Thursday, November 21, 2013

ഭൂമിയിലെ മാലാഖമാര്‍

നാലരയുടെ അലാറം ഒന്ന് കൂടി മാറ്റി വെച്ച് മയങ്ങാം എന്ന് തീരുമാനിക്കുമ്പോള്‍ ശരീരത്തോട് കൂടുതല്‍ പറ്റിച്ചേര്‍ന്നു ജീവന്‍റെ പാതിതുടിപ്പ്. പാതി മയക്കത്തില്‍ നുകര്‍ന്ന അമൃതം മുഖത്ത് ഉണങ്ങിയിരിക്കുന്നു. മാതൃഹൃദയം ശരീരത്തിന്‍റെ ഉറക്കത്തെ തരണം ചെയ്യാന്‍ വേഗം സഹായിച്ചു. ഇനിയുള്ളതെല്ലാം ജീവിതത്തിന്‍റെ സ്ഥിരചലനങ്ങള്‍ ആയിരിക്കുന്നു.ചായയില്‍ തുടങ്ങി ചോറ് പൊതികളില്‍ അവസാനിക്കുന്ന ഓട്ടപ്പാച്ചിലുകള്‍.ആറു മണിക്ക് മുന്‍പേ ഉറക്കം അലോസരപ്പെടുത്തിയതിന്‍റെ പ്രതിഷേധം കരച്ചിലായ് പ്രകടിപ്പിച്ചപ്പോള്‍ ആശ്വസിപ്പിക്കാനും നല്ലൊരു സമയം വേണ്ടി വന്നു.

ആത്മാവിന്‍റെ ഒരു ഭാഗം പറിച്ചെടുത്ത്‌ ഒരു സ്ത്രീയെ ഏല്‍പ്പിക്കുമ്പോള്‍ ചുറ്റുമിരുന്നു കരയുന്ന ഒരു കൂട്ടം കുഞ്ഞുങ്ങള്‍ ആശ്വാസമാണ്. ഞാന്‍ തനിയെ അല്ല എന്ന ആശ്വാസം.

ജോലിക്ക് വൈകി വരുന്നതിന് ട്രാഫിക് ബ്ലോക്ക്‌ എന്നൊരു പഴി ചാരല്‍ സ്ഥിരമായിരിക്കുന്നു.നേരത്തെ ഇറങ്ങണമെന്ന് കരുതിയാലും നടക്കുകയില്ല. ഇനി ഭര്‍ത്താവും കുഞ്ഞും ഒന്നും ഓര്‍മ്മയില്‍ പാടില്ല. അതാണ്‌ ജോലി.

വിഭജിച്ചു കിട്ടിയ പങ്കു പോലൊരു രോഗിയെ മറ്റൊരാളില്‍ നിന്നും കൈപ്പറ്റുമ്പോള്‍  അവരെപ്പോലെ തന്നെ ഞാനും കൂട്ടിയും കുറച്ചുമേറെ കുറ്റങ്ങള്‍ കണ്ടു പിടിച്ചു. ഇനി എന്‍റെ ഊഴമാണ്. മുന്‍പില്‍ ഇരിക്കുന്ന ഒരുപാട് കടലാസുകള്‍ എഴുതി പൂര്‍ത്തിയാക്കണം. എഴുത്തില്ലെങ്കില്‍ ജോലി ചെയ്തില്ല എന്നതാണ് ഇവിടെ ന്യായം. എഴുത്തു തുടങ്ങുമ്പോള്‍ തന്നെ രോഗി വിളിച്ചു.

വേലക്കാരിയുടെ പരിഗണന പോലും നല്‍കാതെ പൃഷ്ടം കഴുകാന്‍ ആവശ്യപ്പെട്ട അറബിയോട് മുഖം കറുപ്പിക്കാന്‍ ആവാത്ത നിസ്സഹായത.നിതാഖാത്തും ശമ്പളവും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണല്ലോ. മുടങ്ങാതെ വരുന്ന അമ്മയുടെ ആവശ്യങ്ങളും ഒരിക്കലും തീരാത്ത ലോണുകളും അറബിയുടെ വിസര്‍ജ്ജന ഗന്ധത്തെ മറികടന്നു. ഒരു മാസ്കില്‍ ദുര്‍ഗന്ധം അടക്കാന്‍ ശ്രമിച്ചു കൊണ്ട് ആ നൂറു കിലോയുള്ള രോഗിയെ അന്‍പതില്‍ താഴെ മാത്രം ഭാരം ഉള്ള നേഴ്സ്  ചരിച്ചു പിടിച്ചു.

