" അടുത്തതായി ഈ വര്‍ഷത്തെ കഥാ രചനയില്‍ ഒന്നാമതെത്തി നമ്മുടെ സ്കൂളിന്‍റെ അഭിമാനമായി മാറിയ കൊച്ചു മിടുക്കി മിന്നുമോളെ അവള്‍ക്കു ഒന്നാം സ്ഥാനം ലഭിക്കാനിടയായ കഥ അവതരിപ്പിക്കുന്നതിനായി ഈ വേദിയിലേക്ക് ക്ഷണിക്കുന്നു "
പ്രിന്‍സിപ്പാള്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ മിന്നുവിനു എന്തോ ഒരു ധൈര്യക്കുറവു തോന്നി....എഴുതുന്നത് കടലാസിലായപ്പോള്‍ ധൈര്യക്കുറവിന്റെ കാര്യമില്ലായിരുന്നു...ഇതിപ്പോള്‍ ഇത്രയും പേരുടെ മുന്‍പില്‍ ഞാന്‍ പറയേണ്ടത് ഒരു കഥയല്ല ...ഒരു ജീവിതമാണ്...കണ്ണുകള്‍ക്കും ശബ്ദത്തിനും ഒരുപോലെ തളര്‍ച്ച..ആരെയും നോക്കാന്‍ ആവുന്നില്ല...എനിക്ക് അത് പറയാന്‍ ആവുമോ എന്നവള്‍ മനസ്സില്‍ ഭയന്നു...
ആദ്യമായല്ല മിന്നുമോള്‍ സ്റ്റേജില്‍ കയറുന്നത് ...എന്നും എല്ലാ മത്സരങ്ങള്‍ക്കും അവള്‍ ഒന്നാമതായിരുന്നു...ഇന്ന് പക്ഷെ തോറ്റുപോകുമോ ഞാന്‍? വിറയ്ക്കുന്ന പാദങ്ങളോടെ അവള്‍ കയറി മൈക്കിനു മുന്‍പില്‍ നിന്നു....
"ബനുമാന്യ സദസ്സിനു നമസ്കാരം ."
രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പരസ്പരം നോക്കി ...എന്നും പുഞ്ചിരിയോടെ.... ആകര്‍ഷണീയമായ കണ്ണുകളോടെ ...കഥയും പാട്ടുകളുമോക്കെയായി വരുന്ന മിന്നുമോള്‍ക്കിത് എന്തുപറ്റി? ഇവള്‍ക്ക് ശബ്ദം ഇടറുന്നോ? അവളെ വിറക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു...
"എന്താ സുഖമില്ലതെയാണോ? അതോ എന്തെങ്കിലും പ്രശ്നം?" പലരും പല ചോദ്യങ്ങള്‍ പരസ്പരം ചോദിച്ചു.
ആരോടും ഒന്നും പറയാനോ കഥ അവതരിപ്പിക്കാനോ ഉള്ള ധൈര്യം മിന്നുവിനുണ്ടായില്ല ...എങ്കിലും അവള്‍ തുടര്‍ന്നു...
"ഒരു എഴാം ക്ലാസ്സുകാരി ഈ കഥ പറയുമ്പോള്‍ അതില്‍ ഒരു ഇരുപത്തിമൂന്നുകാരന്റെ മനസ്സ് നിങ്ങള്‍ അറിയണം..കാരണം ഇതെന്‍റെ കഥയല്ല ഇതൊരു ജീവിതമാണ് ....എന്‍റെ രോഹിത്തുമാമന്റെ കഥയാണ്....
