Wednesday, December 19, 2012

ഓര്‍മ്മത്തുള്ളികള്‍

"  കാലത്തിനൊരു  ഗുണമുണ്ട്. പലതും മായ്ക്കാനും മറയ്ക്കാനും ഉള്ളൊരു കഴിവ്"
" ക്രിസ്റ്റഫര്‍ നീയെന്തിനു കാലത്തെ പഴിക്കുന്നു? നീ ചെയ്തു കൂട്ടിയത് മറന്ന് കാലത്തിന്‍റെ നേര്‍ക്കെന്തിനീ ആക്രോശം? "
" സെലീന ..നീ കാണുന്നുവോ ഈ മഴത്തുള്ളികള്‍? ശക്തിയായി  പെയ്യുന്ന അവയ്ക്ക് ആരോടാണ് ദേഷ്യം ? എന്നോടാവുമോ ?"
" ക്രിസ്റ്റഫര്‍ ..നിങ്ങള്‍  വളരെ ക്ഷീണിതനാണ് ...ഇവിടെ വന്നു കിടക്കു ...നിങ്ങളുടെ ശ്വാസം പോലും വേഗത്തിലാണ്."
" ഇല്ല സെലീനാ ..നീ നോക്കൂ ..ഈ മഴയ്ക്ക് എന്ത് തണുപ്പാണ്..അതിന്‍റെ പ്രഹരമേറ്റ്‌ ഈ പുഷ്പങ്ങള്‍ തളര്‍ന്നു  പോവുകയാണ്"
" വെറുതെ ഭ്രാന്തു പുലമ്പാതെ  നീ വന്നു കിടക്കു ക്രിസ്റ്റഫര്‍ "
" സെലീനാ ..നീ ഓര്‍ക്കുന്നുവോ നമ്മുടെ പഴയ ജീവിതം ...ആ തണുത്ത പ്രഭാതങ്ങള്‍ ..അവയെത്ര മനോഹരമായിരുന്നു ....എന്നും നീ ഇതുപോലെ വഴക്കിട്ടിരുന്നു...എങ്കിലുമെനിക്കൊരു അസുഖം വന്നാല്‍ നീ ഓടി വരുമായിരുന്നു....അന്നും ഇത് പോലെ തന്നെ "
" നിങ്ങള്‍ ഒന്ന് മനസ്സിലാക്കൂ ക്രിസ്റ്റഫര്‍ ..ഞാന്‍ നിങ്ങളെ പരിചരിക്കുവാന്‍  വന്ന പഴയ പ്രണയിനി അല്ല...ഇതെന്‍റെ ജോലിയുടെ ഭാഗം മാത്രമാണ്.ഇത് തീര്‍ത്തു ഞാന്‍ പോവുകയും ചെയ്യും "
" നിനക്കിനി ഒരിക്കലുമെന്നെ വിട്ടു പോകുവാന്‍ ആവില്ല സെലീനാ ....നമ്മുടെ പഴയ നാളുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ എന്നോണം പെയ്ത ഈ മഴയും സാക്ഷി "
" മറ്റൊരാളുടെ ഭാര്യയാണ് ഞാന്‍ എന്ന സത്യം നിങ്ങള്‍ മറന്നതോ മറക്കാന്‍ ശ്രമിക്കുന്നതോ? "
" കുളിരുള്ള പ്രഭാതങ്ങളില്‍ നീ എന്നെ ഉണര്‍ത്തുവാന്‍ വന്നിരുന്നത് ഓര്‍ക്കുന്നുവോ നീ ? തണുത്ത വിരലുകള്‍ എന്‍റെ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ നിന്നെ കൊല്ലുവാന്‍ പോന്ന ദേഷ്യം ഉണ്ടായിരുന്നു എനിക്ക് "
" ക്രിസ്റ്റഫര്‍ ..ഞാന്‍ അല്പം കഞ്ഞിയെടുക്കാം ..മരുന്നുകള്‍ ഒരുപാട് കഴിക്കേണ്ടതാണ് "
" നീ എന്റെ അരികില്‍ ഇരിക്കൂ സെലീനാ ..പണ്ട് ഈണവും താളവും അറിയാതെ നമ്മള്‍ പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നുവോ നീ? ഗായകരെ വിമര്‍ശിച്ചു നാം വികൃതമാക്കിയ പാട്ടുകള്‍ ...ഹ ഹ "
" ക്രിസ്റ്റഫര്‍ ...പ്രായമാകുമ്പോള്‍ മനസ്സ് ചെറുപ്പമാകാന്‍ വെമ്പല്‍ കൊളളും ..അതിന്‍റെ ഭാഗമാണീ ഓര്‍മ്മകള്‍ എല്ലാം ..ഒരിക്കലും സഫലമാകാന്‍ പാടില്ലായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ .....അവയെ നാം അഗ്നിയില്‍ ഹോമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...വീണ്ടും നിങ്ങള്‍ ..."
"ആര് ഹോമിച്ചു? നിന്‍റെ പുരുഷനുള്ളതാണ് ഈ ശരീരം എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ സ്വതന്ത്രയാക്കിയത് വിശുദ്ധിയോട് കൂടി നീ എന്റേത് ആകുമെന്ന പ്രതീക്ഷയിലായിരുന്നു...പക്ഷെ ..നീ "
"ക്രിസ്റ്റഫര്‍ നീയാണ് എന്നെ അകറ്റിയത് ...ഞാനായി ഒന്നും .."
" എനിക്കറിയാം സെലീനാ ..പക്ഷെ നീ...നീയതിനു കാരണം ഉണ്ടാക്കുകയായിരുന്നില്ലേ?"
" ഒരിക്കല്‍ നീ എന്നോട് പറഞ്ഞു നമ്മുടെ ബന്ധം തകരാന്‍ കാരണം നമ്മുടെ മതം  തമ്മിലുള്ള വലിയ അന്തരം ആണെന്ന് ..എന്നാല്‍ പിന്നീടൊരിക്കല്‍ എന്‍റെ  വഴിവിട്ട സൗഹൃദം ആണ് കാരണം എന്നും നീ കണ്ടെത്തി "
" അതെ ..നിന്‍റെ സൌഹൃദങ്ങള്‍ മാത്രമായിരുന്നു എന്‍റെ പ്രശ്നം ..ഒരുപാട് സുഹൃത്തുക്കള്‍  നിന്നെ മത്സരിച്ചു സ്നേഹിക്കുമ്പോള്‍ നീ എന്നെ മറന്നു പോകുമെന്ന ഭയം .....അതില്‍ നിന്നെ ഞാന്‍ വിലക്കുമ്പോള്‍  നീ എന്നോടുള്ള അകലം ഒരുപാട് കൂടുതലാക്കി"
" എങ്ങനെയുമാകട്ടെ  ക്രിസ്റ്റഫര്‍ ..നിങ്ങള്‍  എന്‍റെ  സുഹൃത്തുക്കളില്‍ ഒരുവളെ ജീവിത സഖിയാക്കിയപ്പോള്‍ നിങ്ങളോടെനിക്ക് വെറുപ്പാണ് തോന്നിയത്...പിന്നീട് സഹതാപവും.."
" ഒരു വാശിയായിരുന്നു സെലീനാ നിന്നോടെനിക്ക് ...നിന്‍റെ സുഹൃത്തിനെത്തന്നെ വിവാഹം ചെയ്തതും അത് കൊണ്ടാണ് ... പക്ഷേ ..... നിന്നെ പോലെ ആകുവാന്‍ അവള്‍ക്കൊരിക്കലും ആയില്ല .."
" എന്നെ പോലെ ഒരുവളെ പ്രതീക്ഷിച്ചതാണ് നിങ്ങള്‍ ചെയ്ത തെറ്റ് ...ജീവിതം താളം തെറ്റിയതും അവിടെ നിന്നാണ് "
" നിന്നെപോലെയാകുവാന്‍ നിനക്ക് മാത്രമേ കഴിയു എന്ന് അറിയുവാന്‍ ഏറെ വൈകി. അപ്പോഴേക്കും അവള്‍ എന്‍റെ  കുട്ടികളുമായി എന്നെ  ഉപേക്ഷിച്ചു പോയിരുന്നു."
" ക്രിസ്റ്റഫര്‍ ..കഴിഞ്ഞത് കഴിഞ്ഞു..അവളോടുള്ള വാശിയെങ്കിലും പണം സമ്പാദിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുവല്ലോ? അതുകൊണ്ട് എന്നെ ഒരു പരിചാരികയായി വിലക്ക് വാങ്ങുവാന്‍ നിങ്ങള്‍ക്കായി"
" അരുത് സെലീനാ നീ അങ്ങനെ പറയരുത്..നിന്നെ വിലക്കെടുക്കാനുള്ള പണം ഒരിക്കലും ഞാന്‍ സമ്പാദിചിട്ടില്ല. അത് മാത്രം എനിക്കായില്ല. "
" മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു ..വരൂ നമുക്ക് മുറിയിലേക്ക് പോകാം"
" വേണ്ടാ ഈ മഴ എനിക്ക് നനുത്ത ഓര്‍മ്മകള്‍ നല്‍കുന്നതാണ്..ഈ കുളിരില്‍ ഒരിക്കല്‍ കൂടി നനയുവാനായെങ്കില്‍ ...സെലീനാ നീ എന്റെ അടുത്ത് വന്നൊന്നിരിക്കുമൊ? ഇനിയൊരിക്കലും ഒരു പക്ഷേ ..ഒന്ന് വരൂ ..."
" ക്രിസ്റ്റഫര്‍ ...."
" സെലീനാ നീ ആ പാട്ട്  ഒന്ന് പാടൂ ....നമ്മള്‍ ഈണവും താളവുമില്ലാതെ പാടിയ ആ പാട്ട് ..."


