Wednesday, April 27, 2011

ഒരു അനുഭവ കഥ..അഥവാ ജീവചരിത്രം


ആരും അറിയാത്ത ഞങ്ങളുടെ ചില രഹസ്യങ്ങള്‍..അതായതു എട്ടാം ബാച്ചിന്റെ ചില രഹസ്യങ്ങള്‍..

വായിച്ചാല്‍ പോര നിങ്ങള്‍ പ്രതികരിക്കുകയും വേണം കേട്ടോ?..

രണ്ടാം വര്‍ഷ  പഠനം എന്നാല്‍ ലോകത്തിലെ അവസാന പഠനം എന്ന മട്ടിലുള്ള ജീവിതകാലം..പാവം നമ്മുടെ ഗുരുനാഥന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ പോലും തയ്യാറാവാത്ത സമയം...അങ്ങനെ ഇരിക്കെ നമ്മുടെ ചേച്ചിമാരും അനിയത്തിമാരും കൂടി ഒറ്റക്കയ്യായി നമ്മുടെ സംഘത്തിനെതിരെ..ഇത് പതിവുള്ളതാണ് ..എന്നാലും നമുക്കത് സഹിക്കാന്‍ പറ്റുമോ?
ചേച്ചിമാരില്‍ ഒരുവള്‍ വെറും വെറുതെ നടന്നു വന്ന എന്റെ പേരില്‍ ഒരു പട്ടം ചാര്‍ത്തി. മെസ്സ് സെക്രട്ടറി ....പാവം ഞാന്‍ ഒരുപാട് സഹിച്ചു...എങ്കിലും ആ ദിവസം സഹനം അല്പം കൂടി പോയി..

വെറും വെറുതെ ചോറൊക്കെ വിളമ്പി കൊടുത്തു  മടങ്ങിയ എന്നെ ആ ചേച്ചി പിടിച്ചു നിര്‍ത്തി ഒരു ചോദ്യം" ഡീ ഞങ്ങളൊക്കെ എന്താ ചിക്കെന്റെ എല്ല് തിന്നു ജീവിക്കുന്നവരോ?" പലതും എന്റെ വായില്‍ വന്നെങ്കിലും ക്ഷമയോടെ ഈ പാവം സെക്രട്ടറി കാര്യം ചോദിച്ചു. ഒരുപറ്റം ചെന്നായ്ക്കള്‍ എന്നെ കടിച്ചു തിന്നാന്‍ ചടി വീണു. അവര്‍ക്ക് വിളമ്പിയപ്പോള്‍ ചിക്കന് മസില്‍ അല്പം കുറഞ്ഞതാണ് കാര്യം.

"ശരി നിനക്ക് തരാമെടി ചേച്ചി "മനസ്സില്‍ ഓര്‍ക്കുമ്പോള്‍ ബഹുമാനപ്പെട്ട ഹോസ്റ്റല്‍ വാര്‍ടെന്‍ ഇടപെട്ടു രംഗം ശരിയാക്കി.

കാപ്പിയുടെ സമയം.... നാല് മണി നേരം. സെക്രട്ടറി ആയതിനാല്‍ നമ്മള്‍ നേരത്തെ മെസ്സില്‍ എത്തി..കൂടെ സഹമുറി കൂട്ടുകാരികളും. ചുറ്റും നോക്കി ഭദ്രത ഉറപ്പു വരുത്തി കാപ്പിയുടെ പാത്രത്തിന്റെ അരികിലേക്ക് ഞങ്ങളുടെ സംഘം നീങ്ങി. എണ്ണം കുറവുള്ള ഞങ്ങളുടെ സുഹൃതുക്കള്‍ക്കുള്ള കാപ്പി വേറൊരു പാത്രത്തിലേക്ക് മാറ്റി വെച്ച്. ബാക്കി വന്ന കാപ്പിയില്‍ എന്റെ സുഹൃത്തിന്റെ വക രണ്ടു രൂപയുടെ സര്‍ഫ് എക്സല്. അത് കണ്ടു മനസ്താപം തോന്നിയ വേരോരുവള്‍ ഇട്ടു രണ്ടു എണ്ണം അവള്‍ വക. 

