Saturday, November 17, 2012

ഓര്‍മ്മചിരാത്

" മ്പ്രാട്ടീ വെശക്കണ് ..ഏന് .."
" ശ്ശി നില്‍ക്ക ...കൊച്ചണ്ണാട്ടി .."

അകത്തേക്ക് കയറി വന്ന അമ്മയെ ഗോപന്‍ തടഞ്ഞു.
" മ്മ ...  എവിടെയ്ക്കാ? ആകെള്ള  കഞ്ഞി അവര്‍ക്ക് കൊടുക്കാച്ചാല് മ്മള്‍ പട്ടിണിയാവൂലെ? "
" സാരല്ല്യ കുട്ട്യേ ..നായര് മാനം പണയം വെച്ചൂട ...അവള് പതിയാട്ടിയാ ..അവള്‍ടെ മുന്നില്   കഞ്ഞിയില്ലാന്നു പറയാച്ചാല് നരകത്തീ പോണേനു സമാ..."
" മ്മടെ വെശപ്പല്ലെമ്മേ  വലുത്? വേണ്ട ..കൊടുക്കേണ്ട .."
"മാറി നില്ക്ക കുട്ട്യേ ..."
ഗോപനെ വലിച്ചു മാറ്റി നിര്‍ത്തി അമ്മ കഞ്ഞി കൊച്ചുണ്ണാട്ടിയുടെ പാത്രത്തില്‍ ഒഴിച്ച് കൊടുത്തു
" പാത്രം  പിന്നാമ്പുറത്ത് കമിഴ്ത്ത്യെക്കാ .."

-------------------------------------------------------------------------------------------------------
"കൊച്ചമ്പ്രാനും മ്പ്രാട്ടീം ഇസ്കൂളി പോവാ? "
" ഉം .." ഗോപന്‍ ഒന്ന് മൂളി
" ഏന്റെ കിടാത്തുങ്ങളും  സ്കൂളി പഠിക്കണണ്ട് ..."
പുകയില കറ പിടിച്ച പല്ലുകള്‍ കാട്ടി അവര്‍ ചിരിച്ചു.ഞാന്‍ ഗോപന്റെ കയ്യില്‍ പിടിച്ചു. അവന്‍ എന്നെ നോക്കി.
" അവര്‍ പറഞ്ഞതും നമ്മളെ വിളിച്ചതും ഒന്നും നീ കാര്യാക്കണ്ട...ജാതി തിന്നാ വയര്‍ വീര്‍ക്കൂല്യ ...മ്മടെ അമ്മ പലേതും പറയും .."

" ഉം ." ..ഞാന്‍ മെല്ലെ തലയാട്ടി
-------------------------------------------------------------------------------------------------------
" ഉണ്ണി..അറ്യോ ഇയാളെ? "
" ഇല്ല്യാ ...ആരാദ് ? "
" കൊച്ചുണ്ണാട്ടിയുടെ പേരക്കുട്ട്യാ ...ന്‍റെ ക്ലാസില .."
" യ്യോ ..കയ്യില് പിടിക്കാച്ചാല് ....മ്മടെ മ്മ അറിഞ്ഞാല് ?"
" ഉണ്ണി പേടിക്കണ്ട ..പതിയാനും പുലയനുമെല്ലാം ഒരു ചോര തന്ന്യാ ..മനുഷേന്റെ .. മനസ്സിലാവണോ ഉണ്ണിക്ക്? "
" ഉം ..."
" ന്‍റെ   ഉണ്ണിക്കു പതിയാനും പുലയനും ജാതിം മതോം ഒന്നും വേണ്ടാട്ടോ ...മ്മക്ക് ഒരു കുലം  മനുഷ്യകുലം ..അതാച്ചാല് യുദ്ധോം ..വെട്ടും കുത്തും ഒന്നുല്ല്യ ..ന്തേ ? "
" ഉം "
അയാളുടെ തോളില്‍ കയ്യിട്ടു ഗോപന്‍ പോയി