രോഹിത്ത് മാമന്‍ ..എന്‍റെ അമ്മയുടെ ഇളയ സഹോദരന്‍...എന്നെ വലിയ ഇഷ്ടമായിരുന്നു എന്ന് അമ്മ പറയാറുണ്ട് ...എനിക്കും ഇഷ്ടമായിരുന്നു എന്‍റെ മാമനെ ..ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് രോഹിത്തുമാമന്റെ മരണം ..എനിക്ക് അന്ന് അത് തിരിച്ചറിവിന്‍റെ കാലം ആയിരുന്നില്ല...ഒരുപാട് എഴുതുമായിരുന്ന മാമന്‍റെ കഴിവ് എനിക്കും കിട്ടി എന്ന് അച്ഛനും പറയും ..ഇന്നും മാമന്‍ എഴുതിയ പുസ്തകങ്ങള്‍ ഒരു മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്‍റെ അമ്മമ്മ ...(അമ്മമ്മ എന്‍റെ അമ്മയുടെ അമ്മ ആണ്)
ആറാം ക്ലാസ്സ് കഴിഞ്ഞുള്ള അവധിക്കാലത്ത് അമ്മയും അച്ഛനും അറിയാതെയാണ് ഞാന്‍ രോഹിത്തുമാമന്റെ മുറിയില്‍ കയറിയത്..ഒരുപാട് പുസ്തകങ്ങള്‍ ..ചിത്രങ്ങള്‍..എല്ലാത്തിനും ഒരു അടുക്കും ചിട്ടയും..അമ്മമ്മയാവാം ഇതെല്ലം ഇപ്പോളും ഇത്ര ഭംഗിയായി സൂക്ഷിക്കുന്നത് എന്ന് ഞാന്‍ ഓര്‍ത്തു..അവിടെയെല്ലാം ഒരു ശാന്തത നിറഞ്ഞു നിന്നു...ആ പുസ്തകങ്ങളില്‍ ഞാന്‍ വെറുതെ ഒന്ന് തലോടി...ഇടയിലെവിടെയോ എന്‍റെ കൈ തട്ടി കുറെ പുസ്തകങ്ങള്‍ മറിഞ്ഞു വീണു...ശബ്ദം കേട്ട് അമ്മയെങ്ങാന്‍ വന്നാലോ എന്ന് ഞാന്‍ ഭയന്നു.കുട്ടികള്‍ ഇവിടെ കയറി കളിക്കരുതെന്ന അമ്മയുടെ കര്‍ശനമായ വിലക്ക് ഞാന്‍ ഓര്‍ത്തു. ഒരിക്കല്‍ പോലും ഞാന്‍ ഇവിടെ എത്തിനോക്കുവാന്‍ പോലും ധൈര്യപെട്ടിട്ടില്ല..ഇന്നെന്തോ അങ്ങനെ തോന്നി
വെപ്രാളപെട്ടു പുസ്തകങ്ങള്‍ പെറുക്കി വെക്കുന്നതിനിടയിലാണ് എന്‍റെ കണ്ണില്‍ ആ ഡയറി പെട്ടത്..അത് തുറന്നപ്പോള്‍ അതിനുള്ളില്‍ നിന്നു കറുത്ത നിറത്തില്‍ ഉണങ്ങിയ പൂവുകള്‍ താഴെ വീണു ..ഞാന്‍ അത് പെറുക്കിയെടുത്തു.വീണ്ടും ആ ഡയറി തുറന്നു വായിച്ചു നോക്കിയപ്പോള്‍ മനസ്സിലായി അത് രോഹിത്തുമാമന്റെ ഡയറി ആണ്..തുറക്കുമ്പോള്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു രോഹിത്ത് ..അതിനു താഴെ നാളെയുടെ ഓര്‍മ്മയ്ക്ക് ..
ഞാന്‍ താളുകള്‍ മറിച്ചു..ഇടയ്ക്കിടെ ആ ഉണങ്ങിയ പൂവിതളുകള്‍ കണ്ടു ഞാന്‍...ഇടയ്ക്കു എപ്പോളോ കുറെ പൂവുകള്‍...അതിനു ശേഷം കുറെ പേജുകള്‍ ഒന്നും എഴുതിയിട്ടില്ല ...
