Friday, September 12, 2014

ഭൂമിയുടെ ചില അവകാശികള്‍

മാറാല പിടിച്ച മുറി പോലെ വൃത്തിഹീനം ആയിരിക്കുന്നു അവരുടെ മനസ്സുമെന്ന് മക്കള്‍ ആവര്‍ത്തിച്ച് ഉരുവിട്ടു. അവര്‍ പക്ഷെ അത് കേട്ടതായിപോലും ഭാവിച്ചില്ല. ചുമരിന്‍റെ കോണില്‍ ചാടിയിട്ടും എത്താതെ വീണ്ടും വല നെയ്യാന്‍ ശ്രമിക്കുന്ന ചിലന്തിയില്‍ ആയിരുന്നു അവരുടെ കണ്ണുകള്‍. ആ ചിലന്തിയെ നോക്കിയവര്‍ വെറുതെ പുഞ്ചിരിച്ചു.

പ്രതിഷേധമറിയിക്കാനെന്നോണം മക്കളിലൊരാള്‍ ആഞ്ഞടച്ച വാതിലിന്‍ ശബ്ദത്തില്‍ കതകിനു പിന്നില്‍ നിശബ്ദനായുറങ്ങിയ ഒരു വേട്ടാവളിയന്‍ പറന്നു വന്നു. ഒരാവര്‍ത്തി കറങ്ങി അവന്‍ മടങ്ങി.

മുഴുവനുമടയാത്ത ജനല്‍ തള്ളിത്തുറക്കുമ്പോള്‍ കര കര ശബ്ദം മുഴങ്ങി. ജനലിനപ്പുറമുള്ള ലോകം കാണാനല്ല ഈ തുറക്കല്‍. ഇത് ഒരു പ്രതീക്ഷയാണ്. അയാള്‍ വരുമെന്ന പ്രതീക്ഷ.ഓര്‍മ്മകളുടെ കാല്‍പാദം പഞ്ചാരമണലും ചേര്‍ത്ത് ഉരഞ്ഞപ്പോള്‍ മനസ്സില്‍ വീണ്ടും അതെ നീറ്റല്‍

" ആര്‍ക്കും പ്രവേശനം ഇല്ല " എന്ന ബോര്‍ഡ് വളരെ പ്രയാസപ്പെട്ടാണ് അവര്‍ വാതിലില്‍ തറച്ചത്.
" ആര്‍ക്കു പ്രവേശിക്കണം " എന്നൊരു പുച്ഛത്തില്‍ കടന്നു പോയ മരുമകളെ കണ്ടില്ലയെന്നവര്‍ നടിച്ചു.

മാറാല മൂടിയ മുറിക്കുള്ളിലെ ബള്‍ബിലെ പ്രകാശം നന്നേ കുറവായിരുന്നു.പകല്‍ സമയം സൂര്യന്‍ പോലും അവിടേക്ക് കടന്നു വരാന്‍ മടിക്കുന്നത് പോലെ. ലോകമറിഞ്ഞ കലാകാരിയോടുള്ള ആത്മാര്‍ത്ഥതയൊ അതോ പങ്കിട്ടെടുക്കേണ്ട സ്വത്തിന്‍റെ പൂര്‍ണ്ണരൂപം നിശ്ചയമില്ലാഞ്ഞിട്ടോ മക്കളുടെ നിര്‍ദേശപ്രകാരം വേലക്കാരി ഭക്ഷണം എന്ന പേരിലെന്തോ ആ മുറിക്കു മുന്നില്‍ പ്രതിഷ്ഠ നടത്താറുണ്ടെന്നും. നല്ല വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കും. അതില്‍ ആര്‍ക്കും പരാതിയുമില്ല. വേലക്കാരി മാത്രം കര്‍മ്മ നിരതയായിരുന്നു.

ഒരിക്കല്‍ ഭക്ഷണത്തിനു മുകളില്‍ നാലായി മടക്കിയൊരു കടലാസ് കഷണം കണ്ടു.
" മൂത്തമകന് ഒന്ന് സംസാരിക്കണം "
തിരിഞ്ഞു ചിലന്തിയെ നോക്കിയവര്‍ പുഞ്ചിരിച്ചു. പിന്നീട് പല ദിവസം ഈ കുറിപ്പ് ആവര്‍ത്തിച്ചു. ഒടുവിലവര്‍ മറുപടി എഴുതി.
" ഭാഗം വെക്കാന്‍ ബാക്കിയുള്ളത് ഈ മുറി മാത്രം. ശവദാഹത്തിനു ശേഷം പങ്കിട്ടെടുക്കാം"
പുറത്തു മകന്‍റെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ ദേഹത്ത് വന്നിരുന്നു രക്തമൂറ്റുന്ന കൊതുകിനെ സശ്രദ്ധം അടിച്ചു കൊല്ലുന്ന തിരക്കിലായിരുന്നു അവര്‍.