ഒരു യുഗ്മ ഗാനം മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു ചേരവേ ...സെലീന പോലും അറിയാതെ ആ ശബ്ദം മഴയിലേക്ക്‌ നിശബ്ദമായൊഴുകി






Saturday, November 17, 2012

ഓര്‍മ്മചിരാത്

" മ്പ്രാട്ടീ വെശക്കണ് ..ഏന് .."
" ശ്ശി നില്‍ക്ക ...കൊച്ചണ്ണാട്ടി .."

അകത്തേക്ക് കയറി വന്ന അമ്മയെ ഗോപന്‍ തടഞ്ഞു.
" മ്മ ...  എവിടെയ്ക്കാ? ആകെള്ള  കഞ്ഞി അവര്‍ക്ക് കൊടുക്കാച്ചാല് മ്മള്‍ പട്ടിണിയാവൂലെ? "
" സാരല്ല്യ കുട്ട്യേ ..നായര് മാനം പണയം വെച്ചൂട ...അവള് പതിയാട്ടിയാ ..അവള്‍ടെ മുന്നില്   കഞ്ഞിയില്ലാന്നു പറയാച്ചാല് നരകത്തീ പോണേനു സമാ..."
" മ്മടെ വെശപ്പല്ലെമ്മേ  വലുത്? വേണ്ട ..കൊടുക്കേണ്ട .."
"മാറി നില്ക്ക കുട്ട്യേ ..."
ഗോപനെ വലിച്ചു മാറ്റി നിര്‍ത്തി അമ്മ കഞ്ഞി കൊച്ചുണ്ണാട്ടിയുടെ പാത്രത്തില്‍ ഒഴിച്ച് കൊടുത്തു
" പാത്രം  പിന്നാമ്പുറത്ത് കമിഴ്ത്ത്യെക്കാ .."

-------------------------------------------------------------------------------------------------------
"കൊച്ചമ്പ്രാനും മ്പ്രാട്ടീം ഇസ്കൂളി പോവാ? "
" ഉം .." ഗോപന്‍ ഒന്ന് മൂളി
" ഏന്റെ കിടാത്തുങ്ങളും  സ്കൂളി പഠിക്കണണ്ട് ..."
പുകയില കറ പിടിച്ച പല്ലുകള്‍ കാട്ടി അവര്‍ ചിരിച്ചു.ഞാന്‍ ഗോപന്റെ കയ്യില്‍ പിടിച്ചു. അവന്‍ എന്നെ നോക്കി.
" അവര്‍ പറഞ്ഞതും നമ്മളെ വിളിച്ചതും ഒന്നും നീ കാര്യാക്കണ്ട...ജാതി തിന്നാ വയര്‍ വീര്‍ക്കൂല്യ ...മ്മടെ അമ്മ പലേതും പറയും .."

" ഉം ." ..ഞാന്‍ മെല്ലെ തലയാട്ടി
-------------------------------------------------------------------------------------------------------
" ഉണ്ണി..അറ്യോ ഇയാളെ? "
" ഇല്ല്യാ ...ആരാദ് ? "
" കൊച്ചുണ്ണാട്ടിയുടെ പേരക്കുട്ട്യാ ...ന്‍റെ ക്ലാസില .."
" യ്യോ ..കയ്യില് പിടിക്കാച്ചാല് ....മ്മടെ മ്മ അറിഞ്ഞാല് ?"
" ഉണ്ണി പേടിക്കണ്ട ..പതിയാനും പുലയനുമെല്ലാം ഒരു ചോര തന്ന്യാ ..മനുഷേന്റെ .. മനസ്സിലാവണോ ഉണ്ണിക്ക്? "
" ഉം ..."
" ന്‍റെ   ഉണ്ണിക്കു പതിയാനും പുലയനും ജാതിം മതോം ഒന്നും വേണ്ടാട്ടോ ...മ്മക്ക് ഒരു കുലം  മനുഷ്യകുലം ..അതാച്ചാല് യുദ്ധോം ..വെട്ടും കുത്തും ഒന്നുല്ല്യ ..ന്തേ ? "
" ഉം "
അയാളുടെ തോളില്‍ കയ്യിട്ടു ഗോപന്‍ പോയി

--------------------------------------------------------------------------------------------------------
" അവനു ഭ്രാന്താണ് ന്റെ കുട്ട്യേ ...പ്രസംഗവും വിപ്ലവവും ...കീഴ്ജാതിക്കാരെ വീട്ടികേറ്റ്വാ ....ശിവ ശിവ ..."
" മ്മ എന്തെ ഈ പറേണത് ? അവന്‍  ന്ത് ചെയ്തൂന്ന? "
"നീ മിണ്ടര്‍ത് ..ഉണ്ണ്യേ ..നിനക്ക് അവന്‍ ചൊല്ലണതാ വേദവാക്യം..തിന്റെ  ഫലാ  ഈ ഗോപന്‍ വിളിം ..എട്ടാന്നു വിളിക്കാന്‍ എത്രായി ഞാന്‍ പറേണ് ...അതെങ്ങന്യാ അവന്‍ പറയണത് കേട്ടാ ജീവിതം ...വരണത് അനുഭവിക്ക്യ .. കൃഷ്ണാ ..നാരായണാ .."
" മ്മാ ..ഇത് പഴേ കാലല്യ ..കൂടെ പഠിക്കണോരില് ജാതി നോക്കി കൂട്ട് കൂടുകാച്ചാല് ഞാന്‍ ഒറ്റക്കാവും .."
" ഒന്നും പറയാന്‍ ഞാനില്ല്യ.....നാണി  വെള്ളം പാകായാച്ചാല് കുളിമുറീലേക്ക് എടുത്തു വെയ്ക്ക ...നാരായണ ...നാരായണ ...."

