Wednesday, July 23, 2014

കര്‍മ്മ കാണ്ഡം

 ഇതിനൊരു ആമുഖം ആവശ്യമുണ്ട്. കാരണം ഇതൊരു കഥയാണോ എന്ന് വായനക്കാരനായ നിങ്ങള്‍ക്ക് സംശയം തോന്നാം. കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എനിക്കോ നിങ്ങള്‍ക്കോ മറ്റൊരാള്‍ക്കോ ഒക്കെയുണ്ടായ ആ അനുഭവത്തില്‍ ഭാവനയുടെ നിറം മുക്കിയെടുക്കുന്ന ഓരോന്നും കഥാകൃത്തിന്‍റെ പേനത്തുമ്പില്‍  പൂര്‍ണ്ണഗര്‍ഭം പോലെ പ്രസവം കാത്തു കിടക്കും.

ഇനിയെന്‍റെ കഥയിലേക്ക്‌..

ഞാന്‍ അവനെ മഹിയെന്നു വിളിക്കുന്നു. "മഹേശ്വര്‍" എന്നാണ് ശരിയായ നാമം. അക്ഷരങ്ങളാല്‍ ഇന്ദ്രജാലം തീര്‍ത്തവന്‍. മഷി പുരളാത്ത ബ്ലോഗുകളിലൂടെ സജീവ സാന്നിധ്യമറിയിച്ചവന്‍. മഹിയുടെ വിശേഷണം നീണ്ടു പോകവേ ഞാന്‍ കഥാഗതി മാറി സഞ്ചരിക്കുന്നില്ല.

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

മഹിയെന്നോട് പറഞ്ഞ അവസാന വാചകം ഇതാണ്. അതിലപ്പുറം ഞാന്‍ പറഞ്ഞ പലതും അയാള്‍ കേട്ടിരുന്നോ എന്ന് പോലും എനിക്ക് നിശ്ചയമില്ല.

എന്‍റെ കര്‍മ്മ മേഖലയില്‍ ഞാന്‍ പലപ്പോഴും കണ്ടത് സ്നേഹവും ജീവനും തമ്മിലുള്ള വടം വലിയാണ്. ഭാഷയും ദേശവും മാറി മാറി ഞാന്‍ ജീവിക്കുമ്പോള്‍ ഈ വികാരത്തിന് മാത്രം ഒരു നിറമായിരുന്നു. അതുകൊണ്ട് തന്നെയാവണം മഹി എപ്പോഴും  എന്‍റെ കര്‍മ്മത്തില്‍ ഈശ്വരനെ കണ്ടിരുന്നതും.

" ദൈവത്തെ പേര് ചൊല്ലി വിളിക്കുന്നത്‌ നല്ല ശീലമല്ല. അതുമൊരു പെറ്റ് നെയിം"

ഞാന്‍ കളിയായി പറയുമ്പോള്‍ അവന്‍ എനിക്ക് പരിചിതമായ ആ ചോദ്യം തിരിച്ചു ചോദിക്കും

" എന്നിട്ടും നീയെന്തേ ആ നീല നിറമുള്ള മനുഷ്യനെ കൃഷ്ണാ എന്ന് മാത്രം അഭിസംബോധന ചെയ്യുന്നത്? "

പക്വമായി തമാശകള്‍ പോലും പറയുന്ന മഹി എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. അപ്രതീക്ഷിതമായ് മുന്നില്‍ വന്ന രോഗി വര്‍ഷങ്ങളായി എഴുത്തിലൂടെ പരിചിതിനായ ഒരാള്‍ എന്നറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടല്‍. ചോദിയ്ക്കാന്‍ ഒരുപാടുണ്ടായിരുന്നു. പരിമിതമായ സമയവും ക്ഷീണിതനായ രോഗിയും. പക്ഷെ അയാളുടെ മനസ്സ് അപ്പോളും ദൃഢമായിരുന്നുവെന്ന് എനിക്ക് തോന്നി.

----------------------------------------------------------------------------------------------

" അയാള്‍ക്ക്‌ എങ്ങനെയുണ്ട് സിസ്റ്റര്‍? "

" രക്ഷപെടുമോ?"

" കയ്യോ കാലോ അനക്കിയോ? "

സന്ദര്‍ശനസമയം മാത്രം കടന്നു വരാന്‍ വിധിക്കപ്പെട്ട മഹിയുടെ സുഹൃത്തുക്കളുടെ ഉത്കണ്ഠ  എനിക്ക് മനസ്സിലാവുമെങ്കില്‍ കൂടി സ്വന്തമല്ലാത്തവരുടെ ജീവന് ആത്മാര്‍ഥതയുടെ തലോടല്‍ അല്‍പ്പം പോലുമേകാത്ത ആതുര സേവനത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു ഞാനുമിപ്പോള്‍.

" വെന്റിലെറ്ററിലാണ് മഹി ഇപ്പോളും..മയക്കി കിടത്തിയിരിക്കുകയാണ്. കൂടുതല്‍ നിങ്ങള്‍ ഡോക്ടറിനോട്‌ ചോദിക്കൂ " 

മഹിയുടെ സുഹൃത്ത്‌ പൊട്ടിക്കരയുന്നത്‌ ഞാന്‍ കണ്ടു. എന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി. പണ്ടൊരു പൂച്ചക്കുഞ്ഞു ചത്തുപോയെന്നു പറഞ്ഞു പട്ടിണി കിടന്നു കരഞ്ഞവള്‍. ഇന്നൊരു മനുഷ്യ ജീവന്‍ പോലും എന്നിലൊരു ചലനം ഉണ്ടാക്കുന്നില്ലന്നു ഞാന്‍ തിരിച്ചറിയുന്നു

" വീട്ടില്‍ അറിയിച്ചോ? "

മറ്റൊരു സിസ്റ്റര്‍ അവരോടു ചോദിച്ചു.

" ഇല്ല. അവിടെ അറിയിക്കാന്‍ പറ്റിയൊരു അവസ്ഥയല്ല സിസ്റ്റര്‍. അവന്‍റെ മകളുടെ കല്യാണം അടുത്ത മാസമാണ്. പിന്നെ അമ്മക്ക് കഴിഞ്ഞ മാസം അറ്റാക്ക് വന്നിരുന്നു . ഇപ്പോള്‍ ഒക്കെ നേരെയായി വരുന്നതെയുള്ളു. മഹി തന്നെ അവനു ചെറിയ പനിയെന്നു പറഞ്ഞിരുന്നു. ".