കതകിലാരോ തട്ടുന്ന ശബ്ദം കേട്ടവര്‍ ഞെട്ടിയുണര്‍ന്നു. പകലും രാത്രിയും വിവേചിച്ചറിയാന്‍ ഉള്ള കഴിവെന്നേ നഷ്ടമായിരിക്കുന്നു. വാതില്‍ തുറക്കുമ്പോള്‍ രോഷാകുലനായി മകന്‍.
" അമ്മ ഹെല്‍പ്പിലേക്ക് ഫോണ്‍ ചെയ്തോ? "
" ഉവ്വ് "
" ഞങ്ങള്‍ അറിയാത്ത എന്ത് സഹായമാണ് അവര്‍ അമ്മക്ക് ചെയ്തു തരേണ്ടത്‌? "

മകന്‍റെ പിന്നില്‍ അല്‍പം വിളറിയും ഭയന്നും നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. അവന്‍റെ നീല യൂണിഫോമില്‍ ചുവന്ന അക്ഷരത്താല്‍ " ഹെല്‍പ് " എന്ന് എഴുതിയിരുന്നു.

" ആ ..നിങ്ങള്‍ വന്നുവോ? ഞാന്‍ നേരത്തെ പ്രതീക്ഷിച്ചു. വരൂ അകത്തേക്ക് വരൂ " അവര്‍ മുന്നിലായി നടന്നു. ആ ചെറുപ്പക്കാരന്‍ അവരെ പിന്തുടര്‍ന്നു. പിന്നാലെ ചെന്ന മകനെ അവര്‍ കൈ കൊണ്ട് തടഞ്ഞു.

മക്കള്‍ക്ക് അതൊരു നീണ്ട കാത്തിരുപ്പായിരുന്നുവെങ്കിലും ഫലം നിരാശ തന്നെ ആയിരുന്നു. ഹെല്‍പ് അവരുടെ രഹസ്യങ്ങള്‍ പുറത്തു പറയില്ലാത്രേ. പോയപ്പോള്‍ ഉണ്ടായിരുന്ന ഭാവമായിരുന്നില്ല ആ ചെറുപ്പക്കാരന്. അയാള്‍ സന്തോഷത്തോടെ അവരോടു യാത്ര പറഞ്ഞു.  മകന്‍റെ ശബ്ദം ഉച്ചത്തില്‍ ആകുമ്പോള്‍ അവര്‍ ലക്ഷ്യം നേടിയ ചിലന്തിയെ അഭിനന്ദിക്കുകയായിരുന്നു

മൂന്നു നാല് ദിവസമായി ഭക്ഷണം കഴിച്ചില്ല എന്ന വേലക്കാരിയുടെ കണ്ടെത്തല്‍ മൂത്തമകന്റെ ഭാര്യയോട്‌ ഇളയമകന്റെ ഭാര്യ പറഞ്ഞു. അത് സാരമില്ല എന്ന മട്ടില്‍ അവര്‍ ചിറി കോട്ടി.
വേലക്കാരിയുടെ ഉത്കണ്ഠ വാതിലില്‍ ശക്തിയായ് തള്ളുവാന്‍ അവരെ പ്രേരിപ്പിച്ചു. അസഹ്യമായൊരു ഗന്ധം മൂക്കിലടിച്ചപ്പോള്‍ അവര്‍ ഉറക്കെ ബഹളം വെച്ചു.

മക്കളുടെ കണ്ണില്‍ പക്ഷെ വേലക്കാരിയുടെ കണ്ണിലെ അമ്പരപ്പ് ഉണ്ടായിരുന്നില്ല.മുറിയുടെ ഒരു അരികില്‍ " ഹെല്‍പ് " എന്നെഴുതിയ ഒരു പെട്ടി ഉണ്ടായിരുന്നു.  അവര്‍ക്ക് ആ പെട്ടിയില്‍ വന്നത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ ആയിരുന്നു. ഇളയ മകന്‍ ആ പെട്ടി പരിശോധിക്കുമ്പോള്‍ മറ്റുള്ളവര്‍ അതിലേക്കു ഉറ്റു നോക്കി. അതില്‍ നിന്നും കിട്ടിയ കടലാസ് വായിച്ചു അയാള്‍ അമ്പരന്നു.