----------------------------------------------------------------------------------------------------------
" ഇതാരെന്നു നോക്ക ഉണ്ണ്യേ? "
" ന്‍റെ  കൃഷ്ണാ ഇപ്പൊ ഒരു പുകില്‍ കഴിഞ്ഞു മ്മ പോയെ ള്ളൂ ..വേഗം മുറീക്ക്യു  പോവാ .."
" എന്തിനു? കൊച്ചുണ്ണാട്ടിടെ  പേരക്കുട്ടി വാങ്ങി തന്ന ജോലി കൊള്ളാംച്ചാല് ..അവനെ വീട്ടി കേറ്റിയാലും  ശ്ശി  സഹിക്കാന്‍ പറയ .."
"  ഒക്കെ സമ്മതിക്കണ് ...മ്മേടെ  അസുഖം ന്തിനെ കൂട്ടണത്? നിങ്ങള്‍ മുറീല്‍ ഇരിക്ക്യാ .."

----------------------------------------------------------------------------------------------------------
" മ്മക്കറ്യോ  ഇയാളെ ? "
" ഇല്ല്യ കുട്ട്യേ? ആരാച്ചാലും ന്റെ ജീവന്‍ രക്ഷിച്ച ദൈവാ ഈ കുട്ടി ...ഇങ്ങട് വര്വാ ...ത്തിരി നന്ദിണ്ട് ..."
" മ്മേ ..പാടില്ല്യാട്ടോ ...പുലയന്‍ ദൈവോ? ..ഹ ഹ ...അവന്‍ നമ്മടെ കൊച്ചു പെണ്ണിന്റെ പെരക്കുട്ട്യാ ...ഹ ഹ "
അമ്മ അയാളുടെ കൈ പെട്ടന്ന് വിടുവിച്ചു.
" അമ്മ കഴിച്ച ചോറും ഇവന്‍ വാങ്ങീതാ...ചര്‍ദ്ദിക്കണാച്ചാല്  ആവാംട്ടോ ..."
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു..... ഗോപന്റെ ചിരി ഉറക്കെ ഉറക്കെ മുഴങ്ങി ..

-------------------------------------------------------------------------------------------------------

അമ്മക്കുള്ള കഞ്ഞി എടുക്കണം ...പിന്നെ കുറച്ചു തുണികള്‍ ..ഇടവഴിയിലൂടെ വേഗം വീട്ടിലേക്കു നടക്കുകയാണെങ്കിലും മനസ്സിലൊരു വിപ്ലവ ജ്വാല കത്തുകയായിരുന്നു.ഗോപന്‍ കത്തിച്ചു തന്ന ഒരു തരി വെട്ടത്തിലൂടെ  .... മനസ്സില്‍ ഗോപന്‍ എന്ന മനുഷ്യന്‍ ഒരുപാട് വളരുകയായിരുന്നു. കൂടെ അവന്‍ പറഞ്ഞ വാക്കുകളും

" ജാതി തിന്നാ വയര്‍ വീര്‍ക്കൂല ഉണ്ണ്യേ? "


വാല്‍ക്കഷണം : ഓര്‍മ്മകളില്‍ ഒരുപാട് ഉണ്ട് ആ പഴയ കാലം....കൊച്ചു പെണ്ണ് ..വീട്ടിലെ ഒരു സഹായി ആയിരുന്നു...കൊച്ചു പെണ്ണും പതിയാട്ടിയും കൂടി ചേര്‍ത്ത് പണ്ടാരോ കൊടുത്ത പേരാണ് കൊച്ചുണ്ണാട്ടി ...ആരും തിരുത്തിയിട്ടില്ലാത്തതിനാലാവാം അവര്‍ മരിക്കും വരെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌



Monday, October 22, 2012

എല്‍മിയുടെ ചില്ലറ പ്രശ്നങ്ങള്‍

" മണിക്കുട്ടീ ..."
" ഈ അപ്പയോട് ഞാന്‍ ഒരുപാട് തവണ ചോദിച്ചു. ഞാന്‍ മണിക്കുട്ടി ആണോ അതോ എല്‍മിയോ?

" ഹ ഹ ഹ ...കണ്ടോടീ അവളുടെ സന്തോഷം ...എന്തൊക്കെയോ പറയുന്നു ...ഹ ഹ ഹ "
" എന്ത് ക ക ക ...എന്ത് കണ്ടിട്ടാ അപ്പ ഈ ചിരിക്കുന്നെ? എന്‍റെയും അപ്പയുടെയും ഈ ഭാഷ വൈരുദ്ധ്യം മാറുന്ന കാലം വന്നാല്‍ എനിക്ക് അപ്പയോട് കുറെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട് ...ആരാ ഈ മണിക്കുട്ടി  ?ആരാ ഈ എല്മി?  ..രണ്ടിലൊന്ന് എനിക്ക് അറിയണം"

ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്നെ ഏതാണ്ട് മനസ്സിലായിക്കാണും. ഞാന്‍ എല്മി ......മണിക്കുട്ടി .....ആ എനിക്കറിയില്ല.വയസ്സ് ഒരു വയസ്സും ... വേണ്ട ...ഏതാനും മാസങ്ങള്‍ക്കകം രണ്ടു ആകും..... എന്‍റെ ഫേസ് ബുക്ക്‌ ഐടി....അല്ലേല്‍ വേണ്ട അപ്പക്ക് പാസ്സ്വേര്ഡ് അറിയാം.
 പറഞ്ഞു പറഞ്ഞു കഥ മാറി കാര്യം മാറി. ഇനി പറയാന്‍ പോകുന്നത് എന്‍റെ ചില പ്രശ്നങ്ങള്‍ ..അതായത് ചില പേര്‍സണല്‍ പ്രശ്നം ആണ് കേട്ടോ. ഇതില്‍ ജീവിച്ചിരിക്കുന്നവരുമായി നല്ല ബന്ധം ഉള്ളവര്‍ ഉണ്ട്. കാരണം അതെന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കണ്ട്രോള്‍ ചെയ്തവര്‍ ആണ്. അപ്പോള്‍ ഇനി കാര്യങ്ങള്‍ അഥവാ പ്രശ്നങ്ങള്‍

മേല്‍പ്പറഞ്ഞ ഭാഷാ വൈരുദ്ധ്യം ഒരു വലിയ പ്രശ്നം തന്നെയാണ്.അടുത്തത് ഏതാണ്ട് അതിനോടടുത്തു നില്‍ക്കുന്നത് തന്നെ. ചേട്ടനും അനിയനും പോലെ...അല്ലെങ്കില്‍ മച്ചാനും മാമിയും പോലെ...

