Friday, January 7, 2011

കാറ്റിലൊരു കൈതപ്പൂ മണം വീണ്ടും....

" ഞാനുമൊരു പെണ്‍കുട്ടി. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഒരുവള്‍.എന്നിട്ടും നിങ്ങള്‍ എന്നെ അറപ്പോടും വെറുപ്പോടും നോക്കി കാണുന്നതെന്തേ?" ഇത് എന്നോടൊരു പെണ്‍കുട്ടി...അല്ല.. ഒരു സ്ത്രീ ..ചോദിച്ചതാണ്.
                                   ഒരുപാട് തിരക്കുകള്‍ നിറഞ്ഞ നഗര വീഥിയില്‍ എവിടെയോ കണ്ടുമുട്ടിയതാണ് ഞാന്‍ അവളെ...തിരക്കുള്ള ബസ്സിലെ ഇരിപ്പിടങ്ങളില്‍ ഒന്നില്‍ എന്റെയൊപ്പം ഇരുന്ന ഒരു സ്ത്രീ...അവള്‍ ഒരുപാട് സുന്ദരിയൊന്നും ആയിരുന്നില്ല.എങ്കിലും മാന്യമായ വേഷവും സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും ഒക്കെ അവളുടെ സൌന്ദര്യം പരമാവധി എടുത്തു കാണിക്കുന്നതായിരുന്നു.ആദ്യം ഞാന്‍ അവള്‍ക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു.അവളുടെ ഭാഷയായ ഹിന്ദിയില്‍ അവള്‍ സ്വയം പരിചയപെടുത്തി " ഞാന്‍ പൂജ" അതാണ്‌ അവള്‍ ആദ്യം പറഞ്ഞത്. " ജോലി എന്ത്?" എന്ന് ഞാന്‍ ചോദിച്ചില്ല. ആദ്യമായി പരിചയപെട്ട ...അതും കേവലം രണ്ടു മണിക്കൂര്‍ മാത്രം നീണ്ടു നിന്നെക്കാവുന്ന സൌഹൃദമുള്ള ഒരാളോട് അത് ചോദിയ്ക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.യാത്ര തുടരുമ്പോള്‍ ഞാന്‍ എന്നെ ക്കുറിച്ചും അവളോട്‌ പറഞ്ഞു.
                                   പൂജ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു. ആ മഹാ നഗരത്തെക്കുറിച്ച്....വാഹനങ്ങളെക്കുറിച്ച്...ആളുകളുടെ തിരക്കിനെക്കുറിച്ച്.....അങ്ങനെ അങ്ങനെ...എന്‍റെ യാത്ര എനിക്ക് വിരസമാകാതെ അവള്‍ ശ്രമിച്ചു എന്ന് തന്നെ പറയാം...കുറച്ചു സമയം കൊണ്ട് കൈവന്ന ഒരു നല്ല സൗഹൃദം........ ഞാന്‍ ഓര്‍ത്തു. എനിക്കിറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ അല്പം മടിയോടെ ഞാന്‍ അവളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു.ഈ കാലഘട്ടം പെണ്‍കുട്ടികള്‍ക്ക് പൊതുവേ ആണ്‍കുട്ടികളുടെ സൌഹൃദവും നമ്പരുമാണ് പ്രിയം..എന്നാല്‍ പൂജ ഒരു മടിയും കൂടാതെ അവളുടെ നമ്പര്‍ എനിക്ക് തന്നു. കടന്നു പോകുന്ന ബസ്സിലിരുന്ന അവള്‍ക്കു ഞാന്‍ ഒരു യാത്ര മൊഴി നല്‍കി.
                                നേരം വൈകുമ്പോള്‍ ഞാന്‍ ആലോചിച്ചു." പൂജയെ ഒന്ന് വിളിച്ചാലോ?" വീണ്ടും ഒരു മടി. ഒന്ന് കൂടി ആലോചിച്ചു അവളുടെ നമ്പര്‍ ഞാന്‍ ഡയല്‍ ചെയ്തു. മനോഹരമായ ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെ അവളുടെ സ്വരം എന്‍റെ കാതുകളിലെത്തി..അവള്‍ക്കെന്നെ പെട്ടന്ന് മനസ്സിലായത് എന്നെ അത്ഭുതപെടുത്തി. കുറച്ചു നേരം ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു. നാളെ വിളിക്കാം എന്ന് പറഞ്ഞു വെച്ചു. ഞാന്‍ ഒരു പുരുഷന്‍ അല്ലാഞ്ഞിട്ടും അവളില്‍ വല്ലാത്തൊരു ആകര്‍ഷണീയത എനിക്ക് തോന്നി..ഒരുപാട് സംസാരിക്കുവാനും....
