Sunday, October 16, 2011

ഒരു കുളിരായ്

ടെഹറാദൂണിലെ വശ്യമാര്‍ന്ന പുലരി. വിദേശികളും സ്വദേശികളും ഒന്നായിഷ്ടപെട്ടയിടം.മലയടിവാരത്തിലുള്ള ഒരു വീട്ടിലായിരുന്നു എനിക്കും കൂട്ടുകാര്‍ക്കും തങ്ങുവാനുള്ള ഇടത്താവളം. പന്ത്രണ്ടു പേരുടെ കൂട്ടം. മെഡിക്കല്‍ ക്യാമ്പ്‌ എന്ന ഓമനപ്പേര് അതിനുണ്ടെങ്കിലും ഓരോരുത്തരും ആ യാത്ര ആവുന്നത്ര ആസ്വതിച്ചു. മടുപ്പിക്കുന്ന മരുന്നകള്‍ക്കിടയില്‍ നിന്നൊരു മോചനമെന്നും പറയാം.സര്‍ക്കാര്‍ ആശുപത്രികള്‍ എന്നും  അങ്ങനെയാണല്ലോ.

സ്വദേശികള്‍ അല്ലാത്ത  ആരും പുലര്‍ച്ചെ എഴുന്നേല്‍ക്കുവാന്‍ ആഗ്രഹിക്കാത്ത അത്ര കുളിരാണ് ഇവിടെ ഓരോ പ്രഭാതത്തിനും.അങ്ങനെ ഒരു പ്രഭാതില്‍ ഉറക്കം വരാതെ കിടന്ന എന്റെ ഉള്ളില്‍ തോന്നിയ ഒരു ആഗ്രഹം... ഒരു ആവേശം പോലെ ഒന്ന് നടക്കാനിറങ്ങാം.ബിനോയിയെ  കൂട്ടിനു വിളിച്ചു. അവന്‍ പുതപ്പു വലിച്ചു മൂടി തിരിഞ്ഞു കിടന്നു

നിശ്ചയമില്ലാത്ത വഴിയിലൂടെ കുറെ ദൂരം നടന്നു.നല്ല മനോഹരമായ വഴികള്‍.ആരൊക്കെയോ വന്നും പോയുമിരിക്കുമ്പോള്‍ ഇടയ്ക്കിടെ തങ്ങളുമുണ്ട് എന്നോണം ഓരോ വണ്ടികള്‍. ജീന്‍സിന്റെ പോക്കെറ്റില്‍ കൈ തിരുകി ഞാനും നടന്നു അവരില്‍ ഒരാളായി. 

ഒരിടവഴിയില്‍ നിന്ന് അവള്‍ ചാടി വീഴുകയായിരുന്നു. മുഖം ഒരു ഷാള്‍ കൊണ്ട് മൂടിയിരിക്കുന്നു.കണ്ണുകള്‍ മാത്രം കാണാം. ഞാനും അവളും ഭയന്ന് പോയി. ആ വിടര്‍ന്ന കണ്ണുകള്‍ എന്നെ നോക്കി.എന്തെന്ന ഭാവത്തില്‍ നില്‍ക്കുന്ന എന്നെ ഒന്ന് നോക്കി അവള്‍ ഓടിയകന്നു.എവിടെ നിന്ന് എങ്ങനെ എന്തിനു അവള്‍ വന്നു? മനസ്സില്‍ ഒരുപാട് ചോദ്യവുമായി ഞാന്‍ തിരികെ നടന്നു.ആ കണ്ണുകള്‍ മനസ്സില്‍  നിറഞ്ഞു നിന്നു.

മുറിയില്‍ എത്തുമ്പോള്‍ ബിനോയ്‌ ചായ കുടിക്കുന്നു. അവനോടു പറഞ്ഞു ആ സംഭവം."വല്ല ഹിന്ദിക്കാരി പെണ്ണുങ്ങളും കാലത്തേ പാല് വാങ്ങാന്‍ പോയതാരിക്കും അളിയാ" അവന്‍ ഒരു തമാശയില്‍ ഒതുക്കി.ആ കണ്ണുകളോട് എനിക്ക് തോന്നിയ ആകര്‍ഷണീയത പറഞ്ഞു മനസ്സിലാക്കിക്കാന്‍ എനിക്കായില്ല.

പിറ്റേന്നും പതിവ് പോലെ ഞാന്‍ കാലത്തേ ഇറങ്ങി.എന്റെ കണ്ണുകള്‍ തേടിയത് മാത്രം എനിക്ക് കണ്ടെത്താനായില്ല..അന്നും പിന്നീടുള്ള ദിവസങ്ങളും....ക്യാമ്പ് അവസാനിക്കാറായി.ഒരുക്കങ്ങള്‍ നടക്കുകയാണ്.ഒരു തിരിച്ചു പോകലിനുവേണ്ടി.മനസ്സ് അപ്പോളും ഒരിക്കല്‍ മാത്രം കണ്ട ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത ആ കണ്ണുകളെ പ്രണയിക്കുകയായിരുന്നു. 

