കുത്തനെയുള്ള പടവുകള്‍ കയറുകയാണ് ഞാന്‍... ആകെ തളരുന്നു....എന്റെ കണ്ണുകളില്‍ ഇരുട്ട് കയറും പോലെ...തല കറങ്ങുന്നു...അല്പമൊന്നു നിന്ന് വീണ്ടും യാത്ര തുടര്‍ന്നു..ഇതെന്താണ് തീരാത്തത് എന്ന് വിചാരിച്ചു ഞാന്‍ ആവേശത്തോട് വീണ്ടും കയറി..ഹാവൂ..തീര്‍ന്നു....ഒരു വാതില്‍ കണ്ടു ...വളരെ പഴയ രീതിയില്‍ പണി കഴിപ്പിച്ച ഉറപ്പുള്ളത് എന്ന് തോന്നിക്കുന്ന ഒരു വാതില്‍....ഓടി കയറുകയായിരുന്നു ഞാന്‍ ...ഓരോ പടവുകളും..അവസാനം കിതപ്പോടെ ഒരു തളര്‍ച്ചയോടെ.. ആ വാതിലിനു മുന്‍പില്‍ നിന്ന്..ശക്തിയോടെ വളരെ ശക്തിയോടെ ആ വാതില്‍ തള്ളി തുറന്നു. അയ്യോ എന്റെ മുന്‍പില്‍ അതാ ഒരു വലിയ കുഴി ....മുന്‍പോട്ടു നീങ്ങുവാന്‍ ഒരു വഴിയും ഇല്ല... പിന്നിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കി ..ഞാന്‍ കയറി എത്തിയ പടവുകള്‍ കാണുന്നില്ല..എന്റെ കാലുകള്‍ വിറക്കുന്നു...കാഴ്ച മങ്ങി...ഞാന്‍ താഴേക്ക് വീണു... " അമ്മേ" ഞാന്‍ നിലവിളിച്ചുവോ? അമ്മ എന്റെ അമ്മ....ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി... ഞാന്‍ എവിടെയാണ്? ...."ഡാ മോനേ ചായ കുടിക്കു.." അമ്മയാണ് ഞാന്‍ വീണ്ടും അമ്മയെ തുറിച്ചു നോക്കി...."എന്താടാ ഇങ്ങനെ നോക്കുന്നത്? ഉച്ചയുറക്കം എത്ര നേരമായി? ദെ ചായ കുടിക്ക്..." പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് അമ്മ പോയി.ഞാന്‍ എന്റെ കണ്ണ് വീണ്ടും ചിമ്മി തുറന്നു കൊണ്ട് ചായ കപ്പ് എടുത്തു.സമയം നോക്കി..നാലു മണിയായി..വെറുതെ ഒരു മാസിക എടുത്തു മറിച്ചു നോക്കിയിരുന്നു...സമയം കടന്നു പോയിക്കൊണ്ടിരുന്നു അവധി ദിവസത്തെ എന്തോ ഒരു അനിഷ്ടത്തോടെ തള്ളി നീക്കുകയായിരുന്നു ..