                                പിറ്റേന്ന് പൂജ എന്നെ വിളിച്ചു. അവള്‍ രാത്രി ജോലിയുടെ ക്ഷീണം കാരണം ഉറങ്ങിയില്ലന്നും ഇനി രണ്ടു ദിവസത്തേക്ക് ജോലി ഉണ്ടാവുമെന്നും പറഞ്ഞു. എന്‍റെ മനസ്സില്‍ അടങ്ങിയിരുന്ന ആ ചോദ്യം ഞാന്‍ ചോദിച്ചു. " പൂജാ നിനക്കെന്താ ജോലി? " അവള്‍ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു. " ഞാന്‍ ഒരു കാള്‍ ഗേളാണ്" " നീയെന്താതമാശ പറയുകയാണോ പൂജാ?" ഞാന്‍ ചോദിച്ചു.     എന്നാല്‍ അവളുടെ ശബ്ദത്തിന്റെ കാഠിന്യത്തില്‍ നിന്ന് തന്നെ അതൊരു തമാശ അല്ലാന്നു എനിക്ക് മനസിലായിരുന്നു. അവള്‍ വേഗം തന്നെ ഫോണ്‍ കട്ട് ചെയ്തു....മൂന്നു ദിവസത്തേക്ക് പൂജയുടെ കോളുകള്‍ എന്നെ തേടി എത്തിയില്ല. അവള്‍ എവിടെ എന്നറിയാന്‍ എന്‍റെ മനസ്സ് ഒരുപാട് ആഗ്രഹിച്ചു.ഒരുപാട് തവണ വിളിച്ചു നോക്കിയെങ്കിലും അവളുടെ മൊബൈല്‍ ഓഫ്‌ എന്നാ മറുപടിയാണ് എനിക്ക് കിട്ടിയത്.
                                     രാത്രിയും പകലും എനിക്ക് വിരസമായി തോന്നി. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ. വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ പൂജാ എന്‍റെ മനസ്സിലൊരു അസ്വസ്ഥതയായി മാറിയെന്നു പറയാം. അവള്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ ചെവിയില്‍ മുഴങ്ങി. " ഞാന്‍ ഒരു കാള്‍ ഗേളാണ്"  അത് അവള്‍ വെറുതെ പറഞ്ഞത് ആകാമെന്ന് ഞാന്‍ ആശ്വസിച്ചു.
                                   പതിവില്ലാത്ത ഒരു ഉച്ചയുറക്കത്തിന്റെ ഇടയിലെപ്പോഴോ എന്‍റെ മൊബൈല്‍ ശബ്ദിച്ചു." പൂജാ...." എനിക്ക് അടക്കാനാവാത്ത സന്തോഷം തോന്നി. ഞാന്‍ വേഗം തന്നെ എടുത്തു. എന്‍റെ ഉറക്കമോക്കെയും പോയ്മറഞ്ഞു. " പൂജാ നീ എവിടെ ആരുന്നു? എന്തെ നീ എന്‍റെ കോളുകള്‍ ഒന്നും  എടുക്കാത്തത്? " ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ അവളോട്‌ ചോദിച്ചു. എന്നാല്‍ വളരെ നേര്‍ത്ത ശബ്ദത്തില്‍ അവളെന്നോട് പറഞ്ഞു. " എനിക്ക് നിന്നെ ഒന്ന് കാണണം" " പൂജാ..." മറ്റെന്തെങ്കിലും പറയും മുന്‍പേ അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. എനിക്ക് ദേഷ്യമോ സങ്കടമോ..വിവേചിച്ചറിയാന്‍ ആയില്ല. ഒന്ന് കൂടി വിളിച്ചപ്പോള്‍ അവളുടെ ഫോണ്‍ ഓഫ്‌ ആയിരുന്നു. നേരം സന്ധ്യയായി.പൂജാ വിളിച്ചില്ല. ഞാന്‍ വിളിച്ചിട്ട് കിട്ടിയുമില്ല.
                                    രണ്ടു ദിവസത്തിന് ശേഷം എനിക്ക് പൂജയുടെ കോള്‍ വന്നു.അവള്‍ എന്നോട് ചെല്ലേണ്ട സ്ഥലം മാത്രം പറഞ്ഞു. " എന്താണ് പൂജക്ക്‌ സംഭവിച്ചത്? എന്തിനായിരിക്കും അവള്‍ എന്നെ കാണണം എന്ന് പറഞ്ഞത്? " ഒരുപാട് ചോദ്യങ്ങളുമായി ഞാന്‍ കാത്തിരുന്നു അവളുടെ കോളിനായി.......
                                    മൊബൈല്‍ അടിക്കുന്നത് കേട്ട് വളരെ മടിയോടെയാണ് ഞാന്‍ കണ്ണ് തുറന്നത്. ആരാണ് ഈ അതിരാവിലെ? ഞാന്‍ ഓര്‍ത്തു. അതെ അത് അവളായിരുന്നു പൂജ....എന്നോട് അവള്‍ പറഞ്ഞു നേരത്തെ പറഞ്ഞ സ്ഥലത്തേക്ക് ചെല്ലുവാന്‍.വഴിയും വ്യക്തമായി പറഞ്ഞു തന്നു. അവളുടെ ആരും അല്ലാഞ്ഞിട്ടും അവള്‍ ഒരു കോള്‍ ഗെളന്നു അറിഞ്ഞിട്ടും എന്‍റെ മനസ്സില്‍ അവളെ കാണാന്‍ ഉള്ള ആഗ്രഹം കൂടി വന്നു
                                     ഞാന്‍ ചെല്ലുമ്പോള്‍ പൂജ ബസ്സ്‌ സ്റ്റോപ്പില്‍ തന്നെ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു." പൂജാ..." ഞാന്‍ പറയാന്‍ തുടങ്ങും മുന്‍പേ അവള്‍ ഒരു ഓട്ടോ വിളിച്ചു. ഞാനും അവളും അതില്‍ കയറി. " എവിടേക്ക്? " എന്ന് ഞാന്‍ ചോദിച്ചില്ല ..അതിലും ഉപരി ഒരുപാട് ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നതിനാലാവാം. 