ഒരു ദീര്‍ഘനിശ്വാസത്തില്‍ സഹതാപം പ്രകടിപ്പിച്ചു ആ സിസ്റ്റര്‍ പോയി.
----------------------------------------------------------------------------------------------------



കയ്യിലൊരു കടലാസ്കെട്ടുമായി ഓടിക്കിതച്ചു വന്ന ആ മനുഷ്യന്‍ എന്‍റെ മുന്നില്‍ നിന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടു.

" സിസ്റ്റര്‍ ...ഡോക്ടര്‍ ...ഡോക്ടര്‍ ? "

യാന്ത്രികമായെന്നോണം എന്‍റെ കൈ ഡോക്ടറിനു നേരെ നീണ്ടു.

അറബിയും ഇംഗ്ലീഷും കൂട്ടിക്കുഴച്ചയാള്‍ ആ കടലാസില്‍ ഒപ്പ് യാചിക്കയാന്നെന്നു എനിക്ക് മനസ്സിലായി. ഒടുവില്‍ വിതുമ്പിയ മുഖത്തോടെ അയാള്‍ മഹിയുടെ മുറിക്കു മുന്നില്‍ നിന്നു.


" എന്താ കാര്യം? "

ഞാന്‍ തിരക്കി

മറുപടി ആദ്യമൊരു കരച്ചിലായിരുന്നു. എന്‍റെ മുന്‍പിലൊരു പുരുഷന്‍ കരയുമ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അയാളെ ആശ്വസിപ്പിക്കാന്‍ പോലുമാവാത്ത നിസ്സഹായത

" മഹിയുടെ പാസ്സ്പോര്‍ട്ടും ഇക്കാമയും കാലാവധി തീര്‍ന്നിരിക്കയാണ്‌. ഇനിയൊരു പ്രതീക്ഷ വേണ്ടയെന്നു ഡോക്ടര്‍ പറഞ്ഞു. പക്ഷെ അവന്‍റെ ശരീരം പോലും നാട്ടിലെത്തിക്കണമെങ്കില്‍ ...അറിയാലോ സിസ്റ്റര്‍ ഈ രാജ്യത്തെ നിയമം..ആ ഡോക്ടര്‍ ഒരു ഒപ്പ് തന്നാല്‍ എംബസ്സി വഴി എന്തെങ്കിലും ചെയ്യാമെന്ന് പറയുന്നു. പക്ഷെ അയാള്‍ .."

വീണ്ടും പൊട്ടിക്കരഞ്ഞു മഹിയുടെ സുഹൃത്ത്‌. എനിക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അയാള്‍ക്ക്‌ പോലും വിശ്വസിക്കാന്‍ പ്രയാസമാവും.

ഞാന്‍ വീണ്ടും മഹിയെ നോക്കി. ഇത്രയും പക്വമായി സംസാരിക്കുന്ന മഹിയെപ്പോലെയൊരാള്‍ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായ് കണ്ടുവോ? എനിക്ക് സംശയം തോന്നി 

" മകളുടെ കല്യാണ ആവശ്യമെന്നും പറഞ്ഞു വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ അവന്‍ ഇക്കാമ പുതുക്കാന്‍ വെച്ചിരുന്ന കാശ് കൂടി അയച്ചു"  

അടുത്ത സിസ്റ്ററിന്റെ ചോദ്യത്തിന് മറുപടി ആയി അയാള്‍ പറഞ്ഞു
-------------------------------------------------------------------------------------------------------
ഞാന്‍ മഹിയുടെ മുറിയിലേക്ക് കയറി. മരുന്ന് തീര്‍ന്നിരിക്കുന്നു. സിറിഞ്ച് മാറ്റി വേറൊന്ന് ബന്ധിപ്പിച്ചപ്പോള്‍ എന്നോടൊരു പ്രതിഷേധം ആ യന്ത്രം പ്രകടിപ്പിച്ചുവോ?

തിരിച്ചിറങ്ങും മുന്നേ ഞാന്‍ അയാളെ നോക്കി. തടിച്ചു വീര്‍ത്ത കണ്‍പോളകള്‍ . ഒരു ചിരി തങ്ങി നില്‍ക്കുന്ന ആ ചുണ്ടുകള്‍ക്ക് വീണ്ടും എന്തൊക്കെയോ പറയാന്‍ ബാക്കിയുണ്ടെന്ന് എനിക്ക് തോന്നി. ഗ്ലാസ് ഡോറിനു പുറത്തു എന്നെ കാത്തു നില്‍ക്കുന്ന ഒരു കൂട്ടം കണ്ടില്ലയെന്ന് നടിക്കാന്‍ എനിക്ക് തോന്നി. ഈ മനുഷ്യന്‍ എന്‍റെ കര്‍മ്മപഥത്തില്‍ വെറുതെ വന്നു കയറിയതല്ല എന്ന് മനസ്സിലാരോ പറയും പോലെ.

ഒരുപാട് രോഗികള്‍ വന്നു പോകുന്ന ഈ ആശുപത്രിയില്‍ വല്ലപ്പോഴുമെങ്കിലും എന്നെ സ്വാര്‍ത്ഥയാക്കുന്നത് ഇങ്ങനെ ചില രോഗികള്‍ ആണ്. ആദ്യം സ്വന്തം നാട്ടുകാരന്‍ എന്ന ഒരു പരിഗണന...പിന്നീടത്‌ സഹതാപത്തിലേക്ക് വഴി മാറും. അതിലുമപ്പുറം എഴുത്തിനെ സ്നേഹിക്കുന്നവര്‍ക്ക് മഹിയെപ്പോലെ ചിലരെ മറക്കാന്‍ ആവുകയുമില്ല. വാക്കുകള്‍ ഓരോന്നും ചാട്ടുളി പോലെ നമ്മുടെ വികാരങ്ങളിലേക്ക് പടര്‍ത്തുവാന്‍ കഴിവുള്ള ചുരുക്കം ചില എഴുത്തുകാരില്‍ ഒരാള്‍. എഴുത്തിലൂടെ ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ മഹി മുന്നില്‍ തന്നെ ആയിരുന്നു. തുറന്നു പറച്ചില്‍ സമൂഹത്തില്‍ എന്നും ബാക്കി വെക്കുന്നതും അത് തന്നെ ആണല്ലോ. എങ്കിലും അവസാനം അയാളും കേവല പ്രവാസിയായതില്‍ എനിക്ക് ദുഃഖം തോന്നാതെയിരുന്നില്ല. സ്വന്തം കാര്യങ്ങള്‍ക്ക് മേലേ കുടുംബം എന്ന വലിയ ബാധ്യത..അതാണല്ലോ പ്രവാസിയെ എന്നും പ്രയാസിയാക്കുന്നത്.