അമ്മയുടെ ഉറക്കെയുള്ള ശകാരം കേട്ടാണ് ഞാന്‍ അടുക്കളയിലേക്കു ചെന്നത്. "എന്താ അമ്മെ?"ഞാന്‍ ചോദിച്ചു." ഹോ ഇതുങ്ങളെ കൊണ്ട് മടുത്തു മോനേ എവിടുന്നോ വന്നതാ ആ പറമ്പ് മുഴുവനും വൃത്തികേടാക്കി.ഇപ്പോള്‍ ദെ ഭക്ഷണം വേണം പോലും." അമ്മ പറഞ്ഞു. " ഭായ് സാബ് കുച്ച് ഖാന ദെ ദീജിയേ..മേരാ ബേട്ട ഫൂക്ക ബൈട്ട ഹേ...മേരെ ലിയെ നഹി മേരി ബേട്ട കെ ലിയെ ...." അവര്‍ വീണ്ടും പറയുകയാണ് ....സ്വയം ഭക്ഷിക്കാതെ കുഞ്ഞിനു വേണ്ടി കരയുന്നു പാവം ആ അമ്മ.....ഞാന്‍ ഒന്നും മിണ്ടിയില്ല..എന്റെ അമ്മ എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് കുറച്ചു ഭക്ഷണം നല്‍കി ..അവര്‍ അതും കൊണ്ട് ഓടുകയായിരുന്നു.നേരം ഇരുട്ടി വന്നപ്പോള്‍ ആ കുഞ്ഞിന്റെ കരച്ചില്‍ എന്റെ കാതുകളില്‍ എത്തി.അതിനു പിന്നാലെ ഒരു മനോഹര ഗാനത്തിന്റെ ഈരടിയും..... കുഞ്ഞിനെ താരാട്ടുപാടി ഉറക്കാന്‍ ശ്രമിക്കുകയാണ് ആ അമ്മ..ഞാന്‍ കണ്ണ് എടുക്കാതെ നോക്കി നിന്നു.പതുക്കെ പതുക്കെ ആ കരച്ചില്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതെയായി.ആ അമ്മയുടെ താരാട്ട് കുറച്ചു നേരം കൂടി അന്ടരീക്ഷത്തില്‍ നിറഞ്ഞു നിന്നു. ഭക്ഷണത്തിന് ശേഷം എന്റെ മിഴികള്‍ എന്തോ അവിടേക്ക് എത്തി.എല്ലാവരും ഉറക്കമായി എന്ന് തോന്നുന്നു.ഇടയ്ക്കു ആരുടെയോ ഒരു വലിയ ചുമ കേട്ടു.മനസ്സില്‍ ആ താരാട്ടു ഒന്ന് മൂളുവാന്‍ ശ്രമിച്ചു ഞാനും എന്റെ കിടക്കയിലേക്ക് ചാഞ്ഞു.
നേരം പുലര്‍ന്നു." മോനേ എഴുന്നേല്‍ക്ക്" അമ്മയാണ്.അമ്മ പതിവുപോലെ രാവിലെ കുളി കഴിഞ്ഞു നെറ്റിയില്‍ ഒരു ചന്ദന കുറിയുമായി വന്നു വിളിച്ചു ഉണ൪തിയതാണ്.ഞാന്‍ മെല്ലെ എഴുന്നേറ്റു. ഇന്നലെയുടെ ബാക്കി എന്നോണം എന്റെ മനസ്സ് ജനാലയിലൂടെ അകലേക്ക് നോക്കി.അവിടെ ആ മാര്‍വ്വാടികള്‍ എവിടെയോ പോകുവാനായി തിരക്ക് കൂട്ടുന്നു."എവിടെക്കാവും ഇവര്‍ ഇത്ര രാവിലെ?" ഞാന് ആലോചിച്ചു . എന്റെ തിരക്കുകളിലേക്ക് യാത്ര ആകാന്‍ എനിക്കും നേരമാകുന്നു കുളിക്കുവാനായി ഞാന്‍ മെല്ലെ എഴുന്നേറ്റു.
വണ്ടി എടുത്തു ഞാന് വന്നപ്പോളേക്കും അമ്മ എത്തി. " മോനേ ദാ ചോറ്. സൂക്ഷിച്ചു പോണെടാ" അമ്മ പറഞ്ഞു. പതിവ് പോലെ നെറ്റിയില്‍ ഉമ്മ തന്നു അമ്മ യാത്ര അയക്കുമ്പോള്‍ എന്റെ മനസില്‍ എന്തോ തലേ ദിവസം തന്റെ കുഞ്ഞിനെ ഉമ്മ കൊടുത്തു ഉറക്കിയ ആ മാര്‍വ്വാടി അമ്മ ആയിരുന്നു. അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോളും എന്റെ കണ്ണുകള്‍ അവിടെയാകെ ഒന്ന് പരതി.