                                      ഓട്ടോയില്‍ ഇരുന്നു അവളോ ഞാനോ സംസാരിച്ചില്ല.എവിടെയോ എത്തിയപ്പോള്‍ അവള്‍ ഓട്ടോക്കാരനോട് നിര്‍ത്താന്‍ പറഞ്ഞു. പൈസയും കൊടുത്തു എന്റെ മുന്‍പേ നടന്നു അവള്‍ പറഞ്ഞു " വരൂ " " എങ്ങോട്ട്?" ഞാന്‍ ചോദിച്ചു. " നമുക്ക് കുറച്ചു നേരം ഒന്നിരിക്കാം " പൂജ പറഞ്ഞു. " വേണ്ട..ആദ്യം നീ ഇത്രയും ദിവസം എവിടെ ആയിരുന്നുവെന്നും സത്യത്തില്‍ നിന്റെ ജോലി എന്തെന്നും പറയ്..പിന്നീടാവാം സംസാരം" ഞാന്‍ അവളോട്‌ ദേഷ്യപെടുകയായിരുന്നു. അവളെന്നെ കൈ പിടിച്ചു വലിച്ചു ഒരു മരത്തിന്‍റെ  ചുവട്ടിലേക്ക്‌ നടന്നു.അതൊരു മനോഹരമായ പാര്‍ക്ക്‌ ആയിരുന്നു. നേരം പുലരുന്നതെ ഉള്ളതിനാല്‍ ഒരുപാട് ആളുകളൊന്നും ഇല്ല.ഒരു വലിയ മരത്തിന്‍റെ ചുവട്ടില്‍ ഞാനും പൂജയും ഇരുന്നു. " ഞാന്‍ നിന്‍റെ മടിയില്‍ ഒന്ന് കിടന്നോട്ടെ?" അവള്‍ എന്നോട് ചോദിച്ചു.ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ അത് എത്ര ആഗ്രഹിക്കുന്നുവെന്ന്. എന്‍റെ മടിയില്‍ തല വെച്ച് കിടന്ന പൂജയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. " ഹേ..പൂജാ.. " ഞാന്‍ അവളെ വിളിച്ചു. അവള്‍ ഒരു ചിരിയോടെ കണ്ണുനീര് തുടച്ചു. എന്നിട്ട് എന്നോട് ചോദിച്ചു." നീ എന്ത് ധൈര്യത്തിലാണ് എന്നെ കാണാന്‍ വന്നത്? ഞാന്‍ നിന്നോട് പറഞ്ഞില്ലേ ഞാന്‍ ഒരു കോള്‍ ഗേള്‍ ആണെന്ന്." മേല്ലെയെന്റെ മടിയില്‍ നിന്ന് എഴുന്നേറ്റു അവള്‍ മാറി നിന്നു.ഞാന്‍ അവളുടെ പിറകെ ചെന്ന് മെല്ലെ അവളുടെ തോളില്‍ കൈവെച്ചു " പൂജാ നീ എന്‍റെആരും അല്ലായിരിക്കാം...പക്ഷെ നിന്നോട് എനിക്കെന്തോ ഒരു അടുപ്പം തോന്നുന്നു." അവള്‍ തിരിഞ്ഞു എന്‍റെ മുഖത്തേക്ക് നോക്കി. പൊട്ടിക്കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു. " ഹേ പൂജാ എന്താ നിനക്ക് പറ്റിയത്? എന്നോട് പറയ്." ഞാന്‍ പറഞ്ഞു. അവള്‍  ഒരുപാട് കരഞ്ഞു തന്റേടത്തോടെ മാത്രം സംസാരിക്കാറുള്ള പൂജയുടെ ആ മുഖം എനിക്ക് വിശ്വസിക്കാന്‍ ആവുമായിരുന്നില്ല. ഞാനും അവളും മെല്ലെ നടന്നു.കണ്ണുനീര്‍ തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു " ഞാന്‍ പറയാം നിനക്ക് അറിയേണ്ടതെല്ലാം...പൂജയെക്കുറിച്ചു..എന്‍റെ ജീവിതത്തെക്കുറിച്ച് ..എല്ലാം.."