നായിക ഒരു ആന്‍റി ആണ്.വെറും ആന്‍റി എന്ന് പറഞ്ഞാല്‍ പോര ഇറക്കുമതി ശ്രീലങ്കയില്‍ നിന്നുമാണ്. നമ്മടെ രാവണന്‍ അങ്കിളിന്‍റെ നാട് തന്നെ ആണെന്ന് ഇടയ്ക്കിടെ തോന്നാറുണ്ട്. സ്വഭാവം കാണുമ്പോള്‍.  ...

ഈ ആന്‍റിയെ അമ്മ മലയാളത്തില്‍ പാചകവും വാചകവും പഠിപ്പിക്കാന്‍ കഷ്ടപെടുമ്പോള്‍ അപ്പ ഇടയ്ക്കിടെ അമ്മക്കിട്ടൊരു  ആപ്പ് പോലെ തമിഴ് പറയും. മേല്‍പ്പറഞ്ഞ ആന്റി ഭാഗ്യവശാല്‍ എന്നോട് ചില ശബ്ദശകലങ്ങള്‍ ചേര്‍ത്തൊരു ഭാഷയാണ്‌ സംസാരിക്കുക. ആ ഭാഷയും മുഖവും കൂടി കാണുമ്പോള്‍ എനിക്ക് സംശയം ഉണ്ട് ഞങ്ങളില്‍ ആരാണ് കുട്ടി എന്ന്. തീരുമാനം ആകാത്ത ഒരു പ്രശ്നം ആയി അത് അവിടെ അവശേഷിക്കട്ടെ...അടുത്തതിലേക്ക് പോകാം

അമ്മയാണ് അടുത്ത പ്രശ്നം എന്ന് ഞാന്‍ പറയില്ല. പക്ഷെ അപ്പ പറയുന്ന പോലെ അമ്മയുടെ ജോലി ഒരു പ്രശ്നം തന്നെയാണ്. അപ്പ പതുക്കെ പറഞ്ഞത് ഞാന്‍ ഉറക്കെ പറയില്ല...ഇല്ലാന്ന് പറഞ്ഞാല്‍ പറയില്ല ഉറപ്പാ....( പിന്നെ ഫോണ്‍ വിളിച്ചാല്‍ പറയാം ..അപ്പ അപ്പീസില്‍ പോയിട്ടേ വിളിക്കാവു )
ചിന്തിക്കാതെ തീരുമാനം എടുക്കുന്ന കാര്യത്തില്‍ അമ്മ പണ്ടും ഇപോളും കണക്കാ സയന്സാ ...ഇംഗ്ലീഷ് ആണെന്ന് പറയില്ല .....
(അത് അമ്മക്ക് പറ്റിയ പണി അല്ലന്നും അപ്പ ചെവിയില്‍ പറഞ്ഞായിരുന്നു ) ഒരു സിറിഞ്ചും പിടിച്ചു തേരാ പാരാനടന്നാല്‍ നേഴ്സ് ആകാം എന്ന് ആരോ പറഞ്ഞു ജോലിക്ക് പോയ അമ്മ സ്നേഹമുള്ള സഹജോലിക്കാരുടെയും സൂപ്പര്‍ബുദ്ധി ഉണ്ടെന്നു നടിക്കുന്ന ചില സൂപ്പര്‍ വയിസര്‍ മാരുടെയും വയിസിമാരുടെയും എട്ടിന്റെ പണി കാരണം പണി ചെയ്തു നടു ഒടിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഈ പാവം ഞാന്‍ എന്നെ ഒന്നെടുക്കാന്‍ പറഞ്ഞാല്‍ കുറ്റം...ഇതൊരു കുറ്റം ആണോ? നിങ്ങള് പറ ..ആണോ? ആണോന്ന്? ....എന്‍റെ ഭാഷാ വൈരുദ്ധ്യം ....ഹും അമ്മയും ഒന്ന് സൂക്ഷിച്ചോ? ഹല്ലാ പിന്നെ

അപ്പയുടെ ചിരിയിലെ അപകടം അന്ന് എനിക്ക് മണക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അറിയുന്നു ഈ വരുന്നതാണ് വലിയൊരു പ്രശ്നം...അപ്പക്കും അമ്മയ്ക്കും പുറമേ ലഡ്ഡു  കിട്ടിയ ഉറുമ്പിനെ പോലെ ഉള്ള ആന്‍റിയുടെ ചിരി കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചു എനിക്കിട്ടുള്ള പാര പുറപ്പെട്ടു കഴിഞ്ഞു. സ്നേഹത്തോടെയും പതിവ് ചിരിയുടെ മേമ്പൊടി ചേര്‍ത്തും അപ്പ അവതരിപ്പിച്ചു
" മണിക്കുട്ടീ അമ്മയുടെ വയറ്റിലൊരു വാവ ഉണ്ട് ...ഹി ഹി .."
അപ്പ ഫേസ് ബുക്കില്‍ ആര്‍ക്കോ ജീവിതം കൊടുക്കുന്ന തിരക്കിലേക്ക് മടങ്ങവേ  ഇതിനെതിരെയെങ്കിലും  പ്രതികരിച്ചേ മതിയാവൂ എന്നെനിക്കു തോന്നി. മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് അപ്പ എന്ന കശ്മലന്‍ മറ്റുള്ളവര്‍ക്ക് ജീവിതം കൊടുക്കുന്നോ? സമ്മതിക്കില്ല ഞാന്‍ ....
അടുക്കളയിലെ തിരക്കില്‍ അമ്മയും ആന്‍റിയും മടങ്ങവേ ബാത്രൂമില്‍ പോയ അപ്പയുടെ ലാപ്ടോപ്പിലെ എന്റര്‍ ബട്ടണ്‍ പറിച്ചെടുത്ത്‌ താല്‍കാലിക പ്രശ്നത്തിന് ഞാന്‍ ഒരു പരിഹാരം ഉണ്ടാക്കി.

അടുത്ത പ്രശ്നം ഉടനെ ഉണ്ടാവും ...തല്‍ക്കാലം ഒന്ന് ഉറങ്ങുന്നത് നന്നായിരിക്കും

Friday, October 19, 2012

പുകഞ്ഞ കൊള്ളി പുറത്ത്

"നീയെന്താ മിണ്ടാത്തെ?' അവള്‍ കണ്ണടച്ച് കാണിച്ചു. "നിന്നോടാ ഞാന്‍ ഈ ചോദിക്കുന്നെ" വീണ്ടും ഒന്ന് കണ്ണടച്ച് അവള്‍ എണീറ്റ്‌ പോയി.

ദിവസവും വയറു നിറയെ ഭക്ഷണവും ഉറക്കവും അല്ലാതെ വേറൊരു ജോലിയും അവള്‍ക്കില്ല. തിരക്ക് പിടിച്ച ജോലിക്കിടയിലും ഞാന്‍ പൊന്നുപോലെ നോക്കി വളര്‍ത്തിയതാണ് അവളെ. വിശന്നാല്‍ പോലും എന്നെ കരഞ്ഞു ബുദ്ധിമുട്ടിക്കാത്ത ആ അവളാണ് ഇപ്പോള്‍ ഇങ്ങനെ?

ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആരോ അവിടെ നിന്നും ഓടിപോകും പോലെ എനിക്ക് തോന്നിയതാണ്. അവളോട്‌ അതെക്കുറിച്ച് ചോദിച്ചപ്പോളും ഇത് പോലെ കണ്ണടച്ച് കാണിച്ചു രക്ഷപെട്ടതാണ്.ഇത് ഞാന്‍ എങ്ങനെ ഒരാളോട് പറയും? അവളുടെ വയര്‍ വീര്‍ത്തു വരുന്നത് നാലാള്‍ അറിയുക തന്നെ ചെയ്യും.