---------------------------------------------------------------------------------------------------------

ജീവനും സ്നേഹവുമായുള്ള ചരടുവലി അവസാനിച്ചിട്ട് മുപ്പതു മിനിറ്റ് കഴിഞ്ഞു. മഹിയെ വെന്റിലെറ്ററില്‍ നിന്നും ഞാന്‍ മോചിപ്പിച്ചു. യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വന്തമല്ലാത്ത ആ ശരീരം ഞാനും സഹപ്രവര്‍ത്തകരും കൂടി വൃത്തിയാക്കുമ്പോള്‍ അടഞ്ഞ മുറിക്കുള്ളില്‍ അടക്കി പിടിച്ച തമാശകളും ചിരികളും പതിവായിരുന്നുവെങ്കിലും അസഹ്യമായെനിക്ക് തോന്നി.
മഹിയുടെ മുഖത്തേക്ക് മനപൂര്‍വ്വം ഞാന്‍ നോക്കിയില്ല.

ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റും മുന്‍പേ ഒരു സിസ്റ്റര്‍ വന്നു രഹസ്യമായ് കാതില്‍ ചോദിച്ചു

" ഇന്ന് വൈകിട്ട് കുര്‍ബാനയുണ്ട്. വരുന്നോ? "

മറുപടി പറയാതെ ഞാന്‍ മഹിയുടെ മുഖത്തേക്ക് നോക്കി. അവന്‍ മൌനമായ് പറഞ്ഞത് ഞാന്‍ മാത്രം കേട്ടു

" കര്‍മ്മം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല ആതി "

സ്വന്തമല്ലാത്ത ഒരു കൂട്ടം പ്രവാസ സുഹൃത്തുക്കള്‍ അവന്‍റെ ശരീരത്തില്‍ വീണു കരയുമ്പോള്‍ എനിക്കായുള്ള അടുത്ത വിളി എത്തി

" സിസ്റ്റര്‍ ..വേഗം ...അടുത്ത പേഷ്യന്റ് .."



പ്രിയ വായനക്കാരാ എനിക്കെന്‍റെ കര്‍മ്മ കാണ്ഡം കടന്നേ മതിയാവൂ. നിങ്ങള്‍ ഒരുപക്ഷെ നാളെ മഹിയെ മറന്നേക്കാം. അയാള്‍ എന്നിലൂടെ നിങ്ങളോട് പറയാന്‍ പലതും ആഗ്രഹിച്ചിരിക്കാം. എന്‍റെ അക്ഷരങ്ങളില്‍ കൂട്ടായി എനിക്കൊപ്പം ഇന്നിവിടെ ഉണ്ടായിരിക്കാം. എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നത് എന്‍റെ കര്‍മ്മ വീഥിയില്‍ മറ്റൊരു മഹിയായി നിങ്ങള്‍ കടന്നു വരാതിരിക്കട്ടെ എന്നാണ്...

കാരണം


കഥകള്‍ ഓരോന്നും ഓരോ അനുഭവം ആണ്, എന്റെയോ നിങ്ങളുടെയോ ..മറ്റൊരാളുടെയോ ....



Friday, June 27, 2014

ബൈപാസ് എന്ന CABG

ബൈപാസ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ശസ്ത്രക്രിയ ആണ് കൊറോണറി ആര്‍ട്ടറി ബൈപാസ്സ് ഗ്രാഫ്റ്റ്. ഇങ്ങനെ ഒരു ശസ്ത്രക്രിയ ആളുകള്‍ക്ക് സുപരിചിതമെങ്കിലും കൂടുതല്‍ ആളുകളും ശസ്ത്രക്രിയക്കു ശേഷം വേണ്ടത്ര പരിചരണം ലഭിക്കാതെ പോകാറ് പതിവാണ്. ഇതിനു കാരണം അറിവില്ലായ്മ മാത്രമാണ്.

 പരിചരണത്തെക്കുറിച്ച് അറിയും മുന്നേ ബൈപാസ്സ് എന്തെന്ന് അറിയണം. 
സാധാരണക്കാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ധമനിയുടെ ബ്ലോക്ക് കാരണം ഹൃദയത്തിനു ലഭിക്കാതെ പോകുന്ന രക്തയോട്ടവും ഓക്സിജനും മറ്റൊരു ഞരമ്പ് വെച്ച് പിടിപ്പിക്കുക വഴി ലഭ്യമാക്കുക എന്നതാണ് ബൈപാസ്. കാലില്‍ നിന്നും കയ്യില്‍ നിന്നുമൊക്കെ ഈ ഞരമ്പ് സാധാരണ എടുക്കാറുണ്ട്. 



ഇതിനു വേണ്ടി രണ്ടു രീതിയില്‍ ശസ്ത്രക്രിയ ചെയ്യാറുണ്ട്. ഒരു രീതി നേരെ നെഞ്ചിലെ അസ്ഥി മുറിച്ചു ഹൃദയത്തില്‍ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് 

മറ്റൊരു രീതിയെന്നത് നെഞ്ചിന്‍റെ  ഒരു വശത്ത് മാത്രം മുറിവുണ്ടാക്കി ശസ്ത്രക്രിയ ചെയ്യുക എന്നതാണ്. ഇത് വേദന കുറഞ്ഞ രീതിയെങ്കിലും ചികിത്സാ ചിലവ് മറ്റേതിനേക്കാള്‍ കൂടുതലാണ്. 

ശസ്ത്രക്രിയക്കു ശേഷം മൂന്നോ നാലോ ദിവസത്തില്‍ സാധാരണ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അതിനു ശേഷമുള്ള പരിചരണം അത്യാവശ്യമാണ്. 

ഇവയില്‍ പ്രധാനപ്പെട്ടവ  

മുറിവിന്‍റെ പരിചരണം
മരുന്നുകള്‍ കൃത്യമായി കഴിക്കുക 
ശരീരഭാരം നിയന്ത്രിക്കല്‍ 
ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍  

മുറിവിന്‍റെ പരിചരണം: 

ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം നെഞ്ചില്‍ ഉണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ സമയമെടുക്കും.അത് പോലെ പ്രധാനം ആണ് കാലിലെയോ കയ്യിലെയോ  മുറിവും. 
ദിവസേന ചെറു ചൂട് വെള്ളത്തില്‍ കുളിക്കുക. തിളച്ച വെള്ളം പാടില്ല 
കുളി കഴിഞ്ഞു മുറിവിലെ വെള്ളം തുടച്ച ശേഷം ആന്റിസെപ്ടിക്   (ബീറ്റാടിന്‍ പോലെയുള്ളവ ) ഡോക്ടര്‍ന്‍റെ നിര്‍ദേശം അനുസരിച്ച് പുരട്ടുക 
മുറിവ് എന്നും പരിശോധിക്കുക 
മുറിവില്‍ വേദനയോ ചുവപ്പോ നീരോ ഉണ്ടെങ്കില്‍ ഡോക്ടറിനെ വിവരം അറിയിക്കുക. പനി ഉണ്ടെങ്കില്‍ പ്രത്യേകം അറിയിക്കുക 
മുറിവില്‍ കൈ കൊണ്ട് വെറുതെ തൊടുകയോ ഞെക്കുകയോ അരുത്. 
ലോഷന്‍  പൌഡര്‍ മുതലായവ മുറിവില്‍ പുരട്ടരുത് 
രണ്ടര കിലോയില്‍ കൂടുതല്‍ ഭാരം ഉയര്‍ത്താതിരിക്കുക 
കുട്ടികളെ എടുക്കരുത് 
ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക 
കാല്‍ ഉയര്‍ത്തിവെച്ചു ഇരിക്കാന്‍ ശ്രമിക്കുക ( മുറിവ് കാലില്‍ എങ്കില്‍ )
ഡോക്ടര്‍ നിര്‍ദേശിക്കുന്ന ബാന്ടെജ് അല്ലെങ്കില്‍ സ്റൊക്കിങ്ങ്സ് വൃത്തിയായി ധരിക്കുക 

മരുന്നുകള്‍ കൃത്യമായി കഴിക്കുക:

മരുന്നുകള്‍ കഴിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടവ 

മരുന്നുകളുടെ പേര് ഡോസ് 
എന്ത് മരുന്ന് എന്തിനു കഴിക്കുന്നു?
എത്ര മരുന്ന് കഴിക്കണം?
എപ്പോള്‍ കഴിക്കണം ?
മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ 

ഓരോ തവണ ഡോക്ടറിനെ കാണാന്‍ പോകുമ്പോളും കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് കരുതുക
ഡോക്ടര്‍ ഉപദേശിക്കാത്ത പ്രകൃതിദത്തമായതൊ മറ്റു മരുന്നുകളോ കഴിക്കാതിരിക്കുക. കാരണം ഇവ ചില മരുന്നുകളുമായി ചേരുമ്പോള്‍ പ്രതികൂല ഫലങ്ങള്‍ ആണ് ഉണ്ടാവുക. 
യാത്രയില്‍ മരുന്നുകള്‍ കൂടെ കരുതുക.
പാര്‍ശ്വഫലങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുക 
മുഴുവനായും തീരും മുന്നേ മരുന്നുകള്‍ വാങ്ങി വെക്കുക 
മരുന്നിന്‍റെ ഡോസ് കൂട്ടുകയോ കുറയ്ക്കുകയോ മരുന്ന് നിര്‍ത്തുകയോ ചെയ്യും മുന്നേ തീര്‍ച്ചയായും വൈദ്യ സഹായം തേടണം 
ഒരു നേരം കഴിക്കാന്‍ മറന്ന മരുന്നുകള്‍ അടുത്ത നേരം ഇരട്ടിയായി കഴിക്കും മുന്നേ വൈദ്യസഹായം തേടുക 
രക്തത്തിന് കട്ടി കുറയ്ക്കുന്ന ചില മരുന്നുകള്‍ എടുക്കേണ്ടി വന്നാല്‍ സ്ഥിരമായി രക്ത പരിശോധനക്ക് വിധേയമാകുക 

ശരീരഭാരം നിയന്ത്രിക്കല്‍:

ദിവസവും രാവിലെ ഒരേ സമയം തന്നെ ഭാരം നോക്കുക 
എന്നും എഴുതി വെക്കുന്ന ശരീരഭാരത്തിന്റെ ചാര്‍ട്ട് ഡോക്ടറിനെ കാണിക്കുക 
ഒരുപാട് ഭാര വ്യത്യാസം ഉണ്ടെങ്കില്‍ ഡോക്ടറെ വിവരം അറിയിക്കുക ( ഒന്നര കിലോയില്‍ അധികം)

ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍: 

വ്യായാമം അത്യാവശ്യം ആണ് 
നടക്കുന്നത് വളരെ നല്ലതാണ്. ക്ഷീണിക്കുമ്പോള്‍ നിര്‍ത്തുക. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷം മാത്രമേ നടക്കാവൂ 
മറ്റൊരാള്‍ക്കൊപ്പം മാത്രം നടക്കാന്‍ പോവുക 
ക്രമേണ മാത്രം നടക്കുന്ന ദൂരം കൂട്ടുക 
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക 
മദ്യപാനവും ഒഴിവാക്കുക 



ഇവയെല്ലാം നമുക്ക് അറിവുള്ളതും അറിയാത്തതും ആയ ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ്.വിമര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്കു വെക്കാന്‍ ആര്‍ക്കെങ്കിലും കഴിയട്ടെ എന്ന് ആശിക്കുന്നു 
  





Wednesday, May 7, 2014

അവിഹിതം

മൃത്യുവിനെക്കുറിച്ചെഴുതുമ്പോള്‍ എന്നോടവര്‍ ചോദിച്ചത് നിരാശയെക്കുറിച്ചായിരുന്നു.മറുപടി പറയാന്‍ മരണം എന്‍റെ മുന്നില്‍ ഉണ്ടെന്ന് അവര്‍ മറന്നുവെന്ന് തോന്നുന്നു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കാമുകനെ അന്വേഷിച്ചവര്‍ യാത്ര തുടങ്ങുമെന്ന് ഞാനുറപ്പിച്ചു.ഇനിയൊരു ആശയം കണ്ടെത്തിയേ മതിയാവൂ.ഞാന്‍ തീരുമാനിച്ചു ...അവനെ കാണാന്‍ ഇനി വൈകിക്കൂടാ

" എന്‍റെ പ്രണയം ..അത് എന്റേതു മാത്രമാണ്"
" നീ പ്രണയിക്കു പെണ്ണേ ..നിന്‍റെ പ്രണയത്തിലും മോഹത്തിലും എന്തിനു നാണത്തില്‍ പോലും ഞാന്‍ ഇല്ലേ "
" കളിയാക്കുകയാണല്ലേ? എന്‍റെ പ്രണയം ..അത് നീയാണോ? "
" അറിയില്ലെനിക്ക്‌ ..പെണ്ണിന്‍റെ മനസ്സോ വികാരങ്ങളോ ഇതുവരെ ഞാന്‍ അറിഞ്ഞിട്ടില്ല"
" പ്രണയം അന്വേഷിക്കുമ്പോള്‍ ഒരുവന്‍ എന്നോട് ആവശ്യപ്പെട്ടത് എന്‍റെ ഭ്രമിപ്പിക്കുന്ന ത്രസിപ്പിക്കുന്ന അധരത്തിന്‍റെ മധുരമാണ് "