                                       ഉത്തരേന്ത്യയിലെ ഒരു സാധാരണ ഗ്രാമത്തില്‍ അച്ഛനും അമ്മയും അവളും സഹോദരനും അടങ്ങുന്ന കൊച്ചു കുടുംബം. പൂജയും തേജസ്സും { അവളുടെ സഹോദരന്‍ } ഇരട്ടകുട്ടികള്‍ ആണ്.  സ്വന്തമായുള്ള ചെറിയ ഗോതമ്പ് പാടത്തില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ സന്തോഷത്തോടെ കഴിയുന്ന കുടുംബം. അവളും തേജസ്സും ഒരേ ക്ലാസ്സില്‍ വളരെ വാശിയോടെ പഠിച്ചു വന്നു. പത്താം ക്ലാസ്സ്‌ പാസ്സായപ്പോള്‍ അവള്‍ക്കു മനസ്സിലായി രണ്ടുപേരെയും കൂടി പഠിപ്പിക്കാനുള്ള അച്ഛന്‍റെ  ബുദ്ധിമുട്ട്. ഈ സമയം അച്ഛന്‍റെ അനിയന്‍....പൂജ അയാളെ " ചാച്ചു " എന്ന് വിളിക്കും.......ഒരു കുട്ടിയെ താന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞു. ചാച്ചുവിന് മക്കളില്ല. അതുകൊണ്ട് തന്നെ വലിയ സ്നേഹമാണ്. " തേജസ്സ് വീട്ടില്‍ നിന്നാല്‍ പഠനത്തിനു ശേഷം അച്ഛനെ സഹായിക്കുകയും ആവാം. അതുകൊണ്ടു പൂജ പോകട്ടെ. " അമ്മ പറഞ്ഞു. അവള്‍ സമ്മതിച്ചു. അങ്ങനെ ഒരു താല്‍കാലിക പറിച്ചു മാറ്റല്‍....ചാച്ചുവിന്റെ വീട്ടിലേക്ക്...... " എനിക്ക് ചാച്ചുവിനെയും ഭാര്യയെയും ഒരുപാട് ഇഷ്ടമായിരുന്നു." പൂജ പറഞ്ഞു. അവിടെ അവള്‍ക്കു ഒന്നിനും ഒരു കുറവും ഉണ്ടായില്ല. പഠിത്തത്തില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവള്‍ ശ്രമിച്ചു. ഇടയ്ക്കിടെ വീട്ടിലും പോയി വരുമായിരുന്നു. തേജസ്സിനെ കാണാന്‍ മനസ്സില്‍ ഒരുപാട് ആഗ്രഹവും തോന്നുമായിരുന്നു. ഒരുമിച്ചു ജനിച്ചു......ഒരുമിച്ചു വളര്‍ന്ന്.....ഒരേപോലെ പഠിച്ചു വന്നവര്‍.... ആ വിരഹം അവള്‍ക്കു അസഹനീയമായിരുന്നു.
                                       ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍ തേജസ്സിന് നല്ല പനി. അവിടെ നിന്ന് പോകാന്‍ മനസ്സ് അനുവദിച്ചില്ല. എന്നാല്‍ ചാച്ചു നിര്‍ബന്ധമായും ചെല്ലണമെന്ന് പറഞ്ഞു.മനസ്സില്ലാ മനസ്സോടെ ആണ് പോയത്.ചാച്ചുവിന്റെ ഭാര്യക്ക്‌ ഇടയ്ക്കിടെ ഓരോ അസുഖങ്ങള്‍ വരാറുണ്ട്. അപ്പോള്‍ ഒരു സഹായം കൂടിയാണ് അവള്‍. അന്ന് രാത്രി എന്തോ അവള്‍ക്കു ഉറങ്ങാനായില്ല. മനസ്സിലൊരു അസ്വസ്ഥത. പിറ്റേ ദിവസം വീട്ടില്‍ നിന്ന് ഒരാള്‍ വന്നു ചാച്ചുവിനോട് എന്തോ പറയുന്നത് കേട്ടു. " ദൂരെ ആയതിനാല്‍ അത് എന്ത് എന്ന് എനിക്ക് മനസ്സിലായില്ല." എന്നാണ് പൂജ പറഞ്ഞത്. അവള്‍ ചാച്ചുവിന്റെ അടുത്തേക്ക് ഓടിയെത്തി." ചാച്ചു...അയാളെന്തിനാ വന്നത്?" പൂജ ചോദിച്ചു."  അത് ഒന്നുമില്ല........ കൃഷിയുടെ കാര്യം നിന്‍റെ അച്ഛന്‍ പറഞ്ഞു വിട്ടതാ.." ചാച്ചു പറഞ്ഞു. " നീ പോയിരുന്നു പഠിച്ചോ...പിന്നെ അവള്‍ ഇന്ന് വീട്ടില്‍ പോവാ...രണ്ടു ദിവസം കഴിഞ്ഞേ വരൂ..അടുക്കളയില്‍ കയറണം.." അത് അയാളുടെ ഭാര്യയെക്കുറിച്ച് ആയിരുന്നു. പൂജ സമ്മതത്തോടെ തലയാട്ടി. അടുക്കളയില്‍ ഓരോ ജോലി ചെയ്യുമ്പോളും അവളുടെ മനസ്സില്‍ തേജസ്സായിരുന്നു. അവന്‍റെ പനി മാറിയോ എന്ന ഭയവും.ഭക്ഷണം പാകം ചെയ്തു കഴിഞ്ഞു അവള്‍ പഠിക്കാനിരുന്നു. ചാച്ചു വരാന്‍ അല്പം താമസിക്കും.അതുവരെ അവള്‍ പഠിച്ചു.