--------------------------------------------------------------------------------------------------------
" അവനു ഭ്രാന്താണ് ന്റെ കുട്ട്യേ ...പ്രസംഗവും വിപ്ലവവും ...കീഴ്ജാതിക്കാരെ വീട്ടികേറ്റ്വാ ....ശിവ ശിവ ..."
" മ്മ എന്തെ ഈ പറേണത് ? അവന്‍  ന്ത് ചെയ്തൂന്ന? "
"നീ മിണ്ടര്‍ത് ..ഉണ്ണ്യേ ..നിനക്ക് അവന്‍ ചൊല്ലണതാ വേദവാക്യം..തിന്റെ  ഫലാ  ഈ ഗോപന്‍ വിളിം ..എട്ടാന്നു വിളിക്കാന്‍ എത്രായി ഞാന്‍ പറേണ് ...അതെങ്ങന്യാ അവന്‍ പറയണത് കേട്ടാ ജീവിതം ...വരണത് അനുഭവിക്ക്യ .. കൃഷ്ണാ ..നാരായണാ .."
" മ്മാ ..ഇത് പഴേ കാലല്യ ..കൂടെ പഠിക്കണോരില് ജാതി നോക്കി കൂട്ട് കൂടുകാച്ചാല് ഞാന്‍ ഒറ്റക്കാവും .."
" ഒന്നും പറയാന്‍ ഞാനില്ല്യ.....നാണി  വെള്ളം പാകായാച്ചാല് കുളിമുറീലേക്ക് എടുത്തു വെയ്ക്ക ...നാരായണ ...നാരായണ ...."

----------------------------------------------------------------------------------------------------------
" ഇതാരെന്നു നോക്ക ഉണ്ണ്യേ? "
" ന്‍റെ  കൃഷ്ണാ ഇപ്പൊ ഒരു പുകില്‍ കഴിഞ്ഞു മ്മ പോയെ ള്ളൂ ..വേഗം മുറീക്ക്യു  പോവാ .."
" എന്തിനു? കൊച്ചുണ്ണാട്ടിടെ  പേരക്കുട്ടി വാങ്ങി തന്ന ജോലി കൊള്ളാംച്ചാല് ..അവനെ വീട്ടി കേറ്റിയാലും  ശ്ശി  സഹിക്കാന്‍ പറയ .."
"  ഒക്കെ സമ്മതിക്കണ് ...മ്മേടെ  അസുഖം ന്തിനെ കൂട്ടണത്? നിങ്ങള്‍ മുറീല്‍ ഇരിക്ക്യാ .."

----------------------------------------------------------------------------------------------------------
" മ്മക്കറ്യോ  ഇയാളെ ? "
" ഇല്ല്യ കുട്ട്യേ? ആരാച്ചാലും ന്റെ ജീവന്‍ രക്ഷിച്ച ദൈവാ ഈ കുട്ടി ...ഇങ്ങട് വര്വാ ...ത്തിരി നന്ദിണ്ട് ..."
" മ്മേ ..പാടില്ല്യാട്ടോ ...പുലയന്‍ ദൈവോ? ..ഹ ഹ ...അവന്‍ നമ്മടെ കൊച്ചു പെണ്ണിന്റെ പെരക്കുട്ട്യാ ...ഹ ഹ "
അമ്മ അയാളുടെ കൈ പെട്ടന്ന് വിടുവിച്ചു.
" അമ്മ കഴിച്ച ചോറും ഇവന്‍ വാങ്ങീതാ...ചര്‍ദ്ദിക്കണാച്ചാല്  ആവാംട്ടോ ..."
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു..... ഗോപന്റെ ചിരി ഉറക്കെ ഉറക്കെ മുഴങ്ങി ..

-------------------------------------------------------------------------------------------------------

അമ്മക്കുള്ള കഞ്ഞി എടുക്കണം ...പിന്നെ കുറച്ചു തുണികള്‍ ..ഇടവഴിയിലൂടെ വേഗം വീട്ടിലേക്കു നടക്കുകയാണെങ്കിലും മനസ്സിലൊരു വിപ്ലവ ജ്വാല കത്തുകയായിരുന്നു.ഗോപന്‍ കത്തിച്ചു തന്ന ഒരു തരി വെട്ടത്തിലൂടെ  .... മനസ്സില്‍ ഗോപന്‍ എന്ന മനുഷ്യന്‍ ഒരുപാട് വളരുകയായിരുന്നു. കൂടെ അവന്‍ പറഞ്ഞ വാക്കുകളും

" ജാതി തിന്നാ വയര്‍ വീര്‍ക്കൂല ഉണ്ണ്യേ? "


വാല്‍ക്കഷണം : ഓര്‍മ്മകളില്‍ ഒരുപാട് ഉണ്ട് ആ പഴയ കാലം....കൊച്ചു പെണ്ണ് ..വീട്ടിലെ ഒരു സഹായി ആയിരുന്നു...കൊച്ചു പെണ്ണും പതിയാട്ടിയും കൂടി ചേര്‍ത്ത് പണ്ടാരോ കൊടുത്ത പേരാണ് കൊച്ചുണ്ണാട്ടി ...ആരും തിരുത്തിയിട്ടില്ലാത്തതിനാലാവാം അവര്‍ മരിക്കും വരെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌



30 comments:

  1. നവോത്ഥാനകാലം വന്നില്ലായിരുന്നെങ്കില്‍...