തറയില്‍ കിടന്ന അവരുടെ ശരീരത്തിലൂടെ ഒരു ഉറുമ്പ്‌ കയറിയിറങ്ങി. വെറുപ്പോടെ മാത്രം അവരെ നോക്കിയ മരുമകള്‍ പെട്ടന്ന് തന്നെ അവരുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്ന കടലാസു കഷണം കണ്ടു. അത് വായിക്കുമ്പോള്‍ വേലക്കാരിയുള്‍പ്പെടെ എല്ലാവരും ചുറ്റുമിരുന്നു.

" മോഹന്‍ , നിങ്ങള്‍ പറഞ്ഞത് പോലെ ഒരു ജീവിതം മുഴുവന്‍ നിങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു. ധനുഷ്കോടിയിലെ മണല്‍പ്പരപ്പില്‍ വെച്ച് തമാശയായിട്ടാവും നിങ്ങള്‍ പറഞ്ഞത് മരണശേഷമൊരു വവ്വാലായി നിന്നെ കാണാന്‍ ഞാന്‍ വരുമെന്ന്.അന്ന് നിന്നെ കൂട്ടി യാത്ര പോകുമെന്നും നിങ്ങള്‍ എനിക്ക് ഉറപ്പു തന്നിരുന്നു. പക്ഷേ നാം നടന്ന മണല്പ്പരപ്പുകള്‍ പോലും ഇല്ലാതെ ആയിരിക്കുന്നു ഇന്നവിടെ . ഇത്രയും നാള്‍ എന്‍റെ മുറിയിലെ പ്രകാശം സ്വയം ഇല്ലാതെയാക്കി ഉറുമ്പിനെയും ചിലന്തിയെയുമൊക്കെ കൂട്ടു പിടിച്ചു ഞാന്‍ നിങ്ങള്‍ക്കായി കാത്തിരുന്നു. ഈ മുറിയിലേക്ക് പക്ഷെ ഒരിക്കലും ഒരു വവ്വാല്‍ മാത്രം കടന്നു വന്നില്ല. ഇനിയുമൊരു കാത്തിരിപ്പിന് ഞാന്‍ അശക്തയാണ് മോഹന്‍. എല്ലാവരെയും പോലെ ഞാനും കുറുക്കുവഴി തേടി. അയാള്‍ കൊണ്ട് തന്ന കൂട്ടിലെ വവ്വാല്‍ നിങ്ങളെന്നു ഞാന്‍ വിശ്വസിക്കട്ടെ. ഇനി ഞാന്‍ ഒന്നുറങ്ങട്ടെ മോഹന്‍. നിങ്ങള്‍ വരുമല്ലോ എന്നെ കൊണ്ട് പോകുവാന്‍ .."

" മോഹന്‍?? " ഇളയ മരുമകള്‍ മകനെ നോക്കി

" അമ്മ അച്ഛനെ അങ്ങനെ ആണ് വിളിച്ചിരുന്നത്‌. " മൂത്ത മരുമകള്‍ പറഞ്ഞു

" ഭ്രാന്ത് " മകന്‍ പിറുപിറുത്തു.

ചെരിഞ്ഞും തിരിഞ്ഞും നോക്കിയ വേലക്കാരിക്ക്‌ ആ ശവത്തിന്റെ ചുണ്ടിലൊരു ചിരി കാണാന്‍ കഴിഞ്ഞു.

വന്‍പിച്ച ജനാവലിയോടെ മക്കളുടെ മിഴിനീര്‍ നാടകത്തിന്‍റെ അകമ്പടിയോടെ അവരുടെ ശരീരം മറവു ചെയ്യാന്‍ കൊണ്ട് പോകുമ്പോള്‍ സാഹിത്യ മേഖലയിലെ പ്രമുഖര്‍ പലരും ദുഃഖം പ്രകടിപ്പിച്ചു.അനുശോചന യാത്രകള്‍..കറുപ്പ് നിറമുള്ള കൊടികള്‍ ..അങ്ങനെ അങ്ങനെ അവര്‍ക്കുള്ള  യാത്രയയപ്പ് ഗംഭീരമാക്കി മാറ്റി മക്കള്‍.