                                      " പൂജാ " അത് ചാച്ചുവായിരുന്നു. അവള്‍ വേഗം പോയി വെള്ളമെടുത്തു കൊടുത്തു.കാലു കഴുകി അയാള്‍ വന്നു ഊണുമേശയുടെ അരികില്‍ ഇരുന്നു. പൂജ ഭക്ഷണം വിളമ്പി കൊടുത്തു. അതും കഴിച്ചു ചാച്ചു നല്ല ഉറക്കം." ഞാന്‍ കഴിച്ചോ എന്ന് പോലും ചോദിച്ചില്ല" പൂജ പറഞ്ഞു. ബാക്കി വന്ന ഭക്ഷണം എടുത്തു വെച്ച് അവള്‍ കിടക്കാന്‍ അവളുടെ മുറിയിലേക്ക് പോയി.അവിടെ എത്തിയ പൂജ പേടിച്ചു. അവിടെ അവളുടെ കട്ടിലില്‍ ഒരു പുരുഷന്‍. " ആരാ നിങ്ങള്‍?" ചോദിക്കുന്നതിനോടൊപ്പം തന്നെ അവള്‍ വിളിച്ചു " ചാച്ചൂ................." " നീ കിടന്നു അലറി വിളിക്കണ്ട....നിന്‍റെ ചാച്ചു പറഞ്ഞിട്ട് തന്നെയാ ഞാന്‍ വന്നത്." അയാള്‍ പറഞ്ഞു.വാതില്‍ക്കല്‍ അപ്പോള്‍ ചാച്ചു വന്നു. " പൂജാ..........നിന്‍റെ വീട്ടില്‍ നിന്ന് വന്ന ആള് പറഞ്ഞത് നിന്‍റെ സഹോദരന് അല്പം സീരിയസ് ആണ്. ഉടനെ ഒരു ഓപറേഷന്‍ വേണം. കുറച്ചു കാശു കൊടുത്തു വിടണമെന്നാണ്. ഇല്ലെങ്കില്‍ അവന്‍ ചത്ത്‌ പോകുമെന്ന്. നിനക്കറിയില്ലേ എന്‍റെ കയ്യില്‍ ഇവിടുന്ന കാശ്? പിന്നെ ആരാ സഹായിക്കാന്‍? ഈ ചോട്ടാ സാബു പറഞ്ഞു അയാള്‍ സഹായിക്കാം പകരം നീ ഒന്ന്... " " മതി ചാച്ചു ....നിര്‍ത്ത്.." അവള്‍ പൊട്ടിക്കരഞ്ഞു." ഞാന്‍ നിങ്ങളെ അച്ഛന്‍റെ സ്ഥാനത്താ കണ്ടത്...എന്നിട്ടും നിങ്ങള്‍...ഛെ.." " സ്ഥാനമൊക്കെ അവിടെ കിടക്കും പക്ഷെ തേജസ്സു വേണോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം.ആരും ഒന്നും അറിയില്ല." ഇത്രയും പറഞ്ഞു അയാള്‍ അവളെ അയാളുടെ ദേഹത്തേക്ക് തള്ളിവിട്ടു.കതകും വലിച്ചു അടച്ചു. പൂജ അലറിക്കരഞ്ഞു. പക്ഷെ എന്നിട്ടും അയാള്‍ അവളെ നശിപ്പിച്ചു. അയാള്‍ എപ്പോള്‍ പോയി എന്ന് അവള്‍ അറിഞ്ഞില്ല. രാവിലെ ചാച്ചു  വന്നു പറഞ്ഞു. "വല്ലതും കഴിക്കാന്‍ ഉണ്ടാക്ക്..വിശക്കുന്നു." ഒന്നും ശബ്ദിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.പക്ഷെ ഒന്നും സംഭവിക്കാത്ത ഭാവമാരുന്നു ചാച്ചുവിന്.അവള്‍ മെല്ലെ എഴുന്നേറ്റു.ദേഹം മുഴുവന്‍ വേദന.നടക്കാന്‍ പോലും ബുദ്ധിമുട്ട്.എങ്ങനെയോ ഒന്ന് കുളിച്ചു. മരിക്കാന്‍ തോന്നി അവള്‍ക്ക്.പിന്നെ തേജസ്സിനെ ഓര്‍ത്തു കരഞ്ഞു. ഭക്ഷണം ഉണ്ടാക്കും മുന്‍പേ ചാച്ചുവിന്റെ വിളി വന്നു." പൂജ ഒന്നും ഉണ്ടാക്കണ്ട....വാ...നിന്‍റെ വീട് വരെ പോകാം..." ഒരേ സമയം സങ്കടവും സന്തോഷവും തോന്നി അവള്‍ക്ക്.
                                വേഷം മാറിക്കൊണ്ടിരുന്നപ്പോള്‍ ചാച്ചു മുറിയിലേക്ക് വന്നു. ഒരിക്കലും പതിവുള്ളതല്ല അത്. അവള്‍  വേഗം പുതപ്പെടുത്തു ദേഹം മറച്ചു. " ഓ ഇനി അതൊന്നും മറക്കണ്ട. ങ്ഹാ അത് പറയാനാ ഞാന്‍ വന്നത്. ഇതൊന്നും വീട്ടില്‍ അറിയിച്ചു സ്വയം നാണം കെടണ്ട.ആരെങ്കിലും അറിഞ്ഞാല്‍ എനിക്കൊന്നുമില്ല. പറഞ്ഞേക്കാം. " പൂജ ഒന്നും പറഞ്ഞില്ല.