വീണ്ടും കടലാസ് കൂമ്പാരത്തിലേക്ക് ഊളിയിടാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ എത്തി . ഇനിയൊരു ചോദ്യോത്തര പരിപാടി  തുടങ്ങുകയായി. പേപ്പറുകളില്‍ ഭദ്രമായ രോഗിയുടെ വിവരങ്ങള്‍ മറിച്ചു നോക്കാന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍മാര്‍ ആണ് അധികവും. ചിലരാവട്ടെ രോഗിയെ നേഴ്സിന്‍റെ കണ്ണിലൂടെ മാത്രം പരിശോധിച്ചു മടങ്ങുന്നവരും.

അയാള്‍ എഴുതി വെച്ച് പോയ മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങണം. രോഗിയെ സ്ഥിര മരുന്നുകളും ഭക്ഷണവും  കഴിപ്പിക്കണം. വീണ്ടും ആ മുറിയിലേക്ക്. ഇതിനിടെ നേഴ്സ് ഭക്ഷണം കഴിച്ചുവോ എന്ന് രോഗിക്ക് അറിയേണ്ട കാര്യം ഇല്ലലോ.ഭക്ഷണം കൊടുത്തു വാ കഴുകിക്കുമ്പോള്‍ രോഗിക്ക് മനം പുരട്ടല്‍. ഒരു പാത്രം എടുത്തു വരും മുന്നേ അത് കട്ടിലില്‍ ആകെ പടര്‍ത്തി കഴിഞ്ഞിരുന്നു.ഇനി ആദ്യം മുതല്‍ തുടങ്ങുകയായി.

ഉച്ചയൂണും അങ്ങനെ മുടങ്ങി.വീണ്ടും പേപ്പറുകള്‍ കയ്യിലെടുക്കുമ്പോള്‍ എത്തി ചാര്‍ജ് നേഴ്സ് വക പരിശോധന. ഇതുവരെ ഇതൊന്നും എഴുതിത്തീര്‍ക്കാന്‍ സമയം ആയില്ലേ ? ഹെല്‍പ്പ് കിട്ടിയാലും നിങ്ങള്‍ക്ക് ഒന്നും തീരില്ല ....എന്നിങ്ങനെ ശകാര വര്‍ഷം ആംഗലേയ ഭാഷയില്‍ പുരോഗമിക്കവേ അറിയാതെ നാവില്‍ നിന്നും ആ തിരുവചനം വീണു " പുല്ല് " . അതിനും കിട്ടി ഒരു റിയാല്‍ "ഫൈന്‍". ഇംഗ്ലീഷ് അല്ലാത്ത ഭാഷ ജോലി സമയം ഉപയോഗിച്ചതിനുള്ള ശിക്ഷ.

നേഴ്സ് നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നം ആണ് "INSERVICE EDUCATION". അത്യാധുനികത, രോഗി പരിചരണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള വലിയൊരു ശ്രമം. സമയം ഇല്ലാത്ത സമയത്തും ഒന്നൊന്നര മണിക്കൂര്‍ ക്ലാസ്സുണ്ട്  ഇതിനു വേണ്ടി. പങ്കെടുക്കണം എന്ന് നിര്‍ബന്ധവും.

ആരോ വന്നൊരു ദയ കാട്ടി. "ഒന്ന് കാപ്പി കുടിച്ചു വന്നോളു, ഞാന്‍ രോഗിയെ നോക്കാം എന്നൊരു കനിവ്". ചായ ഇട്ടു കഴിഞ്ഞപ്പോള്‍ തന്നെ എത്തി വിളി. ആ ചായ വാഷ്‌ ബേസനില്‍ കമിഴ്ത്തി തിരികെ വരുമ്പോള്‍ നെഞ്ചില്‍ വിങ്ങുന്ന മാതൃത്വം വേദനയായ് പരിണമിച്ചു കഴിഞ്ഞിരുന്നു. ഒരു പരവേശമായിരുന്നു എങ്ങനെയെങ്കിലുമൊന്നു എഴുതി പൂര്‍ത്തിയാക്കാനും അവിടുന്ന് കടക്കാനും.