സ്നേഹപൂര്‍വ്വം ചോദിച്ചു നോക്കാനായി അടുത്ത് വിളിച്ചു. " ഇവിടെ വന്നെ...ഞാന്‍ ചോദിക്കട്ടെ..." അവള്‍ മൈന്റു പോലും ചെയ്തില്ല...സങ്കടം വേറൊരു കൂട്ടുകാരിയോട് പറഞ്ഞു. അവള്‍ ഒരു ഉപായം പറഞ്ഞു തന്നു.
രണ്ടും കല്‍പ്പിച്ചു  ഞാന്‍ ചെന്ന് ചോദിച്ചു.
" ഇന്തി മാലും മലയാളം?" " മ്യാവൂ" അവള്‍ മിണ്ടി.
 ഹോ മൂന്നു കൊല്ലമായി സംസാരിക്കാത്ത കുറിഞ്ഞി മിണ്ടി.ഇത്ര നാളും അവള്‍ എങ്ങനെ മിണ്ടാന? അറബിപൂച്ചക്ക് എങ്ങനെ മലയാളം അറിയാനാ ? ഇനി ഇവള്‍ പെറ്റാലും ചത്താലും എന്റെ പട്ടി നോക്കും.

" housekeeping brother .......please take out this cat from my room"

ഒരു ഫിലിപ്പിനോ ചെക്കന്‍ അവളെ കഴുത്തില്‍ തൂക്കി കൊണ്ടു പോകുമ്പോള്‍ അവള്‍ ദയനീയമായി എന്നോട് എന്തൊക്കെയോ പറഞ്ഞു. ചിലപ്പോള്‍ അവടെ കൊച്ചിന്റെ അപ്പന്റെ പേര് ആയിരിക്കാം.


" ഹാവു...മുത്തശ്ശന്‍ പണ്ട് പറഞ്ഞപോലെ പുകഞ്ഞ കൊള്ളി പുറത്ത്

Tuesday, October 9, 2012

സാത്താനും ശാസ്ത്രവും ഒരു ത്രികോണത്തില്‍

DEVILS TRIANGLE  എന്ന പേരിലെ കൌതുകവും സുഹൃത്തിന്റെ അഭ്യര്‍ത്ഥനയും ശാസ്ത്രവും മിത്തും തമ്മിലുള്ള വടം വലിക്കിടയിലൂടെ സത്യം തേടിയൊരു യാത്ര പോകാന്‍ എന്നെ പ്രേരിപ്പിച്ചു. വരൂ സുഹൃത്തേ നമുക്കന്വേഷിക്കാം......ആവും വിധം

North Atlantic സമുദ്രത്തിന്റെ പശ്ചിമ ഭാഗത്തുള്ള ഒരു സാങ്കല്പിക ത്രികോണം ആണ് ബര്‍മുഡ ട്രയാങ്കിള്‍ അഥവാ ഡെവിള്‍സ് ട്രയാങ്കിള്‍. അമേരിക്കന്‍ ജിയോഗ്രാഫിക് ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ ഒന്നും തന്നെ കാണാന്‍ ഇല്ലാത്ത ഈ ട്രയാങ്കിള്‍  ലോകത്തിനു മുന്നില്‍ കാഴ്ച്ച  വെക്കാന്‍ ഇതിനകം ഒരുപാട് ഭൂപടങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു.

അതില്‍ ഒന്ന് ഇങ്ങനെയാണ്..

ത്രികോണത്തില്‍ ഒരു അറ്റം ബര്‍മുഡ ദ്വീപിലും ഇടതു മൂല അമേരിക്കയിലെ മയാമി (ഫ്ലോറിഡ) യിലും വലത്തേ അറ്റം പുവേര്ട്ടോ റിക്കോ ദ്വീപ സമൂഹത്തിലും ചെന്നെത്തുന്നു


അനേകം കപ്പലുകളും വിമാനങ്ങളും മറ്റും ഈ ത്രികോണത്തിന്റെ പരിധിക്കുള്ളില്‍ വെച്ച് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായെന്ന നിഗമനങ്ങളും വാര്‍ത്തകളുമാണ് ഈ സാങ്കല്പിക ത്രികോണത്തിനെ ഇത്രയും കു-പ്രസിധമാക്കിയത്.

അറിയപ്പെട്ട തിരോധനങ്ങളിലൂടെ
1872 ല്‍  മേരി സെലെസ്റ്റ് എന്നാ കപ്പല്‍ യാത്രക്കാരില്ലാതെ കണ്ടെത്തി.
1918 ല്‍ USS CYCLOPS എന്ന അമേരിക്കന്‍ യുദ്ധകപ്പല്‍  റിയോ ഡി ജെനീറോയില്‍ നിന്നും പുറപ്പെട്ട് ബാര്‍ബഡോസില്‍ എത്തി. ഒരു ദിവസത്തിന് ശേഷം അവിടുന്ന് പുറപ്പെട്ട കപ്പലിന്റെ വിവരം ഇല്ല
1945 ല്‍  US NAVY AVENGERS FLIGHT 19 തിരോധാനം അല്പം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. 5 സ്ടുടെന്റ്റ്‌ പൈലറ്റുകള്‍ ഒരു പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെ ഇന്ധനം തീരാറാകുകയും  പരിഭ്രാന്തനായ ഫ്ലൈറ്റ് ലീഡര്‍ ഒരു ദ്വീപ്‌ കണ്ടു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് പശ്ചിമ ഭാഗത്തേക്ക് വരാന്‍ ഫ്ലൈറ്റ് കണ്ട്രോളര്‍  നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ കിഴക്ക് ഭാഗത്തേക്ക്‌ തിരിക്കുകയാണെന്നും  ഉടനെ കരയെത്തും എന്നുമാണ് മറുപടി കിട്ടിയത്. പിന്നീടു അവരെ തിരഞ്ഞു പോയ വിമാനങ്ങളില്‍ ഒന്ന് കാണാതെ ആയി .മറ്റൊന്ന് ഫലം ഇല്ലാതെ തിരികെയെത്തി.

1948 ല്‍ ടഗ്ലാസ് DC 3 എന്ന വിമാനം അവസാന മണിക്കൂറില്‍ റേഡിയോ ബന്ധം നഷ്ടപ്പെട്ടു കാണാതെയായി
1955 ല്‍  കൊനെമാറ  എന്നാ കപ്പല്‍ ആളില്ലാതെ കണ്ടെത്തി
1965 ല്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് വിമാനം കാണാതെ ആയി

എണ്ണം ഇല്ലാതെ ഈ കണക്കു തുടരവേ നമുക്ക് മിത്തിലേക്ക് കടക്കാം  

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടെന്നൊരു കൂട്ടം. സിനിമയുടെ കൈ കടത്തലുകള്‍  ഇതിന്റെ ആക്കം കൂട്ടുന്നു.