                                  ചച്ചുവിന്റെ പിന്നാലെ വീട്ടിലേക്കു നടക്കുമ്പോളും അവള്‍ ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയപ്പോള്‍ അവള്‍ ഓടിപ്പോയി തേജസ്സിനെ കാണാന്‍. " നിനക്ക് എന്തുപറ്റി തേജസ്? അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു." എനിക്ക് ഒന്നുമില്ല" അവന്‍ തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. " തേജസ്സിന്റെ ഓപ്പറേഷന്‍ അഞ്ചു ദിവസം കഴിഞ്ഞാണ്.പൈസയുടെ കാര്യം?"  അച്ഛന്‍ ചാച്ചുവിനോട് പറയുന്നത് കേട്ടു." നമുക്ക് ശരിയാക്കാം." ചാച്ചു പറഞ്ഞു.അമ്മ അടുക്കളയില്‍ ചായ ഉണ്ടാക്കുന്ന തിരക്കിലാണ്. അവള്‍ അങ്ങോട്ട്‌ ചെന്നു." നിനക്ക് അവിടെ രാജയോഗമല്ലേ? നീയെങ്കിലും രെക്ഷപെട്ടു." അമ്മ പറഞ്ഞു. പൂജയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. " സാരമില്ല. അവന് ഒന്നും പറ്റില്ല. ആ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ എല്ലാം ശരി ആകും." അമ്മ പറഞ്ഞു.
                                   " പെട്ടന്ന് പോണം. ചോട്ടാ സാബു കാത്തിരിക്കുകയാണ്. ചെന്നിട്ടു പൈസ വാങ്ങണം." ചാച്ചു അമ്മയോട് പറഞ്ഞു. " മോളെ നീ പൊക്കോ.....ആ സാബിനോട് കുറച്ചു പണം അധികം തരാന്‍ പറ.പിന്നെ നീ ജോലി ചെയ്തു വീട്ടാമെന്ന് പറ." അമ്മ പറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല.ചാച്ചുവിന്റെ പിന്നാലെ ഇറങ്ങി.
                                       വീട്ടിലെത്തിയ ചാച്ചുവിന്റെ പെരുമാറ്റം സംസാരം എല്ലാം വ്യത്യസ്തമായിരുന്നു. തട്ടും മുട്ടും തലോടലും ഒക്കെ അവള്‍ക്ക് അസഹ്യമായി തോന്നി.തേജസ്സിനെ ഓര്‍ത്തു പൂജ ഒന്നും പറഞ്ഞില്ല.പിറ്റേ ദിവസം ചോട്ടാ സാബ്‌ ചാച്ചുവിന് പണം കൊടുക്കുന്നത് അവള്‍ കണ്ടു.വീട്ടിലേക്കു കൊടുത്തുവിടും മുന്‍പേ അതിലൊരു പങ്കു പോക്കറ്റിലേക്കു പോകുന്നതും.തേജസ്സിന്റെ ഓപ്പറേഷന് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം വേണ്ടി വന്നു. ഏതാണ്ട് എല്ലാ ദിവസവും അവള്‍ക്ക് "ജോലി"  ചെയ്യേണ്ടതായും  വന്നു.ഒരു ദിവസം തന്‍റെ ദേഹത്ത് ഒട്ടിക്കിടന്ന സാബിനോട് അവള്‍ ചോദിച്ചു." എത്ര രൂപയാണ് നിങ്ങള്‍ എന്‍റെ ശരീരത്തിന് കൊടുക്കുന്നത്?" അയാള്‍ പറഞ്ഞ തുകയുടെ പകുതി പോലും അവളുടെ വീട്ടിലെത്തിയിരുന്നില്ല.അന്ന് ആദ്യമായി അവള്‍ കണക്കു പറഞ്ഞു കാശ് വാങ്ങി.ശരീരം വിറ്റു കിട്ടിയ കാശ്.ചോട്ടാ സാബ്‌ ഇറങ്ങിയതിനു പിന്നാലെ ചാച്ചു മുറിയിലേക്ക് വന്നു. " അയാളോട് നീ കാശ് വാങ്ങിയോ?" അലറിക്കൊണ്ട്‌ ആയിരുന്നു ചോദ്യം." വാങ്ങി..ഇത്ര ദിവസം നിങ്ങള് വാങ്ങിയില്ലേ? ഇനി ഞാന്‍ എന്‍റെ വീട് നോക്കട്ടെ." അയാള്‍ ദേഷ്യപെട്ടു അലറി അവളെ തലങ്ങും വിലങ്ങും അടിച്ചു.വസ്ത്രം വലിച്ചു കീറി. ഒരു ഭ്രാന്തനെപ്പോലെ. അന്ന് അവള്‍ കരഞ്ഞില്ല.

                                  അവള്‍ വേഷം മാറി വീട്ടിലേക്കു പോയി.അവിടെയെത്തുമ്പോള്‍ തേജസ് പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നു." ഞാന്‍ കൊടുത്ത പണം വാങ്ങിയ അമ്മയുടെ കണ്ണിലെ തിളക്കം ഇന്നും ഞാന്‍ ഓര്‍ക്കുന്നു." പൂജ പറഞ്ഞു. കാപ്പിയും കുടിച്ചു തിരിച്ചു പോയ അവളെ കാത്തു വാതില്‍ക്കല്‍ തന്നെ ചാച്ചുവിന്റെ ഭാര്യ നില്‍പ്പുണ്ടായിരുന്നു. ആകെ ദേഷ്യം എന്ന് മുഖ ഭാവത്തില്‍ നിന്നു മനസ്സിലായി. " നില്‍ക്ക് അവിടെ. ഓരോ ആണുങ്ങളുടെ കൂടെ കിടന്നു ഉറങ്ങുന്ന നിഅനക്ക് താമസിക്കാനുള്ള വീട് അല്ല ഇത്." അയാള്‍ അവരോടു എന്താണ് പറഞ്ഞതെന്ന് ഇന്നും പൂജക്ക്‌ അറിയില്ല. അവള്‍ പതിയെ തിരിഞ്ഞു നടന്നു. ഒരു ഒറ്റയടിപ്പാത.എങ്ങോട്ട് പോകണമെന്ന് അറിയില്ല....അവളുടെ അരുകില്‍ ഒരു ജീപ്പ് വന്നു നിന്നു. ചോട്ടാസാബ്..." കയറു.." അയാള്‍ പറഞ്ഞു. അവള്‍ കയറി. വേറെ ഒന്നും ആലോചിച്ചില്ല...