    ReplyDelete
    Replies
    1. വന്നില്ലായിരുന്നെങ്കില്‍ ഇന്നും ഉണ്ടായിരുന്നേനെ തമ്പ്രാട്ടിം മ്പ്രാനും

      Delete
  2. നന്നായി എഴുതിയിരിക്കുന്നു ദീപെ... ആശംസകൾ

    ReplyDelete
  3. മനസ്സിനെ തൊട്ടുണര്‍ത്തിയ വരികള്‍........
    മാക്സിമം മാര്‍ക്ക്

    ReplyDelete
  4. ഗോപന്‍ കത്തിച്ചു തന്ന ഒരു തരി വെട്ടത്തിലൂടെ .... മനസ്സില്‍ ഗോപന്‍ എന്ന മനുഷ്യന്‍ ഒരുപാട് വളരുകയായിരുന്നു. കൂടെ അവന്‍ പറഞ്ഞ വാക്കുകളും

    " ജാതി തിന്നാ വയര്‍ വീര്‍ക്കൂല ഉണ്ണ്യേ? " നല്ല രചനക്കെന്റെ ആശംസകൾ...

    ReplyDelete
  5. മനുഷ്യൻ മനുഷ്യനെ അകറ്റിനിർത്തിയ മഹാപാതകങ്ങളുടെ കാലം...
    നമ്മുടെ നാട്ടിലെങ്കിലും അസ്തമിച്ചുകൊണ്ടിരിക്കുന്നു....

    മാനവികതയിൽ ഊന്നുന്ന എഴുത്ത്.....

    ReplyDelete
  6. @@
    ചന്തുവേട്ടന്‍ പറഞ്ഞതിനു കീഴെ കണ്ണൂരാന്റെ ഒരൊപ്പ്!

    **

    ReplyDelete
    Replies
    1. അതിനും താഴെ ഈ ഉള്ളവളുടെ ഒരു കുഞ്ഞി നന്ദി

      Delete
  7. നന്നായി ദീപ ,ഭാവുകങ്ങള്‍ .

    ReplyDelete

  8. ആ തിരി തെളിഞ്ഞു കൊണ്ടേയിരിക്കട്ടെ ,
    ജന ഹൃദയങ്ങളിലത് നിലാവല തീര്‍ക്കട്ടേ ....

    ReplyDelete
  9. നന്നായിട്ടുണ്ട്. മുറിച്ചു മുറിച്ചു പറഞ്ഞ രീതി ഇഷ്ടമായി, ഭാഷയും

    ReplyDelete
  10. എല്ലാരും വന്നു പോയ സ്ഥിതിക്ക് ഞ്ഞിപ്പോ കഞ്ഞി ബാകിണ്ടാവോ ..തമ്ബ്രാട്ടി കുട്ട്യേ ....ശ്ശി കിട്ട്യാ വല്യ കാര്യയിനു ..അത്രയ്ക്ക് വിശപ്പുണ്ടെന്നു കൂട്ടികോളൂ ...
    സംഭവം രസായിട്ടുണ്ട് ...ട്ട്യോ ..
    ഇനി സദ്യക്ക് ഇലയിടിമ്പോള്‍ ഒന്ന്‍ അറീക്കാന്‍ മറക്കെണ്ടാട്ടോ...
    ഒരു പാവം പുലി ! മ്യവൂ

    ആശംസകളോടെ
    അസ്രുസ്
    ...
    ..ads by google! :
    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld
    പുലികള്‍ മേയുന്ന സ്ഥലം :
    http://mablogwriters.blogspot.com/

    ReplyDelete
    Replies
    1. പുലിയെന്നു മനസ്സിലായി ..നന്ദി ...തീര്‍ച്ചയായും വരും

      Delete
  11. ധനികന്‍ ആയ ഒരുത്തന്റെ കല്യാണ വീട്ടില്‍ പോയാല്‍ ഇപ്പോഴും കാണാം ഇത് പോലുള്ള വേര്‍തിരിവ് .
    ഏതായാലും നല്ല പോസ്റ്റ്‌ .
    ആശംസകള്‍

    ReplyDelete
  12. വളരെ നന്നായിട്ടുണ്ട് ട്ടോ

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?