വീട്ടിലെത്തി കുളിച്ചു വേഗം കുഞ്ഞിനെ മുലയൂട്ടി വീണ്ടും അടുക്കളയിലേക്ക്. രാവിലെ കഴുകാന്‍ ബാക്കി വെച്ച പാത്രങ്ങളുമായി ഒരു മല്‍പ്പിടുത്തം. ഇടയില്‍ കേട്ടു " ഇന്ന് ചോറ് വേണ്ട ചപ്പാത്തി മതി ട്ടോ " ഭര്‍ത്താവിന്റെ വകയാണ്.

ഇന്നത്തെ യുദ്ധം തെല്ലൊതുക്കി കട്ടിലിലെത്തിയപ്പോള്‍ കുറുകി വന്ന ഇണയോട് നടുവേദനയെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി :

" രാവിലെ മുതല്‍ ഒരു സിറിഞ്ചും പിടിച്ചു തെക്കോട്ടും വടക്കോട്ടും നടക്കുന്ന നിനക്ക് എന്നും നടുവേദന! നമ്മള്‍ കാണാത്തതല്ല  ഈ നഴ്സിംഗ് !! "


സമര്‍പ്പണം : ഭൂമിയിലെ മാലാഖമാര്‍ക്ക്

33 comments:

  1. ദുര്‍വ്വിധി എന്ന് പറഞ്ഞ് ആശ്വസിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുമ്പോള്‍ ഒരാളെ മറ്റൊരാള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്ന സത്യം മിഴിച്ചു നില്‍ക്കുന്നു.
    നന്നായി എഴുതി.

    ReplyDelete
  2. ഭൂമിയിലെ മാലാഖമാര്‍ തന്നെയാണവര്‍. ഒരിക്കലെങ്കിലും അവരുടെ ശുശ്രൂഷ അനുഭവിക്കാത്തവര്‍ ആരുമില്ല. എന്നാലും എന്തൊരു നിസ്സാരതയോടെയാണവരെ കാണുന്നത്!

    ReplyDelete
    Replies
    1. തീര്‍ച്ചയായും നിസ്സാരത തന്നെ ആണ് മനസ്സില്‍ എല്ലാവര്ക്കും

      Delete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. ഭുമിയിലെത്തുന്ന ജീവനെ ആദ്യം കൈനീട്ടി വാങ്ങുന്നതവരാണ്നെഴ്സ്‌...അമ്മതന്‍ മുലപ്പാലിന് മുന്നേ അവന്‍ അറിയുന്നതും ചേര്‍ത്ത് പിടിച്ച നെഴ്സ്ിന്‍ ഹൃദയതുടിപ്പാകണം..ന്നിട്ടും വളര്‍ന്നു മുട്ടനാടിന്‍ സമമാകുമ്പോള്‍ അവന്നും ചിറി കോട്ടും നെഴ്സ്‌!!! rr

      Delete
  4. ഭുമിയിലെ മാലാഖമാര്‍ക്ക് എൻറെ വന്ദനം ...
    നല്ല വരികൾ

    ReplyDelete
  5. കാണാതെ പോകുന്ന പ്രകാശ നാളങ്ങള്‍....

    ReplyDelete
  6. മാലാഖമാരുടെ ജീവിതം വായിക്കുമ്പോള്‍ ഇതൊക്കെ, ഇങ്ങിനെയൊക്കെ നടക്കുന്ന ഇടങ്ങളിലുള്ളവരെ മറ്റൊന്നും വിളിക്കാനാവില്ല എന്ന് മനസ്സിലാകുന്നു.