മറ്റൊരു വാദം ഗ്രീക്ക് പുരാണങ്ങളിലെ സാങ്കല്പിക നഗരമായ അട്ട്ലാന്ട്ടിസിയ എന്നതാണ്. ഇതൊരു പൌരാണിക നഗരം ആയിരുന്നു. വിശാലമായ ഇതിന്റെ ഊര്‍ജ്ജ സ്രോതസ്സ് ഊര്‍ജ്ജ ക്രിസ്റ്റലുകള്‍ ആയിരുന്നു.ഈ നഗരത്തിന്റെ ഒരു അറ്റം ബഹാമാസില്‍ എത്തിയിരുന്നു എന്നും വിശ്വസിക്കുന്നു. സമുദ്രാന്തര്ഭാഗത്ത്‌ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഒരു രൂപീകരണത്തിനെ അവിടെക്കുള്ള വഴി ആയും ഇവര്‍ വിശ്വസിക്കുന്നു .

ഇതുവരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തതും നിര്‍വചിക്കപെടാന്‍ ആവാത്തതും  ആയ ചില ശക്തികള്‍ എന്നും ഒരു കൂട്ടം പറയുന്നു.

ഇനി ശാസ്ത്രത്തിലേക്ക്

കോമ്പസ് വ്യതിയാനം - കോമ്പസ് ഉപയോഗിക്കുകയും അതിന്റെ ശാസ്ത്രീയത അറിയുകയും ചെയ്യുന്നവര്‍ക്ക് ഭൂമിയുടെ കാന്തിക ധ്രുവത്തിന്റെ പ്രത്യേകതകളും അറിയാം.യഥാര്‍ത്ഥ വടക്ക് ദിശയും കാന്തിക വടക്ക് ദിശയും തമ്മില്‍ ചെറിയ വ്യത്യാസം ഉണ്ട്. ഇവ രണ്ടും കൊമ്പസ്സില്‍ ഒരു പോലെ വരുന്ന സ്ഥലങ്ങള്‍ ഇല്ല. എന്നാല്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്ന സ്ഥലത്ത് ഇത് കൂടുതലാണ്.

ഗള്‍ഫ് സ്ട്രീം - സമുദ്രത്തിന്റെ അടിയില്‍ പുഴ പോലെ ശക്തിയായ് വെള്ളം ഒഴുകുന്ന പ്രതിഭാസം ആണിത്. മെക്സിക്കന്‍ തീരം മുതല്‍ ഫ്ലോറിടക്ക് സാമാന്തരമായി  വടക്കേ അട്ട്ലാന്ട്ടിക് സമുദ്രം വരെ ഒഴുകുന്ന ഈ സ്ട്രീം വളരെ അപകടകാരിയും എന്തിനെയും ഒഴുക്കി കൊണ്ടുപോകാന്‍ കഴിവുള്ളതുമാണ്.
കാലാവസ്ഥ - ചുഴലിക്കാറ്റുകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണിത്
നരഭോജി മത്സ്യങ്ങള്‍ - ധാരാളമായി കാണുന്നു
മീതെയ്ന്‍ ഹൈഡ്രെറ്റ്- പരീക്ഷണ ശാലകളില്‍ തെളിയിക്കപ്പെട്ടതാണ് ഇത് വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുമെന്ന്. ഈ പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന ഇവ കപ്പലുകളെ മുക്കുകയും ഗള്‍ഫ് സ്ട്രീമില്‍ എത്തിക്കുകയും ചെയ്യുന്നു.


പല കപ്പലുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്തിട്ടുണ്ട് . സ്രാവുകളുടെ പല്ലിന്റെ പാടുള്ള അനേകം ലൈഫ് ജാക്കറ്റുകളും ഇതില്‍പ്പെടും.



ശാസ്ത്രം ശരി എന്ന് ഞാന്‍ വാദിച്ചാല്‍ ഈ ശാസ്ത്രം പറഞ്ഞതിനെല്ലാം കാരണം മിത്ത്  എന്ന് അവര്‍ വാദിക്കും ..മിത്ത് ശരിയെന്നു വാദിക്കാന്‍ ശാസ്ത്രം സമ്മതിക്കുന്നുമില്ല....കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു

Friday, October 5, 2012

പുതിയൊരു തട്ടത്തിന്റെ മറയത്ത്

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്ന ആ  സ്ത്രീയുടെ മനസ്സ് എന്തെന്ന് ഒന്ന് ഊഹിക്കുവാന്‍ പോലും എനിക്കായില്ല ... ഒരു പക്ഷെ  ആര്‍ക്കും അത് സാധിച്ചെന്നു വരില്ല എന്നെനിക്കു തോന്നി   . ഒരുപക്ഷെ ജീവിതം പങ്കിട്ടവന്റെ കിടപ്പില്‍ ഉണ്ടായ നിരാശയാവാം ...അതോ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോ? അതും അല്ലെങ്കില്‍ ഒരു തരം പുച്ഛം ആവാം. എന്തൊക്കെയോ നേടുവാന്‍ ഇറങ്ങി തിരിച്ചു  ഇവിടെ  എത്തിയപ്പോള്‍ ....എനിക്കത് വിവേചിച്ചറിയാന്‍ ആവുന്നില്ല
---------------------------------------------------------------------------------------------------------

ഒരു പുരുഷന് നാല് സ്ത്രീകള്‍ക്ക് വരെ സംരക്ഷണം കൊടുക്കാന്‍ ആവുമെന്ന് പറഞ്ഞ പരിശുദ്ധ ഖുറാനെ മാതൃക ആക്കിയവര്‍. ഭാര്യയെപ്പോലെ ഭാര്യാ സഹോദരിമാരെയും കാമ സര്‍പ്പ ദംശം ഏല്‍പ്പിച്ചപ്പോള്‍ നഷ്ടമായത് ഖുറാന്റെ വിശുദ്ധിയല്ല മറിച്ച് മനുഷ്യന്റെ വിവേചന ശക്തിയുടെ അധ:പതനമാണ്.
---------------------------------------------------------------------------------------------------------

ഒരു തരം ആസക്തി ആയിരുന്നു അയാള്‍ക്ക്‌ ജീവിതത്തോട്. എന്തും വെട്ടിപിടിച്ചു ആരെയും ദ്രോഹിച്ചു ജീവിതം കയ്യടക്കാനുള്ള ആസക്തി. ഒടുവില്‍ ഈ ഐ സീ യു വിന്റെ യന്ത്രങ്ങളാല്‍ ആ ശരീരം പ്രവര്ത്തിപ്പിക്കേണ്ടി വന്ന അവസ്ഥയില്‍ എത്തും വരെ അയാള്‍ പൊരുതി.
---------------------------------------------------------------------------------------------------------

അഞ്ചു നേരം നിസ്കരിക്കുമ്പോഴും റമദാന്‍ നോമ്പ് കൃത്യമായി പാലിക്കുമ്പോഴും സക്കാത്ത് കൊടുക്കുമ്പോഴും മാത്രമല്ല ഒരുവന്‍ ഇസ്ലാം ആകുന്നത്. സഹജീവിയോടു കരുണ ഉണ്ടാകണം പൊറുക്കാനും ക്ഷമിക്കാനും കഴിയണം. മതപരിവര്‍ത്തനം ചെയ്തവന്റെ തല കൊയ്യുന്നതിലെ ഇസ്ലാമികത എനിക്ക് ദഹിക്കില്ല
---------------------------------------------------------------------------------------------------------