പിന്നെ ഞാന്‍ കണ്ടു എന്റെ രോഹിത്തുമാമന്റെ മനസ്സ്...ഞാന്‍ ഓരോന്നായി വായിച്ചു തുടങ്ങി
കാത്തിരുപ്പ് എന്നെ പഠിപ്പിച്ചത് അവളാണ്. നീല കണ്ണുകളും ചുരുണ്ട മുടിയുമുള്ള നാണക്കാരിയായ ഒരു നാടന്‍ കുട്ടി.നെറ്റിയില്‍ അവള്‍ വരയ്ക്കുന്ന ചന്ദന കുറിക്കും അവള്‍ക്കും ഒരേ നിറമായിരുന്നു.നീളന്‍ പാവാടയും ധാവണിയും ഉടുത്ത് മാറത്തു ചേര്‍ത്ത് പിടിച്ച പുസ്തകങ്ങളുമായി നടന്നു പോകുന്ന അവളെ ഞാന്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു.
അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ തനിയെ ഓടിയകലുമ്പോള്‍ ആണ് അവളെ ഞാന്‍ ആദ്യമായി കണ്ടത്.ചാറ്റല്‍ മഴയുടെ വരവ് അറിയിക്കാതെയുള്ള വിരുന്നില്‍ സംഭ്രമത്തോടെ ഓടി അകലുമ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായി എനിക്ക് തോന്നി..എന്നും ഒരുപാട് കൂട്ടുകാര്‍ക്കിടയിലൂടെ നടന്നു പോകുന്ന അവളെ കാണുവാനായി ആളുകള്‍ അധികം കടന്നു വരാത്ത ആ ചെമ്പക മരത്തിന്റെ ചുവട്ടില്‍ ഞാന്‍ കാത്തു നിന്നു. പ്രതീക്ഷിച്ചതുപോലെ അവള്‍ വന്നു. അവിടെ വെച്ചാണ് അവള്‍ കൂട്ടുകാരോട് യാത്ര പറയുന്നത്..അവളുടെ വീട് അടുത്ത് എവിടെയോ ആണെന്ന് എനിക്ക് മനസ്സിലായി.അവള്‍ എന്നെ നോക്കുക പോലും ചെയ്യാതെ കടന്നു പോയി.
അവളുടെ പേര് എന്താണെന്നു ഞാന്‍ ചോദിച്ചില്ല.അറിയണമെന്ന് തോന്നിയില്ല. എന്റെ അനുരാഗം ഞാന്‍ പറയുകയോ അവള്‍ ചോദിക്കുകയോ ചെയ്തില്ല. എന്നും അവള്‍ വരുന്ന സമയം ഞാന്‍ ആ ചെമ്പക ചുവട്ടില്‍ കാത്തു നില്‍ക്കുന്നത് പതിവായി. ഒരുപാട് വളര്‍ന്നു വലുതായിട്ട് ഒന്നുമില്ല ആ ചെമ്പകം. ഇതുവരെ ഒരു പൂവ് പോലും വിടര്‍ന്നു ഞാന്‍ കണ്ടിട്ടുമില്ല.
എന്നും ഇങ്ങനെ വെറുതെ ആ മരച്ചുവട്ടില്‍ നില്‍ക്കുന്നത് കണ്ടിട്ട് ആവണം അവള്‍ എന്നെ ഒന്ന് നോക്കി. ആ തിളങ്ങുന്ന നീല കണ്ണുകളിലേക്കു നോക്കിയപ്പോള്‍ ഞാന്‍ മന്ദഹസിക്കാന്‍ പോലും മറന്നു പോയി. പറയാന്‍ കരുതിയതെല്ലാം തൊണ്ടയില്‍ നിശബ്ദമായി.
അവള്‍ ആ വഴി വരുന്നതും എന്റെ കാത്തിരുപ്പും പതിവായി. ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ ആ കണ്ണുകള്‍ എന്റെ അനുരാഗം അറിഞ്ഞു. ഇടയ്ക്കു എന്നെ നോക്കി മന്ദഹസിക്കുന്ന അധരങ്ങള്‍ അതിനു സാക്ഷി ആയി. ഒരിക്കല്‍ എത്തുവാന്‍ വൈകിയ എന്നെ തേടുന്ന ആ നീല കണ്ണുകളെ ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ ഒരു നാണത്തോടെ ഓടി മറയുന്നതും ഞാന്‍ കണ്ടതാണ്.
