Saturday, October 8, 2011

മനസ്സിലെ മഴ

മഴ പെയ്യുന്നുണ്ടായിരുന്നു. കുടയില്‍ വീഴുന്ന മഴത്തുള്ളികള്‍ എന്റെ മനസ്സ് പോലെ ഒരുപാട് ശബ്ദമുണ്ടാക്കുന്നു. സാരിത്തലപ്പു മൂടിയ ചുമലില്‍ മഴത്തുള്ളികള്‍ വീഴാതെ വളരെ ശ്രദ്ധിച്ചു ഞാന്‍ നടന്നു. എന്റെ ലക്‌ഷ്യം കെ.എസ്. ആര്‍.ടി.സി. ബസ് സ്ടാന്റിലെ ഒഴിഞ്ഞു കിടന്ന ബെഞ്ചാണ്. അവിടെയെത്തി കുട മടക്കി ഞാന്‍ അരികില്‍ വെച്ചു.
പുറത്തു മഴ ശമിച്ചിരിക്കുന്നു. 
മനസ്സിലെ മഴയ്ക്ക് ഒരു കുറവുമില്ല. ശബ്ദം ഉച്ചസ്ഥായിയില്‍  തന്നെ.


"നിനക്ക്  വട്ടാണ്  പെണ്ണെ"   ഹരിയെട്ടന്റെ വാക്കുകള്‍. വര്‍ഷങ്ങളുടെ പഴക്കമുണ്ട് അതിന്. ഇന്നും ആ വട്ടു എന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാലാവാം ഈ കൂടിക്കാഴ്ചക്ക് ഞാന്‍ മുതിര്‍ന്നത്.
"വരുമോ ഹരിഎട്ടന്‍? " മനസ്സു ഒരുപാട് തവണ ചോദിച്ച ചോദ്യം. 

ഒരു ഇരുപത്തിയെട്ടുകാരിക്ക് ഇരുപത്തിയാറുകാരനോട് പ്രണയം തോന്നിയപ്പോള്‍ മനസ്സിന് പ്രായം പതിനെട്ടു ആയിരുന്നു. തികച്ചും നാഗരികതയെ പ്രണയിച്ചു ജീവിച്ച എനിക്ക് പഴയ നാടന്‍ രീതികളെ ഇഷ്ടപെടുന്ന ഹരിയേട്ടനോട് തോന്നിയത് വെറുമൊരു പ്രണയത്തിനും അപ്പുറം വേറെ എന്തൊക്കെയോ ആയിരുന്നു.അതുമല്ലെങ്കില്‍ മദ്യവും സിഗരറ്റും ഇഷ്ടമല്ലാത്ത ഞാന്‍ അവ ഏറ്റു  ആസക്തനായ ഭര്‍ത്താവിനു ശരീരം നല്‍കി വെറുമൊരു   ആത്മാവായി മാറിയിരുന്നു കരഞ്ഞപ്പോള്‍ ദൈവം നല്കിയതാവാം എന്റെ ഹരിയെട്ടനെ. 

 "  നീ എനിക്കൊരു ചുംബനമെകുമോ?" ഒരിക്കല്‍ ഞാന്‍ ഹരിയേട്ടനോട് ചോദിച്ചതാണ്.ഒരുപാട് ചോദിച്ചവസാനം "നീ വാ തരാം " ഹരിയേട്ടന്‍ പറഞ്ഞു. പക്ഷെ അതു വാങ്ങാന്‍  ഇതുവരെ  എനിക്കായില്ല.സാരിക്കുള്ളില്‍ എന്റെ ഹൃദയം ധൃതഗതിയില്‍ ഇടിച്ചു.

 "താത്രികുട്ടീ....." ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. 
 " ഹരിയേട്ടന്‍....." എന്റെ അധരങ്ങള്‍ വിറച്ചു. കാലം എത്ര കഴിഞ്ഞു പോയി. ഒഴിഞ്ഞ ഇരിപ്പിടത്തില്‍ എന്റെ അടുത്തായി ഇരുന്നു ഹരിയേട്ടന്‍.

ഞാന്‍ വീണ്ടുമൊരു പതിനെട്ടുകാരി  ആയതു പോലെ. അന്നും ഇന്നുമെനിക്കു ആ   കണ്ണുകളില്‍ നോക്കാന്‍ ഭയമാണ്. എനിക്കെന്നെ  നഷ്ടമാകും ആ മിഴിയില്‍.