  അവരുടെ പേര് എനിക്കറിയില്ല, സാധാരണ മുസ്ലിം  സ്ത്രീകളുടെ പേര് പോലെ നമുക്ക് അവളെ  ആയിഷ എന്ന് വിളിക്കാം.ഉന്നത കുടുംബത്തിലെ നല്ല വിദ്യാഭ്യാസം ലഭിച്ച സ്ത്രീ. പുറം ലോകം കാണാതെ വിദ്യ അഭ്യസിച്ചവള്‍ എന്ന് ഞാന്‍ പ്രത്യേകം പറയട്ടെ .ജീവിതം മതത്തിനു കാഴ്ച്ച  വെച്ചവള്‍ അതുമല്ലെങ്കില്‍ മതം വിലങ്ങു അണിയിച്ചവള്‍.
---------------------------------------------------------------------------------------------------------

 ഖുറാന്‍ ഒരിക്കലുമൊരു സ്ത്രീയെ പുറം ലോകം കാണിക്കരുതെന്ന് പറഞ്ഞിട്ടില്ല. മറിച്ച്  തല മൂടിയിട്ട് പ്രാര്‍ത്ഥിക്കാത്ത സ്ത്രീ അവളുടെ ശിരസ്സിനെ അപമാനിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. മനുഷ്യന്‍ അതിനൊരു പുത്തന്‍ നിര്‍വ്വചനം നല്‍കി
---------------------------------------------------------------------------------------------------------

അറബിയുടെ അത്തറിന്റെ മണം ഇഷ്ടമായ വീട്ടുകാര്‍ അവളെ അയാള്‍ക്ക്‌ നല്‍കുമ്പോള്‍ അവള്‍ക്കു പ്രായം ഇരുപത്തി ഒന്നും അയാള്‍ക്ക്‌ നാല്‍പ്പത്തി മൂന്നും.ഇസ്ലാം കുടുംബത്തിലെ പതിവ് പോലെ ഇഷ്ടം ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല .അവള്‍ക്കു അയാളുടെ കയ്യും ചുണ്ടുമെല്ലാം ശരീരത്തില്‍ പടര്‍ന്നു കയറിയ തീ മാത്രം ആയിരുന്നു. അയാള്‍ക്കും അവള്‍ മറ്റു മൂന്നു ഭാര്യമാരെ പോലെ കേവലമൊരു യന്ത്രം ആകാന്‍ അധികം താമസം വന്നില്ല.
---------------------------------------------------------------------------------------------------------

ഖുറാനില്‍ പറയുന്നു സ്ത്രീക്കും പുരുഷനും തുല്യത എന്ന്. പക്ഷെ പുരുഷന്‍ അവളുടെ രക്ഷ കവചം ആണ് അവളാകട്ടെ അവന്റെ നിഴലില്‍ ജീവിക്കേണ്ടവളും. മനുഷ്യന്‍ ഇവിടെയും നിര്‍വ്വചനം മാറ്റി എഴുതി

---------------------------------------------------------------------------------------------------------

പണം ഉന്മത്തന്‍ ആക്കുമ്പോള്‍ പേ പിടിച്ച നായയെ പോലെ ആയിരുന്നു അയാള്‍... നാലാം ഭാര്യയെ മറ്റൊരു അറബിക്ക് കാഴ്ച വെച്ച് ആ പണം മുഖത്തോട് അടുപ്പിച്ചു അലറി ചിരിക്കുന്ന അയാളെ മറ്റൊരുവന്‍റെ  കിടപ്പറയില്‍ കിടന്നു കണ്ടവള്‍ ആണ് ആയിഷ. നിശബ്ദം സഹിക്കേണ്ടി വന്നതിനും അവള്‍ക്കു മറുപടി ഒന്ന് മാത്രം അവള്‍ ഇസ്ലാം ആണ്
---------------------------------------------------------------------------------------------------------

ഖുറാനും സുന്നത്തും അനുശാസിക്കുന്ന സാന്മാര്‍ഗ്ഗിക ഗുണങ്ങളായ  ആത്മാര്‍ഥത പരസ്പര സ്നേഹം  കരുണ സഹാനുഭൂതി  മിതവ്യയം ധര്‍മ്മനിഷ്ഠ  സത്യസന്ധത തുടങ്ങിയവയെല്ലാം സാംസര്‍ഗ്ഗിക നിയമങ്ങളുടെ പരിധിയില്‍ വരുന്നു.മാതാവ് പിതാവ് ഭാര്യ ഭര്‍ത്താവ് മക്കള്‍ അയല്‍വാസികള്‍ വലിയവര്‍ ചെറിയവര്‍ തുടങ്ങിയവരോട് പാലിക്കേണ്ട മര്യാദകളും ഇതിന്റെ ഭാഗമാണ്
---------------------------------------------------------------------------------------------------------

ഒടുവില്‍ ഒരുനാള്‍ അയാള്‍ കടിച്ചു മുറിച്ച ചുണ്ടിലെ രക്തം അയാളുടെ മുഖത്തേക്ക് തുപ്പിയവള്‍  ഇറങ്ങി ഓടി.മതം അവളെ വലിച്ചിഴച്ചു ഭ്രാന്തിന്റെ തുറങ്കിലടച്ചു. ഒടുവില്‍ ഒരുപാട് കാലത്തിനു ശേഷം അവള്‍ വന്നതാണ് അയാളെ കാണാന്‍... ഇപ്പോള്‍ അവരുടെ ഭാവം എനിക്ക് മനസ്സിലാകുന്നില്ല
---------------------------------------------------------------------------------------------------------

 വെന്റിലേറ്ററില്‍ അവസാന പിടച്ചില്‍ നടത്തുന്ന അയാളെ കാണുമ്പോള്‍  മറ്റൊരു ഖുറാന്‍ വചനം ഞാന്‍ കടമെടുക്കട്ടെ


" അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനാണെന്നും കരുണാനിധിയും ആണെന്നും നിങ്ങള്‍ മനസ്സിലാക്കുക "

Saturday, August 4, 2012

പ്രിയേ നിനക്കായി

നീളന്‍  വരാന്തയുടെ അവസാനത്തിലാണ്  എന്റെ  കിടക്ക. മുഷിഞ്ഞ വിരികള്‍ ആരോ വന്നു മാറ്റി വിരിച്ചു. വീണ്ടും അതിലേക്കു ഞാന്‍  ചാഞ്ഞു. സ്വപ്‌നങ്ങള്‍ ഇപ്പോള്‍ കടന്നു വരാന്‍  മടിക്കുന്നത് പോലെ. പഴയ ഡയറി തലയിണയുടെ അടിയില്‍ നിന്നും താഴേക്ക് വീണു.വളരെ പ്രയാസപ്പെട്ടു ഞാന്‍ അത് എടുത്തു.  എന്റെ മനസ്സിനെ എഴുതി തീര്‍ക്കുവാന്‍ എനിക്ക് ആവുന്നില്ല ഇപ്പോള്‍ .പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ഞാന്‍. അവിടെ നിന്റെ മുഖം വ്യക്തമായി കണ്ടു.

ആലോചനക്കു ഭംഗം വരുത്തിയെന്നോണം ഒരു നേഴ്സിന്റെ വിളി കേട്ടു.സമയത്തുള്ള ഈ കുത്തിവെപ്പുകള്‍  അവരുടെ ജോലിയുടെ ഭാഗം. ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു  അവര്‍ക്കും എനിക്കുമറിയാം. ഈ തണുത്ത സൂചി മാംസത്തില്‍  തറച്ചു കയറുന്ന വേദന അസഹനീയം.വീണ്ടും ഞാന്‍ എന്റെ പുതപ്പിന്റെ ഉള്ളിലേക്ക് കയറി.