പിന്നീടവന്‍ ഒന്നും സംസാരിച്ചില്ല. അകലെയെവിടെയോ പൂത്ത ഇലഞ്ഞിമരത്തിന്‍റെ സുഗന്ധം പേറിയൊരു കാറ്റ് ഞങ്ങളെ തഴുകിയകന്നു.അപ്പോളവന്‍ എന്‍റെ കണ്ണിലെ ബാക്കിവന്ന പ്രണയം മനസ്സാല്‍ മൊത്തിക്കുടിക്കുകയായിരുന്നു.ഞാനാവട്ടെ അവന്‍റെ മനസ്സിലെന്‍റെ പ്രണയം പെയ്തിറങ്ങാന്‍ ആത്മാവുകൊണ്ട് ആശിക്കയും.ഇതുവരേക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രണ്ടുപേരായ് മാറിക്കഴിഞ്ഞുവോ ഞങ്ങള്‍.ജന്മം മുതലിന്നുവരെ അമ്മയല്ലാതെയുള്ള സ്ത്രീകളെ വിഭ്രമജീവികള്‍ മാത്രമായി കണ്ട പുരുഷന്‍..എഴുത്തില്‍ സ്വയം തേടുന്നൊരു സ്ത്രീ ..അവര്‍ക്കെങ്ങനെ പരസ്പരം അറിയാനാവും.

മനസ്സിലുദിച്ച പ്രണയം അയാള്‍ പോലുമറിയാതെ കുഴിച്ചു മൂടണമെന്ന് ആഗ്രഹിച്ചവളാണ് ഞാന്‍. ശരീരമുഴുപ്പുകളും പണവുമറിയാതെ എന്നെയറിഞ്ഞതിനാലോ എകാന്തതയിലെന്‍റെ ഭ്രാന്തുകള്‍ക്ക് കൂട്ടിരുന്നതിനാലോ അതോ അയാളുടെ പരുക്കന്‍ സ്വഭാവത്തില്‍ ഇടയ്ക്കിടെ എന്‍റെ പിടിവാശികള്‍ക്ക് മുന്നിലല്‍പ്പം തല കുനിച്ചതോ അയാളെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

" നീയെല്ലാം മറക്കും പെണ്ണേ ...എന്നെയും ..."
" ഇല്ല എന്നൊരു നുണ പറയുവാന്‍ എനിക്കാവും ..പക്ഷെ .."
" വേണ്ട ..എന്നോട് നീ കള്ളം പറയുന്നതും ചെയ്യുന്നതുമെനിക്ക് സഹിക്കാനാവില്ല "

അനിവാര്യമായൊരു നിശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ സമയമായെന്ന് ഓര്‍മ്മപ്പെടുത്തിയെന്നോണം ഒരു കാറ്റ് തഴുകി കടന്നു പോയി

" ഞാന്‍ പോകട്ടെ ?"
വളരെപ്പെട്ടന്നാണ് അവനെന്നെ കടന്നു പിടിച്ചു ചുംബിച്ചത്. ആ കൈകളില്‍ ശ്വാസം മുട്ടും പോലെ ...എന്‍റെ കണ്ണുകള്‍ എന്തോ നിറഞ്ഞൊഴുകി...

" അപ്പോള്‍ ...നീ ..നീയെന്നെ സ്നേഹിച്ചിരുന്നുവല്ലേ? "
" അത് അറിയുവാന്‍ നിനക്ക് ഈ കാറ്റും കുളിരും വേണ്ടി വന്നുവല്ലേ .."
" പക്ഷേ ...ഒരിക്കലും ..."
" അറിയാം ..പക്ഷെ ഞാന്‍ നിന്നെ സ്വന്തമാക്കിയാല്‍ നിലക്കുന്നത് നമ്മുടെ പ്രണയമാണ് പെണ്ണേ .."
" നീയറിയുന്നുവോ ഇന്ന് നിന്നെ സ്നേഹിക്കുവാന്‍ എനിക്കൊരുപാട് ചിന്തിക്കേണ്ടി വരുന്നു. കാലം പതിച്ചു നല്‍കിയൊരു ഓമനപ്പേരുണ്ട് .....               " അവിഹിതം " "
 " നല്ലൊരു പ്രയോഗമാണത്....ഹിതമായത് എന്താണീ ഭൂമിയില്‍? നീ നിന്‍റെ കിടപ്പറയില്‍ മടിയോട് നിന്റെ ശരീരമാ കാമദാഹിക്കു കാഴ്ച്ച വെക്കുന്നതോ ..നീ പോലുമറിയാതെ നിന്‍റെ മനസ്സ് നുകര്‍ന്ന പ്രണയമോ അവിഹിതം ? പറയു നീ .."
" സമ്മതിക്കുന്നു ഞാന്‍...... കാലം ഹിതത്തെയും അവിഹിതമാക്കുന്നു..."
" പെണ്ണേ ..ഒരിക്കല്‍ നീയും ഞാനുമീ ഭൂമിയില്‍ ഇല്ലാതെയാവും ..ഈ കാറ്റ് അന്നുമിതുപോലെ സുഗന്ധം പേറി കടന്നു വരും ..പക്ഷെ അപ്പോളും പ്രണയമീ ഭൂമിയില്‍ അവിഹിതമായി തുടരും .."

ഇനിയൊരു കഥയില്‍ കടന്നുവരാനിരിക്കുന്ന അവിഹിതത്തെയോര്‍ത്തു ഞാന്‍ എന്‍റെ പേന കയ്യിലെടുത്തു...കാറ്റ് മറ്റൊരു അവിഹിത കഥ പാടുവാന്‍ തിടുക്കം കൂട്ടിയകന്നു






Friday, May 2, 2014

അരോചകം

അഞ്ച് മണിയുടെ അലാറ ശബ്ദവും തേഞ്ഞു തുടങ്ങിയ ചെരുപ്പിന്‍റെ ഉരയുന്ന ശബ്ദവും അവര്‍ക്ക് എന്നും അരോചകമായിരുന്നു.പിറു പിറുത്തു കൊണ്ട് അവര്‍ പ്രതിഷേധം അറിയിച്ചു.

നിശബ്ദമായ ഇന്നത്തെ പുലരിയില്‍ അസഹ്യതയുടെ പാരമ്യതയിലൊരു ഹോം നേഴ്സ് അവരുടെ വിസര്‍ജ്ജനം വൃത്തിയാക്കുമ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ അരോചകത്തിനു വേണ്ടിയെന്നോണം മിഴികള്‍ നിറയുന്നുണ്ടായിരുന്നു.