ഇന് എന്റെ അനുരാഗം അവളോട് പറയുവാന്‍ ഞാന്‍ തീരുമാനിച്ചു. തനിയെ നടന്നു വന്ന അവളുടെ മുന്‍പില്‍ ഞാന്‍ എത്തുമ്പോള്‍ പേടിച്ചു അരണ്ട ഒരു മാന്‍പേടയുടെ മുഖമായിരുന്നു അവള്‍ക്ക്.
" ഞാന്‍ നിന്നെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. മറുപടി എന്ത് തന്നെ ആണെങ്കിലും നിനക്ക് പറയാം."
അവള്‍ ഒന്നും പറഞ്ഞില്ല. പകരം ഓടി മറഞ്ഞു. അവള്‍ പോയ വഴിയിലേക്ക് നോക്കി ഞാന്‍ അല്‍പ നേരം നിന്നു.
കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത്. കൂട്ടുകാര്‍ ആരുമില്ല. എന്നെ അവള്‍ കണ്ടു. ചെമ്പകമരത്തിന്റെ അരികിലേക്ക് വന്നു. എന്നോട് പറഞ്ഞു.
" നിന്നെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഒരു നിബന്ധന.. ഈ ചെമ്പക മരത്തില്‍ എന്ന് ഒരു പൂവ് വിരിയുന്നുവോ അന്ന് ഞാന്‍ നിന്റെ സ്വന്തമാകും...അന്ന് ആ പൂവ് പറിച്ചു നീ എന്റെ മുടിയില്‍ ചൂടി തരണം. "
അവള്‍ നടന്നു നീങ്ങി. എനിക്ക് ചിരി വന്നു. മെല്ലെ ഒരു മന്ദഹാസത്തോടെ ഞാനും നടന്നു നീങ്ങി.
ഇന്നലെയും ഇന്നും അവളെ കാണാതെ ഞാന്‍ വിഷമിച്ചു. അതിലേറെ വിഷമം ആ ചെമ്പകമരം പൂത്തോ എന്ന് നോക്കാന്‍ കഴിയാഞ്ഞതാണ്. അവിടെ ആരൊക്കെയോ ആളുകള്‍ ..വല്ല കൃഷിയോ മറ്റോ ആകും. ദൂരെ നിന്നു കണ്ടപ്പോളേ ഞാന്‍ അങ്ങോട്ട് പോയില്ല. എന്നെ അവരുടെ മുന്‍പില്‍ വെച്ച് കണ്ടാല്‍ ആ കണ്ണുകള്‍ പിടക്കുമെന്നു എനിക്കറിയാം. അതിനാല്‍ ദൂരെ മാറി നോക്കി നിന്നു അവള്‍ക്കായ്.
ദിവസങ്ങള്‍ കടന്നു പോയി. എന്റെ കാത്തിരുപ്പ് നീണ്ടു പോകുന്നു. അന്ന് ഞാന്‍ കണ്ടു ആ ചെമ്പകമരത്തില്‍ ഒരു പൂ വിടര്‍ന്നിരിക്കുന്നു. എപ്പോഴാണ് അത് വിടര്‍ന്നതെന്ന് എനിക്കറിയില്ല.അവള്‍ വരുമ്പോള്‍ അത് പറിക്കുവാനായി ഞാന്‍ കാത്തിരുന്നു. പക്ഷെ ഇന്നും അവളെ കണ്ടില്ല.
അപ്രതീക്ഷിതമായാണ് അവളുടെ പതിവ് കൂട്ടുകാരില്‍ ഒരാള്‍ എന്റെ അടുത്തെത്തിയത്. ഒരുപാട് എന്തൊക്കെയോ ചോദിക്കുവാന്‍ വെമ്പിയ എന്റെ മനസ്സ് അവളുടെ നിറ കണ്ണുകള്‍ കണ്ടു ഒന്ന് അമ്പരന്നു. അവള്‍ പറഞ്ഞത് കേട്ട ഞാന്‍ ഒന്നും ശബ്ദിച്ചില്ല.