                                   അവളെയും കൊണ്ട് അയാള്‍ ദൂരെ ഒരു വീട്ടിലെത്തി.കിടക്കാന്‍ ഒരു മുറി കൊടുത്തു.ഭക്ഷണവും.രാത്രി അവള്‍ അയാളെ പ്രതീക്ഷിച്ചെങ്കിലും അയാള്‍ ചെന്നില്ല.രാവിലെ അയാള്‍ പറഞ്ഞു." അന്ന് ഞാന്‍ കരുതിയത്‌ സാധാരണ പെണ്ണിന്‍റെ അഭിനയമാണ് നീയും ചെയ്തത് എന്നാണ്. ഇന്ന് എനിക്ക് എല്ലാം മനസ്സിലായി. നിന്നെ എനിക്ക് ഇഷ്ടായി. പറയ് എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്?" അറവുമാടിന്റെ കണ്ണിലേക്കു നോക്കിയുള്ള ചോദ്യം.അവള്‍ പറഞ്ഞു." എനിക്ക് തേജസ്സിനെ വിളിക്കണം." അയാള്‍ ഒരു ഫോണ്‍ കൊണ്ട് കൊടുത്തു അവള്‍ക്ക്."  തേജസ്..... ഇത് ഞാനാണ്‌ പൂജ....നിനക്ക് എങ്ങനെ ഉണ്ട്? " " ഛെ വൃത്തികെട്ടവളെ എന്തിനാ നീ വിളിച്ചത്? ഇവിടെ എല്ലാവര്ക്കും നിന്നോട് അറപ്പാണ്. വെറുപ്പാണ്.മേലാല്‍ ഇങ്ങോട്ട് വിളിക്കരുത്." അവന്‍ കട്ട് ചെയ്തു.അവള്‍ക്ക് സംസാരിക്കാനായില്ല.മനസ്സില്‍ ഒരു അഗ്നി പര്‍വതം പുകയുന്നു.പൂജ മെല്ലെ എഴുന്നേറ്റു തണുത്ത വെള്ളത്തില്‍ മുഖം കഴുകി.തിരിച്ചു മുറിയിലേക്ക് കയറുമ്പോള്‍ അവിടെ ചോട്ടാ സാബ്‌ ." നീ ഈ പഴയ  വേഷമൊക്കെ മാറ്റ്. ദാ ഇതൊക്കെ ഇട്ടാലെ  ആളുകള്‍ക്ക് ഇഷ്ടമാകു." ആ സംസാരത്തിന്റെ അര്‍ഥം അവള്‍ക്ക് പെട്ടന്ന് മനസ്സിലായി. അവളുടെ യൌവനം മുഴുവന്‍ കാണുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ആയിരുന്നു അത്.
                                           പിന്നീട് രാത്രികളും പകലുകളും മാറി മാറി വന്നു...വിലപെശലുകളുടെയും...മാംസ ദാഹികളുടെയും പല പല രാവുകള്‍.....നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്ക് ....ഇടക്കെപ്പോഴോ  അന്വേഷിച്ചപ്പോള്‍ അറിഞ്ഞു തേജസ്സിന് നല്ല ജോലിയായി. വീട് നല്ല പുരോഗതിയില്‍.ഒരു നാണംകെട്ട സഹോദരി ഉണ്ടായിരുന്നുവെന്നും പിന്നീടു ഒരു ആക്സിടന്റില്‍  പെട്ട് മരിച്ചുമെന്നാണ് അവന്‍ എല്ലാവരോടും പറയുന്നത്.
                                       ഇത്രയും പറഞ്ഞു പൂജ എന്‍റെ കണ്ണില്‍ നോക്കി ചോദിച്ചതാണ് ആ ചോദ്യം " ഞാനുമൊരു പെണ്‍കുട്ടി. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഒരുവള്‍.എന്നിട്ടും നിങ്ങള്‍ എന്നെ അറപ്പോടും വെറുപ്പോടും നോക്കി കാണുന്നതെന്തേ?" എനിക്ക് മറുപടി ഉണ്ടായിരുന്നില്ല." നിന്നോട് എനിക്ക് എന്‍റെ തേജസ്സിനോട് ഉള്ളത് പോലെ ഒരു സ്നേഹം....അത് വേണ്ട എന്ന് എന്‍റെ മനസ്സിനോട് ഞാന്‍ പല ആവര്‍ത്തി പറഞ്ഞു നോക്കി.കുറെ ഉറക്ക ഗുളികകള്‍ കഴിച്ചു ഞാന്‍ ഉറങ്ങി നോക്കി.എന്നിട്ടുമെനിക്കു സാധിക്കുന്നില്ല." പൂജ വീണ്ടും കരഞ്ഞു. തോളില്‍ തട്ടി ഞാന്‍ അവളെ ആശ്വസിപ്പിച്ചു.ഞാനും കരഞ്ഞു പോയി.
