ഒരുപാടു കലപില ബഹളങ്ങള് കേട്ടാണ് ഞാന് ഉറക്കമുണര്ന്നത്...എല്ലാവരും തിടുക്കപെട്ട് ജോലികള് തീര്ക്കുന്നു....എന്താണ് സംഭവിക്കുന്നത് എന്നറിയാ൯ ഞാ൯ ജെനിയുടെ അടുത്തെത്തി.അവള് പറഞ്ഞു " ഇന്ന് ഒരുപാടു പേര് നമ്മളെ കാണാ൯ വരുന്നുണ്ട്" എന്ത് വികാരമാണ് എന്നില് ഉണ്ടായതെന്ന് എനിക്ക് അറിയില്ല...കഴിഞ്ഞ തവണ ആ പുതിയ ഉടുപ്പ് [പുതിയതെന്നു ഞാന് പറയുമെങ്കിലും കഴുകി മടക്കി വെച്ച വളരെ പഴയ ഒരു ഉടുപ്പാണ് അത് ] അതുമിട്ട് നാണത്തോടെ നിന്ന എന്നെ ഒന്ന് നോക്കി അടുത്ത് നിന്ന അന്നയെ കൂട്ടിക്കൊണ്ടുപോയവരെ എനിക്ക് അറിയാം.എനിക്കും അന്നക്കും ഒരേ നിറവും പൊക്കവും ആണ്....അവരുടെ കണ്ണില് മാത്രം എന്നെ ഇഷ്ടമായില്ല... മുടന്തുള്ള കുട്ടിയാണു ഞാനെന്ന്.......ദൈവത്തെ നിന്ദിക്കരുത് എന്ന് അച്ഛനും ട്രീസ സിസ്റ്ററും പറയാറുള്ളത് കൊണ്ട് മാത്രം ഞാ൯ ദേഷ്യം ഉള്ളില് അടക്കി..ഇന്നും ഒരുങ്ങി ചമഞ്ഞു നില്ക്കണം അത്രേ?..അവസാനം വരുന്നവര്ക്കെല്ലാം സൌന്ദര്യവും ആരോഗ്യവുമുള്ള കുട്ടികളെ മതി. ഞങ്ങള് എന്താ മനുഷ്യര് അല്ലെ? ഒരുപാടു ഓ൪മകള് മനസ്സില് വരുന്നു...ഇന്ന് എനിക്ക് ജോലി തറ തുടക്കലാണ്..കൂട്ടിനു ജോയലുമുണ്ട്.അവ൯ ഓടി നടന്നു തുടച്ചു എന്ന് വരുത്തി രക്ഷപെടും.സിസ്റ്റ൪ വരുമ്പോള് പഴി മുഴുവന് എനിക്കായിരിക്കും.ആരോടൊക്കെയോ ഉള്ള വാശിയില് ഞാ൯ തറ ആഞ്ഞു തുടച്ചു.അതാ സിസ്റ്റ൪ വിളിക്കുന്നു.”നീയവിടെ എന്ത് എടുക്കുവാ? ഒന്ന് വേഗം വാ..നിനക്ക് മാത്രമെന്താ താലപ്പൊലി വേണോ?” പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് സിസ്റ്റ൪ പോയി.ഞാ൯ ദേഷ്യത്തോടെ എഴുന്നേറ്റു കയ്യും മുഖവും കഴുകി. എനിക്ക് വച്ചിരുന്ന ഉടുപ്പ് എടുത്തിട്ടു.നിരയായി നില്ക്കുന്ന ഓരോ മുഖങ്ങളിലും പ്രതീക്ഷയുടെ നാമ്പുകള്...ഒരിക്കല് ചേടത്തിയുടെ കൂടെ വെളിയില് പോയപ്പോള് അടുക്കി വെച്ച മീനുകളെ കണ്ടത് ഓ൪ത്തു പോയി ഞാ൯..." അതാ അവര് എത്തി. അനുസരണയോടെ എല്ലാരും നില്ക്കണം" അച്ഛന് പറഞ്ഞു.ഞാ൯ മാത്രം ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ നിന്നു. അവര് വന്നു. എല്ലാവരെയും കണ്ടു. ഞാ൯ മുഖത്തേക്ക് പോലും നോക്കിയില്ല.പെട്ടന്ന് എന്റെ തോളില് ഒരു കൈ പതിഞ്ഞു. ഞാ൯ ഞെട്ടി മുഖത്തേക്ക് നോക്കി. നല്ല ഒരു പുഞ്ചിരിയോടെ ഒരു സ്ത്രീ. അവര് ചോദിച്ചു." മോളുടെ പേര് എന്താ?" എനിക്ക് മിണ്ടാന് കഴിഞ്ഞില്ല. എന്റെ കണ്ണുകള് നിറഞ്ഞു ഒഴുകി.