Thursday, January 9, 2014


Thursday, November 21, 2013

ഭൂമിയിലെ മാലാഖമാര്‍

നാലരയുടെ അലാറം ഒന്ന് കൂടി മാറ്റി വെച്ച് മയങ്ങാം എന്ന് തീരുമാനിക്കുമ്പോള്‍ ശരീരത്തോട് കൂടുതല്‍ പറ്റിച്ചേര്‍ന്നു ജീവന്‍റെ പാതിതുടിപ്പ്. പാതി മയക്കത്തില്‍ നുകര്‍ന്ന അമൃതം മുഖത്ത് ഉണങ്ങിയിരിക്കുന്നു. മാതൃഹൃദയം ശരീരത്തിന്‍റെ ഉറക്കത്തെ തരണം ചെയ്യാന്‍ വേഗം സഹായിച്ചു. ഇനിയുള്ളതെല്ലാം ജീവിതത്തിന്‍റെ സ്ഥിരചലനങ്ങള്‍ ആയിരിക്കുന്നു.ചായയില്‍ തുടങ്ങി ചോറ് പൊതികളില്‍ അവസാനിക്കുന്ന ഓട്ടപ്പാച്ചിലുകള്‍.ആറു മണിക്ക് മുന്‍പേ ഉറക്കം അലോസരപ്പെടുത്തിയതിന്‍റെ പ്രതിഷേധം കരച്ചിലായ് പ്രകടിപ്പിച്ചപ്പോള്‍ ആശ്വസിപ്പിക്കാനും നല്ലൊരു സമയം വേണ്ടി വന്നു.

ആത്മാവിന്‍റെ ഒരു ഭാഗം പറിച്ചെടുത്ത്‌ ഒരു സ്ത്രീയെ ഏല്‍പ്പിക്കുമ്പോള്‍ ചുറ്റുമിരുന്നു കരയുന്ന ഒരു കൂട്ടം കുഞ്ഞുങ്ങള്‍ ആശ്വാസമാണ്. ഞാന്‍ തനിയെ അല്ല എന്ന ആശ്വാസം.

ജോലിക്ക് വൈകി വരുന്നതിന് ട്രാഫിക് ബ്ലോക്ക്‌ എന്നൊരു പഴി ചാരല്‍ സ്ഥിരമായിരിക്കുന്നു.നേരത്തെ ഇറങ്ങണമെന്ന് കരുതിയാലും നടക്കുകയില്ല. ഇനി ഭര്‍ത്താവും കുഞ്ഞും ഒന്നും ഓര്‍മ്മയില്‍ പാടില്ല. അതാണ്‌ ജോലി.

വിഭജിച്ചു കിട്ടിയ പങ്കു പോലൊരു രോഗിയെ മറ്റൊരാളില്‍ നിന്നും കൈപ്പറ്റുമ്പോള്‍  അവരെപ്പോലെ തന്നെ ഞാനും കൂട്ടിയും കുറച്ചുമേറെ കുറ്റങ്ങള്‍ കണ്ടു പിടിച്ചു. ഇനി എന്‍റെ ഊഴമാണ്. മുന്‍പില്‍ ഇരിക്കുന്ന ഒരുപാട് കടലാസുകള്‍ എഴുതി പൂര്‍ത്തിയാക്കണം. എഴുത്തില്ലെങ്കില്‍ ജോലി ചെയ്തില്ല എന്നതാണ് ഇവിടെ ന്യായം. എഴുത്തു തുടങ്ങുമ്പോള്‍ തന്നെ രോഗി വിളിച്ചു.

വേലക്കാരിയുടെ പരിഗണന പോലും നല്‍കാതെ പൃഷ്ടം കഴുകാന്‍ ആവശ്യപ്പെട്ട അറബിയോട് മുഖം കറുപ്പിക്കാന്‍ ആവാത്ത നിസ്സഹായത.നിതാഖാത്തും ശമ്പളവും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണല്ലോ. മുടങ്ങാതെ വരുന്ന അമ്മയുടെ ആവശ്യങ്ങളും ഒരിക്കലും തീരാത്ത ലോണുകളും അറബിയുടെ വിസര്‍ജ്ജന ഗന്ധത്തെ മറികടന്നു. ഒരു മാസ്കില്‍ ദുര്‍ഗന്ധം അടക്കാന്‍ ശ്രമിച്ചു കൊണ്ട് ആ നൂറു കിലോയുള്ള രോഗിയെ അന്‍പതില്‍ താഴെ മാത്രം ഭാരം ഉള്ള നേഴ്സ്  ചരിച്ചു പിടിച്ചു.

വീണ്ടും കടലാസ് കൂമ്പാരത്തിലേക്ക് ഊളിയിടാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ എത്തി . ഇനിയൊരു ചോദ്യോത്തര പരിപാടി  തുടങ്ങുകയായി. പേപ്പറുകളില്‍ ഭദ്രമായ രോഗിയുടെ വിവരങ്ങള്‍ മറിച്ചു നോക്കാന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍മാര്‍ ആണ് അധികവും. ചിലരാവട്ടെ രോഗിയെ നേഴ്സിന്‍റെ കണ്ണിലൂടെ മാത്രം പരിശോധിച്ചു മടങ്ങുന്നവരും.

അയാള്‍ എഴുതി വെച്ച് പോയ മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങണം. രോഗിയെ സ്ഥിര മരുന്നുകളും ഭക്ഷണവും  കഴിപ്പിക്കണം. വീണ്ടും ആ മുറിയിലേക്ക്. ഇതിനിടെ നേഴ്സ് ഭക്ഷണം കഴിച്ചുവോ എന്ന് രോഗിക്ക് അറിയേണ്ട കാര്യം ഇല്ലലോ.ഭക്ഷണം കൊടുത്തു വാ കഴുകിക്കുമ്പോള്‍ രോഗിക്ക് മനം പുരട്ടല്‍. ഒരു പാത്രം എടുത്തു വരും മുന്നേ അത് കട്ടിലില്‍ ആകെ പടര്‍ത്തി കഴിഞ്ഞിരുന്നു.ഇനി ആദ്യം മുതല്‍ തുടങ്ങുകയായി.

ഉച്ചയൂണും അങ്ങനെ മുടങ്ങി.വീണ്ടും പേപ്പറുകള്‍ കയ്യിലെടുക്കുമ്പോള്‍ എത്തി ചാര്‍ജ് നേഴ്സ് വക പരിശോധന. ഇതുവരെ ഇതൊന്നും എഴുതിത്തീര്‍ക്കാന്‍ സമയം ആയില്ലേ ? ഹെല്‍പ്പ് കിട്ടിയാലും നിങ്ങള്‍ക്ക് ഒന്നും തീരില്ല ....എന്നിങ്ങനെ ശകാര വര്‍ഷം ആംഗലേയ ഭാഷയില്‍ പുരോഗമിക്കവേ അറിയാതെ നാവില്‍ നിന്നും ആ തിരുവചനം വീണു " പുല്ല് " . അതിനും കിട്ടി ഒരു റിയാല്‍ "ഫൈന്‍". ഇംഗ്ലീഷ് അല്ലാത്ത ഭാഷ ജോലി സമയം ഉപയോഗിച്ചതിനുള്ള ശിക്ഷ.