                                   തിരിച്ചു വീട്ടിലെത്തിയപ്പോളും എന്‍റെ മനസ്സില്‍ പൂജയായിരുന്നു.ഞാന്‍ അവളെ വിളിച്ചില്ല. കരഞ്ഞു പോയാലോ എന്ന ഭയമായിരുന്നു എനിക്ക്. പിറ്റേ ദിവസം പൂജ എന്നെ വിളിച്ചു.അവള്‍ ആശുപത്രിയില്‍ ആണ്.ഞാന്‍ വേഗം പോയി.ഞാന്‍ ചെല്ലുമ്പോള്‍ അവിടെ പൂജ ഇല്ല.ഒരു നെഴ്സിനോട് ഞാന്‍ വിവരം തിരക്കി.അവര്‍ എനിക്കൊരു കാത്തു തന്നു." നീ അല്ലാതെ ആരും എന്നെ തേടി വരില്ല. എനിക്കറിയാം. അതാണ്‌ ഇത് ഇവരെ എല്പ്പിച്ചതും.നിന്നോട് പറയാത്ത ഒരു രഹസ്യം കൂടെ ഉണ്ട്  എന്‍റെ ജീവിതത്തില്‍. ഞാന്‍ ഒരു എയിഡ്സ് രോഗി ആണ്.നീ ഇത് അറിയുമ്പോള്‍ ഒരുപക്ഷെ തേജസ്സിനെ പോലെ തന്നെ എന്നെ വെറുത്താലോ എന്ന് ഞാന്‍ ഭയക്കുന്നു.അതെനിക്ക് താങ്ങാന്‍ ആവില്ല. അതുകൊണ്ട് വൈദ്യ സഹായത്തോടെ മേഴ്സി കില്ലിംഗ് രീതി ഞാന്‍ സ്വീകരിച്ചു.അവര് തന്നെ എന്നെ മറവു ചെയ്തു കൊള്ളും.നിനക്കെന്നെ ഇഷ്ടമെന്ന് എനിക്കറിയാം..അതിലും ഒരുപാട് നിന്നെ ഇഷ്ടമായതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്.നീ എന്നെ വെറുക്കരുത്...മനസ്സുകൊണ്ട് നിന്‍റെ പൂജ ഒരിക്കലും ചീത്ത ആയിട്ടില്ല...സ്നേഹത്തോടെ പൂജ.."
                                    അവിടെ നിന്നും ഓടുകയായിരുന്നു ഞാന്‍ മുറിയിലേക്ക്. കട്ടിലില്‍ വീണു കിടന്നു അലറിക്കരഞ്ഞു.

                                      ഇന്ന് വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയി....എങ്കിലും പൂജ നിന്നെക്കുറിച്ചു എഴുതാതിരിക്കാന്‍ എനിക്കാവില്ല...കാരണം നിന്നെ ഞാന്‍ സ്നേഹിക്കുന്നു ഇന്നും......തിരക്കുള്ള നഗരവീഥികളിലെ പുതിയ പൂജയുടെ മുഖം എനിക്ക് തിരിച്ചറിയാന്‍ ആവുന്നു...മറ്റാരെക്കാള്‍....

http://www.youtube.com/watch?v=fH8jQvspw8o

                             

6 comments:

  1. ithe vayichppo appozho ente thonda idariyathe pole thonni

    ReplyDelete
  2. Maneesh..athu sathyamanu..innum evideyenkilum.ee pooja undavaam..veroru roopathil..bhavathil

    ReplyDelete
  3. Really touching Aathira. ella storiesum vaayichu .ellam orupad orupad ishtamayi.really great Aathira.---Molutty

    ReplyDelete
  4. നല്ലൊരു ഉദ്യമം ആണ് ആതിര ഈ കഥയിലൂടെ നടത്തിയിട്ടുള്ളത്.
    എങ്കിലും ഒരാശയത്തെ കഥയായി മാറ്റുമ്പോള്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ആതിര ശ്രദ്ധിക്കേണ്ടതുണ്ട്...
    എഴുതാന്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ ഏറ്റവും പ്രധാനം. കഥ ഒരു വിവരണം പോലെ ആകാതിരിക്കാന്‍ ഒരുപാട് ശ്രദ്ധിക്കുക.
    കാര്യങ്ങള്‍ എല്ലാം പറയുന്നുണ്ടെങ്കിലും എഴുത്തില്‍ സാഹിത്യ ഭംഗി കുറവാണ് എന്നതാണ് മറ്റൊരു പോരായ്മയായി തോന്നുന്നത്...
    എഴുതിയ ശേഷം രണ്ടോ മൂന്നോ വട്ടം വായിച്ച് നോക്കി പോരായ്മകള്‍ പരിഹരിക്കുക...തെറ്റുകള്‍ തിരുത്തുക...
    തന്റെ സൃഷ്ടിയുടെ പോരായ്മകള്‍ സ്വയം കണ്ടു പിടിക്കുന്നിടതാണ് ഒരെഴുത്തുകാരന്റെ വിജയം...
    വ്യത്യസ്തതയാര്‍ന്ന ഒരുപാട് സൃഷ്ടികള്‍ ആതിരയുടെ തൂലികയില്‍ വിരിയും എന്നെനിക്കു ഉറപ്പുണ്ട്...
    ഇനിയും എഴുതുക....ആശംസകള്‍...

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?