 സെക്രട്ടറി ഒന്നും അറിയാതെ വെറും വെറുതെ തിരിച്ചു പോയി...അന്ന് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു...പ്രതീക്ഷകള്‍ തെറ്റിയില്ല.. രാവിലെ വന്നു ഗുരുനാഥന്റെ വിളി..സെക്രട്ടറി ചെന്നു മുഖം കാണിച്ചു. " ഇവര്‍ക്കൊരു പരാതി. ഇന്നലെ കൊടുത്ത കാപ്പിയില്‍ സോപ്പിന്റെ മണവും ചുവയും എന്ന്. നിനക്കെന്ത പറയാന്‍ ഉള്ളത്?" നിഷ്കളങ്കയായ സെക്രട്ടറി പറഞ്ഞു. " ആ കാപ്പി തന്നെയാണ് എല്ലാവരും കുടിച്ചത്. ഞാനും കുടിച്ചു. എനിക്ക് തോന്നിയില്ല." " ശരി നിങ്ങള്ക്ക് പോകാം. ഇതില്‍ അന്വേഷണം ഉണ്ടാകും. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടും." ഗുരുനാഥന്റെ വാക്ക് അക്ഷരം പ്രതി കേട്ട് തല കുലുക്കി ഞാന്‍ തിരിഞ്ഞു നടന്നു. നമ്മുടെ ചേച്ചിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നത് ഞാന്‍ കണ്ടു ആസ്വദിച്ചു.

മൂന്നു ദിവസങ്ങള്‍ സ്ഥിരമായ വഴക്കുകളിലൂടെ കടന്നു പോയി. വിധിയുടെ നിമിഷം വന്നു. വീണ്ടും ഗുരുനാഥന്‍ വിളിപ്പിച്ചു. " ഞാന്‍ അന്വേഷിച്ചു. ഉത്തരവും കിട്ടി." എന്റെ ശ്വാസം അല്പമൊന്നു നിലച്ചു. ചേച്ചി വിജയ ഭാവത്തില്‍ നില്‍ക്കുന്നു. കര്‍ത്താവേ എന്റെ കൂട്ടുകാര്‍..." നിങ്ങള്‍ ഉണ്ടെന്നു പറഞ്ഞ സോപ്പ് വെറും ഒരു ഊഹം മാത്രമാണ്. വെള്ളത്തില്‍ ക്ലോറിന്റെ അംശം കൂടുമ്പോള്‍ അങ്ങനെ തോന്നും. അതിനാല്‍ മെസ്സ് സെക്രട്ടറി തെറ്റുകാരി അല്ല. വെറുതെ   ആ കുട്ടിയെ തെറ്റുകാരി ആക്കിയതിന് നിങ്ങള്‍ മാപ്പ് പറയുക. " 

ഗുരുനാഥന്‍ ആയതുകൊണ്ടാവും ആ ചേച്ചി ഒന്നും പറയാതെ ഇരുന്നത്. എങ്കിലും ഒരു "സോറി " പറഞ്ഞു.
തെളിവെടുപ്പിനും വിധിക്കുമൊടുവില്‍ ചേച്ചിക്ക് ഒരു പണി കൊടുത്ത സന്തോഷം ഞങ്ങള്‍ ആഘോഷിക്കുമ്പോള്‍ പാവം എന്റെ ഗുരുനാഥന്‍ ഒരു സത്യം തെളിയിച്ച സന്തോഷത്തില്‍ വീട്ടിലേക്കു പോവുകയായിരുന്നു...

ആ ചേച്ചി എന്നെങ്കിലും ഇത് വായിക്കാന്‍ ഇട വന്നാല്‍...ചേച്ചി...ക്ഷമിക്കുക അത് ചെയ്തത് ഞങ്ങളാണ്...വെറും വെറുതെ ...ഗുരുനാഥാ..ഈ പാവം സെക്രട്ടറിയോട് ദേഷ്യം തോന്നല്ലേ? 

Monday, April 25, 2011

നിനക്കായ്

ആര്‍ത്തലച്ചു പെയ്യുന്ന പെമാരിക്കൊപ്പം മിന്നല്‍പിണരുകള്‍ ഭൂമിയെ ചുംബിക്കുമ്പോള്‍......നിനക്കായ് ഞാനെന്റെ ഓര്‍മ്മകള്‍ നല്‍കട്ടെ..