നേഴ്സ് നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നം ആണ് "INSERVICE EDUCATION". അത്യാധുനികത, രോഗി പരിചരണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള വലിയൊരു ശ്രമം. സമയം ഇല്ലാത്ത സമയത്തും ഒന്നൊന്നര മണിക്കൂര്‍ ക്ലാസ്സുണ്ട്  ഇതിനു വേണ്ടി. പങ്കെടുക്കണം എന്ന് നിര്‍ബന്ധവും.

ആരോ വന്നൊരു ദയ കാട്ടി. "ഒന്ന് കാപ്പി കുടിച്ചു വന്നോളു, ഞാന്‍ രോഗിയെ നോക്കാം എന്നൊരു കനിവ്". ചായ ഇട്ടു കഴിഞ്ഞപ്പോള്‍ തന്നെ എത്തി വിളി. ആ ചായ വാഷ്‌ ബേസനില്‍ കമിഴ്ത്തി തിരികെ വരുമ്പോള്‍ നെഞ്ചില്‍ വിങ്ങുന്ന മാതൃത്വം വേദനയായ് പരിണമിച്ചു കഴിഞ്ഞിരുന്നു. ഒരു പരവേശമായിരുന്നു എങ്ങനെയെങ്കിലുമൊന്നു എഴുതി പൂര്‍ത്തിയാക്കാനും അവിടുന്ന് കടക്കാനും.

വീട്ടിലെത്തി കുളിച്ചു വേഗം കുഞ്ഞിനെ മുലയൂട്ടി വീണ്ടും അടുക്കളയിലേക്ക്. രാവിലെ കഴുകാന്‍ ബാക്കി വെച്ച പാത്രങ്ങളുമായി ഒരു മല്‍പ്പിടുത്തം. ഇടയില്‍ കേട്ടു " ഇന്ന് ചോറ് വേണ്ട ചപ്പാത്തി മതി ട്ടോ " ഭര്‍ത്താവിന്റെ വകയാണ്.

ഇന്നത്തെ യുദ്ധം തെല്ലൊതുക്കി കട്ടിലിലെത്തിയപ്പോള്‍ കുറുകി വന്ന ഇണയോട് നടുവേദനയെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി :

" രാവിലെ മുതല്‍ ഒരു സിറിഞ്ചും പിടിച്ചു തെക്കോട്ടും വടക്കോട്ടും നടക്കുന്ന നിനക്ക് എന്നും നടുവേദന! നമ്മള്‍ കാണാത്തതല്ല  ഈ നഴ്സിംഗ് !! "


സമര്‍പ്പണം : ഭൂമിയിലെ മാലാഖമാര്‍ക്ക്

Saturday, October 5, 2013

അവശേഷിപ്പുകള്‍

അഞ്ചാമത്തെ നിലയെന്നാണ് അയാള്‍ പറഞ്ഞത്. പഴയ കെട്ടിടമായതിനാലാവാം ആ ലിഫ്റ്റും ഒരു വയസ്സനെ പോലെ കിതച്ചും ശബ്ദമുണ്ടാക്കിയുമാണ് മേല്പോട്ടുയര്‍ന്നത്‌.പരമാവധി ധൈര്യം സംഭരിച്ചവര്‍ ഒരു മൂലയില്‍ ചാരി നിന്നു.അധികമാരും ഈ ലിഫ്റ്റ്‌ ഉപയോഗിക്കുന്നില്ല എന്നത് വൃത്തിഹീനത വിളിച്ചോതി.

നാലാം നിലയിലെത്തി ലിഫ്റ്റ്‌ ഒരു മുരള്‍ച്ചയോടെയെന്നോണം നിന്നു.വാതില്‍ തുറക്കവേ ഒരാള്‍ ധൃതിയോടെ ഓടി വന്നു കയറി.പെട്ടന്നുള്ള ഭയം കാരണം അയാളോട് ഒന്നും സംസാരിക്കാതെ അവര്‍ നിന്നു. അയാളും നിശബ്ദനായിരുന്നു. അയാളുടെ കിതപ്പ് വ്യക്തമായ് മുഴങ്ങി കേട്ടു. സാരിയുടെ തുമ്പു കൊണ്ട് മൂക്ക് പൊത്തിയവര്‍ അയാളില്‍ നിന്നു വന്ന വിയര്‍പ്പു ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു.

അഞ്ചാം നിലയിലെത്തി വാതില്‍ തുറന്നതും അയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നെയും ഒരു നിമിഷം വേണ്ടി വന്നു അവര്‍ക്ക് ധൈര്യം വീണ്ടെടുക്കാന്‍.ലിഫ്റ്റിന്റെ വാതില്‍ അടയും മുന്‍പേ ബദ്ധപ്പെട്ടാണവര്‍ പുറത്തിറങ്ങിയത്.ഭയാനകമായ ഇരുട്ടാണ്‌ ചുറ്റിനും. തിരിച്ചു ലിഫ്റ്റില്‍ എത്തുക എന്നതും ദുഷ്കരം ആയ ജോലിയാണ്. ഒരു മനുഷ്യ ജീവിയെ പോലും എങ്ങും കാണുന്നില്ല.ഈ തികഞ്ഞ ഭീകരതയിലേക്ക് എന്തിനാണയാള്‍ വരാന്‍ പറഞ്ഞത്? എവിടെയാവും അയാള്‍? ഇപ്പോള്‍ വന്നിറങ്ങിയ മനുഷ്യന്‍ പോലും എവിടെയുമില്ല ...ഞാന്‍ ഇറങ്ങുമ്പോള്‍ പകല്‍ ആയിരുന്നുവല്ലോ ഇത്ര പെട്ടന്ന് എങ്ങനെ ഇരുട്ട് ?..ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോലെ വിയര്‍പ്പു തുള്ളികള്‍ കഴുത്തിലൂടെ ഒഴുകി സാരിയെ നനച്ചിരുന്നു.