പഴയ ഡയറിയുടെ മുഷിഞ്ഞ താളുകളില്‍  വീണ്ടും എഴുതാന്‍  ബാക്കിയായത്  കുറെ സ്വപ്‌നങ്ങള്‍. .ദുഖമില്ലാത്ത ഒരു സൃഷ്ടിക്കു എന്റെ പേനയും കടലാസ്സും ദാഹിക്കുന്നു.എങ്ങനെ ഞാന്‍ എഴുതും? മനസ്സിന്റെ നെരിപ്പോടില്‍ എന്റെ നിണം മുക്കി എഴുതുകയല്ലേ?
 നീയാണ് പെണ്ണെ എന്നെ എഴുതാന്‍ പഠിപ്പിച്ചത്. രാത്രി മഴ പോലെ എന്നില്‍ പെയ്തിറങ്ങിയ കുളിരാണ് നിന്റെ പ്രണയം.പൂക്കളെയും നീലാകാശത്തെയും ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ എന്ന് മുതലാണ്‌ ഈ ഡാര്‍വിന്റെയും ഐന്‍സ്ടീന്റെയും സിദ്ധാന്തങ്ങളുടെ പിന്നാലെ പാഞ്ഞത്. മാറ്റങ്ങള്‍ തുടങ്ങിയത് എവിടെ? പ്രണയം പൂര്‍ണ്ണത കൈവരിക്കുന്നത് വിവാഹത്തിലെന്ന് വിശ്വസിച്ച വിഡ്ഢി.
പലതവണ നീ പറഞ്ഞിരുന്നു എന്നും കൂടെ ഉണ്ടായിരിക്കുമെന്ന്. ഇന്ന് നീ എവിടെ? ആശുപത്രി വരാന്തയിലെ ഓരോ പദനത്തിലും നിന്റെ കാലൊച്ച ഞാന്‍ കാതോര്‍ത്തു കിടന്നത് നീ അറിഞ്ഞില്ലേ?

ഇടയ്ക്കിടെ ഈ തണുപ്പ് എന്റെ തലയിലൂടെ കടന്നു പോകുമ്പോള്‍  അറിയാതെ ഞാന്‍ അലറിക്കരഞ്ഞു പോകുന്നു.അവരെനിക്കു വലിയ സൂചികളില്‍ നിറച്ച തണുത്ത മരുന്നുകള്‍ നല്‍കുമ്പോള്‍ വീണ്ടും ഒരു  ഉറക്കം.ഉണരുമ്പോള്‍  ഈ മുഷിഞ്ഞ പുതപ്പു മാത്രം കൂട്ടിന്.

നാടന്‍ സങ്കല്‍പ്പങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍  എങ്ങനെ നിന്നെ സ്നേഹിച്ചു സംസാരപ്രിയനല്ലാത്ത ഞാന്‍ നിന്റെ സംസാരം ഒരുപാട് കേട്ടിരുന്നു.അലസമായ നിന്റെ മുടി കണ്ണിലേക്ക്  വീഴുന്നതും ഒട്ടും നിരയല്ലാത്ത പല്ലുകള്‍  കാട്ടി നീ ചിരിക്കുന്നതും നാണം കൊണ്ട് മുഖം പൊത്തുന്നതും ഒക്കെ നീയറിയാതെ ഞാന്‍ ആസ്വദിച്ചിരുന്നു. നീ എന്റേതെന്നു  ആ കാതില്‍ ഞാന്‍ നൂറുതവണ പറഞ്ഞതല്ലേ.പിന്നെ എന്നെ ഒഴിവാക്കിയൊരു യാത്ര നിനക്കെങ്ങനെ സാധിച്ചു? നീ ഒരുപാട് ഇഷ്ടപെട്ട മാധവിക്കുട്ടി മുസ്ലിം ആയതിനെ എതിര്‍ത്ത എന്നോട് നീ പരുഷമായിസംസാരിച്ചതും ഞാന്‍ ഓര്‍ക്കുന്നു.

"പ്രിയേ നിനക്കായ്‌ " എന്ന പുസ്തകം ലോകം നെഞ്ചില്ലേറ്റിയപ്പോള്‍  നിനക്കെഴുതിയത്  വാങ്ങാന്‍ നീ മാത്രം വന്നില്ല. ആരാധകരുടെ ഇടയിലെപ്പോലും ഞാന്‍ തേടിയത് നിന്നെയായിരുന്നു.


പോസ്റ്റ്‌മാന്‍  കൊണ്ട്  വന്ന കവറില്‍  നിന്റെ കയ്യക്ഷരം കണ്ടു ഞാന്‍  ആവേശത്തോടെയാണ് അത് പൊട്ടിച്ചത്. അതില്‍ എന്റെ പുസ്തകം.ഞാന്‍ നിനക്കെഴുതിയ അതില്‍ ...നീ എനിക്കെഴുതിയത് വാങ്ങാന്‍ തിടുക്കമായിരുന്നു എനിക്ക് . ആദ്യ പേജില്‍ നിന്റെ എനിക്കായുള്ള അക്ഷരങ്ങള്‍........ ... ഹൃദയം ധൃതഗതിയില്‍  ഇടിക്കുന്നത്‌ ഞാന്‍ അറിഞ്ഞു.
" നിന്നെ ഞാന്‍ സ്നേഹിക്കുന്നു...ഈ പൂക്കളിലും ..പുഴകളിലും ....മഴയിലുമധികം...വിട പറഞ്ഞതിന് കാരണം ഒന്ന് മാത്രം. വേര്‍പാട് മരണത്തിലൂടെ ആകുന്നതു നിന്നെ ഒരുപാട് വേദനിപ്പിക്കുമെന്ന് ഞാന്‍ അറിയുന്നു..അതെനിക്കാവില്ല...ഈ ആശുപത്രിക്കിടക്കയിലും നിന്നെ ഞാന്‍ സ്നേഹിക്കട്ടേ ..."

അവള്‍ക്കു വേണ്ടി ഞാന്‍ നല്‍കിയ അക്ഷര കൂട്ടങ്ങളില്‍ എന്റെ കണ്ണുനീര്‍ വീണു ചിതറി. പ്രിയേ നിനക്കെന്നില്‍ മരിച്ചു കൂടായിരുന്നോ ...ഇതിലെത്രയോ  ഭേദം.....


ഉണര്‍ന്നപ്പോള്‍ ചുറ്റും നോക്കി...എനിക്കെന്തോ ഇന്ന്  തണുപ്പില്ല.എന്റെ ചുമലില്‍ ഒരു ചൂടുള്ള കൈ. നിന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചത്...പക്ഷെ തിരിച്ചറിഞ്ഞു ഞാന്‍...............     ...അവനാണ് വന്നത് ...ഒരിക്കലുമിനി നിന്നെ കാണാന്‍ അനുവദിക്കാതെ നിതാന്തമായ തണുപ്പിലേക്ക് എന്നെ കൊണ്ട് പോകുവാന്‍ വന്ന മരണം .....

വീണ്ടും ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു ഞാന്‍ ...എന്റെ മുഷിഞ്ഞ പുതപ്പു കെട്ടിപിടിച്ചു കരയുന്ന നിന്നെ ...ഒന്ന് ചിരിച്ചു കൊണ്ട് ഞാന്‍ ഓര്‍ത്തു

                                     വൈകിപോയി പ്രിയേ നീ ഒരുപാട് വൈകി