപ്പോളും ഉണ്ട്. പക്ഷെ അടിമത്വം എന്ന ഇരുട്ടിനെ വെളിച്ചമാക്കിയ നമ്മുടെ പതാക കൈമോശം വന്നിരിക്കുന്നു. ഹേ ഭാരതീയ നീ സ്വതന്ത്രന്‍ എന്ന് ഖോര ഖോരം പ്രസംഗിക്കാന്‍ നിനക്കെന്തു അര്‍ഹത ? തെളിവുകള്‍ തേടി പലരും അലഞ്ഞെങ്കിലും കണ്ടെത്താനാവാതെ നമ്മുടെ അഭിമാന പതാക ഇന്നും എവിടെയോ സുഖ സുഷുപ്തിയിലാണ്. പണ്ട് മാഹാത്മാജി ജയിലില്‍ കിടന്നെഴുതിയൊരു കത്ത് ബ്രിട്ടനിലൊരാള്‍ ലേലത്തിനു വെച്ചപ്പോള്‍ കണ്ടെത്തിയത് പോലെ എന്നെങ്കിലും നമ്മുടെ പതാക കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം. ഓരോ സ്വാതന്ത്ര്യ ദിനത്തിലും ആഖോഷങ്ങള്‍ കൂടി വരുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലത് തന്നെ. ഇത് നിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം തന്നെയോ എന്ന്. ഓരോ പതാകയും ആകാശത്ത് പാറി കളിക്കുമ്പോള്‍  ആദ്യ പതാക എവിടെ എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു
" ക്വിറ്റ്‌ ഇന്ത്യ " അഥവാ ഇന്ത്യ വിടുക എന്ന സമര മുറയിലൂടെ നിരാഹാരവും സത്യാഗ്രഹവും നടത്തി ധീര നായകന്മാര്‍ പുറത്താക്കിയ ഇംഗ്ലീഷ് ഭരണകൂടത്തെ സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ സ്വാഗതം ചെയ്യുന്നു നമ്മുടെ ഇന്നിന്‍റെ മക്കള്‍. ഓരോ വിദേശീയനും ഇന്ന് നമുക്ക് അതിഥി ആണ്. നമ്മുടെ സുഗന്ധ ദ്രവ്യങ്ങള്‍ അവന്‍റെ കാല്‍കീഴില്‍ ഞെരിഞ്ഞമര്‍ന്ന് സൌരഭ്യം കെട്ടടങ്ങുമ്പോള്‍ കരിയും കട്ടയും മണ്ണും ചേര്‍ത്ത വിദേശ ഭക്ഷണം മൃഷ്ടാന്നം ഭുജിച്ചു ഭാരതീയന്‍ ഉറക്കെ വിളിക്കും " വന്ദേ മാതരം " എന്‍റെ ശീലങ്ങള്‍ ഇന്ത്യയുടേത് എന്ന് പറയാന്‍ മടിച്ച് വിദേശ വിദ്യാഭ്യാസം പോലും നേടി തലയുയര്‍ത്തി പറയും ഞാന്‍ സ്വതന്ത്ര ഭാരതീയന്‍. സ്വാതന്ത്ര്യം ലഭിക്കും മുന്പ് ഇന്ത്യയുടെ സ്ത്രീ വിദ്യാഭ്യാസം രണ്ടു ശതമാനം ആയിരുന്നുവെങ്കില്‍ ഇന്നത്‌ അന്‍പത്തി ഒന്‍പതു ശതമാനം ആണ്. ബാല വിവാഹവും സതിയും മാറിയെങ്കില്‍ മാംസ വില്‍പ്പനയും പീഡനവും ഒന്നാമതെത്തി. സമത്വം എന്നതിന് ഒരു പുതു നിര്‍വചനം ആയി ഏതു പ്രായത്തിലുള്ള പെണ്ണിനേയും പീഡിപ്പിക്കാം എന്ന സമത്വത്തിലെത്തി. ഇവിടെ സ്വതന്ത്ര ഇന്ത്യയുടെ സ്ത്രീ സ്വാതന്ത്ര്യം എവിടെ? അവള്‍ക്കു മാത്രം സ്വാതന്ത്ര്യ ദിനം എന്നൊന്ന് വേണ്ട എന്നാണോ 

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ആരോ പറഞ്ഞ ഈ കവിത  ഞാന്‍ കടമെടുക്കട്ടെ

ഒരു പക്ഷെ ഇന്ത്യ ഒരു പിറന്നാള്‍സമ്മാനമാകാം
ആര്‍ ആര്‍ക്കുവേണ്ടി അയച്ചുവെന്ന ചോദ്യത്തിനര്‍ത്ഥമില്ല
നക്ഷത്രഖചിതമായ ഈ സമ്മാനപ്പൊതിയുടെ
ഒരു പാതി നിഗൂഢത
മറുപാതിയില്‍ മലകളുംനദികളും പാടങ്ങളുംവനങ്ങളും
ആപ്പിള്‍ത്തോട്ടങ്ങളുംകേരനിരകളും അമ്പലവുംപള്ളിയും
ചോരയുംകണ്ണീരും തേനുംവീഞ്ഞും
ഇന്നലെയുടെ ഖേദവും നാളെയുടെ പ്രത്യാശയും
ഉണങ്ങിയ മുറിവുകളും സ്ഖലിക്കുന്ന കലകളും.

സമ്മാനപ്പൊതി അഴിക്കുമ്പോള്‍ സൂക്ഷിക്കുക
ബ്ളേഡിന്‍റെ സഥാനത്ത് വിരല്‍ ഉപയോഗിക്കുക
പുല്ലിന് അവകാശപ്പെട്ടത് പുല്ലിന് കൊടുക്കുക
പക്ഷിക്ക് അവകാശപ്പെട്ടത് പക്ഷിക്ക് കൊടുക്കുക
പുഴയ്ക്ക് അവകാശപ്പെട്ടത് പുഴയ്ക്ക് കൊടുക്കുക
വിയര്‍പ്പിന് അവകാശപ്പെട്ടത് വിയര്‍പ്പിന് കൊടുക്കുക

മുക്തിയുടെ കല തെരുവില്‍
ഭാരം ചുമക്കുന്നവരുമായ് പങ്കിടുക
അസ്ഥികള്‍ പരുത്തിപ്പാടങ്ങളോട്
പറയുന്ന കഥ കേള്‍ക്കുക
മുട്ടകള്‍ ഏടുത്തുടച്ചുകളയുവാന്‍
ഈ സ്വര്‍ണ്ണപ്പക്ഷിയുടെ വയര്‍ കീറുന്നതെന്തിന്
ചോരയ്ക്ക് അവകാശപ്പെട്ടത് ചോരയ്ക്ക് കൊടുക്കുക
ഹൃദയത്തിനുള്ളത് ഹൃദയത്തിനും

പിറന്നാളിന് നീ ഇന്ത്യയുടെ ശിരസ്സില്‍
ബോംബിനുപകരം ഒരു പാരിജാതമെറിയുമൊ
തഴമ്പ് കെട്ടിയ ആ ശ്രീപാദങ്ങള്‍
ഞാന്‍ കഴുകി വൃത്തിയാക്കും
ഒരു കിണ്ടി ഗംഗാജലംകൊണ്ട്
വന്ദേ ..മാതരം