അല്‍പ ദൂരെ അവര്‍ ഒരു പ്രകാശം കണ്ടു.ഒരു മുറിയെന്നു മനസ്സിലായി. " ആരുമില്ലേ"  എന്നുറക്കെ ചോദിച്ചു കൊണ്ട് വാതിലില്‍ തട്ടി.ആ വാതില്‍ തനിയെ തുറന്നു.ആ മുറിയില്‍ ഒരു മേശയും കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മേശക്കു മുകളില്‍ മങ്ങി കത്തുന്ന വോള്‍ട്ടെജു കുറഞ്ഞൊരു ലൈറ്റും. അവര്‍ സൂക്ഷ്മമായ്‌ പരിശോധിച്ചു..ഇല്ല ..മറ്റൊന്നുമില്ല ..മറ്റൊരാളുമില്ല..വല്ലാത്ത ക്ഷീണം തോന്നി അവര്‍ക്ക്..ആ കസേരയില്‍ ഇരുന്നു..മേശമേല്‍ തല ചായ്ച്ചു..

എന്തോ ശബ്ദം കേട്ടാണവര്‍ ഞെട്ടിയുണര്‍ന്നത്. വാതില്‍ അടഞ്ഞു കിടക്കുന്നു. "ഞാന്‍ അത് തുറന്നിട്ടാണല്ലോ ഇവിടെ ഇരുന്നത്" ആലോചനയോടെ അവര്‍ ചാടി എണീറ്റു. ഭയം സിരകളെ മരവിപ്പിച്ചു. പുറത്തു നിന്ന് ആരോ ആ വാതില്‍ പൂട്ടിയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നി. ഉറക്കെ നിലവിളിച്ചു കൊണ്ടവര്‍ ആ വാതിലില്‍ ആഞ്ഞിടിച്ചു.പക്ഷെ അവിടെയെങ്ങും ജീവന്‍റെ ഒരു കണിക പോലും അവര്‍ക്ക് അനുഭവപ്പെട്ടില്ല. തളര്‍ന്നു താഴെ ഇരുന്ന അവരുടെ മനസ്സിലൂടെ ആ മനുഷ്യന്‍ കടന്നു വന്നു ..ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍ ..ഒരു പക്ഷെ അയാള്‍ ....അയാള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നതാണോ ? ..വിതുമ്പി കരഞ്ഞു കൊണ്ട് അവര്‍ കുനിഞ്ഞിരുന്നു. തന്‍റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ഓഫീസില്‍ നിന്നും വന്ന ഭര്‍ത്താവും സ്കൂള്‍ വിട്ടു വന്ന മക്കളും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ? സമയം എത്രയെന്നു പോലും അറിയുന്നില്ലലോ ..അവര്‍ ഓര്‍ത്തു

അവര്‍ മൂന്നു പേര്‍. ഒരാള്‍ ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍.ബാക്കിയുള്ള രണ്ടു പേര്‍ അയാളുടെ ശരീര പ്രകൃതമല്ല..ഉരുണ്ട മാംസപേശികളും കറുത്ത ശരീരവും ക്രൂര മുഖഭാവവുമുള്ള രണ്ടു പേര്‍.അസാമാന്യ പൊക്കം.വിയര്‍പ്പില്‍ കുതിര്‍ന്ന ശരീരവും ഭീതി പൂണ്ട കണ്ണുകളുമായ് പരമാവധി ഭിത്തിയില്‍ ചാരി അവര്‍ നിന്നു. ആ കസേരയിലിരിക്കാന്‍ ഒരാള്‍ ആജ്ഞാപിച്ചു. എതിര്‍ത്തൊന്നും പറയാനാവാതെ അവര്‍ ഇരുന്നു. ആ മൂന്നു പേര്‍ മറ്റെന്തോ ഭാഷ സംസാരിക്കും പോലെ തോന്നി. ഒരാള്‍ അവളെ കൊല്ലണം എന്നും മറ്റൊരാള്‍ മുഖം വികൃതമാക്കണം എന്നും മൂന്നാമനാവട്ടെ അവളുടെ ഭര്‍ത്താവിനു വിഷമം വരുന്ന വിധമൊന്നും ചെയ്യരുതെന്നും പറഞ്ഞത് അവള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആയിരുന്നു. അവള്‍ക്കൊന്നും മിണ്ടാനോ വെറുതെ വിടണമെന്ന് യാചിക്കാനോ സാധിച്ചില്ല. പകരം വെള്ളം ..എന്ന് മാത്രം പറഞ്ഞു. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആള്‍ കുപ്പിയില്‍ പാതിയായ വെള്ളം മേശയുടെ മുകളില്‍ ശബ്ദത്തോടെ വെച്ചു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു. പക്ഷേ വെള്ളം ബാക്കിയായി

" നീ തെറ്റുകാരിയാണ് ..ശിക്ഷ അനുഭവിക്കണം " ഒരാള്‍ പറഞ്ഞു.
" ഇല്ല ..ഞാന്‍ തെറ്റൊന്നും ചെയ്തില്ല " പറഞ്ഞു തീരും മുന്നേ അയാള്‍ മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് അവളുടെ കൈ വരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞവള്‍ സാരിത്തുമ്പ് കൊണ്ട് ആ ചോരയൊപ്പി.
"പിന്നെ എങ്ങനെ നീ ഇവിടെയെത്തി? " അയാള്‍ ചോദിച്ചപ്പോള്‍ കണ്ണില്‍ തീ ഉണ്ടെന്നു തോന്നി അവര്‍ക്ക്
"അറിയില്ല ..എനിക്കൊന്നുമറിയില്ല..ആരോ എന്നെ വിളിച്ചതാണ്..എനിക്കൊന്നും അറിയില്ല..."
" നീ തെറ്റുകാരിയാണ് .." ഉറക്കെ അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് തറയില്‍ ചുരുണ്ടിരുന്നു.ആ മൂന്നുപേരും പുറത്തേക്കു പോകുമ്പോള്‍ വാതില്‍ വലിച്ചടച്ചു. തളര്‍ന്നവള്‍ തറയിലിരുന്നു.

കാളിംഗ് ബെല്‍ ശബ്ദം ആണ് അവരെ ഉണര്‍ത്തിയത്.ചാടിയുണര്‍ന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആണെന്ന സത്യം മനസ്സിലായി.
"അപ്പോള്‍ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ ?" അവര്‍ ആലോചിച്ചു. വീണ്ടും ബെല്‍ മുഴങ്ങി.വേഗം പോയി വാതില്‍ തുറന്നപ്പോള്‍ ഭര്‍ത്താവും കുട്ടികളും
"എന്തെ ഇന്ന് നീ ഉറക്കമായിരുന്നോ? എത്ര നേരമായി ബെല്‍ അടിക്കുന്നു? "

'അച്ഛാ ..ദെ അമ്മയുടെ കൈ മുറിഞ്ഞിരിക്കുന്നു"
 കുട്ടികളുടെ ബാഗ്‌ പെട്ടന്ന് നിലത്തേക്ക് വീണു പോയി. അത് തട്ടി പാതിയായ വെള്ളവുമായ് ഒരു കുപ്പി ഉരുണ്ടു നീങ്ങി