ഒരുപാടു തിരക്ക് പിടിച്ച ഈ യാത്ര..അത് എന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്.എല്ലാ ദിവസത്തെയും പോലെ ഇന്നും ഇതാ ട്രാഫിക് ബ്ലോക്ക്.വണ്ടികളുടെ ഒരു നീണ്ട നിര.എവിടെ നിന്നോ എന്നെ തേടി ഒരു ഗാനത്തിന്റെ ഈരടികള്‍ എത്തി.ഞാന്‍ കേട്ട് മറന്ന ഒരു ശബ്ദം പോലെ.ആ ഗാനത്തിന്റെ ഉറവിടം എന്റെ കണ്ണുകള്‍ തേടി.അതാ...അവിടെ..ആ മാര്‍വ്വാടി സ്ത്രീ പാട്ട് പാടുന്നു.വേറെ ഒരു ചെറിയ പെണ്‍കുട്ടി നൃത്തം വെയ്ക്കുകയാണ്. ആ സ്ത്രീ അവരുടെ കുഞ്ഞിനെ മാറോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. " അവര് ആ മകനെ എത്ര സ്നേഹിക്കുന്നുണ്ടാവും? എന്നെ വളര്‍ത്തി വലുതാക്കുവാന്‍ എന്റെ അമ്മ എത്ര കഷ്ടപ്പെട്ടു? അമ്മയുടെ സ്വപ്നമായിരുന്നു എനിക്ക് ഒരു നല്ല ജോലി കിട്ടണമെന്ന്.അതുപോലെ ഇവര്‍ക്കും കാണില്ലേ ഒരുപാടു സ്വപ്‌നങ്ങള്‍? അവര്‍ അവരുടെ സ്വപ്‌നങ്ങള്‍ മാറ്റി വെച്ച് ജീവിക്കുകയാണ് ആ മകന് വേണ്ടി".ഞാന്‍ ആലോചിച്ചു....നി൪ത്താതെ ഉള്ള ഹോണടി ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. മനസ്സില്ലാ മനസ്സോടെ ഞാന്‍ എന്റെ വണ്ടി മുന്നോട്ടു നീക്കി.എന്റെ കണ്ണുകളെ അവരില്‍ നിന്നും വളരെ വിഷമത്തോടെയാണ് ഞാന്‍ പറിച്ചു മാറ്റിയത്.
ഓഫീസിലെ സ്ഥിരമായ തിരക്കുകള്‍ക്കിടയിലും ഞാന്‍ ആ ഗാനം ഒന്ന് ഓര്‍ത്തു എടുക്കുവാന്‍ ശ്രമിച്ചു.കഴിയില്ല എങ്കില്‍ കൂടി.
എത്രയും വേഗം ഓടി എത്താന്‍ എന്റെ മനസ്സ് കൊതിച്ചു.വീണ്ടും വീണ്ടും ആ ഗാനം കേള്‍ക്കാന്‍.വീട്ടിലെത്തിയതും എന്റെ മിഴികള്‍ ആ പഴയ തുണികള്‍ കൊണ്ടുണ്ടാക്കിയ കൂടാരത്തിലേക്കു ചെന്ന്.അവിടെ ആരെയും കണ്ടില്ല ഞാന്‍." ഇവരെന്താ വൈകിയോ?" ഞാന്‍ ഓര്‍ത്തു." നീയെത്തിയോ? ഇന്നെന്താ നേരത്തെ ആണല്ലോ?" അമ്മ വന്നു ബാഗ് എടുത്തു.ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ അമ്മയോട് ചോദിച്ചു." അമ്മെ ആ മാര്‍വ്വാടികള്‍ പോയോ? അവിടെ കാണുന്നില്ലാലോ? " " ആ...ഇന്ന് പകല്‍ അവരില്‍ ആരൊക്കെയോ വന്നു കുറെ സാധനങ്ങള്‍ എല്ലാം പെറുക്കിയെടുത്തു ഓടുന്നത് കണ്ടു.പോയെങ്കില്‍ ഭാഗ്യം.ഉള്ള സ്ഥലം വൃത്തിയായി കിടക്കുമല്ലോ?" അമ്മ പറഞ്ഞു.എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.ഉറങ്ങാന്‍ കിടക്കുമ്പോളും ഞാന്‍ അവരെ കുറിച്ച് ആലോചിച്ചു.