ബസ് മലയിറങ്ങുമ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞു. ഇവിടെ വന്നവര്‍ എല്ലാവരും അമ്മാജീയെ കണ്ടിട്ടേ പോകാവു എന്നാണ്. നമുക്കും കാണണം.ജനിച്ച നാള് മുതല്‍ വെളിച്ചം കണ്ടിട്ടില്ലാത്ത സ്ത്രീ ആണത്രേ അമ്മാജീ.ദൈവങ്ങളെ കണ്ടുണരുന്ന അവര്‍ക്ക് ദൈവ സ്ഥാനം എന്ന്  കരുതുന്നു ഇവിടുത്തുകാര്‍.അങ്ങനെ ഒരാള്‍ക്ക്  ജീവിക്കാന്‍ സാധിക്കുമോ എന്ന് ഞങ്ങള്‍ അമ്പരന്നു. 

രണ്ടുവശവും ഇടതൂര്‍ന്ന മരങ്ങള്‍. ആ വഴിയുടെ അപ്പുറം കാട് ആണെന്ന് തോന്നി. വണ്ടി ആ വഴിയില്‍ നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി നടന്നു.മനോഹരമായ സ്ഥലമായിരുന്നു അതും.നല്ല തണുപ്പ്.ബിനോയ് എന്തൊക്കെയോ കലപില സംസാരിച്ചു കൊണ്ടിരുന്നു. കൂടെയുള്ള ഹിന്ദിക്കാര്‍ക്ക് മലയാളം കേള്‍ക്കുന്നത് അല്പം അരോചകം എന്ന്  അവനറിയാം.അതുകൊണ്ട് തന്നെ വെറുതെ എന്തെങ്കിലും പറഞ്ഞെ അവന്‍ നടക്കു.ആശ്രമത്തിന്റെ കവാടത്തില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ പ്രായമേറിയ ആള്‍ നിശബ്ദരാകാന്‍ പറഞ്ഞു.

ഒരു സാധാരണ വീട്.ഇതാണോ ആശ്രമം എന്ന് തോന്നാതിരുന്നില്ല.ഒരു കൊച്ചു മുറിയിലൂടെ വേറൊരു മുറിയിലേക്ക്.അവിടെ ഒരുപാട് നിലവിളക്കുകള്‍ ചുവന്ന പട്ടുകള്‍...ഭദ്രകാളി ചാമുണ്ടി തുടങ്ങിയ ദൈവ രൂപങ്ങള്‍....പുകയുന്ന ചന്ദനത്തിരിയുടെ സുഗന്ദം...ആകെ ഒരു ഭീകരത എനിക്ക് തോന്നി...കൂടെയുള്ളവര്‍ ബിനോയ്‌ അടക്കമുള്ളവര്‍ ഭക്തിയോടെ നില്‍ക്കുന്നു..എങ്ങനെയെങ്കിലും ഒന്ന് പുറത്തു ഇറങ്ങണമെന്നാണ് എനിക്ക് തോന്നിയത്. അമ്മാജീ വന്നു. ഒരു വെളുത്ത വസ്ത്രം ധരിച്ച സ്ത്രീ.എനിക്കവരെ കണ്ടിട്ട് പ്രത്യേകത തോന്നിയില്ല. എല്ലാവരും താണ് വീണു വണങ്ങുന്നു.ഞാന്‍ കൈകള്‍ കൂപ്പി." എല്ലാവര്‍ക്കും സുഖമാണോ"  എന്നവര്‍ തിരക്കി. "അമ്മയുടെ കാരുണ്യം കൊണ്ട് അതെ" എന്ന് ചിലര്‍ മറുപടി കൊടുത്തു.പ്രസാദം എടുക്കു മക്കളെ എന്ന് അവര്‍ പറഞ്ഞു. ചുവന്ന പട്ടു കൊണ്ട് മൂടി വെച്ചിരുന്ന ഒരു വലിയ പാത്രം.ബിനോയ് ആണ് അത് തുറന്നത്.അതില്‍ നിറയെ ആപ്പിളുകള്‍ ആയിരുന്നു.എല്ലാവരും ഓരോന്ന് എടുത്തു. അമ്മാജീ വീണ്ടും താന്‍ ഇതുവരെ പുറത്തു ഇറങ്ങിയിട്ടില്ലാത്ത കഥ പറഞ്ഞു. ജനിച്ചതും വളര്‍ന്നതും  എല്ലാം  ഈ ദൈവങ്ങളുടെ കൂടെ.എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ ചോദിയ്ക്കാന്‍ ധൈര്യം  വന്നില്ല. 

പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ വേറൊരു സ്ത്രീ ഞങ്ങളെ വിളിച്ചു. അടുത്ത തലമുറയുടെ അമ്മജീയെ കാണിക്കുവാനായ്‌. എനിക്ക് ചിരി വന്നു ഈ മണ്ടന്മാര്‍ ഇത് തലമുറകള്‍ ആയി  തുടരുന്നോ. എല്ലാവരും വീണ്ടും അടുത്ത മുറിയിലേക്ക്. അവിടെയും ഇതുപോലെ തന്നെ ദൈവരൂപങ്ങളും പട്ടും....ജൂനിയര്‍ അമ്മാജീ എവിടെ എന്ന് നോക്കുമ്പോള്‍ എത്തി ഒരു പെണ്‍കുട്ടി. വെളുത്ത വസ്ത്രം തന്നെ. തിരക്കിട്ട് നമിക്കുന്നവര്‍ക്കിടയില്‍ നിന്ന് ഞാന്‍ അല്പം മാറി നിന്നു. അവരും പ്രസാദം നല്‍കി.ഈ തവണ എന്നെ ആ കര്‍മ്മത്തിന്  നിയോഗിച്ചു.പട്ടു മാറ്റി പ്രസാദം എടുക്കുമ്പോള്‍ എന്റെ കയ്യില്‍ നിന്നും ആപ്പിള്‍ താഴെ വീണു. വേഗം പെറുക്കിയെടുക്കുമ്പോള്‍ ഞാന്‍ അമ്മാജീയെ നോക്കി.
 ആ കണ്ണുകള്‍...... അതെ ഞാന്‍ പ്രണയിച്ച ആ കണ്ണുകള്‍.......അവ എന്നെ തിരിച്ചറിഞ്ഞുവോ? .....ഇവളെങ്ങനെ അമ്മയാകും? ഇവള്‍ വെളിച്ചം കണ്ടതല്ലേ? സൂര്യപ്രകാശം ഏറ്റവളല്ലേ?  ഇല്ല.... ഇവള്‍ അമ്മയല്ല....ഇവള്‍ എന്റെ പ്രണയിനിയാണ്...വാക്കുകള്‍ എല്ലാം തൊണ്ടയില്‍ കുടുങ്ങി..ആരോ ഒരാള്‍ പ്രസാദം എന്റെ കയ്യില്‍ നിന്നും വാങ്ങി. 
" ദര്‍ശന സമയം കഴിഞ്ഞു" ഒരു സ്ത്രീ പറഞ്ഞു. എനിക്ക് അവളെ വിട്ടു പോരാനയില്ല. ബിനോയ്‌ എന്റെ കയ്യില്‍ പിടിച്ചു " എന്താ അളിയാ ജൂനിയറിനെ കണ്ടപ്പോള്‍ പോരാന്‍ ഒരു മടി?" അവന്‍ എന്റെ ചെവിയില്‍ ചോദിച്ചു. വീണ്ടും ഞാന്‍ തിരിഞ്ഞു നോക്കി.കണ്ണുകള്‍ അടച്ചു അവള്‍ ഇരിക്കുന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്...കാണുന്നവര്‍ക്ക് ഭക്തിയുടെ പാരമ്യത മാത്രം...എനിക്ക് മനസ്സിലായി അവള്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

തിരിച്ചു വന്നു കാലം ഒരുപാടായിരിക്കുന്നു..ഇന്നവള്‍ അമ്മാജീ ആയിരിക്കും..ഇടയ്ക്കിടെ ഞാന്‍ ഓര്‍ക്കും ആ കണ്ണുകള്‍..നിറഞ്ഞു ഒഴുകുന്ന  കണ്ണുകള്‍...പേര് അറിയില്ല...ജൂനിയര്‍ അമ്മാജീ....ഒരുപക്ഷെ ആരുമറിയാതെ ഒരു ഒളിച്ചോട്ടം നടത്തിയതാവാം  അവള്‍....പിടിക്കപെട്ടിരിക്കം....എങ്കിലും ഇന്നും ആ നക്ഷത്ര കണ്ണുകളെ ഞാന്‍ പ്രണയിക്കുന്നു....കാലമെനിക്ക് സ്വപ്നം കാണാന്‍ ഒരു പുലരിയില്‍ തന്ന സൌഭാഗ്യം ..


2 comments:

  1. "കാലമെനിക്ക് സ്വപ്നം കാണാന്‍ ഒരു പുലരിയില്‍ തന്ന സൌഭാഗ്യം "

    നല്ല കഥ ഇഷ്ടായി, ആതിര...
    അവസാനം ഫീല്‍ ചെയ്തു....

    ReplyDelete
  2. പണ്ടെപ്പോളോ ഒരു ക്യാമ്പ് പോയത് ഓര്‍ക്കുന്നു...അങ്ങനെ എഴുതിയതാ ഈ കഥ

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?