ആ ചെമ്പകത്തിലൊരു പൂ വിരിയുന്ന നാള്‍ എന്റെ സ്വന്തം എന്ന് പറഞ്ഞവള്‍ ഈ ലോകത്തോട് തന്നെ വിട പറഞ്ഞിരിക്കുന്നു. അത് നേരത്തെ അറിഞ്ഞുകൊണ്ട് ആണോ അവള്‍ എന്നോട് അങ്ങനെ പറഞ്ഞത്? ഒരുപാട് ആളുകള്‍ കൂടി നിന്നപ്പോള്‍ പോലും താന്‍ അറിഞ്ഞില്ല അവര്‍ അവളെ ഇവിടെ അടക്കം ചെയ്യുകയാണെന്ന്. അതും അവളുടെ ആഗ്രഹമായിരുന്നു. അവളുടെ ശരീരം അടക്കം ചെയ്തതിന്റെ നേരെ മുകളിലുള്ള കൊമ്പില്‍ ആണ് ആ പൂവ് വിടര്‍ന്നതും.
കരയാന്‍ എനിക്ക് കഴിഞ്ഞില്ല. നിശബ്ദം ഞാന്‍ ആ പൂവിലേക്കൊന്നു നോക്കി.ഒരു കാറ്റ് എന്നെ തഴുകി കടന്നു പോയി. അതില്‍ ആ പൂവ് എന്റെ കയ്യിലേക്ക് വീണു. അതിനെയെടുത്തു ഞാന്‍ ആ നനഞ്ഞ മണ്ണിലേക്ക് വെച്ചു. അറിയാതെ ഒരു തുള്ളി കണ്ണുനീര്‍ ഒപ്പം ചെര്ന്നപ്പോലും ആ കാറ്റ് എന്നെ തഴുകുന്നുണ്ടായിരുന്നു. അത് ആ നീല കണ്ണ് ഉള്ളവളുടെ അത്മാവായിരിക്കാം.
കണ്ണുകള്‍ അമര്‍ത്തി തുടച്ചു മിന്നുമോള്‍ വീണ്ടും താളുകള്‍ മറിച്ചു. അവസാന പേജില്‍ വീണ്ടും കുറെ പൂവുകള്‍ അവിടെ രണ്ടു ചോദ്യങ്ങള്‍ മാത്രം ....
.നീ എനിക്കാരായിരുന്നു? എനിക്കും നിനക്കുമിടയില്‍ എന്തായിരുന്നു?
ഡയറി മടക്കി മിന്നുമോള്‍ മുറി പൂട്ടി വെളിയിലേക്കിറങ്ങി.... അപ്പോള്‍ അവളുടെ ആ ചോദ്യങ്ങള്‍ ആയിരുന്നു
.നീ എനിക്കാരായിരുന്നു? എനിക്കും നിനക്കുമിടയില്‍ എന്തായിരുന്നു?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളവര്‍ പറയുക ഇതാണോ ഇന്നത്തെ പ്രണയം? ഇവരാണോ ഇന്നത്തെ കമിതാക്കള്‍?
ചെറിയ കുട്ടിയായ ഞാന്‍ അവതരിപ്പിച്ച ഈ കഥ എന്റെ രോഹിത്തുമാമന്‍ പറഞ്ഞ കഥയാണ്..മിന്നുമോള്‍ ഒരു തൂലിക മാത്രം....
ഈ കഥ..... അല്ല ഈ ജീവിത കഥ ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു...തെറ്റുകള്‍ പൊറുക്കുക..
നിശബ്ദം ആയിരുന്നു ആ ഹാള്‍ ..ആരും കയ്യടിച്ചില്ല...ആരും സംസാരിച്ചില്ല...എല്ലാവരും ഇറങ്ങിയത് ഒരു ഗദ്ഗദത്തോടെ ....മനസ്സില്‍ ഒരു പിടച്ചിലോടെ