" ഹരിയേട്ടന്‍  ആകെ മാറിയിരിക്കുന്നു .ഒരുപാട് കറുത്ത് പോയി . പക്ഷെ ആ നെറ്റിയിലെ കുറി ഇന്നും പഴയപോലെ." 
ഒന്ന് ചിരിച്ചു ഹരിയേട്ടന്‍.
" പക്ഷെ  എന്റെ താത്രിക്കുട്ടി പഴയതിലും സുന്ദരി ആയി. കുറച്ചു മാറ്റങ്ങള്‍ മാത്രം." 
 " എത്ര വര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിക്കാഴ്ച. ഹരിയെട്ടന്റെ ഭാര്യയും  കുടുംബവുമൊക്കെ....?
" കുറേക്കാലം പ്രാരാബ്ധങ്ങള്‍ ആയിരുന്നുവല്ലോ? പിന്നെ   ചുരുക്കം ചില സ്നേഹിതര്‍ നിര്‍ബന്ധിച്ചു.വേണമെന്ന് തോന്നിയില്ല.ഒരാളെക്കൂടി എന്തിനു വെറുതെ..." 
" അപ്പോള്‍  എന്നോട് പറഞ്ഞത് പോലെ തന്നെ ....."
" ഉം "
 " നമ്മള്‍ എന്തിനാണ്  അവസാനം പിണങ്ങിയതെന്നു ഹരിയേട്ടന് ഓര്‍മ്മയുണ്ടോ? 
" ഉവ്വ് ...നീ എന്നോടൊരു ഉമ്മ ചോദിച്ചപ്പോള്‍ മാംസനിബദ്ധമല്ല രാഗമെന്നു ഞാന്‍ പറഞ്ഞതും അതിനെ ചൊല്ലി ഉണ്ടായ വഴക്കുകളും പരിഭവങ്ങള്‍ ..പരാതികള്‍ ..ഒക്കെ ഒരു കാരണം മാത്രം. " 
ഞാന്‍ ഒന്നും മിണ്ടാതെ കുനിഞ്ഞു ഇരുന്നു. " നിനക്ക് നന്നായി തണുക്കുന്നുവല്ലോ.. വാ..നമുക്കൊരു ചായ കുടിക്കാം."   ഞാനും ഹരിയെട്ടനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചായ കുടിച്ച അതേ സ്ഥലം....ചില മാറ്റങ്ങള്‍ വന്നു എന്ന് മാത്രം ...ചൂട് ചായ ഞാന്‍ ഊതി ഊതികുടിച്ചു.

പുറത്തു മഴ മാറി. എന്റെ മനസ്സിലും ....എനിക്കൊരു ധൈര്യം വന്നത് പോലെ.ആരോ കൂടെ ..എന്തിനും പോന്നോരാള്‍...എന്റെ സംരക്ഷകന്‍....വളരെ തിരക്കിട്ട് പോയോരാള്‍ എന്നെ മുട്ടാതിരിക്കാന്‍ എന്റെ കയ്യില്‍ പിടിച്ചു ഹരിയേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി.ആ സ്പര്‍ശം . വര്‍ഷങ്ങള്‍ക്കു  ശേഷം ..

" നേരം സന്ധ്യായി പോകണ്ടേ നിനക്ക്? " 
" ഉം .പോകണം.." 
ഞാനൊരു ഓട്ടോ വിളിക്കാം .."
 " അല്‍പ നേരം  കൂടി കഴിയട്ടെ ... "
" വേണ്ട...ഇരുട്ടാവും ... നീ ഇപ്പോളും പഴയപോലെ തന്നെ .....ശ്രദ്ധിക്കണം ... .. കാലം വളരെ മോശമാണ്..."
ഞാന്‍ ഓട്ടോയില്‍  കയറുമ്പോള്‍ വീണ്ടും മഴ പെയ്യുവാന്‍ തുടങ്ങി.ഹരിയെട്ടന്റെ മുഖത്ത് മഴത്തുള്ളികള്‍  വീണത്‌ പോലെ.പക്ഷെ ഞാന്‍ മാത്രം അറിഞ്ഞു അത് കണ്ണ് നീരെന്നു. എന്നെയും കൊണ്ട് പായുന്ന ഒട്ടോയിലിരുന്ന എന്റെ മനസ്സ്  ഇടവപാതി പോലെ പെയ്യുകയായിരുന്നു 