ഇത്രയും വ൪ഷങ്ങള്ക്കു ശേഷം ഒരാള്...എന്നോട്..ശബ്ദം എന്റെ തൊണ്ടയില് കുടുങ്ങി.എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി..." പാവം " ആ സ്ത്രീ പറഞ്ഞു.എന്റെ താടിയില് പിടിച്ചു.കവിളില് തലോടി.എനിക്ക് അപ്പോള് പള്ളിയിലെ മാതാവിന്റെ രൂപമാണ് ഓ൪മ വന്നത്. മാതാവ് തന്നെ ആണോ ഇത്? ബാക്കി എല്ലാവരും പോയപ്പോളും ഞാ൯ ഒളിഞ്ഞു ഇരുന്നു ആ മാതാവിനെ നോക്കി...ജെനി പറഞ്ഞു.." ഒക്കെ നിന്റെ ഭാഗ്യമാ മോളെ..അവരുടെ വേഷവും അവര് വന്ന കാറും ഒക്കെ കണ്ടോ നീ? നാളെ മുതല് നീ ആ കാറില്..ഹോ..എനിക്ക് വയ്യ..ഇവിടെ ഇനിയും വരുമോ നീ? ഞങ്ങളെയൊക്കെ മറക്കുമൊ നീ?" ഞാ൯ എന്റെ മനസ്സില് ആ സ്വപ്നകൊട്ടാരം പണി തീ൪ത്തു.. വേഗം ഞാ൯ എന്റെ ജോലികള് തീര്ത്തു പള്ളിയിലേക്ക് പോയി...മാതാവിന്റെ രൂപത്തില് നോക്കി ഞാ൯ കുറെ നേരം നിന്നു.. കാലു വയ്യാത്ത കുട്ടി എന്ന പേര്….. അതെനിക്ക് എത്ര സങ്കടമായിരുന്നു ഇത് വരെ?..ഉറങ്ങാ൯ കിടന്നപ്പോള് എന്റെ മനസ്സില് ആ മാതാവ് ആയിരുന്നു...
"എന്ത് ഉറക്കമാടീ ഇത്?" ഞാ൯ ഞെട്ടി ഉണ൪ന്നു. സിസ്റ്റ൪ ട്രീസയാണ്." നിനക്ക് അറിയില്ലേ ഒരാള് പോയാല് ബാക്കിയുള്ളവരാണ് ആ മുറി വൃത്തി ആക്കേണ്ടത് എന്ന്? " അതിനു ആരാണ് സിസ്റ്റ൪ പോയത്? " ഞാന് പേടിച്ചു പേടിച്ചു ചോദിച്ചു." അത് കൊള്ളാം നീ ഒന്നും അറിഞ്ഞില്ലേ? നമ്മുടെ ജെനിയെ ഇന്നലെ വന്നവര് കൊണ്ട് പോയി...ആ പെണ്ണിന്റെ ഒരു ഭാഗ്യം.." സിസ്റ്റ൪ പിന്നെയും എന്തൊക്കെയോ പറഞ്ഞു പക്ഷെ ഞാ൯ ഒന്നും കേട്ടില്ല...തിരിച്ചറിയുകയായിരുന്നു ഞാ൯....സഹതാപവും സ്നേഹവും തമ്മിലുള്ള വ്യത്യാസം..അച്ഛ൯ പറഞ്ഞ സഹതാപകഥയുടെ ബഹി൪സ്ഫുരണം ആയിരുന്നു അവരുടെ സ്നേഹപ്രകടനം…..ഞാ൯ തലേദിവസം ഇട്ട ആ ഉടുപ്പ് വീണ്ടും എടുത്തു.വെറുതെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. അവിടെ അതാ ജെനി.അവള് കാറിലേക്ക് കയറുന്നു. എന്റെ കാഴ്ച്ചയെ മറച്ചു 2 തുള്ളി കണ്ണുനീര് കവിളിലൂടെ ഒഴുകി. ഞാ൯ അത് എന്റെ പുതിയ ഉടുപ്പ് കൊണ്ട് അമ൪ത്തി തുടച്ചു...വീണ്ടും കാത്തിരുന്നു ഒരു പുതിയ അതിഥിക്കായി....
thante kadhayile ashayengal nee varikalakkumbol athile kadhapatrangalkke geevan labikununde
ReplyDeletevalare nalla chindhakal.......
thanks...
ReplyDelete