"നേരം പുലര്‍ന്നു. എഴുന്നെല്‍ക്കെടാ.." അമ്മയാണ്.ഞാന്‍ മെല്ലെ എഴുന്നേറ്റു. ചായക്കപ്പുമായി പൂമുഖത്ത് എത്തി. അവിടെ പതിവ് പോലെ പത്രം വന്നു കിടക്കുന്നു.അതും എടുത്തു ഞാന്‍ കോസടിയില്‍ ചാരി ഇരുന്നു.ഒന്ന് നടു നിവ൪ത്തു ഒരു കാവില്‍ ചായയും കുടിച്ചു വാര്‍ത്തകളിലൂടെഒരു സഞ്ചാരം നടത്തി.പെട്ടന്ന് എന്റെ കണ്ണുകള്‍ ഒരു വാര്‍ത്തയില്‍ ഉടക്കി.എനിക്ക് വിശ്വസിക്കാനായില്ല...ദൈവമേ എന്താണിത്? അതില്‍ കണ്ട വാ൪ത്ത .....ഞാന്‍ ഞെട്ടി പോയി......."മാര്‍വ്വാടി അമ്മയും കുഞ്ഞും വാഹന അപകടത്തില്‍ മരിച്ചു.പാട്ടുപാടിയും നൃത്തം ചെയ്തും ജീവിച്ച ഇവര്‍ പൈസ വാങ്ങുവാനായി ഒരു വണ്ടിയുടെ മുന്‍പില്‍....." ബാക്കി വായിക്കുവാന്‍ എനിക്ക് ആയില്ല....അമ്മ ആരോടോ ഉറക്കെ സംസാരിക്കുന്നു.." ആ കൂടരമെല്ലാം പൊളിച്ചു കളഞ്ഞേക്ക്.ഇനി വന്നാലും ഇതിന്റെ അകത്തു കയറ്റണ്ട.അത്ര വൃത്തികേടാക്കി......ഛെ......" അമ്മ പറയുകയാണ്.എനിക്ക് ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.എന്റെ ചെവിയില്‍ ആ ഗാനം ആയിരുന്നു.കണ്ണുകളില്‍ കുഞ്ഞിനെ ഉമ്മ വെച്ച് ഉറക്കുന്ന ആ മാര്‍വ്വാടി അമ്മയായിരുന്നു.....വീണ്ടും ഞാന്‍ നനഞ്ഞ കണ്ണുകളോടെ ആ പത്രത്തിലെ തലക്കെട്ട് വായിച്ചു....
" സ്വപ്നം വില്‍ക്കുന്നവര്‍ സ്വപ്ന ലോകത്തിലേക്ക് മടങ്ങി."
കൊളളാം...എഴുത്തിനു ആശംസകള്‍ ...എങ്കിലും കളര്‍ കോമ്പിനേഷന്‍ വായനയ്ക്ക് തടസ്സമാകുന്നില്ലേ എന്നൊരു സംശയം.
ReplyDeleteaashayam chornne pokaathe, vayana kaaril maduppundakathe azhuthuka annathe ore valiya karyam thanne....
ReplyDeletekeep writing
ഈ കഥ ഞാന്‍ പത്തു മിനിട്ടുകള്‍ കൊണ്ട് എഴുതിയതാണ്...ആദ്യമായും അവസാനമായും ഞാന്‍ പങ്കെടുത്ത കഥ മത്സരം..അവര്‍ തന്ന തലക്കെട്ടാണ് സ്വപ്നം വില്‍ക്കുന്നവര്‍...അതിനു സമ്മാനം കിട്ടിയ പൂക്കള്‍ ഉള്ള പാത്രം എന്റെ അലമാരിയില്‍ ഉണ്ടേ ...
ReplyDelete