" കണ്ടോടി നിന്റെ കാമുകനെ? "
"കണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ക്കെന്ത? "
" ഓ ..അവടെ ഒരു ഹരിശ്ചന്ദ്രന്‍ ...... ഭാ...ആ തെണ്ടിയെ കാണാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞവള്‍ പോയേക്കുന്നു ..."
" മതി നിര്‍ത്ത്..."
" ഡീ ഇങ്ങു വന്നെ ....ഞാനൊന്നും പറയുന്നില്ലേ...ഡീ എടീ സാവിത്രീ ....വാടി ഇവിടെ..."
വളരെ വില കൂടിയ സോഫയിലും നിലതുമായി കിടന്നു ഉരുളുന്ന അയാളെയും ഹരിയെട്ടനെയും ഞാന്‍   കൂട്ടിവായിക്കുമ്പോള് എന്റെ മനസ്സിലും പുറത്തും മഴ പെയ്യുകയായിരുന്നു ‍    

11 comments:

 1. നന്നായി എഴുതിയിരിക്കുന്നു....പൈങ്കിളി ആകാതെ നല്ല രീതിയില്‍ പറഞ്ഞ ഒരു കഥ...
  ഇനിയും എഴുതുക...എല്ലാവിധ ആശംസകളും......

  ReplyDelete
 2. വളരെ നന്ദി മഹേഷ്‌ ചേട്ടാ

  ReplyDelete
 3. കൊള്ളാം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു... പ്രിയ കൂട്ടുകാരിക്ക് എല്ലാ ഭാവുകങ്ങളും... ഹരിയേട്ടന്‍ സാവിത്രിയെ തിരിച്ചറിയട്ടെ...

  ReplyDelete
 4. നന്ദി അരുണ്‍...ഹരിയേട്ടന്‍ എന്നും സാവിത്രിയെ തിരിച്ചറിഞ്ഞിരുന്നു..പക്ഷെ മനപൂര്‍വം ഒഴിവാക്കിയതാവും

  ReplyDelete
 5. സാവിത്രീ, ഹരിയെട്ടനെ വിളിക്കു വീണ്ടും, ഒരു മഴയത്ത്.........

  ReplyDelete
 6. ആ മഴയിലെന്‍ ഹരിയേട്ടന്‍ പോയല്ലോ ..ഇനി എങ്ങനെ വിളിക്കുവാന്‍?

  ReplyDelete
 7. AthiraNov 30, 2011 10:52 AM
  നന്ദി അരുണ്‍...ഹരിയേട്ടന്‍ എന്നും സാവിത്രിയെ തിരിച്ചറിഞ്ഞിരുന്നു..പക്ഷെ മനപൂര്‍വം ഒഴിവാക്കിയതാവും

  Reply


  GOOD......

  ReplyDelete
  Replies
  1. എന്താടാ ഒരു കോപ്പി പേസ്റ്റും കൂടെ ഒരു ഗുടും?

   Delete
 8. ഹഹഹഹഹഹഹ എനിക്ക് വയ്യ..എന്റെ സാവിത്രിക്കുട്ടിയേഏഏഏഏഏഎ അടിപൊളി.. നല്ലൊരു പൈങ്കിളിക്കഥയുടെ തീം.. പക്ഷെ അത് അവതരിപ്പിച്ചതില്‍ ആ പൈങ്കിളി ടച്ച് ഒട്ടും ഇല്ല.. മനോഹരമായ ഭാഷയില്‍ സൂപ്പര്‍ അവതരണം.. എല്ലാ ആശംസകളും..

  " നീ എനിക്കൊരു ചുംബനമെകുമോ?" ഒരിക്കല്‍ ഞാന്‍ ഹരിയേട്ടനോട് ചോദിച്ചതാണ്.ഒരുപാട് ചോദിച്ചവസാനം "നീ വാ തരാം " ഹരിയേട്ടന്‍ പറഞ്ഞു. പക്ഷെ അതു വാങ്ങാന്‍ ഇതുവരെ എനിക്കായില്ല.സാരിക്കുള്ളില്‍ എന്റെ ഹൃദയം ധൃതഗതിയില്‍ ഇടിച്ചു.

  ഉം ഉം.. കൂടുതല്‍ ഇടിക്കണ്ടട്ടാ .. ഹിഹി.. നന്നായിരിക്കുന്നു ദീപാസേ..

  ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?