    ReplyDelete
  7. ഹൃദയസ്പര്‍ശിയായിരിക്കുന്നു......
    ഇരുട്ടുമൂടിയ വീഥികളില്‍ ദീപവുമേന്തി....
    മാലാഖമാര്‍ തന്നെ....
    മനോഹരമായി എഴുതി.
    ആശംസകള്‍

    ReplyDelete
  8. ഭൂമിയിലെ മാലഖമാർക്ക് എന്റെ ആദരവ് ....
    തൊഴിലെടുക്കുന്ന മധ്യവർഗത്തിലും അതിനുതാഴെയുമുള്ള സാധരണസ്ത്രീകളുടെ മുഴുവൻ അവസ്ഥയും ഇതുതന്നെയാണ്..... ചുരുങ്ങിയ വാക്കുകളിൽ അതാകെ പ്രതിഫലിപ്പിക്കുവാൻ സാധിച്ചു

    ReplyDelete
  9. മാലാഖമാർ എന്നതിനേക്കാൾ അമ്മമാർ എന്നുപറയുന്നതായിരിക്കും ചിലപ്പോൾ യോജിക്കുന്നത്. അത്യുന്നതങ്ങളിലെ മാലാഖമാരേക്കാൾ സാമിപ്യവും ആശ്വാസവുമേകാൻ കഴിയുന്നത് നമ്മോടൊപ്പമുള്ളവർക്കാണ്‌. എത്രയൊക്കെ കഷ്ടപ്പെടുമ്പോഴും രോഗികളോട് മനഃസാക്ഷിയില്ലതെ പെരുമാറാറില്ല. മറ്റേതൊരു സഹായവും ആരിൽനിന്നും പ്രതീക്ഷിക്കാം. പക്ഷെ ഇത്തരത്തിൽ ഒരു സേവനം കുടുംബാംഗങ്ങളിൽ നിന്നുമാത്രമേ പ്രതീക്ഷിക്കാനാവൂ. അങ്ങനെയുള്ള ഈ സേവനം ചെയ്യുന്ന നഴ്സ്നോട് രോഗികൾക്ക് നന്ദിയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാവേണ്ടതാണ്‌. മാലാഖമാരെന്നുവിളിക്കുന്നതും അതുകൊണ്ടായിരിക്കാം. ഈയൊരു ആത്മാർത്ഥമായ മനസ്ഥിതി രോഗികളുടെ ഭാഗത്തുനിന്നും തീർച്ചയായും ഉണ്ടാവണം.

    ReplyDelete
  10. ടീച്ചര്‍മാരോടും നഴ്സ്മാരോടും എന്തോ എന്നും വലിയ ബഹുമാനമാണ്.

    ReplyDelete
    Replies
    1. എന്നും അങ്ങനെ ആവട്ടെ ...സന്തോഷം

      Delete
  11. ഭൂമിയിലെ മാലാഖമാര്‍ തന്നെ അവര്‍; ആദരവോടെ കാണുന്നു ഈ എഴുത്തിനെ; സമര്‍പ്പണത്തിനെ !

    ReplyDelete
  12. നന്മ നേരുന്നു ..ഒരു ആണ്‍ മാലാഖ

    ReplyDelete
  13. അര്‍ഹിക്കുന്ന പരിഗണന അവര്‍ക്ക് ആരും നല്‍കാറില്ലെങ്കിലും അവര്‍ മാലാഖമാര്‍ തന്നെയാണ്...
    നന്നായിട്ടുണ്ട്...

    ReplyDelete
  14. എല്ലാ ജോലികള്‍ക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് ...
    ജോലിയെ സ്നേഹിക്കാന്‍ പഠിക്കൂ ...

    ReplyDelete
    Replies
    1. സ്നേഹിക്കുന്നത് കൊണ്ട് മാത്രമാണ് ഇത് എഴുതിയത്

      Delete
  15. ദൈവത്തിന്റെ അദൃശ്യകരങ്ങളാല്‍ ആശ്വാസമായി മാറുന്ന ഈ മാലാഖമാര്‍ ,
    അവര്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്
    എങ്കിലും ആ ജോലിയുടെ പുണ്യം ഒന്ന് വേറെ തന്നെയാണ്
    ദീപാസ്
    ആശംസകള്‍

    ReplyDelete
  16. ഓരോ ജോലിക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടെങ്കിലും സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടതയനുഭവിക്കുന്നത് നഴ്സിംഗ് രംഗത്തുള്ളവരാനെന്നതില്‍ തര്‍ക്കമില്ല. തല കുനിക്കുന്നു ഈ കഷ്ടപ്പാടിനു മുന്നില്‍.....

    ReplyDelete
  17. അതെ അവര്‍ ഭൂമിയിലെ മാലാഖമാര്‍ തന്നെ
    ഒരു സംശയവും ഇല്ല ..

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?