Monday, April 18, 2011

യാത്ര

അവനോടു ഞാന്‍ ചോദിച്ചു " എന്തിനാ നീ വന്നത്? " അവന്‍ മന്ദഹാസത്തോടെ പറഞ്ഞു." നീയുമായി ഒരു യാത്ര പോകുവാന്‍" " എവിടേയ്ക്ക്? "                                           " അകലങ്ങളിലേക്ക്" എന്ന് അവന്‍. വരില്ല ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഉറക്കെയുറക്കെ ചിരിച്ചു. " നിനക്ക് വരാതെ തരമില്ലലോ.നിന്റെ അവസരം കഴിഞ്ഞിരിക്കുന്നു."  " എന്തിനുള്ള അവസരം?" " ഭൂമിയിലെത്തി നിന്റെ വക അല്പം നന്മകള്‍ പകര്‍ന്നു കൊടുക്കുവാന്‍ ഞാന്‍ തന്ന അവസരം." അതെന്താ നീ നേരത്തെ എന്നോട് പറയാത്തത്? എന്റെ സമയം കഴിഞ്ഞല്ലോ.ഇനി ഞാന്‍ എന്താ ചെയ്ക? ആദ്യമേ പറഞ്ഞിരുന്നേല്‍..ഒരിക്കല്‍ കൂടി എനിക്ക് അവസരം തരുമോ? " വീണ്ടും അവന്‍ ഉറക്കെ ചിരിച്ചു. " ഞാന്‍ അവസരം തന്നാലും നീ ഇത്രയുമേ ചെയ്യ്. കാരണം നീ മനുഷ്യനാണ്. സുഖലോഭ മോഹങ്ങളില്‍ വീണു പോകുന്ന സാധാരണ മനുഷ്യന്‍. അവനെ പിന്തിരിപ്പിക്കാന്‍ ദൈവത്തിനു പോലും ആവുന്നില്ല. " ഞാന്‍ ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ നടന്നു. ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടു ഞാന്‍ സഹോദരനെ കൊല്ലുന്ന എന്റെ പിന്‍ഗാമിയെ...

Monday, April 11, 2011


Sunday, April 10, 2011


Saturday, April 9, 2011

ഞാന്‍

അകലെ ആ കുന്നിന്‍ചെരുവില്‍ രക്തകിരണത്തോടെ അവന്‍ മരിച്ചു കഴിഞ്ഞു...
ഇനി നിശയുടെ വരവായി..ദുഃഖങ്ങള്‍ നിറഞ്ഞ നിശ..
അവളുടെ നാവില്‍ ആരുടെയൊക്കെയോ ഉണങ്ങിയ രക്തം കട്ടപിടിച്ചിരിക്കുന്നു
ഇന്ന് ആരാണാവോ നിന്റെ  ഇരയാവുക?..അറിയില്ല
എന്റെ ഊഴം എത്തിയോ? എന്നെ കൊണ്ട് പോകാറായോ? 
പോകണം..എനിക്കും...അകലേക്ക്‌...ആ ദൂരങ്ങളിലേക്ക്...
എന്നെ ഈ ലോകത്തിനു ആവശ്യം ഇല്ലാതെ വരുമ്പോള്‍... 
ആര്‍ക്കൊക്കെയോ ബാധ്യത ആയി മാറുമ്പോള്‍...അവിടെ..അങ്ങകലെ...
എന്നെ കാത്തിരിക്കുന്നൊരു കൊച്ചു വീട് ഞാന്‍ കാണുന്നു...
പുഴയും അതിന്റെ കരയിലെ രണ്ടു  പൂക്കളും... അവ എന്നെ മാടി വിളിക്കുന്നു
ഞാന്‍ പോകുന്നു...അവയുടെ അരികിലേക്ക്...എന്നേക്കുമായി...
എന്റെ ശവം ഇവര്‍ പങ്കുവെക്കുമോ?..അതും ഉണ്ടാവും...
മരിച്ചാലും മൃഗങ്ങള്‍ ഭക്ഷണമാകുകയാണ് പതിവ്...
ഞാനും ഒരു മൃഗമായിരുന്നല്ലോ..ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍..
മനുഷ്യനായി ആരും കണ്ടിരുന്നില്ലലോ..അപ്പോള്‍ പ്രതീക്ഷയുടെ കണികപോലും അവശേഷിപ്പിക്കണ്ട..എനിക്ക് മടങ്ങാം...
നിങ്ങള്ക്ക് പങ്കിട്ടു എടുക്കാം എന്റെ ശവം...
ചുട്ടു കരിക്കാം..അല്ലെങ്കില്‍ ഭക്ഷണമാക്കാം.....ഇനി ഞാന്‍ ഇല്ല
ഞാന്‍ ഇവിടെ മരിച്ചു..ഇനി ആ പുഴയുടെ കരയില്‍ ആ കൊച്ചു കുടിലില്‍...