അപ്പോള്‍  ആ മുറിയില്‍ ചിലന്തി പുതിയ വല നെയ്യുകയും വേട്ടാവളിയന്‍ മൂളിപ്പറക്കുകയും ചെയ്തു. തുറന്നു കിടന്ന ജനലിനപ്പുറം ഒരു മരത്തില്‍ തലകീഴായി ആ വവ്വാല്‍ തൂങ്ങിയാടി. 

27 comments:

  1. മോക്ഷം പ്രാപിച്ചു. നന്നായി, എത്രനാളാണ് ഇങ്ങനെ കിടക്കുന്നത് മറ്റുള്ളോര്‍ക്ക് ബുദ്ധിമുട്ടായിട്ട്!!

    ReplyDelete
  2. നല്ല കഥ നല്ല ആഖ്യാനം.............ആശംസകൾ

    ReplyDelete
  3. എഴുത്ത് നന്നാവുന്നു.... ....

    ReplyDelete
  4. അയാള്‍ കൊണ്ട് തന്ന കൂട്ടിലെ വവ്വാല്‍ നിങ്ങളെന്നു ഞാന്‍ വിശ്വസിക്കട്ടെ....
    സഹനത്തിന്റെ അവസാനം....
    എല്ലാം പണത്തിനു വേണ്ടി മാത്രം.

    ReplyDelete
  5. രചനാരീതിയും,ആകര്‍ഷകമായ ശൈലിയും ഇഷ്ടപ്പെട്ടു.
    കാത്തിരിപ്പല്ലോ ദുസ്സഹം!
    ആശംസകള്‍

    ReplyDelete
  6. വ്യത്യസ്തമായ ഈ ആഖ്യാന ശൈലി കൊള്ളാം. വളരെ നന്നായിരിക്കുന്നു. കഥയില്‍ പുതുതായി ഒന്നുമില്ലെങ്കിലും ആഖ്യാനം ഒന്നുകൊണ്ടുമാത്രം വീണ്ടും വായിക്കാന്‍ തോന്നിപ്പോകുന്നു. ഭാവുകങ്ങള്‍ :)

    ('നോക്കിയവര്‍' എന്ന വാക്ക് 'നോക്കി അവര്‍' എന്നതിന് പകരമായി ഉപയോഗിച്ചിരിക്കുന്നു. അവ രണ്ടും വ്യത്യസ്ത അര്‍ത്ഥമാണ് നല്‍കുന്നത് )

    ReplyDelete
    Replies
    1. വളരെ സന്തോഷം ...വായനക്കാരനെ ഞാന്‍ എന്നും ആദരിക്കുന്നു

      Delete
  7. പറഞ്ഞും പറയാതെയും നന്നായിപ്പോയ ആളിനെ ഇവിടെ കാണുന്നു...... ഗ്രാഫ് കുത്തനെ മേലോട്ട് ഉയരുകയാണ്

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ...സ്നേഹവും

      Delete
  8. ആതിര യുടെ ബ്ലോഗില്‍ വായന നിരാശയാവില്ല എന്നറിയാം ,,, കഥ എഴുത്തില്‍ ഒരു പാട് മുന്നേറി ,,,കഥയില്‍ പുതുമയില്ല എങ്കിലും അവതരണഭംഗി വായനയെ മുന്നോട്ടു കൊണ്ട് പോവാന്‍ ശക്തിയുള്ളതാണ് ,,

    ReplyDelete
  9. നമുക്ക് ചുറ്റും നടക്കുന്ന പലതും.ഇങ്ങനെ തന്നെ ആണല്ലോ എന്നോർത്തപ്പോൾ നെഞ്ഞിനുള്ളിൽ ചെറിയൊരു കാളൽ.നല്ല ആഖ്യാനം. അഭിനന്ദനങ്ങൾ.

    ReplyDelete
  10. സാധാരണ കഥപോലെ തോന്നുന്നു. ആതിരയുടെ എഴുത്ത് ഇങ്ങനെയായിരുന്നില്ലല്ലോ. സ്വതസിദ്ധമായ എഴുത്തിലേക്ക് തിരിച്ചുവരൂ.

    ആശംസകൾ...

    ReplyDelete
  11. വളരെ ആകർഷകമായി പറഞ്ഞിരിക്കുന്നു...

    ReplyDelete
  12. The New Betway Casino In Indiana - JTM Hub
    The 서귀포 출장안마 newest online sportsbook 익산 출장마사지 in 먹튀 커뮤니티 Indiana, The Betway, With its brand-new sports betting 부천 출장안마 app, you can enjoy live streaming from your phone, tablet 보령 출장샵 or

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?